Wednesday, 12 December 2012

  • മാഞ്ചസ്റ്ററും വാള്‍മാര്‍ട്ടും കുറെ പാഷാണം വര്‍ക്കിമാരും
  • ചില്ലറ വില്‍പനരംഗത്ത് വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്ന പ്രശ്നത്തില്‍ ലോകസഭയില്‍ ഡിസംബര്‍ 4, 5 തീയതികളില്‍ നടന്ന ചര്‍ച്ചയും വോട്ടെടുപ്പും (ഇതെഴുതുമ്പോള്‍ രാജ്യസഭയിലെ ചര്‍ച്ച തുടങ്ങിയിട്ടില്ല) ഒരു കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കി: എഫ്ഡിഐയുടെ വരവിനെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും അവരെ പ്രതിനിധീകരിക്കുന്ന പാര്‍ടികളും എംപിമാരും എതിര്‍ക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത 18 രാഷ്ട്രീയ പാര്‍ടികളില്‍ 14 പാര്‍ടികളും അതിനെ എതിര്‍ത്തു സംസാരിച്ചപ്പോള്‍, അതിനെ ശക്തിയായി അനുകൂലിക്കാന്‍ കോണ്‍ഗ്രസ്സ് മാത്രമാണ് മുന്നില്‍ നിന്നത്. ലാലുപ്രസാദ് യാദവിെന്‍റ ആര്‍ജെഡിയും അജിത്സിങ്ങിെന്‍റ ആര്‍എല്‍ഡിയും ശരത് പവാറിന്റെ എന്‍സിപിയും ഒപ്പമുണ്ടായിരുന്നു. ചര്‍ച്ചയില്‍ എഫ്ഡിഐയെ എതിര്‍ത്ത ബിഎസ്പിയും എസ്പിയും വോട്ടെടുപ്പ് സമയത്ത് ഇറങ്ങിപ്പോയതിനാല്‍ സാങ്കേതികമായി പ്രതിപക്ഷ പ്രമേയം പരാജയപ്പെട്ടുവെന്നു പറയാമെങ്കിലും ധാര്‍മികമായും നൈതികമായും യുക്തിപരമായും പരാജയപ്പെട്ടത് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തന്നെയാണ്. ആകെ 223 എംപിമാരുള്ള നാല് പാര്‍ടികള്‍ മാത്രം എഫ്ഡിഐയെ അനുകൂലിച്ചപ്പോള്‍, ലോകസഭയിലെ 545 അംഗങ്ങളില്‍ മഹാഭൂരിപക്ഷവും അതിനെ എതിര്‍ക്കുന്നുവെന്നത്, രാജ്യത്തിലെ ജനങ്ങളുടെ മുഴുവന്‍ പ്രതികരണമായിത്തന്നെ കാണണം. അങ്ങനെ കല്ലും നെല്ലും വേര്‍തിരിഞ്ഞിരിക്കുന്നു.

    2008ല്‍ അമേരിക്കന്‍ ആണവ കമ്പനികള്‍ക്കുവേണ്ടി ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ വികാരം ചവിട്ടിയരച്ച മന്‍മോഹന്‍സിങ്, ഇത്തവണയും അതേ രീതിയില്‍ അമേരിക്കന്‍ ചില്ലറ വില്‍പന ഭീമനായ വാള്‍മാര്‍ട്ടിനും (അതിെന്‍റ ഡയറക്ടര്‍മാരില്‍ ഒരാളാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്‍റണ്‍) മറ്റ് ബഹുരാഷ്ട്ര കുത്തകകള്‍ക്കുംവേണ്ടി ഇന്ത്യയിലെ 4 കോടിയില്‍പ്പരം ചില്ലറ വില്‍പനക്കാരേയും 20 കോടിയില്‍പ്പരം വരുന്ന അവരുടെ കുടുംബാംഗങ്ങളെയും ഒറ്റു കൊടുക്കുന്ന കാഴ്ചയാണ് ലോകസഭയില്‍ ഡിസംബര്‍ 5ന് കണ്ടത്. അന്നത്തെപോലെ ഇന്നും എസ്പി മന്‍മോഹന്‍സിങ്ങിെന്‍റ ഭീഷണികള്‍ക്കും കോഴകള്‍ക്കും വഴങ്ങി, എഫ്ഡിഐയെ പരോക്ഷമായി അനുകൂലിക്കുകയും ചെയ്തു. ഇപ്പോള്‍ ഒപ്പം ബിഎസ്പിയും കൂടി. (പ്രത്യക്ഷത്തില്‍ അവര്‍ എതിര്‍ക്കുന്നതായി അഭിനയിക്കുന്നുണ്ടെങ്കിലും). അതില്‍ എസ്പിയുടെ നേതാവ് മുലായംസിങ് യാദവ്, എഫ്ഡിഐയ്ക്കെതിരായി ഇടതുപക്ഷം ഡല്‍ഹിയില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച കാര്യം സ്മരണീയമാണ്. എന്നിട്ടും അദ്ദേഹത്തെക്കൊണ്ട് മാറ്റി ചിന്തിപ്പിയ്ക്കണമെങ്കില്‍, മന്‍മോഹന്‍സിങ് ചില്ലറ വാഗ്ദാനങ്ങളൊന്നും ആയിരിക്കുകയില്ല നല്‍കിയിട്ടുണ്ടാവുക. തെന്‍റ ഈ ഇരട്ടത്താപ്പിന്, അദ്ദേഹത്തിന് യുപിയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും.

    പ്രതിപക്ഷം ഒന്നടങ്കവും യുപിഎ ഘടകകക്ഷികളില്‍ പ്രമുഖ കക്ഷിയായ ഡിഎംകെയും യുപിഎയെ പിന്‍താങ്ങുന്ന എസ്പി, ബിഎസ്പികളും ഇതുവരെ ഘടകകക്ഷിയായിരുന്ന തൃണമൂലും എല്ലാം എതിര്‍ത്തിട്ടും, ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യമല്ല തനിക്ക് പ്രധാനം, മറിച്ച് അമേരിക്കന്‍ സര്‍ക്കാരിെന്‍റയും ബഹുരാഷ്ട്ര കുത്തകകളുടെയും പാദസേവയാണ് പ്രധാനം എന്ന് തെന്‍റ നിഗൂഢവും കപടവുമായ മൗനത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ച മന്‍മോഹന്‍സിങ്ങിെന്‍റ ആഗ്രഹം പക്ഷേ നടക്കാന്‍ പോകുന്നില്ല. അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് നാലുകൊല്ലം മുമ്പ് ചുവപ്പു പരവതാനി വിരിച്ചു കൊടുത്തിട്ടും, ഒരൊറ്റ കമ്പനിയ്ക്കും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞിട്ടില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യന്‍ ചെറുകിട വ്യാപാരികളെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചാലും, ഒരൊറ്റ ബഹുരാഷ്ട്ര കുത്തകയേയും ഇന്ത്യയില്‍ വേരുറപ്പിയ്ക്കാന്‍ ഇന്ത്യന്‍ ജനത അനുവദിക്കുകയില്ല. മന്‍മോഹന്‍സിങ്ങിെന്‍റ ഉദാരവല്‍ക്കരണനയം നടപ്പാക്കപ്പെട്ടതിനുശേഷം 2,60,000 ലധികം കൃഷിക്കാരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. മൊണ്‍സാേന്‍റാ എന്ന കൂറ്റന്‍ ബഹുരാഷ്ട്ര വിത്തുല്‍പാദനക്കമ്പനി ഇന്ത്യയില്‍നിന്ന് ചുരുങ്ങിയ കാലംകൊണ്ട് 40,000 കോടി രൂപ ലാഭമായി കടത്തിക്കൊണ്ടു പോയപ്പോള്‍, ആ കമ്പനിയുടെ അന്തക വിത്തു വാങ്ങിയ കൃഷിക്കാരെല്ലാം അന്തകെന്‍റ രാജ്യത്തിലേക്ക് പോകേണ്ടിവന്നു. രാജ്യത്തെ തൊഴിലാളികളില്‍ 70 ശതമാനത്തിലേറെപ്പേരും യാതൊരു ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കാത്ത കരാര്‍ ജോലിക്കാരും താല്‍കാലിക ജോലിക്കാരും ബദല്‍ ജോലിക്കാരും ആയി മാറ്റപ്പെട്ടു. ബഹുരാഷ്ട്ര ചില്ലറ വില്‍പന കമ്പനികള്‍ കാലുകുത്തിയ ലോകത്തിലെ ഒരൊറ്റ രാജ്യത്തും കൃഷിക്കാരടക്കമുള്ള ഉല്‍പാദകര്‍ക്ക് കൂടുതല്‍ വില കിട്ടിയിട്ടില്ല, ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ചരക്കും കിട്ടിയിട്ടില്ല. രണ്ടുകൂട്ടരും ഒരേസമയം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ രൂക്ഷമായി ചൂഷണം ചെയ്യപ്പെടുകയാണുണ്ടായത്. ആ അനുഭവംവെച്ചാണ്, ബഹുരാഷ്ട്ര കുത്തകകളെ കാലുകുത്താന്‍ അനുവദിയ്ക്കില്ല എന്ന് സിപിഐ എം പ്രഖ്യാപിച്ചിട്ടുള്ളത്. നാട്ടിന്‍പുറത്തെ കൈത്തറിത്തൊഴിലാളികളുടെ പെരുവിരല്‍ മുറിച്ച് അവരെ തെരുവാധാരമാക്കിയിട്ടാണ് പണ്ട് മാഞ്ചസ്റ്ററിലെ തുണിമില്‍ മുതലാളിമാര്‍ ഇന്ത്യയെ കൊള്ളയടിച്ചത്. ഇന്ത്യയെ വികസിപ്പിക്കുന്നുവെന്നും ആധുനികവല്‍കരിക്കുന്നുവെന്നും ആണ് അന്ന് സാമ്രാജ്യത്വം അവകാശപ്പെട്ടിരുന്നത്. രണ്ടുലക്ഷം കോടി രൂപ ആണ് അവര്‍ കവര്‍ന്നുകൊണ്ടുപോയത്. അതിനെ ന്യായീകരിയ്ക്കാന്‍ ഇവിടെ ചില മിര്‍ജാഫര്‍മാരും ഉണ്ടായിരുന്നു. ഒന്നര നൂറ്റാണ്ടിലേറെക്കാലത്തെ അടിമത്തമായിരുന്നു അതിെന്‍റ ഫലം. ഇന്ന് നാട്ടിന്‍പുറത്തെ ചില്ലറ വ്യാപാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തകര്‍ച്ചയിലേക്ക് നയിക്കുന്ന എഫ്ഡിഐക്ക് ചുവപ്പു പരവതാനി വിരിക്കുന്നവരും അവകാശപ്പെടുന്നത്, ഇന്ത്യയെ ആധുനികവല്‍കരിക്കുന്നു, വികസിപ്പിക്കുന്നു എന്നാണ്. സാമ്രാജ്യത്വ അധിനിവേശത്തിെന്‍റ ആധുനികശൈലിയെ വെള്ളപൂശുകയാണ് ഇന്നത്തെ മിര്‍ജാഫര്‍മാര്‍ ചെയ്യുന്നത്. അവരുടെയൊപ്പം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് - ലീഗ് എംപിമാര്‍ അണിനിരന്നത്, രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം കൗതുകകരമായ കാഴ്ചയായിരുന്നു. കേരളത്തില്‍ വരുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്കുവേണ്ടി കരയുന്നതായി അഭിനയിക്കുന്ന ഈ പാഷാണം വര്‍ക്കിമാരുടെ അഭിനയപാടവം, കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയമൊന്നും ആയിരുന്നില്ല ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ആ ഗവണ്‍മെന്‍റിനെ താഴത്തിറക്കാന്‍ ഈ നീക്കം കൊണ്ട് പ്രതിപക്ഷം ഉദ്ദേശിച്ചിരുന്നതുമില്ല. 20 കോടി ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്ന ഒരു സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം മാത്രമായിരുന്നു അത്. അതില്‍പോലും ജനങ്ങളുടെ പക്ഷത്തുനില്‍ക്കാന്‍ തയ്യാറില്ലാത്ത, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന, മിര്‍ജാഫര്‍മാരെ ജനങ്ങള്‍ പാഠം പഠിപ്പിയ്ക്കാതിരിക്കുകയില്ല.

Sunday, 2 December 2012


  • കേരള രാഷ്ട്രീയം ഇന്ന് 
  • കേരള രാഷ്ട്രീയചിത്രമാകെ ചന്ദ്രശേഖരന്റെ വധം മാറ്റിമറിച്ചുവെന്നാണ് ആര്‍എംപി ഉറച്ചു വിശ്വസിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ 2012 മെയ് 4ന് മുമ്പും പിമ്പും എന്നു രണ്ടായി വിഭജിക്കാം എന്നാണ് അവരുടെ നേതാവ് കെ എസ് ഹരിഹരന്‍ പ്രസ്താവിക്കുന്നത്. ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടന&ൃറൂൗീ;യായി സിപിഐ എം അധഃപതിച്ചിരിക്കുന്നു; ഇനി കമ്മ്യൂണിസത്തെ രക്ഷിക്കാന്‍ ആര്‍എംപിയല്ലാതെ മറ്റൊന്നുമില്ല എന്നിങ്ങനെ പോകുന്നു പ്രചരണങ്ങള്‍. ഏതുതരത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയാണ് ആര്‍എംപി വിഭാവന ചെയ്യുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യുഡിഎഫുമായി ഔപചാരികമായി ചേര്‍ന്നില്ലെങ്കിലും യുഡിഎഫിനെന്നപോലെ സിപിഐഎമ്മാണ് ആര്‍എംപിയുടെയും ഏകോപനസമിതിയുടെയുമെല്ലാം മുഖ്യശത്രു. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ചെയ്യുന്നതെന്തോ, അതാണ് ഇവരുടെ രാഷ്ട്രീയം.

    കാലോചിതമാക്കിയ സിപിഐ എം പരിപാടിയെക്കുറിച്ച് ആര്‍എംപി നേതാക്കള്‍ നടത്തുന്ന വിമര്‍ശനം എത്ര ദുര്‍ബലമാണെന്നു കണ്ടുകഴിഞ്ഞു.പുതിയ അന്തര്‍ദേശീയ, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് കാലോചിതമാക്കിയ പരിപാടിയിലെ ആദ്യ അധ്യായങ്ങളിലെ വിശകലനങ്ങളോട് എതിര്‍പ്പില്ലാത്തവര്‍ക്ക്, വിദേശമൂലധനത്തെ കര്‍ശനമായ ഉപാധികളോടെ പരിമിതമായ തോതില്‍ ഉപയോഗപ്പെടുത്തേണ്ടി വരും എന്ന നിലപാടിനെ എങ്ങനെ തളളിക്കളയാനാകും? പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കുമെന്ന കാഴ്ചപ്പാട് പാര്‍ടി പരിപാടിയില്‍ നിന്നും ഒഴിവാക്കി എന്നതാണ് മറ്റൊരു ആക്ഷേപം. ""മൗലികമായ ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഭൂപ്രഭുത്വം അവസാനിപ്പിക്കണം"" എന്ന് കാലോചിതമാക്കപ്പെട്ട പരിപാടിയുടെ 6.4(1)ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ, ജന്മിത്തത്തോട് സിപിഐഎം എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. 1964-ലെ പരിപാടിയില്‍ പ്രതിഫലം നല്‍കാതെ ഭൂപ്രഭുത്വം അവസാനിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത് എന്നത് ശരിയാണ്. 1964നു ശേഷം കാര്‍ഷികമേഖലയിലെ മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി അവിടെ മുതല്‍മുടക്കിയിട്ടുളള മുതലാളിത്ത ഭൂപ്രഭുക്കന്മാരുടെ പ്രാധാന്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഫ്യൂഡല്‍ ഭൂപ്രഭുക്കളെപ്പോലെ പൂര്‍ണമായും ഇത്തിള്‍ക്കണ്ണികളല്ല ഇവര്‍. മുതലാളിത്ത ഭൂപ്രഭുത്വത്തെ ഇല്ലാതാക്കണം എന്നതു സംബന്ധിച്ച് പരിപാടിയില്‍ ഒരാശയക്കുഴപ്പവുമില്ല. എന്നാല്‍ ഇവരുടെ മുതല്‍മുടക്കിന് ഭാഗീകമായി നഷ്ടപരിഹാരം നല്‍കണോ എന്നത് വിപ്ലവകാലത്തെ മൂര്‍ത്തമായ സാഹചര്യങ്ങളെ അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. ചെറുകിട ജന്മിമാര്‍ക്ക് നഷ്ടപരിഹാരം നല്‍കണോ വേണ്ടയോ എന്നുളള പ്രശ്നമുണ്ട്. ഇവയെല്ലാം അടവുപരമായ പ്രശ്നങ്ങളാണ്. ഭൂപ്രഭുത്വം അവസാനിപ്പിക്കണം എന്നുള്ള കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും എന്നതല്ലാതെ, വിദ്യാഭ്യാസമാകെ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരും എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നുളള അവകാശങ്ങളുടെ മേലുളള കൈയേറ്റമായി വ്യാഖ്യാനിക്കപ്പെടും. മാത്രമല്ല, ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ എല്ലാ കാര്യങ്ങളും പൊതു ഉടമസ്ഥതയിലാക്കുക എന്ന സമീപനം ശാസ്ത്രീയമല്ല.

    ന്യൂനപക്ഷങ്ങള്‍ ദേശീയതലത്തില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ കടുത്ത ആക്രമണത്തിനു വിധേയമാകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമീപനം അഭികാമ്യമായി പാര്‍ടി കാണുന്നില്ല. എന്നാല്‍ ഈ മാറ്റങ്ങളെ അടിസ്ഥാനമാക്കി, എടുത്താല്‍ പൊങ്ങാത്ത നിഗമനങ്ങളിലേക്കാണ് ആര്‍എംപി എത്തിച്ചേരുന്നത്. ചന്ദ്രശേഖരന്‍ തന്നെ എഴുതിയതു നോക്കൂ: ""ഒരു വിപ്ലവ പാര്‍ടിയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയായും പിന്നെ പ്രത്യക്ഷ വലതുപക്ഷമായും രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ പരിവര്‍ത്തനപ്രക്രിയയുടെ രേഖാസാക്ഷ്യം തന്നെയായിരുന്നു 2000ലെ ഭേദഗതി. വിദേശഫിനാന്‍സ് മൂലധനശക്തികള്‍ക്കും, ഭൂപ്രഭുത്വത്തിനും, മറ്റ് കമ്പോളശക്തികള്‍ക്കും ഇളവും അയവും നല്‍കി കഴിയുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് ഈ സമൂഹത്തില്‍ പിന്നെ നിറവേറ്റാനുള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്"". കമ്യൂണിസ്റ്റു പാര്‍ടിക്ക് ചെയ്തു തീര്‍ക്കേണ്ട ജനകീയ ജനാധിപത്യ വിപ്ലവ കടമകള്‍ കൃത്യമായി കാലോചിതമാക്കിയ പരിപാടിയില്‍ നിര്‍വചിച്ചിട്ടുണ്ട്. അവയിലൊന്നും ഒരു അടിസ്ഥാനമാറ്റവും മേല്‍പ്പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടില്ല എന്നതു മറച്ചുവെച്ചാണ് ഈ പ്രചരണം. യഥാര്‍ത്ഥത്തില്‍ പാര്‍ടി പരിപാടിയെക്കുറിച്ചല്ല ആര്‍എംപിയുടെ വിമര്‍ശനങ്ങള്‍. മറിച്ച് അതു നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന അടവുകളെയും സംഘടനാസമീപനങ്ങളെയും കുറിച്ചാണ്.

    വേണു മുതല്‍ നീലകണ്ഠന്‍ വരെയുളളവര്‍ ആരോപിക്കുന്ന പാര്‍ടിയുടെ കോര്‍പറേറ്റുവത്കരണം, മാഫിയാവത്കരണം, നിയോലിബറല്‍ ചിന്താഗതി, അഴിമതി തുടങ്ങിയവയുടെ ആവര്‍ത്തനം തന്നെയാണ് ആര്‍എംപിയുടെ സാഹിത്യം. ഇവയ്ക്കെല്ലാം വിശദമായ മറുപടി പറഞ്ഞു കഴിഞ്ഞതാണ്. ആര്‍എംപിയുടെ രൂപീകരണം സിപിഐഎമ്മിനുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുന്ന പാളിച്ചകള്‍ക്കെതിരെയുളള സമരത്തിലൂടെയാണത്രേ ആര്‍എംപി രൂപം കൊണ്ടത്. അതേക്കുറിച്ച് ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വാക്കുകള്‍: ""ചെറുപ്പം മുതലേ താന്‍ സ്വാംശീകരിച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങളോട് വിടപറയാന്‍ ഒരു ഘട്ടത്തിലും ചന്ദ്രശേഖരന്‍ തയ്യാറായില്ല.

    സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവുകഴിവായി കണ്ടെത്തി റിവിഷനിസ്റ്റ് പാതയിലേക്ക് സി.പി.ഐ. എം ചുവടുമാറ്റിയപ്പോഴും ചന്ദ്രശേഖരന്‍ വിപ്ലവകരമായ പ്രത്യയശാസ്ത്രമായി മാര്‍ക്സിസത്തെ മുറുകെ പിടിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആഗോളവല്‍കരണ നയങ്ങളുടെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി സിപിഐ എം നേതൃത്വം മാറിയപ്പോഴും ചന്ദ്രശേഖരന്‍ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഉള്‍പാര്‍ടി പോരാട്ടത്തിലൂടെ സി.പി.ഐ. എമ്മിനെ ഇടത്തോട്ടു നയിക്കുക അസാധ്യമാണെന്ന് അന്തിമമായി ബോധ്യപ്പെടുന്ന 2008 ജൂലൈ വരെ ചന്ദ്രശേഖരനും സഖാക്കളും സിപിഐ എമ്മിനകത്തെ വിമതപക്ഷമായി പോരടിച്ചു. ഈ സമരത്തിന്റെ ഫലമായി പുറത്താക്കപ്പെട്ടപ്പോള്‍ അല്പം പോലും വലത്തോട്ടു പോകാതെ ഇടത്തോട്ടു തന്നെ സഞ്ചരിച്ചു. പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒഞ്ചിയത്തു രൂപം നല്‍കി"". സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ സംബന്ധിച്ചോ അതടക്കമുളള സംഭവവികാസങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പാര്‍ടി പരിപാടി കാലോചിതമായി പരിഷ്കരിക്കാനായി നടന്ന പാര്‍ടി സമ്മേളനങ്ങളുടെ ചര്‍ച്ചകളിലോ ഒന്നും അടിസ്ഥാനപരമായ ഒരു വിമര്‍ശനമോ ഭേദഗതിയോ ചന്ദ്രശേഖരന്‍ അടക്കം ആരും ഉന്നയിച്ചിരുന്നില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് വസ്തുതാവിരുദ്ധമായ ചരിത്ര കെ എസ് ഹരിഹരന്‍ രചന നടത്തുന്നത്. ഈ കാലയളവില്‍ നടന്നതെന്ത് എന്ന് പാര്‍ടി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നന്നായി അറിയാം. പാര്‍ടി കോണ്‍ഗ്രസുകള്‍ അക്കാലത്തു നടന്ന നീക്കങ്ങളെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടുകൊണ്ട്, സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നതിനുളള കറകളഞ്ഞ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് നടന്നത്. അതിനു വേണ്ടി പാര്‍ടി സംഘടനാവേദികളില്‍ മാത്രമല്ല, മാധ്യമങ്ങള്‍ അടക്കമുളള ബാഹ്യശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഹീനമായ വ്യക്തിഹത്യയിലൂന്നിയ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. ഇതിനെല്ലാം സജീവ പങ്കാളിയായിരുന്നു ചന്ദ്രശേഖരന്‍. ഇക്കൂട്ടരില്‍ ചിലര്‍ നേരത്തെ തന്നെ പാര്‍ടിയോടു വിട പറഞ്ഞു. മഹാഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാര്‍ടിയോടൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ ചന്ദ്രശേഖരനെപ്പോലെയുളളവര്‍ 2004നു ശേഷവും കുറേക്കാലം കൂടി തെറ്റായ പാതയില്‍ ഉറച്ചുനിന്ന്, പിന്നീടു പുറത്തുപോയി.

    എന്താണ് 2008 ജൂലൈയുടെ പ്രത്യേകത? 2012 മെയ് 16ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. ""2008ലാണ് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി പി ചന്ദ്രശേഖരന്‍, ഒരു പറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് പാര്‍ടി വിട്ടത്. ഒഞ്ചിയം ഏരിയയിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് കൈക്കൊണ്ട തീരുമാനപ്രകാരം രണ്ടരക്കൊല്ലത്തിനു ശേഷം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റു സ്ഥാനം സിപിഐ എമ്മും ജനതാദളും പരസ്പരം മാറണമെന്നായിരുന്നു. പിന്നീട് പാര്‍ടിവിട്ട വേണുവായിരുന്നു ഏറാമല പഞ്ചായത്തിന്റെ 2005 മുതലുള്ള പ്രസിഡന്റ്. അതു മാറുന്നതിനോടുളള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഇവര്‍ ഒരുപറ്റം സഖാക്കളെ കൂടെ നിര്‍ത്തിയത്. മുന്നണി മര്യാദയുടെ ലംഘനത്തിന് പാര്‍ടി ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി ഉണ്ടാക്കിയത്"". കേവലം ഒരു പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി പാര്‍ടി തീരുമാനത്തെ വെല്ലുവിളിച്ചതിനെയാണ് മഹത്തായ ഉള്‍പ്പാര്‍ടി സമരമായി പിന്നീട് ചിത്രീകരിച്ചത്. ദേശീയ - കേരള രാഷ്ട്രീയം സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും പ്രധാന രാഷ്ട്രീയപ്രവണതകളെ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ഭരണപ്പാര്‍ടിയായ കോണ്‍ഗ്രസ് അഴിമതി മൂലവും നവലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ജനരോഷം മൂലവും ഇതുപോലെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപിക്ക് ഈ വിടവിലേയ്ക്കു കയറാനും കഴിയുന്നില്ല. അന്തച്ഛിദ്രവും അഴിമതിയും അവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വ്യത്യസ്തമായ ഒരു നയപരിപാടിയും ജനങ്ങളുടെ മുന്നില്‍ വെയ്ക്കാന്‍ ബിജെപിക്ക് ആവുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളില്‍ നിന്നു കരകയറി തനതായ ശക്തി സംഭരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാനുളള കരുത്തുനേടുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതും മമതാ ബാനര്‍ജിയുടെ ലക്കുകെട്ട നടപടികളും ബംഗാളിലെ സാഹചര്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതിന് പാര്‍ടിയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ ലോക്സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചെറിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയ പ്രീണന നയങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ജനവിരുദ്ധ നയങ്ങള്‍ വിപുലമായ ജനവിഭാഗങ്ങളെ പ്രതിഷേധത്തിലും സമരത്തിലും അണിനിരത്തുന്നു. ഈ അനുകൂലമായ സാഹചര്യമുണ്ടായെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച പ്രചാരണത്തിലൂടെ സിപിഐ എമ്മിന് തിരിച്ചടി നല്‍കാം എന്നാണ് ആര്‍എംപിയും യുഡിഎഫും കരുതുന്നത്. കെ എസ് ഹരിഹരന്റെ പ്രതീക്ഷ അതാണ്. ""മെയ് നാലിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയില്‍ ഒരു കൊല്ലം മുമ്പ് എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചു വിജയിച്ച ആര്‍. ശെല്‍വരാജ് മുന്നണിയും പാര്‍ടിയും മാറി ജനകീയകോടതിയില്‍ നിന്ന് സമ്മതം തേടി യു.ഡി.എഫിന്റെ എം.എല്‍.എയായി"". ഇനിയും ഈ നില തന്നെ തുടരുമെന്നാണ് യുഡിഎഫിന്റെയും ആര്‍എംപിയുടെയും പ്രതീക്ഷ. ഈ വ്യാമോഹം പൂവണിയാന്‍ പോകുന്നില്ല. സിപിഐഎമ്മിന്റെ പാരമ്പര്യം സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു നന്നായി അറിയാം. ഉന്മൂലന സിദ്ധാന്തക്കാരെ പുറത്താക്കിയ പാരമ്പര്യമാണ് പാര്‍ടിക്കുളളത്. പാര്‍ടിവിട്ടവരോ പുറത്താക്കപ്പെട്ടവരോ ആയ നേതാക്കളടക്കമുളളവര്‍ക്ക് ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ വധവുമായി ഏതെങ്കിലും പ്രാദേശിക തലത്തില്‍ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ദുഷ്പ്രചരണങ്ങളിലൂടെ താല്‍ക്കാലികമായി ജനങ്ങളെ വിഭ്രമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ആത്യന്തികമായി കേരളത്തിലെ ജനങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, പൊതുവിതരണം, തൊഴിലില്ലായ്മ തുടങ്ങിയ ജീവിതപ്രശ്നങ്ങളെ ആസ്പദമാക്കിയായിരിക്കും നിലപാടു സ്വീകരിക്കുന്നത്. ഇവിടെയാണ് ആര്‍എംപിയുടെയും ഇടത് ഏകോപനസമിതിയുടെയുമെല്ലാം വിലയിരുത്തലുകള്‍ പാളുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ സംബന്ധിച്ച് എന്തു സമരമാണ് സിപിഐഎം നടത്തുന്നത് എന്നും മറ്റുമുളള പൊളളച്ചോദ്യങ്ങള്‍ക്ക് ഇന്നു നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ സമരങ്ങളെ വിലയിരുത്തിയാല്‍ ഉത്തരം ലഭിക്കും. അടുക്കള പൂട്ടാതിരിക്കാന്‍ വേണ്ടി ഡിസംബര്‍ ഒന്നിന് തെരുവില്‍ അടുപ്പുകൂട്ടാന്‍ ലക്ഷങ്ങളാണ് അണിനിരക്കുന്നത്. ചില്ലറ വില്‍പന മേഖലയിലേക്ക് വിദേശ കമ്പനികള്‍ കടന്നുവരുന്നതിനെതിരെയുളള പ്രക്ഷോഭത്തിന് കേരളത്തിലെ ഇടതുപക്ഷമാണ് മുന്‍കൈയെടുക്കുന്നത്. വിലക്കയറ്റത്തിനും പെട്രോള്‍, ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കുമെതിരെ പ്രക്ഷോഭം ആരാണ് നടത്തിയത്? ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുളള ദേശീയ പ്രക്ഷോഭം ആരാണ് നടത്തുന്നത്? ജനുവരി ഒന്നു മുതല്‍ ഭൂപരിഷ്കരണം സംരക്ഷിക്കുന്നതിനും ഭൂനിയമത്തെ അട്ടിമറിക്കുന്നതിനെതിരെയുമുളള പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് പേര്‍ അറസ്റ്റുവരിക്കുകയും ജയിലില്‍ പോവുകയും ചെയ്യും. തൊഴില്‍സംരക്ഷണത്തിനു വേണ്ടി പരമ്പരാഗതമേഖല സമരരംഗത്താണ്. ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതിന് ദേശവ്യാപകമായി 48 മണിക്കൂര്‍ സമരം വരാന്‍ പോകുന്നു. ഈ സമരവേലിയേറ്റമായിരിക്കും, കേരളത്തിലെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത് എന്ന് മുന്‍കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസിലാക്കേണ്ടതാണ്. കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത മതേതര പാര്‍ടികള്‍ അടങ്ങുന്ന ഏതെങ്കിലുമൊരു മൂന്നാം മുന്നണി തട്ടിക്കൂട്ടുന്നതിനല്ല, മറിച്ച് ബഹുജന പ്രക്ഷോഭങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും തനത് രാഷ്ട്രീയ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭസമരങ്ങളിലൂടെ ശക്തിപ്പെടുന്ന ഇടതുപക്ഷത്തിന്, കുഴഞ്ഞു മറിഞ്ഞ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും. ഇത്തരത്തില്‍ മാത്രമേ, അമേരിക്കന്‍ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനും നവലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ബദല്‍ ഉയര്‍ത്തുന്നതിനും കഴിയൂ. എന്നാല്‍ ആര്‍എംപി പോലുളളവരുടെ രാഷ്ട്രീയം ഇന്ന് ഇടതുപക്ഷത്തെ എങ്ങനെ ദുര്‍ബലപ്പെടുത്താം എന്നതിലേക്ക് ചുരുങ്ങിയിരിക്കുകയാണ്;

    ഭരണവര്‍ഗ താല്‍പര്യങ്ങളുടെ കുഴലൂത്തുകാരായി മാറുകയാണ് അവര്‍. വര്‍ഗീയതയും ഇടതുപക്ഷവും ആരെയെങ്കിലും കൂട്ടുപിടിച്ച് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഒരു നീക്കത്തിനും പാര്‍ടിയില്ല. പ്രക്ഷോഭസമരങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, അധികാരമേറുന്നതിനു വേണ്ടി വര്‍ഗീയതയെ ഉപയോഗപ്പെടുത്താനുളള പരിശ്രമമാണ് സിപിഐഎം നടത്തുന്നത് എന്ന വിമര്‍ശനമാണ് ആര്‍എംപി ഉന്നയിക്കുന്നത്. ""ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ബി.ജെ.പിയുടെ താമരവിരിഞ്ഞു എന്ന വിസ്മയവും ദൃശ്യമായി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രചാരണ വിഷയമാക്കുന്നതില്‍ സി.പി.ഐ. എമ്മിനും സി.പി.ഐയ്ക്കും ഉള്ള അതേ അസ്വസ്ഥത അവിടെ ബി.ജെ.പിയും പ്രകടിപ്പിച്ചു എന്നതാണ് രാഷ്ട്രീയമായ അത്ഭുതം. ഇനി കേരളത്തില്‍ സി.പി.ഐ.എമ്മുമായി ശത്രുതവേണ്ട എന്ന സമര്‍ത്ഥമായ ഒരടവുനയത്തിലേക്ക് ബി.ജെ.പി എത്തിച്ചേര്‍ന്നുവോ എന്ന് ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ വിലപിടിപ്പുള്ള മൗനം"". ""ഇതേ സ്ഥിതി യു.ഡി.എഫിലെ മുസ്ലീം ലീഗടക്കമുള്ള ചില കക്ഷികള്‍ക്കും ബാധകമാണ്. അവരും അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണല്ലോ. ഇതിനര്‍ത്ഥം മുന്നണികളുടെ വേര്‍തിരിവുകളെയും പാര്‍ടി താല്‍പര്യങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു ഒത്തുതീര്‍പ്പ് സാമ്പത്തികമണ്ഡലത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. റിയല്‍ എസ്റ്റേറ്റ്, ബാര്‍ഹോട്ടലുകള്‍, ഇടത്തരം വ്യവസായങ്ങള്‍, വിവിധ മാഫിയാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെ നേതൃത്വവും പ്രാദേശികഘടകങ്ങളും ഒത്തുതീര്‍പ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമായ പ്രയോഗമാണ് മാഫിയാരാഷ്ട്രീയത്തിന്റെ നരബലിയായിത്തീര്‍ന്ന ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തോടു പുലര്‍ത്തുന്ന മൗനം"". ബിജെപിയുടെയും ലീഗിന്റെയും വര്‍ഗീയ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയമാണ് സിപിഐ എം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സിപിഐ എമ്മിനെ തകര്‍ക്കുന്നതിനു വേണ്ടി ലീഗും ബിജെപിയും സഹകരിച്ചിട്ടുളള സന്ദര്‍ഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. ഈ കോ-ലീ-ബി സഖ്യം കേരളത്തില്‍ വിലപ്പോയിട്ടില്ല. ബിജെപിയാകട്ടെ, ഇതുവരെയുളള ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പിലും സിപിഐ എമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടുവില്‍ക്കുന്ന സമീപനവും കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ പേരുദോഷം ബിജെപിക്കു പോലും നിഷേധിക്കാനാവില്ല. അത്തരമൊരു സമീപനം തങ്ങളുടെ ഇന്നത്തെ താല്‍പര്യങ്ങള്‍ക്കു ഗുണകരമല്ലെന്നും യുഡിഎഫിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ലീഗിന്റെ വര്‍ഗീയ അതിപ്രസരത്തോടു പ്രതികരിക്കുന്ന ഹിന്ദു വോട്ടുകളെ വര്‍ഗീയാടിസ്ഥാനത്തില്‍ എങ്ങനെ സമാഹരിക്കാം എന്ന് ബിജെപി കണക്കുകൂട്ടിയാല്‍ അത് സിപിഐ എമ്മിന് ബാധകമാകുന്നതെങ്ങനെ?

    ഒരു ആശയക്കുഴപ്പവും വേണ്ട. ബിജെപിയുമായോ ലീഗുമായോ ഒരു ബാന്ധവവും സിപിഐഎമ്മിനില്ല. യുഡിഎഫിന്റെ ലീഗ് പ്രീണനയത്തെ മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ടാണ് സിപിഐഎം എതിര്‍ക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഹിന്ദുവര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ടല്ല. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളെയടക്കം ഈ മതനിരപേക്ഷവേദിയില്‍ അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്തൊരു വിചിത്രമായ വാദങ്ങളാണ് ഹരിഹരനും കൂട്ടരും വെയ്ക്കുന്നത്?

    കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിക്ഷിപ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കൂട്ടുകെട്ട് കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണത്രേ, ബിജെപിയും സിപിഐ എമ്മും ലീഗുമൊക്കെ അടങ്ങുന്ന കൂട്ടുകെട്ട്. ഹോ. എന്തൊരു ഭാവന. വിമോചനസമരകാലത്തെ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരണത്തോട് മാത്രം ഉപമിക്കാന്‍ കഴിയുന്ന വിരുദ്ധ പ്രചാരവേലയാണ് ഇന്നു കേരളത്തില്‍ നടക്കുന്നത്. അന്നത്തേതില്‍നിന്നു വ്യത്യസ്തമായി ഇടതുപക്ഷ മുഖംമൂടിയണിഞ്ഞാണ് ഇന്നത്തെ പ്രചാരവേല. ലക്ഷ്യവും ശൈലിയുമെല്ലാം പഴയതു തന്നെ. അവയെല്ലാം അതിജീവിച്ച ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സിപിഐഎമ്മിന് ഒരു സംശയവുമില്ല. 
    ഡോ. ടി എം തോമസ് ഐസക്, deshaabhimani 

അതിക്രമപരമ്പര: സ്ത്രീകളും പെണ്‍കുട്ടികളും ഭീതിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നു. ഒന്നരമാസത്തിനിടെ നിരവധി സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായത്. സ്ത്രീപീഡനത്തിനെരെയുള്ള പൊലീസ് നടപടികള്‍ ഫലം കാണാത്തതാണ് ഇത് ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. എവിടെയും സ്ത്രീത്വം വേട്ടയാടുപ്പെടുമെന്ന അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്താംക്ലാസ് വിദ്യാര്‍ഥിയെ പതിനെട്ടുകാരനും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരനും കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം. യുവാവിന്റെ ഫോണ്‍വിളി പിന്തുടര്‍ന്ന് വയനാട്ടില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവത്തില്‍ അത്താഴക്കുന്ന് സാബിറ മന്‍സിലില്‍ മുഹമ്മദ് ഈസ പിടിയിലായി. പറശിനിക്കടവ് ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥിയെ അപമാനിച്ച സംഭവത്തില്‍ അവിടത്തെ ഹൗസ് സര്‍ജനും ഒരു വിദ്യാര്‍ഥിയും അറസ്റ്റിലായത് കഴിഞ്ഞദിവസമാണ്. ഒരാഴ്ചമുമ്പ് ധര്‍മടത്ത് പതിനാലുകാരിയെ അച്ഛനും അമ്മാവനും സഹോദരനും ഉപദ്രവിച്ചത് നാട് കേട്ടത് ഞെട്ടലോടെ. പെണ്‍കുട്ടിക്ക് ഇപ്പോള്‍ മഹിളാമന്ദിരത്തില്‍ അഭയം നല്‍കിയിരിക്കുകയാണ്. ഒന്നരമാസംമുമ്പ് പെരളശേരി യതീംഖാനയിലെ ഏഴു പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവവുമുണ്ടായി. ഇതിലെ പരാതിക്കാരായ കുടുംബങ്ങളുടെ മൊഴിമാറ്റിക്കാന്‍ ലീഗ് നേതാവ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ സിറ്റിയില്‍ മുസ്ലിംലീഗ് നേതാവായ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് അടുത്തിടെയാണ്. ഇതും ലീഗുകാര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ത്തു. ഇരിട്ടിയിലെ ഒരു മദ്രസയിലും സമാനസംഭവം അരങ്ങേറി. അനാഥമന്ദിരങ്ങളിലെ പ്രശ്നങ്ങള്‍ അന്വേഷിക്കുമെന്ന ഉറപ്പില്‍ നടപടികള്‍ ഒതുങ്ങി. ഉമ്മയോട് പിണങ്ങി വീടുവിട്ട മലപ്പുറംകാരിയായ യുവതിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയത് രണ്ടാഴ്ച മുമ്പ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ണൂര്‍ സിറ്റിയിലെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയുടെ നിലവിളി വഴിയാത്രക്കാര്‍ കേട്ടത് രക്ഷയായി. കാമുകനെ അന്വേഷിച്ച് ബംഗാളില്‍നിന്നെത്തിയ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 24ന് ഇരിട്ടിക്കടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പില്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും അടുത്തിടെയുണ്ടായി. ഇതില്‍ പൊലീസുകാരനെ രക്ഷിക്കാനാണ് ക്യാമ്പ് മേധാവികളുടെ ശ്രമം. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഒരുക്കുന്ന ചതിക്കുഴികള്‍ പെണ്‍കുട്ടികള്‍ തിരിച്ചറിയാത്തതും കുടുംബപ്രശ്നങ്ങളുമെല്ലാം ഇത്തരം സംഭവങ്ങള്‍ക്ക് വഴിമരുന്നിടുന്നു. മൊബൈലിലെ കാമുകശബ്ദം തേടി കിലോമീറ്റര്‍ അകലെനിന്ന് പെണ്‍കുട്ടികള്‍ വണ്ടികയറുന്നതും മാര്‍ബിള്‍ പണിക്കെത്തിയ അയല്‍സംസ്ഥാനക്കാരന്റെയൊപ്പം വീട്ടമ്മ നാടുവിടുന്നതും അതിശയോക്തിയല്ലാതായി. കൗമാരം വിടാത്ത പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നത് വര്‍ധിച്ചുവരുന്നു. പതിനെട്ട് തികയാത്ത ആണുങ്ങള്‍ പ്രതിപ്പട്ടികയിലെത്തുന്നതും കൂടിയിട്ടുണ്ട്. ലൈംഗികാതിക്രമം സംബന്ധിച്ച കേസുകളില്‍ പൊലീസ് നടപടി കര്‍ശനമല്ലാത്തതാണ് ഇവ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലം. മാധ്യമങ്ങളും വനിതാസംഘടനകളും ഇടപെടുമ്പോഴേ പ്രശ്നം ജനശ്രദ്ധയിലെത്തുന്നുള്ളൂ. കോടതി നടപടികളിലെത്തുമ്പോള്‍ ഇരകള്‍ക്ക് ഭീഷണിയും പ്രലോഭനവുമുണ്ടാകും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പുറംലോകത്ത് വിലസും. അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം ദുരനുഭവങ്ങളുടെ തടവിലുമാകും.
deshabhimani