Wednesday, 31 October 2012


  • ഇവിടെ രാഷ്ട്രീയം പറയാം 
  • ഇവിടെ രാഷ്ട്രീയം പറയരുത്! എന്നൊരു ബോര്‍ഡ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പുവരെ നാട്ടിന്‍പുറത്തെ ചായക്കടകളിലും ബാര്‍ബര്‍ഷാപ്പുകളിലും സാധാരണമായിരുന്നു. ഇന്ന് അത് അപ്രത്യക്ഷമായിക്കഴിഞ്ഞു. ബോര്‍ഡ് വച്ച് തടയണമെന്നു തോന്നാത്ത തരത്തില്‍ രാഷ്ട്രീയം പറച്ചില്‍തന്നെ അവസാനിപ്പിച്ചിരിക്കുന്നു എന്നര്‍ഥം. പണ്ടെഴുതിയത് ചിലപ്പോള്‍ മായാതെ എവിടെയെങ്കിലും കിടപ്പുണ്ടാവാം. എങ്കിലും അതിന്റെ ആശയതലം അപ്രസക്തമായിക്കഴിഞ്ഞു. സാധാരണക്കാരായ മനുഷ്യര്‍ നിത്യവൃത്തിക്കായുള്ള ജോലി കഴിഞ്ഞ് കവലകളിലും അങ്ങാടികളിലുമൊക്കെ വൈകുന്നേരം കണ്ടുമുട്ടുമ്പോള്‍, ചായക്കടയിലും ബാര്‍ബര്‍ഷാപ്പുകളിലും മീന്‍ചാപ്പകളിലുംവച്ച് രാഷ്ട്രീയം ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും വാദമുഖങ്ങള്‍ ഉയര്‍ത്തുകയുമൊക്കെ പതിവായിരുന്നു. മറ്റുള്ളവരോട് വാദിച്ചു ജയിക്കാനുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ സ്ഥിരമായി പത്രം വായിക്കുകയും നേതാക്കക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തുപോന്നു. ഓരോ പാര്‍ടിക്കാരും അണികള്‍ക്കുമാത്രം വിശദീകരണം നല്‍കിയാല്‍ പോരാ, എതിരാളി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കെല്‍പ്പുള്ളവരായിരിക്കണം എന്നൊരു അവസ്ഥ അതുകൊണ്ടു വന്നുചേര്‍ന്നു. നേതൃത്വം ചെയ്യുന്ന കാര്യങ്ങള്‍ ഏത് നാട്ടിന്‍പുറത്തുകാരനും ബോധ്യപ്പെടേണ്ടതുണ്ട് എന്ന അവസ്ഥ. അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, വര്‍ഗീയത, ദേശീയതയും ദേശവിരുദ്ധനിലപാടുകളും, മുന്നണിബന്ധങ്ങളിലെ ശുദ്ധിയും അശുദ്ധിയും, സദാചാരമൂല്യങ്ങള്‍ എന്നിവയൊക്കെ ചായക്കടകളിലും തെരുവുകളിലും ചര്‍ച്ചയ്ക്കുവരികയും അതിന്റെ പേരില്‍ വലിയ വാദകോലാഹലങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ചിലപ്പോഴെങ്കിലും തര്‍ക്കങ്ങള്‍ കയ്യാങ്കളിയിലും പൊലീസ് കേസുകളിലും കലാശിച്ചു. ഇതൊക്കെ ചായക്കടയിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയും കടക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ സാക്ഷി പറയേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളാണ്, ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോര്‍ഡിലേയ്ക്കു നയിച്ചത്. അങ്ങനെ ബോര്‍ഡുവച്ച സ്ഥലങ്ങളിലൊക്കെ ആളുകള്‍ പിന്നെയും രാഷ്ട്രീയം പറഞ്ഞുപോന്നു. ചായക്കടകള്‍ ഹോട്ടലുകളും മാളുകളും ഫുഡ്കോര്‍ട്ടുകളാവുകയും അടുക്കളയില്‍നിന്ന് ഒളിച്ചോടാനുള്ള ഒളിസങ്കേതങ്ങളും മൃഗവേട്ടയ്ക്കുള്ള ഇരുട്ടറകളുമായി മാറുകയും ചെയ്തപ്പോള്‍ ഭക്ഷണശാലയില്‍ രാഷ്ട്രീയം പറയുന്ന ശീലംതന്നെ ഇല്ലാതായി. ചായക്കടയില്‍ മാത്രമല്ല ഒരിടത്തും രാഷ്ട്രീയം പറയുന്ന ശീലം ഇപ്പോള്‍ നമുക്കില്ല. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞതരം ബോര്‍ഡുകള്‍ അനാവശ്യമായിക്കഴിഞ്ഞു. രാഷ്ട്രീയം പറയുക എന്ന പ്രയോഗത്തിന്റെ അര്‍ഥംതന്നെ മാറിയിരിക്കുന്നു. ഏകമുഖമായ പറച്ചിലാണ് പലപ്പോഴും രാഷ്ട്രീയത്തില്‍ നടക്കുന്നത്. സംവാദങ്ങള്‍ ടി വി ചാനലുകളില്‍ മാത്രമുള്ള ഏര്‍പ്പാടായി. പറയാനുള്ളവരെ മുന്‍കൂട്ടി തീരുമാനിക്കുന്നതിനാല്‍ ചാനലുമുതലാളി ആഗ്രഹിക്കുന്ന മുന്‍തൂക്കം ആദ്യമേ ഉറപ്പാക്കിയിരിക്കും. രാഷ്ട്രീയം പറയരുത് എന്ന ബോര്‍ഡില്ലാതെതന്നെ രാഷ്ട്രീയ മൗനം പാലിക്കാനുള്ള "വിവേകം" മലയാളിയുടെ മധ്യവര്‍ഗ മനസ് ആര്‍ജിച്ചുകഴിഞ്ഞു എന്നര്‍ഥം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയാനുള്ള ഇടമായി മാറുകയാണ് ഫെയ്സ്ബുക്കും ബ്ലോഗും. കഥയ്ക്കും കവിതയ്ക്കും ഉള്ളതുപോലെ പൊളിറ്റിക്കല്‍ ബ്ലോഗ് എന്ന പേരില്‍ രാഷ്ട്രീയം പറയാന്‍ മാത്രമായി ഒരുകൂട്ടം ബ്ലോഗുകളുണ്ട് നവമാധ്യമങ്ങളില്‍. പത്രക്കാരന്‍, ആര്‍ കെ തിരൂര്‍, വെട്ടാത്തന്‍, നിയമസഭ, പറയാതെവയ്യ, വാര്‍ത്താമലയാളം, സഖാവ്, വാടാമല്ലി, ധലകൃതി തുടങ്ങി പതിനെട്ടു ബ്ലോഗുകളുണ്ട് മലയാളത്തില്‍ രാഷ്ട്രീയം പറയുന്ന ഇടങ്ങളായി. മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ബ്ലോഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ചര്‍ച്ചയ്ക്കുവരുന്നതും രാഷ്ട്രീയകാര്യങ്ങള്‍ തന്നെ. ഗള്‍ഫിലെ അടിമയും മിനി ഗള്‍ഫിലെ ഉടമയും ഈ ലോകവും ഞാനും എന്ന രാഷ്ട്രീയ ബ്ലോഗില്‍ ഈയിടെ വന്ന ഒരു ലേഖനം പ്രവാസിജീവിതത്തെക്കുറിച്ചാണ്. മറുനാട്ടിലുള്ള മലയാളികളുടെ ജീവിതത്തെക്കുറിച്ചുമാത്രമല്ല, കേരളത്തിലെ മറുനാട്ടുകാരുടെ ജീവിത്തെക്കുറിച്ചും അവരോട് മലയാളികളായ ഉടമകളുടെ മനോഭാവത്തെക്കുറിച്ചും വസ്തുനിഷ്ഠമായി വിലയിരുത്തുന്നു ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും എന്ന ലേഖനം. വിദേശങ്ങളില്‍ നരകയാതന സഹിച്ച് നാടിനും വീടിനും വേണ്ടി സ്വജീവിതം മറന്ന പ്രവാസികളുടെ ജീവിതം കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാണ്. പ്രവാസത്തിന്റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ മലയാളിസമൂഹം പക്ഷേ, വിദേശത്തുനിന്നും റബ്ബറില്‍നിന്നും കിട്ടുന്ന അനര്‍ഹമായ സമ്പാദ്യത്തില്‍ വളര്‍ന്ന് ഉപഭോഗസംസ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും പ്രതിരൂപങ്ങളായി മാറുന്നതിന്റെ ചിത്രംകൂടി ഈ പോസ്റ്റില്‍ വായിക്കാം. കുപ്പി തുറന്നുകിട്ടുന്ന അടിമഭൂതങ്ങളാണ് മലയാളികള്‍ക്ക് മറുനാടന്‍ തൊഴിലാളികള്‍. മനുഷ്യരെന്ന പരിഗണനപോലും പലപ്പോഴും മലയാളികള്‍ ഈ മറുനാട്ടുതൊഴിലാളികളോടു കാണിക്കാറില്ല എന്ന അപ്രിയസത്യം വിളിച്ചുപറയാന്‍ ബ്ലോഗുകാരന്‍ ധൈര്യം കാണിക്കുന്നു. അസന്തുഷ്ടരും ചൂഷിതരുമായ ഈ അപരിഷ്കൃത തൊഴിലാളി സമൂഹം നമ്മുടെ നാട്ടില്‍ ഉണ്ടാക്കാവുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും കുറിപ്പ് മുന്നറിയിപ്പു നല്‍കുന്നു. തിരിച്ചറിയല്‍ രേഖകളുടെ അഭാവവും, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇവരെ എത്തിക്കുന്നത് കുറ്റകൃത്യങ്ങളുടെ മേഖലയിലാവും എന്നത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. കേരളീയ പശ്ചാത്തലത്തില്‍ ബംഗാളി എഴുത്തുകാര്‍ ഗദ്ദാമയും ആടുജീവിതവുമൊക്കെ എഴുതുന്ന കാലം വിദൂരമല്ല എന്ന സൂചനയോടെയാണ് ലേഖനം അവസാനിക്കുന്നത്. പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങള്‍ കേരളീയസമൂഹത്തില്‍ വളര്‍ന്നുവരുന്ന അന്ധവിശ്വാസങ്ങളിലേക്കും യുക്തിരാഹിത്യത്തിലേക്കും വിളക്കുകാണിക്കുന്നു മുകളില്‍ക്കൊടുത്ത തലക്കെട്ടില്‍ ബ്ലോഗില്‍ വന്ന പോസ്റ്റ്. ജാതിവ്യവസ്ഥയും അനാചാരങ്ങളും തൊട്ടുതീണ്ടായ്മയുമൊക്കെ കണ്ട് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടുമൊക്കെ നയിച്ച സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങള്‍ ആ ചീത്തപ്പേരു മാറ്റിയെടുക്കാന്‍ ഒട്ടൊന്നുമല്ല യത്നിച്ചത്. അതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ വേരോടിയ തൊഴിലാളിവര്‍ഗരാഷ്ട്രീയവും ഇടതുപക്ഷപ്രസ്ഥാനങ്ങളും യുക്തിബോധവും മാനവികതയും വളര്‍ത്തിയെടുക്കുന്നതില്‍ വലിയൊരളവു വിജയിക്കുകയും ചെയ്തു. പക്ഷേ കേരളം വീണ്ടും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആള്‍ദൈവങ്ങളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തേയും മതത്തേയും നയിക്കുന്ന നവലിബറല്‍നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന് ബ്ലോഗില്‍ ലേഖകന്‍ സമര്‍ഥിക്കുന്നു. രുദ്രാക്ഷമാഹാത്മ്യം എന്ന കഥയിലൂടെ ഇത്തരം അന്ധവിശ്വാസങ്ങളെ കളിയാക്കിയിട്ടുണ്ട് ഹാസ്യസാമ്രാട്ടായ സഞ്ജയന്‍. ഇന്നാകട്ടെ, ആ കഥ വായിച്ചാല്‍പ്പോലും അതിലെ കളിയാക്കല്‍ മനസ്സിലാക്കാതെ രുദ്രാക്ഷം അന്വേഷിച്ചുപോകുന്നവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. പത്ര പരസ്യങ്ങളില്‍ ഭ്രമിച്ച് വലംപിരി ശംഖും ഏലസ്സും രുദ്രാക്ഷവും അത്ഭുതശക്തിയുള്ള തകിടുമൊക്കെ വാങ്ങാന്‍ നെട്ടോട്ടമോടുന്ന മലയാളികളെ എത്രവേണമെങ്കിലും കാണാം. പണം ഇരട്ടിപ്പിക്കാനായാലും നിധിമാന്താനായാലും മണിച്ചെയിനുകളില്‍ കണ്ണിയാവാനായാലും പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. കുളിക്കാത്തവരെന്നും വിദ്യാഭ്യാസമില്ലാത്തവരെന്നും പറഞ്ഞ് നാം അധിക്ഷേപിക്കാറുള്ള അയല്‍സംസ്ഥാനക്കാരെ അപേക്ഷിച്ച് പരിതാപകരമാണ് നമ്മുടെ സ്ഥിതി. ഇത്തരം പത്രപ്പരസ്യങ്ങളില്‍ ഒരുവട്ടമല്ല, പലവട്ടം വീണുകൊടുക്കാന്‍മാത്രം യുക്തിബോധമില്ലാത്തവരാണ് ഭൂരിപക്ഷം മലയാളികളും. ചാത്തന്‍സേവ മുതല്‍ അറബിമാന്ത്രികംവരെ പരസ്യം നല്‍കി ഇരകളെ കാത്തിരിക്കുകയാണ്. ലൈംഗികോത്തേജക മരുന്നുകളുടേതിന് സമാനമാണ് ഈ അത്ഭുതസിദ്ധികളുടെ കാര്യവും. അബദ്ധം പറ്റിയവര്‍ ഒരിക്കലും പുറത്തുപറയില്ല എന്ന് തട്ടിപ്പുകാര്‍ക്ക് നന്നായറിയാം. തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് ആള്‍ദൈവങ്ങളും വ്യാജപ്രവാചകരും എന്നും ബ്ലോഗ് ധൈര്യസമേതം വിളിച്ചുപറയുന്നു. അമൃതാനന്ദമയിയുടെയും സായിബാബയുടെയും പേരില്‍ സപ്ലിമെന്റ് ഇറക്കുകയും മഹാത്മാഗാന്ധിയുടെ പടത്തേക്കാള്‍ വലുപ്പത്തിലും, വര്‍ണത്തിലും ഈ കപടസന്യാസിമാരുടെ ചിത്രം മുന്‍പേജില്‍ അച്ചടിക്കുകയും ചെയ്യുന്ന വന്‍കിട പത്രങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ധൈര്യമാണ് ഇത്തരം സ്വതന്ത്ര ബ്ലോഗുകളില്‍ കാണുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനൊപ്പം വാസ്തുശാസ്ത്രവും, വാസ്തുപുരുഷനും തഴച്ചു വളരാന്‍ തുടങ്ങിയിരിക്കുന്നു. കാറ്റും വെളിച്ചവും വെള്ളവും ധാരാളം ലഭിക്കുന്ന സ്ഥലമാണ് വാസ്തുശാസ്ത്രത്തിന്റെ പരിഗണനയ്ക്കു വരുന്നത് എന്നിരിക്കെ, പോസിറ്റീവ് എനര്‍ജിയും കോസ്മിക് കിരണങ്ങളുമൊക്കെ അതില്‍ കുടിയേറ്റക്കാരായി എത്തുന്നു. മകരജ്യോതി മനുഷ്യര്‍ കത്തിക്കുന്നതാണ് എന്ന് കത്തിക്കുന്നവര്‍തന്നെ ആണയിട്ടു പറഞ്ഞാലും ശബരിമലയിലേയ്ക്കുള്ള മനുഷ്യപ്രവാഹം അവസാനിക്കുന്നില്ല. സ്വര്‍ണാഭരണ ഭ്രമംതന്നെയാണ് സ്വര്‍ണം വാങ്ങിക്കാന്‍ പറ്റിയ ദിനമായി അക്ഷയതൃതീയ അടയാളപ്പെടുത്തുന്നത്. സത്നാം സിങ്ങും അമ്മേടെ നായമ്മാരും&ൃറൂൗീ; പത്രക്കാരന്‍ എന്ന ബ്ലോഗില്‍ 2012 ആഗസ്റ്റിലാണ്, മുകളില്‍ക്കൊടുത്ത തലവാചകത്തോടെ ഒരു കുറിപ്പു കണ്ടത്. അമൃതാനന്ദമയിയുടെ അടുത്തേയ്ക്ക് ഓടിയടുത്തതിന് പൊലീസിന്റെ പിടിയിലാവുകയും തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍വച്ച് മരണപ്പെടുകയും ചെയ്ത ബിഹാറുകാരനായ ചെറുപ്പക്കാരനെക്കുറിച്ചാണ് കുറിപ്പ്. ""തള്ളയുടെ അനുഗ്രഹവും പൂത്തകാശും കൈനീട്ടിവാങ്ങുന്ന മുഖ്യധാരാമാധ്യമച്ചെറ്റകള്‍ക്ക് ഇതൊരു പ്രധാനവാര്‍ത്തയായില്ല എന്നതും സ്വാഭാവികം. ദിവസങ്ങള്‍ നീളുന്ന ചാനല്‍ചര്‍ച്ചകള്‍ ഉണ്ടായില്ല. കാരണം സത്നാം ഒരു രാഷ്ട്രീയനേതാവല്ല...."" എന്നു തുടങ്ങി ഒരു സമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന ധാര്‍മ്മികരോഷം കടുത്തഭാഷയില്‍ ഒറ്റയ്ക്കു പ്രകടിപ്പിക്കുകയാണ് കുറിപ്പ്. വിളക്കിനടിയിലെ ഇരുട്ട് കേരളത്തിലെ 54 മാധ്യമപ്രവര്‍ത്തകര്‍ വീടു നിര്‍മാണ വായ്പ കുടിശ്ശികയാക്കിയതിനെക്കുറിച്ചാണ് ബ്ലോഗിലെ മറ്റൊരു പോസ്റ്റ്. ഈ അന്‍പത്തിനാലുപേര്‍ ചേര്‍ന്ന് പൊതു ഖജനാവില്‍നിന്നു തട്ടിയെടുത്തത് 19.37 കോടി രൂപ. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒളിക്യാമറവച്ച് കൈക്കൂലിയും കോഴയും ഹോട്ട് ന്യൂസായി ജനങ്ങളെ അറിയിക്കുകയും ജനവികാരം വിറ്റുകാശുണ്ടാക്കാന്‍ മാധ്യമമുതലാളികളെ സഹായിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന നെറികേടിനെക്കുറിച്ചാണ് ബ്ലോഗിലെ കുറിപ്പ്. വാര്‍ത്ത വെളിച്ചത്തുകൊണ്ടുവന്നത് ഒരു പത്രം തന്നെയാണ്, സണ്‍ഡേ എക്സ്പ്രസ്സ്. പതിനായിരമോ ഇരുപതിനായിരമോ കടംവാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാത്ത പാവപ്പെട്ട കര്‍ഷകരെ ജപ്തിനോട്ടീസയച്ച് ആത്മഹത്യയിലേക്ക് തള്ളിയിടുന്ന നാടാണിത്. ഇതു വാര്‍ത്തയാക്കി ആഘോഷിക്കുന്ന മാധ്യമപ്രവര്‍ത്തകരോട്, ഈ കര്‍ഷകന്റെ നികുതിപ്പണംകൂടി ഉള്‍പ്പെട്ടതാണ് നിങ്ങള്‍ തിരിച്ചടയ്ക്കാത്ത പത്തൊമ്പതുകോടി മുപ്പത്തിയേഴുലക്ഷം രൂപ എന്ന് ഓര്‍മിപ്പിക്കുന്നു ബ്ലോഗ്. കൊടപ്പനയില്‍ പൊലീസ് കേറുമോ? ഒക്ടോബറില്‍ ബ്ലോഗില്‍വന്ന ഒരു പോസ്റ്റിന്റെ തലവാചകം, കൊടപ്പനയില്‍ പൊലീസ് കേറുമോ? എന്നാണ്. പൂരത്തിന് കൊണ്ടുവന്ന ആനയ്ക്ക് പട്ടകിട്ടാത്തതുകാരണം പൊലീസുകാരന്‍ പനയില്‍ക്കയറുന്ന കാര്യമാണ് പറയാന്‍ പോകുന്നത് എന്നാണ് പെട്ടെന്ന് തോന്നുക. എന്നാല്‍ ഇത് സംഗതി വേറെയാണ്. ലീഗിന്റെ ആത്മീയനേതാക്കള്‍ വാണരുളുന്ന സാക്ഷാല്‍ കൊടപ്പനക്കല്‍ തറവാട്ടിലേയ്ക്ക് ഭൂമി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ പൊലീസ് കയറുമോ എന്നാണ് ചോദ്യം. ചോദ്യം ന്യായമാണുതാനും. ഇന്ത്യന്‍ ഭരണഘടന ഉണ്ടായകാലംമുതല്‍ പറഞ്ഞുപോരുന്ന കാര്യമാണ് എല്ലാ പൗരന്മാരും നിയമത്തിനുമുന്നില്‍ തുല്യരാണ് എന്ന്. എന്നാല്‍, മതാചാര്യന്മാരും ആത്മീയനേതാക്കന്മാരും സന്യാസിമാരും ബിഷപ്പുമാരും തങ്ങന്മാരുമൊന്നും നിയമത്തിനുമുന്നില്‍ സമപ്പെടാന്‍ നിന്നുകൊടുക്കുന്നവരല്ലെന്ന് പത്തറുപതുകൊല്ലമായി നാം കണ്ടും കൊണ്ടും അറിഞ്ഞ കാര്യമാണ്. പൊതുവെ മതാചാര്യന്മാരും രാഷ്ട്രീയ നേതാക്കളും തമ്മില്‍ തോര്‍ത്തുമുണ്ടിന്റെ അകലമെങ്കിലും പുലര്‍ത്തിപ്പോരുന്നുണ്ട്. എന്നാല്‍ മുസ്ലിംലീഗിന്റെ കാര്യത്തില്‍ അതുപോലുമില്ല. അവിടെ ആത്മീയാചാര്യനായ സാക്ഷാല്‍ പാണക്കാട്ടു തങ്ങള്‍തന്നെയാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റും. ഏത് അഴിമതി അന്വേഷിക്കാനായാലും, കൊടപ്പനയില്‍ കയറാന്‍ പൊലീസിനു ധൈര്യം കാണുമോ എന്ന ചോദ്യം തികച്ചും ന്യായം. മറ്റു രാഷ്ട്രീയപ്പാര്‍ടികള്‍ക്കും ഈ മാതൃക പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. ബിഷപ്പുമാരെയോ, മെത്രാന്മാരെയോ, അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെയോ ഒക്കെ പാര്‍ടിപ്രസിഡന്റുമാരാക്കിയാല്‍ പൊലീസിനെയും അന്വേഷണത്തെയും പേടിക്കാതെ കഴിയാം. ആത്മീയ കാര്യങ്ങളില്‍ രാഷ്ട്രീയത്തിനും അതിന്റെ അധികാരഘടനയ്ക്കും ഇടപെടാന്‍ കഴിയില്ലല്ലോ. ആത്മാവിനെ എങ്ങനെയാണ് ജയിലിലടയ്ക്കുക. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി കയ്യേറാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് കുറിപ്പ് വിശദീകരിക്കുന്നത്. നാട്ടിലെ പല തര്‍ക്കങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുന്ന മിനി കോടതികൂടിയാണ് കൊടപ്പനക്കല്‍. ആ കേന്ദ്രത്തിന്റെ നേതാവിനെക്കുറിച്ചുതന്നെ വിജിലന്‍സ് അന്വേഷണം വന്നതിനെക്കുറിച്ച് തമാശരൂപത്തിലെങ്കിലും ശക്തമായി പ്രതികരിക്കുന്ന മറ്റൊരു തലവാചകമാണ് -ഒടുക്കം കട്ടക്കും പണി കിട്ടി- എന്നത്. ലീഗ് അധ്യക്ഷന്‍, സര്‍വകലാശാലാ പ്രോ-ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ്, പഞ്ചായത്ത് സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീര്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയപാതയ്ക്കടുത്തുള്ള, കോടികള്‍ വിലമതിക്കുന്ന ഭൂമി, ചില കടലാസ് സംഘടനകളുടെ പേരില്‍ കൈക്കലാക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഹൈദരാലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കലിക്കറ്റ് ഡിസ്ട്രിക്ട് ഒളിമ്പിക്സ് അസോസിയേഷന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ ബാഡ്മിന്റണ്‍ ഡവലപ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയുടെ പേരില്‍ ഭൂമി പതിച്ചുനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയും, സംഗതി വിവാദമായതിനെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തിരുന്നല്ലോ. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു അന്വേഷണവും വിവാദവുമില്ലാതെ നടന്നുകിട്ടിയ മറ്റൊരു ഭൂമിദാനമുണ്ട്. കലിക്കറ്റ് സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി എന്‍സിസിക്ക് കൈമാറാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം. മറ്റൊരു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഒത്താശപ്രകാരമാണ് ഈ ഭൂമിദാനം നടന്നത്. എന്‍സിസിയല്ലേ, സ്വകാര്യവ്യക്തികളല്ലല്ലോ എന്നൊക്കെ ന്യായം പറയാം. എന്‍സിസി അല്ല പട്ടാളമായാലും പണമില്ലാത്ത കൂട്ടരല്ലല്ലോ? അത്യാവശ്യമാണെങ്കില്‍ ഭൂമി പണംകൊടുത്തു വാങ്ങണം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ നൂറുകണക്കിനുണ്ട്. അവക്കൊക്കെ സൗജന്യമായി ഭൂമി പതിച്ചുകൊടുക്കാനുള്ള ചുമതല സിന്‍ഡിക്കേറ്റിനെ ആരും ഏല്‍പ്പിച്ചിട്ടില്ലല്ലോ. നൂറുകണക്കിന് കുടുംബങ്ങളെ, സ്വന്തം മണ്ണില്‍നിന്ന് പുറന്തള്ളിയശേഷം ഏറ്റെടുത്തതാണ് സര്‍വകലാശാലയുടെ കൈയിലുള്ള ഭൂസ്വത്ത്. പല കുടുംബങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ കണ്ണിയാണ് നഷ്ടമായത്. കളരിയും ചുടലയും സര്‍പ്പക്കാടും തോട്ടവും വിളയും കുളവും വയലുമൊക്കെ ഇങ്ങനെ നഷ്ടപ്പെട്ടതില്‍ പെടും. വിദ്യാഭ്യാസസ്ഥാപനം ആരംഭിക്കാനാണ് എന്ന് പറഞ്ഞും, സര്‍ക്കാറിന്റെ അധികാരം എന്ന അപ്രമാദിത്വം ഉപയോഗിച്ചുമാണ് ഇക്കണ്ട ഭൂമി മുഴുവന്‍ ഏറ്റെടുത്തത്. നിരവധി വര്‍ഷങ്ങളിലൂടെ അനന്തര തലമുറകള്‍ക്ക് ഉപകാരപ്പെടുന്ന മട്ടില്‍ നിലനില്‍ക്കേണ്ട സ്ഥാപനമാണ് സര്‍വകലാശാല. അത്തരം സ്ഥാപനത്തിന്റെ ഭൂസ്വത്ത് ക്ഷേത്രഭൂമിപോലെയോ ആരാധനാലയങ്ങളുടെ സ്വത്തുപോലെയോ സംരക്ഷിക്കേണ്ടതാണ്. ആ ഭൂമിയെ പുഷ്ടിപ്പെടുത്തുകയോ സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയോ അല്ലാതെ കൈമാറ്റംചെയ്യാന്‍ ആര്‍ക്കാണ് അധികാരം? ആരുടെയെങ്കിലും കൈയും കാലും പിടിച്ച് നാലോ അഞ്ചോ വര്‍ഷം ഭരിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന വൈസ് ചാന്‍സലര്‍ക്കോ, സിന്‍ഡിക്കേറ്റിലെയും സെനറ്റിലെയും അംഗങ്ങള്‍ക്കോ (നോമിനേറ്റ് ചെയ്യപ്പെടുന്നവരായാലും തെരഞ്ഞെടുക്കപ്പെടുന്നവരായാലും) ഈ ഭൂമി സ്ഥിരമായോ ദീര്‍ഘ കാല പാട്ടത്തിനോ ക്രയവിക്രയം ചെയ്യാന്‍ അധികാരമുണ്ടാകരുത്. അത്തരം നിയമം നിലവിലുണ്ടെങ്കില്‍ തിരുത്തണം. ഭരണകൂടവും കൊള്ളസംഘവും ഭരണകൂടവും കൊള്ളസംഘവും തമ്മില്‍ നേരിയ വ്യത്യാസമേ ഉള്ളൂ. ആദ്യം പറഞ്ഞവര്‍ അക്രമം നടത്തുന്നതും പണം പിരിക്കുന്നതും ഭൂമി കയ്യേറുന്നതും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയാണ്. രണ്ടാമത്തെ കൂട്ടരാകട്ടെ, സ്വന്തം ആവശ്യത്തിനുവേണ്ടിയും. സര്‍വകലാശാലാഭൂമിയുടെ കാര്യത്തില്‍ മാത്രമല്ല വനഭൂമിയടക്കം എല്ലാ പൊതുഭൂമികളുടെയും കാര്യത്തില്‍ ഭരണാധികാരികളുടെ അമിതാധികാരം പരിമിതപ്പെടുത്തുന്ന നിയമനം അത്യാവശ്യമാണ്. ആവശ്യമുള്ളതിലും എത്രയോ ഇരട്ടി ഭൂമി വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറ്റെടുക്കുകയും അതിന്റെ സിംഹഭാഗവും സ്വകാര്യ മുതലാളിമാര്‍ക്ക് പാട്ടത്തിനെന്ന പേരില്‍ എന്നെന്നേയ്ക്കുമായി ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പാവങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് ധനികര്‍ക്ക് നല്‍കുന്ന കൊള്ളക്കാരും, മന്ത്രിമാര്‍ ആ കൊള്ളസംഘ തലവന്മാരുമായി അധഃപതിക്കുന്നു. ഈ സത്യം തിരിച്ചറിയുമ്പോള്‍ സാധാരണക്കാര്‍ക്ക് ഭരണത്തിലും നീതിന്യായവ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്താല്‍ അവരെ ഒരു ധാര്‍മികതയ്ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിന്റെ മണ്ണ് ഏറെക്കഴിയുംമുമ്പ് വിരലിലെണ്ണാവുന്ന ജന്മിമാരുടെ കൈകളില്‍ ഒതുങ്ങും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. മുസ്ലിംലീഗ് കയ്യേറുന്നു എന്നു പറഞ്ഞാല്‍ അപ്പോ തൊടങ്ങും മുസ്ലിം സമുദായം അനധികൃതമായി ഒന്നും കയ്യേറിയിട്ടില്ല എന്നു മറുപടി. ഈ അസുഖത്തിന് എന്താണ് മരുന്ന്? മുസ്ലിംലീഗും മുസ്ലിമും തമ്മില്‍ നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്നാണ് മതത്തിന്റെ പേരില്‍ ലീഗ് കളിക്കുന്ന രാഷ്ട്രീയക്കളികളെ തിരിച്ചറിയുകയും കളിയാക്കുകയും ചെയ്യുന്ന ബ്ലോഗുകള്‍ വ്യക്തമാക്കുന്നത്. 15 കോടിയും കൈകഴുകാനുള്ള വെള്ളവും അശ്വത്ഥാമാ ഹത കുഞ്ജര...&ൃറൂൗീ; എന്ന് കുരുക്ഷേത്രയുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ കളവുപറഞ്ഞ ധര്‍മപുത്രരെപ്പോലെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും മൗനസമ്മതം നല്‍കുകയും ചെയ്യുന്നതിന്റെ വിശദീകരണങ്ങളാണ് കാക്കര എന്ന തൂലികാനാമത്തില്‍ ഒരു സുഹൃത്ത് രാഷ്ട്രീയ ബ്ലോഗില്‍ കൊടുത്ത പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. 2012 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പിന് പേരുകൊടുത്തിരിക്കുന്നത് 15 കോടിയും കൈകഴുകാനുള്ള വെള്ളവും എന്നാണ്. പ്രതിരോധമന്ത്രാലയത്തിലെ അഴിമതിശ്രമം ഒരു വര്‍ഷം മുമ്പേ ജനറല്‍ വി കെ സിങ്ങ് പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിരുന്നു. രണ്ടുപേരും നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ഇരുവരും നടപടി എടുത്തില്ലെന്നുമാത്രമല്ല കൈകഴുകാനുള്ള വെള്ളം എടുത്തുവയ്ക്കുകയും ചെയ്തിരിക്കുന്നു എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഞാന്‍ മന്ത്രിയെ അറിയിച്ചു എന്ന് വി കെ സിങ്. രേഖാമൂലം പരാതിനല്‍കിയില്ല, ഒരുവര്‍ഷക്കാലം മൂടിവച്ചു, നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയാണ് ആന്റണിയുടെ കൈകഴുകല്‍. പരാതി രേഖാമൂലം വേണമെന്ന് ആന്റണിക്ക് ആവശ്യപ്പെടാമായിരുന്നു. തുടര്‍നടപടിയെപ്പറ്റിയും അന്വേഷിക്കാമായിരുന്നു. ഒന്നും സംഭവിച്ചില്ല. പ്രായവിവാദത്തില്‍ കേന്ദ്രസര്‍ക്കാറും കോടതിയും വി കെ സിങ്ങിന്റെ വാദങ്ങള്‍ തള്ളിയതിനുശേഷമാണ് അദ്ദേഹം അഴിമതിയെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നത്. അഴിമതിശ്രമത്തിന് വിധേയനായ ഒരു വ്യക്തി, അതും ഉന്നത സ്ഥാനം വഹിക്കുകയും ഇന്ത്യയുടെ സുരക്ഷാചുമതല നിര്‍വഹിക്കുകയും ചെയ്യുന്ന ഓഫീസര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമായിരുന്നു. ഒരു സ്വകാര്യം പറയുന്ന തലത്തില്‍ അഴിമതിയെക്കണ്ട വി കെ സിങ്ങും, ഞാനായിട്ട് കുത്തിപ്പൊക്കി കേന്ദ്രസര്‍ക്കാറിനും വി കെ സിങ്ങിനും തനിക്കുതന്നെയും പണിയുണ്ടാക്കേണ്ട എന്നുകരുതിയ ആന്റണിയും ഒരുപോലെ കുറ്റക്കാരാണ് എന്ന ശരിയായ നിലപാടാണ് ബ്ലോഗ് മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ നാട്ടിലെ പല അഴിമതിക്കഥകള്‍ക്കും ജനങ്ങള്‍ക്കുമുമ്പില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നത് ഈയൊരു കൈകഴുകല്‍ സമീപനംകൊണ്ടാണ്. മറ്റുള്ളവരുടെ അഴിമതിക്കഥകളെ തനിക്ക് ആവശ്യമുള്ളപ്പോള്‍ തുറന്നുവിടാന്‍ പാകത്തിലുള്ള ഭൂതമായി കുപ്പിയില്‍ അടച്ചുവയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. നല്ലകാലംമുഴുവന്‍ അഴിമതിക്കു കൂട്ടുനില്‍ക്കുകയും പങ്കുപറ്റുകയും ചെയ്തതിനുശേഷം, കിട്ടുന്ന പങ്കില്‍ കുറവു വരികയോ കൂടുതല്‍ ലാഭമുള്ള മറ്റെന്തെങ്കിലും ഏര്‍പ്പാടുതുടങ്ങുകയോ ചെയ്യുമ്പോള്‍ നല്ലപിള്ള ചമയുന്നവരാണ് ഇത്തരം കഥകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന മിക്കവരും. മാപ്പുസാക്ഷിയായി ശിക്ഷയില്‍നിന്നു രക്ഷപ്പെടാം എന്ന കവചംകൂടിയുള്ളപ്പോള്‍ ഒന്നും പേടിക്കാനുമില്ല. ചുരുക്കത്തില്‍, പെന്‍ഷന്‍പറ്റിയ ഉദ്യോഗസ്ഥരുടെ സര്‍വീസ് സ്റ്റോറിപോലെയാകുന്നുണ്ട് അഴിമതിയെക്കുറിച്ചുള്ള പല ധര്‍മിഷ്ഠരുടെയും വെളിപ്പെടുത്തലുകള്‍.
  • എം എം സചീന്ദ്രന്‍, ദേശാഭിമാനി  വാരിക

  • മാലിന്യ സംസ്കരണ പ്രതിസന്ധി യുഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടി 
  • അടിയ്ക്കടിയുണ്ടായ പ്ലേഗ് എന്ന മഹാമാരി കാരണം ജനസംഖ്യയിലെ മൂന്നിലൊന്നോളം പേര്‍ മരിച്ചുവീണ കൊടിയ ദുരന്തത്തെക്കുറിച്ച് ലണ്ടന്‍ നിവാസികള്‍ ഇന്നും ഉള്‍ക്കിടിലത്തോടുകൂടിയാണ് ഓര്‍ക്കുന്നത്. മറ്റ് രാജ്യങ്ങളിലും പ്ലേഗ് ദുരന്തം വിതച്ചിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ ഈ അടുത്ത കാലത്ത് സൂറത്തില്‍ ഉണ്ടായ കൂട്ടമരണം ഓര്‍ക്കുക. തലസ്ഥാനത്ത് നാനാഭാഗങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യകൂമ്പാരങ്ങളും ഇടയ്ക്കിടെ പെയ്യുന്ന മഴയും അധികൃതരുടെ കുറ്റകരമായ അനാസ്ഥയും ആരോഗ്യരംഗത്തെ വീഴ്ചയും കാണുമ്പോള്‍ ഭീകരമായ ആ ദിനങ്ങളെക്കുറിച്ച് ഓര്‍ത്തുപോകുന്നതില്‍ അല്‍ഭുതമില്ല.

    തിരുവനന്തപുരത്തു മാത്രമല്ല, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മാലിന്യപ്രശ്നം രൂക്ഷമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും, ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റിെന്‍റ താല്‍ക്കാലിക സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചാണക്യനീക്കം കാരണം തിരുവനന്തപുരത്ത് അത് ഏറ്റവും സങ്കീര്‍ണ്ണമായിത്തീര്‍ന്നിരിക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ, സംയമനത്തോടെ, നിഷ്പക്ഷമായി വിശകലനം ചെയ്ത്, ബന്ധപ്പെട്ടവരോടെല്ലാം ആലോചിച്ച്, സമവായത്തിലെത്തി, ഒരു പരിഹാരം കണ്ടെത്തുന്നതിനുപകരം, കോര്‍പ്പറേഷന്‍ ഭരിക്കുന്ന എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കാനുദ്ദേശിച്ച് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട കുതന്ത്രങ്ങളാണ്, അവരെ ഊരാക്കുടുക്കില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാനുള്ള സൗകര്യവും സംരക്ഷണവും ഏര്‍പ്പെടുത്തണം എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടും, ആ വിധികളെയെല്ലാം കൗശലപൂര്‍വം അട്ടിമറിച്ച്, കപടനാടകമാടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, തലസ്ഥാന നഗരവാസികളെ ദുരന്തത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നത്. ഏതു വീട്ടിലായാലും, വാര്‍ഡിലായാലും, നഗരത്തിലായാലും, മാലിന്യം ഉണ്ടാകും; അതു സംസ്കരിച്ചേ പറ്റൂ. അതിന് എവിടെയെങ്കിലും സ്ഥലം കണ്ടെത്തിയേ പറ്റൂ. എ ക്ലാസ് നഗരങ്ങളിലെല്ലാം സ്വന്തമായി മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ ഉണ്ടാക്കണം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്, മുമ്പ് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിളപ്പില്‍ശാലയില്‍ 12.65 ഏക്കര്‍ സ്ഥലം വാങ്ങി കോര്‍പറേഷനെ ഏല്‍പിച്ചത്.പിന്നീടത് 50 ഏക്കറാക്കി. 15 വര്‍ഷത്തോളം കാലം സ്ഥലം വെറുതെ കിടന്നു. ഒടുവില്‍ 1995ല്‍ കോര്‍പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് സംസ്കരണ ഫാക്ടറി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത്. അതിെന്‍റ ഭാഗമായി ജപ്പാന്‍, ജര്‍മനി, ചൈന തുടങ്ങിയ പല രാജ്യങ്ങളും സന്ദര്‍ശിച്ച് മാലിന്യസംസ്കരണ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഒരു കമ്മിറ്റി നിയോഗിയ്ക്കപ്പെട്ടു.

    വിജയവാഡ നഗരത്തിലെ അജയ്നഗറില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംസ്കരണ ഫാക്ടറിയാണ് ഒടുവില്‍ മോഡലായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ വിളപ്പില്‍ശാലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കോര്‍പ്പറേഷന്‍ പ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം അടങ്ങുന്ന സംഘം വിജയവാഡയിലെ മാലിന്യസംസ്കരണ ഫാക്ടറി സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസ്സിലാക്കി. അങ്ങനെ എല്ലാവരേയും പങ്കെടുപ്പിച്ച്, ബോധ്യപ്പെടുത്തി, അവരുടെയൊക്കെ സമ്മതത്തോടുകൂടിയാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി ആരംഭിച്ചത്. പ്രതിദിനം 30 ടണ്‍ വരെ വളം ഉല്‍പാദിപ്പിച്ച് എഫ്എസിടിയ്ക്ക് നല്‍കാന്‍ ആദ്യവര്‍ഷങ്ങളില്‍ കഴിഞ്ഞിരുന്നു. ഫാക്ടറിയില്‍നിന്ന് പുറത്തേക്ക് പോകുന്ന മലിനജലം സമീപത്തുള്ള അരുവിയിലേക്ക് ഒഴുകി എത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യഥാസമയം വേര്‍തിരിക്കാന്‍ കഴിയാത്തതും ആയിരുന്നു തുടക്കത്തിലെ പ്രശ്നം. എങ്കിലും 12 വര്‍ഷത്തോളംകാലം ഫാക്ടറി സുഗമമായി പ്രവര്‍ത്തിച്ചുവന്നു. വിളപ്പില്‍ശാലക്കാര്‍ക്ക് കുടിവെള്ളം, ആരോഗ്യപരിരക്ഷാ സൗകര്യം, ഗതാഗതസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി കോര്‍പറേഷന്‍ ഇതിനകം 100 കോടിയില്‍ അധികം രൂപ ചെലവഴിച്ചു. ഇതിനിടയില്‍ ഫാക്ടറി സ്ഥാപിച്ച പോബ്സണ്‍, പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചത് പ്രശ്നമായിത്തീര്‍ന്നു. രണ്ടുലക്ഷത്തോളം ടണ്‍ മാലിന്യം കൂമ്പാരമായി കെട്ടിക്കിടന്നു; പ്രവര്‍ത്തനം നിലച്ചു. വിളപ്പില്‍ശാലയില്‍ കോര്‍പ്പറേഷന്‍ സ്ഥലം ഏറ്റെടുത്ത് ഫാക്ടറി സ്ഥാപിക്കുമ്പോള്‍ അതിനുചുറ്റും ജനവാസം കുറവായിരുന്നുവെന്നും ഇപ്പോള്‍ ചുറ്റുവട്ടത്തുള്ള 50 കുടുംബങ്ങളില്‍ 35 പേരും പിന്നീട് വന്നവരാണെന്നും സ്ഥലവാസികള്‍ സമ്മതിക്കുന്നുണ്ട്. ഫാക്ടറിയുടെ സുരക്ഷിതത്വം ബോധ്യപ്പെട്ട്, സ്ഥലം വാങ്ങിച്ച് താമസമാക്കിയവരാണ് അവരെന്ന് കരുതാം. അതെന്തുതന്നെയായാലും അവരുടെ ആരോഗ്യപരമായ ആശങ്കകളും താല്‍പര്യങ്ങളും തികച്ചും ന്യായം തന്നെയാണ്.

    അവ പരിഹരിച്ചേ കഴിയൂ. എന്നാല്‍ അവരുടെ ആശങ്കകളില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ യുഡിഎഫും കോണ്‍ഗ്രസ്സും, കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍, വിളപ്പില്‍ശാല ഫാക്ടറി അടപ്പിച്ചുകൊള്ളാമെന്ന് അവര്‍ക്ക് വാക്ക് നല്‍കിയിട്ടാണ് അവരില്‍നിന്ന് വോട്ട് തട്ടിയത്. അങ്ങനെയാണ് ശക്തന്‍ അവിടെനിന്ന് ജയിച്ച് ഡെപ്യൂട്ടി സ്പീക്കറായത്. ഹൈക്കോടതി - സുപ്രീംകോടതി നിര്‍ദേശങ്ങളെപ്പോലും കാറ്റില്‍പറത്തിക്കൊണ്ട് ശക്തന്‍ ഇപ്പോഴും സമരരംഗത്ത് നില്‍ക്കുന്നത് അതുകൊണ്ടാവാം. അതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ നാടകങ്ങളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിലെ പ്രധാന വില്ലന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ. കോടതിയുടെ നിലപാട് എന്തായാലും, ഫാക്ടറി എന്നന്നേക്കുമായി പൂട്ടിച്ചുകൊള്ളാമെന്ന് പഞ്ചായത്തിന് വാക്കുകൊടുത്തത് അവരാണല്ലോ. വിളപ്പില്‍ശാലയില്‍ത്തന്നെ കൊണ്ടുപോയി ചവര്‍ സംസ്കരിയ്ക്കണമെന്ന നിര്‍ബന്ധം തിരുവനന്തപുരം കോര്‍പറേഷന് ഉണ്ടാവില്ല.എന്നാല്‍ എവിടെയെങ്കിലും, എങ്ങനെയെങ്കിലും അത് സംസ്കരിച്ചേ പറ്റൂ. ഓരോ സ്ഥലത്ത് കൊണ്ടുചെല്ലാന്‍ ഉദ്ദേശിയ്ക്കുമ്പോഴും, ""ഇവിടെ പറ്റില്ല, ഇവിടെ പറ്റില്ല"" എന്ന നിഷേധാത്മകമായ നിലപാട് തദ്ദേശവാസികള്‍ സ്വീകരിക്കുന്നതിനുള്ള മാനസിക കാലാവസ്ഥ ഉണ്ടാക്കിത്തീര്‍ത്തത് യുഡിഎഫ് സര്‍ക്കാര്‍ ആണ്.

    കോടതിയെ ധിക്കരിച്ചും കബളിപ്പിച്ചും കൗശലപൂര്‍വം ആ നിലപാട് നടപ്പാക്കുന്നതും അവരാണ്. മറിച്ച് ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിക്കുന്നതുമില്ല. സംസ്കരണത്തിനുള്ള മറ്റ് ബദല്‍ നടപടികളും നയങ്ങളും ഒന്നും ആലോചിയ്ക്കാതെ, തങ്ങളുടെ രാഷ്ട്രീയ സങ്കുചിത ലക്ഷ്യം നടപ്പാക്കാനുള്ള യുഡിഎഫിെന്‍റ നീക്കമാണ് തലസ്ഥാനഗരിയെ, ഇന്നത്തെ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. അതിന് നഗരവാസികള്‍ കനത്ത വില നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
    ചിന്ത 

  • വന്‍കിട പ്രോജക്ടുകളും ഇടതുപക്ഷവും 
  • വന്‍കിട പ്രോജക്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷം വാദിക്കുന്നു എന്നതാണ് സി. ആര്‍. നീലകണ്ഠനെപ്പോലുള്ളവരുടെ മറ്റൊരു ആക്ഷേപം. നാലുവരി പാത, അതിവേഗ റെയില്‍പ്പാത, വന്‍കിട ഫാക്ടറികള്‍, എഡിബി -ജന്‍റം വന്‍കിട നഗര വികസന പ്രോജക്ടുകള്‍ തുടങ്ങിയ പദ്ധതികളെയാണ് തങ്ങളുടെ ആക്ഷേപം സാധൂകരിക്കാന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ വന്‍കിട വികസനപദ്ധതികളെക്കുറിച്ചുളള സിപിഐ എമ്മിന്റെ സമീപനം പരിശോധിക്കേണ്ടതുണ്ട്.

    വന്‍കിട പ്രോജക്ടുകളുടെ ദോഷവശങ്ങള്‍ ഇവയാണ്. ഒന്ന്, വളരെക്കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. രണ്ട്, വന്‍കിട ഫാക്ടറികള്‍, പ്രത്യേകിച്ച് അവ രാസ - പെട്രോളിയം വ്യവസായങ്ങള്‍ ആകുമ്പോള്‍ വലിയതോതിലുള്ള മലിനീകരണത്തിന് വഴിതെളിക്കും. മൂന്ന്, വന്‍കിട പ്രോജക്ടുകള്‍ക്ക് വലിയതോതിലുള്ള മൂലധന നിക്ഷേപം വേണം. കോര്‍പ്പറേറ്റുകള്‍ക്കേ അതിനുകഴിയൂ. കേരള വികസനത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനം ഉണ്ടായിരിക്കും. അവയ്ക്ക് പ്രത്യേക സംരക്ഷണവും പ്രോത്സാഹനവും നല്‍കുക എന്നത് ഇടതുപക്ഷ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാല്‍ ചെറുത് എവിടേയും സുന്ദരമാകണമെന്നില്ല. ചെറുകിട ഉരുക്കുചൂളകളുടെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഒരു കുതിപ്പ് നേടാന്‍ അന്‍പതുകളില്‍ ചൈന നടത്തിയ പരീക്ഷണം പരാജയപ്പെട്ടത് പ്രസിദ്ധമാണ്. സ്റ്റീല്‍ വ്യവസായത്തില്‍ വലിപ്പമേറുംതോറും കാര്യക്ഷമതയും മത്സരശേഷിയും ഉയരും.

    ചെറുകിട ഉല്‍പാദനത്തിന് പിടിച്ചുനില്‍ക്കാനാകില്ല. സാങ്കേതികവിദ്യയുടേയും ഉത്്പാദനത്തിന്റേയും സ്വഭാവം മൂലം പലമേഖലകളിലും വന്‍കിട ഉത്പാദനം അനിവാര്യമാണ്. എന്നാല്‍ മറ്റുചിലയിടങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ ആവും അഭികാമ്യം. ഉചിതമായത് തെരഞ്ഞെടുക്കുവാന്‍ കഴിയണം. സെസ്, പി സി പി സി ആര്‍, നിംസ് വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മൂലധനത്തിന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കുക എന്നതാണല്ലോ നിയോ ലിബറലിസത്തിന്റെ ആശയം. ഇത് രാജ്യത്ത് ഒട്ടാകെ ഒറ്റയടിക്ക് നടപ്പാക്കാനാവില്ല. അതുകൊണ്ട് പ്രത്യേക മേഖലകള്‍ സൃഷ്ടിച്ച് അവയ്ക്കുള്ളില്‍ തൊഴില്‍ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ഉദാരമായ വ്യവസായ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷം ഈ നയംനടപ്പാക്കുന്നു എന്നുള്ളതാണ് വിമര്‍ശനം. പ്രത്യേക സാമ്പത്തിക മേഖല (സ്പെഷ്യല്‍ എക്കണോമിക് സോണ്‍) അഥവാ സെസ്സിനോടുള്ള നയം സംബന്ധിച്ച രൂക്ഷമായ സംവാദം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി. ഇത്തരം മേഖലകളെ നയപരമായി എതിര്‍ക്കുമ്പോള്‍ തന്നെ പൂര്‍ണ്ണമായി ഇവയെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് ബഹിഷ്കരിക്കുവാന്‍ കഴിയില്ല. ഒരു സംസ്ഥാനത്ത് മാത്രമായി സെസ് നിരോധിച്ചതുകൊണ്ട് ആ സംസ്ഥാനത്തിന് അത് നഷ്ടപ്പെട്ടുവെന്നല്ലാതെ മൂലധനത്തിന് കോട്ടം ഒന്നും സംഭവിക്കില്ല. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ സെസുകളിലേക്ക് പോകും. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ കര്‍ശനമായ ഉപാധികളോടെ സെസ് അനുവദിക്കാമെന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ വ്യവസായികള്‍ക്ക് ലഭ്യമാക്കുന്നതിന് സെസ് രൂപീകരിക്കാന്‍ അനുവദിക്കും. എന്നാല്‍ പാരിസ്ഥിതിക-തൊഴില്‍ നിയമങ്ങളില്‍ യാതൊരു ഇളവും നല്‍കില്ല. സംസ്ഥാന നികുതിയും ഒഴിവാക്കില്ല.

    ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതി വരുന്ന ഭീമന്‍ സെസുകള്‍ വേണ്ട. സെസിന് അകത്ത് കര്‍ശനമായ ഭൂവിനിയോഗ നിയന്ത്രണവും ഉണ്ടാകും. ചെറിയൊരു ശതമാനം ഭൂമിയേ വ്യവസായേതര ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ അനുവദിക്കൂ. സ്മാര്‍ട്സിറ്റി സംബന്ധിച്ച് ഇടതുപക്ഷം എടുത്ത നിലപാടുകളും അതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ഈ സമീപനത്തിന് ദൃഷ്ടാന്തമാണ്. എമര്‍ജിങ് കേരളയില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച രണ്ട് വന്‍കിട പ്രോജക്ടുകളാണ് കൊച്ചിയിലെ പെട്രോളിയം, കെമിക്കല്‍, പെട്രോകെമിക്കല്‍ റീജിയനും (പി സി പി സി ആര്‍) കൊച്ചി - പാലക്കാട് ഇടനാഴിയിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണും (നിംസ്). ഇവ രണ്ടും ഇടതുപക്ഷത്തിന്റെ ചെലവില്‍ കേരളത്തില്‍ വില്‍ക്കുവാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. നീലകണ്ഠനും സുഹൃത്തുക്കളുമാവട്ടെ രണ്ടു മുന്നണികളും തമ്മില്‍ ഇക്കാര്യത്തിലും വ്യത്യാസമില്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞശേഷം 2011-ലാണ് നിംസ് സംബന്ധിച്ച നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നെങ്ങനെ ഇതിന്റെ പിതൃത്വം ഇടതുപക്ഷ സര്‍ക്കാരിന്റെ തലയിലാകും? ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി - കോയമ്പത്തൂര്‍ വ്യവസായ കോറിഡോര്‍ യു. ഡി. എഫ്. സര്‍ക്കാരിന്റെ നിംസ് അല്ല. കൊച്ചി തുറമുഖത്തേയും കോയമ്പത്തൂര്‍ വ്യവസായമേഖലയേയും ബന്ധപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുക എന്ന കാഴ്ചപ്പാടാണ് ഞങ്ങള്‍ മുന്നോട്ടു വച്ചത്. ഇതിന് കഞ്ചിക്കോടിനുപുറത്ത് എങ്ങും ഭൂമി ഏറ്റെടുക്കാന്‍ പരിപാടി ഉണ്ടായിരുന്നില്ല. പ്രത്യേക നിയമനിര്‍മ്മാണവും ഉദ്ദേശിച്ചില്ല. എന്നാല്‍ പതിനായിരം ഏക്കര്‍ വിസ്തൃതിയുള്ളതാണ് യു. ഡി. എഫ്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച കൊച്ചി-പാലക്കാട് ഇടനാഴി എന്ന പേരിലുള്ള നിംസ്. കേന്ദ്രസര്‍ക്കാര്‍ നിംസിന് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ഈ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും സംരംഭകന് ഫാക്ടറി പൂട്ടാം. തൊഴില്‍ നിയമങ്ങളില്‍ നല്ലൊരു പങ്കും ബാധകമായിരിക്കില്ല. ഇത്തരം നടപടികളൊന്നും ഇടതുപക്ഷത്തിന് ഒരു കാലത്തും സ്വീകാര്യമാവുകയില്ല. കൊച്ചിയില്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ വരുന്നതിന്റെ നേട്ടം നമ്മുടെ സംസ്ഥാനത്തിന് ഉണ്ടാകണമെങ്കില്‍ പ്രകൃതിവാതകത്തെ നിലവിലുള്ള വ്യവസായ സംരംഭങ്ങളോട് ബന്ധിപ്പിക്കുകയും പുതിയ ചില വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയും വേണം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അമ്പലമുകളില്‍ കൊച്ചിന്‍ റിഫൈനറിയുടേയും ഫാക്ടിന്റേയും മിച്ച സ്ഥലത്ത് റിഫൈനറിയുടെ എക്സ്പാന്‍ഷനും പുതിയൊരു പെട്രോകെമിക്കല്‍ ഫാക്ടറിയും ആരംഭിക്കാന്‍ ആലോചിച്ചത്. ഇതിന് പുതുതായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരില്ല. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ റിഫൈനറി തന്നെയായിരിക്കും മുഖ്യ നിക്ഷേപകന്‍. ഈ നിര്‍ദ്ദേശത്തെ 250 ച. കി. മീ വിസ്തൃതി വരുന്ന പി സി പി സി ആര്‍ പദ്ധതിയായി യു ഡി എഫ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതിഗുരുതരമായ മലിനീകരണത്തിന് വിധേയമായ കൊച്ചിയുടെ പരിസ്ഥിതിയെ തകിടം മറിക്കുന്ന നിര്‍ദ്ദേശമാണ് പി സി പി സി ആര്‍. അതുകൊണ്ട് ഈ നിര്‍ദ്ദേശത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. അതിവേഗ റെയില്‍പ്പാത 2009-2010ലെ ബജറ്റിലാണ് അതിവേഗ റെയില്‍പ്പാതയുടെ നിര്‍ദ്ദേശം അവതരിപ്പിച്ചത്. വളരെ വ്യക്തമായ ഒരു ബദല്‍ ഗതാഗത കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ നിര്‍ദ്ദേശം. 1965-ല്‍ കേരളത്തിലെ ഗതാഗതത്തില്‍ റോഡ് മാര്‍ഗ്ഗത്തിന്റെ വിഹിതം 65% ആയിരുന്നത് ഇന്ന് 90% ആയി ഉയര്‍ന്നിരിക്കുകയാണ്. റോഡ് - മോട്ടോര്‍ വാഹന സമ്പ്രദായത്തിന്മേലുള്ള ഈ സമ്പൂര്‍ണ്ണ ആശ്രിതത്വം പാരിസ്ഥിതികമായി മാത്രമല്ല സാമൂഹ്യമായും വലിയ നഷ്ടമാണ്.

    അമേരിക്കയുടെ ഓട്ടോമൊബൈല്‍ മാതൃകയിലേക്ക് കേരളം പോയിക്കൂട. ചരക്കുകടത്തിന്റെ ഒരുഭാഗം ജലഗതാഗതത്തിലേക്ക് മാറ്റണം. അതോടൊപ്പം റെയില്‍ ഗതാഗതത്തിന്റെ വിഹിതം ഗണ്യമായി ഉയര്‍ത്തണം. ഇപ്പോഴുള്ള തെക്ക്-വടക്ക് ദേശീയ പാത നാല് വരിപ്പാതയാക്കിയാലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതും തിരക്ക് കുരുക്കില്‍ ആകും എന്ന് വ്യക്തമാണ്. ഇതിന് പരിഹാരമായി പുതിയൊരു തെക്ക് വടക്ക് എക്സ്പ്രസ് ഹൈവേ എന്ന ആശയമാണ് കേരളത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്നത്. ഇതിന് പകരമായിട്ടാണ് പുതിയൊരു റെയില്‍ ഇടനാഴിയെക്കുറിച്ച് നിര്‍ദ്ദേശം വച്ചത്. സുഖകരമായി അതിവേഗതയില്‍ റെയില്‍ യാത്ര ചെയ്യാമെങ്കില്‍ ദീര്‍ഘദൂര ഓട്ടത്തിന് കാര്‍ ഉപയോഗിക്കുന്നത് ഗണ്യമായി കുറയ്ക്കാനാകും. ഇതിന്റെ സാധ്യതാപഠനത്തിനുള്ള പണം ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. റെയില്‍വേയുമായി സഹകരിച്ചുകൊണ്ട് ഈ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം. ഡെല്‍ഹി മെട്രോയെയാണ് സാധ്യതാ പഠനത്തിനായി തെരഞ്ഞെടുത്തത്. സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് വേണം എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു.

    ഈ നിര്‍ദ്ദേശത്തിനെതിരെ രണ്ടു വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. ഒന്ന്, ഇതിന് വേണ്ടിവരുന്ന ചെലവ് കണക്കാക്കുമ്പോള്‍ ഇത്തരമൊരു പ്രോജക്ട് ഒരിക്കലും ലാഭകരമാവില്ല. ലാഭകരമല്ലാത്ത ഒന്ന് നടപ്പാക്കേണ്ടതില്ല. പക്ഷേ ലോകത്ത് ഒട്ടനവധി രാജ്യങ്ങളില്‍ ഇത്തരത്തില്‍ അതിവേഗ റെയില്‍ സംവിധാനം ലാഭകരമായി നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധന വേണം. രണ്ട്, നിലവിലുള്ള റെയില്‍ ട്രാക്കിന് സമാന്തരമായി ഒരു അതിവേഗ റെല്‍പ്പാത സാധ്യമല്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം അത്രയേറെ വളവും തിരിവും നമ്മുടെ റെയില്‍പ്പാളത്തിനുണ്ട്. ഒന്നുകില്‍ വേഗത കുറയ്ക്കേണ്ടിവരും. അതോടൊപ്പം ചില പ്രദേശത്ത് പുതുതായി റെയില്‍പ്പാത പണിയേണ്ടിവരും . ഇതും കൂടുതല്‍ പരിശോധിക്കേണ്ടതാണ്. ഏതായാലും കേരളത്തിന്റെ ഏക ഗതാഗത മാര്‍ഗ്ഗം റോഡുകളായി ചുരുങ്ങുന്നത് വിനാശകരമാണ്. വേഗത കുറച്ചിട്ടാണെങ്കിലും പുതിയൊരു രണ്ട് വരി റെയില്‍പ്പാത കേരളത്തിന്റെ സുസ്ഥിര വികസനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ബി. ഒ. ടിയും ദേശീയ പാതയും അതിവേഗ റെയില്‍പ്പാത വേണ്ട; അതിവേഗ റോഡ്പാത വേണ്ട; എന്തിന് സാദാ നാല് വരിപ്പാതപോലും വേണമെന്ന് നീലകണ്ഠന് അഭിപ്രായമില്ല. സര്‍വ്വീസ് റോഡുകള്‍ വേണ്ട, റോഡിന് നടുക്ക് വീതിയുള്ള ഡിവൈഡര്‍ വേണ്ട, നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഒരു എലവേറ്റഡ് ഹൈവേ പണിയണമെന്ന് തീരുമാനിച്ചാല്‍ അതിന് തൂണ് സ്ഥാപിക്കാനുള്ള സ്ഥലമെങ്കിലും റോഡിന് മദ്ധ്യേ വേണ്ടേ? അത്രക്ക് കടന്ന് നാളേക്ക് ചിന്തിക്കേണ്ടതില്ല എന്നാവും മറുപടി. സര്‍വ്വീസ് റോഡ് ഇല്ലെങ്കിലോ എതിര്‍ദിശയിലേക്ക് ചുറ്റിത്തിരിയുന്നതിനുള്ള വീതി ഡിവൈഡറിന് ഇല്ലെങ്കിലോ സ്പീഡില്‍ പോകുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവില്ലേ? തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ വന്നാല്‍ എന്താണ് ഉണ്ടാവുക എന്നാണ് ബി. എം ഡബ്ള്യുവില്‍ യാത്രചെയ്യാറുള്ള ഒരു വിമര്‍ശക കേസരി ചോദിച്ചത്. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുത്താല്‍ മാര്‍ക്കറ്റ് വിലയ്ക്ക് നഷ്ടപരിഹാരം നല്‍കണം. കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. കച്ചവടക്കാരെ പുനരധിവസിപ്പിക്കണം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം ഭൂമിയും വീടും കൊടുക്കണം. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇതാണ് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള പാക്കേജ്. അടുത്ത ഘട്ടമാണ് റോഡ് എങ്ങനെ പണിയണം എന്നത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡ് പുനരുദ്ധരിക്കുന്നതിന് ടോള്‍ ഏര്‍പ്പെടുത്താന്‍ പാടില്ല എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പക്ഷേ ഇന്ത്യാ സര്‍ക്കാര്‍ റോഡ് പണിയുന്നതിനും അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഉള്ള ചുമതല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഫലമായി അവര്‍ക്ക് ടോള്‍ പിരിക്കാനുളള അവകാശം നല്‍കും. ഒരു എതിര്‍പ്പും കൂടാതെ ദേശീയപാത ഇടതുപക്ഷ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്തില്ലേ എന്നാണ് നീലകണ്ഠന്റെ ചോദ്യം. ഓര്‍ത്തുനോക്കണം എന്താണ് നടന്നതെന്ന്. ബി ഒ ടി അടിസ്ഥാനത്തില്‍ ദേശീയ പാത പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അങ്ങനെ 3 വര്‍ഷം ബി ഒ ടി റോഡ് നിര്‍മ്മാണം സ്തംഭനത്തിലായി. കേന്ദ്രസര്‍ക്കാര്‍ ആവട്ടെ ബി ഒ ടി ക്ക് കരാര്‍ വച്ചു, അല്ലെങ്കില്‍ ടെണ്ടര്‍ വിളിക്കാന്‍ പോകുന്നു എന്ന ന്യായം പറഞ്ഞ് മെയിന്റനന്‍സിന് പോലുമുള്ള പണം നല്‍കാതായി. ദേശീയപാത തകര്‍ന്ന് പലയിടത്തും ഗതാഗതം അസാധ്യമായി. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിനെ മുട്ടുകുത്തിച്ചത്. റോഡ് നിര്‍മ്മാണത്തിന് ബി ഒ ടി അല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ല എന്ന വാദത്തിന് ഒരു ബദല്‍ ചൂണ്ടിക്കാണിച്ചു എന്നതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഒന്ന്. 2011-12 ലെ ബജറ്റില്‍ 40000-കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചു. ഇത്രയും പണം വായ്പയെടുക്കാന്‍ ഒരുകാലത്തും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് കേരളത്തിലെ സംസ്ഥാന പാതകളും ജില്ലാ റോഡുകളും കെ എസ് ടി പി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാനായിരുന്നു നിര്‍ദ്ദേശം. വാഹനികുതിയുടെ 50% ഓരോ വര്‍ഷവും ഗ്രാന്റ് ആയി ഈ കമ്പനിക്ക് നല്‍കുമെന്ന് നിയമം പാസ്സാക്കണം. അങ്ങനെ ചെയ്താല്‍ കമ്പനിക്ക് ഭാവിയില്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നതും സുനിശ്ചിതവുമായ വരുമാനം ഉണ്ടാകും. ഈ ഭാവി വരുമാനം ഈടുവച്ച് വായ്പയെടുത്ത് ഇന്നുതന്നെ റോഡ് പണിയാം. റോഡ് പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് ആയിരിക്കും മെയിന്റനന്‍സിന്റെ ചുമതല. ഇത് അടക്കം ആയിരിക്കും ടെണ്ടര്‍ വിളിക്കുക. കോണ്‍ട്രാക്ടര്‍ക്ക് പണം ബാങ്കില്‍ നിന്നും വായ്പയെടുത്ത് കമ്പനി നല്‍കും. ബാങ്കില്‍ നിന്നുള്ള വായ്പ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക നികുതി വിഹിതത്തില്‍ നിന്നും എടുത്ത് തിരിച്ച് അടയ്ക്കും. ആരും ടോള്‍ നല്‍കേണ്ട. റോഡുകള്‍ വില്‍ക്കുകയും വേണ്ട. ഇതല്ലാതെ കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ വേറെന്തെങ്കിലുമൊരു ബദല്‍ മാര്‍ഗ്ഗം നീലകണ്ഠനും സുഹൃത്തുക്കള്‍ക്കും കാണിച്ചുതരാനുണ്ടോ? ഇന്നത്തെ റോഡു മതി ഭാവിയിലേക്കും എന്ന് മാത്രം പറഞ്ഞുകളയരുത്.

    ഡോ. ടി എം തോമസ് ഐസക

Tuesday, 30 October 2012


മതം, തത്വചിന്ത, മാര്‍ക്സിസം


  •       ഒന്ന്:മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയില്‍ കെ ദാമോദരന് അന്യമായ ചില സ്ഥാനങ്ങളുണ്ട്. സൂക്ഷ്മമായി ആലോചിച്ചാല്‍ മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് സമാനമായ സംരംഭങ്ങള്‍ ഇല്ലെന്ന് കാണാനാകും. എങ്കിലും നമ്മുടെ ആലോചനകളില്‍ ദാമോദരന്റെ ഈ മൗലിക സംഭാവനകള്‍ കാര്യമായി പരിഗണിക്കപ്പെടാറില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരിലൊരാളും പാര്‍ടി അംഗമായ ആദ്യ മലയാളിയുമാണ് കെ ദാമോദരന്‍. എന്നുതന്നെയല്ല പ്രൗഢവും അഗാധവുമായ പഠനങ്ങളിലൂടെ മലയാളത്തിലെ വിവിധ വിജ്ഞാന മേഖലകളെ സമ്പന്നമാക്കിയ ഉന്നതനായ ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപാരമായ ധൈഷണിക വ്യാപാരങ്ങളെ മുന്‍നിര്‍ത്തി ചിലപ്പോഴൊക്കെ “കേരള മാര്‍ക്സ്” എന്ന് ദാമോദരന്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് വഴിതുറന്ന ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുക്കുകയും പിന്നീട് കേരളത്തിലെ ജീവല്‍സാഹിത്യത്തിന്റെയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെയും നേതൃനിരയില്‍ നിലകൊള്ളുകയും ചെയ്തയാള്‍ കൂടിയാണ് കെ ദാമോദരന്‍. 1935-36 കാലയളവില്‍, കാശി വിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ദാമോദരന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഓംപ്രകാശ് ശാസ്ത്രി, ആര്‍ ഡി ഭരദ്വാജ് എന്നിവരുടെ പ്രേരണയാണ് അതിന് വഴിവച്ചതെന്ന് ദാമോദരന്റെ ജീവചരിത്രകാരന്മാരായ പി ജിയും എം റഷീദും പറയുന്നു.
    ദാമോദരന് മുന്‍പേ തലശ്ശേരിക്കാരനായ സി എന്‍ നമ്പ്യാര്‍ വിദ്യാഭ്യാസത്തിനായി ജര്‍മ്മനിയിലേക്ക് പോവുകയും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ 1928ല്‍ തിരുവനന്തപുരത്ത് എന്‍സി ശേഖറും മറ്റുംചേര്‍ന്ന് ഒരു കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയ കാര്യവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി എന്‍ നമ്പ്യാര്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആണ് അംഗത്വം നേടിയത് എന്നതുകൊണ്ടും കമ്യൂണിസ്റ്റ് ലീഗിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റേയോ അംഗീകാരമില്ലായിരുന്നു എന്നതുകൊണ്ടും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ആദ്യ മലയാളി എന്ന പദവി കെ ദാമോദരന് അവകാശപ്പെട്ടതായിത്തീര്‍ന്നു. എന്നുതന്നെയല്ല, സി എന്‍ നമ്പ്യാരും മറ്റും ഉള്‍പ്പെടെയുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളീയ ജീവിതത്തില്‍ കെ ദാമോദരന്‍ നിറവേറ്റിയ പങ്ക് എത്രയോ വലുതുമാണ്. 1937ല്‍ പി കൃഷ്ണപിള്ള സെക്രട്ടറിയും ഇ എം എസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ അംഗങ്ങളുമായി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപപ്പെട്ടതു മുതല്‍ കെ ദാമോദരന്റെ ജീവിതം ആധുനിക കേരളത്തിനായുള്ള നാനാവിധ ശ്രമങ്ങളുടെ ഭാഗമാണ്. ഒരര്‍ഥത്തില്‍ അതിനു മുമ്പുതന്നെ ദാമോദരന്‍ പൊതുജീവിതം ആരംഭിച്ചിരുന്നു. 1930 കളില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായതു മുതല്‍ ദാമോദരന്റെ സാമൂഹ്യരാഷ്ട്രീയജീവിതം സജീവമാണ്. എങ്കിലും ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി, ഉപരിപഠനത്തിനായി കാശിയിലേക്ക് പോയ ദാമോദരന്‍ 1936 ലാണ് മടങ്ങിയെത്തുന്നതും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നതും. ഇക്കാലത്താണ് കര്‍ഷകസംഘത്തിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പാട്ടബാക്കി എഴുതിയത്. ചെറുകാട്, തോപ്പില്‍ഭാസി, കെ ടി മുഹമ്മദ്, പി ജെ ആന്റണി തുടങ്ങിയവരിലൂടെ പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറച്ച രാഷ്ട്രീയ നാടകവേദിയുടെ ആദ്യത്തെ ചുവടുവയ്പായിരുന്നു ആ നാടകം.
    കര്‍ഷക ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ പാട്ടബാക്കിക്ക് പിന്നാലെ, തൊഴിലാളികളുടെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് രക്തപാനം എന്ന നാടകവും കെ ദാമോദരന്‍ രചിക്കുകയുണ്ടായി; പാട്ടബാക്കിയെപ്പോലെ വലിയൊരു ചലനം സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞില്ലെങ്കിലും. 1940ല്‍ ഇ എം എസിന് പിന്നാലെ കെ ദാമോദരന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കെ ടി കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു പ്രസിഡന്റ്. 1940 നവംബര്‍ മുതല്‍ നാല് വര്‍ഷത്തിലധികം നീണ്ട ജയില്‍വാസത്തിനുശേഷം പുറത്തുവന്ന അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ സെക്രട്ടറി, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം (1956), നാഷണല്‍ എക്സിക്യൂട്ടീവ് അംഗം (1958), രാജ്യസഭാംഗം (1964) എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ക്രൂഷ്ചേവ്, ചൗഎന്‍ലായ്, ഹോച്മിന്‍ തുടങ്ങിയ ലോകനേതാക്കള്‍ മുതല്‍ ഏണസ്റ്റ് മാന്‍ഡല്‍, താരിഖ് അലി, റൊഷേര്‍ ഗരോദി തുടങ്ങിയ നവമാര്‍ക്സിസ്റ്റുകള്‍ വരെയുള്ളവരുമായി അദ്ദേഹം ഇക്കാലത്ത് സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പൊന്നാനിയില്‍നിന്ന് നിയമ സഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും ആ മത്സരത്തില്‍ കെ ദാമോദരന്‍ പരാജയപ്പെടുകയാണുണ്ടായത്. പാര്‍ടി പിളര്‍ന്നതിനുശേഷം കെ ദാമോദരന്‍ സിപിഐയില്‍ തന്നെ തുടര്‍ന്നെങ്കിലും ചെക്കോസ്ലോവാക്യയിലെ പ്രശ്നങ്ങളോടുള്ള സമീപനത്തെച്ചൊല്ലി ദാമോദരന്‍ പാര്‍ടിയുമായി അഭിപ്രായഭിന്നതയിലായി. അതിനു മുന്‍പുതന്നെ സ്റ്റാലിനിസ്റ്റ് നിലപാടുകളുടെ കടുത്ത വിമര്‍ശകനായി അദ്ദേഹം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പ്രത്യക്ഷമായ ഒരു അഭിപ്രായ ഭിന്നതയിലേക്ക് അത് എത്തിച്ചേര്‍ന്നത് ചെക്കോസ്ലോവാക്യന്‍ പ്രശ്നത്തോടെയാണ്. പതിയെപ്പതിയെ അദ്ദേഹം സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും മറ്റെല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടു. അവസാനകാലത്ത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സമകാലിക ചരിത്രരേഖ ശേഖരവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കെ ദാമോദരന്‍ അന്തരിച്ചത്. അപ്പോഴേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളില്‍നിന്നെല്ലാം ഒഴിവാക്കപ്പെട്ടിരുന്ന, പാര്‍ടിയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി സി ജോഷി ആയിരുന്നു ആ പ്രോജക്ടിന്റെ ഡയറക്ടര്‍; കെ ദാമോദരന്‍ ഡെപ്യൂട്ടി ഡയറക്ടറും. 1976 ജൂലൈ ഒന്നിന് സര്‍വകലാശാലയിലെ പ്രൊഫ. കെ എന്‍ പണിക്കരുടെ മുറിയില്‍ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ജനറല്‍വാര്‍ഡില്‍, മിക്കവാറും ഏകാന്തവും തിരസ്കൃതവുമായ നിലയില്‍, കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ധൈഷണികരിലൊരാള്‍ വിടവാങ്ങി. മൂന്നര പതിറ്റാണ്ട് കഴിയുമ്പോള്‍ കെ ദാമോദരന്റെ ഓര്‍മകള്‍ ഏറെ മങ്ങിയിരിക്കുന്നു. പ്രൊഫസര്‍ കെ എന്‍ പണിക്കര്‍ എഴുതിയതുപോലെ ചരിത്രത്തിലെ വൈരുധ്യങ്ങളോടും അത് പ്രസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന സംഘഷങ്ങളോടും കൂടുതല്‍ പ്രതിബദ്ധനായിരുന്നതുകൊണ്ടാണോ കെ ദാമോദരന്‍ അര്‍ഹിക്കുന്ന ഒരു പരിഗണനയും കിട്ടാതെ വിസ്മൃതനായിപ്പോയത്? ആഴമേറിയ ധൈഷണികതയും അഗാധമായ വിമര്‍ശനാവബോധവും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന ഒരാളായിരുന്നു കെ ദാമോദരന്‍. ഈ ഇരു ഘടകങ്ങളുടെയും കൂടിക്കലരല്‍ ദാമോദരനെ ഒരു നിത്യവിമതനാക്കിയോ? ഒരു ആന്തരിക വിമര്‍ശകന്‍ (critical insider) എന്ന അദ്ദേഹത്തിന്റെ പദവി പ്രസ്ഥാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നോ? കെ ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇത്തരം ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമായിത്തീരുന്നുണ്ട് എന്നുതോന്നുന്നു. രണ്ട്: ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയിലുള്ള ദാമോദരന്റെ വ്യതിരിക്തത വളരെ വളരെ വ്യക്തമായി അടയാളപ്പെടുന്ന ഗ്രന്ഥങ്ങളാണ് ക്രിസ്തുമതവും കമ്യൂണിസവും (1958), ഭാരതീയ ചിന്ത (1973), ധാര്‍മിക മൂല്യങ്ങള്‍ (1965) എന്നിവ. മലയാളത്തില്‍ വികസിച്ചുവരേണ്ടിയിരുന്നതും എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പില്‍ക്കാലത്ത് അത്തരം വികാസം കൈവരാതെ പോയതുമായ വിശകലനരീതിയുടെയും ദാര്‍ശനികാന്വേഷണങ്ങളുടെയും മാതൃകകളാണ് ഈ കൃതികള്‍. മതത്തെയും ദാര്‍ശനികാശയങ്ങളേയും യാന്ത്രിക ഭൗതികവാദത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് പുറത്തുവച്ചു പരിശോധിക്കുന്നു എന്നതാണ് ഇവയില്‍ ആദ്യത്തെ രണ്ട് രചനകളുടെയും പ്രാധാന്യം. ധാര്‍മികമൂല്യങ്ങള്‍ എന്ന രചനയാവട്ടെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍തന്നെ ഏറെയൊന്നും പരിഗണിക്കപ്പെടാതെ പോയതായി വിമര്‍ശനമുയര്‍ന്നിട്ടുള്ള നീതിദര്‍ശനത്തെ (ethics) മുന്‍നിര്‍ത്തിയുള്ള പഠനമാണ്. പില്‍ക്കാലത്ത് ബി രാജീവന്‍ ഇ എം എസിന്റെ ജീവിതത്തെ ഒരു ധാര്‍മികാവിഷ്കാരം എന്ന നിലയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളത്തില്‍ ഈ പ്രമേയത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഇന്ത്യന്‍ ഭാഷകളില്‍തന്നെ, നീതിദര്‍ശനത്തെ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യുന്ന മറ്റേതെങ്കിലും രചനകളുണ്ടോ എന്ന് ആരായേണ്ടിയിരിക്കുന്നു. കൗട്സ്കിയുടെ “നീതിശാസ്ത്രവും ചരിത്രത്തിന്റെ ഭൗതികവീക്ഷണവും” (1906) ട്രോട്സ്കിയുടെ “അവരുടെ ധാര്‍മ്മികത: നമ്മുടേതും” (1936) തുടങ്ങിയ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ നൈതികാന്വേഷണങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന പഠനങ്ങള്‍ കാര്യമായി ഉണ്ടാകുന്നത് 1960 കള്‍ക്ക് ശേഷമാണ്. (വിശദമായ ചര്‍ച്ചയ്ക്ക് ദേശാഭിമാനി ഓണപ്പതിപ്പിലെ (2012) മാര്‍ക്സിസം: നൈതികാന്വേഷണങ്ങള്‍ എന്ന ലേഖനം കാണുക). ഇതിനിടയില്‍ ഇത്തരം മൗലിക പ്രമേയങ്ങളിലൊന്നിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്റെ കൃതിയെ വലിയ പ്രാധാന്യമുള്ള ഒന്നാക്കിത്തീര്‍ക്കുന്നത്. ക്രിസ്തുമതവും കമ്യൂണിസവും എന്ന ദാമോദരന്റെ കൃതി അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ സവിശേഷമായ ഒരു സന്ദര്‍ഭത്തോട് ബന്ധപ്പെട്ട ഒന്നാണ്. കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വിഷലിപ്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഒരു കാലയളവില്‍, അതിനെ നേരിടുന്നതിന് വേണ്ടി, കെ ദാമോദരന്‍ ഒരു ചെറുഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു; യേശുക്രിസ്തു മോസ്കോവില്‍ എന്ന പേരില്‍. അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അമരക്കാരനായിരുന്ന ഫാദര്‍ വടക്കന്‍ “യേശുക്രിസ്തു മോസ്കോവിലോ?” എന്ന ശീര്‍ഷകത്തില്‍ അതിന് മറുപടി എഴുതി. ഇതിനുപിന്നാലെ “അതെ, മോസ്കോവില്‍തന്നെ” എന്ന പേരില്‍ കെ ദാമോദരന്റെ മറുപടിയും പുറത്തുവന്നു. ക്രിസ്തുമതത്തിലെ അടിസ്ഥാനതത്വങ്ങളെ, സാമൂഹിക നീതിദര്‍ശനം എന്ന നിലയില്‍ അവതരിപ്പിച്ചുകൊണ്ട്, കമ്യൂണിസ്റ്റ് സമൂഹവുമായി അതെങ്ങനെയെല്ലാം ഒത്തുചേരുന്നു എന്ന് വിശദീകരിക്കാനാണ് ദാമോദരന്‍ ശ്രമിച്ചത്. മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ അര്‍ഥപൂര്‍ണവും ഫലപ്രദവുമായ ആവിഷ്കാരമാണ് ക്രിസ്തുമതവും കമ്യൂണിസവും എന്ന ഗ്രന്ഥം. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി, മതത്തെ അതിലുള്‍പ്പെട്ടവരുടെ അജ്ഞതയും തെറ്റിദ്ധാരണയും മറ്റുമായി പരിഗണിക്കുന്ന യുക്തിവാദപരമായ യാന്ത്രികനിലപാടിനെ ദാമോദരന്‍ ഒരു ഘട്ടത്തിലും അവലംബിക്കുന്നില്ല. മറിച്ച് മതത്തെ ഒരുഭാഗത്ത് ചരിത്രപരമായി നിലവില്‍ വന്ന സ്ഥാപനസംവിധാനം എന്ന നിലയിലും മറുഭാഗത്ത് നൈതികമായ പ്രമാണസംഹിതകള്‍ എന്ന നിലയിലും വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ട് ക്രിസ്തുമതത്തിന്റെ ചരിത്രപരിണാമങ്ങളെയപ്പാടെ അവലോകനം ചെയ്തുകൊണ്ട് നിന്ദിതരുടെയും പീഡിതരുടെയും കൂട്ടായ്മയായും രക്ഷാമാര്‍ഗമായും നിലവില്‍വന്ന ക്രിസ്തുമതം പില്‍ക്കാലത്ത് എങ്ങനെ സ്ഥാപിത താല്‍പര്യങ്ങളുടെ കാവല്‍പ്പുരയായി എന്ന പരിശോധനയ്ക്കാണ് ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അദ്ദേഹം മുതിരുന്നത്. “”മുസ്സോളിനിയെ “”ദൈവം അയച്ചുതന്ന മനുഷ്യന്‍”" എന്ന് വാഴ്ത്തിയ പിയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ വചനങ്ങള്‍ മുതല്‍ “”കീഴടക്കി ഭരണം നടത്തുന്നവര്‍ക്കു മാത്രമേ ഭരണമെന്തെന്ന് പഠിപ്പിച്ചുതരാന്‍ കഴിയൂ”" എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുന്ന സഭാ പ്രഖ്യാപനങ്ങള്‍വരെ നിരനിരയായി ഉദ്ധരിച്ചുകൊണ്ട് ഒരു മതസ്ഥാപനം എന്നനിലയില്‍ കത്തോലിക്കാസഭ എത്രയേറെ യാഥാസ്ഥിതികവും മനുഷ്യപുരോഗതിക്ക് എതിരുമായിത്തീര്‍ന്നിരിക്കുന്നു എന്ന് വാദിച്ചുറപ്പിക്കാനാണ് ദാമോദരന്‍ ഇവിടെ മുതിരുന്നത്.
    ആദിമ ക്രൈസ്തവ ചരിത്രം, മധ്യകാല മതജീവിതം, സഭയുടെ സ്ഥാപനവത്കരണം, അതുളവാക്കിയ വിപരീത പരിണാമങ്ങള്‍, സാമ്രാജ്യത്വവുമായും ഫാഷിസവുമായും സഭ നടത്തിയ ഒത്തുതീര്‍പ്പുകള്‍ എന്നിവയെല്ലാം വിശദീകരിച്ചുകൊണ്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ സഭ കൈക്കൊള്ളുന്ന നിലപാടിനെ ദാമോദരന്‍ ഇവിടെ കടന്നാക്രമിക്കുന്നത്. ഇങ്ങനെ ഒരു ഭാഗത്ത് സഭയെയും മതത്തെയും ഒരു സാമൂഹിക സ്ഥാപനം എന്ന നിലയില്‍ ചരിത്രപരമായി വിലയിരുത്തുമ്പോള്‍ മറുഭാഗത്ത് അതിനെ ഒരു നൈതിക സമീക്ഷയായി പരിഗണിക്കാനും ആദരപൂര്‍ണമായ ഒരു സംവാദാത്മക ബന്ധം ഈ നൈതിക സ്വരൂപവുമായി സ്ഥാപിച്ചെടുക്കാനും ദാമോദരന്‍ ഈ കൃതിയില്‍ മുതിരുന്നുണ്ട്. യെശയ്യാവിനേയും യരദ്യാവിനേയും സുവിശേഷ വചനങ്ങളേയും പിന്‍പറ്റിനിന്നുകൊണ്ട് ക്രിസ്തുമതം ലക്ഷ്യമാക്കുന്ന നൈതികലോകത്തെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങള്‍ അവതരിപ്പിക്കാനാണ് ദാമോദരന്‍ ശ്രമിക്കുന്നത്. ക്രിസ്തു മതത്തിന്റെ പ്രാരംഭമുഹൂര്‍ത്തം അദ്ദേഹം നാടകീയമായി ഇങ്ങനെ അവതരിപ്പിക്കുന്നു: “”യേശു ദേവാലയത്തില്‍ ചെന്നു. ദേവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി. പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു. അവരോട് “എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും” എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു! (മത്തായി 2 : 1)”". “”ക്രിസ്തുമതം ആരംഭിച്ചുകഴിഞ്ഞു”". ഇത്തരമൊരു അവതരണശൈലി ദാമോദരന്‍ ഈ കൃതിയില്‍ പലയിടത്തും പിന്‍തുടരുന്നത് കാണാം.
    മതത്തിനകമേ നിലയുറപ്പിച്ചുകൊണ്ടുള്ള സംവാദാത്മക വിനിമയത്തിന്റെ ഭാഷയായി ഇതിനെ അദ്ദേഹം വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സമൂഹത്തില്‍ സംഭവിക്കുന്നതെന്ത് എന്ന് വിശദീകരിച്ചുകൊണ്ട് ദാമോദരന്‍ എഴുതുന്നു: “”പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി -താണവരെ ഉയര്‍ത്തി – വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു. – സമ്പന്നരെ വെറും കൈയോടെ അയച്ചുകളഞ്ഞു”" (ലൂക്കോസ് 52, 53). മതത്തെ നൈതികമായ ചില പ്രമാണ സംഹിതകളായും അതിനെ മുന്‍നിര്‍ത്തുന്ന പ്രയോഗ ക്രമങ്ങളായും വിശദീകരിക്കാനുള്ള ഈ ശ്രമം സാമാന്യമായി പറഞ്ഞാല്‍, മലയാളത്തിലെ മാര്‍ക്സിസ്റ്റ് മതവിമര്‍ശം ഏറെയൊന്നും പിന്‍പറ്റാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒന്നാണ്. അതേസമയം ദാര്‍ശനികമായ തലത്തില്‍ മതവും മാര്‍ക്സിസവും തമ്മിലുള്ള അകലം, പ്രായോഗിക ലാഭത്തെ മുന്‍നിര്‍ത്തി മൂടിവയ്ക്കാനും ദാമോദരന്‍ തുനിയുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വളര്‍ന്നുവന്ന വിമോചന ദൈവശാസ്ത്രത്തിന്റെ ആശയാവലികളെയാണ് 1950 കളില്‍ തന്നെ കെ ദാമോദരന്‍ അവയുടെ പ്രാഗ്രൂപത്തില്‍ അവതരിപ്പിക്കാന്‍ തുനിഞ്ഞത്. ആദിമ ക്രൈസ്തവ സമൂഹവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള ചേര്‍ച്ചയെക്കുറിച്ച് എംഗല്‍സ് അവതരിപ്പിച്ച ആശയങ്ങളാണ് ദാമോദരന്റെ അടിസ്ഥാനം എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അത്തരമൊരു അടിത്തറയില്‍ നിലയുറപ്പിച്ചുകൊണ്ട്, മൗലികസ്വഭാവമുള്ള ഒരു മതസംവാദമാക്കി അതിനെ വികസിപ്പിച്ചെടുക്കാന്‍ ദാമോദരന്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്; അതിന്റെ അടിയന്തര പ്രസക്തികൊണ്ടും അന്യത കൊണ്ടും. ഇതേ അളവില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സൈദ്ധാന്തിക സംഭാവനയാണ് ഭാരതീയ ചിന്ത എന്ന ഗ്രന്ഥം. 1973 ലാണ് ഭാരതീയ ചിന്ത മലയാളത്തില്‍ പ്രസിദ്ധീകൃതമായത്. ഇന്ത്യന്‍ തത്വചിന്താ പാരമ്പര്യത്തെ പഠനവിധേയമാക്കുന്ന രണ്ട് ഗ്രന്ഥങ്ങള്‍ ഇതിനുമുമ്പ് ദാമോദരന്‍ രചിച്ചിട്ടുണ്ട്. 1958ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ആത്മാവ്, 1970ലെ ഇന്ത്യന്‍ ചിന്ത (Indian Thought) എന്നിവ. (Indian Thought  ന്റെ വിവര്‍ത്തനമാണ് ഭാരതീയചിന്ത എന്നു തോന്നാമെങ്കിലും കൂടുതല്‍ വിശദാംശങ്ങളും വിശകലനങ്ങളും എല്ലാം ഉള്‍പ്പെടുത്തി തയാറാക്കിയ ഒന്നാണത്. ഭാരതീയ ചിന്തയുടെ മൗലികതയെ പി ഗോവിന്ദപിള്ള രണ്ട് നിലകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിന്താ പാരമ്പര്യത്തെ വൈദിക സംസ്കാരവുമായി കൂട്ടിയിണക്കാനുള്ള ഇന്ത്യയിലെ മുഖ്യധാരാ ദാര്‍ശനിക ചരിത്രകാരന്മാരുടെ ശ്രമങ്ങളെ മറികടക്കുന്ന ഗ്രന്ഥമാണ് ഭാരതീയ ചിന്ത എന്നതാണ് അതിലാദ്യത്തേത്. ഡോ. എസ് രാധാകൃഷ്ണന്‍ മുതല്‍ ദാര്‍ശനിക ചരിത്രകാരന്മാര്‍ വേദങ്ങള്‍ മുതലാരംഭിക്കുന്ന വൈദിക ചിന്തയെയും പരമാവധി ബൗദ്ധ-ജൈന പാരമ്പര്യങ്ങളെയും മാത്രമാണ് ഇന്ത്യന്‍ ചിന്താപാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുക. ദാമോദരനാകട്ടെ ഹാരപ്പന്‍ നാഗരികതയുടെ രൂപീകരണത്തിനും മുമ്പുള്ള ഇന്ത്യന്‍ ജീവിതത്തില്‍ നിന്നാരംഭിക്കുകയും ഇരുപതാം ശതകത്തില്‍ മാര്‍ക്സിസം ഇന്ത്യന്‍ ചിന്തയില്‍ ചെലുത്തിയ സ്വാധീനംവരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ലോകായതം പോലുള്ള നാസ്തികദര്‍ശനങ്ങളും ബൗദ്ധ-ജൈന പാരമ്പര്യങ്ങളും മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രാചീന ചിന്തകള്‍, ശാക്തേയം മുതലായ ഉള്‍പ്പിരിവുകള്‍ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതേസമയത്തുതന്നെ ഇസ്ലാമും അതിലെ വിമത പ്രസ്ഥാനങ്ങളും മുതല്‍ രാജാറാം മോഹന്‍റായ്, മുഹമ്മദ് ഇഖ്ബാല്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ വരെയുള്ള മറ്റൊരു സമാന്തരധാരയെയും ദാമോദരന്‍ ഭാരതീയ ചിന്തയില്‍ അവതരിപ്പിക്കുന്നു. ആ നിലയില്‍ മതനിരപേക്ഷവും സര്‍വാശ്ലേഷിയുമായ ഒരു പരിപ്രേക്ഷ്യത്തിനുള്ളില്‍വച്ച് ഇന്ത്യന്‍ ചിന്തയെ വിശകലനം ചെയ്യാനുള്ള കാര്യമായ ശ്രമങ്ങളൊന്നും വേറെ ഉണ്ടായിട്ടില്ല. ഒരര്‍ഥത്തില്‍ ഭാരതീയ ചിന്തയെ സവര്‍ണതയില്‍നിന്നും വൈദിക – ബ്രാഹ്മണിക പാരമ്പര്യത്തില്‍നിന്നും മോചിപ്പിക്കാനുള്ള നിര്‍ണായകമായ ശ്രമമാണ് ദാമോദരന്റെ ഗ്രന്ഥം എന്നുപറയാം. ഇന്ത്യന്‍ ചിന്താപാരമ്പര്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലനത്തിന് വിധേയമാക്കാനുള്ള ദാമോദരന്റെ ശ്രമങ്ങള്‍ ആ വഴിക്കുള്ള ആദ്യ പരിശ്രമങ്ങളായിരുന്നു എന്ന വസ്തുതയും നാം ഇതോടൊപ്പം പരിഗണിക്കണം.
    ഇന്ത്യയിലെ ഭൗതികവാദചിന്തയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദേബീ പ്രസാദ് ചതോപാധ്യായയുടെ “ലോകായതം” പുറത്തുവരുന്നത് 1959 ലാണ്. അതിനും ഒരു വര്‍ഷംമുമ്പേ കെ ദാമോദരന്‍ ഇന്ത്യയുടെ ആത്മാവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ദാര്‍ശനിക പാരമ്പര്യങ്ങളെ സാമൂഹ്യപരിവര്‍ത്തന പ്രക്രിയകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കുന്ന എസ് ജി സര്‍ദേശായിയുടെ ഗ്രന്ഥം (Progress and conservatism in Indian Philosophy) പ്രസിദ്ധീകരിക്കപ്പെടുന്നത് 1986-ല്‍ മാത്രമാണ്. ഈ വസ്തുതകളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ 1958-ല്‍ ഇന്ത്യയുടെ ആത്മാവും 1973-ല്‍ ഭാരതീയ ചിന്ത പോലെയൊരു സമഗ്രപഠനവും പ്രസിദ്ധീകരിച്ച ദാമോദരന്റെ സംഭാവന അന്യമാണ് എന്ന് വ്യക്തമാകും. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യത്തെ വിശകലനം ചെയ്യുമ്പോള്‍ മാര്‍ക്സിസ്റ്റ് വിശകലനങ്ങളില്‍ പൊതുവെ കണ്ടുവരാറുള്ള ചില പോരായ്മകളെ ദാമോദരന്‍ ഭാരതീയ ചിന്തയില്‍ ഫലപ്രദമായി മറികടന്നിട്ടുണ്ട് എന്ന കാര്യവും ഇവിടെ പരിഗണിക്കണം.
    വൈദിക – ഔപനിഷദിക ചിന്തയെയപ്പാടെ ബ്രാഹ്മണികം എന്ന കള്ളിയിലൊതുക്കി നിര്‍ത്താനും ചാര്‍വ്വാകവും ലോകായതവും പോലുള്ള ബദല്‍ പാരമ്പര്യങ്ങളെ മാത്രം പരിഗണനീയമായി കരുതാനുമുള്ള പ്രേരണ, അക്കാലത്തിന്റെ സ്വാഭാവിക സമ്മര്‍ദ്ദം കൊണ്ടു കൂടിയാകാം, ഇവിടെ പ്രബലമായിരുന്നു. ഒരു ജനതയ്ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ആശയങ്ങള്‍ തന്നെ ഭൗതിക ശക്തികളായിത്തീരും എന്ന മാര്‍ക്സിസ്റ്റ് വീക്ഷണം പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദേബീപ്രസാദ് ചതോപാധ്യായയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുപോലും അവയുടെ ഉജ്വലതയേയും വിശകലനപരമായ സൂക്ഷ്മതയേയും അംഗീകരിച്ചുകൊണ്ടുതന്നെ, ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കെ ദാമോദരനും ഇന്ത്യയുടെ ആത്മാവില്‍ ഇതേ വിഭാഗീയതയ്ക്ക് കീഴ്പ്പെട്ടു പോയിട്ടുള്ള കാര്യം ജി അധികാരിയെപ്പോലുള്ള പ്രഗത്ഭരായ മാര്‍ക്സിസ്റ്റ് ചിന്തകര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതീയ ചിന്തയില്‍ ദാമോദരന്‍ ഈ പരാധീനതകളെ വലിയൊരളവോളം മറികടന്നു.
    ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യസ്വഭാവത്തെ വിശകലനം ചെയ്യുമ്പോഴും അതിന്റെ കാലപരിധികള്‍ നിര്‍ണയിക്കുമ്പോഴും കെ ദാമോദരന് ആ കൃതിയില്‍ പിഴവുകള്‍ പറ്റുന്നുണ്ട് എന്ന വസ്തുത പി ജി തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതാപരമായ അത്തരം പിഴവുകള്‍ നിലനില്‍ക്കെത്തന്നെ വീക്ഷണപരമായി യാന്ത്രികഭൗതികത്തിന്റെ പിടിമുറുക്കങ്ങളെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്‍ ആ ഗ്രന്ഥത്തില്‍ നടത്തിയ ഇടപെടലിന്റെ ചരിത്രപരമായ പ്രാധാന്യം. ഭാരതീയ ചിന്തയ്ക്ക് മൂന്ന് പതിറ്റാണ്ട് തികയാറായി എങ്കിലും യാന്ത്രിക ഭൗതികത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് മലയാളത്തിലെ മാര്‍ക്സിസ്റ്റ് വിചാരങ്ങളില്‍ ഇപ്പോഴും നല്ല പ്രാബല്യമുണ്ട് എന്നാലോചിക്കുമ്പോഴാണ്, സുദീര്‍ഘമായ ഒരു സംസ്കാരചരിത്രത്തെ ഒരു ഭാഗത്ത് സവര്‍ണതയില്‍നിന്നും മറുഭാഗത്ത് യാന്ത്രിക ഭൗതികത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത് വിശകലനം ചെയ്യാന്‍ കെ ദാമോദരന്‍ നടത്തിയ ശ്രമങ്ങളുടെ ഗൗരവവും ഗാംഭീര്യവും വ്യക്തമാവുക.
    ഈ നിലയില്‍ മതവിമര്‍ശനത്തെയും തത്വചിന്താ ചരിത്രത്തെയും മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനുള്ള മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ നിര്‍ണായകമായ ഇടപെടലായിരുന്നു ദാമോദരന്റേത്. ഇത്രമേല്‍ പ്രാധാന്യമുള്ള ധൈഷണിക സംഭാവനകള്‍ നല്‍കിയിട്ടും അതുപോലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിലെ വലിയ സാന്നിധ്യങ്ങളിലൊന്നായിരുന്നിട്ടും കെ ദാമോദരന്‍ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിക്കപ്പെട്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്റെതന്നെ പ്രകൃതത്തിലെ മെരുങ്ങായ്ക ഈ അവഗണനയ്ക്ക് കാരണമായിട്ടുണ്ട് എന്ന് വരാം. അതോടൊപ്പം പ്രസ്ഥാനവുമായി പല ഘട്ടങ്ങളില്‍ നടത്തിയ ഏറ്റുമുട്ടലുകളും ദാമോദരന്റെ പിന്‍വാങ്ങലിന് വഴിതുറന്നിട്ടുണ്ടാവാം. എന്നാല്‍ ഇതിനെല്ലാമപ്പുറം ധൈഷണികതയുടെയും മാര്‍ക്സിസ്റ്റ് ചിന്തയുടെയും ഏറ്റവും ഉന്നതമായ മലയാള മാതൃകകളിലൊന്നായി ആദരിക്കപ്പെടേണ്ട ഒരാളാണ് കെ ദാമോദരന്‍. അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ കേരളീയ സമൂഹത്തിന് ഉത്തരവാദിത്ത മുണ്ട്; പ്രത്യേകിച്ചും കേരളീയ ഇടതുപക്ഷത്തിന്.
    സുനില്‍ പി ഇളയിടം
    ദേശാഭിമാനി വാരിക 17 ഒക്ടോബര്‍ 2012

Monday, 29 October 2012


ഭാഷയെ അധിക്ഷേപിക്കരുത്

"വിശ്വമലയാള മഹോത്സവം" എന്നുപേരിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടി നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയാകെത്തന്നെയും അപഹസിക്കുന്ന തരത്തിലായിരുക്കുന്നു എന്നത് ലജ്ജാകരമാണ്. കോടികള്‍ ധൂര്‍ത്തടിക്കുന്ന മാമാങ്കമായി ഇത് അധഃപതിച്ചു എന്നതും നമ്മുടെ സാംസ്കാരിക പൈതൃകത്തെതന്നെ അധിക്ഷേപിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യുവത്വത്തില്‍തന്നെ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാര്‍ധക്യകാലത്തെ രൂപം അവതരിപ്പിച്ചതോ, സി വി രാമന്‍പിള്ളയുടെ ശില്‍പ്പത്തിനുപകരം സി വി രാമന്റെ ശില്‍പ്പം ഉണ്ടാക്കിവച്ചതോ, ബഞ്ചമിന്‍ ബെയ്ലിയെ മതപരിവര്‍ത്തകനാക്കിയതോ മാത്രം മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലല്ലിത്. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ മഹാവസന്തമുണ്ടാക്കിയ ചങ്ങമ്പുഴയെയും ഐതിഹാസിക മാനങ്ങളുള്ള ചരിത്രാഖ്യായികകള്‍കൊണ്ട് വഴിത്തിരിവ് സൃഷ്ടിച്ച സി വി രാമന്‍പിള്ളയെയുമൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് സംഘാടകര്‍ എന്നത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ചങ്ങമ്പുഴയെയും സി വി രാമന്‍പിള്ളയെയും ബഞ്ചമിന്‍ ബെയ്ലിയെയും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ സാര്‍ക്കാരിതര ഏജന്‍സിയെക്കൊണ്ട് നമ്മുടെ ഭാഷയുടെ പേരിലുള്ള വിശ്വസമ്മേളനം നടത്തിക്കുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവയ്ക്കൊന്നുമല്ല, അജ്ഞാതമായ ഏതോ രഹസ്യ ഏജന്‍സിക്കാണ് വിശ്വമലയാള മഹോത്സവം നടത്താനുള്ള ചുമതല. ഏതാണ് ഈ ഏജന്‍സി, ആരൊക്കെയാണ് അതിലുള്ളത് എന്നതൊക്കെ അജ്ഞാതമാണ്. അഞ്ചാറുകോടി രൂപ ആരൊക്കെയോ ചേര്‍ന്ന് ഭാഷയുടെ പേരില്‍ ധൂര്‍ത്തടിക്കുന്നു എന്നത് മാത്രമാണ് അറിയാവുന്ന ഏകകാര്യം. ആ ധൂര്‍ത്തിനുള്ള മറയാണ് വിശ്വമലയാള മഹോത്സവം. ഒരു ഉപദേശകസമിതി ഉണ്ടാക്കിയിട്ടുണ്ട്. അര്‍ഹതയും യോഗ്യതയുമുള്ള പല പ്രമുഖരെയും ഒഴിവാക്കിയുള്ള സമിതിയാണിത്. എന്നാല്‍, ആ സമിതിക്കുപോലും നടത്തിപ്പിലൊരു പങ്കുമില്ല എന്നതാണ് വസ്തുത. സാഹിത്യ അക്കാദമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സമ്മേളനം നടക്കുന്ന തിരുവനന്തപുരത്തുനിന്നുള്ള അക്കാദമി നിര്‍വാഹകസമിതിയംഗത്തിനുപോലും പരിപാടിയെക്കുറിച്ച് ഒരറിവുമില്ല. അതേസമയം, ഭാഷയും സംസ്കാരവുമായും ഒരു ബന്ധവുമില്ലാത്ത കുറെ കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പുകാരായി വേഷമിട്ടു നടക്കുന്നു. അവര്‍ക്കാകട്ടെ, സമ്മേളനം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. അവരും, പണംവാങ്ങി പരിപാടി നടത്തുന്ന ഇവന്റ് മാനേജ്മെന്റുകാരും ചേര്‍ന്ന് കേരളത്തിലെ ഭാഷാ വിദഗ്ധരെയും സാംസ്കാരിക നായകരെയുമൊക്കെ നോക്കുകുത്തികളാക്കുന്നു; ചങ്ങമ്പുഴയെ വയോവൃദ്ധനാക്കുന്നു; ബഞ്ചമിന്‍ ബെയ്ലിയെ മതപരിവര്‍ത്തനക്കാരനാക്കുന്നു; അസംബന്ധങ്ങളുടെ സംസ്കാരവിരുദ്ധ പരിപാടിയായി വിശ്വമലയാള മഹോത്സവത്തെ അധഃപതിപ്പിക്കുന്നു; കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു. തമിഴ്നാട് ഇടയ്ക്കിടെ വിശ്വതമിഴ് സമ്മേളനങ്ങള്‍ നടത്താറുണ്ട്. അവിടത്തെ സര്‍വകലാശാലകളുടെ സംയുക്താഭിമുഖ്യത്തിലാണ് അത് നടക്കുന്നത്. അത്തരം സമ്മേളനങ്ങള്‍ അതുകൊണ്ടുതന്നെ അര്‍ഥപൂര്‍ണമാകാറുണ്ട്. പുതുതായി ഉപയോഗത്തില്‍വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്ക് സമാനമായ തമിഴ് ഭാഷാപദങ്ങള്‍ ഉയര്‍ന്നുവരാറുള്ളതുപോലും അത്തരം സമ്മേളനങ്ങളുടെ ശില്‍പ്പശാലകളിലാണ്. കംപ്യൂട്ടറിനും മൗസിനുമൊക്കെ തമിഴ് പദങ്ങളുണ്ടായി. ഭാഷ അവിടെ അങ്ങനെ വികസിക്കുന്നു. ശാസ്ത്ര സാങ്കേതിക പദങ്ങളെല്ലാം അവര്‍ തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക പഠനത്തിന് സമര്‍ഥമാകുന്ന തരത്തില്‍ അവര്‍ തമിഴ് ഭാഷയെ നവീകരിച്ചെടുക്കുന്നു. ഭാഷാ വികസനകാര്യത്തില്‍ അവരുടെ സമ്മേളനങ്ങള്‍ നിര്‍ണായകപങ്ക് വഹിക്കുകയുംചെയ്യുന്നു. ഇവിടെ എന്ത്, എങ്ങനെ ചെയ്യണമെന്നറിയാത്ത ഭാവനാരഹിതമായൊരു ഭരണനേതൃത്വം തമിഴ്നാട്ടിലും മറ്റും നടക്കുന്നതിന്റെ വികലാനുകരണമാക്കി ഭാഷാ സമ്മേളനത്തെ മാറ്റുകയാണ്. സാഹിത്യ അക്കാദമിക്കാണ് ചുമതല എന്നാദ്യം പ്രഖ്യാപിച്ചു. പിന്നീട് സാംസ്കാരിക വകുപ്പ് അത് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഒടുവില്‍ യഥാര്‍ഥ നടത്തിപ്പുകാര്‍ ആര് എന്നതുതന്നെ അവ്യക്തമാകുന്ന നിലയിലായി. മലയാള ഭാഷാ സാഹിത്യ രംഗത്ത് ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ചില പേരുകാര്‍ മുഖ്യ സംഘാടകരായി. അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞുനടക്കുന്ന ചില നിഴലുകള്‍ നടത്തിപ്പുകാരായി. ഭാഷയുടെ കാര്യത്തില്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല. നിര്‍ബന്ധിത പഠനഭാഷയായി കേരളത്തിലെ എല്ലാ സ്കൂളിലും മലയാളം കൊണ്ടുവരിക എന്നത് സാര്‍വത്രികമായി നടപ്പാക്കാന്‍ നീക്കമില്ല. കരിക്കുലത്തിന്റെ ഭാഗമായി സിലബസില്‍ ഉള്‍പ്പെടുത്തി പീരിയഡ് അലോട്ട്ചെയ്ത് മലയാളഭാഷ പഠിപ്പിക്കാന്‍ ഒരു കാര്യവും നീക്കുന്നില്ല. ക്ലാസിക്കല്‍ ഭാഷാപദവിയെക്കുറിച്ച് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ട്. മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി കിട്ടണമെങ്കില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപസമിതിക്ക് ഇതു സംബന്ധിച്ച് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പരിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കണം. കേന്ദ്രത്തെക്കൊണ്ട് അതു ചെയ്യിക്കാന്‍ ഒരു ശ്രമവുമില്ല. അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ കൂട്ടാക്കാതെ ഭാഷയുടെ പേരിലൊരു മാമാങ്കം നടത്തി മേനി നടിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. ഇത് ആത്മാര്‍ഥതയില്ലായ്മയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ ഭാഷയെയും സാഹിത്യത്തെതും സംസ്കാരത്തെയും കുറിച്ച് അഭിമാനമുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ സര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്. കേരളത്തിലെ ഒരു സ്കൂളില്‍നിന്നും ഒരു വിദ്യാര്‍ഥിയും മലയാള ഭാഷയറിയാതെ പത്താംക്ലാസ് പാസായി വരില്ല എന്ന് ഉറപ്പാക്കണം. പ്രൈമറി തലത്തില്‍തന്നെ ഭാഷ ഉറപ്പിക്കാനും തുടര്‍ന്നുള്ള ഘട്ടത്തില്‍ ഭാഷാസാഹിത്യം പരിചയപ്പെടുത്താനുമൊക്കെ പദ്ധതികളുണ്ടാകണം. സ്വന്തം ഭാഷയെക്കുറിച്ചുള്ള സമ്മേളനംപോലും ഏജന്‍സിയെവച്ച് നടത്തിക്കുന്ന സംസ്കാര രാഹിത്യത്തിലേക്ക് കേരളം ചെന്നെത്തുന്നു എന്നത് അക്ഷന്തവ്യമാണ്; ഭാഷയോടും സംസ്കാരത്തോടുമുള്ള അധിക്ഷേപമാണ്. ഭാഷയെ വികസിപ്പിച്ചില്ലെങ്കിലും വേണ്ടില്ല, ഭാഷയെയും സംസ്കാരത്തെയും അധിക്ഷേപിക്കുന്നത് ഒഴിവാക്കുകയെങ്കിലും വേണം. വിശ്വമലയാള മഹോത്സവത്തിന്റെ സന്ദര്‍ഭത്തില്‍ ഇക്കാര്യത്തിലാവട്ടെ സര്‍ക്കാരിന്റെ ശ്രദ്ധ.
ദേശാഭിമാനി

Sunday, 28 October 2012



പ്രബുദ്ധതയിലും ജീവിതനിലവാരത്തിലും കേരളത്തെ ലോകത്തിന്റെതന്നെ മുന്‍നിരയില്‍ എത്തിച്ചത് മലയാളിയുടെ സംഘടിത പോരാട്ടങ്ങളും അതിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളുമാണ്. അതില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ളത്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയുമെല്ലാം വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിലെ സുപ്രധാന കണ്ണിയായിരുന്നു ഈ പ്രസ്ഥാനം.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് ആ രംഗത്തെ പ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഗ്രന്ഥശാലാ സംഘം നേടി. രണ്ട് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ട് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്. ജനകീയ പ്രസ്ഥാനങ്ങളുടെ മുന്‍കൈയോടൊപ്പം ഗ്രന്ഥശാലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ സഹായവും ഉണ്ടായതുകൊണ്ടാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക വേദിയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നത്. ഈ മഹല്‍സേവനത്തിന് വില കല്‍പ്പിക്കുന്ന സമീപനമല്ല സങ്കുചിത രാഷ്ട്രീയ വീക്ഷണം വച്ചുപുലര്‍ത്തുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ നിഷേധിച്ച് ഇതിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവവും കവര്‍ന്നെടുക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു അത് വീണ്ടെടുക്കാന്‍. 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും മുന്‍ഗാമികളുടെ പാതതന്നെയാണ് പിന്‍തുടരുന്നത്. സ്വയംഭരണ സ്ഥാപനമായ ലൈബ്രറി കൗണ്‍സിലിന്റെ നിയമാധിഷ്ഠിത അധികാരങ്ങളില്‍ കടന്നുകയറി ദൈനംദിന ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കൗണ്‍സിലിന് പ്രത്യേക സഹായമായി പ്രഖ്യാപിച്ച ഒരു കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജാറാം മോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ സര്‍ക്കാരിനു വേണ്ടി രണ്ടുവര്‍ഷമായി കൗണ്‍സില്‍ അടച്ച രണ്ടു കോടി രൂപ തിരിച്ചു നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതി- പദ്ധതിയിതര ഗ്രാന്റുകളായി 15.5 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഏഴുമാസം പിന്നിടാറായിട്ടും അതിന്റെ ഒരു ഗഡുപോലും അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് യഥാസമയം അപേക്ഷകള്‍ സമര്‍പ്പിച്ചുവെങ്കിലും അകാരണമായി ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നു. ഇതുമൂലം ലൈബ്രറികള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും നല്‍കാന്‍ കഴിയുന്നില്ല. ലൈബ്രറി സെസ് ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിച്ച തുക ഉപയോഗിച്ചാണ് ഇതുവരെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിച്ചത്. അത് തീര്‍ന്നതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങി. നിത്യച്ചെലവുകള്‍ക്ക് വകയില്ലാതെ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെട്ട ജയില്‍, ജുവനൈല്‍ ഹോം, ഹോസ്പിറ്റല്‍, ഓര്‍ഫനേജ്, മോഡല്‍ വില്ലേജ്, അക്കാദമിക്, ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതികള്‍ക്ക് ഭരണാനുമതിയും ഫണ്ടും ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം തുക ലാപ്സാകാനാണ് സാധ്യത. ഇതുമൂലം അടുത്ത വര്‍ഷം ഈ പദ്ധതികള്‍ക്ക് ആസൂത്രണ കമീഷന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും. പബ്ലിക് ലൈബ്രറീസ് ആക്ട് സെക്ഷന്‍ 48 അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചുമത്തുന്ന കെട്ടിട നികുതിയുടെയോ വസ്തു നികുതിയുടെയോ മേല്‍ ഒരു രൂപയ്ക്ക് 5 പൈസ തോതില്‍ സര്‍ചാര്‍ജായി ലൈബ്രറി സെസ് ലൈബ്രറി കൗണ്‍സിലിന് നല്‍കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റിന്റെ വരവുകൊണ്ടുമാത്രം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലൈബ്രറി സെസ് തുക ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജീവശ്വാസമായി തീരുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമമാണ് പി ടി തോമസ് എംപി അധ്യക്ഷനായ, സാംസ്കാരിക നയം ആവിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ. ലൈബ്രറി സെസിലെ ലൈബ്രറി കൗണ്‍സിലിനുള്ള വിഹിതം ഒരു ശതമാനമാക്കി കുറയ്ക്കണമെന്നാണ് ഈ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാംസ്കാരിക പ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും നിയമസഭാ സാമാജികരും നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ദൂരക്കാഴ്ചയോടെ നടപ്പാക്കിയ ഒരു നിയമത്തെ നിര്‍ദയം അട്ടിമറിക്കാനും ജനകീയ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഹീനമായ ശ്രമമാണ് ഇത്. ഇത് കേരളത്തിലെ പുസ്തക പ്രസാധന മേഖലയെയും ആനുകാലിക പ്രസിദ്ധീകരണ മേഖലയെയും തളര്‍ത്തും.

കേരളത്തിലെ ഗ്രന്ഥശാലകള്‍ സംസ്ഥാനത്തെ പുസ്തക വിപണിയില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് ഏകദേശം ഇരുപത് കോടി രൂപയാണ്. സര്‍ക്കാര്‍ ഗ്രാന്റ് അപര്യാപ്തമായ അവസ്ഥയില്‍ ലൈബ്രറി സെസ് കൂടി പരിമിതപ്പെടുന്നതോടെ ഗ്രന്ഥശാലകളുടെ പുസ്തക ഗ്രാന്റ് ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ദിനപത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങുന്നതിനുള്ള ഗ്രന്ഥശാലകളുടെ പ്രാപ്തി ദുര്‍ബലമാകും. സാംസ്കാരിക നയരൂപീകരണ സമിതിയുടെ കരടിലെ നിര്‍ദേശങ്ങളിലൊന്നായ, സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സാംസ്കാരിക ഉപദേശക സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ഗ്രന്ഥശാലകളിലും അവയില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുത്തുവന്ന താലൂക്ക്- ജില്ല- സംസ്ഥാന ഭരണ സംവിധാനങ്ങളിലും ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈയാണ് ഈ പകപോക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ഒന്നാമത്തെ പാര്‍ടി ആയതിനും അവര്‍ വായനശാലകളും ഗ്രന്ഥശാലകളും അടക്കമുള്ള സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിനും അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഭാവമെങ്കില്‍ ഇതിനായി ജീവിതം ഉഴിഞ്ഞുവച്ച പതിനായിരക്കണക്കായ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും കേരളീയ സമൂഹം കേവലം കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്നുമുള്ള പാഠം സമീപകാലാനുഭവങ്ങളില്‍ നിന്ന് സംസ്ഥാന ഭരണാധികാരികള്‍ പഠിച്ചാല്‍ നന്ന്. 
 ദേശാഭിമാനി

Saturday, 27 October 2012

ഒഞ്ചിയം: കര്‍ഷക സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏട്
മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ തിളങ്ങുന്ന ഒരേടാണ് ഒഞ്ചിയം. ജന്‍മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണ 1940-കളില്‍, സഹനതകളുടെ നുകം വലിച്ചെറിഞ്ഞ്, പോരാട്ടത്തിന്റെ പോര്‍ച്ചട്ടയണിഞ്ഞ് സമര ഭൂമികയില്‍ തീജ്വാലയായി ജ്വലിച്ച ഒഞ്ചിയം സമര ഭടന്‍മാര്‍. അവരുടെ ആത്മത്യാഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം കൈവരികയായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാതെ എന്തിനും ഏതിനും ജന്‍മിമാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്ന തങ്ങളുടെ തലമുറയുടെ ദുരിത പര്‍വ്വം അടുത്ത തലമുറകള്‍ അനുഭവിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു ഒഞ്ചിയം സമരത്തന് ഹേതു.

ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടുകൊണ്ട,് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരങ്ങളുമായെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പകര്‍ച്ച വ്യാധികളും മാറാ രോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘം ആശ്വാസമായി. വസൂരി, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ഒറ്റപ്പെട്ട് മരണം പ്രതീക്ഷിച്ച് കിടന്നവരെ പുതുജീവിതത്തിലേക്ക് അവര്‍ കൈപിടിച്ചുയര്‍ത്തി. പട്ടിണികിടക്കുന്നവര്‍ക്ക് ആവുന്നത്ര സഹായം നല്‍കാന്‍ പാര്‍ട്ടി പരിശ്രമിച്ചു. ഇത് ഒഞ്ചിയം ഗ്രാമത്തെയും പഴയ കുറുമ്പ്രനാട് താലൂക്കിനേയും ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിക്കുകയായിരുന്നു. ഇന്നത്തെ മലബാറിലെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ധീര കമ്മ്യൂണിസ്റ്റ് എം കുമാരന്‍ മാസ്റ്ററായിരുന്നു പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറി. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീര യുവത്വങ്ങള്‍ ജനങ്ങള്‍ക്ക് വഴികാട്ടികളായി നിന്നു.

ഒഞ്ചിയം: രക്തസാക്ഷിത്വവും ചോരയില്‍ വരച്ചിട്ട അരിവാള്‍ ചുറ്റികയും

ബ്രിട്ടീഷ് ഭരണത്തിന്റെ കയ്പുനീര്‍ കുടിച്ച് തളര്‍ന്ന ജനങ്ങള്‍ക്ക് സ്വതന്ത്ര ഭാരതത്തിലെ പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന ജനങ്ങളുടെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്തായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്രാജ്യത്വ വൈതാളികരുടെ നിലപാടുകള്‍ അതേപടി പിന്തുടര്‍ന്നു. അതുവരെ ലഭിച്ച അരിപോലും റേഷന്‍ കടകളില്‍ നിന്ന് ലഭിച്ചില്ല. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നിര്‍ബാധം തുടര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലകയറി. അരിക്ക് പകരം കമ്പച്ചോളം റേഷന്‍കടകളില്‍ നിര്‍ബന്ധമാക്കി. പൂഴ്ത്തിവെച്ച് അമിതവില വസൂലാക്കി നെല്ലു വില്‍ക്കുന്ന ജന്മിമാരും ഈ സന്ദര്‍ഭത്തില്‍ പട്ടിണി വിറ്റ് ലാഭം കൊയ്തു. ഇതിനെതിരെ കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ പാര്‍ട്ടിയും സജ്ജമായി.

'കമ്മ്യൂണിസ്റ്റ് ശല്യം' ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ കണ്ട മാര്‍ഗ്ഗം ഭീകര മര്‍ദ്ദനമായിരുന്നു. ഭക്ഷ്യ പ്രക്ഷോഭത്തിലേര്‍പ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിവന്നവരെ പുതിയ ഭരണാധികാരികള്‍ പരസ്യമായും രഹസ്യമായും വേട്ടയാടി. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ പലരെയും നിഷ്‌കരുണം വെടിവെച്ചുകൊല്ലാന്‍ തുടങ്ങി. കുറുമ്പ്രനാട് താലൂക്കിലെ മിക്ക വില്ലേജുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒഞ്ചിയത്തും റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.

1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. 'കല്‍ക്കത്താ കോണ്‍ഗ്രസി'ന്റെ വിശദീകരണത്തിനായി കുറുമ്പ്രനാട് താലൂക്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു. പാര്‍ട്ടിയോടുള്ള ജനങ്ങളുടെ കൂറും പിന്തുണയുമായിരുന്നു നേതൃത്വത്തെ ഇവിടെ യോഗം ചേരുന്നതിന് പ്രേരിപ്പിച്ചത്. യോഗ വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

കല്‍ക്കത്താ കോണ്‍ഗ്രസ് കഴിഞ്ഞ് നേതാക്കള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്നതേയുള്ളൂ. ചരിത്ര പ്രസിദ്ധമായ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം കേട്ട ഭരണാധികാരികള്‍ ഉറഞ്ഞുതുള്ളി. എം കുമാരന്‍മാസ്റ്റര്‍ ആയിരുന്നു പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. എം കെ കേളുഏട്ടന്‍, പി കെ കെ അബ്ദുള്ള, പി രാമക്കുറുപ്പ്, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, കെ പി കുഞ്ഞിരാമന്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, യു കുഞ്ഞിരാമന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. ഒറ്റുകാരുടെ നീക്കം മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

ഏപ്രില്‍ 30-ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. മുക്കാളിയില്‍ വന്നിറങ്ങിയ സംഘത്തില്‍ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ കുപ്രസിദ്ധരായ ഇന്‍സ്‌പെക്ടര്‍ അടിയോടിയും സബ്ഇന്‍സ്‌പെക്ടര്‍ തലൈമയും ഉണ്ടായിരുന്നു. 'ചെറുപയര്‍ പട്ടാള'മെന്ന കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി.
പാര്‍ട്ടി നേതാക്കളെ തേടി പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. നിലവിളി വീടുകളില്‍നിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവില്‍ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു പോലീസ് അധികാരികളുടെ കല്പന. ജനനേതാക്കളെ സ്വന്തം ഹൃദയത്തിലേറ്റിയ ഗ്രാമീണര്‍ക്ക് ഇത് അസഹ്യമായിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒഞ്ചിയത്ത് പോലീസ് സംഘം എത്തിയ വിവരം പാര്‍ട്ടി സഖാക്കള്‍ മെഗഫോണിലൂടെ വിളിച്ചു പറഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ശബ്ദംകേട്ട ദിക്കിലേക്ക് എത്തിക്കൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. തടിച്ചുകൂടിയ ജനസഞ്ചയത്തെക്കണ്ട് സായുധസേന ഞെട്ടിത്തരിച്ചു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി. പക്ഷെ ജനം കൂസിയില്ല.

ധീരനായ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി ഗര്‍ജ്ജിച്ചു: 'വെയ്ക്കിനെടാ വെടി'... പിന്നെ തുരുതുരാ വെടിവെപ്പായിരുന്നു. നിരായുധരായ ഗ്രാമീണര്‍ക്കുനേരെ പോലീസ് നിഷ്‌കരുണം വെടിയുതിര്‍ത്തു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവരും കമിഴ്ന്ന് കിടക്കണമെന്ന് സമരമുഖത്തുണ്ടായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ വിളിച്ചുപറഞ്ഞു. ജനം ഇത് അനുസരിച്ചതിനാല്‍ ഏറെപ്പേര്‍ വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെട്ടു.

ജന്‍മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന ഐതിഹാസികമായ പോരാട്ടത്തില്‍ പത്ത് ധീരസഖാക്കളാണ് ഒഞ്ചിയത്ത് രക്തസാക്ഷികളായത്. എട്ട്‌പേര്‍ പോലീസ് വെടിവെയ്പ്പിലും രണ്ടുപേര്‍ പിന്നീടു നടന്ന ക്രൂര മര്‍ദ്ദനത്തിലും.

അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോന്‍ കണാരന്‍, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍ എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങള്‍ കണക്കിന് തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരേയും അതില്‍ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തിലാണ് മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായത്.

ഒഞ്ചിയത്തിന്റെ ഇതിഹാസമായ മണ്ടോടികണ്ണന്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും വീരപുരുഷനാണ്. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ ഞെട്ടിക്കുകയായിരുന്നു. ഇത് ഒഞ്ചിയം സമര ചരിത്രത്തിലെ ഒരേട് മാത്രം. സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സമര വീര്യത്തിന്റെയും കഥകള്‍ ഇനിയുമേറെ.

 ജനയുഗം 07 ഫെബ്രുവരി 2012

Friday, 26 October 2012


  • അഴിമതിയ്ക്കെതിരെ ജനകീയ സമരം 
  • അഴിമതിയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്കും സര്‍വ്വലോക റെക്കോര്‍ഡിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. ഇത്രയധികം അഴിമതികളുടെ പരമ്പരകള്‍ ചുരുങ്ങിയകാലംകൊണ്ട് നടത്തിയ മറ്റൊരു ഭരണവും ലോകത്തിലുണ്ടാവില്ല. റിപ്പബ്ലിക്കുകള്‍ എന്ന പേരുണ്ടെങ്കിലും സാമ്രാജ്യത്വ ശിങ്കിടികളാല്‍ ഭരിക്കപ്പെടുന്നതും അഴിമതിയും അരാജകത്വവും നിറഞ്ഞതുമായ ബനാനാ റിപ്പബ്ലിക്കുകളെപ്പോലും നാണിപ്പിക്കുന്നവിധത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തിന്‍കീഴില്‍ അഴിമതി അരങ്ങ് തകര്‍ക്കുകയാണ്. ഭരണസിരാ കേന്ദ്രമായ ജനപഥ് 10-ാം നമ്പര്‍ വീട്ടിലെ ഗര്‍ഭഗൃഹത്തില്‍ ഇരിക്കുന്നവര്‍പോലും ഈ ബനാനാ റിപ്പബ്ലിക്കിനെ പരിഹസിക്കാനുള്ള ഔദ്ധത്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയേയും കോണ്‍ഗ്രസിന്റെ പ്രസിഡന്റിനേയും മുന്നില്‍ നിര്‍ത്തി അഴിമതിയും പകല്‍ക്കൊള്ളയും നടത്തുന്നവര്‍തന്നെയാണ്, ഇങ്ങനെ പരിഹസിക്കുന്നത് എന്നത് വിരോധാഭാസംതന്നെ. റോബര്‍ട്ട് വധേരയെപ്പോലെയുള്ള അഴിമതിക്കാര്‍ക്കുപോലും, മന്‍മോഹന്‍സിങ്ങിനോടുള്ള പുച്ഛവും തങ്ങളുടെ ""സാമര്‍ത്ഥ്യത്തി""ലുള്ള മതിപ്പും ആണ് അത് കാണിക്കുന്നത്. രാജീവ്ഗാന്ധിയുടെ കാലത്ത് 64 കോടി രൂപയുടെ കോഴ ഉള്‍പ്പെട്ട ബൊഫോഴ്സ് ഇടപാടായിരുന്നു ഏറ്റവും വലിയ അഴിമതി ക്കേസെങ്കില്‍, ഇന്ന് ലക്ഷക്കണക്കിന് കോടികള്‍ ഉള്‍പ്പെട്ട 2 ജി സ്പെക്ട്രം ഇടപാടും 3 ജി സ്പെക്ട്രം ഇടപാടും എസ് ബാന്‍ഡ് ഇടപാടും കല്‍ക്കരി ബ്ലോക്ക് കുംഭകോണവും എണ്ണപ്പാടങ്ങള്‍ റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത ഇടപാടും ന്യൂഡെല്‍ഹി വിമാനത്താവളത്തിന്റെ പിന്നിലുള്ള അഴിമതിയും സാസന്‍ പദ്ധതിയിലെ അഴിമതിയും മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയും അണക്കെട്ട് കുംഭകോണവും കര്‍ണാടകത്തിലെ ഇരുമ്പയിര്‍ ഖനികളിലുള്ള അഴിമതിയും ഡല്‍ഹിയിലെ കോമവെല്‍ത്ത് ഗെയിംസ് അഴിമതിയും അടക്കം നൂറുകണക്കിന് ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരംതൊട്ട് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്വരെയുള്ള പതിനെട്ട് മന്ത്രിമാരുടെമേല്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കെ, കല്‍ക്കരി ബ്ലോക്ക് കുംഭകോണത്തിലും എസ്ബാന്‍ഡ് അഴിമതിയിലും പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. (രണ്ട് കേന്ദ്രമന്ത്രിമാര്‍ ജയിലഴികള്‍ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു). ഇതിനൊക്കെ പുറമെ, കര്‍ഷകരെ പറ്റിച്ചും നാട്ടിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയും ഹരിയാണയിലെയും മറ്റും കോണ്‍ഗ്രസ് സര്‍ക്കാരുകളെ സ്വാധീനിച്ചും ചുളുവിലയ്ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തി നിമിഷാര്‍ധംകൊണ്ട് ശതകോടീശ്വരനായിത്തീര്‍ന്ന റോബര്‍ട്ട് വധേര (ഏറ്റവുമൊടുവില്‍ രാഹുല്‍ഗാന്ധിയും) അഴിമതിയുടെ പ്രഭവസ്ഥാനം സോണിയാഗാന്ധിതന്നെയാണ് എന്ന് വ്യക്തമായി തെളിയിക്കുന്നു. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം കോടി രൂപയുടെ അഴിമതി ഇടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വിറ്റ്സര്‍ലണ്ടിലെയും മറ്റും സുരക്ഷിതമായ ബാങ്കുകളില്‍ മുമ്പുതൊട്ടേ സൂക്ഷിച്ചുവരുന്ന രണ്ടുലക്ഷം കോടിയില്‍പരം രൂപയുടെ കള്ളപ്പണം അതിനുപുറമെയാണ്. (കള്ളപ്പണം ഇങ്ങനെ സൂക്ഷിക്കുന്നവരുടെ പേരുകള്‍ സ്വിറ്റ്സര്‍ലണ്ടും ജര്‍മനിയും മറ്റും നല്‍കാന്‍ തയ്യാറായിട്ടും അത് വാങ്ങി പ്രസിദ്ധീകരിക്കാതെ, രഹസ്യമാക്കിവെച്ചിരിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കള്ളപ്പണക്കാരെ വളര്‍ത്തുകയാണ് ചെയ്യുന്നത്). 1992ല്‍ മന്‍മോഹന്‍സിങ് കേന്ദ്ര ധനകാര്യമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങളാണ്, ഈ കോര്‍പ്പറേറ്റ് അഴി മതികള്‍ക്ക് വഴിവെച്ചത്. ഭരണാധികാരികളും ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തം (ക്രോണി ക്യാപിറ്റലിസം) ആണ് അഴിമതി ഭരണത്തിന്റെ അടിസ്ഥാനം. വെള്ളവും കല്‍ക്കരിയും ഇരുമ്പും ക്രൂഡ് ഓയിലും ഭൂമിയും കാടും മരവും പരിസ്ഥിതിയും അടക്കമുള്ള രാജ്യത്തിന്റെ പ്രകൃതി സമ്പത്തെല്ലാം കോര്‍പ്പറേറ്റുകള്‍ക്കുമുന്നില്‍ അടിയറവെയ്ക്കുന്ന നയം നടപ്പാക്കാന്‍ ആരംഭിച്ചതിനുശേഷമാണ് അഴിമതി ഇത്രത്തോളം വ്യാപകമായ വിഷവൃക്ഷമായി വളര്‍ന്നത്. 2 ജി - 3 ജി സ്പെക്ട്രങ്ങള്‍ അടക്കമുള്ള അമൂല്യ വിഭവങ്ങളെല്ലാം നിസ്സാരവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന യുപിഎ സര്‍ക്കാരിന്റെ അതേ നയങ്ങള്‍തന്നെയാണ് ബിജെപി കേന്ദ്രത്തില്‍ ഭരിച്ചിരുന്ന കാലത്തും ഇപ്പോള്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവലംബിച്ചിരുന്നത്, അവലംബിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. കോഴപ്പണം അടക്കമുള്ള അഴിമതികളില്‍ മുങ്ങിത്താഴ്ന്നാണല്ലോ, വാജ്പേയ് സര്‍ക്കാര്‍ രംഗമൊഴിഞ്ഞത്. ഇപ്പോള്‍ കര്‍ണാടകവും ഗുജറാത്തും മറ്റും ബിജെപിയുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ആ പാര്‍ടിയുടെ പ്രസിഡണ്ടിനുനേരെപോലും ഗുരുതരമായ അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നു. യുപിയിലെ മായാവതിയുടെ ബഹുജന്‍സമാജ് പാര്‍ടിയെപ്പോലെയുള്ള പ്രാദേശിക കക്ഷികളും, അഴിമതിയുടെ കാര്യത്തില്‍ കിട്ടാവുന്നത്ര പങ്ക് അടിച്ചെടുക്കുന്നുണ്ട്. അഴിമതിക്കാരെ തെരുവില്‍ മുക്കാലിയില്‍കെട്ടി ചാട്ടവാറുകൊണ്ടടിക്കണം എന്ന് പ്രസ്താവിച്ച ഒന്നാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ന് ഡെല്‍ഹിയില്‍ തിരിച്ചുവരികയാണെങ്കില്‍ കാണുക തന്റെയും (മഹാത്മാ) ഗാന്ധിയുടെയും കുടുംബ പേരുകള്‍ അനുചിതമായി ഉപയോഗിച്ച് അഴിമതി നടത്തുന്ന സന്തതിപരമ്പരകളും പാര്‍ടി പ്രമാണിമാരും തെരുവില്‍ മര്‍ക്കാലിയില്‍ കെട്ടപ്പെട്ടു കിടക്കുന്നതാണ്; നാടിനെ കട്ടുമുടിച്ച്, കുട്ടിച്ചോറാക്കുന്നവരെയാണ്. തങ്ങളുടെ അഴിമതിക്കഥകള്‍ പുറത്തുവരുന്നത് വിവരാവകാശനിയമം കാരണമാണ്, അതിനാല്‍ ആ നിയമത്തിന് പരിമിതി നിശ്ചയിക്കണം എന്നാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ്ങും കൂട്ടരും പ്രസ്താവിക്കുന്നത്. 1975ലെ അടിയന്തിരാവസ്ഥയിലേക്കുള്ള ഒരു നീക്കമാണോ ഇത്? അഴിമതി എന്ന അര്‍ബുദത്തിന്റെ ഭീകര വിപത്ത് രാഷ്ട്ര ശരീരത്തിലാകെ വ്യാപിപ്പിച്ച മന്‍മോഹന്‍സിങ്-സോണിയാഗാന്ധി ഭരണത്തിനെതിരായി രാജ്യവ്യാപകമായി ശക്തമായ ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ (എം) കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തത് ഈ പശ്ചാത്തലത്തിലാണ്.

  • ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ അനിവാര്യത 
    വി.വി. ദക്ഷിണാമൂര്‍ത്തി
  • സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. നിലവിലുള്ള ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയ്ക്കുപകരം സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ബഹുജനങ്ങളുടെ ബോധപൂര്‍വമായ സഹായവും പങ്കാളിത്തവുമില്ലാതെ സാമൂഹ്യമാറ്റം കൈവരിക്കാനോ പുതിയ സമൂഹം സൃഷ്ടിക്കാനോ കഴിയില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മാത്രമേ ബഹുജനവിപ്ലവ പാര്‍ടി കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും കഴിയൂ. ബഹുജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

    കമ്യൂണിസ്റ്റുകാര്‍ വെള്ളത്തിലെ മത്സ്യം പോലെയാണെന്നാണ് മൗ സേ ദോങ് ചൂണ്ടിക്കാണിച്ചത്. മത്സ്യത്തിന് വെള്ളത്തില്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ. വെള്ളത്തില്‍നിന്ന് പുറത്തിട്ടാല്‍ അതിന് ജീവന്‍ നഷ്ടപ്പെടും. അതേപോലെ ഒരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് അകന്നാല്‍, ഒറ്റപ്പെട്ടാല്‍ കമ്യൂണിസ്റ്റല്ലാതാവും. ഇതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് പാര്‍ടിയുടെ തുടക്കംമുതലുള്ള പാര്‍ടി സഖാക്കളുടെ പ്രവര്‍ത്തനം. രണ്ടാംലോകമഹായുദ്ധകാലത്ത് നാട്ടില്‍ ക്ഷാമവും വിലക്കയറ്റവും മൂര്‍ഛിച്ചു. "ബര്‍മ്മ"യില്‍നിന്നിനിയരി വരുവാനില്ല, ബര്‍മ്മ പിടിച്ചുകഴിഞ്ഞു ജപ്പാന്‍" എന്നായിരുന്നു കവി പാടിയത്. അരിക്കുപകരം കമ്പവും ചോളവും ഭക്ഷണമാക്കേണ്ടിവന്നു. നെല്ല് പൂഴ്ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ഈ അവസരം നന്നായി വിനിയോഗിച്ചു. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കമ്യൂണിസ്റ്റുകാര്‍ പ്രതികരിച്ചു. കരിഞ്ചന്തയില്‍ വില്‍ക്കാനായി ഒളിച്ചുകടത്തിയ അരി ലോറിയില്‍നിന്ന് ബലമായെടുത്ത് കമ്യൂണിസ്റ്റുകാര്‍ വിശക്കുന്നവര്‍ക്ക് വിതരണംചെയ്തു. ഇത് ചെയ്തവരെ പൊലീസ് പിടികൂടി. മര്‍ദിച്ച് ജയിലിലടച്ചു. പലരേയും മര്‍ദിച്ചും വെടിവെച്ചും കൊന്നു. അതുകൊണ്ടൊന്നും കമ്യൂണിസ്റ്റുകാര്‍ അടങ്ങിയിരുന്നില്ല; നിരാശരായില്ല.

    നാട്ടിലാകെ വസൂരിരോഗം പടര്‍ന്നുപിടിച്ചപ്പോള്‍ പാവപ്പെട്ടവരെ സഹായിക്കാനാളുണ്ടായിരുന്നില്ല. പകര്‍ച്ചവ്യാധിയായതുകൊണ്ട് രോഗം പകരുമെന്ന ഭയംമൂലം രോഗികളുടെ വീട്ടില്‍പോയി ശുശ്രൂഷിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്കുപോലും ഭയമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ രണ്ടുംകല്‍പ്പിച്ച് വീടുകളില്‍പോയി രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും തയ്യാറായി. രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികളുണ്ടായിരുന്നില്ല. നാടന്‍ ചികിത്സമാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരുടെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍മൂലം അവരെ സ്നേഹിക്കാനും സഹായിക്കാനും അവരുമായി സഹകരിക്കാനും ജനങ്ങള്‍ സന്നദ്ധരായി. ഇത് അനുകരണീയമായ മാതൃകയായി ജനങ്ങള്‍ കണ്ടു. കമ്യൂണിസ്റ്റുകാര്‍ ചോരക്കൊതിയന്മാരാണെന്നും അരിവാള്‍ കഴുത്തറുക്കാനും ചുറ്റിക തലയടിച്ച് പൊളിക്കാനുമുള്ളതാണെന്ന കമ്യൂണിസ്റ്റ് ശത്രുക്കളുടെ നുണപ്രചാരവേല ഫലിച്ചില്ല. വീട് കയറിയിറങ്ങി നുണ പ്രചരിപ്പിക്കുകയല്ലാതെ ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും അന്നുണ്ടായിരുന്നില്ലല്ലൊ. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം തുടക്കം മുതല്‍ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അവര്‍ സമൂഹത്തിലെ ഉത്തമ മാതൃകയായിരുന്നു എന്നും ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്.

    ഇന്ന് ജീവകാരുണ്യപ്രവര്‍ത്തനം നടത്താന്‍ ജാതിമത ശക്തികള്‍ നടത്തുന്നു. അവര്‍ സന്നദ്ധസംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. പലവിധ രോഗങ്ങളും ഇന്ന് ജനങ്ങളെ അലട്ടുന്നുണ്ട്. പരിഷ്കൃത സമൂഹത്തിലും ശാസ്ത്രം വളരെ പുരോഗമിച്ചകാലത്തും ക്യാന്‍സര്‍ ഒരു മാറാരോഗമായി അവശേഷിക്കുന്നു. ചിലരൊക്കെ ചികിത്സകൊണ്ട് രക്ഷപ്പെടുന്നുണ്ടെങ്കിലും പലരും രോഗംമൂലം കഷ്ടപ്പെടുന്നവരാണ്. മരുന്നിനാണെങ്കില്‍ മറ്റെന്തിനേക്കാളും വിലക്കയറ്റമാണ്. തോന്നിയവില ഈടാക്കുന്ന നിലയുമുണ്ട്. ആരും ചോദിക്കാനും പറയാനുമില്ല എന്ന അവസ്ഥയാണ്. സമൂഹത്തെ അലട്ടുന്ന മറ്റൊരു വിഷയം വാര്‍ധക്യമാണ്. അണുകുടുംബം ഇപ്പോള്‍ ഒരു പ്രത്യേകയാണ്. മക്കള്‍ കുടുംബമായാല്‍ വേറിട്ടുപോകും. അച്ഛനെയും അമ്മയെയും കാരണവരെയും വാര്‍ധക്യകാലത്ത് സഹായിക്കാനാളില്ല. അതുപോലെതന്നെ മാറാരോഗം ബാധിച്ചവര്‍ക്ക് സാന്ത്വനം നല്‍കാന്‍ സംവിധാനമില്ല. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വാഹനാപകടം, മരത്തില്‍നിന്ന് വീഴല്‍, വെള്ളത്തില്‍ മുങ്ങല്‍, തീപൊള്ളല്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ നിത്യേനയെന്നോണം ഉണ്ടാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രഥമശുശ്രൂഷ വളരെ പ്രധാനമാണ്. പ്രഥമശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചറിയേണ്ടതുണ്ട്, പരിശീലിക്കേണ്ടതുണ്ട്. സഹായിക്കാന്‍ വേണ്ടത് സേവന സന്നദ്ധതയാണ്. സന്നദ്ധഭടന്മാര്‍ പല രാഷ്ട്രീയ പാര്‍ടികളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധഭടന്മാരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കെടുക്കുന്നതിന് പരിശീലനം നല്‍കേണ്ടതാവശ്യമാണ്. സിപിഐ എം പാര്‍ടിയുടെ സന്നദ്ധ ഭടന്മാരെ ഇത്തരം സാമൂഹ്യസേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കാന്‍ നിരന്തരം ശ്രമിച്ചുവരികയാണ്.

    മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സതേടി വരുന്ന പാവപ്പെട്ടവര്‍ക്ക് പലവിധ സഹായങ്ങളും ലഭിക്കേണ്ടതുണ്ട്. ശുചീകരണ പ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ്. 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വ്യാപകമായനിലയില്‍ സന്നദ്ധഭടന്മാര്‍ കൂട്ടത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. ഇത് നല്ല മതിപ്പുണ്ടാക്കിയ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു. പാര്‍ടിയും അനുഭാവികളും സേവന സന്നദ്ധതയുള്ളവരും പങ്കെടുത്തുകൊണ്ട് കേരളത്തിന്റെ പല ഭാഗങ്ങളിലും സഹകരണ ആശുപത്രികളുണ്ടാക്കി നല്ലനിലയില്‍ നടത്തിവരുന്നു. കണ്ണൂരിലെ എ കെ ജി സഹകരണ ആശുപത്രിയും പെരിന്തല്‍മണ്ണയിലെ ഇ എം എസ് ആശുപത്രിയും വടകരയിലെ സഹകരണ ആശുപത്രിയും ഉള്‍പ്പെടെ നിരവധി സഹകരണ ആശുപത്രികള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.

    കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പീപ്പിള്‍സ് റിലീഫ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍മയില്‍ വന്ന ചില പേരുകള്‍ പരാമര്‍ശിച്ചു എന്നുമാത്രം. പാര്‍ടി മുന്‍കൈയെടുത്തുകൊണ്ട് മിക്കവാറും ജില്ലകളില്‍ സഹകരണ ആശുപത്രികളും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും വൃദ്ധസദനങ്ങളും എല്ലാം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സിപിഐ എം കൊലയാളികളുടെ പാര്‍ടിയാണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്. അങ്ങനെ പ്രചരിപ്പിക്കുന്നവരെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. അവരുടെ സത്യസന്ധതയെപ്പറ്റി ജനങ്ങള്‍തന്നെ വിലയിരുത്തട്ടെ. സിപിഐ എം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ പാര്‍ടിയാണ്. പാവപ്പെട്ടവരുടെ യഥാര്‍ഥ മോചനം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജനപക്ഷത്ത് ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. വര്‍ഗസമരത്തിന്റെ പാതയില്‍ അടിപതറാതെ മുന്നേറുന്നതോടൊപ്പം അവശതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത ഏറ്റെടുത്തുകൊണ്ട് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും പ്രവര്‍ത്തിക്കുകതന്നെ ചെയ്യും.