Thursday, 4 January 2018

ഭീമ കോറെ ഗാവ് യുദ്ധം.

സ്വദേശാഭിമാനവും കപട ദേശീയതയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു 1818 ജനുവരി 1 ന് നടന്ന ഭീമ കോറെ ഗാവ് യുദ്ധം. തൊട്ടുകൂടായ്മയുടേയും ജാതിവിവേചനത്തിന്റേയും ചാട്ടവാറുളാൽക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന ദളിത് മഹർ വിഭാഗത്തിലെ ധീരോദാത്തരായ പടയാളികൾ മറാട്ടയിലെ പേഷ്വാ രാജ വംശത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്തെറിഞ്ഞ ചരിത്രം. മറാട്ടാ പേഷ്വാ രാജഭരണത്തിന്റെ അന്ത്യം കുറിച്ച യുദ്ധം .അതിക്രൂരമായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്ന മഹർ വിഭാഗക്കാരുടെ ജീവിതം അടിമകളുടേതിനേക്കാൾ പരവശമായിരുന്നു.തമ്പുരാന്മാർ വഴി നടക്കുന്നതിന്റെ ചുറ്റുവട്ടത്തെങ്ങും നിൽക്കാൻ പോലും യോഗമില്ലാത്തവർ. തെരുവീഥികളിൽ പരസ്യമായും പരിഹാസ്യമായും ശിക്ഷിക്കപ്പെട്ടവർ. ഒരു നാൾ അവർ ഉയർത്തുന്നേറ്റു.ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്തുണ മഹറുക ൾക്കുണ്ടായിരുന്നെങ്കിലും ആകെയുള്ള എണ്ണൂറ്റിമുപ്പത്തിനാല് സൈനികരിൽ അഞ്ഞൂറ് പേരും മഹർ സൈനിക ർ തന്നെയായിരുന്നു.ഇവരാണ് പതിനായിരം കുതിരപ്പടയാളികളും എണ്ണായിരം കാലാൾപ്പടയും കൈവശമുണ്ടായിരുന്ന ബാജിറാവു പേഷ്വാ രണ്ടാമന്റെ അധികാര ഗോപുരങ്ങൾ തകർത്തെറിഞ്ഞത്.ബ്രാഹ്മണ്യത്തിലും ജാതി ഭ്രഷ്ഠിലും മുഴുകി ദുർഭരണം നടത്തിയ വരേണ്യവർഗ്ഗത്തിനെതിരെ അ സാമാന്യവും അമാനുഷികവുമായ ധീരതയാണ് മഹർ സൈനികർ പ്രകടിപ്പിച്ചത്.ഐതിഹാസികമായ ഈ യുദ്ധം കഴിഞ്ഞപ്പോൾ പേഷ്വാ രാജ വംശം തന്നെ വേരോടെ പിഴുതെറിയപ്പെട്ടു. ചരിത്രത്തിൽ രക്തത്തുടിപ്പുള്ള മഷിയിൽ എഴുതപ്പെട്ട ഈ യുദ്ധത്തിന്റെ രണ്ടാംശതാബ് ദിയായിരുന്നു ഇക്കഴിഞ്ഞ ജനുവരി ഒന്ന്.മുഖ്യധാരയിൽ നിന്നും ഇന്നും അകറ്റി നിർത്തപ്പെടുന്ന ദളിത് മഹറുകൾ വീരശൂരരായ തങ്ങളുടെ മുൻഗാമികളെ ഓർമ്മിക്കാൻ ഒത്തുകൂടിയത് പോലും ഒരു വിഭാഗത്തിന് സഹിക്കാനാവുന്നില്ല.ഇരുനൂറ് വർഷം കഴിഞ്ഞിട്ട് പോലും ഇതാണ് സ്ഥിതി.എന്നിട്ടും ഇതിനിടയിലും കപട ദേശീയതയുടെ കീർത്തനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അവയുടെ മുഴക്കം നമ്മുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.

Saturday, 16 December 2017

തെറ്റ് തിരുത്തേണ്ടത് കോണ്‍ഗ്രസ്

   കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ബിജെപിയെ എതിര്‍ക്കാന്‍ സിപിഐ എമ്മിന് യഥാര്‍ഥത്തില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചിരിക്കുകയാണ്. ബിജെപിയാണ് വലിയ ശത്രുവെന്ന് അംഗീകരിക്കുന്നുണ്ടോ എന്നും രാഹുല്‍ ചോദിക്കുന്നു. ഇന്നത്തെ പ്രധാന വിപത്ത് ബിജെപിയാണെന്ന കാര്യത്തില്‍ സിപിഐ എമ്മിന് സംശയമില്ല. ബിജെപി ഭരണത്തിലിരുന്ന 1998-2004 കാലത്തും സിപിഐ എമ്മിന്റെ നിലപാട് അതുതന്നെയായിരുന്നു. അതുകൊണ്ടാണ് 2004ലെ ലോക്സഭാതെരഞ്ഞെടുപ്പിനെതുടര്‍ന്ന് കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ സിപിഐ എം അംഗങ്ങള്‍ ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. ബിജെപി ഭരണത്തിലിരുന്ന കാലത്തെല്ലാം അവര്‍തന്നെയാണ് സിപിഐ എമ്മിന് മുഖ്യശത്രു.
    രാഹുല്‍ ഗാന്ധി ഉത്തരം പറയേണ്ടത് രണ്ടു കാര്യത്തിനാണ്. 2004-14 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യുപിഎ (ഐക്യ പുരോഗമനസഖ്യം) 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച് ബിജെപി ഭരണം പുനഃസ്ഥാപിക്കപ്പെട്ടതിന് ആരാണ് ഉത്തരവാദി? രണ്ട്, സ്വാതന്ത്യ്രത്തിനുശേഷം ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് കേന്ദ്രത്തിലും ബഹുഭൂരിപക്ഷ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടു എന്നും ബിജെപിയുടെ കടന്നുവരവിന് അവസരമുണ്ടായി എന്നും വിശദീകരിക്കണം.  കോണ്‍ഗ്രസ് ഇക്കാലത്താകെ തുടര്‍ന്നുവന്ന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വിദേശ നയസമീപനമാണ് ബിജെപിക്ക് വളരാനും അധികാരത്തിലെത്താനും അവസരം നല്‍കിയത്. ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ധൈര്യം കാട്ടുമോ? 2004ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ബിജെപിയുടെ വര്‍ഗീയ നയങ്ങളെ എതിര്‍ക്കുന്നതിനല്ല പരിശ്രമിച്ചത്. യുപിഎതന്നെ അംഗീകരിച്ച പൊതുമിനിമം പരിപാടിക്ക് വിരുദ്ധമായി ജനവിരുദ്ധ- നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ ആവേശപൂര്‍വം നടപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ ചങ്ങാത്തം ഉറപ്പാക്കാന്‍ ശ്രമിച്ചത് ഇക്കാലത്താണ്. ഇതിനുപുറമെ അമേരിക്കയുമായുള്ള ചങ്ങാത്തം കൂടുതല്‍ ഉറപ്പിക്കാന്‍ ആണവകരാറില്‍ ഒപ്പിടുന്നതിനും യുപിഎ മുന്നോട്ടുവന്നു.
         ആകാശംമുട്ടേ വളര്‍ന്ന അഴിമതിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി. പൊതുമുതലും പ്രകൃതിസമ്പത്തും ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കുകയാണ് യുപിഎ ഭരണം ചെയ്തത്. കോണ്‍ഗ്രസ് പിന്തുടര്‍ന്ന് വന്ന ഈ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും അമേരിക്കയ്ക്ക് കീഴടങ്ങുന്ന വിദേശനയവും അഴിമതികളുമാണ് ബിജെപിക്ക് കടന്നുവരാനുള്ള അവസരം നല്‍കിയത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറുണ്ടോ? തങ്ങള്‍ക്ക് സംഭവിച്ച ഈ തെറ്റുകള്‍ സമ്മതിച്ചും നയസമീപനങ്ങള്‍ തിരുത്തിക്കൊണ്ടുമാണ് ബിജെപിയെ എതിര്‍ക്കുന്നതിനുള്ള ആത്മാര്‍ഥത രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തെളിയിക്കേണ്ടത്. 
       ബിജെപിയെയും കോണ്‍ഗ്രസിനെയും ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികളായിട്ടാണ് സിപിഐ എം വിലയിരുത്തുന്നത്. ഇക്കാരണത്താലാണ് നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അമേരിക്കന്‍ അനുകൂല വിദേശനയ സമീപനങ്ങളും എടുക്കുന്നതില്‍ അവര്‍ കൈകോര്‍ക്കുന്നത്. ഇത്തരം നയങ്ങള്‍ നടപ്പാക്കാന്‍ ഇരുവരും ഭരണത്തിലെത്തുമ്പോള്‍ പരസ്പരം സഹായിക്കുന്നത് പതിവാണ്. ബിജെപി ഉദാരവല്‍ക്കരണനയം നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അതിന്റെ ക്രെഡിറ്റ് എടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്.  ജിഎസ്ടിയെ തെരഞ്ഞെടുപ്പുകാലത്ത് എതിര്‍ക്കാന്‍ തയ്യാറായ രാഹുല്‍ ഗാന്ധിയുടെ പാര്‍ടി നേതാക്കള്‍ ജിഎസ്ടി കൊണ്ടുവന്നത് തങ്ങളാണെന്ന് പറയാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല. ജിഎസ്ടി നടപ്പാക്കിയത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുകയും അതിനെതിരെ എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തപ്പോഴാണ് കേവലം തെരഞ്ഞെടുപ്പുലാഭത്തിനായി രാഹുല്‍ ഗാന്ധി ജിഎസ്ടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആക്രമണോത്സുകമായ വര്‍ഗീയ നയസമീപനങ്ങള്‍ ബിജെപി സ്വീകരിക്കുന്നത് ബൂര്‍ഷ്വ- ഭൂപ്രഭു- വര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി തുടങ്ങിയ ജനകീയപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിന് വര്‍ഗീയതയെ അവര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരുമിച്ച് അണിനിരക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നു.
         കോണ്‍ഗ്രസ് പിന്തുടരുന്ന ജനവിരുദ്ധ ഉദാരവല്‍ക്കരണ നയങ്ങളും അമേരിക്കന്‍ അനുകൂല വിദേശനയങ്ങളും തിരുത്താത്തിടത്തോളം കാലം അവര്‍ക്ക്് ബിജെപിയെ ഫലപ്രദമായി നേരിടാനാകില്ല. തത്വാധിഷ്ഠിതമായ നിലപാടില്‍ നിന്നുകൊണ്ട് വര്‍ഗീയതയെ നേരിടുന്നതിനുപകരം കോണ്‍ഗ്രസ് പലപ്പോഴും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്. ഇതും ബിജെപിയുടെ സ്വാധീനശക്തി വളരുന്നതിനാണ് ഇടവരുത്തുന്നത്.
          ബിജെപിയും കോണ്‍ഗ്രസും  മറ്റു പല പ്രാദേശികകക്ഷികളും അടങ്ങുന്ന ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ തൊഴിലാളികള്‍, കൃഷിക്കാര്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തുടങ്ങിയ സാമാന്യ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളെ ആസ്പദമാക്കി ജനകീയശക്തികളെ ഏകോപിപ്പിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നത്. ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ബദല്‍നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ശക്തികള്‍ കരുത്താര്‍ജിക്കുമ്പോഴാണ് വര്‍ഗീയശക്തികളെ ശാശ്വതമായി നമുക്ക് തടയാന്‍ കഴിയുക. അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെയും വര്‍ഗീയശക്തികളുടെയും അടിത്തറ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗ മേധാവിത്വമാണ്. ഇത് തകര്‍ക്കാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ ജനാധിപത്യശക്തികളും നിരന്തരമായി ശ്രമിക്കുന്നത്.

    ഇടത് ജനാധിപത്യശക്തികളുടെ യോജിപ്പും കരുത്തും വളര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്താതെ ഇന്നത്തെ പ്രധാന വിപത്തായ ബിജെപിയെ പരാജയപ്പെടുത്താനാണ് സിപിഐ എമ്മും ഇടതുകക്ഷികളും പരിശ്രമിക്കുന്നത്. ബിജെപിയുടെ വര്‍ഗീയതയ്ക്കും അമിതാധികാര നീക്കങ്ങള്‍ക്കുമെതിരെ മത നിരപേക്ഷ ശക്തികളുടെ വിശാലനിര കെട്ടിപ്പടുക്കാന്‍ സിപിഐ എമ്മും ഇടതുപക്ഷവും എപ്പോഴും മുന്‍പന്തിയിലുണ്ടാകും. വളര്‍ന്നുവരുന്ന ഈ വിശാല ജനകീയ ഐക്യത്തെ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്്. അതുകൊണ്ടാണ് നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയോ അമേരിക്കന്‍ അനുകൂല വിദേശനയങ്ങളെയോ എതിര്‍ക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകാത്തത്.  വര്‍ഗീയതയ്ക്കെതിരായ സമരത്തെയും നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരത്തെയും ഏകോപിപ്പിക്കുമ്പോഴാണ് ജനങ്ങളുടെ വിശാല ഐക്യനിര ശക്തിപ്പെടുന്നത്. ഈ യാഥാര്‍ഥ്യം കാണാന്‍ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഇന്നുവരെ തയ്യാറായിട്ടില്ല
  
എസ് രാമചന്ദ്രന്‍പിള്ള...,ദേശാഭിമാനി

Thursday, 14 December 2017

ലോക കേരളസഭ എന്ത്? എന്തിന്?

       സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ലോക കേരളസഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഈ ലേഖനം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് 1996ല്‍ ഇ കെ നായനാര്‍ സര്‍ക്കാരാണ്. പിന്നീട് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും പ്രവാസിവകുപ്പ് നിലവില്‍ വന്നു. ഇന്ത്യാ ഗവണ്‍മെന്റും പ്രവാസത്തിന് പ്രാധാന്യമുള്ള മറ്റു സംസ്ഥാനങ്ങളും അനുകരിക്കുമെന്നും ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഉറപ്പിക്കാവുന്ന മറ്റൊരു മുന്‍കൈയാണ് ലോക കേരളസഭ.
     സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോകത്താകെയും കേരളം  വളരുന്നു എന്ന തിരിച്ചറിവാണ് ലോകകേരളസഭ രൂപീകരിക്കാനുള്ള പ്രേരണ. സമീപകാലത്ത് നടന്ന ഒരു സര്‍വേ  പ്രകാരം കേരളത്തിന്റെ പ്രവാസി ജനസംഖ്യ 31 ലക്ഷമാണ്. ഇതില്‍ ഏഴുലക്ഷംപേര്‍ ഇന്ത്യക്കകത്തും 24 ലക്ഷം പേര്‍ ഇതരരാജ്യങ്ങളിലുമാണ്. 31 ലക്ഷം എന്നത് ഒരു യാഥാസ്ഥിതിക മതിപ്പാകാനേ തരമുള്ളൂ. കേരളത്തിലെ തെരഞ്ഞെടുത്ത പതിനായിരം വീടുകള്‍ സന്ദര്‍ശിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ മതിപ്പുകണക്ക് തയ്യാറാക്കിയത്. കുടുംബസമേതം മറുനാട്ടില്‍ കഴിയുന്ന പ്രവാസികള്‍ ഈ കണക്കില്‍പെട്ടിരിക്കാന്‍  സാധ്യതയില്ല. തലമുറകളായി കേരളത്തിനുപുറത്തുള്ള കേരളീയരുടെ വിവരങ്ങള്‍ നല്‍കാന്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് കഴിഞ്ഞെന്നുംവരില്ല. കൃത്യമായ കണക്കുകളുടെ അഭാവത്തില്‍ കേരളീയ പ്രവാസിസമൂഹത്തിന്റെ സംഖ്യ ഏകദേശം അരക്കോടിയോളം വരുമെന്ന് അനുമാനിക്കാം. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരുടെ സംഖ്യ ഏതാണ്ട് 16.4 ലക്ഷമാണ്. പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളെയും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരെയുംകൂടി കൂട്ടിയാല്‍ പ്രവാസത്തിന് കേരളീയജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി ഏകദേശധാരണ കിട്ടും.
    കേരളീയ പ്രവാസികളില്‍ മഹാഭൂരിപക്ഷവും ഇന്ത്യന്‍ പൌരത്വം നിലനിര്‍ത്തുന്നവരാണ്. ഇന്ത്യന്‍ പൌരത്വം നഷ്ടപ്പെട്ടവര്‍പോലും നാടുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. കേരളീയരെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത സംഘംചേരാനുള്ള പ്രവണതയാണ്. കേരളീയ പ്രവാസികള്‍ക്കിടയില്‍ വ്യത്യസ്ത തരത്തിലുള്ള അസംഖ്യം കൂട്ടായ്മ സജീവമാണ്. ഈ കൂട്ടായ്മകള്‍ ഒരര്‍ഥത്തില്‍ കേരളസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാണ് എന്നുപറയാം. പുറംകേരളം മലയാളം സംസാരിക്കുന്നു, പഠിക്കുന്നു, സാഹിത്യവും കലയും ആസ്വദിക്കുന്നു, സൃഷ്ടിക്കുന്നു, പ്രചരിപ്പിക്കുന്നു. ഇന്ന് കേരളം ജീവിക്കുന്നത് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, കേരളീയര്‍ ലോകത്ത് എവിടെയെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ടോ അവിടെയെല്ലാമായാണ്. പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിന് അകലം ഇന്ന് തടസ്സമല്ല.
       എല്ലാ സംസ്കാരങ്ങളും അവയുടെ ഭൂപ്രദേശാടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട തട്ടകംവിട്ട് വളര്‍ന്നുപടരുകയാണ്. ഈ പ്രക്രിയയില്‍ കേരളം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ലോകത്തുതന്നെ പ്രവാസത്തിന്റെ ആപേക്ഷികപ്രാധാന്യം വളരെ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളം അക്ഷരാര്‍ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ്കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള സംവിധാനം ഇന്ന് നിലവിലില്ല. ഇത് പരിഹരിക്കുക എന്നതാണ് ലോക കേരളസഭയുടെ പരമമായ ലക്ഷ്യം.
       ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൌരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്ത് 178 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും. ഇപ്രകാരം നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നും 100 പേര്‍ പുറംരാജ്യങ്ങളില്‍നിന്നും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍നിന്നും 30 പേര്‍ വിവിധ വിഷയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.
      ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അതായത് കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനംചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളസംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം. കേരളീയരുടെ പൊതുസംസ്കാരത്തെയും സാമൂഹിക  സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ളവര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ‘നിര്‍ണായകപങ്കുവഹിക്കും. കേരളത്തിന്റെ ജനാധിപത്യവല്‍ക്കവരണചരിത്രത്തില്‍  ലോക കേരളസഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക. ഭാഷാപരമോ പ്രദേശപരമോ ആയ സങ്കുചിതചിന്തകളല്ല, മറിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത തുടങ്ങി കേരളം പൊതുവെ അംഗീകരിക്കുന്ന വിശ്വമാനവികതയുടെ മൂല്യങ്ങളായിരിക്കും ലോക കേരളസഭ ഉയര്‍ത്തിപ്പിടിക്കുക. ലോകകേരളത്തിന്റെ താല്‍പ്പര്യവൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശുപാര്‍ശചെയ്യുന്നതിനും ലോക കേരളസഭ പ്രയത്നിക്കും.
      പ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളംവരും. പ്രവാസികളുടെ സമ്പാദ്യത്തിന്റെരൂപത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണയം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇപ്രകാരം നാടിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കുന്ന സംഭാവന അമൂല്യമാണെങ്കിലും അതിന് അവര്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. പ്രവാസത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെയും യാത്രയുടെയും ഘട്ടംമുതല്‍ തിരിച്ചുവന്നതിനുശേഷമുള്ള പുനരധിവാസം വരെയുള്ള ഘട്ടങ്ങളില്‍ ഇവര്‍ നേരിടുന്ന കബളിപ്പിക്കലുകളും ചൂഷണവും അവകാശനിഷേധങ്ങളും അപമാനവും എളുപ്പം വിവരിക്കാനാകില്ല. പ്രവാസം കഴിഞ്ഞെത്തുന്നവരുടെ സാമൂഹ്യസുരക്ഷയുടെയും ക്ഷേമത്തിന്റെയും പ്രശ്നങ്ങള്‍ വേറെ. ഈ പ്രശ്നങ്ങളിലേക്ക് പൊതുസമൂഹത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സാര്‍വദേശീയ ഏജന്‍സികളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും പരിഹാരം തേടാനും ലോക കേരളസഭ വേദിയൊരുക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ഭരണനിര്‍വഹണ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ലോക കേരളസഭ യത്നിക്കും. 
      കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള അറിവിന്റെയും സാങ്കേതികജ്ഞാനത്തിന്റെയും നൈപുണ്യങ്ങളുടെയും അഭിരുചികളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും ഒഴുക്കിന്റെ വാതായനവും മാധ്യമവുമായി പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസിസമൂഹം സ്വദേശത്തുനിന്നുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും കയറ്റുമതിക്ക് അരങ്ങൊരുക്കും എന്ന് പഠനം തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അനുഭവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് വളരെ ശരിയാണെന്ന് ബോധ്യപ്പെടും. പ്രവാസിസമൂഹം കേരളത്തില്‍നിന്നുള്ള സാധനങ്ങള്‍ക്കും  സേവനങ്ങള്‍ക്കും വിദേശത്ത് വളരെ ചലനാത്മകമായ വിപണി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രവാസിസമൂഹങ്ങള്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും  അവസരം ഒരുക്കുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ തലമുറയ്ക്ക് അന്തര്‍ദേശീയ തൊഴില്‍വിപണിയിലേക്ക് എത്തിപ്പെടാനുള്ള കൈത്താങ്ങായും പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നു.
      ഈ ചിത്രത്തിന്റെ മറുവശം എന്ന നിലയ്ക്ക് വിശ്വപ്പരപ്പില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ അറിവുകളെയും ആശയങ്ങളെയും സാങ്കേതികവിദ്യകളെയും സാധനങ്ങളെയും സേവനങ്ങളെയും മൂലധനത്തെയും നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള മാധ്യമം എന്ന നിലയ്ക്കും പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്.
      പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൌത്യവും ഏറ്റെടുക്കാന്‍കഴിയുന്ന തരത്തിലാണ് ലോക കേരളസഭയുടെ നടപടിക്രമം വിഭാവനംചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ ലോക കേരളസഭയ്ക്ക് കഴിയും.  സഭയില്‍ പ്ളീനറി സെഷനുകള്‍ക്കുപുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാകും. പ്രസ്തുത യോഗങ്ങളില്‍ പുറംകേരളത്തില്‍നിന്നുള്ള സഭാംഗങ്ങളോടൊപ്പം അതത് വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
      ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന്റെ ആഹ്വാനം ബൃഹദ്കേരളം ഒന്നടങ്കം, അതായത് അകംകേരളവും പുറംകേരളവും ഒരുപോലെ ഏറ്റെടുക്കും. ഒന്നാംസമ്മേളനം അംഗീകരിക്കുന്ന മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടി കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടറിയറ്റും കേരള സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഒന്നാംസമ്മേളനത്തെ തുടര്‍ന്ന്  ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കും
പിണറായി വിജയന്‍...

Wednesday, 6 December 2017

കറുത്ത അധ്യായം

     അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികദിനമാണ് വരുന്ന ഡിസംബര്‍ ആറ്. ഇന്ത്യക്ക് അങ്ങേയറ്റം പ്രാധാന്യമുള്ള നാളായിരുന്നു അത്. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു മുസ്ളിംപള്ളി തകര്‍ക്കപ്പെട്ടുവെന്നതുമാത്രമല്ല വിഷയം, ഇന്ത്യന്‍ ഭരണഘടനയ്ക്കും അതിന്റെ മതനിരപേക്ഷ- റിപ്പബ്ളിക്കന്‍ മൂല്യങ്ങള്‍ക്കും നേരെയുള്ള പ്രത്യക്ഷമായ വെല്ലുവിളികൂടിയായിരുന്നു ആ സംഭവം.
      ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയ അധികാരത്തിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചതിന്റെ നാഴികക്കല്ലുകൂടിയായി 1992 ഡിസംബര്‍ ആറിനെ കാണാം. 25 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ അതേ ശക്തികള്‍ അധികാരം ഉറപ്പിച്ചിരിക്കുന്നു.
     അന്ന് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശക്തികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? 'കര്‍സേവ' എന്ന പേരില്‍ അയോധ്യയില്‍ എന്തൊക്കെ ചെയ്താലും അവയൊന്നും മസ്ജിദിന് കേടുപാട് വരുത്തുകയില്ലെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പാലിക്കാതെ അവര്‍ വഞ്ചന കാട്ടി. നിലവിലുള്ള സ്ഥിതിയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ അന്നത്തെ ബിജെപി മുഖ്യമന്ത്രി കല്യാണ്‍സിങ് തുടര്‍ച്ചയായി കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം, ബിജെപി നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല, ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കാനും കോടതി ഉത്തരവുകള്‍ നടപ്പാക്കാനും ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെ അധികാരപ്പെടുത്തിയിരുന്നു.
       സ്ഥലത്ത് നിരോധന ഉത്തരവ് നിലനിന്നിട്ടും, കര്‍സേവയ്ക്ക് മുന്നോടിയായി പതിനായിരക്കണക്കിനു കര്‍സേവകര്‍ ഒത്തുകൂടുന്നതിന് അനുവാദം നല്‍കി. ഏത് ആക്രമണം തടയുന്നതിനുംനിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നേരിടുന്നതിനുമായി 20,000ല്‍പരം കേന്ദ്ര പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നു. എന്നാല്‍, അന്നത്തെ ദിവസം നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഉത്തരവൊന്നും നല്‍കിയില്ല.
      ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശക്തികള്‍ക്ക്, ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ കരുത്തിനെയും സുപ്രീംകോടതി ഉത്തരവുകളെയും മറികടന്ന് മതനിരപേക്ഷ തത്വങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും എതിരായി ഞെട്ടിപ്പിക്കുന്ന ഈ ആക്രമണം നടത്താന്‍ സാധിച്ചു. അയോധ്യയിലെ തര്‍ക്കസ്ഥലത്തെ രാമക്ഷേത്രനിര്‍മാണംമാത്രമല്ല ഇവിടെ പ്രശ്നം, 1989ല്‍ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി പ്രമേയം പാസാക്കിയതില്‍നിന്ന് അവര്‍ ഇതിനെ രാഷ്ട്രീയമുന്നേറ്റത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വഴിയൊരുക്കിയ, എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ കുപ്രസിദ്ധ രഥയാത്രകള്‍ ബാബ്റി മസ്ജിദ് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ അടുത്ത പടിയായിരുന്നു. രാമ തരംഗത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ബലത്തില്‍ ബിജെപി 1991ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇക്കാലമത്രയും ബിജെപി- വിഎച്ച്പി സഖ്യം ബാബ്റി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യം രഹസ്യമാക്കിവച്ചില്ല.
     ആര്‍എസ്എസ് നേതൃത്വം നല്‍കിയ ജനക്കൂട്ടം ഡിസംബര്‍ ആറിന് അയോധ്യയില്‍ ഹീനമായ കൃത്യം നടത്തിയെങ്കില്‍, നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്കും അപലപനീയമാണ്. ആക്രമണം തടയാന്‍ ഇടപെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവു മനഃപൂര്‍വം തീരുമാനിച്ചു. ബാബ്റി മസ്ജിദിന്റെ മൂന്ന് താഴികക്കുടത്തില്‍ ആദ്യത്തേത് നിലംപതിച്ചശേഷവും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ കേന്ദ്ര പൊലീസ് സേനാംഗങ്ങളോട് ഇടപെടാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. ഡിസംബര്‍ ആറിനുമുമ്പുള്ള നാളുകളില്‍, മസ്ജിദിനുനേരെ ആക്രമണം നടത്താനായി ആയിരങ്ങള്‍ ഒത്തുചേരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും, അയോധ്യയിലെ ആശങ്കയിലായ മുസ്ളിംസമൂഹം മുറവിളികൂട്ടിയിട്ടും, സ്ഥലത്ത് 'പൂജ'മാത്രമേ നടത്തുകയുള്ളൂവെന്ന് ആര്‍എസ്എസ് നേതാക്കള്‍ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന നിലപാടില്‍ത്തന്നെയായിരുന്നു നരസിംഹറാവു.
     എന്നാല്‍, മസ്ജിദ് തകര്‍ത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്ത് ഒരു താല്‍ക്കാലികക്ഷേത്രം നിര്‍മിച്ചതാണ് ഏറ്റവും നടുക്കം സൃഷ്ടിച്ച കാര്യം. ഡിസംബര്‍ ഏഴിന് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചിട്ടും ഇങ്ങനെ നടന്നു. താല്‍ക്കാലികക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന നിര്‍മാണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
     മാത്രമല്ല, അന്തിമപരിഹാരം കണ്ടെത്തുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥചെയ്ത് 1993 ജനുവരിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അയോധ്യ നിയമം ഈ താല്‍ക്കാലിക ക്ഷേത്രത്തിന് നിയമസാധുത നല്‍കി. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് പുനര്‍നിര്‍മിക്കുമെന്ന് നേരത്തെ നല്‍കിയ വാഗ്ദാനം ഉപേക്ഷിച്ചു.
      ദൌര്‍ഭാഗ്യവശാല്‍, രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഈ നിയമം അംഗീകരിച്ചു. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഇന്ത്യന്‍ സ്റ്റേറ്റിനും നേരെ ഗുരുതര ആക്രമണം ഉണ്ടായപ്പോള്‍ അതിന്റെ മുഖ്യ ഉപകരണങ്ങളായ എക്സിക്യൂട്ടീവും ജുഡീഷ്യറിയും നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. പ്രീണനനയം പിന്തുടരുകയും മതനിരപേക്ഷതയെ വഞ്ചിക്കുകയും ചെയ്തുവെന്ന കുറ്റം കോണ്‍ഗ്രസ് സര്‍ക്കാരിനുമേല്‍ നിലനില്‍ക്കുന്നു.
      ഈ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് നരസിംഹറാവു സര്‍ക്കാരിനെതിരെ 1993 ആഗസ്തില്‍ പാര്‍ലമെന്റില്‍ സിപിഐ എം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഏതാനും പ്രതിപക്ഷ എംപിമാര്‍ക്ക് കോഴ നല്‍കി റാവു സര്‍ക്കാര്‍ അവിശ്വാസപ്രമേയം അതിജീവിച്ചു.

ഈ കറുത്ത അധ്യായത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ ഇവയാണ്:
1). മതനിരപേക്ഷ- ജനാധിപത്യ റിപ്പബ്ളിക് എന്ന ഇന്ത്യയുടെ ഘടന തകര്‍ക്കാനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും ആഗ്രഹിക്കുന്ന ശക്തികളോട് വിട്ടുവീഴ്ച ചെയ്യാനാകില്ല.
2). കോണ്‍ഗ്രസ് സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ ചെയ്തതുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ക്ക് മുന്നേറാന്‍ സാധിച്ചത്. മുന്‍കാലങ്ങളില്‍ കാട്ടിയ വിട്ടുവീഴ്ചകള്‍, ചാഞ്ചാട്ടങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഗ്രസ് സത്യസന്ധമായ ആത്മപരിശോധന നടത്തണം.  ഈ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുകയും നിലപാട് തിരുത്തുകയും ചെയ്യണം.
3). ഭരണവ്യവസ്ഥയുടെ സംവിധാനങ്ങള്‍ ഹിന്ദുത്വ സ്വാധീനത്തിന് വഴങ്ങുന്നവയാണ്- ഈ പ്രക്രിയ 25 വര്‍ഷംമുമ്പ് ആരംഭിച്ചതാണ്, ഇപ്പോള്‍ ബിജെപി- ആര്‍എസ്എസ് സഖ്യം അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ ഈ ഭീഷണി തുടരുന്നു.
4). മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധത കാട്ടിയും ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ ജനകീയപ്രസ്ഥാനം കെട്ടിപ്പടുത്തുംമാത്രമേ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ കഴിയൂ. സാമ്പത്തിക, സാമൂഹിക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തിയാല്‍മാത്രമേ പ്രതിലോമമായ ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്താനാകൂ
പ്രകാശ് കാരാട്ട്  ,ദേശാഭിമാനി




Tuesday, 5 December 2017

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമ്പോള്‍

    അധികാരക്കൈമാറ്റത്തിന്റെ പ്രക്രിയയിലാണ് ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഒരു അമ്മയില്‍നിന്ന് മകനിലേക്കാണ് അധികാരക്കൈമാറ്റം. ഇതിന് ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് അധികാരം കൈമാറുന്നതിന്റെ സ്വഭാവമുണ്ട്. അതായത്, കുടുംബാധിപത്യത്തിന്റെ അധികാരപ്പകര്‍ച്ച. സോണിയ ഗാന്ധിയില്‍നിന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് നിര്‍ണായകമായ ഒരു അവസരത്തിലാണ്.
    ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ടിയാണ് കോണ്‍ഗ്രസ.് ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ഈ രാഷ്ട്രീയ സംഘടനയുടെ 132 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ഇതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വിശേഷിപ്പിച്ചത് 'അസ്തിത്വപരമായ പ്രതിസന്ധി' എന്നാണ്. അതായത്, നിലനില്‍പ്പുതന്നെ അപകടത്തിലായ അവസ്ഥ. ഇതുതന്നെയാണ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും: കോണ്‍ഗ്രസ് വിമുക്തഭാരതം.
    എന്താണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ന് നേരിടുന്ന അധികാരപരമായ, സംഘടനാപരമായ, ആശയപരമായ വെല്ലുവിളികള്‍? അധികാരപരമായി പറഞ്ഞാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 44 സീറ്റാണ്. അത് ഒരു റെക്കോഡ് പതനമായിരുന്നു. 2014ല്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കൊപ്പം 15 സംസ്ഥാനം ഭരിച്ചിരുന്നു. ബിജെപിയും സഖ്യകക്ഷികളും എന്‍ഡിഎയും ആകട്ടെ ഏഴ് സംസ്ഥാനവും. 2017ല്‍ കോണ്‍ഗ്രസ്-യുപിഎ ഭരിക്കുന്നത് വെറും ആറ് സംസ്ഥാനമാണ്. ബിജെപിയും സഖ്യകക്ഷികളും ആകട്ടെ 18 സംസ്ഥാനങ്ങളും. അതായത്, 2014ലെ ഭീമന്‍ പരാജയത്തിനുശേഷം കോണ്‍ഗ്രസിന് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയനിരതന്നെ ഉണ്ടായി. ഇതില്‍ മഹാരാഷ്ട്രയും ഹരിയാനയും ജാര്‍ഖണ്ഡും ഉത്തരാഖണ്ഡും ജമ്മു കശ്മീരും എല്ലാം ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത് പഞ്ചാബില്‍മാത്രമാണ്. അതിന്റെ ക്രെഡിറ്റ് പോകുന്നത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനാണ്. ബിഹാറില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായി അധികാരത്തില്‍ വന്നുവെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതില്‍ കോണ്‍ഗ്രസിന്റെ പങ്ക് എന്തായിരുന്നുവെന്നും ആ സഖ്യഭരണത്തിന് എന്ത് സംഭവിച്ചുവെന്നും പ്രത്യേകം പരിശോധിക്കേണ്ട കാര്യമില്ല. അപ്പോള്‍ അധികാരപരമായി- കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതിന്റെ നെല്ലിപ്പലക കണ്ടുനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഡല്‍ഹി കൈവിട്ടുപോയത് മറ്റൊരു കഥ. അത് അവിടെ തീര്‍ന്നില്ല. രണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം- ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്- ഡിസംബര്‍ 18ന് പുറത്താകാന്‍ ഇരിക്കുകയാണ്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന് ഇവ ശുഭസൂചന ആയിരിക്കുമോ? അതോ പുത്തരിയില്‍ കല്ല് കടിക്കുമോ? അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രണ്ടാമത്തേതിനാണ് സാധ്യത.
    2018 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ഒരു വെല്ലുവിളിയായിരിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുള്ള ഒരു യവനിക ഉയരുന്നത് 2018ലായിരിക്കും. കാരണം, മധ്യപ്രദേശും കര്‍ണാടകവും രാജസ്ഥാനും ഛത്തീസ്ഗഡും ത്രിപുരയും മേഘാലയും- ആറ് സംസ്ഥാനം- സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഷമാണ് ഇത്. മധ്യപ്രദേശും രാജസ്ഥാനും ബിജെപിയില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ? കര്‍ണാടകം നിലനിര്‍ത്താന്‍ രാഹുലിന് കഴിയുമോ? ഇവിടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. അതിനുശേഷം 2019ലാണ് പൊതു തെരഞ്ഞെടുപ്പ്. നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ ഒരു ദേശീയ ബദല്‍ കെട്ടിപ്പടുക്കാന്‍ പുതിയ കോണ്‍ഗസ് അധ്യക്ഷന് സാധിക്കുമോ? സാധിച്ചാല്‍തന്നെയും എന്തായിരിക്കും അതിന്റെ ജയസാധ്യത? എന്തായിരിക്കും രാഹുലിന് കോണ്‍ഗ്രസിനു വെളിയിലുള്ള സ്വീകാര്യത? മോഡിയുമായുള്ള ഒരു തുലനത്തില്‍ രാഹുല്‍ എവിടെ നില്‍ക്കും?
     സംഘടനാപരമായി കോണ്‍ഗ്രസ് ഇന്ന് നല്ല ആരോഗ്യാവസ്ഥയിലല്ല. ചില മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ടി വിട്ടുകഴിഞ്ഞു. നാരായണ്‍ ദത്ത് തിവാരിയും എസ് എം കൃഷ്ണയും ജാഫര്‍ ഷെരീഫും എല്ലാം ഇതില്‍പ്പെടും. ബിജെപിയെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തുന്ന ഹേമന്ത് ബിശ്വസര്‍മയും (അസം) ജഗന്‍മോഹന്‍ റെഡ്ഡിയും (ആന്ധ്രപ്രദേശ്- തെലങ്കാന) കോണ്‍ഗ്രസ് വിട്ട യുവ നേതാക്കന്മാരില്‍പ്പെടും. സര്‍മ ഉപ്പോള്‍  ബിജെപിയുടെ അസം സര്‍ക്കാരില്‍ മന്ത്രിയാണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍ തീര്‍ച്ചയായിട്ടും തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖം ആകുമായിരുന്നു. സര്‍മയുടെയും ജഗന്റെയും എല്ലാം പരാതി ഡല്‍ഹയില്‍ വന്നാല്‍ സോണിയ ഗാന്ധിയെയോ രാഹുലിനെയോ ദിവസങ്ങള്‍ കാത്തുകെട്ടി കിടന്നാലും കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു. ജഗന്റെ കാര്യത്തില്‍ വൈ എസ് ആറിന്റെ വിമാനദുരന്ത മരണത്തിനുശേഷം അമ്മയും ഒരുമിച്ച് വന്നപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. രാഹുല്‍ ഈ പെരുമാറ്റരീതി മാറ്റുമോ?
     കേരളംമുതല്‍ ജമ്മു കശ്മീര്‍വരെ കോണ്‍ഗ്രസ് സംഘടനാപരമായി അരക്ഷിതാവസ്ഥയിലാണ്. കേരളത്തില്‍ ഒരു പ്രദേശത്ത് കോണ്‍ഗ്രസ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍, മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതി, ബലാത്സംഗകേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്ത് പാര്‍ടി ശുദ്ധീകരിക്കും? മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും പാര്‍ടി നാമമാത്രമേ ഉള്ളൂ. അവശേഷിക്കുന്ന കര്‍ണാടകത്തിലാകട്ടെ അടുത്തവര്‍ഷം കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നകാര്യം സംശയവുമാണ്.
      മധ്യപ്രദേശില്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ല. സംഘടനയും ദുര്‍ബലം. മഹാരാഷ്ട്രയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ അല്ലെങ്കിലും സംഘടന ക്ഷയോന്മുഖമാണ്. ഗുജറാത്തും ഉത്തര്‍പ്രദേശും ബിഹാറും ബംഗാളും ഒഡിഷയും ജമ്മു കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല. ഇവിടെയെല്ലാം പാര്‍ടിയെ പുനരുജ്ജീവിപ്പിക്കുക എന്നത് രാഹുലിന് വലിയ ഒരു ഉത്തരവാദിത്തമായിരിക്കും.
      ആശയപരമായി കോണ്‍ഗ്രസ് ഇന്ന് എവിടെ നില്‍ക്കുന്നു? സ്വാതന്ത്യ്രാനന്തര ദശകങ്ങളില്‍ കോണ്‍ഗ്രസ് സ്വാതന്ത്യ്രസമരത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയതയുടെയും പേരില്‍ അധികാരത്തില്‍ നിലനിന്നു. ഇന്ന് സ്വാതന്ത്യ്രസമരം പഴയ ഒരു ഏടാണ്. പുതിയ തലമുറയ്ക്ക് മതനിരപേക്ഷതയുടെയും ദേശീയതയുടെയും നിര്‍വചനങ്ങള്‍ മാറിയിരിക്കുന്നു. രാഹുലിന് ഇക്കാര്യത്തില്‍ എന്ത് ദിശാബോധമാണുള്ളത്? ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്പലങ്ങള്‍ ചുറ്റിയതുപോലെ ബിജെപിയുടെ 'ബി'ടീമായി പ്രവര്‍ത്തിക്കാനാണോ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിപാടി? ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക സാഹചര്യത്തില്‍ എന്ത് നയപരിപാടിയാണ് രാഹുലിനുള്ളത്? ഇതൊക്കെ ചോദിക്കാന്‍ കാരണം രാഹുല്‍ രാഷ്ട്രീയമായി, ഭരണപരമായി ഒട്ടും പരീക്ഷിക്കപ്പെടാത്ത, തെളിയിക്കപ്പെടാത്ത ഒരു വ്യക്തി ആയതുകൊണ്ടാണ്.
കുടുംബവാഴ്ചയുടെ ആരോപണം അദ്ദേഹത്തിന്റെ തോളില്‍ ഒരു മാറാപ്പുപോലെ ഉണ്ടാകും. കോണ്‍ഗ്രസിനെ കുടുംബവാഴ്ചയില്‍നിന്ന് സ്വതന്ത്രമാക്കി ജനാധിപത്യവല്‍ക്കരിക്കാന്‍ രാഹുലിനാകുമോ? പ്രാദേശികനേതാക്കന്മാരെ വളര്‍ത്താനും അവരെ ദേശീയതലത്തില്‍ അവരോധിക്കാനും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന് സാധിക്കുമോ? നെഹ്റു ഗാന്ധി കുടുംബത്തിനപ്പുറം കോണ്‍ഗ്രസിന് ഒരു ദേശീയനേതൃത്വം ഉണ്ടാകുമോ? അതിന് വഴിയൊരുക്കാന്‍ രാഹുലിന് കഴിയുമോ? 
രാഹുല്‍ 2014 മുതല്‍ ലോക്സഭാംഗമാണ്. 2007ല്‍ അദ്ദേഹം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. 2013ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായി. പാര്‍ടിക്കും രാഷ്ട്രത്തിനും അദ്ദേഹത്തിന്റെ സംഭാവന എന്താണ്? ഇടയ്ക്കിടയ്ക്കുള്ള വിദേശ അജ്ഞാതവാസങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ഛായ അദ്ദേഹത്തിന് നല്‍കുന്നുണ്ടോ?

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുകവഴി നെഹ്റു ഗാന്ധി കുടുംബത്തില്‍നിന്ന് ആറാമത്തെ അംഗം ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയാണ്. സ്വാതന്ത്യ്ര സമ്പാദനത്തിനുമുമ്പ് മോട്ടിലാല്‍ നെഹ്റുവും മകന്‍ ജവാഹര്‍ലാല്‍ നെഹ്റുവും അതിനുശേഷം ഇന്ദിര ഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയും ഭാര്യ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്്. ഇപ്പോള്‍ ഇതാ രാഹുല്‍ ഗാന്ധിയും (47). കുടുംബപേരിനപ്പുറം അദ്ദേഹത്തിന്റെ നേതൃപാടവമാണ് ഇവിടെ പരിശോധിക്കപ്പെടുക. അത് അഗ്നിപരീക്ഷണംതന്നെയായിരിക്കും. പ്രത്യേകിച്ചും മോഡിയുടെയും സംഘപരിവാറിന്റെയും ഈ യുഗത്തില്‍. അസഹിഷ്ണുതയുടെയും അപ്രഖ്യാപിത ഫാസിസ്റ്റ് ഭരണത്തിന്റെയും ചങ്ങാത്തമുതലാളിത്ത കൊള്ളയടിയുടെയും കാലഘട്ടത്തില്‍ കരുത്തുള്ള ഒരു കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ? അതാണ് ഇന്ത്യ ഇന്ന് ചോദിക്കുന്ന ചോദ്യം
 പി വി തോമസ്   (ഡല്‍ഹിയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)


Monday, 4 December 2017

വിദ്യാര്‍ഥിരാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുമ്പോള്‍

രാഷ്ട്രീയം ഒരു കുറ്റകൃത്യമാകുകയും ഭരണകൂടം സാധാരണപോലെ ആ കുറ്റകൃത്യം തടയുകയും ചെയ്യുന്ന സംഭവങ്ങള്‍ അതത് കാലത്തെ ഫാസിസ്റ്റ് പ്രവണതകളുടെ ഭൂതകാലചരിത്രം നമ്മെ ബോധ്യപ്പെടുത്തിയതിന് അനേകം ഉദാഹരണങ്ങളുണ്ട്. രാഷ്ട്രീയത്തിലുള്ള ആമഗ്നത എല്ലാ പൌരന്മാരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജീവിതവും രാഷ്ട്രീയവും തമ്മില്‍ എന്ത് വേര്‍തിരിവ്. എന്നിട്ടും പലപ്പോഴും ഭരണകൂടം മനുഷ്യസമൂഹത്തില്‍നിന്ന് മൊത്തമായും അല്ലെങ്കില്‍ ഓരോ വിഭാഗമായി തിരിച്ചോ ജനതയുടെ രാഷ്ട്രീയബോധ്യങ്ങളെ മുറിച്ചുമാറ്റാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍തന്നെ ഇതിന് സമകാല അനുഭവങ്ങള്‍ പെരുകുകയാണ്. എന്നാല്‍, വിദ്യാര്‍ഥിരാഷ്ട്രീയവുമായി ബന്ധിച്ച് അടുത്തിടെ വന്ന കോടതി പരാമര്‍ശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അതിന്റെ ഭീകരതയെ വെളിപ്പെടുത്തുന്നതാണ്. നവ ലിബറല്‍കാലം ഇത്രയും പിന്നിട്ടപ്പോള്‍ അത് നമ്മുടെ ജീവിതത്തെത്തന്നെ പലനിലകളില്‍ മാറ്റിത്തീര്‍ത്തു. അത് സൃഷ്ടിച്ച ചിന്ത, അത് ഉല്‍പ്പാദിപ്പിച്ച പുതിയ ജീവിതം എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഭരണകൂടത്തിന്റെ നാനാവശങ്ങളില്‍ ഈ നവകാലത്തിന്റെ അരുതായ്കകള്‍ പിടിമുറുക്കുകയാണ്. അത് കൈകാര്യം ചെയ്യുന്നവര്‍ ഇതാണ് ജീവിതം എന്നു കരുതി ചരിത്രത്തെയും സമകാല ജനപക്ഷ യാഥാര്‍ഥ്യങ്ങളെയും വിസ്മരിച്ച് അവരുടെ ചിന്തയ്ക്ക് അനുസൃതമായ ഡിക്രികള്‍ പുറപ്പെടുവിക്കുകയാണ്. അവരുടെ മുന്നില്‍ വസ്തുതകളുടെ ആന്തരവൈരുധ്യങ്ങളോ നിയമമുണ്ടായതിന്റെ ചരിത്രപശ്ചാത്തലമോ അതിന്റെ വൈവിധ്യമാര്‍ന്ന അര്‍ഥതലങ്ങളോ ഒന്നും തെളിഞ്ഞുവരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം വേണ്ട എന്നത് അസംബന്ധം നിറഞ്ഞ ഒരു ഫലിതമല്ലാതെ പിന്നെയെന്താണ്.
സാമൂഹ്യ ഉല്‍പ്പാദനപ്രക്രിയയില്‍ നിശ്ചിതമായ കടമ നിര്‍വഹിക്കുകയും ഉല്‍പ്പാദന ബന്ധങ്ങള്‍ക്കിടയില്‍ നിശ്ചിതസ്ഥാനം വഹിക്കുകയും ചെയ്യുന്നില്ലാത്തതിനാല്‍ വിദ്യാര്‍ഥിസമൂഹം ഒരു വര്‍ഗമാകുന്നില്ല. എന്നാല്‍, മുതലാളിത്തത്തിന്റെ ഉത്ഭവകാലംമുതല്‍ വളര്‍ന്നുവരുന്ന മൂലധനവും അധ്വാനവും തമ്മിലുള്ള വൈജാത്യം പെരുകിപ്പെരുകി എത്തുന്ന ഏറ്റുമുട്ടലില്‍, ഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവരുടെ മഹാമുന്നേറ്റത്തിന്റെ കാവല്‍ശക്തിയായി വിദ്യാര്‍ഥികള്‍ നിലയുറപ്പിക്കും. ഇക്കാലയളവുവരെ കണ്ട വിമോചനപോരാട്ടത്തിന്റെ ആന്ദോളനങ്ങളില്‍ വിദ്യാര്‍ഥികള്‍ വഹിച്ച പങ്കിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാം. ചൈനയിലെ മെയ് നാല് പ്രസ്ഥാനം, നീണ്ടയാത്രയിലെ വിദ്യാര്‍ഥിപങ്കാളിത്തം എന്നിവ ഇതില്‍ ചിലത്. പേര്‍ഷ്യ, തുര്‍ക്കി എന്നീ പൌരസ്ത്യരാജ്യങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ അലകും പിടിയും വിദ്യാര്‍ഥികളുടെ കൈയിലായിരുന്നു. ക്യൂബന്‍ വിപ്ളവത്തെ അഗാധമായി സ്വാധീനിച്ച ഹവാന സര്‍വകലാശാല, ലാറ്റിനമേരിക്കന്‍ വിമോചന പോരാട്ടങ്ങളില്‍ ഉറഞ്ഞുകൂടിയ വിദ്യാര്‍ഥികളുടെ ചോര, എഴുപതുകളില്‍ പഴയ സിലോണിലെ ജനതാവിമുക്തി പേരമുനയുടെ സമരം, സമകാലത്തെ മുല്ലപ്പൂവിപ്ളവത്തില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥിക്കൂട്ടം, അപ്പാര്‍ത്തീഡിനെതിരെ പൊരുതിയ ഇരുണ്ട ഭൂഖണ്ഡങ്ങളിലെ വിദ്യാര്‍ഥിസമരങ്ങള്‍... ഇനിയുമിനിയും എത്ര വേണമെങ്കിലുമുണ്ട് പറയാന്‍. 
ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനുമുമ്പ് 1830-40കളില്‍തന്നെ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ വിദ്യാര്‍ഥിസമൂഹത്തിന്റെ കൂട്ടംചേരലും സംഘടന രൂപീകരിക്കലും നടന്നതിന് തെളിവുകളുണ്ട്. 1905ലെ ബംഗാള്‍ വിഭജനം നമ്മുടെ സ്വാതന്ത്യ്രസമരത്തിലും നിര്‍ണായക വഴിത്തിരിവുണ്ടാക്കി. വൈദേശിക ആധിപത്യത്തിനെതിരെ ഈ സംഭവം വിദ്യാര്‍ഥികളുടെ ഇടയില്‍ ദേശീയബോധത്തിന്റെ വിത്തുകള്‍ ആഴത്തില്‍ പാകി.
ദേശീയാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചെറിയ അലകള്‍ പെരുകിപ്പെരുകിയാണ് വലിയ അലയായ ഏകീകൃത വിദ്യാര്‍ഥിസംഘടന എഐഎസ്എഫ് 1936ല്‍ ഉണ്ടാകുന്നത്. കോളനി വിദ്യാഭ്യാസത്തിനെതിരെ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജനാധിപത്യഅവകാശങ്ങള്‍ക്കുവേണ്ടി, വിദ്യാലയങ്ങളിലെ പ്രാഥമികസൌകര്യങ്ങള്‍, പരീക്ഷാസമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും 50 ശതമാനം വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്നതിനെതിരെയും സാമ്രാജ്യത്വം നശിക്കട്ടെ എന്ന പൊതുമുദ്രാവാക്യം ഉയര്‍ത്തിയും ഈ സംഘടന നടത്തിയ സമരത്തിന്റെ, അസംഖ്യം പ്രക്ഷോഭങ്ങളുടെ ആകത്തുകയാണ് പിന്നീടുള്ള സ്വാതന്ത്യ്രസമരകാലത്തെ വിദ്യാര്‍ഥിപങ്കാളിത്തം. ഇക്കാലയളവിലാണ് ഭഗത്സിങ്ങിനെ വിട്ടയക്കുന്നതിനെതിരെ, മീറത്ത് ഗൂഢാലോചന കേസിനെതിരെ, നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചതിനെതിരെ, ഫാസിസത്തിനെതിരെ, റഷ്യന്‍മുന്നേറ്റത്തില്‍ ആകൃഷ്ടരായി ലോക മുതലാളിത്ത കുഴപ്പം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കെതിരെ എത്രയോ സമരനീക്കങ്ങളാണ് അക്കാലത്തുണ്ടായത്. ഇതെല്ലാം രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലുള്ള വിദ്യാര്‍ഥികളുടെ ജൈവപരമായ ഇഴുകിച്ചേരലിന് ഉദാഹരണങ്ങളാണ്.
ഈ സാഹചര്യത്തിനുസമാന്തരമായി 1920കളില്‍തന്നെ കേരളത്തിലും വിദ്യാര്‍ഥിക്കൂട്ടായ്മകളുടെയും സമരങ്ങളുടെയും മുഴക്കങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. 1921 ആഗസ്തില്‍ തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ആരംഭിച്ചു. ശ്രീമൂലവിലാസം സ്കൂളില്‍നിന്നാണ് സമരം തുടങ്ങിയത്. 1922 ആയപ്പോള്‍ മഹാരാജാസ് കോളേജിനെ കേന്ദ്രീകരിച്ചായി സമരം. ദിവാന്‍ രാഘവയ്യരുടെ കുതിരപ്പട്ടാളം കിരാതമായ വേട്ടയാടലാണ് ആ സമരത്തിനെതിരെ നടത്തിയത്. 1938 ജൂലൈയില്‍ തിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ സര്‍. സി പിയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ കെട്ടഴിച്ചുവിട്ട പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താന്‍ കുതിരപ്പട്ടാളത്തെത്തന്നെ രംഗത്തിറക്കി. ഇക്കാലയളവില്‍ മലബാറിലും വിദ്യാര്‍ഥികളുടെ കൂട്ടംചേരല്‍ നടന്നു. അതിന്റെ ഫലമായിട്ടാണ് 1931ല്‍ വടകരയില്‍ നരിമാന്റെ അധ്യക്ഷതയില്‍ വിദ്യാര്‍ഥിസമ്മേളനം നടന്നത്. 1936ല്‍ ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനുണ്ടായി. ഇതേകാലയളവില്‍തന്നെ തലശേരിയില്‍ മലബാര്‍ വിദ്യാര്‍ഥിസമ്മേളനം നടന്നു. ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയ സോളി ബാട്ട്ലിവാലയെ സമ്മേളനസ്ഥലത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥിപ്രകടനത്തിനുനേരെ ലാത്തിച്ചാര്‍ജ് നടന്നു. പിന്നീട് 1938ല്‍ പി സി ശങ്കരനാരായണന്‍ സെക്രട്ടറിയായി മലബാര്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. ഇതേകാലത്ത് തിരുവിതാംകൂറില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസും മലബാര്‍ വിദ്യാര്‍ഥി ഫെഡറേഷനുമുണ്ടായി. 1942ല്‍ പയ്യന്നൂരില്‍ നടന്ന ചിറയ്ക്കല്‍ താലൂക്ക് വിദ്യാര്‍ഥിസമ്മേളനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. 1942 മുതല്‍ വ്യത്യസ്ത രൂപങ്ങളില്‍ എഐഎസ്എഫിന്റെ പ്രവര്‍ത്തനവും അന്നത്തെ കേരള ഭാഗത്ത് നടക്കുകയുണ്ടായി. കേരളത്തില്‍ അന്ന് നടന്നുവന്ന സ്വാതന്ത്യ്രസമരപ്രക്ഷോഭത്തിന്റെയും തൊഴിലാളിവര്‍ഗസമരങ്ങളുടെയും നവോത്ഥാന മുന്നേറ്റത്തിന്റെയും രാഷ്ട്രീയസാഹചര്യങ്ങളുമായി കെട്ടുപിണഞ്ഞാണ് മേല്‍പ്പറഞ്ഞ സംഘടനാരൂപീകരണങ്ങളും വിദ്യാര്‍ഥി സമരങ്ങളും സമ്മേളനങ്ങളും നടന്നത്. എഴുപതുകളുടെ ആരംഭംമുതല്‍ നാളിതുവരെയുള്ള കേരളത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചരിത്രം എസ്എഫ്ഐയുമായി ഇഴചേര്‍ന്നാണ് കിടക്കുന്നത്. ഈ ദീര്‍ഘകാലയളവിനിടയില്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹം സ്വാതന്ത്യ്രത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയും വിദ്യാഭ്യാസപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയും നടത്തിയ പോരാട്ടങ്ങള്‍ എണ്ണമറ്റതാണ്. കേരളത്തിലെ വിദ്യാര്‍ഥികളുടെ ബൌദ്ധികവും നീതിസംബന്ധവുമായ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി എസ്്എഫ്ഐ നടത്തിയ മഹാപോരാട്ടങ്ങളാണ് വിദ്യാര്‍ഥിസമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ അക്കാദമിക് സ്വാതന്ത്യ്രത്തിന്റെയും അടിത്തറയായി തീര്‍ന്നിട്ടുള്ളത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ നിബിഡമായ രാഷ്ട്രീയസത്തയെ നീക്കം ചെയ്തെന്നിരിക്കട്ടെ, ആ ശൂന്യതയിലേക്ക്, അരാഷ്ട്രീയതയുടെ തുരുത്തുകളിലേക്ക് ആത്മവിശ്വാസക്കുറവിന്റെയും മനോരോഗത്തിന്റെയും അണുക്കള്‍ മുളപൊട്ടും. അവിടങ്ങളില്‍ ആത്മഹത്യാമുനമ്പുകളുണ്ടാകും. അവിടെ നന്മ, നീതി തുടങ്ങിയവ അസ്തമിച്ച് ക്വട്ടേഷന്‍ സംഘങ്ങളുടെ വിളനിലമാകും. ലഹരിമരുന്നുകളുടെ പുകപടലംകൊണ്ട് നിറയും. കടുത്ത വര്‍ഗീയതയുടെ വരണ്ടകാറ്റ് വീശും. എല്ലാ സംവാദ മണ്ഡലങ്ങളുടെയും വാതിലുകള്‍ അടയും. വാണിജ്യ വിദ്യാഭ്യാസത്തിന്റെ അഹമ്മതിയിലും സമ്മര്‍ദത്തിലുംപെട്ട് വിദ്യാഭ്യാസ അന്തരീക്ഷം കലുഷമാകും. കാല്‍പ്പനിക രാഷ്ട്രീയംകൊണ്ട് പുറത്തേക്ക് തുറന്നുവച്ച വിദ്യാര്‍ഥിമനസ്സ് കെട്ടുപോകും.
ഒരു വിദ്യാര്‍ഥി വിദ്യാലയപ്രവേശനസമയത്ത് പഠനവിഷയം തെരഞ്ഞെടുക്കുന്നതിനോടൊപ്പം ഏതെങ്കിലും ഒരു വിദ്യാര്‍ഥിസംഘടനയെ തെരഞ്ഞെടുക്കുകയല്ല. അവരുടെ വിദ്യാലയജീവിതത്തിനിടയില്‍ ലോകത്തും നമ്മുടെ രാജ്യത്തും അവന്റെ മേഖലയില്‍ ഉണ്ടാകുന്ന രാഷ്ട്രീയ കാലാവസ്ഥയിലേക്ക് നിശ്ചയമായും അവന്‍ കണ്ണ് പായിക്കും. സാമൂഹ്യജീവിതത്തിലെ അരുതായ്കകള്‍, അസമത്വം, കലുഷമായ കാലാവസ്ഥ, അവന്റെ വിദ്യാഭ്യാസ പരിസരത്തും ഉണ്ടാകുന്ന പ്രതിസന്ധികള്‍, ഇതിലേക്ക് സ്വാഭാവികമായും അവന്റെ കണ്ണും മനസ്സും തുറക്കുകതന്നെ ചെയ്യും. അതിന്റെ കാരണം അന്വേഷിക്കും. ആ തിരിച്ചറിവില്‍നിന്ന് ഈ സന്ദിഗ്ധതകളുടെ പരിഹാരം അന്വേഷിക്കുന്നതിനിടയില്‍ അവന്‍ ഒരു വിദ്യാര്‍ഥിസംഘടനയെയും അവന്റെ രാഷ്ട്രീയത്തെയും സ്വാഭാവികമായി കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു വിദ്യാര്‍ഥിയുടെ വ്യക്തിസത്തയില്‍നിന്ന് സംഘസത്തയിലേക്കുള്ള നിരന്തരപ്രയാണമാണ്. അത് ജൈവപരമായ ഒരു അന്വേഷണവും കണ്ടെത്തലുമാണ്. അങ്ങനെ കണ്ടെത്തുന്ന രാഷ്ട്രീയത്തെ ഏത്നിയമത്തിന് എങ്ങനെ മുറിച്ചുമാറ്റാനാകും. പരമസ്വതന്ത്രമായ രാഷ്ട്രീയവിചിന്തനം എത്തിച്ചേരുന്നത് നിശ്ചയമായും ഒരു പക്ഷത്തേക്കായിരിക്കും. അത് ശരിയുടേതാകണം. ചരിത്രപരവും വൈരുധ്യാത്മകവുമായ ഇടപെടല്‍വഴി തുറന്ന സംവാദത്തിന്റെ പ്രദേശങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയിലുണ്ടാകണം. വിദ്യാര്‍ഥിസാമാന്യത്തിന്റെ സ്വാതന്ത്യ്രവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് തടയാന്‍ നിയമത്തിന്റെ പ്രതിരോധങ്ങള്‍ മതിയാകില്ല 
അഡ്വ. പി കെ ഹരികുമാര്‍
Deshabhimani

റാഫേല്‍ അഴിമതിയിലെ മോഡി-കോര്‍പറേറ്റ് ബന്ധം

     മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന റാഫേല്‍ വിമാന ഇടപാടെന്ന വന്‍ അഴിമതിയുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. താന്‍ അഴിമതി നടത്തുകയില്ല, ആരെയും അഴിമതി നടത്താന്‍ അനുവദിക്കുകയുമില്ല എന്ന് ആണയിട്ടുകൊണ്ട് അധികാരമേറിയ മോഡിസര്‍ക്കാരാണ് ഈ വന്‍ കുംഭകോണത്തിന്റെ നടുവിലുള്ളത്. സര്‍ക്കാര്‍- കോര്‍പറേറ്റ് കൂട്ടുകെട്ടില്‍നിന്നാണ് ഈ അഴിമതിയുടെയും ഉല്‍പ്പത്തിയെന്ന് കാണാം. ഫ്രഞ്ച് കമ്പനിയായ ദാസ്സൂദ് ഏവിയേഷന്റേതാണ് റാഫേല്‍ വിമാനങ്ങള്‍. രണ്ട് എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമാണിത്. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങള്‍ക്കുണ്ട്. വിദേശത്തുനിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007ലാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ഏഴ് സ്ക്വാഡ്രണ്‍ അഥവാ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. ഒടുവില്‍ ഫ്രാന്‍സിലെ ദാസ്സൂദ് റാഫേലുമായി 2012ലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്്. ഇതനുസരിച്ച് 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ചുനല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗളൂരുവിലെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചുനല്‍കും. വിമാനനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. അന്ന് 10.2 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഏകദേശം 54,000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാര്‍ച്ചില്‍ ദാസ്സൂദും എച്ച്എഎല്ലും വര്‍ക് ഷെയര്‍ കരാറും ഒപ്പിട്ടു.
     മോഡിസര്‍ക്കാര്‍ അധികാരമേറി ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് കരാര്‍ തകിടംമറിഞ്ഞത്. 2015 ഏപ്രില്‍ പത്തിനാണ് മോഡി പാരീസ് സന്ദര്‍ശിച്ചത്. മുന്‍ കരാറിനുപകരം പുതിയ കരാര്‍ എത്തിയെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് ദാസ്സൂദ് കമ്പനി 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കും. എന്നാല്‍, മുന്‍ കരാറിലുണ്ടായിരുന്ന സാങ്കേതികവിദ്യാ കൈമാറ്റം പുതിയ കരാറില്‍ ഇല്ല. 59,000 കോടി രൂപയുടേതാണ് കരാര്‍. 28 സിംഗിള്‍ സീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ദാസ്സൂദ് പൂര്‍ണമായും നിര്‍മിച്ചുനല്‍കുക. 2016 സെപ്തംബര്‍ 23ന് പുതിയ കരാര്‍ ഒപ്പുവച്ചു. കൃത്യം പത്തുദിവസത്തിനുശേഷം ദാസ്സൂദ് ഏവിയേഷന്‍സും റിലയന്‍സ് എയ്റോസ്പേസും ചേര്‍ന്ന് സംയുക്തസംരംഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച് കരാര്‍ തുകയുടെ പകുതിയോളം നിര്‍മാണപ്രവൃത്തികള്‍ (30,000 കോടി രൂപ വരുന്ന തുകയുടെ) ഈ സംയുക്തസംരംഭമാണ് ഏറ്റെടുത്ത് നടത്തുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എന്‍ജിന്‍ തുടങ്ങിയവയായിരിക്കും നിര്‍മിക്കുക. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു പുതിയ കരാര്‍.
      കരാറിനെ ന്യായീകരിക്കാനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മുന്നോട്ടുവയ്ക്കുന്ന ഓരോ ന്യായവാദവും ഖണ്ഡിക്കപ്പെടുകയാണ്. ഒന്നാമതായി, വ്യോമസേനയുടെ അത്യാവശ്യം പരിഗണിച്ചാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് മുപ്പത്താറായി പെട്ടെന്ന് ചുരുക്കുന്നത് വ്യോമസേനയെ ദുര്‍ബലമാക്കുകയല്ലേ ചെയ്യുക? പുതിയ കരാറിനുശേഷവും വ്യോമസേന ആവര്‍ത്തിക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നുതന്നെയാണ്. ഇവരുടെ ആവശ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ 126 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഉറച്ചുനില്‍ക്കുകയായിരുന്നില്ലേ വേണ്ടത്?
     രണ്ടാമതായി, വിമാനത്തിന്റെ വിലയെന്താണെന്ന വിഷയമാണ്.  യുപിഎ കാലത്ത് ഒപ്പിട്ട കരാറിനേക്കാളും കുറഞ്ഞ വിലയ്ക്കാണ്് കരാര്‍ ഒപ്പിട്ടതെന്നാണ് വ്യോമസേന മേധാവി അടുത്തയിടെ അറിയിച്ചത്. ആദ്യം 29,000 കോടിക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി കരാര്‍ തുക 59,000 കോടി രൂപയാക്കി. ഇതോടെയാണ് കരാര്‍ തുക യുപിഎ കാലത്തേക്കാളും 5000 കോടി അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്ന് പുറംലോകം അറിഞ്ഞത്. അതായത്, യുപിഎ കാലത്തെ കരാറനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാറനുസരിച്ച് ഒരു വിമാനത്തിന് 1600 കോടിമുതല്‍ 1700 കോടി രൂപവരെയാണ് വില. ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. ഇത്രയും വലിയ വില നല്‍കുമ്പോഴും വിമാനനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താല്‍ നഷ്ടം ഭീമമാണെന്നര്‍ഥം. 
     സര്‍ക്കാര്‍ ഖജനാവിന് ഇത്രയും വലിയ നഷ്ടമുണ്ടാക്കുന്ന ഈ കരാറിലെത്താന്‍ മോഡിക്ക് പ്രചോദനമായത് എന്താണ്? അത് മനസ്സിലാക്കണമെങ്കില്‍ മോഡിയുടെ ഫ്രഞ്ച് സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ പട്ടികകൂടി പരിശോധിക്കണം. അതില്‍ ഒന്നാമത് അനില്‍ അംബാനിയാണ്. റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന്റെ ഉടമ. പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം തുടങ്ങിയ വേളയില്‍ വന്‍ കരാറുകള്‍ ലക്ഷ്യമാക്കി രൂപീകരിച്ച കമ്പനിയാണിത്. ദാസ്സൂദിന്റെ എച്ച്എഎല്ലുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച് തന്റെ കമ്പനിയുമായി ഇടപാടുണ്ടാക്കുന്നതിന് ചരടുവലിക്കുന്നതിനാണ് അനില്‍ അംബാനി മോഡിയുമൊത്ത് പാരീസിലെത്തിയത്. ദാസ്സൂദുമായും ഈ ഘട്ടത്തില്‍ അനില്‍ അംബാനി ചര്‍ച്ച നടത്തിയിരുന്നു. പൊതുമേഖലയെ ഇകഴ്ത്തി സ്വകാര്യമേഖലയെ വാഴ്ത്തുക എന്നതാണ് മോഡിയുടെ രാഷ്ട്രീയമെന്നര്‍ഥം. പൊതുമേഖലയ്ക്ക് കഴിവില്ലാത്തതുകൊണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നുവെന്നാണ് ന്യായീകരണം. വിമാനനിര്‍മാണമേഖലയില്‍ 70 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എഎല്‍. തേജസ് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുതന്നെ എച്ച്എഎല്ലിന്റെ കഴിവിനുള്ള തെളിവാണ്. ഇതെല്ലാം മോഡി ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു. 
    അടുത്തയിടെമാത്രം പൊട്ടിമുളച്ച എയ്റോസ്പേസ് രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിയേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയും മുന്‍പരിചയവുമുള്ള കമ്പനിയാണ് എച്ച്എഎല്‍. ദേശസ്നേഹത്തെക്കുറിച്ചും മേയ്ക് ഇന്‍ ഇന്ത്യയെക്കുറിച്ചും ആവര്‍ത്തിച്ചുപറയുന്ന മോഡിയാണ് ഈ വിദേശകമ്പനികളുടെ ഇംഗിതത്തിനുമുന്നില്‍ തലകുനിക്കുന്നത്. അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നത്