Wednesday, 30 January 2013



പരസ്പരപൂരകമാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെയും പത്രസമ്മേളനങ്ങള്‍. ഏറെ വൈകി, ഏറെ മടിച്ച് ഒടുവില്‍ രമേശ് സുകുമാരന്‍നായരോട് പ്രതികരിക്കുന്നു. രമേശിനെ സമ്മര്‍ദത്തിലാക്കി പാര്‍ടി നേതൃത്വം പറയിക്കുന്നതാണ് അങ്ങനെയൊക്കെ എന്ന് സുകുമാരന്‍നായര്‍ ന്യായീകരിക്കുന്നു. സുകുമാരന്‍നായരെ താന്‍ ചോദ്യംചെയ്യുന്നില്ല എന്ന് രമേശ് പറയുന്നു. രമേശ് അനുവദിച്ചുതരുന്ന ആ സ്വാതന്ത്ര്യമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് സുകുമാരന്‍നായര്‍ വിശദീകരിക്കുന്നു. തന്നെ മതേതരവാദി അല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് രമേശ് പറയുന്നു. അത് തങ്ങളെക്കുറിച്ചല്ല എന്നുപറഞ്ഞ് സുകുമാരന്‍നായര്‍ രമേശിന് തൃപ്തികരമായ വിധം ആ ആരോപണം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ളതാണെന്ന് ധ്വനിപ്പിക്കുന്നു. എന്‍എസ്എസിലെ കോണ്‍ഗ്രസുകാരുടെ വക്താവായി സുകുമാരന്‍നായരും കോണ്‍ഗ്രസിലെ എന്‍എസ്എസിന്റെ വക്താവായി രമേശും. എന്തൊരു സഹകരണം!

തനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ രമേശിന് എന്‍എസ്എസിനെ കൂടിയേ തീരൂ. താക്കോല്‍സ്ഥാനത്തെത്തിക്കാന്‍ നില്‍ക്കുകയാണല്ലോ മത്സരിക്കാന്‍ സീറ്റുപോലും വാങ്ങിത്തന്ന അവര്‍! അതേസമയം, ഇതുകൊണ്ട് ഇതരസമുദായങ്ങള്‍ തനിക്ക് വോട്ടുചെയ്യാതായാലോ? അതിലുമുണ്ട് ഇപ്പോള്‍ ചെറിയ ഉല്‍ക്കണ്ഠ. അതുകൊണ്ട് കക്ഷത്തിലിരിക്കുന്നത് പോകയുമരുത്, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം അദ്ദേഹത്തിന്. അതിനുള്ള അഭ്യാസമായി രമേശിന്റെ പത്രസമ്മേളനം.

പറഞ്ഞകാര്യങ്ങള്‍കൊണ്ടല്ല, മറിച്ച് പറയാതെവിട്ട കാര്യങ്ങള്‍കൊണ്ടാണ് അത് ശ്രദ്ധേയമായത്. ആരൊക്കെ തന്റെ മന്ത്രിസഭയില്‍ വരണമെന്ന് ആത്യന്തികമായി നിശ്ചയിക്കാനുള്ള അധികാരം ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്കാണ്. ആരെ മന്ത്രിയാക്കണം, ആരെ ആക്കരുത് എന്ന് കല്‍പ്പിക്കാന്‍ സമുദായസംഘടനാനേതാക്കള്‍ക്ക് ഒരവകാശവുമില്ല. ഇഷ്ടപ്പെട്ട നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേരളത്തില്‍ വിലപ്പോകില്ല. ഇതൊക്കെയാണ് സാധാരണനിലയില്‍ യുഡിഎഫ് മന്ത്രിസഭയെ ഒരു സമുദായനേതാവ് ഭീഷണിപ്പെടുത്തുമ്പോള്‍ അതിനെ നയിക്കുന്ന പാര്‍ടിയുടെ പ്രസിഡന്റ് പറയേണ്ടത്. അതൊക്കെ സംശയലേശമില്ലാതെ വ്യക്തമാക്കും എന്നാണ് ആരും കരുതുക. എന്നാല്‍, കെപിസിസി പ്രസിഡന്റ് അതൊന്നും പറഞ്ഞില്ല. താന്‍ നിയമസഭയിലേക്ക് മത്സരിച്ചത് ഏതെങ്കിലും ജാതിസംഘടനയുടെ ശുപാര്‍ശയിന്മേലല്ല എന്നോ മത്സരഘട്ടത്തില്‍ തന്നെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഏതെങ്കിലും ജാതിസംഘടനയ്ക്ക് വാക്കുനല്‍കിയിരുന്നില്ല എന്നോ അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യത്തിലൊക്കെ കെപിസിസി പ്രസിഡന്റ് പുലര്‍ത്തിയ മൗനം അര്‍ഥഗര്‍ഭമാണ്. അത് സുകുമാരന്‍നായര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന പ്രതീതി വരുത്താന്‍തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിഷമമില്ല. രമേശ് ചെന്നിത്തല പൂരിപ്പിക്കാത്ത മൗനത്തില്‍ ഒതുങ്ങിനിന്നതുമില്ല. താന്‍ മതേതരവാദിയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് പറഞ്ഞതിലൂടെ നായരായതുകൊണ്ട് രമേശ് ചെന്നിത്തലയെ അവഗണിച്ചു എന്ന സുകുമാരന്‍നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യത പകരുകകൂടി ചെയ്തിരിക്കുകയാണദ്ദേഹം.

അവിടെയും തീരുന്നില്ല. ആ വാക്കുകളുടെ മുള്‍മുന ചെന്നുകൊള്ളുന്നത് ഉമ്മന്‍ചാണ്ടിയിലാണെന്ന കാര്യം ഉറപ്പിക്കുകകൂടി ചെയ്തിട്ടുണ്ട് അദ്ദേഹം. ഉമ്മന്‍ചാണ്ടിയാണ് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍സ്ഥാനം നിഷേധിച്ചത് എന്ന് സുകുമാരന്‍നായര്‍ പറഞ്ഞതിന്റെ സ്വാഭാവികമായ ബാക്കിയാണല്ലോ തന്റെ മതനിരപേക്ഷമുഖം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന രമേശിന്റെ പരാമര്‍ശം. ഈ മന്ത്രിസഭയിലേക്ക് താനില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട്, ചേരാന്‍കൊള്ളുന്ന മന്ത്രിസഭയല്ല ഉമ്മന്‍ചാണ്ടിയുടേത് എന്ന് ധ്വനിപ്പിക്കാനും രമേശ് വിട്ടുപോയില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്യുമ്പോഴും എത്ര വിദഗ്ധമായി സുകുമാരന്‍നായരെ പ്രീതിപ്പെടുത്താന്‍ രമേശ് ശ്രദ്ധിച്ചിരിക്കുന്നു. സുകുമാരന്‍നായരുടെ വാക്കുകളെ ചോദ്യംചെയ്യുന്നില്ല എന്നും അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒക്കെ എടുത്തുപറഞ്ഞ് സുകുമാരന്‍നായരുടെ പ്രീതി ഉറപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്നാണ് സുകുമാരന്‍നായര്‍ ഭീഷണിപ്പെടുത്തിയത് എന്നോര്‍ക്കണം. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ്, ""അങ്ങനെയൊക്കെ പറയാന്‍ സ്വാതന്ത്ര്യമുണ്ട്"" എന്ന കെപിസിസി പ്രസിഡന്റിന്റെ ന്യായീകരണത്തിന് കൂടുതല്‍ അര്‍ഥം കിട്ടുക. രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്തെത്തിച്ചില്ലെങ്കില്‍ മന്ത്രിസഭ തകര്‍ക്കുമെന്ന് സുകുമാരന്‍നായര്‍ ഭീഷണിയുയര്‍ത്തിയത് ഞായറാഴ്ചയാണ്. അന്നോ, അതിന്റെ പിറ്റേന്നോ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ കെപിസിസി നേതൃത്വം മറുപടി പറയണം എന്ന് പാര്‍ടിയില്‍ ഒരു വിഭാഗത്തില്‍നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായ വേളയില്‍ മാത്രമാണ് ഏറെ വൈകി പ്രതികരണവുമായി രമേശ് എത്തിയത്. ആ പ്രതികരണമാകട്ടെ, സുകുമാരന്‍നായര്‍ക്ക് വിശ്വാസ്യത പകരുന്ന വിധത്തിലാകുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയുംചെയ്തു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിക്കുന്നയാളോടുപോലും എന്തൊരു മൃദുസമീപനമാണ് കെപിസിസി പ്രസിഡന്റിന്? എന്‍എസ്എസുമായി രഹസ്യധാരണയില്ലായിരുന്നുവെന്നു പറയാന്‍ അദ്ദേഹത്തിന് കഴിയാത്തതെന്തുകൊണ്ടാണ്? മതേതരവാദിയായ തനിക്കുവേണ്ടി വക്കാലത്തുമായി നടക്കാന്‍ എന്‍എസ്എസിനെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല എന്നുപറയാന്‍ പറ്റാത്തതെന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കെപിസിസി പ്രസിഡന്റിന്റെ മതനിരപേക്ഷതയുടെ മൂടുപടം ഊര്‍ന്നുവീണുപോകുന്നത്. ഇത് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും പ്രകടമാണ്. ആര് മന്ത്രിയാകണം ആര് മന്ത്രിയാകേണ്ട എന്നൊന്നും കല്‍പ്പിക്കേണ്ടതില്ല എന്നുപറയാന്‍ അദ്ദേഹത്തിന് കരുത്തുണ്ടോ? മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് വാക്കുകളുണ്ടോ?

ജാതിമതവിഭാഗങ്ങളെ പ്രീണിപ്പിച്ചും അവയുമായി രഹസ്യധാരണയുണ്ടാക്കിയും തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ നോക്കുന്നവര്‍ക്ക് ഇതിനൊന്നും ധൈര്യമുണ്ടാകില്ല. തങ്ങള്‍ വിചാരിക്കുന്നതേ ഈ ഭരണത്തില്‍ നടപ്പാകൂ എന്ന് മുസ്ലിംലീഗ് മന്ത്രി പ്രഖ്യാപിച്ചപ്പോഴും ഇദ്ദേഹത്തിന് ഒരു വാക്കുകൊണ്ടുപോലും അതിനെ ചോദ്യംചെയ്യാനുള്ള ധൈര്യമുണ്ടായില്ല. അഞ്ചാംമന്ത്രിപദവി നേടിയെടുത്തശേഷം സ്കൂളുകളുടെ എയ്ഡഡ് പദവി കാര്യത്തില്‍ സമ്മര്‍ദവുമായി ഒരുവശത്ത് ലീഗ്. തങ്ങള്‍ പറയുമ്പോലെയായിക്കൊള്ളണം ഭരണമെന്ന് കല്‍പ്പിച്ച് മറുവശത്ത് എന്‍എസ്എസ് നേതൃത്വം. ഇതിന്റെ നടുവില്‍ ആടി ഉലയുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ജാതിജീര്‍ണതയില്‍ മലീമസമായി നശിക്കാനാണ് ഈ സര്‍ക്കാരിന്റെ വിധി.


കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ഇന്ന് പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെ മുഖ്യപ്രതി എന്നതിലും സംശയത്തിന് വകയില്ല. ഭരണാധികാരത്തിന്റെ ഞെട്ടിക്കുന്ന ദുരുപയോഗത്തിലൂടെ സുധാകരനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിന്നീട് പ്രതിപ്പട്ടികയില്‍ വന്നപ്പോള്‍ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് കഴിഞ്ഞു. എന്നാല്‍, ആ കുറ്റകൃത്യത്തില്‍ പങ്കാളിയും സുധാകരന്റെ സഹായിയുമായിരുന്ന പ്രശാന്ത്ബാബു നടത്തിയ പരസ്യമായ കുറ്റസമ്മതം, സുധാകരന് രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെയാണ് കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. ""നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണ്"" എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കുസമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പ്പാടി വാസുവധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബുരാഷ്ട്രീയം തുടങ്ങിയത്."" നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളോ സിപിഐ എമ്മോ അല്ല, സുധാകരനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിതന്നെയാണ് ഇത് പറയുന്നത്.

ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സാധാരണനിലയില്‍ ആ കേസ് പുനരന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത നക്സല്‍ വര്‍ഗീസ് വധക്കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ, നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയില്‍ ""ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല"" എന്ന നിലപാടാണത്രേ ആഭ്യന്തരവകുപ്പിന്. ഇതേ ആഭ്യന്തരവകുപ്പുതന്നെയാണ്, സുപ്രീംകോടതിയടക്കം തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ്, ഇല്ലാത്ത ഒരു മൊഴി സൃഷ്ടിച്ച് മാന്തിയെടുക്കാന്‍ നോക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

അക്രമത്തിനെതിരെ സമാധാനജാഥയെന്നു പറഞ്ഞ് നടത്തിയ യാത്രയിലാണ് നാല്‍പ്പാടി വാസുവിനെ സുധാകരസംഘം വെടിവച്ചുകൊന്നത്. 1992 ജൂണ്‍ 13ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ ചോറുവിളമ്പുകയായിരുന്ന നാണുവിന്റെ രക്തവും മാംസവും ഭക്ഷണം കഴിക്കാനിരുന്നവരുടെ ദേഹത്തും ഇലകളിലും ചിതറിവീണത് ഇതേസുധാകരന്റെ ഗുണ്ടകളുടെ ബോംബേറിലാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് ഓരോ കേസും ചൂണ്ടിക്കാട്ടി പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലചെയ്യാന്‍ സുധാകരന്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം പ്രശാന്ത്ബാബുവിലൂടെ പുറത്തുവന്നു. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെയും ചൊവ്വ സഹകരണബാങ്കില്‍ കയറി വിനോദിനെയും വെട്ടിയതും സിപിഐ എം നേതാവ് അന്തരിച്ച ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ് മകന്‍ ഹിതേഷിന്റെ കണ്ണ് ഇല്ലാതാക്കിയതും ഇതേസുധാകരസംഘമാണ്.

പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടത്രേ. അവരെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമില്ല. ഇന്നും സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തേര്‍വാഴ്ച തുടരുകയാണ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസുദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയതും മണല്‍മാഫിയക്കുവേണ്ടി നിയമം കൈയിലെടുത്തതും ഈയിടെയാണ്. സുധാകരന്റെ രോമത്തില്‍പ്പോലും തൊടാനുള്ള നട്ടെല്ല് കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ല. പൊലീസിനെ ഭരണകക്ഷിയുടെ അടുക്കളപ്പണിക്കാരാക്കി അധഃപതിപ്പിച്ചതിന്റെ ഫലമാണ് ഈ ദുരവസ്ഥ.

രണ്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊല നടന്നപ്പോള്‍, അതിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പി കെ ബഷീറിനെ സംരക്ഷിക്കലായിരുന്നു പൊലീസിന്റെ ചുമതല. എഫ്ഐആറില്‍ പ്രതിയായ ബഷീര്‍ ഇന്ന് പ്രതിപ്പട്ടികയിലില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും നാടകീയമായി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിച്ച് ജയിലിലടക്കാനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് അറപ്പുണ്ടായില്ല. അതേകൂട്ടര്‍തന്നെയാണ്, കേരളരാഷ്ട്രീയം കണ്ട ഏറ്റവും നികൃഷ്ടനായ മാഫിയതലവനെന്ന് കോണ്‍ഗ്രസുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കെ സുധാകരനെ നിര്‍ലജ്ജം രക്ഷിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍മാത്രം മതി കേസെടുക്കാനും അറസ്റ്റുചെയ്യാനും എന്നിരിക്കെ, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെ സുരക്ഷിതനാക്കി സൂക്ഷിക്കുന്നത് മിതമായ ഭാഷയില്‍ തോന്ന്യാസമാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അലങ്കാരമായ ഈ തോന്ന്യാസം നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് പൊറുക്കാവുന്നതല്ല. കെ സുധാകരന്‍ എന്ന ക്രിമിനല്‍നേതാവിനെ പിടിച്ചുകെട്ടാനുള്ള നിയമം തന്റെ കൈയിലില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിലപാടെങ്കില്‍, ഇരിക്കുന്ന പദവിക്ക് കൊള്ളരുതാത്തവനാണെന്ന് സമ്മതിച്ച് ഇറങ്ങിപ്പോകാനെങ്കിലും ആഭ്യന്തരമന്ത്രിക്ക് കഴിയണം.

Saturday, 12 January 2013


  • ജീവനക്കാരുടെ പണിമുടക്കിന് ജനങ്ങളുടെയാകെ പിന്തുണ 
  • ജനുവരി 8 മുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന് ആഗസ്ത് 8ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുക എന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന മുഖ്യ ആവശ്യം.

    നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമല്ലെന്നും 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമേ അത് ബാധകമാകൂ എന്നുമുള്ള പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടി ജനുവരി ഒന്നിന്റെ ചര്‍ച്ചയില്‍ ചെയ്തത്. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥ പ്രകാരം ഏതു വിഭാഗത്തെയും എപ്പോള്‍ വേണമെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ജീവനക്കാരെ പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.

    കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിെന്‍റ പെന്‍ഷന്‍ ബാധ്യത നാലര ഇരട്ടി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ പെന്‍ഷന്‍ചെലവ് കുറയ്ക്കുന്നതിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയല്ലാതെ മറ്റു പോംവഴി ഇല്ല എന്നാണ് ഉമ്മന്‍ചാണ്ടി സംഘടനകളോടും പൊതുസമൂഹത്തോടും പറയുന്നത്. ഇതും മറ്റൊരു തട്ടിപ്പാണ്. പുതിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടി വരുന്നത് ഏകദേശം 30 വര്‍ഷത്തിനുശേഷമാണ്. അപ്പോള്‍ അതിനുശേഷം പിരിയുന്നവര്‍ക്കു നല്‍കേണ്ട പെന്‍ഷന്‍ ബാധ്യതയില്‍നിന്നു മാത്രമേ, ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നതനുസരിച്ച്, സര്‍ക്കാരിന് ഒഴിയാനാകൂ. ആ നിലയ്ക്ക് സര്‍ക്കാരിെന്‍റ ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതയ്ക്ക് ഇത് പരിഹാരമാകില്ലല്ലോ.

    മാത്രമല്ല, നിര്‍ദിഷ്ട പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥപ്രകാരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ചെടുക്കുന്ന പെന്‍ഷന്‍വിഹിതത്തിനു തുല്യമായ തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിെന്‍റ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കുപോലും സംശയമുണ്ടാവില്ലല്ലോ. ഇങ്ങനെ ജീവനക്കാരില്‍നിന്നും പിടിച്ചെടുക്കുന്നതും സര്‍ക്കാര്‍ ഖജനാവില്‍നിന്നും പ്രതിമാസം നീക്കിവെയ്ക്കുന്നതുമായ തുകയാകട്ടെ സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകളിലേക്കാണ് പോകുന്നത്. പെന്‍ഷന്‍ ഫണ്ടുകളിലും വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കാനുള്ള നിയമം പാസ്സാക്കിയിരിക്കെ ഈ രംഗത്ത് വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മറ്റും തേര്‍വാഴ്ചയായിരിക്കും വരാന്‍ പോകുന്നത്. ആ നിലയ്ക്ക് ജീവനക്കാരുടെ ശമ്പളത്തില്‍നിന്നുള്ള വിഹിതവും സംസ്ഥാന ഖജനാവിലെ പണവും നാടനും മറുനാടനുമായ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ചൂതാട്ടത്തിന് നല്‍കാനുള്ള വ്യഗ്രതയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രകടിപ്പിക്കുന്നത്.

    പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനുമുമ്പ് ഹിതപരിശോധന നടത്തണമെന്നും അതുവരെ ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നുമുള്ള ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദേശംപോലും പരിഗണിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല. നവലിബറല്‍ നയങ്ങളുടെ കടന്നുവരവ് തന്നെ ജനാധിപത്യവിരുദ്ധമായിട്ടാണെന്നിരിക്കെ ഇതില്‍ അല്‍ഭുതത്തിനവകാശമില്ല. 1970കളിലെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്താദ്യം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണമടക്കമുള്ള നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയത് ചിലിയില്‍ സൈനിക ഭരണത്തിന്‍കീഴിലായിരുന്നല്ലോ.

    1990കളില്‍ ഇന്ത്യയില്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി തുടങ്ങിയ നരസിംഹറാവു സര്‍ക്കാരിനും ഇപ്പോള്‍ ധനമേഖലയിലടക്കം ഈ നയങ്ങള്‍ നടപ്പാക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിനും പാര്‍ലമെന്‍റില്‍ തട്ടിക്കൂട്ട് ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നതും സ്മരണീയമാണ്. ജനവിരുദ്ധവും രാജ്യദ്രോഹപരവുമായ ഇത്തരം നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്നതിന് സ്വദേശിയും വിദേശിയുമായ കോര്‍പറേറ്റുകള്‍ യഥേഷ്ടം പണം ഒഴുക്കുന്നതായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ കേരളവും ബംഗാളും ത്രിപുരയും ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രത്തിെന്‍റ തീട്ടൂര പ്രകാരം പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിക്കഴിഞ്ഞു. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇടതുപക്ഷം അധികാരത്തിലിരുന്നതിനാലാണ് ഇത് നടപ്പാക്കപ്പെടാതിരുന്നത്. കേരളത്തിലാകട്ടെ, കേന്ദ്രത്തില്‍ 2004ല്‍ ഈ സമ്പ്രദായം കൊണ്ടുവരുന്നതിനു മുമ്പുതന്നെ 2002 ജനുവരി 16െന്‍റ ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ അന്ന് യുഡിഎഫ് തീരുമാനിച്ചതാണ്. ജീവനക്കാരുടെ 32 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പണിമുടക്കിലൂടെയാണ് അന്ന് ആ നീക്കത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്.

    തുടര്‍ന്ന് 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തതാണ്. മൂലധനശക്തികളുടെ താല്‍പര്യം മാത്രം സംരക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസും യുഡിഎഫും വീണ്ടും അധികാരത്തിലെത്തിയതോടെ പഴയ ഉത്തരവ് പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍നിന്ന് അവരെ പിന്തിരിപ്പിച്ചേ പറ്റൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തിനൊപ്പം ചെലവ് ചുരുക്കലിെന്‍റ പേരില്‍ ഡോ. ബി എ പ്രകാശിെന്‍റ നേതൃത്വത്തിലുള്ള എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകളും പുറത്തുവന്നിരിക്കുന്നു.

    ഇന്ന് സര്‍ക്കാര്‍ സര്‍വീസിെന്‍റ ഭാഗമായി സ്ഥിരം ജീവനക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും പുറംകരാര്‍ സമ്പ്രദായത്തിലൂടെ നടപ്പാക്കാനുള്ള നിര്‍ദേശമാണ് ആ കമ്മിറ്റി ശുപാര്‍ശകളിലൊന്ന്. ഇതും സിവില്‍ സര്‍വീസിനെ തകര്‍ത്ത് സ്വകാര്യമേഖലയെ കൊഴുപ്പിക്കാനുള്ള നീക്കത്തിെന്‍റ ഭാഗമാണ്. ജനുവരി 8 മുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും ആരംഭിക്കുന്ന പണിമുടക്കിനാധാരമായ വിഷയങ്ങളൊന്നുംതന്നെ കേവലം ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല. തൊഴില്‍രഹിതരായ യുവജനങ്ങളടക്കമുള്ള കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. നമ്മുടെ ഭാവി തലമുറയുടെകൂടി പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പണിമുടക്ക് വിജയിപ്പിക്കേണ്ടത്, പങ്കാളിത്ത പെന്‍ഷനും തസ്തിക വെട്ടിക്കുറയ്ക്കലും അടക്കമുള്ള ജനവിരുദ്ധ നടപടികളില്‍നിന്ന് ഈ സര്‍ക്കാരിനെ പിന്തിരിപ്പിക്കേണ്ടത,് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെയാകെ ആവശ്യമാണ്.

    ഇന്ത്യയിലാകെ ഉയര്‍ന്നുവരുന്ന, നവലിബറല്‍ നയങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിെന്‍റയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംയുക്തമായ ചെറുത്തുനില്‍പ് പോരാട്ടത്തിെന്‍റ ഭാഗമാണ് ജനുവരി 8 മുതലുള്ള കേരളത്തിലെ ജീവനക്കാരുടെ പണിമുടക്കും. അതുകൊണ്ട് ഈ പണിമുടക്കിനുപിന്നില്‍ മുമ്പെന്നപോലെ ജനങ്ങളാകെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജനങ്ങളെയും ജീവനക്കാരെയും രണ്ടു തട്ടിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിെന്‍റ കുല്‍സിതനീക്കം 2002ലെപ്പോലെ പാഴ്വേലയാവുകയേ ഉള്ളൂ. മര്‍ക്കടമുഷ്ടിയും ധിക്കാരവും കൈവെടിഞ്ഞ് പങ്കാളിത്ത പെന്‍ഷനും മറ്റു നിര്‍ദിഷ്ട ജനവിരുദ്ധ നയങ്ങളും നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍പിന്തിരിയണം. ഇല്ലെങ്കില്‍ നടക്കാന്‍ പോകുന്ന പണിമുടക്കുമൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി.