Saturday, 23 March 2013


  • പച്ചക്കോട്ടിടാതെ...... 
  •  
     
     
    കുട്ടികളെ വര്‍ഷങ്ങളായി അക്കപ്പെരുക്കങ്ങള്‍ പഠിപ്പിച്ച ജമീല ടീച്ചര്‍ക്ക് തെറ്റിയില്ല. നിയമപോരാട്ടത്തിലൂടെ നേടിയ വിധിപ്പകര്‍പ്പുമായി പച്ചക്കോട്ടിടാതെ അവര്‍ സ്കൂളിന്റെ പടി കയറിയപ്പോള്‍ യാഥാസ്ഥിതിക ഭീഷണി പത്തിതാഴ്ത്തി

    2013 മാര്‍ച്ച് ആറ് ബുധന്‍, സമയം രാവിലെ 9.30. ആകാംക്ഷയുടെ കണ്ണുകളെല്ലാം ജമീല ടീച്ചറിലേക്ക്. സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നീരസം ചിലര്‍ക്ക് അസൂയ. പക്ഷെ, ശിഷ്യരുടെ കണ്ണുകളില്‍ ആരാധനാഭാവം. നിര്‍ബന്ധത്തിന്റെ പേരില്‍ പര്‍ദ അണിയുന്ന അധ്യാപികമാരും മുന്നിലണ്ട്. സ്വാതന്ത്യത്തിന്റെ സാരി ധരിച്ച് ജമീലടീച്ചര്‍ കടന്നുവന്നു, അഭിമാനപൂര്‍വം. ചവിട്ടിയരയ്ക്കാന്‍ കാത്തുനിന്ന മാനേജ്മെന്റ്ധിക്കാരത്തിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. കുട്ടികളെ വര്‍ഷങ്ങളായി അക്കപെരുക്കങ്ങള്‍ പഠിപ്പിച്ച ജമീല ടീച്ചര്‍ക്ക് തെറ്റിയില്ല. നിയമപോരാട്ടത്തിലൂടെ നേടിയ വിധിപ്പകര്‍പ്പുമായി പച്ചക്കോട്ടിടാതെ അവര്‍ സ്കൂളിന്റെ പടി കയറിയപ്പോള്‍ യാഥാസ്ഥിക ഭീഷണി പത്തിതാഴ്ത്തി.

    അങ്ങനെ വസ്ത്രധാരണത്തിലെ മൗലികാവകാശത്തിനും സാമാന്യനീതിക്കുംവേണ്ടി ജമീല നടത്തിയ ചെറുത്തുനില്‍പ്പ് വനിതാവിമോചന ചരിത്രത്തിലെ സവിശേഷമായൊരു ഏടായി. അരീക്കോടിനടുത്ത് അക്ഷരവിരോധികളുടെ ചവിട്ടേറ്റ് ഒരധ്യാപകന്‍ പിടഞ്ഞുമരിച്ചത് ഒരു നൊമ്പരമായി മലയാളികളുടെ ഇടനെഞ്ചിലുണ്ട്. അതിന്റെ മുറിവുണങ്ങിയിട്ടില്ല. അപ്പോഴായിരുന്നു വസ്ത്രധാരണത്തില്‍വരെ ഫത്വയുടെ വാള്‍. തങ്ങള്‍ക്ക് മൃഗീയസ്വാധീനമുള്ള ഇടങ്ങളില്‍ താലിബാന്‍ ശൈലിയിലുള്ള പരിഷ്കാരങ്ങള്‍തന്നെ. അധ്യാപികമാര്‍ ക്ലാസില്‍പോകുമ്പോള്‍ പര്‍ദയോ, സാരിക്കുമുകളില്‍ പച്ച ഓവര്‍കോട്ടോ ധരിക്കണമെന്നായിരുന്നു മാനേജ്മെന്റ് തീരുമാനം. ക്ലാസില്‍ കുട്ടികള്‍ അധ്യാപികമാരുടെ ശരീരഭാഗങ്ങള്‍ നോക്കിയിരിക്കുന്നത് തടയാനാണെന്ന് വിശദീകരണം. ""ഇത്രമാത്രം ഞരമ്പുരോഗികളാണോ കുട്ടികള്‍; അവര്‍ക്ക് അമ്മയും കുടുംബവുമൊക്കെയില്ലേ""-ജമീലടീച്ചറുടെ ചോദ്യം ഇതായിരുന്നു. മാത്രമല്ല, എത്രയോ വര്‍ഷങ്ങളായി ധരിച്ചുശീലിച്ചുപോന്ന കൈത്തണ്ടവരെ മറയുന്ന സ്ലീവും നല്ല ഇറക്കവുമുള്ള ബ്ലൗസിനു പുറത്ത് പച്ച ഓവര്‍കോട്ടിടാന്‍ ജമീല ടീച്ചര്‍ തയ്യാറായുമില്ല. അതിന്റെ പേരിലാണ് ജമീല ടീച്ചറെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തത്.

    ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അധ്യാപികയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ വണ്ടൂര്‍ ഡി ഇ ഒ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍തലത്തില്‍നിന്നുള്ള പിന്തുണയോടെ മാനേജര്‍ അത് അവഗണിച്ചു. മലപ്പുറം ഡി ഡി ഇയാകട്ടെ മാനേജറുടെ താല്പര്യത്തിന് വഴങ്ങി ആ ഉത്തരവ് മരവിപ്പിച്ചു. മാസങ്ങളോളം തന്നെ പുറത്തുനിര്‍ത്തിയ ധാര്‍ഷ്ട്യത്തിനെതിരെയാണ് ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചത്. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും നിയമവിരുദ്ധ നടപടികളെ നിശിതമായി വിമര്‍ശിച്ച കോടതി അധ്യാപികയെ പിന്തുണച്ചു. 136 ദിവസം തന്നെ അന്യായമായി പുറത്തുനിര്‍ത്തിയ മുഷ്കിന് കടുത്ത തിരിച്ചടി നല്‍കി അവര്‍ സ്കൂളിലെത്തി.

    അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ ട്രസ്റ്റിനു കീഴിലെ ഹൈസ്കൂളില്‍ 1986 മുതല്‍ ഗണിതശാസ്ത്രം അധ്യാപികയാണ് ജമീല. ക്ലാസില്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ഉള്‍പ്പെടെ ഏത് വേഷവും ധരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പര്‍ദയോ പച്ചക്കോട്ടോ വേണമെന്ന് സ്കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധമാക്കിയത്. സ്കൂള്‍ പിടിഎ കമ്മിറ്റിയിലോ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലോപോലും ചര്‍ച്ചചെയ്യാതെയായിരുന്നു ഈ താലിബാനിസ്റ്റ് നടപടി. ഇതിനെ ചോദ്യംചെയ്തതിന് ജമീലയെ ആദ്യം നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും ഇവര്‍ പച്ചക്കോട്ട് ധരിച്ചില്ല. ഇതിന്റെ പ്രതികാരമായാണ് ഒക്ടോബര്‍ 20ന് ജമീലയെ 15 ദിവസത്തേക്ക് മാനേജര്‍ സസ്പെന്‍ഡ്ചെയ്തത്. അതിനിടെ മനുഷ്യാവകാശ കമീഷനിലും വനിതാകമീഷനിലും ജമീല ടീച്ചര്‍ പരാതി നല്‍കിയിരുന്നു. അത് പിന്‍വലിച്ച് പച്ചക്കോട്ട് ധരിച്ച് സ്കൂളിലെത്തിയാല്‍ തിരിച്ചെടുക്കാമെന്നായി അപ്പോള്‍ മാനേജ്മെന്റ്. എന്നാല്‍ പച്ചക്കോട്ട് ധരിക്കില്ലെന്ന ഉറച്ച നിലപാട് മുസ്ലീം ലീഗിന്റെ അധ്യാപകസംഘടനയില്‍ അംഗംകൂടിയായ അവര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇതോടെ മാനേജ്മെന്റ് കൂടുതല്‍ വാശിയിലായി. ഒടുവില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുമായി പോകാനും മാനേജ്മെന്റ് മുതിര്‍ന്നു. എന്നാല്‍ അധ്യാപികയെ മുഴുവന്‍ ആനുകൂല്യങ്ങളോടെയും ഉടന്‍ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെയുള്ള അപ്പീല്‍ തള്ളിപ്പോവുകയാണുണ്ടായത്.

    അപകീര്‍ത്തിപ്പെടുത്തിയും പ്രതികാരം
     ജമീലയെ മാനസികമായി തകര്‍ക്കാനും മാനേജ്മെന്റിന്റെ സില്‍ബന്ധികളും ഏതാനും അധ്യാപകരും ശ്രമിച്ചിരുന്നു. സ്കൂളില്‍ ഒറ്റപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തു. അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍വരെ പരക്കെ പ്രചരിപ്പിച്ചു. ഇതിനെതിരെ സൈബര്‍സെല്ലിലും മലപ്പുറം ജില്ലാ പൊലീസ് ചീഫിനും നല്‍കിയ പരാതികള്‍ ഭരണത്തണലില്‍ എവിടെയോ മുങ്ങിപ്പോയി. പക്ഷേ അതിലൊന്നും ജമീല ടീച്ചര്‍ ചൂളിയില്ല. നല്ല മതവിശ്വാസിയായ മികച്ച അധ്യാപികയാണ് ജമീല. മൂര്‍ക്കനാട് ജിയുപി സ്കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ്കുട്ടിയുടെ രണ്ടാമത്തെ മകള്‍. വിദ്യാര്‍ഥികള്‍ക്ക് ഏറെ സ്നേഹവും ആദരവുമുള്ള അവര്‍ ഓറിയന്റല്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയാണ്. മലപ്പുറത്ത് യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സമുദായ നേതൃത്വത്തിലെ പിന്തിരിപ്പന്‍ പ്രവണതകള്‍ക്കെതിരെയാണ്; മതത്തിന്റെ മറവില്‍ ദുരഹങ്കാരങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഞെളിയുന്ന അപരിഷ്കൃതത്വത്തിനെതിരെയും ഭരണത്തെ കൂട്ടുപിടിച്ച് സ്കൂള്‍ മാനേജ്മെന്റ് കാണിച്ച ഹുങ്കിനെതിരെയുമുള്ള ഒറ്റയാള്‍ പോരാട്ടം. താന്‍ അംഗമായ അധ്യാപക സംഘടനയുടെപോലും പിന്തുണയില്ലാതെ അവര്‍ ജയിച്ചുകയറി. ആരും പതറിപ്പോവുന്ന ഘട്ടത്തിലും കുടുംബം ഒപ്പം ഉറച്ചുനിന്നതുമാത്രം ആശ്വാസം. മലപ്പുറം എഡിഎം ആയി വിരമിച്ച ഭര്‍ത്താവ് നരിക്കുനി സ്വദേശി അബ്ദുറഹ്മാന് ഈ പോരാട്ടം ഒരു ഹരമായിരുന്നു. മക്കളായ ജസീം, അര്‍ഷദ്, ഹുസ്നി മുബാറക്, ആയിഷസെബ എന്നിവരും താങ്ങായി കൂടെനിന്നു.
    ബിജു കാര്‍ത്തിക്,Sthree..

  • കാലടി അദൈ്വതാശ്രമം 
    പി ഗോവിന്ദപ്പിള്ള
  • അക്കാലത്ത് ലോകരാഷ്ട്രീയം തിളച്ചുമറിയുകയായിരുന്നു. 1933ല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. 1922ല്‍ തന്നെ മുസ്സോളിനി ഇറ്റലിയിലും അധികാരത്തില്‍ എത്തിയിരുന്നു. അതിനുമുമ്പു തന്നെ ആഫ്രിക്കയിലെ സ്വതന്ത്രരാഷ്ട്രമായിരുന്ന എത്യോപ്യയും മുസ്സോളിനി പിടിച്ചടക്കി. ഫാസിസത്തിന് എതിരായ ശക്തമായ ഐക്യമുന്നണി സംഘടിപ്പിക്കാന്‍ ശ്രമംനടന്നു. സ്പെയിനില്‍ തെരഞ്ഞെടുപ്പിലൂടെ പുരോഗമനവാദികളും ഇടതുപക്ഷക്കാരും അധികാരത്തിലെത്തി. എന്നാല്‍ റോമന്‍ കത്തോലിക്കാ സഭയുടെ സഹായത്തോടുകൂടി ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച് ഫ്രാങ്കോ എന്ന പട്ടാളമേധാവി സ്പെയിനില്‍ ഫാസിസ്റ്റ് ഭരണം സ്ഥാപിച്ചു. ലോകം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണ് എന്ന് ഉറപ്പായി. 1939ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ ""മലയാളരാജ്യം"" പത്രത്തിലൂടെ വീട്ടില്‍ അച്ഛനും കൂട്ടുകാരും തമ്മില്‍ ചര്‍ച്ചാവിഷയം ആയി. അതെല്ലാം ശ്രദ്ധയോടെ കേള്‍ക്കാന്‍ വീട്ടിലെ പൂമുഖത്ത് ഞാനും കൂടാറുണ്ടായിരുന്നു. വലിയ ദേശീയവാദിയോ കോണ്‍ഗ്രസുകാരനോ ഒന്നും അല്ലെങ്കിലും പൊതുവേ അച്ഛന്റെ സദസ്സില്‍ പെട്ടവര്‍ എല്ലാം ഹിറ്റ്ലറുടെയും മറ്റും അനുകൂലികളായിരുന്നു. ബ്രിട്ടീഷുകാരെ ഹിറ്റ്ലര്‍ തോല്‍പ്പിക്കും എന്ന പ്രതീക്ഷയിലാണ് ഈ അനുകൂല മനോഭാവം പ്രകടമായത്. ഫ്രാന്‍സും ബല്‍ജിയവും ചെക്കോസ്ലോവാക്കിയയും നെതര്‍ലന്‍ഡ്സും മറ്റും ഹിറ്റ്ലറുടെ കീഴില്‍ ആയതോടെ ബ്രിട്ടനും കീഴിലാകും എന്നായിരുന്നു അവരുടെ പ്രതീക്ഷ. സോവിയറ്റ് യൂണിയനോടും അവര്‍ക്ക് അനുഭാവം ആയിരുന്നു.

    ആയിടയ്ക്ക് പത്രങ്ങളില്‍ കാലടിയിലെ അദൈ്വതാശ്രമത്തിന്റെ ഒരറിയിപ്പ് വന്നു. വെക്കേഷന്‍ കാലത്ത് മതപരമായ പഠനത്തിനും സംസ്കൃത പഠനത്തിനും മറ്റുമായി കുട്ടികള്‍ക്ക് ഏര്‍പ്പാട് ചെയ്യുന്നുണ്ടെന്നും ആഹാരത്തിനും മറ്റുമായി ഏഴ് രൂപ നല്‍കി ചേരാവുന്നതാണെന്നും ആയിരുന്നു അറിയിപ്പ്. പൊതുവേ വീട്ടില്‍ നിലനിന്നിരുന്ന ഭക്തിയുടെ അന്തരീക്ഷത്തില്‍ അച്ഛനും അമ്മയ്ക്കും ഒക്കെ ഇതൊരു നല്ല ആശയമായി തോന്നി. എനിക്കതില്‍ താല്‍പര്യം ഉണ്ടോയെന്ന് അച്ഛന്‍ ആരാഞ്ഞു. ഒരു യാത്രയും കുറേ നാളത്തേക്ക് മാറിത്താമസവും മറ്റും എന്നെ ആകര്‍ഷിച്ചു. പെരിയാറ്റിന്‍ തീരത്തു താമസിച്ച് കുളിക്കുകയും നീന്തുകയും ചെയ്യുക എന്നതും ആകര്‍ഷകമായി. കാലടിയിലെ രാമകൃഷ്ണാശ്രമത്തിലെ മേധാവി ആഗമാനന്ദസ്വാമികള്‍ ആയിരുന്നു. പൂര്‍വാശ്രമത്തില്‍ അദ്ദേഹത്തിന്റെ പേര് കൃഷ്ണന്‍ നമ്പ്യാതിരി എന്നായിരുന്നു. കുറേനാള്‍ കല്‍ക്കത്തയില്‍ രാമകൃഷ്ണാശ്രമത്തില്‍ പഠനവും ഭജനവും കഴിഞ്ഞശേഷം എം എക്കാരനായ സ്വാമിജി മിഷന്‍ പ്രവര്‍ത്തനത്തിനായി കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടു. ആഗമാനന്ദജി നല്ലൊരു പ്രഭാഷകനും എഴുത്തുകാരനും ആയിരുന്നു. അദ്ദേഹം പത്രാധിപരായി അമൃതവാണി എന്നൊരു മാസിക നടത്തിയിരുന്നു. ആശ്രമത്തില്‍ എന്നെക്കൂടാതെ ബ്രഹ്മചാരികളായി പത്തുപതിനഞ്ചുപേര്‍. വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് ആശ്രമം ക്ഷേത്രത്തില്‍ തൊഴുത് സ്വാമിയുടെ മുമ്പില്‍ നമസ്കരിച്ച് പഠിക്കാന്‍ ഇരിക്കും. സംസ്കൃതവും ബാദരായണന്റെ ബ്രഹ്മസൂത്രവും പ്രധാന വിഷയങ്ങളായിരുന്നു. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത പാഠശാല പ്രവര്‍ത്തിച്ചുവന്നു. പിന്നീട് പണ്ഡിതാഗ്രേസരനായ എന്‍ വി കൃഷ്ണവാര്യര്‍ ആയിരുന്നു പാഠശാലയിലെ മുഖ്യ അധ്യാപകന്‍. ആശ്രമവാസവും അവിടുത്തെ ചിട്ടവട്ടങ്ങളും എന്‍ വിയുമായുള്ള പരിചയവും പലപ്രകാരത്തില്‍ എന്നെ സ്വാധീനിക്കുകയുണ്ടായി. അവിടെയുള്ള മറ്റ് നിത്യബ്രഹ്മചാരികളെപ്പോലെ ആകാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അച്ഛനമ്മമാര്‍ വഴങ്ങിയില്ല.

    ആശ്രമം ഗുരുകുലത്തില്‍ നല്ലൊരു ഗ്രന്ഥശാല ഉണ്ട്. അവിടുത്തെ പുസ്തകങ്ങള്‍ മറിച്ചുനോക്കാനും വായനയ്ക്കും ഞാന്‍ ധാരാളം സമയംകണ്ടെത്തി. വായനയിലേക്ക് എന്നെ ആദ്യമായി വഴിനയിച്ചത് എന്റെ അമ്മയാണ്. അമ്മ പതിവായി രാമായണം വായിക്കുമായിരുന്നു. പൊതുവേ ഹിന്ദുഗൃഹങ്ങളില്‍ മഹാഭാരതം വായിക്കാറില്ല. മഹാഭാരതം ഒരു മഹായുദ്ധത്തിന്റെ കഥയായതുകൊണ്ടാണ് അതിനോട് ആഭിമുഖ്യം കുറഞ്ഞത് എന്നു പറയപ്പെടുന്നു. രാമ-രാവണയുദ്ധം ആദികാവ്യമായ രാമായണത്തിലെ വിഷയം ആണെങ്കിലും രാമനെ ഒരു മാതൃകാ പുരുഷനും മാതൃകാ പുത്രനും ആയിട്ടാണ് കരുതിവരുന്നത്. സീതയെ വനവാസത്തിന് അയച്ചതും സാധാരണഗതിയില്‍ ഒരു ക്രൂരകൃത്യമായിട്ടാണ് ഒരു മാതൃകാ ഭരണാധികാരി പൊതുജനാഭിപ്രായത്തെ മാനിക്കുന്നതിന്റെ തെളിവായിട്ടേ കരുതിയിരുന്നുള്ളു. എന്റെ അമ്മയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ഒന്നുമില്ലായിരുന്നെങ്കിലും വായനയില്‍ തത്പര ആയിരുന്നു. പുരാണങ്ങള്‍ക്ക് പുറമെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, ഇന്ദുലേഖ തുടങ്ങിയ സി വി രാമന്‍പിള്ളയുടെ നോവലുകളും കഥകളും വായിക്കുന്നതില്‍ വലിയ കമ്പമായിരുന്നു. അവ എന്നെക്കൊണ്ട് വായിപ്പിക്കുകയും വായിച്ച് കേള്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഈ വായനയും പുല്ലുവഴി പബ്ലിക് ലൈബ്രറിയിലെ വായനയും ഏറ്റവും ഒടുവിലായി കാലടി ആശ്രമത്തിലെ വായനയും ആണ് എന്റെ വായനാ താല്‍പര്യം വര്‍ധിപ്പിച്ചതെന്ന് തോന്നുന്നു. കാലടിയില്‍ എനിക്ക് ലഭിച്ച പ്രധാനമായ ഒരു പരിചയമാണ് അവിടുത്തെ സംസ്കൃത പാഠശാലാധ്യാപകനായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ എന്ന എന്‍ വി. സോഷ്യലിസ്റ്റ് അഭിപ്രായഗതിക്കാരനും സ്വാതന്ത്ര്യസമരവാദിയും ആയിരുന്നു. അന്നുമുതലേ ഖദറാണ് അദ്ദേഹം ധരിച്ചിരുന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. ആഗമാനന്ദജിക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. മെലിഞ്ഞ് കൊലുന്നനെയുള്ള ചെറുപ്പക്കാരനായിരുന്ന എന്‍ വി അന്ന് അറിയപ്പെട്ടിരുന്നത് ""കൊച്ചു സാര്‍"" എന്നായിരുന്നു. ഞാന്‍ കമ്യൂണിസ്റ്റുകാരനായ ശേഷവും ആഗമാനന്ദ സ്വാമിയുമായി നല്ല സ്നേഹത്തിലായിരുന്നു. ആഗമാനന്ദസ്വാമിയുമായുള്ള സമ്പര്‍ക്കമാണ് എന്നില്‍ ദേശീയത എന്ന വികാരം ഉണര്‍ത്തുന്നത്.

    വിവേകാനന്ദ കൃതികളാണ് അതിലേക്ക് എന്നെ നയിച്ചത്. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ഒരു അഖിലേന്ത്യാ കര്‍ഷക സമ്മേളനം സംഘടിപ്പിച്ചിരുന്നു. കാലടി ശ്രീശങ്കരാ കോളേജായിരുന്നു വേദി. കോളേജും ഹോസ്റ്റലും മൈതാനവും എല്ലാം പരിപാടിക്കുവേണ്ടി ഉപയോഗിച്ചു. എനിക്ക് സ്വാമിയുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് അത്തരമൊരു സമ്മേളനം കോളേജില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ""കമ്യൂണിസ്റ്റായതുകൊണ്ട് കുഴപ്പമൊന്നുമില്ല. വിവേകാനന്ദനും കമ്യൂണിസ്റ്റായിരുന്നു"" എന്നാണ് ആഗമാനന്ദസ്വാമി പറഞ്ഞിരുന്നത്. അന്ന് കര്‍ഷകസമ്മേളനം സ്വാഗതസംഘത്തിന്റെ അധ്യക്ഷയായിരുന്നു കെ ആര്‍ ഗൗരി അമ്മ. ആഗമാനന്ദസ്വാമിക്ക് ഗൗരിയമ്മയെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. പിന്നീട് ഇരുവരും വലിയ സുഹൃത്തുക്കളായി.

    വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് സ്വാമി ശ്രീശങ്കരാ കോളേജ് തുടങ്ങിയത്. മങ്കൊമ്പ് സ്വാമിമാര്‍ എന്നറിയപ്പെടുന്ന വലിയ ജന്മിമാര്‍ അന്ന് പണം നല്‍കി സഹായിച്ചിരുന്നു. അങ്ങനെ ശ്രീശങ്കരാ കോളേജ് അവരുടെ നിയന്ത്രണത്തിലായി. പണം തിരികെ നല്‍കിയാല്‍ കോളേജ് വിട്ടുതരാം എന്നായി സ്വാമിമാര്‍. ദേവസ്വം ബോര്‍ഡില്‍നിന്ന് കുറച്ചു ധനം അനുവദിച്ചു നല്‍കാമെന്ന് അന്ന് വകുപ്പുമന്ത്രി കൂടിയായിരുന്ന ഗൗരിയമ്മ സ്വാമിയോടു പറഞ്ഞു. സ്വാമിക്ക് വലിയ സന്തോഷവുമായി. പക്ഷേ ആ തുക അനുവദിക്കുംമുമ്പ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അതെന്തായാലും വലിയൊരു ബന്ധമായിരുന്നു സ്വാമിയുമായി. ഞാന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ സ്വാമിക്ക് തിരുവനന്തപുരത്ത് മന്ത്രിമാരെ കാണാനും മറ്റും എന്നെയാണ് കൂട്ടിക്കൊണ്ടുപോവുക. കുറുപ്പംപടിയിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഞാന്‍ പോയത് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലേക്കാണ്.

  • ലൈംഗിക പീഡനങ്ങളില്‍ ടെലിവിഷന്‍ വില്ലനാകുമ്പോള്‍ - 2 
    ഡോ. ആര്‍ ജയപ്രകാശ്
  • മധ്യവര്‍ഗ ഉപഭോഗതൃഷ്ണയേയും അഭിരുചികളേയും ജീവിതരീതികളേയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും എല്ലാവരുടേയും ലക്ഷ്യം ഇതാണെന്ന് മായികമായി തോന്നിപ്പിക്കുകയും അഥവാ ഇതായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്ന നിരന്തരമായ പ്രവര്‍ത്തനമാണ് ദൃശ്യമാധ്യമങ്ങള്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി പിന്തുടരുന്ന പൊതുസമീപനം. മധ്യവര്‍ഗജീവിതത്തിന്റെ വര്‍ണപ്പൊലിമയും ധാരാളിത്തവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതുവഴി നിരന്തരമായ ഭ്രമിപ്പിക്കലിന്റേയും പ്രലോഭിപ്പിക്കലിന്റേയും അന്തരീക്ഷം ഒരുക്കുന്നതിന് ദൃശ്യമാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പൊതുസമൂഹത്തെ മായിക യാഥാര്‍ഥ്യത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഗ്രാമനഗര വര്‍ണവര്‍ഗ ഭേദമെന്യേ നമ്മുടെ ഉപഭോഗസംസ്കാരം അതിന്റെ മൂര്‍ധന്യതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ പരിണിത യാഥാര്‍ഥ്യം. സൗന്ദര്യവര്‍ധകവസ്തുക്കളും ആധുനിക ഗൃഹോപകരണങ്ങളുടെ വിപണനവും കടന്ന് അമേരിക്കന്‍ മദാമ്മ ചുംബിച്ച് കയറ്റിവിടുന്ന കോഴിക്കാലുകളും നമുക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നു! ഇത്തരം കോഴിക്കാലുകള്‍ക്ക് വേണ്ടി, അവ പഴകിയതാണെന്ന് അറിഞ്ഞിട്ടും പിരിഞ്ഞുപോകാതെ നമ്മള്‍ അനന്തമായി ക്യൂ നില്‍ക്കുന്നു! നിങ്ങള്‍ മൂന്നുവയസ്സുള്ള ഒരു കുട്ടിയുമായി മാര്‍ക്കറ്റില്‍ പോകുന്നുവെന്നിരിക്കട്ടെ; ചോക്ലേറ്റായാലും സോപ്പായാലും ഏത് ബ്രാന്‍ഡ് വേണമെന്ന് അവര്‍ തന്നെ പറയും. അത് തന്നെ വാങ്ങിയില്ലെങ്കില്‍ മാര്‍ക്കറ്റില്‍ വച്ചുതന്നെ ഉണ്ടാകാവുന്ന പുകിലുകള്‍ ആലോചിക്കുക. മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണിത്. ഒരിക്കല്‍ വീട്ടുവേലക്ക് പോകുന്ന ദരിദ്രയായ ഒരമ്മ തന്റെ കൗമാരക്കാരിയായ മകളെക്കുറിച്ച് പരാതിപ്പെട്ടത് ശ്രദ്ധിക്കുക (ഒരു പ്രീ റിയാലിറ്റി ഷോ കാലത്തെ അനുഭവം). ""അവള്‍ ഈയിടെയാണ് പ്രായപൂര്‍ത്തിയായത്. മാസമുറയുടെ നാളുകളില്‍ "കെയര്‍ഫ്രീ" വേണമെന്ന് അവള്‍ വാശിപിടിക്കുന്നു. കൂട്ടുകാരികള്‍ അതാണത്രേ ഉപയോഗിക്കുന്നത്. ഞങ്ങളുടെ സാഹചര്യത്തില്‍ എങ്ങനെ ഇവയൊക്കെ വാങ്ങിക്കൊടുക്കുവാന്‍ കഴിയും?"" "കെയര്‍ഫ്രീ" യില്ലെങ്കില്‍ കൗമാരക്കാരിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. പരസ്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മായികലോകത്തേയും തന്റെ ജീവിതാവസ്ഥയേയും വസ്തുനിഷ്ഠമായി വിശകലനംചെയ്ത് വേര്‍തിരിച്ച് കാണുവാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് കഴിയുന്നില്ല. നാപ്കിന്‍ പരസ്യക്കാര്‍ മധ്യവയസ്ക്കരായ സ്ത്രീകളെ ഉപേക്ഷിച്ച് കൗമാരക്കാരിയെ നായികയാക്കിയതിന് പ്രയോജനം ലഭിച്ചത് നോക്കുക. താന്‍ ഒരു വലിയകുട്ടിയായതിന്റെ പേരില്‍ അഭിമാനവും ആത്മവിശ്വാസവും ഉണ്ടാകേണ്ട അവസ്ഥയില്‍ കൗമാരക്കാരി ദുര്‍ദിനങ്ങളെ ഒഴിവാക്കുന്നതിനുള്ള ചിന്തയില്‍ മുഴുകി കഴിയേണ്ടിവരുന്നതെങ്ങനെയെന്ന് ചിന്തിക്കുക. പുതിയ കാലത്തില്‍ കൗമാരസമൂഹത്തെ ഉപഭോഗസംസ്കാരത്തില്‍നിന്ന് വേര്‍തിരിച്ച് കാണുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്. പുതിയതായി സൃഷ്ടിക്കപ്പെട്ട ഉപഭോഗ ദശകങ്ങളില്‍ പിറന്നവരായതുകൊണ്ട് തന്നെ ഇന്നത്തെ കൗമാരയുവസമൂഹത്തിന് അവര്‍ ഈ ഉപഭോഗസംസ്കാരത്തിന് കീഴ്പ്പെട്ടവരാണെന്ന് ബോധ്യവുമില്ല. എല്ലാം സാദാ ജീവിതത്തിന്റെ ഭാഗമാണ് അവര്‍ക്ക്. വര്‍ണവര്‍ഗ ഗ്രാമനഗരഭേദമെന്യേ ഈ മാറ്റം പ്രകടമാണ്. എല്ലാം നേടിയെടുക്കുന്നതിനുള്ള കുറുക്കുവഴികള്‍ അവര്‍ക്ക് സാദാ വഴികളായി മാറിയിരിക്കുന്നു! മൂല്യങ്ങള്‍ ഇല്ലാതാകുന്നു. സ്വാഭാവികമായും പുതിയ കാലത്തില്‍ മൂല്യങ്ങളിലും മാറ്റം വരും. പുതിയ മൂല്യങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. അത് എങ്ങനെയെന്നതാണ് അടിസ്ഥാന ചോദ്യം. ദൃശ്യ മാധ്യമങ്ങളുടെ കൊതിപ്പിക്കുന്ന മായിക പ്രപഞ്ചമുപയോഗിച്ച് കൗമാരക്കാരികളെ പ്രലോഭിപ്പിച്ച് കുടുക്കുന്ന ശ്രമവും വര്‍ധിച്ചുവരുന്നു. ഒടുവില്‍ ലൈംഗികവ്യാപാരശൃംഖലയുടെ ഊരാക്കുടുക്കുകളില്‍ അകപ്പെട്ട് രക്ഷപ്പെടാനാകാതെ അതിന്റെ ഭാഗമായി മാറേണ്ടിവരുന്നു. ഇവയില്‍ ചിലത് മാത്രമാണ് "ടിപ് ഓഫ് ഐസ്ബെര്‍ഗ്" പ്രതിഭാസംപോലെ പുറത്തുവരുന്നത്. സംസ്കാരത്തിന്റെ അവസ്ഥാന്തരഘട്ടവും കഴിഞ്ഞ് നമ്മള്‍ പുതിയ ഉത്തരാഗോളീകരണ സംസ്കാരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കുട്ടികളെയും കൗമാരക്കാരെയും മാധ്യമങ്ങളുടെ സ്വാധീനത്തിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം ഉത്തരവാദിത്തം ശരിയായി നിര്‍വഹിക്കുവാന്‍ കഴിയുന്നില്ല. ഇന്നത്തെ പരസ്യങ്ങളുടേയും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളുടേയും വിഷയങ്ങള്‍ എന്തൊക്കെയാണ്? മണമുള്ള സോപ്പ് ഉപയോഗിക്കാഞ്ഞ ദിവസം കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം പോകുന്നു. വീണ്ടുമത് ഉപയോഗിക്കുമ്പോള്‍ അയാള്‍ തിരികെ വരുന്നു. നല്ല ഡിയോഡറന്റ് ഉപയോഗിക്കുന്ന സുന്ദരിയെത്തന്നെ ഓഫീസ് മേധാവി അമേരിക്കന്‍ ട്രിപ്പിനായി തിരഞ്ഞെടുത്തുവിടുന്നു. തെരുവിലെ നഗ്നസുന്ദരിയെ കാണുവാനായി ഒപ്പമുള്ള ഭാര്യയെ ഉറക്കിക്കിടത്തുന്നു. ഇത്തരം പരസ്യങ്ങളെ കേവലം തമാശകളായി തള്ളിക്കളയുവാനാകില്ല. അത് നമ്മുടെ കുട്ടികളുടേയും കൗമാരക്കാരുടേയും പൊതുവില്‍ സമൂഹത്തിന്റെ ആകെ മൂല്യങ്ങളേയും സ്വാധീനിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. അപഥസഞ്ചാരം നടത്തുന്ന നായികാനായകന്മാരാണ് ഇന്നത്തെ സീരിയലുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വന്തം ഇണകളില്‍ സംതൃപ്തരല്ലെന്നും അവര്‍ വേലിചാടുന്നതിനുള്ള അവസരവും കാത്ത് കഴിയുകയാണെന്നുമുള്ള ആശയം സമൂഹത്തില്‍ വലിയതോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം ആശയങ്ങളുടെ പ്രയോക്താക്കള്‍ ആഗ്രഹിക്കുന്ന മാറ്റം സമൂഹത്തില്‍ ചെറിയ തോതിലെങ്കിലും കാണുവാനുണ്ട്. കുടുംബം സ്ത്രീയുടെ തടവറയാണെന്നും അത് ഭേദിച്ച് പുറത്തുവരുവാനും ആഹ്വാനംചെയ്യുന്ന മൗലികവാദപരമായ സ്ത്രീപക്ഷ സമീപനത്തിന് മധ്യഉപരിവര്‍ഗങ്ങളില്‍ വീണ്ടും സ്വാധീനം വര്‍ധിച്ചുവരുന്നു. സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ ഒപ്പം മാത്രം ഒതുങ്ങി ദാമ്പത്യജീവിതത്തിലേര്‍പ്പെടുന്നവരെ മൂല്യങ്ങളുടെ തടവറയില്‍ ജീവിക്കുന്നവരായി വ്യാഖ്യാനിക്കുന്നു. കുടുംബത്തിന് പുറത്ത് സ്വതന്ത്ര രതിയെന്ന ആശയത്തെ സമൂഹത്തിലേക്ക് ഒളിച്ചു കടത്തിവിടുന്നതിനുള്ള ശ്രമങ്ങള്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള ചര്‍ച്ചകളില്‍ ചില "വിദഗ്ധര്‍" (മോഡലുകള്‍) തന്ത്രപൂര്‍വമായി നടത്തുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിര്‍ക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തവും വനിതാപ്രസ്ഥാനങ്ങള്‍ക്കുണ്ട്. പാശ്ചാത്യര്‍ ഒഴിവാക്കാനാകാതെ കൊണ്ടുനടക്കേണ്ടിവരുന്ന കോഹാബിച്ചുവേഷനും സ്വവര്‍ഗരതിയും ഇന്ന് ദൃശ്യമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാവിഷയങ്ങളാണ്. യാതൊരു ശാസ്ത്രീയമായ അടിത്തറയുമില്ലാതെയാണ് ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. സ്വവര്‍ഗരതിമാതിരിയുള്ള പ്രവണതകളില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിത്വങ്ങളേയും ജീവിതപരിസരങ്ങളേയും മനഃശാസ്ത്രപരമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ അവര്‍ ഏതെങ്കിലും തരത്തിലുള്ള മാനസികസംഘര്‍ഷമോ വൈകല്യങ്ങളോ സുരക്ഷിതത്വമില്ലായ്മയോ കുട്ടിക്കാലം മുതല്‍ക്കുതന്നെ അനുഭവിച്ചിരുന്നതായി ബോധ്യപ്പെടും. ശിഥിലമായ കുടുംബാന്തരീക്ഷം, അച്ഛനോ അമ്മയോ ഇല്ലാത്ത അവസ്ഥ, ശരിയായ പരിചരണം ലഭിക്കാത്ത സാഹചര്യം, കുടുംബത്തിനുള്ളില്‍ അച്ഛന്റെയോ അമ്മയുടെയോ ഏകാധിപത്യപരമായ സമീപനം, കുട്ടിക്കാലത്തെ തികഞ്ഞ ഏകാന്തത, കുട്ടിക്കാലത്തുതന്നെ പലതരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടിവരിക എന്നിങ്ങനെ നിരവധിയാണ് പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ മനഃശാസ്ത്രപരമായി വിശകലനംചെയ്ത് കാരണം കണ്ടെത്തുന്നതിനുപകരം ഇതിനെ ഒരു പുത്തന്‍ ആദര്‍ശാത്മക രതിസങ്കേതമായും ജീവിതക്രമമായും ദൃശ്യമാധ്യമങ്ങള്‍ കൊണ്ടാടുന്നു. ഇത്തരം പരിപാടികള്‍ ഏറ്റവുമധികം ദോഷകരമായി സ്വാധീനിച്ചിരിക്കുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. വ്യക്തിത്വവികസനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചുള്ള ചിന്തകളും സങ്കല്‍പ്പവും ആകാംക്ഷയും രൂപപ്പെട്ടുവരുന്ന വളര്‍ച്ചാഘട്ടത്തിലാണ് ഇതുമാതിരിയുള്ള അശാസ്ത്രീയവും വികലവുമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെടുന്നത്. കൗമാരക്കാരുടെ വൈകാരിക ലൈംഗിക വളര്‍ച്ചയേയും സങ്കല്‍പ്പങ്ങളേയും വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയമായ അടിത്തറയും സമീപനവുമാണ് വേണ്ടത്. സ്വവര്‍ഗരതിപോലെയുള്ള കാര്യങ്ങളില്‍ കൗമാരവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ താല്‍പര്യമുണ്ടാവുക സാധാരണമാണ്. എന്നാല്‍ അത് അടുത്തഘട്ടത്തില്‍ സാധാരണയായി ഇല്ലാതാകും. വീണ്ടുമത് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് അതിരുകവിഞ്ഞ ആശ്രയത്വമുള്ള ബന്ധങ്ങളിലായിരിക്കും (ജെ്യരവീഹീഴശരമഹ റലുലിറലിര്യ). ഈ പ്രശ്നത്തെ ആദര്‍ശാത്മകമായി പര്‍വതീകരിച്ചു കാണുന്ന രീതി അശാസ്ത്രീയമാണ്. ദൃശ്യമാധ്യമങ്ങളിലെ ഇത്തരം പരിപാടികള്‍ കുട്ടികളുടേയും കൗമാരക്കാരുടേയും ജീവിതമൂല്യങ്ങളെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളില്‍ കാര്യമായ സ്വാധീനംചെലുത്തുന്നു. കുടുംബങ്ങളില്‍ അതിലൈംഗികത ഉണ്ടാകുന്നത്... ദൃശ്യമാധ്യമങ്ങളില്‍ ഒരേ പോലെ രാവും പകലും നിരന്തരമായി സിനിമാസംഗീത റിയാലിറ്റിഷോ പരസ്യങ്ങളുടെ രൂപത്തില്‍ നഗ്നതാപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നു. ആദ്യം സ്ത്രീനഗ്നതയും ഇപ്പോള്‍ പുരുഷനഗ്നതയും ഒരേപോലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞു. നമ്മുടെ പരമ്പരാഗത പുരുഷാധിപത്യസമൂഹത്തില്‍ നഗ്നതാ പ്രദര്‍ശനത്തിലെങ്കിലും തുല്യത കൈവരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കാം. നഗ്നതാപ്രദര്‍ശനത്തില്‍ എല്ലാറ്റിനേക്കാളും ഒരു പടികൂടി മുന്നില്‍ നില്‍ക്കും ജൂവലറി പരസ്യങ്ങള്‍. 90 കള്‍ക്ക് മുന്‍പ് വരെ ഉച്ചപ്പടം എടുത്ത് ദൃശ്യമാധ്യമങ്ങളുടെ തള്ളിച്ചയില്‍ തൊഴില്‍നഷ്ടപ്പെട്ടവരോ അവരുടെ പിന്‍മുറക്കാരോ ആയിരിക്കണം ഇതിന്റെ പിന്നില്‍. ചുരുക്കത്തില്‍ ഏത് വഴിയായാലും ദൃശ്യമാധ്യമങ്ങളില്‍ നഗ്നതയും ലൈംഗികതയും നിറഞ്ഞുനില്‍ക്കുന്നു. ഇത് നിരന്തരമായ ഭ്രമിപ്പിക്കലിന്റെയും പ്രലോഭനത്തിന്റെയും അദൃശ്യമായ അന്തരീക്ഷം കുടുംബത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഈ അതിലൈംഗികതയുടെ അന്തരീക്ഷത്തില്‍നിന്ന് ആരും വിമുക്തരല്ല. ഇതിന്റെ സ്വാധീനം ഏറ്റവും ആദ്യവും കൂടുതലും അനുഭവപ്പെട്ടു തുടങ്ങിയത് കുട്ടികളുടേയും കൗമാരക്കാരുടേയും ലൈംഗികതയെ സംബന്ധിച്ച ധാരണകളിലും താല്‍പര്യങ്ങളിലുമാണ്. അങ്ങനെ ഇപ്പോഴത്തെ ചെറുപ്പക്കാരിലും. കൂടാതെ അതിലൈംഗികത എല്ലാ ജനസമൂഹങ്ങളിലും ഒരേപോലെ ക്രമാതീതമായി വര്‍ധിച്ചു വന്നിട്ടുള്ള ഒരു പ്രത്യേക പ്രശ്നമാണ്. ഈ നൂതന പ്രവണത കഴിഞ്ഞ ദശകങ്ങളിലെ ക്ലിനിക്കല്‍ അനുഭവങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. 90 കള്‍ തൊട്ട് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വൈകാരിക ലൈംഗിക വിഷയങ്ങളില്‍ ഉത്തേജകമായിത്തീര്‍ന്നത് ദൃശ്യമാധ്യമങ്ങളാണ്. അങ്ങനെ മുറുക്കാന്‍ കടകളില്‍ രഹസ്യമായി കിട്ടിയിരുന്ന മഞ്ഞ പ്രസീദ്ധീകരണങ്ങളുടെ വിപണി ഇടിയുകയും അത് വേഗത്തില്‍ ഇല്ലാതാകുകയും ചെയ്തു. മുന്‍പ് സൂചിപ്പിച്ചപോലെ ദൃശ്യത്തിന് അച്ചടിയേക്കാള്‍ വശ്യത ഏറുമല്ലോ. തുടക്കത്തില്‍ ഇവിടേയ്ക്ക് കടന്നുവന്ന വിദേശചാനലുകള്‍ (എംടിവി കാലം ഓര്‍ക്കുക) അക്കാലത്തെ കുട്ടികളെയും കൗമാരക്കാരെയും അശാന്തരാക്കി, ഇളക്കിമറിച്ചു! തുടര്‍ന്ന് മുഴുവന്‍ ഇന്ത്യന്‍ ചാനലുകളും ഇതേ പാത പിന്‍തുടര്‍ന്നതായി കാണാം. ഇപ്പോള്‍ ഇവിടുത്തെ മ്യൂസിക് ചാനലുകളില്‍ വിദേശമാധ്യമങ്ങളെപ്പോലും തോല്‍പ്പിക്കുന്ന രീതിയിലുള്ള നഗ്നതയും കാമപ്പേക്കൂത്തുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ലൈംഗിക വിഷയങ്ങളിന്മേല്‍ മുന്‍പ് പത്തുവയസ്സുള്ള കുട്ടിക്കുണ്ടായിരുന്ന അറിവ് ഇന്ന് അഞ്ച്, ആറ് വയസ്സുള്ള കുട്ടിക്ക് ലഭിക്കുന്നു. പ്രായത്തിനും വികാസഘട്ടത്തിനും അതീതമായി ലൈംഗികതയെ സംബന്ധിച്ചകാര്യങ്ങള്‍ കുട്ടികളും കൗമാരക്കാരും ഇപ്പോള്‍ മനസ്സിലാക്കുന്നത് ടി വിയിലെ സിനിമ സംഗീതപരിപാടികളില്‍ നിന്നാണ്. 90 കളില്‍ ഇത്തരം രംഗങ്ങളെ സംബന്ധിച്ച് ആറുവയസ്സുകാരിയുടെ കൗതുകകരമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്തു മറുപടി കൊടുക്കണമെന്നറിയാതെ കുഴങ്ങിയ മാതാപിതാക്കളുണ്ട്. വീണ്ടും ഇത്തരം രംഗങ്ങള്‍ വരുമ്പോള്‍ പെട്ടെന്ന് ചാനല്‍ മാറ്റിക്കൊണ്ടാണ് കുട്ടികളുടെ ചോദ്യത്തില്‍നിന്ന് അവര്‍ അക്കാലങ്ങളില്‍ രക്ഷപ്പെട്ടത്. എന്തായാലും പുതിയ ദശകങ്ങളില്‍ ചെറിയ കുട്ടികളുടെ ഉത്തരം വലയ്ക്കുന്ന ചോദ്യങ്ങളുമായി വരുന്ന മാതാപിതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പുതിയ തലമുറ കുട്ടികള്‍ ഇത്തരം രംഗങ്ങള്‍ ആദ്യകാലം മുതല്‍ക്കേ കണ്ട് കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിയി ട്ടുണ്ടെന്ന് അറിയുക. റിയാലിറ്റിഷോ പൂര്‍വകാലത്തെ ഒരു അനുഭവം നോക്കാം. ഒരു പുതിയ തലമുറ അഞ്ചുവയസ്സുകാരി തന്റെ എട്ടു വയസ്സുകാരി ചേച്ചിയോട് രഹസ്യമായി പറഞ്ഞത് ഇങ്ങനെ. "" ചേച്ചീ, ഇന്നലെ രാത്രിയില്‍ അച്ഛനും അമ്മയും കൂടി ടി വിയില്‍ കാണുന്നതുപോലെ ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. അവര്‍ ഉടുപ്പൊന്നും ഇട്ടിട്ടില്ലായിരുന്നു. ഞാന്‍ അനങ്ങാതെ ഉറങ്ങുന്നതുപോലെ കിടന്നു"". ഉടന്‍ ചേച്ചിയുടെ മറുപടി, "" ഞാനും കണ്ടിട്ടുണ്ട്, മോളിതാരോടും പറയണ്ട.."". ഇവയെല്ലാം അവിചാരിതമായി ഒളിഞ്ഞുനിന്ന് കേട്ട മധ്യവര്‍ഗ അമ്മയുടെ പരാതിയാണിത്. കുട്ടികള്‍ക്ക് എന്തെങ്കിലും സ്വഭാവദോഷം ഉണ്ടാകുമോയെന്നതായിരുന്നു അവരെ അലട്ടിയത്. ""ടിവിയില്‍ കാണുന്നതുപോലെ ചെയ്യുന്നവര്‍"" എന്നായിട്ടുണ്ട് പുതിയ കാലത്തില്‍ അച്ഛനമ്മമാരുടെ പുതിയ നിര്‍വചനം. 90 കളുടെ തുടക്കത്തില്‍ ടി വി സാര്‍വത്രികമായിരുന്നില്ല. അക്കാലങ്ങളില്‍ ഇടത്തരക്കാരുടെ വീട്ടില്‍ സമീപത്തെ സാധാരണ ആളുകളുടെ തിരക്കായിരുന്നു. ചാനലുകളില്‍ സിനിമയും സീരിയലും സാര്‍വത്രികമായിക്കൊണ്ടിരുന്ന ആ കാലത്തെ ഒരു അനുഭവം നോക്കാം (ഒരു പ്രീ റിയാലിറ്റിഷോകാല അനുഭവം). മാനസിക വിഭ്രാന്തിയുണ്ടെന്നുതോന്നിപ്പിക്കുന്ന ലക്ഷണങ്ങളുള്ള പന്ത്രണ്ടു വയസ്സുകാരിയുമായി ഒരു സാധാരണക്കാരിയായ അമ്മ വന്നു. ""അവള്‍ കഴിഞ്ഞ ഒരാഴ്ചയായി കുളിക്കുന്നില്ല, ഉറങ്ങുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല, സ്കൂളില്‍ പോകുന്നില്ല""... എന്നിങ്ങനെയായിരുന്നു അവരുടെ വിഷമം. ദീര്‍ഘമായ അഭിമുഖത്തിനൊടുവില്‍ അവര്‍ പറഞ്ഞു, ""അടുത്ത വീട്ടിലെ പതിനേഴുവയസ്സുകാരന്‍ പയ്യന്‍ അവളെ കയറിപ്പിടിച്ചു. അവള്‍ പേടിച്ചുപോയി, അതില്‍ പിന്നെയാണിങ്ങനെയായത്."" തുടര്‍ന്ന് കുട്ടിയുമായി നടത്തിയ സ്വകാര്യ അഭിമുഖത്തില്‍ കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തി, ""അത് ഞങ്ങള്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ലൈംഗിക ബന്ധം പുലര്‍ത്തിവരികയായിരുന്നു. അമ്മയോടൊപ്പം ഞാനും ആ ചേട്ടന്റെ വീട്ടില്‍ ടി വി കാണാന്‍ പോകുക പതിവായിരുന്നു. അപ്പോഴാണ് ആ ചേട്ടന്‍ ചില സിനിമകള്‍ കാണിച്ചുതന്ന് എന്നെ ഇക്കാര്യത്തിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയില്ലാത്തപ്പോഴും മറ്റാരുമില്ലാത്ത ആ വീട്ടില്‍ പോവുകയും ഇത്തരം സിനിമകള്‍ ടി വിയില്‍ കാണുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആ ചേട്ടന്റെ കോളേജില്‍ പഠിക്കുന്ന ചേച്ചിയാണ് കഴിഞ്ഞ ദിവസം ഇത് അമ്മയുടേയും മറ്റുള്ളവരുടേയും ശ്രദ്ധയില്‍പ്പെടുത്തിയത്"". കുട്ടിക്ക് ഇത് അമ്മയുടെയും മറ്റുള്ളവരുടെയും ശ്രദ്ധയില്‍പ്പെട്ടതിന്റെ മാനസികാഘാതമായിരുന്നു ഉണ്ടായിരുന്നത്. 90 കളുടെ മധ്യകാലത്തിലെ മറ്റൊരനുഭവം കൂടി നോക്കാം. അതിരുകടന്ന ലൈംഗികാസക്തിയുള്ള ഒരു പന്ത്രണ്ടുകാരനെ മാതാപിതാക്കള്‍ കൊണ്ടുവന്നു. അച്ഛന്‍ ഗള്‍ഫിലായിരുന്നു. സാധാരണ ഗ്രാമീണ കുടുംബം. അയല്‍പക്കത്തെ പെണ്‍കുട്ടികള്‍ക്ക് മകന്റെ ശല്യം കാരണം കുളിക്കുവാന്‍ കൂടി കഴിയുന്നില്ല... ഉറങ്ങിക്കിടക്കുമ്പോള്‍ തന്നോടും ചിലപ്പോള്‍ അവന്‍ ഇത്തരത്തില്‍ മോശമായി പെരുമാറുന്നുവെന്നായിരുന്നു കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞത്. സ്വകാര്യ അഭിമുഖത്തില്‍ കുട്ടി ഒരു സങ്കോചവുമില്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തി. "" അയല്‍പക്കത്തുണ്ടായിരുന്ന ഒരു ചേട്ടനാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി എന്നെ ഈ പ്രവൃത്തിയിലേയ്ക്ക് പ്രേരിപ്പിച്ച് കൊണ്ടുവന്നത്. ആ ചേട്ടന്‍ എന്നെ ഭയപ്പെടുത്തി ഗുദരതിക്ക് വശംവദനാക്കി... തുടര്‍ന്ന് ഞാന്‍ എന്നോടൊപ്പം ചോറും കറിയും വച്ച് കളിക്കുവാന്‍ കൂടുമായിരുന്ന പെണ്‍കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തുടങ്ങി....."" അവരെ എങ്ങനെ ഇതിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവരുവാന്‍ കഴിഞ്ഞുവെന്ന ചോദ്യത്തിന് അവന്റെ മറുപടി ""അത് ഞങ്ങള്‍ ആദ്യം ടി വി സിനിമകളിലെപ്പോലെ കല്യാണരംഗങ്ങള്‍ അഭിനയിച്ചു തുടങ്ങും..."" പണ്ടത്തെ കുട്ടികളുടെ "ചോറും കറിയും" കളിയുടെ സ്ഥാനം ഇന്ന് ദൃശ്യമാധ്യമങ്ങളിലെ കല്യാണക്കളികള്‍ കൈയടക്കിയിരിക്കുന്നു! ഇത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയും അവസാനിപ്പിക്കുകയും ചെയ്തപ്പോഴാണ് അവന്‍ മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങിയത്. അവന്റെ സംസാരത്തില്‍നിന്നും ലൈംഗിക കാര്യങ്ങളില്‍ അവനോളം തന്നെ മുന്‍പരിചയമുണ്ടായിരുന്നവരും കൂട്ടത്തില്‍കൂടി ഇത്തരം പ്രവൃത്തികളില്‍ രഹസ്യമായി മുന്നോട്ടുപോയ്ക്കൊണ്ടിരുന്ന ആണ്‍-പെണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇവരില്‍ എത്രപേര്‍ ഭാവി ഗോവിന്ദച്ചാമിമാരോ ഡല്‍ഹിവീരന്മാരോ ആയി തീരുമെന്ന് ചിന്തിക്കുക. സമാനമായ നിരവധി അനുഭവകഥകള്‍ ശിശുമാനസികാരോഗ്യവിദഗ്ധനെന്ന നിലയില്‍ നിരത്തുവാന്‍ കഴിയും. ഇവിടെ റിയാലിറ്റിഷോകള്‍ തുടങ്ങുന്നതിന് മുന്‍പ് വലിയ കുട്ടികളും കൗമാരക്കാരുമാണ് ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച മായിക അന്തരീക്ഷത്തില്‍പ്പെട്ട് ചൂഷണപൂര്‍വമായോ കൗതുകപരമായോ ലൈംഗിക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയതെന്നുകാണാം. എന്നാല്‍ പോസ്റ്റ് റിയാലിറ്റിഷോ കാലത്തില്‍ ചെറിയ കുട്ടികള്‍ കൂടി കൗതുകപരമായ സ്വാധീനത്തില്‍ ലൈംഗിക പ്രവര്‍ത്തനത്തിലേക്ക് പോകുന്നതായി കാണാം. പാശ്ചാത്യ സംസ്കാരത്തില്‍ ഇത്തരം പ്രവണതകള്‍ വളരെക്കാലം മുന്‍പ് മുതല്‍ സാധാരണമാണ്. സംസ്കാരിക ആഗോളീകരണത്തിന്റെ മറ്റൊരു പ്രതിഫലനം. ഈ മാറ്റങ്ങള്‍ വര്‍ണ വര്‍ഗ ഭേദമെന്യേ എല്ലാ ജനസമൂഹങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതായും കാണാം. കുട്ടിക്കാലത്ത് തന്നെ അതിലൈംഗികതയിലേക്ക് പോയ ഒരു പോസ്റ്റ് റിയാലിറ്റിഷോ കാല അനുഭവം നോക്കാം. ഒരു ആറാം ക്ലാസുകാരനായ മകനെയും കൊണ്ട് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വന്നു. തന്റെ മകന്‍ വീട്ടിലെ ഇന്റര്‍നെറ്റില്‍നിന്ന് ലൈംഗിക ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ പകര്‍ത്തി അതേ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി ചേട്ടന്മാര്‍ക്ക് കൊടുക്കുന്നു! അവനും ചേട്ടന്മാരൊടൊപ്പം കൂട്ടസ്വയംഭോഗങ്ങളില്‍ പങ്കാളിയാകുമത്രെ! കുട്ടിയെ അടുത്ത കടയില്‍നിന്ന് മൊബൈല്‍ മോഷണത്തിന് സ്കൂളില്‍വച്ച് പിടിക്കുകയുണ്ടായി. മൊബൈല്‍ എന്തിനെന്ന അന്വേഷണത്തിന് ഒടുവിലാണ് ഈ കാര്യങ്ങള്‍ പുറത്തുവന്നത്. വീണ്ടുമൊരു റിയാലിറ്റി ഷോ പൂര്‍വകാല അനുഭവം ഇങ്ങനെ.. ഒരിക്കല്‍ തന്റെ അഞ്ചാം ക്ലാസുകാരിയായ മകളെയുംകൊണ്ട് സാധാരണക്കാരിയായ അമ്മ വന്നു. ആരും കാണാതെ കുട്ടി കട്ടിലില്‍ക്കിടന്ന് ലൈംഗികചേഷ്ടകള്‍ കാണിക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. കുട്ടിയുമായി സംസാരിച്ചപ്പോള്‍ അയല്‍പക്കത്തെ എട്ടാം ക്ലാസുകാരന്‍ തനിക്ക് ഇടക്കിടെ അവരുടെ വീട്ടില്‍വച്ച് ബ്ലൂ ഫിലിം കാണിച്ചുതന്ന് അതേപോലെ ചെയ്യിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തി. അവരുടെ വീട്ടില്‍ ഈ സമയത്ത് സാധാരണയായി ഒരു അമ്മൂമ്മ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവത്രെ! ഇത് പാവം അമ്മക്ക് വലിയ ഒരു ഞെട്ടലായിരുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ല. ഞങ്ങള്‍ ആ വീട്ടുകാരുമായി കടുത്ത പിണക്കത്തിലായിരുന്നുവെന്നാണ് ആ അമ്മ ആദ്യം പറഞ്ഞത്. അതുകൊണ്ട് തന്റെ കുട്ടി ഒരിക്കലും അയല്‍വീട്ടില്‍ പോകില്ലത്രെ! ഏറ്റവും ഒടുവിലായി ഒരു കഥ കൂടി. അതിലൈംഗിക സ്വഭാവമുള്ള ഒരു 11 വയസ്സുകാരനുമായി സാധാരണക്കാരിയായ അമ്മ വന്നു. തന്റെ മകന്‍ അവന്റെ കളിക്കൂട്ടുകാരിയുമായി ഒരു വര്‍ഷം മുന്‍പ് പലപ്പോഴായി ലൈംഗിക ബന്ധം പുലര്‍ത്തുകയുണ്ടായി. ക്ലാസില്‍ മറ്റ് കുട്ടികളുടെ മുന്‍പില്‍വച്ച് ഒരു വീമ്പിളക്കല്‍ വേളയില്‍ ഇത് അവന്‍ വെളിപ്പെടുത്തി. അതേ സ്കൂളില്‍ പഠിക്കുന്ന കഥയിലെ കുട്ടിക്ക് ഇത് വലിയ മാനസിക പ്രശ്നം ഉണ്ടാക്കി. അയല്‍പ്പക്കക്കാര്‍ തമ്മില്‍ വഴക്കായി. അവന്‍ അവന്റെ നാല് വയസ്സുകാരിയായ കസിനുമായി ഇത്തരത്തില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് മുന്‍പ് അമ്മ കണ്ടിരുന്നു. ഇതിനിടയില്‍ അയല്‍പക്കത്തെ 8 വയസ്സുകാരിയുമായും അവന്‍ ഇതേ ബന്ധം നടത്തി. ഇത്രയുമായപ്പോഴാണ് അമ്മ മകനുമായി എത്തിയത്. കുട്ടിക്ക് ഇതിനോടൊപ്പം മോഷണസ്വഭാവവും പഠനപിന്നോക്കാവസ്ഥയും ഉണ്ടായിരുന്നു. തികച്ചും സ്വഭാവവൈകൃതമുള്ള ഒരു കുട്ടി. ഒരു ഭാവി ക്രിമിനല്‍ അഥവാ ഗോവിന്ദചാമി! കുട്ടിയെ കൂടുതല്‍ മാനസിക വിശകലനം ചെയ്തപ്പോള്‍ 11 കാരന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. അയല്‍പക്കത്തെ ചേട്ടന്മാര്‍ അവന് ഇന്റര്‍നെറ്റും ബ്ലൂഫിലിമും കാണിച്ചുകൊടുക്കുമായിരുന്നു. ചേട്ടന്മാര്‍ ഇത് കാണുന്ന വേളയില്‍ അവന്‍ കൂടുകയാണുണ്ടായത്. അയല്‍പക്കത്തെ കുട്ടിയുടെ വീട്ടില്‍ പോയി ടി വി കാണുന്നതിനിടയില്‍ ചേട്ടന്മാരുടെ നിര്‍ദേശപ്രകാരം ടി വിയിലെ റിയാലിറ്റി ഷോ കളിക്കുന്നതിന് വേണ്ടിയാണ് കളിക്കൂട്ടുകാരിയുമായി അവന്‍ ലൈംഗികബന്ധം ആരംഭിച്ചത്. തുടര്‍ന്ന് ഇതേ മാര്‍ഗമുപയോഗിച്ച് മറ്റുള്ളവരേയും തന്റെ ഇംഗിതത്തിന് വിധേയമാക്കി. പ്രദേശത്തെ ഒരു റിയാലിറ്റി ഷോ ഡാന്‍സുകാരനായിട്ടാണത്രെ അവന്‍ അറിയപ്പെട്ടിരുന്നത്! തങ്ങളുടെ കുട്ടികളുമായി ഡാന്‍സ് കളിക്കുന്നത് മാതാപിതാക്കള്‍ കണ്ടുവെങ്കിലും അവര്‍ക്ക് മറ്റൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ സ്കൂളിലെ വീമ്പിളക്കാണ് കാര്യങ്ങള്‍ പുറത്തുവരുന്നതിന് കാരണമായത്. കുട്ടിയെ പതിവുപോലെ മാസം തോറും കാണുകയും ബിഹേവിയറല്‍ തെറാപ്പി, മറ്റിതര മാനസിക ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ തന്നെ അവന്‍ വീണ്ടും തന്റെ കസിന്‍ കുട്ടിയെ പീഡനത്തിന് വിധേയമാക്കുകയുണ്ടായി! എങ്ങനെയുണ്ട് കാര്യങ്ങള്‍? ലൈംഗികതയെ സംബന്ധിച്ച ധാരണകള്‍ക്കും താല്‍പര്യങ്ങള്‍ക്കും പ്രായത്തേക്കാളുപരി അനുഭവങ്ങളാണ് പ്രധാനം. സ്വന്തം നിലയില്‍ ലൈംഗിക കാര്യങ്ങളില്‍ വലിയ താല്‍പര്യമുണ്ടാവുകയോ സമാന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ ചെറിയകുട്ടികള്‍ക്ക് ആവുകയില്ല. ഒന്നുകില്‍ അവര്‍ മുതിര്‍ന്നവരാല്‍ ലൈംഗികപീഡനങ്ങള്‍ക്ക് വിധേയരാകുന്നു. അല്ലെങ്കില്‍ ഇന്നത്തെ ദൃശ്യമാധ്യമങ്ങളിലെ സമാനരംഗങ്ങള്‍ അവരില്‍ കൗതുകം സൃഷ്ടിക്കുകയും അതുവഴി കാര്യങ്ങള്‍ വളര്‍ച്ചയുടെ കൗതുകകരമായ അവസ്ഥയില്‍ തന്നെ അപൂര്‍ണമായി മനസ്സിലാക്കുകയും ചെയ്യുന്നു. കുറച്ചധികം കുട്ടികളില്‍ ഇതുരണ്ടും ഒരേ സമയം തന്നെ സംഭവിക്കാറുമുണ്ട്. ചിലര്‍ ഭയത്താല്‍ കാര്യങ്ങള്‍ പുറത്തുപറയാതെ തുടര്‍ന്നു നടത്തിക്കൊണ്ടു പോകുവാന്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെ കുട്ടികൗമാരറിയാലിറ്റി ഷോയാണ് ഇപ്പോഴത്തെ കുട്ടിക്കളികള്‍ക്ക് പ്രചോദനമായി തീരുന്നതെന്ന് കാണാം. ചെറുപ്രായത്തില്‍ വച്ചു തന്നെ ലൈംഗികപീഡനങ്ങള്‍ക്കു വിധേയരാകുന്നവരുടെ മനഃശാസ്ത്രം വിശകലനം ചെയ്തുനോക്കുമ്പോള്‍ അവരില്‍ കുറച്ചുപേര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ സ്വമേധയാ തുടര്‍ന്നുകൊണ്ടു പോകുന്നതിനുള്ള പ്രവണതയുണ്ടെന്നു കാണാവുന്നതാണ്. ഒരു സങ്കോചവും കൂടാതെ ഇത്തരം കാര്യങ്ങള്‍ ഡോക്ടറോട് വെളിപ്പെടുത്തുവാന്‍ അവര്‍ തയ്യാറാകും. ഇത് നിരന്തരമായി ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ പ്രത്യേകമായ സ്വഭാവരീതിയാണ് (ഉശശെിവശയശലേറ യലവമ്ശീൃ). എന്നാല്‍ വലിയ ഒരളവ് വരെ മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകുകയാണ് ചെയ്യുന്നത്. പുതിയ കാലത്തിലെ ലൈംഗിക പ്രണയങ്ങള്‍.. പുതിയകാലത്തില്‍ കൗമാരപ്രണയത്തിനും മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ കൗമാര പ്രണയങ്ങളുടെ പരാതിയുമായി വരുന്ന കേസുകളില്‍ പ്രണയത്തോടൊപ്പം ലൈംഗികതയിലേക്കു കൂടി പോകുന്ന കമിതാക്കളുടെ എണ്ണം കൂടിവരുന്നു. ലൈംഗിക പ്രണയമോ? വെറും പ്രണയമോ? ഇതാണ് ശിശുമാനസികാരോഗ്യ വിദഗ്ധന്‍ പുതിയ കാലത്തില്‍ ഉത്തരം കണ്ടെത്തേണ്ടിവരുന്ന ആദ്യ ചോദ്യം. മക്കളുടെ പ്രണയപരാതിയുമായി വരുന്ന മാതാപിതാക്കള്‍ മിക്കപ്പോഴും ഇത് അറിയുന്നില്ലെന്നതാണ് സത്യം. കൗമാരക്കാര്‍ സംഗമത്തിനായി കണ്ടെത്തുന്ന സുരക്ഷിത ഇടം അവരുടെ ആരുടെയെങ്കിലും സ്വന്തം വീട് തന്നെ ആണ്. മിക്കപ്പോഴും ഈ വീടുകളില്‍ പകല്‍ ആരുമുണ്ടാകില്ലല്ലോ. ചിലപ്പോള്‍ അപ്പൂപ്പന്‍, അമ്മൂമ്മ വീടും. ആരും അറിയാതെ രണ്ടുപേരുംകൂടി സ്വകാര്യ ആശുപത്രിയില്‍പോയി ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ മാര്‍ഗം ഉപയോഗപ്പെടുത്തി അബോര്‍ഷന്‍ നടത്തി അന്നുവൈകുന്നേരം പതിവുപോലെ വീട്ടില്‍ എത്തുന്നവരും ഉണ്ട്. കാമുകിക്ക് വീട്ടില്‍നിന്ന് ട്യൂഷന്‍ മാസ്റ്റര്‍ക്ക് കൊടുക്കുന്നതിന് നല്‍കിയ 10,000 രൂപയാണ് (പുതിയ കാലത്തിലെ ബുദ്ധിപരിശീലന ചികിത്സക്ക് കൊടുക്കാന്‍ മാതാപിതാക്കള്‍ നല്‍കുന്ന ഫീസാണ് ഇത്) ആശുപത്രിയില്‍ ബില്ല് അടക്കുന്നതിന് ഒരു കൂട്ടര്‍ ഉപയോഗിച്ചത്. മാനസിക വിശകലന വേളയില്‍ പ്രണയം അവസാനിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് വെളിവാക്കേണ്ടിവരുന്ന അവസരത്തിലാകും ചിലര്‍ക്ക് തങ്ങളുടെ ലൈംഗികബന്ധം കൂടി പറയേണ്ടിവരുന്നത്. മറ്റുചിലര്‍ ആദ്യവിസിറ്റില്‍ തന്നെ കാര്യം വെളിപ്പെടുത്തും. ഇതില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലെന്നും അറിയുക. എന്നാല്‍ ലൈംഗിക പ്രണയത്തില്‍ ഉള്ളവര്‍ ആദ്യ വിസിറ്റോടുകൂടി തന്നെ വേര്‍പിരിയുന്നതിന് തയ്യാറാകുന്നവരും കുറവല്ല. പ്രണയത്തിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കാത്തവര്‍! എന്തായാലും മാനസികാരോഗ്യ വിദഗ്ധന് സമയവും ലാഭം, തലവേദനയും കുറയും. ഇവിടെയും ആണ്‍ പെണ്‍ വ്യത്യാസം അനുഭവപ്പെടുന്നില്ല. വൈകാരിക ലൈംഗിക വിഷയങ്ങളെ സംബന്ധിച്ച് സ്വാഭാവികമായ അന്വേഷണത്വരയും താല്‍പര്യവും ആകാംക്ഷയും വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെയുള്ള എടുത്തുചാട്ടവും കൗമാരക്കാരുടെ സ്വഭാവരീതിയാണ്. കൗമാരക്കാരായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ചര്‍ച്ചാക്ലാസുകളില്‍ ഉയര്‍ന്നു വരാറുള്ള ചില പുതിയ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. ""എന്താണ് ഡേറ്റിങ്ങ്?, ബോയ്ഫ്രണ്ട്സ് പാടില്ലേ?, പ്രമിക്കുന്നതു തെറ്റാണോ?........"" എന്ന കാലദേശങ്ങളെ അതിജീവിച്ച പഴയ ചോദ്യം ഒന്നാമത്തേതായി തുടരുമ്പോള്‍ തന്നെയാണ് പുതിയ ചോദ്യങ്ങളും. അവരുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കുന്നതിനും അവയെ ശാസ്ത്രീയമായി സമീപിക്കുന്നതിനും നമുക്ക് കഴിയേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നുവെന്നാല്‍ അവയൊക്കെ അംഗീകരിച്ചുകൊടുക്കുന്നുവെന്നല്ല അര്‍ഥം. മറിച്ച് അവരുടെ ആകാംക്ഷകളെ ഫലവത്തായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. പുതിയ കാലത്തിലും ലൈംഗികതയേയും ജീവിതമൂല്യങ്ങളേയും സംബന്ധിക്കുന്ന വിഷയങ്ങള്‍ അവരില്‍ ആശയപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വികാരവും വിചാരവും തമ്മിലുള്ള ആന്തരികമായ യുദ്ധം അവരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുറമേയ്ക്ക് ഇത് എല്ലാവരിലും ഒരേപോലെ പ്രകടമാകണമെന്നില്ല. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രലോഭനത്തിന്റെ ഭ്രമാത്മകമായ അന്തരീക്ഷത്തെ എങ്ങനെ അതിജീവിക്കും? ഇവയില്‍ എത്രമാത്രം സ്വീകരിക്കാമെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്. ഇത് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള അപൂര്‍വമായ ചര്‍ച്ചാക്ലാസുകളില്‍ അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍നിന്ന് മനസ്സിലാക്കാം. മറുവശത്ത് ഇത്തരം വിഷയങ്ങളെ സംബന്ധിച്ച ശരിയായ നിലപാടെന്താണെന്നും അത് എങ്ങനെയുണ്ടാക്കിയെടുക്കാമെന്നും വെല്ലുവിളികളെ എങ്ങനെ ശാസ്ത്രീയമായി സമീപിക്കാമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കുവാന്‍ സമ്പ്രദായത്തിന് കഴിയുന്നുമില്ല. മാറിയ കാലത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിന് കൗമാര സമൂഹത്തെ പ്രാപ്തമാക്കുന്നതിനുള്ള കൂട്ടായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. ചാനലുകള്‍ അവരുടെ സമയം മുഴുവന്‍ ഇവിടെ സൂചിപ്പിച്ചപോലെ ചെലവഴിക്കുന്നതിനോടൊപ്പം ദിവസം ഒരു മണിക്കൂറെങ്കിലും പുതിയ സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനും നേരിടുന്നതിനും സമൂഹത്തെ സജ്ജരാക്കുന്നതിനുള്ള ശ്രമം കൂടി നടത്തുന്നതിന് തയ്യാറാകണം. ലൈംഗിക പീഡകര്‍ ബഹുവിധം ലൈംഗിക പീഡകര്‍ എല്ലാം ഒരേതരക്കാരല്ല. പീഡനകൃത്യത്തിലേര്‍പ്പെടുന്നവരുടെ സ്വഭാവവും മനശാസ്ത്രവും വ്യത്യസ്തമാണ്. ഗോവിന്ദച്ചാമിമാരും ഡല്‍ഹിവീരന്മാരും സ്വാഭാവികമായും ക്രിമിനല്‍ സ്വഭാവക്കാരാണ്. അവരുടെ ചരിത്രവും കുട്ടിക്കാലവും പരിശോധിച്ച് നോക്കി ഇത് കൂടുതല്‍ ബോധ്യപ്പെടാവുന്നതാണ്. ഇത്തരക്കാര്‍ക്ക് പരിമിതമായ ശിക്ഷ കൊടുത്ത് പുറത്തിറക്കിയാല്‍ അവര്‍ അതേ കൃത്യം വീണ്ടും ആവര്‍ത്തിക്കും. കുറ്റാന്വേഷണ മനശാസ്ത്ര ചരിത്രം പരിശോധിച്ചാല്‍ ഇത്തരക്കാരെക്കുറിച്ചും അവരുടെ ക്രിമിനല്‍ സവിശേഷതകളെക്കുറിച്ചും മനസ്സിലാക്കാം. അതുകൊണ്ട് ഈ വിഭാഗത്തിലുള്ളവരെ ജീവിതകാലം മുഴുവന്‍ (കേവലമായ ജീവപര്യന്തമല്ല) ജയിലില്‍തന്നെ നിലനിര്‍ത്തുന്നതാണ് അഭികാമ്യം. പ്രതികാരബുദ്ധിയോടെ ബലാത്സംഗം ചെയ്യുന്നവരും കൊല്ലുന്നവരും ഇതേ ഗണത്തില്‍ പെടുന്നവരാണ്. സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സമ്പ്രദായത്തിന്റെ ചുമതലയാണ്. ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെടുന്ന മൂന്നാമത്തെ കൂട്ടര്‍ അടഞ്ഞ ചുറ്റുവട്ടത്തില്‍ സാഹചര്യം തനിക്ക് അനുകൂലമാക്കി രഹസ്യമായിട്ടാകും ഇരയെ കീഴ്പ്പെടുത്തുന്നത്. സിസ്റ്റര്‍ അഭയ തുടങ്ങി സമാനസംഭവങ്ങളിലെ പ്രതികള്‍ ഈ ഗണത്തില്‍ പെടുന്നവരാണ്. അവര്‍ക്ക് അധികാരത്തിന്റേയും സ്വാധീനത്തിന്റേയും സാഹചര്യപരമായ മേധാവിത്വം ഉണ്ടാകും. അവര്‍ എടുത്തുചാടി ഒന്നും ചെയ്യില്ല. പൊതുവില്‍ അവര്‍ നല്ലപിള്ളകളായി കാണപ്പെടും. കൂടുതല്‍ ലൈംഗികപീഡനങ്ങളും നടക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണെന്ന് കാണേണ്ടതുണ്ട്. കൗമാര കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കേണ്ടതിനെക്കുറിച്ച് പുതിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നുണ്ട്. ലൈംഗിക പീഡനങ്ങളിലടക്കം അവര്‍ സാര്‍വത്രികമായി ഏര്‍പ്പെടുന്നുമുണ്ട്. എന്നാല്‍ അവരെ മുതിര്‍ന്നവരായി കണ്ട് വിചാരണനടപടികളിലേക്ക് പോകുന്നത് അംഗീകരിക്കാവുന്നതല്ല. 18 വയസ്സുവരെയുള്ളവരെ കുട്ടിയായി പരിഗണിക്കണമെന്ന ഭരണഘടനാപരമായ നിലപാടിനെ ഓര്‍ത്തുകൊണ്ടല്ല ഇത് പറയുന്നത്. മറിച്ച് കൗമാര മനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുള്ള എടുത്തു ചാട്ട പ്രവണത (വികാരപരമായ) ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന കാലമാണ് മധ്യഘട്ട കൗമാരകാലം (15, 16 വയസ്സ്). ആണ്‍, പെണ്‍കുട്ടികള്‍ പ്രേമങ്ങളില്‍ കുടുങ്ങി വിശ്വസിച്ച് ചതികളില്‍ പെട്ടുപോകുന്നതും ഈ ഘട്ടത്തിലാണെന്ന് ഓര്‍ക്കുക. 18 വയസ്സിനുശേഷം ഒരു കൗമാരക്കാര്‍ പോലും പുതിയതായി ഇത്തരം വൈകാരിക ബന്ധങ്ങളില്‍ പെട്ട് ചതിക്കപ്പെടുന്നില്ല എന്നും ഓര്‍ക്കുക. പുറത്തുവന്നുകൊണ്ടിരിക്കുന്ന ഏത് പെണ്‍വാണിഭ, ലൈംഗിക പീഡന കഥകള്‍ എടുത്ത് പരിശോധിച്ചാലും ഇത് വ്യക്തമാകും. പുത്തന്‍ കണ്ടെത്തലുകള്‍ പ്രകാരം കൗമാര തലച്ചോറും ഗുണപരമായ വളര്‍ച്ചക്ക് വിധേയമാകുന്നുണ്ട് (കൊഗ്നിറ്റീവ് ന്യൂറോ സയന്‍സ്). അവരുടെ തലച്ചോറിന്റെ മുന്‍ ദളങ്ങള്‍ (പ്രീ ഫ്രോന്‍ഡല്‍ ലോബ്) ഗുണപരമായ മാറ്റത്തിന് വിധേയമാകുന്നത് കൗമാരത്തിന്റെ മധ്യകാലഘട്ടത്തിലാണ്. ഈ മാറ്റം അവരില്‍ കോപം കുറയ്ക്കുന്നതിനും വിചാരപരമായി ചിന്തിച്ച് സാഹചര്യങ്ങളെ യുക്തിപൂര്‍വം സമീപിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് കൗമാര ബൗദ്ധിക മനശാസ്ത്ര പ്രകാരം അവര്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് 17, 18 വയസ്സുകളിലാണെന്ന് കാണാം. അതുകൊണ്ട് വികാസാധിഷ്ടിത സമീപനമാണ് അഭികാമ്യം. എന്നാല്‍ കൗമാരക്കാരായ കുറ്റവാളികളെ അവര്‍ എന്തുകൊണ്ട് അങ്ങനെയായെന്ന് കണ്ടെത്തി തിരുത്തുന്നതിനും മതിയായ ശിക്ഷ നല്‍കുന്നതിനും പ്രത്യേകമായ സംവിധാനമാണ് ആവശ്യം. ബലപ്രയോഗരതിയില്‍ ആത്മസുഖം അഥവാ രസം കിട്ടുമോയെന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒരു ചോദ്യം. ഏറ്റവും സ്വകാര്യമായി മാത്രം രതിയില്‍ ഏര്‍പ്പെടുന്ന ശുദ്ധാത്മാക്കളുടെ ചോദ്യം മാത്രമാണിത്. രസം ആപേക്ഷികമാണ്. ട്രയല്‍ വേളയില്‍ കോടതിയുടെ ചോദ്യത്തിന് ഗോവിന്ദച്ചാമി പറഞ്ഞ ഉത്തരം ശ്രദ്ധിക്കുക, "" എനിക്ക് പായസം പിടിക്കും, പാല്‍പ്പായസം രൊംഭ പിടിക്കും, ആ കുട്ടി പാല്‍പ്പായസമായിരുന്നു.."" എങ്ങനെയുണ്ട് ഉത്തരം? കുടുംബാന്തരീക്ഷത്തില്‍ തന്നെ ഇണയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി (മാത്രം) രതിസുഖം അനുഭവിക്കുന്നവര്‍ ഉണ്ടെന്ന് അറിയുക. നഗ്നതയും ലൈംഗികതയും നഗ്നതാപ്രദര്‍ശനം ഇന്ന് ജീവിത ഉപാധിയേക്കാള്‍ ഒരു മികവായി വിലയിരുത്തപ്പെടുന്നു. ആര്‍ക്ക് ഏറ്റവും കൂടുതല്‍ അഥവാ പൂര്‍ണമായി കഴിയുമെന്നതാണ് പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന ചോദ്യം. അങ്ങനെ ഒന്ന് സംഭവിക്കുമ്പോള്‍ നിങ്ങളെ അറിയിക്കുന്നതിനും സംവിധാനമുണ്ട്. ഒരു എസ്എംഎസ് നിങ്ങളെ തേടി വന്നിരിക്കും. അങ്ങനേയും നമ്മള്‍ ആഗോളീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുക. പക്ഷേ നഗ്നതാപ്രദര്‍ശനം വ്യക്തിപരവും ലൈംഗികത കൂട്ടായ്മയും പരസ്പരമുള്ള രസിപ്പിക്കലും ആണ്. നഗ്നതാപ്രദര്‍ശനം ലൈംഗി കതക്കുള്ള സമ്മതമല്ല, ക്ഷണവുമല്ല. അത് ബലാല്‍ക്കാരമായാലും അല്ലാതെയും ലൈംഗികതയിലേക്ക് നീളണമെന്നുമില്ല. പക്ഷേ ഇത്തരമൊരു മൂല്യാധിഷ്ഠിത പ്രൊഫഷണല്‍ സമീപനം സമൂഹത്തില്‍ ഇനിയും വളര്‍ന്നുവന്നിട്ടില്ലെന്ന് ഓര്‍ക്കുക. ഒരു ബസില്‍ പിറകെ നിന്ന് തള്ളുമ്പോള്‍ സ്ത്രീ (കുട്ടിയായാലും) അനങ്ങാതെ നിന്നാല്‍ പുരുഷന്റെ തോന്നല്‍ അത് ഇഷ്ടമായി എന്നാണ്. അങ്ങനെ അത് തള്ളലിനുള്ള സമ്മതമായി വ്യാഖ്യാനിക്കപ്പെടുന്നു. "" അനങ്ങിയതുപോലുമില്ല...."" എന്നാകും വീമ്പിളക്കല്‍. കഴിഞ്ഞ ദശകങ്ങളില്‍ എന്തുകൊണ്ട് ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം ദൃശ്യമാധ്യമങ്ങളില്‍ പലരൂപത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗ്നതാപ്രദര്‍ശനവും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭ്രമാത്മകവും പ്രലോഭനപരവുമായ ലൈംഗികാന്തരീക്ഷം ആണെന്നല്ല ഇവിടെ സ്ഥാപിക്കുന്നത്. കേവലമായ സ്ത്രീപീഡനങ്ങള്‍ മാത്രമല്ല, എല്ലാതരം ലൈംഗിക പീഡനങ്ങളും രതിവൈകൃതങ്ങളും സമൂഹത്തില്‍ മുമ്പെന്നത്തേക്കാളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന് കാണുക. നഗ്നതയുടേയും ലൈംഗികതയുടേയും ആഘോഷപൂര്‍വമായ അന്തരീക്ഷം പൊതു സമൂഹത്തിലും വിശിഷ്യാ കുടുംബത്തിനുള്ളിലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ഇന്നത്തെ പുതിയ സാഹചര്യത്തില്‍ വിശിഷ്യാ കുടുംബസാഹചര്യത്തില്‍ വളരുന്ന കുട്ടികളുടെ സ്വഭാവത്തിന്റെ സ്വാഭാവികമായ പരിണിതിയെന്ത്? ഇവിടെ പരാമര്‍ശിക്കപ്പെട്ട കുട്ടികള്‍ വളര്‍ന്നുവരുന്ന ഓരോ ഘട്ടത്തിലും അവര്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാകും? ഇതിനകം ആദ്യകാല യൗവ്വനത്തിലേക്ക് പ്രവേശിക്കപ്പെട്ടുകഴിഞ്ഞ പുതിയ ചെറുപ്പക്കാരുടെ സ്വഭാവശീലങ്ങളും മൂല്യങ്ങളും നിരീക്ഷിക്കുക. ലൈംഗികപീഡനങ്ങളിലെ തീവ്രവാദങ്ങള്‍ കേവലമായി നഗ്നത കണ്ടതുകൊണ്ട് മാത്രം ഉടന്‍ പുരുഷന്മാര്‍ പുറത്തിറങ്ങി പീഡനങ്ങള്‍ നടത്തുന്നുവെന്ന മൗലികവാദപരമായ ആശയത്തിന്റെ അപകടവും അശാസ്ത്രീയതയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. സ്കൂളുകള്‍ പ്രത്യേകമാക്കുക, തലവഴിയേ മൂടി നടക്കുക, വീട്ടിനുള്ളില്‍ തന്നെ കഴിയുക എന്നീ വാദങ്ങളിലെ പുരുഷമേധാവിത്വം പ്രകടവുമാണ്. ഏറ്റവും കൂടുതല്‍ ആണ്‍ പെണ്‍ ലൈംഗിക പീഡനങ്ങള്‍ നടക്കുന്നത് ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന അടഞ്ഞ കുടുംബാന്തരീക്ഷങ്ങളിലാണ്. ഇവിടെ എന്തു ചെയ്യും? ഇതേ വാദത്തിന്റെ എതിര്‍വശത്ത് സ്വതന്ത്രരതിവാദക്കാര്‍ നില്‍ക്കുന്നതും കാണുക. മുന്‍പ് സൂചിപ്പിച്ചപോലെ അവര്‍ കുടുംബമെന്ന തടവറക്ക് പുറത്ത് വരുവാന്‍ സ്ത്രീകളെ ആഹ്വാനം ചെയ്യുന്നു. ശിശുപരിപാലനത്തിലെ പുരുഷാധിപത്യ മൂല്യങ്ങള്‍ പുരുഷാധിപത്യ സംസ്കാരം സവിശേഷമായ ശിശുപരിപാലനരീതി വഴിയാണ് കുടുംബത്തിനുള്ളില്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്നത്തെ പരമ്പരാഗത പുരുഷാധിപത്യ ശിശുപരിപാലനത്തിന് പകരം കുടുംബങ്ങളില്‍ ആദ്യകാലം മുതല്‍ തന്നെ തുല്യപരിഗണനയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആണ്‍കുട്ടികള്‍ ഓച്ചിറക്കാളകളായാലും കുഴപ്പമില്ല.... പെണ്‍കുട്ടി ഇങ്ങനെയായിരിക്കണം.... എന്ന രീതിയിലുള്ള ഇരട്ടമൂല്യ സങ്കല്‍പം മാറണം. ശിശുപരിപാലനത്തിലെ ഈ പുരുഷാധിപത്യസംസ്കാരത്തെ തിരിച്ചറിയപ്പെടുന്നില്ല. യഥാര്‍ഥത്തില്‍ മുന്‍പ് സൂചിപ്പിച്ച രണ്ട് തരം തീവ്രവാദ നിലപാടുകളും ഒന്നായിത്തീരുന്നത് ഇവിടെയാണ്. തുല്യതയോടെ പരസ്പരം ആണ്‍പെണ്‍ ഭേദമെന്യേ സഹകരിച്ച് വളരുന്ന പുതിയ തലമുറയെ സൃഷ്ടിക്കുന്നതിന് നമുക്ക് കഴിയണം. അതിനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. വ്യക്തിസ്വാതന്ത്ര്യം രണ്ട് കൂട്ടര്‍ക്കും ഒന്ന് തന്നെയാകണം. ഗേള്‍സ്ബോയ്സ് സ്കൂളുകള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കൗമാരക്കാരായ ആണ്‍കുട്ടികള്‍ സൃഷ്ടി ക്കുന്ന പ്രശ്നങ്ങളേക്കാള്‍ (മദ്യം, മയക്കുമരുന്ന്, ഇതര ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം, ആധുനിക സങ്കേതങ്ങളുടെ അതിരുവിട്ട അസാന്മാര്‍ഗിക ഉപഭോഗം, ക്രിമിനല്‍ സ്വഭാവങ്ങള്‍, ലൈംഗികപ്രണയങ്ങള്‍ തുടങ്ങി...) എത്രയോ ചെറുതാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്നത്. എന്നിട്ടും നമുക്ക് ദേശീയാടിസ്ഥാനത്തില്‍ കൗമാരക്കാരായ ആണ്‍കുട്ടികളെ ഫലപ്രദമായി സ്വാധീനിക്കുന്നതിനുള്ള പദ്ധതികള്‍ ഇനിയും ഉണ്ടായിട്ടില്ല. കുമാരികള്‍ക്ക് മാത്രമായി ഇത്തരം പദ്ധതികള്‍ ഒതുങ്ങിനില്‍ക്കുന്നു. സംസ്ഥാനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്കൂളുകളില്‍പോലും പെണ്‍കുട്ടികളുമായി സംസാരിക്കുന്നതിനാണ് പലപ്പോഴും ശിശുമാനസികാരോഗ്യവിദഗ്ധരെ ക്ഷണിക്കുന്നത്. ഇത് സമൂഹത്തില്‍ രൂഢമൂലമായ ഓച്ചിറക്കാള മനോഭാവത്തിന്റെ പ്രതിഫലനമാണ്. സാമൂഹികവും രാഷ്ട്രീയവുമായ ബോധമുള്ള വനിതാപ്രസ്ഥാനങ്ങള്‍ ഈ വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കുടുംബത്തിനകത്തും പുറത്തും ഒരേപോലെ പ്രവര്‍ത്തിച്ചുകൊണ്ട് മാത്രമേ പുതിയകാല വെല്ലുവിളികളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും കഴിയുകയുള്ളൂ. 

  • മക്കാര്‍ത്തിക്ക് പഠിക്കുന്ന പൊലീസ് മന്ത്രി 
  • കേരളത്തിലെ പൊലീസ് മന്ത്രി മക്കാര്‍ത്തിക് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മലയാളികള്‍ക്ക് ഇന്ന്് നന്നായറിയാം. അടിയന്തരാവസ്ഥയിലെ പൊലീസ് ഭരണത്തിലും കമ്യൂണിസ്റ്റ് വേട്ടയിലും അഭിരമിച്ചു കഴിയുന്നവരാണല്ലോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെല്ലാം. മനുഷ്യനെ പച്ചയായി ഉരുട്ടിക്കൊന്ന ഉലക്കകള്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പുറത്തെടുക്കാറുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഉദയകുമാറിന്റെ അനുഭവം നാം മറന്നുകഴിഞ്ഞിട്ടില്ലല്ലോ. ഉരുട്ടലും ഗരുഡന്‍ തൂക്കവും കസേരയില്‍ ഇരുത്തവും കപ്പിവലിയുമടക്കം ഓര്‍ക്കുമ്പോള്‍പോലും ഭയം തോന്നുന്ന എല്ലാ മൂന്നാംമുറകളും കേരളത്തിലെ പൊലീസ് സ്റ്റേഷനുള്ളില്‍ ഇപ്പോഴുമുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസന്വേഷണത്തിന്റെപേരില്‍ ഇതെല്ലാം കുറേശ്ശെ പുറത്തെടുത്തതുമാണല്ലോ. അടിയന്തരാവസ്ഥയില്‍ മലബാറിലെ കരുണാകരനായി വിലസിയിരുന്ന മുല്ലപ്പള്ളിയുടെ ഉപദേശ നിര്‍ദ്ദേശങ്ങളനുസരിച്ചാണല്ലോ തിരുവഞ്ചൂര്‍ വടകരയിലും പരിസര പ്രദേശത്തിലും കമ്യൂണിസ്റ്റ് വേട്ടയ്ക്കായി പൊലീസുദ്യോഗസ്ഥരെ കയറൂരി വിട്ടത്.

    സിപിഐ (എം) നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും അതില്‍ പ്രതിഷേധിച്ചവരെ നിഷ്ഠൂരമായി വേട്ടയാടുകയുമാണ് തിരുവഞ്ചൂരിന്റെ പൊലീസുകാര്‍ ചെയ്തത്. ഒരു പ്രസംഗത്തിെന്‍റപേരില്‍ പോലും കൊലക്കേസുകള്‍വരെ പാര്‍ടി നേതാക്കളുടെപേരില്‍ ചുമത്താനും ജയിലിലടയ്ക്കാനും തിരുവഞ്ചൂര്‍ മടികാണിച്ചില്ല. മക്കാര്‍ത്തിയന്‍ രീതിയില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയായിരുന്നു 1950കളില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ കമ്യൂണിസ്റ്റ്വിരുദ്ധ നയങ്ങളെ നിര്‍ണ്ണയിച്ച സെനറ്ററായിരുന്നു ജോസഫ് മക്കാര്‍ത്തി. ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ്വേട്ടയുടെ പ്രത്യയശാസ്ത്രവും പ്രയോഗപദ്ധതിയുമാണ് മക്കാര്‍ത്തിയിസം. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തെ സൃഷ്ടിച്ചെടുത്ത് നിഷ്ഠുരമായ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ് മക്കാര്‍ത്തിയന്‍ നയങ്ങള്‍ ചെയ്തത്. ഇവിടെയും കള്ളക്കേസും നുണക്കഥകളും പ്രചരിപ്പിച്ച് കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയാണ് തിരുവഞ്ചൂര്‍ ചെയ്തത്.

    പൊലീസിന് നിയമാതീതമായി എന്തുംചെയ്യാനുള്ള ലൈസന്‍സ് നല്‍കി കമ്യൂണിസ്റ്റുകാരെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിച്ചത്. പയ്യോളിയിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ദാരുണമായ വധത്തെതുടര്‍ന്ന് സിപിഐ (എം)നെ വേട്ടയാടുകയാണ് പൊലീസ് ചെയ്തത്. ഗൂഢാലോചനപരമായ നീക്കങ്ങളിലൂടെ പാര്‍ടി നേതാക്കളെക്കൂടി കേസില്‍പെടുത്താനാണ് കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മറവില്‍ പയ്യോളി, അയനിക്കാട് പ്രദേശത്ത് ഭീകരത സൃഷ്ടിക്കുകയാണ് പൊലീസ് ചെയ്തത്. ആര്‍എസ്എസുകാരും പൊലീസും ചേര്‍ന്ന് നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന പീഡനത്തിന്റെ ഫലമായിട്ടാണ് സനല്‍രാജ് എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിെന്‍റ ഭാഗമായി മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് സനല്‍രാജ് വിധേയമാക്കപ്പെട്ടിരുന്നു.

    പയ്യോളിയിലും പരിസരപ്രദേശങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നിരന്തരമായി വേട്ടയാടുകയാണ് പൊലീസ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിന് കള്ളക്കേസുകള്‍ ചാര്‍ജ്ചെയ്ത് വീടുകള്‍ വളഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. സാധാരണ സംഘടനാ പ്രവര്‍ത്തനങ്ങള്‍പോലും തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. സിപിഐ (എം)നെ തകര്‍ത്തില്ലാതാക്കുമെന്നാണ് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥര്‍ വീമ്പിളക്കുന്നത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സാധാരണ ജനങ്ങളുടെ സൈ്വര ജീവിതത്തിനും ജീവനും ഭീഷണിയാവുംവിധം എത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ പൊലീസതിക്രമത്തില്‍ രണ്ടാഴ്ചയ്ക്കകം നാലു ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒരു കള്ളനാണയക്കേസുണ്ടാക്കി നീചമായി പീഡിപ്പിക്കപ്പെട്ടതിനെതുടര്‍ന്നാണ് ജയാനന്ദന്‍ എന്ന ബസ് കണ്ടക്ടര്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. ചെലവൂര്‍ പാലയോട് വയല്‍ കിഴക്കേടത്ത് ജയാനന്ദന്‍ മാര്‍ച്ച് 6നാണ് സ്വന്തം വീട്ടില്‍ തൂങ്ങി ജീവനൊടുക്കിയത്. മാര്‍ച്ച് ഒന്നിന് രാവിലെ ആറരമണിക്ക് പാലാഴിയില്‍നിന്ന് ബസില്‍ കയറിയ ഒരു യാത്രക്കാരന്‍ മൂന്നര രൂപയുടെ ചില്ലറ നാണയതുട്ടുകള്‍ നല്‍കി. ബസ് മുക്കത്തുകടവില്‍ പോയി തിരിച്ചുവരുമ്പോള്‍ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിന് മുന്‍വശമുള്ള സ്റ്റോപ്പില്‍വെച്ച് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനോട് അഞ്ചുരൂപ രണ്ട് 50 പൈസ ഒട്ടിച്ചതാണെന്ന് ഒരു യാത്രക്കാരന്‍ പരാതി പറഞ്ഞു. ഇതേതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ജയാനന്ദനെ ട്രാഫിക് പൊലീസ് കസവ പൊലീസിന് കൈമാറുകയായിരുന്നു. ജയാനന്ദന്‍ ചില്ലറ നല്‍കിയ ആളെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ പൊലീസ് അന്വേഷണം നടത്താന്‍ തയ്യാറായില്ല. ജയാനന്ദന്‍ ചില്ലറ നല്‍കിയ ആളുടെ പേരും വിലാസവുമൊന്നും അറിയില്ലായിരുന്നു. കേസില്‍ പ്രതിയാക്കുമെന്നും പ്രതിയാക്കാതിരിക്കണമെങ്കില്‍ സ്റ്റേഷനിലെ കേടായ കമ്പ്യൂട്ടര്‍ റിപ്പയര്‍ചെയ്തു നല്‍കണമെന്നാണ് എഎസ്ഐ പ്രഭാകരന്‍ ജയാനന്ദനെ ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്നുള്ള കടുത്ത മാനസിക പീഡനമാണ് ജയാനന്ദനെ ആത്മഹത്യയിലേക്കെത്തിച്ചത്.

    കഴിഞ്ഞദിവസം ഹെല്‍മറ്റ് വേട്ടയില്‍ കോഴിക്കോട് പന്ന്യങ്കരയില്‍ രണ്ടു ചെറുപ്പക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ജില്ലയില്‍ പൊലീസ് നടത്തിയ നരവേട്ടയുടെ അവസാനത്തെ ഇരകളാണ് രാജേഷും മഹേഷും. ഈ ചെറുപ്പക്കാരുടെ ദാരുണമായ അന്ത്യത്തിന് ഇടവരുത്തിയത് പൊലീസിന്റെ നിയമാതീതമായ ഹെല്‍മറ്റ് വേട്ടയാണ്. നിയമം ലംഘിച്ചുള്ള വാഹന പരിശോധനയാണ് ഈ രണ്ടു ചെറുപ്പക്കാരെയും മരണത്തിലേക്ക് തള്ളിയിട്ടത്.

    കൈകാട്ടിയിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ ഒരു കാരണവശാലും പിന്തുടര്‍ന്ന് പിടിക്കാന്‍ പൊലീസിന് നിയമം അനുമതി നല്‍കുന്നില്ല. കൈകാട്ടിയാല്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ പിന്തുടര്‍ന്നു പിടിക്കരുതെന്ന് ഡിജിപിയുടെ ഉത്തരവുണ്ട്. നിര്‍ത്താതെപോകുന്ന വാഹനങ്ങളുടെ നമ്പരുകള്‍ കുറിച്ചെടുത്ത് ആര്‍ടിഒയുമായി ബന്ധപ്പെട്ട് ഉടമയെകണ്ടെത്തണമെന്നാണ് നിയമം. വളവുകളിലും അപകടമേഖലകളിലുമൊന്നും വാഹന പരിശോധന പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.

    കാലത്തുമാത്രമേ വാഹനപരിശോധന പാടുള്ളൂ. പൂര്‍ണ്ണമായ നിയമലംഘനമാണ് പന്ന്യങ്കരയില്‍ പൊലീസ് നടത്തിയത്. എസ്.ഐ അനില്‍കുമാറും സംഘവും റോഡുകളില്‍ ഒതുക്കിനിര്‍ത്തി യാത്രികര്‍ കാണാതെയാണ് ഹെല്‍മറ്റ്വേട്ട നടത്തിയത്. വാഹനങ്ങളുടെ മുന്നില്‍ സിനിമാസ്റ്റൈലില്‍ ചാടിവീണാണ് പൊലീസ് ഹെല്‍മറ്റ്വേട്ട നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കിനുമുന്നില്‍ പൊലീസ് സംഘം ചാടിവീണതോടെ ബൈക്കിന്റെ വേഗത കുറച്ചു. പിറകില്‍നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് വന്നു മുട്ടുകയായിരുന്നു. രാവിലെ 8 മുതല്‍ രാത്രി 8 മണിവരെ മാത്രമേ ഇരുചക വാഹന പരിശോധന കര്‍ശനമാക്കുവാന്‍ പാടുള്ളൂവെന്നാണ് ആഭ്യന്തരവകുപ്പ് ട്രാഫിക് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്പെഷ്യല്‍ ചെക്കിംഗ് ഉള്ളപ്പോള്‍ രാത്രി 8 മുതല്‍ പരിശോധന നടത്താം. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ ക്രോസിങ്ങിന്റെ ഭാഗമായിട്ടുമാത്രമേ വാഹന പരിശോധന നടത്താവൂ. പൊലീസിെന്‍റ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് തിരുവഞ്ചൂരില്‍ രണ്ടു ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്.

    രണ്ടുപേരുടെ മരണത്തില്‍ കലാശിച്ച ഹെല്‍മറ്റ് വേട്ടയ്ക്കെതിരെ ഈ പ്രദേശത്തെ ജനങ്ങള്‍ ഇളകിമറിയാന്‍ കാരണം പൊലീസിന്റെ ജനവിരുദ്ധ ഇടപെടലാണ്.പ്രതിഷേധിച്ചവരെ വകതിരിവില്ലാതെ കൈകാര്യംചെയ്ത പൊലീസ് തന്നെയാണ് ഈ അവസരം മുതലെടുക്കുവാന്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്ക് സന്ദര്‍ഭമൊരുക്കിയതും. പൊലീസിന്റെ കൊടിയ മര്‍ദനവും പീഡനവും ഭയന്ന് സാധാരണ മനുഷ്യര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്ന, പൊലീസ്വേട്ടയില്‍ മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന നിസ്സഹായകരമായ അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സനല്‍രാജ്, ജയാനന്ദന്‍, രാജേഷ്, മഹേഷ് - പൊലീസിന്റെ നരവേട്ടയില്‍ ജീവന്‍ നഷ്ടപ്പെട്ടുപോയ ഈ നാലുപേരുടെ കുടുംബാംഗങ്ങളോട് തിരുവഞ്ചൂരിനും ഉമ്മന്‍ചാണ്ടിക്കും എന്താണ് പറയാനുള്ളത്. നിരപരാധികളായ സാധാരണക്കാരെ വേട്ടയാടുന്ന പൊലീസ് നടപടിയില്‍ രോഷാകുലരായ പന്ന്യങ്കരയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളെ മുന്‍പിന്‍ ആലോചനയില്ലാതെ മര്‍ദ്ദിച്ചൊതുക്കുകയാണ് പൊലീസ് ചെയ്തത്. രാജേഷിെന്‍റയും മഹേഷിന്റെയും മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയമാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്. ഈ പ്രദേശത്തെ കലുഷിതമാക്കിയത്.
കെ ടി കുഞ്ഞിക്കണ്ണൻ ,Chintha weekly.

Friday, 22 March 2013


  • പോരാട്ടങ്ങള്‍ക്ക് കരുത്താകുന്ന സ്മരണകള്‍ 
    പിണറായി വിജയന്‍
  • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഉജ്ജ്വല സംഭാവന നല്‍കിയ വിപ്ലവകാരികളായിരുന്നു ഇ.എം.എസും എ.കെ.ജിയും. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം കേരളത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് മാത്രം ഒതുങ്ങി നിന്നില്ല. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ ഇവര്‍ നല്‍കിയ സംഭാവന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളാക്കി ഇവരെ ഉയര്‍ത്തി. നവോത്ഥാന പ്രസ്ഥാനത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും വളര്‍ന്നതാണ് ഇവരുടെ പ്രവര്‍ത്തനം. തങ്ങളുടെ ചുറ്റുമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള പോരാട്ടത്തില്‍ ജീവിതം സമര്‍പ്പിച്ചവരായിരുന്നു ഈ വിപ്ലവകാരികള്‍. ഇ.എം.എസ് നമ്മെ വിട്ടു പിരിഞ്ഞിട്ട് മാര്‍ച്ച് 19 ന് പതിനഞ്ച് വര്‍ഷമായി. എ.കെ.ജി അന്തരിച്ചിട്ട് മാര്‍ച്ച് 22 ന് 36 വര്‍ഷം തികയുകയാണ്.

    കേരളത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലോകശ്രദ്ധ നേടിയ നേതാവായി ഇ.എം.എസ് വളര്‍ന്നു. തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതയോടെ നോക്കിക്കണ്ടുകൊണ്ട് മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ.എം.എസ്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സൂക്ഷ്മതയോടെ ഇ.എം.എസ് വിലയിരുത്തിയിരുന്നു. ഈ വിലയിരുത്തലുകള്‍ കേരളത്തിലെ ജനതയെ ലോകരാഷ്ട്രീയ ചലനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇടയാക്കി. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് അദ്ദേഹം കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് അമൂല്യമായ സംഭാവനയായി തിളങ്ങി നില്‍ക്കുന്നു. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ.എം.എസ്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഇ.എം.എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.

    പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലത് പ്രവണതകള്‍ക്കെതിരെ അതിശക്തമായ പോരാട്ടം ഇ.എം.എസ് നടത്തി. ഐക്യകേരള രൂപീകരണത്തിന് പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം ഇ.എം.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം കേരളത്തിന്റെ സംസ്കാരത്തേയും സാമൂഹ്യസവിശേഷതകളേയും വിശദീകരിക്കുകയുണ്ടായി. ഭാവി കേരളത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിലും ഈ കാലഘട്ടത്തില്‍ ഇ.എം.എസ് നേതൃത്വം നല്‍കി. ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വരുന്ന അനുഭവം കേരളത്തിലാണ് ആദ്യമായി ഉണ്ടായത്. ഇത്തരത്തില്‍ ഒരു മന്ത്രിസഭ നയിച്ച അനുഭവം കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധിയെ വിജയകരമായി അതിജീവിച്ച് മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃത്വപരമായ പങ്ക് വഹിച്ചു. അന്നത്തെ മന്ത്രിസഭ വികസനരംഗത്ത് കാണിച്ച ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്.

    കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ.എം.എസ് എന്നും ഏറെ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് സംഘടിപ്പിച്ചത്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ ഇ.എം.എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം കാലം നിലനില്‍ക്കും. കലയും സാഹിത്യവും സാധാരണക്കാരുടെ ജീവിതം കൂടി പരാമര്‍ശിക്കേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ഇടപെടലാണ് തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും സംസ്കാരത്തിലും സ്ഥാനം അടയാളപ്പെടുത്തുന്നതിന് ഇടയാക്കിയത്. കേരള ചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന തരത്തില്‍ നാമകരണം ചെയ്ത് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ വ്യക്തമാക്കുന്നതിനും ഇ.എം.എസിന് കഴിഞ്ഞു. കേരള ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ഈ സമീപനം വഴികാട്ടിയായി നിലകൊള്ളുന്നു.

    മലയാളഭാഷയെ കാലത്തിന്റെ മുന്നോട്ടുപോക്കിനനുസരിച്ച് നവീകരിക്കുന്നതിനും ഒപ്പം അതിനെ വക്രീകരിക്കുന്നതിനെതിരെയും നിലപാടെടുത്തു. മതവിശ്വാസികളുമായി സംവദിക്കുന്നതിനും വര്‍ഗീയതയ്ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും അദ്ദേഹം തയ്യാറായി.

    പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായ എ.കെ.ജിയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. അത്തരം പോരാട്ടങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതരാക്കുന്ന നിരവധി അനുഭവങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു എ.കെ.ജി. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ.കെ.ജി നേതൃത്വ നിരയില്‍ തന്നെ ഉണ്ടായിരുന്നു.

    അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകരമായ മര്‍ദ്ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിചേര്‍ന്ന ബന്ധമാണ് എ.കെ.ജിയെ "പാവങ്ങളുടെ പടത്തലവനാ"ക്കിയത്. എത്തുന്ന സ്ഥലങ്ങളിലെല്ലാം സവിശേഷമായ ഇടപെടലിലൂടേയും കാഴ്ചപ്പാടുകളിലൂടേയും തന്റേതായ ഒരു മുഖമുദ്ര പതിപ്പിക്കാന്‍ എ.കെ.ജിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഒരു പ്രസ്ഥാനം എന്ന രീതിയില്‍ വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്. പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ഇടപെടണം എന്നതിന്റെ മാതൃകയായിരുന്നു എ.കെ.ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ.കെ.ജി പ്രവര്‍ത്തിച്ചു.

    അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ.കെ.ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പിലാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഇന്ത്യയിലെ ഭൂസമരങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു എ.കെ.ജി. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ തന്നെ എ.കെ.ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബീഹാറിലെ ഗ്രാമീണ മേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ.കെ.ജി.

    കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ.കെ.ജിയും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് എ.കെ.ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

    ഈ രണ്ട് മഹാന്മാരായ വിപ്ലവകാരികളുടേയും ചരമദിനം ആചരിക്കുന്ന ഈ ഘട്ടത്തിലാണ് കയ്യൂര്‍ സമരത്തിന്റെ 70-ാം വാര്‍ഷികം ആചരിക്കുന്നത്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളില്‍ ഒന്നാണ് കയ്യൂര്‍ സംഭവം. ഗാന്ധിയന്‍ സമര രീതിയുടെ ദൗര്‍ബല്യങ്ങള്‍ക്കെതിരായുള്ള പുതിയ സമര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് ഈ കാലഘട്ടത്തില്‍ നേതൃത്വം നല്‍കുകയുണ്ടായി.

    ഈ കാലഘട്ടത്തെ സംബന്ധിച്ച് "കമ്മ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍" എന്ന പുസ്തകത്തില്‍ ഇ.എം.എസ് ഇങ്ങനെ എഴുതുന്നു: ""കമ്മ്യൂണിസ്റ്റുകാര്‍ അടക്കമുള്ള വിപ്ലവകാരികള്‍ക്ക് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളോടോ അതില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമരമാര്‍ഗങ്ങളോടോ ആനുകൂല്യം ഇല്ലായിരുന്നു. ""ദരിദ്രനാരായണന്‍"" മാരെന്നു വിളിക്കപ്പെടുന്ന ബഹുജനങ്ങള്‍ സംഘടിതമായി സമര രംഗത്തിറങ്ങുമ്പോള്‍ അവരെ ""അക്രമരാഹിത്യ""ത്തിന്റെ കുറ്റിയില്‍ തളച്ചിടാന്‍ കഴിയുകയില്ലെന്ന് അവര്‍ കരുതി. ഇന്ത്യന്‍ ജനത ദേശീയ ശത്രുവായ വിദേശീയമേധാവിത്വത്തോടും ചൂഷിതജനവിഭാഗം ചൂഷകവര്‍ഗങ്ങള്‍ക്കെതിരായും ഏറ്റുമുട്ടുമ്പോള്‍ സംഘട്ടനങ്ങള്‍ സ്വാഭാവികമാണ്. അവയെ നിരുത്സാഹപ്പെടുത്തലല്ല, ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ നയിക്കലാണ് നേതൃത്വത്തിന്റെ കടമ. ഈ കടമ നിറവേറ്റുന്നില്ലെന്നതാണ് ഗാന്ധിയന്‍ നേതൃത്വത്തോട് കമ്മ്യൂണിസ്റ്റുകാര്‍ക്കും മറ്റ് വിപ്ലവകാരികള്‍ക്കും ഉള്ള വിമര്‍ശനം."" മാത്രമല്ല, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം കേവലമായ സാമ്രാജ്യത്വവിരുദ്ധ സമീപനങ്ങള്‍ മാത്രം സ്വീകരിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയാല്‍ മാത്രം പോര. അതോടൊപ്പം തന്നെ ജന്മിത്വം തകര്‍ക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ദീര്‍ഘവീക്ഷണം ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ വ്യാപൃതരായി. സാമ്രാജ്യത്വശക്തികളും അവരുടെ കൂട്ടാളികളായി ഇവിടെ നിലകൊണ്ട ജന്മിത്വവും ഇത്തരം സമരങ്ങള്‍ക്കെതിരെ ശക്തമായ നി ലപാടുകള്‍ സ്വീകരിച്ചു.

    തുടര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ്റുകാരും ഇത്തരം ശക്തികളും തമ്മിലുള്ള പോരാട്ടം ശക്തിപ്രാപിച്ചു. അത് ജന്മിത്വത്തിനെതിരായ സമരമായി ഇവിടങ്ങളില്‍ വ്യാപിച്ചു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനത്തെ സാമ്രാജ്യത്വശക്തികളും ജന്മിത്വശക്തികളും ഏറെ ഭയപ്പെട്ടു. അവര്‍ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങി. അതിനെതിരായുള്ള ചെറുത്തുനില്‍പുകളും വടക്കേ മലബാറില്‍ വ്യാപകമായി. ഒരു പോലീസുകാരനെ ആരോ അടിച്ചു എന്നതിന്റെ പേരില്‍ കയ്യൂരിലെ വായനശാലയില്‍ ഉറങ്ങിക്കിടന്ന സഖാക്കളെയെല്ലാം മര്‍ദ്ദിക്കുകയും രണ്ട് സഖാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തലേദിവസത്തെ മര്‍ദ്ദകരില്‍ പ്രധാനിയായ മര്‍ദ്ദകവീരനായ പോലീസുകാരന്‍ കര്‍ഷകരുടെ ജാഥകണ്ട് പുഴയിലേക്ക് എടുത്ത് ചാടിയതിന്റെ ഫലമായി മരണപ്പെട്ടു. ഇതിന്റെ പേരില്‍ നാല് സഖാക്കളെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. സഖാക്കള്‍ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നിവര്‍ക്കാണ് കഴുമരത്തില്‍ തങ്ങളുടെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

    എന്നാല്‍ മരണം മുന്നില്‍ കാണുമ്പോഴും എത്ര ആവേശത്തോടുകൂടിയാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ കണ്ടിരുന്നത് എന്ന അനുഭവം തൂക്കികൊല്ലുന്നതിന് കുറച്ച് ദിവസം മുമ്പ് അവരെ സന്ദര്‍ശിച്ച പി.സുന്ദരയ്യ അവര്‍ ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തുന്നു. ""സഖാക്കളെ ഞങ്ങളെച്ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തുചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ച് മുന്നേറുവാന്‍ നമ്മുടെ സഖാക്കളോട് പറയുക. നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്."" ""തനിക്ക് ഒരു പ്രാവശ്യം മാത്രമേ നാടിന് വേണ്ടി മരിക്കാന്‍ സാധിക്കുന്നുള്ളൂ."" എന്ന് ചിരുകണ്ടന്‍ പറഞ്ഞതായി കൃഷ്ണപിള്ളയും അനുസ്മരിക്കുന്നുണ്ട്. "മണ്ണിനുവേണ്ടി" എന്ന പുസ്തകത്തില്‍ കയ്യൂര്‍ സഖാക്കളുടെ ധീരതയെ സംബന്ധിച്ച് എ.കെ.ജി ഇങ്ങനെ എഴുതി: ""കയ്യൂര്‍ രക്തസാക്ഷികളുടെ ചരിത്രം രോമാഞ്ചത്തോടുകൂടി മാത്രമേ ആര്‍ക്കും ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരായ ഈ സഖാക്കള്‍ സ്വന്തം ആത്മാര്‍ത്ഥതയും ലക്ഷ്യത്തോടുള്ള കൂറും കൊണ്ടു മാത്രം ജനങ്ങളുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിച്ച സഖാക്കളായിരുന്നു. കൊലക്കയറിന്റെ മുമ്പിലും അവര്‍ പ്രദര്‍ശിപ്പിച്ച ധീരത അനന്യസാധാരണമാണ്.""

    കയ്യൂര്‍ രക്തസാക്ഷികള്‍ മുന്നോട്ട് വെച്ച സാമ്രാജ്യത്വവിരുദ്ധ-ജന്മിത്വവിരുദ്ധ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നമുക്ക് കഴിഞ്ഞു. കേരളത്തില്‍ നിന്ന് ജന്മിത്വത്തെ ഉന്മൂലനം ചെയ്യാനായി. സാമ്രാജ്യത്വശക്തികളെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാനും സാധ്യമായി. എന്നാല്‍ കയ്യൂര്‍ സഖാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ജീവന്‍ കൊടുത്ത് നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ച സാമ്രാജ്യത്വശക്തികള്‍ വീണ്ടും നമ്മുടെ മണ്ണില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന കാലഘട്ടമാണ് നമ്മുടെ മുമ്പിലുള്ളത്. ജന്മിത്വത്തെ തകര്‍ക്കുന്നതിന് കാരണമായി തീര്‍ന്ന ഭൂപരിഷ്കരണ നിയമത്തെ പോലും അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളും പുതിയ രൂപത്തില്‍ ഇവിടെ നടക്കുന്ന സ്ഥിതിയുമുണ്ട്.

    ഇന്ത്യയുടെ വിശ്വവിഖ്യാതമായ ചേരിചേരാനയത്തെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കായി ബലികൊടുക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായി നിര്‍ത്തലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മധ്യേഷ്യയിലെ പെട്രോളിയം നിക്ഷേപത്തില്‍ കണ്ണുനട്ടുകൊണ്ട് അമേരിക്ക നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൂട്ടാളിയായിത്തീരുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും നിലനിര്‍ത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വിറ്റ് തുലയ്ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

    രാജ്യത്ത് നിന്ന് കെട്ടുകെട്ടിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം ഇന്ത്യയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. വാള്‍മാര്‍ട്ട് പോലുള്ള ചെറുകിട വ്യാപാരരംഗത്തെ ഭീമന്മാര്‍ നമ്മുടെ നാട്ടില്‍ കടന്നുവരികയാണ്. ബാങ്കിംഗ് മേഖല ഉള്‍പ്പെടെ പൂര്‍ണമായും വൈദേശിക ശക്തികള്‍ക്ക് തീറെഴുതുന്നതിന് യാതൊരു മടിയും ഇല്ലാത്ത നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിലേക്ക് നാട് നീങ്ങുകയാണ്. എല്ലാ മേഖലയിലേയും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റപ്പെടുന്നു. പെട്രോളിന് പുറകെ ഡീസലിന്റേയും വില നിയന്ത്രണം എടുത്ത് മാറ്റാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. രാസവളത്തിന്റെ കാര്യത്തിലും ഇതേ ദിശയിലേക്ക് നീങ്ങുകയാണ്. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ നടത്തുന്ന സമ്മര്‍ദ്ദവും ശക്തിപ്പെടുത്തിയിരിക്കുകയാണ്.

    ഇത്തരം നയങ്ങളുടെ ഫലമായി നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടന വമ്പിച്ച തകര്‍ച്ചയെ നേരിടുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക് 5.3 ശതമാനമായി കുറഞ്ഞു. ആദ്യപാദത്തില്‍ ഇത് 5.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ അത് 6.7 ശതമാനമായിരുന്നു. 2012 നവംബറില്‍ വ്യാവസായിക വളര്‍ച്ച 0.1 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇത്തരം ഇടിവുകളൊന്നും വന്‍കിട ബിസിനസുകാര്‍ക്ക് ഉണ്ടായതുമില്ല. 2012 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷം ഇതേ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള 50 സ്ഥാപനങ്ങള്‍ അറ്റലാഭത്തില്‍ 12.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാക്കിയതായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

    രാജ്യത്തെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. അതിന്റെ ഫലമായി കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷികമേഖലയില്‍ ആത്മഹത്യകള്‍ തിരിച്ചുവന്നിരിക്കുന്നു. പരമ്പരാഗത മേഖലയിലും ആത്മഹത്യ വ്യാപിക്കുകയാണ്. ലാഭകരമായി പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. സാമൂഹ്യ-സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടുന്നു. ഗുണ്ടകളും മാഫിയാസംഘങ്ങളും നാട് ഭരിക്കുന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. വിലക്കയറ്റം തടഞ്ഞ് നിര്‍ത്തുന്നതിനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പിഞ്ചുകുട്ടികള്‍ക്കുപോലും രക്ഷയില്ലാത്തവിധം കേരളം മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ മൊഴി പരിഗണിച്ച് കേസ് എടുക്കുന്നതിന് പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

    കേരളത്തിന്റെ ജനജീവിതത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തി എടുക്കുന്നതിന് സമാനതകളില്ലാത്ത സംഭാവനയാണ് ഇ.എം.എസും എ.കെ.ജിയും നിര്‍വഹിച്ചത്. അവര്‍ നയിച്ച പോരാട്ടങ്ങളിലൂടേയും ഇടപെടലിലൂടേയും കേരളം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആ നേട്ടങ്ങളെയെല്ലാം തകിടംമറിക്കുന്ന വിധത്തില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ജനദ്രോഹകരമായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ഓര്‍മ്മകള്‍ നമുക്ക് കരുത്താകും.

  • കയ്യൂര്‍ രക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം 
  • കയ്യൂരിന്റെ അനശ്വരരക്തസാക്ഷിത്വത്തിന് എഴുപത് വര്‍ഷം. പോരാട്ടവഴിയിലെ ജ്വലിക്കുന്നൊരേടായ കയ്യൂര്‍ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിലെ അഗ്നിബിന്ദുവായിരുന്നു. കുറ്റാരോപണത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയിലാണത്രെ ആ നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വിചാരണ ചെയ്യുന്ന ജഡ്ജിയുടെ മുന്നില്‍ അവര്‍ ശരിയുടെയും സത്യത്തിന്റെയും കെട്ടുകളഴിച്ച് നിവര്‍ത്തിക്കാട്ടിയെങ്കിലും അതൊന്നുമുള്‍ക്കൊള്ളാതെ വിധിപ്രസ്താവം വന്നു. അഞ്ചുപേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതിലൊരാള്‍ക്ക് വയസ്സ് കുറവായിരുന്നു. അതുകൊണ്ട് ഒഴിവാക്കപ്പെട്ടു. വേലക്കാര്‍ മരിച്ചുപോകുന്നവരാണ്, എന്നാല്‍ വേല അനശ്വരമാണ് എന്ന് പറഞ്ഞതുപോലെ ജീവന്‍ വെടിഞ്ഞെങ്കിലും ആ നാലുയോദ്ധാക്കള്‍ അമരന്‍മാരാണ്. അവരെക്കുറിച്ച് നിരഞ്ജന ഒരു നോവലും ഒരു ചെറുകഥയുമെഴുതിയിട്ടുണ്ട്.

     ഗര്‍ഭത്തില്‍ കുഞ്ഞിനെ വഹിക്കുന്ന സുന്ദരിയായ മാതാവിനെപോലെ വശ്യത തോന്നിപ്പിക്കുന്നതാണ് തേജസ്വിനി നദിയെന്ന് നിരഞ്ജന എഴുതുന്നു. മലകള്‍ക്കിടയിലൂടെ കാടുകള്‍ പിന്നിട്ട് കണ്ണുപൊത്തിക്കളിച്ചുകൊണ്ട് ഒഴുകിവരുന്ന തേജസ്വിനിക്ക് നവയുവതിയുടെ പ്രസരിപ്പും ചുറുചുറുക്കുമുണ്ട്. തേജസ്വിനിയുടെ തീരത്ത് നെല്‍വയലുകളാണ്. നീണ്ടുപരന്നു കിടക്കുന്ന വയലുകള്‍. പൊന്നുവിളയുന്ന ഭൂമിയെന്നാണ് പറയുക. കയ്യൂരെന്നഗ്രാമത്തിന്റെ ഭാഗമാണാഭൂമി. കണ്ണാടിപോലെ ഒളിമിന്നുന്ന പുഴയ്ക്കരയിലെ ഗ്രാമത്തില്‍ തൊഴിലാളികളും കൃഷിക്കാരും സംഘടിക്കുകയായിരുന്നു. പത്രങ്ങള്‍ വായിച്ചും കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും ബോധവാന്‍മാരാവുകയായിരുന്നു. സന്ധ്യയ്ക്ക് ചിമ്മിണി വിളക്ക് കൊളുത്തിവെച്ച് അവര്‍ അക്ഷരം പഠിക്കാന്‍ ശ്രമിച്ചു. രാത്രികളില്‍ കുന്നിന്‍ ചരിവിലിരുന്ന് ആശയങ്ങള്‍ തൊട്ടറിഞ്ഞു. കര്‍ഷകസംഘത്തില്‍ ചേര്‍ന്നവരെല്ലാം ഉത്തരവാദിത്വമുള്ള പുരുഷന്‍മാരാവുകയായിരുന്നു. നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സന്ദേശവുമായി നേതാക്കള്‍ രാത്രികാലങ്ങളില്‍ കയ്യൂരില്‍ സഞ്ചരിച്ചു. നേതാക്കളുടെ വാക്കുകള്‍ ജനതയെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. മറുഭാഗത്ത് പോലീസും ഗുണ്ടകളും നാട്ടില്‍ അഴിഞ്ഞാടി. സംഘം പ്രവര്‍ത്തകര്‍വേട്ടയാടപ്പെട്ടു. പോലീസ് ഭീകരതയ്ക്കെതിരെ പൊരുതിയിറങ്ങിയ കയ്യൂരിലെ ജനത പുതിയ ചരിത്രം രചിക്കുകയായിരുന്നു.

    മാനവചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് സോവിയറ്റുറഷ്യയിലെ ഒക്ടോബര്‍ വിപ്ലവം വിലയിരുത്തപ്പെടുന്നത്. ലോകത്തെങ്ങുമുള്ള കോളനികളില്‍ ആ വിപ്ലവത്തിന്റെ അലകളിളകി. സ്വാതന്ത്ര്യത്തിനായുള്ള ജനാഭിലാഷം അവിടങ്ങളിലെല്ലാം ത്വരിതപ്പെട്ടു. ഇന്ത്യയിലും റഷ്യന്‍ വിപ്ലവം തിരയടിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അത് വളരെയധികം സ്വാധീനിച്ചു. ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്ത്യയിലെ ഉല്‍പതിഷ്ണുക്കളെ ആവേശം കൊള്ളിച്ചു. കേരളത്തിലും കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ തിരയിളക്കങ്ങളുണ്ടായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി കേരളത്തിലെ പാര്‍ടിപ്രവര്‍ത്തകര്‍ക്കിടയിലും വിതരണം ചെയ്തു. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായി സംഘടിതമായ മുന്നേറ്റം അനിവാര്യമാക്കുന്ന അന്തരീക്ഷം സംജാതമായി. കര്‍ഷകരും തൊഴിലാളികളും സംഘടിച്ചു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടു. മലബാര്‍ തീവ്രസമരങ്ങളുടെ അരങ്ങായിത്തീര്‍ന്നു. യുദ്ധം, ദാരിദ്ര്യം, പട്ടിണി, രോഗം, ചൂഷണം, അടിമത്തം തുടങ്ങിയവ ഇല്ലാതാക്കാനുള്ള പോരാട്ടം നാടിന്റെ നാനാഭാഗങ്ങളിലും നടന്നു. കൃഷ്ണപിള്ളയെപ്പോലുള്ളവര്‍ ഒളിവിലിരുന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ തീവ്രഗതിയിലായി. 1946 സപ്തംബര്‍ 15ന് വടക്കെമലബാറില്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ അതിരൂക്ഷമായ സംഘട്ടനം തന്നെ നടന്നു. ഒരുപോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് കെ പി ആര്‍ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചു. കര്‍ഷകസംഘവും കമ്യൂണിസ്റ്റ്പാര്‍ടിയും നയിച്ച സാമ്രാജ്യത്വവിരുദ്ധ- ജന്മിത്വവിരുദ്ധ സമരങ്ങള്‍ ഇന്നത്തെ കാസര്‍ഗോഡ്ജില്ലയിലെ കയ്യൂരിനെ വേറിട്ടൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. അങ്ങനെ കയ്യൂരെന്ന കര്‍ഷകഗ്രാമം വിമോചനസമരങ്ങളുടെ ഭൂപടത്തില്‍ ഏറ്റവും ശ്രദ്ധേയമായിത്തീര്‍ന്നു.

    1941 മാര്‍ച്ച് 28നാണ് കയ്യൂര്‍ സംഭവം നടന്നത്. അന്ന് കയ്യൂരില്‍ മര്‍ദനത്തിനെതിരെ പ്രതിഷേധജാഥ നടക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കയ്യൂരില്‍ വന്നിറങ്ങിയ പോലീസ് സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അന്ന് പലര്‍ക്കും സാരമായ അടിയേറ്റു. രണ്ടുപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ജനങ്ങളെ ഇതെല്ലാം അരിശം കൊള്ളിച്ചിരുന്നു. ചുവന്ന കൊടികളേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധ ജാഥ കയ്യൂരിന്റെ ഒരറ്റത്തുനിന്നാരംഭിച്ചു. കാക്കിട്രൗസ്സറും ഷര്‍ട്ടും ധരിച്ച വളണ്ടിയര്‍മാരും ജാഥയിലണിനിരന്നിരുന്നു. ജന്മിത്തം നശിക്കട്ടെ എന്നും സാമ്രാജ്യത്വം നശിക്കട്ടെ എന്നും അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജാഥയെ ഒറ്റയ്ക്ക് നേരിടാനുള്ള ധിക്കാരമാണ് പോലീസ് കോണ്‍സ്റ്റബിള്‍ പ്രകടിപ്പിച്ചതെന്ന് ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ രേഖപ്പെടുത്തുന്നു. പ്രായമെത്താത്തതിന്റെ പേരില്‍ വധശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ട വ്യക്തിയാണ് കൃഷ്ണന്‍ നായര്‍. ഇരുനൂറോളം വരുന്ന ജനങ്ങളുടെ വികാരത്തെ ഒറ്റയ്ക്ക് തളര്‍ത്തിക്കളയാമെന്നത് വെറും വ്യാമോഹം മാത്രമായിരുന്നു. പരാജിതനായ അയാള്‍ ചെങ്കൊടി പിടിച്ച് നടക്കാന്‍ നിര്‍ബ്ബന്ധിതനായി. അപമാനിതനായ കോണ്‍സ്റ്റബിളിന്റെ പരാക്രമമാണ് പിന്നീടുണ്ടായതത്രെ. രംഗം സംഘര്‍ഷത്തിലെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള വഴിയാണ് അയാള്‍ ചിന്തിച്ചത്. പുഴയിലൂടെ നീന്തിരക്ഷപ്പെടാന്‍ സാധിക്കുമെന്നയാള്‍ കരുതിയിരിക്കണം. പക്ഷേ ആ ശ്രമം പരാജയപ്പെട്ടു. അയാള്‍ക്ക് ജീവാപായം സംഭവിക്കുകയും ചെയ്തു. കോണ്‍സ്റ്റബിളിന്റെ മരണത്തോടെ കയ്യൂര്‍ സമരം വഴിത്തിരിവായി.പോലീസ് സംഘര്‍ഷത്തിന്റെ കൈപ്പിടിയിലായി പിന്നീടാഗ്രാമം. പുരുഷന്‍മാരെല്ലാം ഒളിവില്‍ പോയി. കാടുകളിലും കുന്നിന്‍പുറങ്ങളിലും അവരഭയം തേടി. പോലീസ് നായാട്ട് ഹോസ്ദുര്‍ഗ് ഉപതാലൂക്കിലാകെ വ്യാപിച്ചു. കോണ്‍സ്റ്റബിളിന്റെ മരണത്തെത്തുടര്‍ന്ന് കൊലക്കേസ് റജിസ്റ്റര്‍ചെയ്തു. പ്രതികളെ പടികൂടാനായി പിന്നത്തെ ശ്രമം. കയ്യൂരിന്റെ കുന്നിന്‍പുറങ്ങളിലും കാടുകളിലും ഏറെക്കാലം ഒളിവില്‍ കഴിയുക അസാധ്യമായിരുന്നു. പോലീസിനെ സഹായിക്കാന്‍ ജന്മിമാരുടെ ഗുണ്ടകളും രംഗത്തിറങ്ങി. കര്‍ഷകസംഘത്തിന്റെ പ്രധാനപ്രവര്‍ത്തകരെയെല്ലാം പ്രതികളാക്കി. ക്യൂണിസ്റ്റുപ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് സര്‍ക്കാര്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തിയത്. കേസ്സിന്റെ ബലത്തിനായി സാക്ഷികളെയും ഉണ്ടാക്കി. അറുപത്തൊന്നുപേരെ പ്രതികളായി ചേര്‍ത്ത് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കി. ഒളിവില്‍ കഴിയുകയായിരുന്നു ഇ. കെ നായനാര്‍ മൂന്നാം പ്രതിയായിരുന്നു. ഒന്നാംപ്രതിയാണ് മഠത്തില്‍ അപ്പു. രണ്ടാംപ്രതി വി വി കുഞ്ഞമ്പുവും. നായനാരെ പിടികിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നിട്ടും പിടികിട്ടിയില്ല. അതുകൊണ്ട് നായനാരെ കേസ്സില്‍ നിന്നൊഴിവാക്കി. അറുപതുപേരാണ് വിചാരണ നേരിട്ടത്. മംഗലാപുരം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി അഞ്ചുപേരെ വധിശിക്ഷയ്ക്ക് വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരാളെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയക്കാന്‍ ജഡ്ജി ശുപാര്‍ശചെയ്തു.

    1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നാലുപേരെയും വധശിക്ഷയ്ക്ക് വിധേയരാക്കി. കെ. മാധവന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു: ""ലോകതൊഴിലാളിവര്‍ഗത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ അതിദാരുണരംഗം കണ്ണൂര്‍ജയിലില്‍ അരങ്ങേറി. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോരകുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നീസഖാക്കളുടെ ഭൗതികമായ ജീവിതം വൈദേശികമേധാവിത്വം നശിപ്പിച്ചു. എങ്കിലും അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ലോകത്ത് തൊഴിലാളിവര്‍ഗം ഉള്ളിടത്തോളം കാലം ആ സഖാക്കള്‍ക്ക് മരണമില്ല. ഞങ്ങളെല്ലാം മരിച്ചാലും അവര്‍ ജീവിക്കും. അവര്‍ അനശ്വരരാണ്..""

    കയ്യൂര്‍ പ്രതികളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈയ്ക്കൊണ്ടിരുന്നു. മേല്‍കോടതികളില്‍ അപ്പീല്‍ നല്കി. പ്രതികളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകളും കമ്പികളും നിവേദനങ്ങളും പ്രവഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലും പ്രശ്നം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, ബഹുജനാഭിപ്രായം മാനിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കയ്യൂര്‍ പ്രതികളോട് യാതൊരു ദയയും ഗവര്‍മ്മെണ്ട് കാട്ടിയില്ല. പിസി ജോഷിയും കൃഷ്ണപിള്ളയും സന്ദരയ്യയും വി വി കുഞ്ഞമ്പുവും ജയിലില്‍ ചെന്ന് കയ്യൂര്‍സഖാക്കളെ കണ്ടിരുന്നു. ജോഷിയോട് കയ്യൂര്‍സഖാക്കള്‍ പറഞ്ഞ മറുപടി ചരിത്രത്തിന്റെ തുടിപ്പുകളായി എന്നെന്നും നിലനില്‍ക്കും. കനത്ത ഇരുമ്പുവാതിലിന്നിടയിലൂടെയാണ് നേതാക്കള്‍ കടന്നുചെന്നത്. നേതാക്കളെ കണ്ടതും അവര്‍ മുഷ്ടിചുരുട്ടിലാല്‍സലാം പറഞ്ഞു. നാലുപേരെയും നാലുസെല്ലുകളിലാണ് അടച്ചിട്ടിരുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും കയ്യൂര്‍സഖാക്കള്‍ക്കെഴുതിയ അഭിവാദ്യക്കത്തുകള്‍ ജോഷിയുടെ പക്കലുണ്ടായിരുന്നു. അവയിലെ ഉള്ളടക്കം കേട്ട് അവര്‍ മന്ദഹസിച്ചു. കൃഷ്ണപിള്ളയാണ് മൊഴിമാറ്റം നടത്തിയത്. ജോഷിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാര്‍ട്ടി മറ്റാരെക്കാളും നിങ്ങള്‍നാലുപേരെയും കുറിച്ച് അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുയര്‍ത്തിയ കൊടി ഞങ്ങള്‍ ഉയരത്തില്‍ പറപ്പിക്കും. ഡോ. സി. ബാലന്‍ എഡിറ്റുചെയ്ത "വടക്കന്‍ പെരുമ" എന്ന ഗ്രന്ഥത്തില്‍ ജോഷിയുടെ വാക്കുകള്‍ വിവരിക്കുന്നുണ്ട്. അനശ്വരമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങള്‍ മരിക്കുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ലോകത്തിന്റെ മുഴുവന്‍ മോചനത്തിനും നന്മയ്ക്കും നീതിക്കും വേണ്ടിയാണ് നാം പോരാടുന്നത്. പ്രിയസഖാക്കളേ, നിങ്ങളെ പാര്‍ടിക്ക് നഷ്ടമാവുകയാണ്. പാര്‍ടിയെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തിയത് നിങ്ങളെപോലുള്ളവരുടെ ആത്മാര്‍പ്പണമാണ്. രാജ്യമെങ്ങുമുള്ള നല്ല മനുഷ്യര്‍ ഇതിലണിചേരുന്നു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരായ രക്തസാക്ഷികളെ ഊട്ടിവളര്‍ത്തിയ പ്രസ്ഥാനത്തില്‍ അണിചേരാന്‍ ദേശാഭിമാനികളായ യുവാക്കള്‍ കൊതിക്കും. സഖാക്കളേ, നമ്മളൊടുവില്‍ വിജയിക്കുക തന്നെ ചെയ്യും. നമ്മുടെ പ്രസ്ഥാനവും ലക്ഷ്യവും അനശ്വരമാണ്. നിങ്ങളുടെ രക്തസാക്ഷിത്വം പാര്‍ടിയുടെ യശസ്സ് ഉയര്‍ത്തുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനും ഇതിലേറെ ഉദാത്തമായ അന്ത്യം വന്നു ചേരാനില്ല. നിങ്ങളെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. നിങ്ങള്‍ സ്നേഹിച്ച പാര്‍ടിയുടെ അഭിവാദ്യങ്ങള്‍ ഞാനറിയിക്കുന്നു.""

    വടക്കെമലബാറിലെ തേജസ്വിനിക്കരയിലെ കയ്യൂരെന്നഗ്രാമം. കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ ചെമ്പതാക വാനത്തും ജനഹൃദയങ്ങളിലും ഉയരെ പാറിച്ചുക്കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ നാലുകര്‍ഷകര്‍ മരണപ്പെട്ടാലും പുറത്തുള്ള പരശ്ശതം ജനതയെ തൂക്കിലേറ്റാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്. പാര്‍ടിയുടെ വളര്‍ച്ച കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യമുണ്ടായതില്‍ അവര്‍ നാലുപേരും ചരിതാര്‍ത്ഥരായിരുന്നു. ഇനിയും ജന്മമുണ്ടായാല്‍ പാര്‍ടിക്കുവേണ്ടി ജീവന്‍ ത്യജിക്കാനാവസരം ലഭിക്കണേ എന്നാണവരാഗ്രഹിച്ചത്. ഇരുമ്പുകവാടങ്ങള്‍ക്കിടയിലൂടെ പി സി ജോഷി അവരുടെ കൈകള്‍ സ്പര്‍ശിച്ചു.. ജയിലഴികള്‍ക്കപ്പുറത്ത് പൂവുകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ആ പൂവുകള്‍ നശിച്ചുപോവും. പക്ഷേ സഖാക്കളേ, നിങ്ങള്‍ അനശ്വരമായ മാനവികതയുടെ പൂവുകളാണ്. ഒരിക്കലും നശിക്കാതെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും.

    കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകളില്‍ ജൂലിയസ് ഫ്യൂച്ചിക്ക് ഓര്‍മ്മിക്കുന്നു..."" ഈ ചരിത്ര കാലഘട്ടത്തില്‍ ജീവിക്കുന്നവരോട് എനിക്കൊന്ന് പറയാനുണ്ട്. ഈ സമരത്തില്‍ പങ്കെടുത്തവരെ ഒരിക്കലും മറക്കാതിരിക്കുക. നല്ലതിനെയും ചീത്തയെയും ഓര്‍ത്തിരിക്കുക. നിങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ക്കുവേണ്ടിയും മരിച്ചവരെപ്പറ്റി കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. വര്‍ത്തമാനകാലം അചിരേണ ഭൂതകാലമായി മാറും. ചരിത്രം സൃഷ്ടിച്ച, പേരറിയപ്പെടാത്ത വീരനായകന്‍മാരെക്കൊണ്ട് നിറഞ്ഞ മഹനീയ കാലഘട്ടമായി ഇതറിയപ്പെടും. അവര്‍ക്ക് പേരുകളും മുഖങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. നിങ്ങളവരെ അറിഞ്ഞിരുന്നാല്‍ പോര. നിങ്ങളുടെ കുടുംബാംഗങ്ങളായിരുന്നാലെന്നതുപോലെ, അഥവാ നിങ്ങള്‍തന്നെ ആയിരുന്നാലെന്നതുപോലെ അത്ര അടുപ്പം അവരോട് തോന്നണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.?

    കല്‍തുറുങ്കുകള്‍ക്കുള്ളില്‍, മരവിച്ച
    ഭിത്തികള്‍ക്കപ്പുറമുള്ള സഖാക്കളേ
    ഞങ്ങളൊന്നിച്ചാ,ണൊപ്പമാണിപ്പൊഴീ-
    മുന്നണികളില്‍ നിങ്ങളില്ലെങ്കിലും....

    പയ്യന്നൂര്‍ കുഞ്ഞിരാമന്‍, chintha weekly

Saturday, 9 March 2013



കേരളത്തിലെ ഭരണനേതൃത്വം ജനങ്ങളെ അപമാനത്തിന്റെ മാലിന്യക്കുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഇത്രയും നാണിപ്പിക്കുന്ന അവസ്ഥ കേരളീയന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളും "വെളിപ്പെടുത്ത"ലുകളും വിവാദങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. അപവാദങ്ങളുടെ ചുമടുമായി ഒന്നിലേറെ മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നുമുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലേത്. ഒരു മന്ത്രിയുടെ സദാചാരനിഷ്ഠയും വ്യക്തിജീവിതത്തിലെ സംശുദ്ധിയും പരസ്യമായി ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. മന്ത്രിയുടേതിന് തുല്യമായ സ്ഥാനം കൈയാളുന്ന, സര്‍ക്കാരിന്റെ ചീഫ് വിപ്പാണ് ഇത് ജനങ്ങള്‍ക്കുമുമ്പാകെ വിളിച്ചുപറഞ്ഞത്. മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവില്‍നിന്ന് മര്‍ദനമേറ്റു എന്ന വാര്‍ത്ത ഉയര്‍ത്തിക്കാട്ടി, ആ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മന്ത്രി വനംവകുപ്പ് കൈയാളുന്ന കെ ബി ഗണേശ്കുമാറാണ് എന്ന് ചീഫ് വിപ്പ് വെളിപ്പെടുത്തിയിരിക്കുന്നു. മുന്നണിനേതൃത്വത്തിനുമുന്നിലോ മുഖ്യമന്ത്രിക്ക് മുന്നിലോ അല്ല, പത്രസമ്മേളനം വിളിച്ച് പരസ്യമായ പ്രഖ്യാപനമാണ് നടത്തിയത്.

ഇങ്ങനെയൊരു വാര്‍ത്ത വന്നാല്‍ എല്ലാ മന്ത്രിമാരും സംശയത്തിന്റെ നിഴലിലാകും, അതുകൊണ്ട് ശരിയായ കാര്യം താന്‍ പറയുന്നു എന്നാണ് ചീഫ്വിപ്പ് തന്റെ വെളിപ്പെടുത്തലിന് ന്യായീകരണമായി നിരത്തിയ വാദം. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആക്രമിക്കപ്പെട്ട വിവരം രണ്ടാഴ്ചയോളം ഈ ചീഫ് വിപ്പ് മറച്ചുവച്ചു എന്നതിന് വേറെ തെളിവു വേണ്ട. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട മന്ത്രി അപമാനകരമായ നിലയിലാണ്. ആത്മാഭിമാനത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ ഇനി ഒരുനിമിഷം അദ്ദേഹം മന്ത്രിപദത്തില്‍ തുടര്‍ന്നുകൂടാ. ആരോപണം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുതന്നെ ഉയര്‍ന്ന നിലയില്‍, തന്റെ നിരപരാധിത്വം തെളിയിക്കുംവരെ മാറിനില്‍ക്കാനുള്ള സാമാന്യബോധം മന്ത്രിയില്‍നിന്നുണ്ടാകണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍, ഇടപെടാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടാകണം. സ്ത്രീപീഡനക്കാരെയും ബലാത്സംഗക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാനുള്ളതാണ് അധികാരം എന്ന് ധരിച്ചുവശായ മുഖ്യമന്ത്രിയില്‍നിന്ന് അത്തരമൊരു വിവേകം കേരളീയര്‍ക്ക് പ്രതീക്ഷിക്കാമോ?

ഗണേശ് രാജിവച്ചാലും പുറത്താക്കപ്പെട്ടാലും ജോര്‍ജിന്റെ പ്രശ്നം അവസാനിക്കുന്നില്ല. താനടക്കമുള്ള മന്ത്രിമാരുടെ മാനാപമാനങ്ങള്‍ കൈകാര്യംചെയ്യാനുള്ള ഉത്തരവാദിത്തം ചീഫ്വിപ്പിന് ആരാണ് കൊടുത്തത് എന്ന് മുഖ്യമന്ത്രിതന്നെയാണ് പറയേണ്ടത്. ഒരു സഹപ്രവര്‍ത്തകനെക്കുറിച്ച് പരസ്യമായി അപവാദം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് തെളിയിക്കാന്‍ ചീഫ്വിപ്പിനുതന്നെയാണ് ബാധ്യത. സൂപ്പര്‍ മുഖ്യമന്ത്രിയും സൂപ്പര്‍ നേതാവും സൂപ്പര്‍ യുഡിഎഫ് തലവനുമായി പി സി ജോര്‍ജിനെ ഉമ്മന്‍ചാണ്ടി അഴിച്ചുവിട്ടതിന്റെ ദുരന്തം തുടര്‍ച്ചയായി ദുര്‍ഗന്ധം വമിപ്പിക്കുകയാണ്. പി സി ജോര്‍ജ്, തന്റെ പാര്‍ടിയിലെ മുതിര്‍ന്ന നേതാവ് പി ജെ ജോസഫിനെതിരെ വ്യാജ എസ്എംഎസ് കേസുണ്ടാക്കിയത് ആരും മറന്നിട്ടില്ല. തന്നെ പാമൊലിന്‍ കേസില്‍നിന്ന് രക്ഷിക്കാനുള്ള ദൗത്യവുമായി പി സി ജോര്‍ജിനെ കയറൂരിവിട്ടത് ഉമ്മന്‍ചാണ്ടിതന്നെയാണ്. ഒടുവിലത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയെ ചീഫ് വിപ്പ് എടാപോടായെന്നു വിളിക്കുന്നിടത്തുവരെയെത്തി.

പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ മന്ത്രി ഗണേശ്കുമാറിനെ പി സി ജോര്‍ജ് "നിന്നെ ഞാന്‍ മന്ത്രിക്കസേരയില്‍ ഇരുത്തിത്തരാമെടാ"യെന്ന് വെല്ലുവിളിച്ചത് ഉമ്മന്‍ചാണ്ടി തലകുമ്പിട്ടിരുന്നു കേള്‍ക്കുകയായിരുന്നു. മന്ത്രി ഇറങ്ങിപ്പോയതുകൊണ്ട് അന്ന് അടിപൊട്ടിയില്ല. ചീഫ്വിപ്പിന്റെ ഉപജാപവും അഴിമതിയും തെറ്റായ ബന്ധങ്ങളും സഹിക്കാതെയാണ് പ്രസ് സെക്രട്ടറി കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയത്. ചീഫ് വിപ്പിനെക്കുറിച്ച് ലേഖനമെഴുതിയതിന് ആ പാര്‍ടി ലീഡറുടെ പേഴ്സണല്‍ സ്റ്റാഫിനെ കഴിഞ്ഞ ദിവസം പറഞ്ഞുവിട്ടു. ഒരു മൂന്നാംകിട ക്രിമിനലിന്റെ വാക്കും പ്രവൃത്തിയുമായി നടക്കുന്ന ഒരാളുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ് ഇന്ന് യുഡിഎഫ് ഭരണമെന്നര്‍ഥം. ഗണേശിനെക്കുറിച്ചാകട്ടെ, കടുത്ത ആരോപണങ്ങളുന്നയിച്ചത് അദ്ദേഹത്തിന്റെ പിതാവുതന്നെയാണ്. മന്ത്രിയാക്കിയത് പാര്‍ടിയാണെന്നും പുറത്താക്കണമെന്നും ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ട് ഏറെ നാളായി. ചര്‍ച്ച ചെയ്യട്ടെ, എന്നിട്ട് തീരുമാനമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. ഇതെല്ലാംകൊണ്ടാണ്, ഈ സര്‍ക്കാരിനെ സഹിക്കേണ്ടിവരുന്ന കേരളീയന്റെ ദൈന്യം സങ്കല്‍പ്പാതീതമാകുന്നത്. എല്ലാ വൃത്തികേടിന്റെയും കൂടാരമാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രിസഭയെന്ന് പറയുന്നത് പ്രതിപക്ഷം മാത്രമല്ല. മാഫിയകളുടെ കൈപ്പിടിയിലാണ് ഭരണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ പറയുമ്പോള്‍, കേന്ദ്രമന്ത്രി എ കെ ആന്റണി അവജ്ഞയോടെയാണ് ഈ സര്‍ക്കാരിനെ കാണുന്നത്.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ തനിക്ക് പിന്തുണ കിട്ടിയത് എല്‍ഡിഎഫ് ഭരിക്കുമ്പോഴാണെന്നും ആന്റണി പറഞ്ഞുവച്ചു. വകുപ്പുകള്‍ മന്ത്രിമാരുടെ സ്വതന്ത്രസാമ്രാജ്യമാണ്. എല്ലാ വകുപ്പിലും അഴിമതി കൊടികുത്തിവാഴുന്നു. അഴിമതിക്കേസുകള്‍ പിന്‍വലിച്ച് സ്വയംരക്ഷിക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്. നാട്ടില്‍ വൈദ്യുതിയില്ല, കുടിവെള്ളമില്ല. അഴിമതിയുടെ കൃഷിയാണ് നടക്കുന്നത്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിനെതിരെ മൂന്നാമത്തെ അഴിമതിക്കേസ് വന്നത് അടുത്ത ദിവസമാണ്. ഒരു മന്ത്രിക്കെതിരെ ഇത്രയും ചുരുങ്ങിയ സമയത്തിനിടയില്‍ മൂന്ന് അഴിമതിക്കേസ് റെക്കോഡ് തന്നെ. മന്ത്രിയുടെ വീട്ടില്‍ കൗണ്ടറുകള്‍ തുറന്നാണ് പണപ്പിരിവെന്ന് പാര്‍ടിയുടെ സെക്രട്ടറി തന്നെ ആരോപിക്കുന്നു. ഏതെങ്കിലും ഒരുദാഹരണത്തിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ വിവരിക്കാനാകില്ല. ഇത്രയും കെട്ടുപോയ ഒരു ഭരണവും ഭരണനേതൃത്വവും കേരളചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല.

ചീഞ്ഞുനാറിയ ആ അവസ്ഥയാണ് ഗണേശിനെതിരായ ആരോപണത്തിലൂടെയും ചീഫ് വിപ്പിന്റെ പ്രകടനത്തിലൂടെയും ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. ചീഫ് വിപ്പിനെയും തല്ലുകൊണ്ട മന്ത്രിയെയും പോലുള്ളവര്‍ക്ക് സസുഖം വാഴാനുള്ള സൗകര്യമാണ് ഉമ്മന്‍ചാണ്ടി ഒരുക്കിയിരിക്കുന്നത് എന്നതാണ് സത്യം. കാരണം, ഏതു ത്രാസിലിട്ട് തൂക്കിയാലും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ അപരാധങ്ങളും മോശമല്ല എന്നുതെളിയും. ഈ അഴുക്കിനെ ചുമന്നുമാറ്റി അറബിക്കടലിലെറിഞ്ഞാല്‍ ആ കടല്‍പോലും മലീമസമാകും. കേരളത്തിനു പറ്റിയ കൈത്തെറ്റാണീ സര്‍ക്കാര്‍. മന്ത്രിയും ചീഫ്വിപ്പും പുറത്തായാലും നാറ്റം തുടരും. ഇനിയും അവരെ തുടരാന്‍ വിട്ടാല്‍ ഉമ്മന്‍ചാണ്ടി ജനങ്ങളോട് പറയേണ്ടുന്ന കണക്കുകളുടെ എണ്ണവും വര്‍ധിക്കും.

deshabhimani