എളമരം കരീമിനെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം വരുന്നതില്‍ അമ്പരപ്പോ അസ്വസ്ഥതയോ വേണ്ടതില്ല. അഴിമതിയുടെ അഴുക്കില്‍ മൂക്കറ്റംമുങ്ങിനില്‍ക്കുന്ന യുഡിഎഫില്‍നിന്ന് വ്യത്യസ്തമല്ല ഇടതുപക്ഷമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത സ്വാഭാവികം. 2006-11ലെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീം കേരളത്തിന്റെ പൊതുമേഖലയെ സംരക്ഷിക്കാനും വ്യവസായരംഗത്ത് വളര്‍ച്ചയുടെ ഊര്‍ജം പകരാനും ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത നേതാവാണ്. വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ സിപിഐ എമ്മിനെതിരെ നടന്ന വലതുപക്ഷ ആക്രമണത്തെ മുന്നില്‍നിന്ന് ചെറുത്ത പാര്‍ടി പ്രവര്‍ത്തകനുമാണ്. തൊഴിലാളിയായി തുടങ്ങി തൊഴിലാളികളുടെ ഉന്നതനേതാവായും മികച്ച ജനപ്രതിനിധിയായും ഭരണാധികാരിയായും ഉയര്‍ന്ന നേതാവിനെ താറടിക്കാനും ഇകഴ്ത്തിക്കെട്ടാനുമുള്ള ഏതെങ്കിലും അവസരം വലതുപക്ഷം പാഴാക്കുമെന്ന് കരുതാനാകില്ല. അത്തരം സ്വാഭാവികതകള്‍ നിലനില്‍ക്കെത്തന്നെ, സമീപനാളുകളില്‍ "കരീംവധ'ത്തിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ ജനങ്ങളുടെ യുക്തിബോധത്തെയും വിവേകത്തെയും സാമാന്യബുദ്ധിയെത്തന്നെയും എത്രമാത്രം കുറച്ചുകാണുന്നു എന്നതിലാണ് യഥാര്‍ഥത്തില്‍ അമ്പരക്കേണ്ടത്.
മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട ഏതെങ്കിലും അഴിമതി എളമരം കരീം നടത്തി എന്നൊന്നും ആരും പറഞ്ഞിട്ടില്ല. ചിക്കിച്ചികഞ്ഞു നോക്കിയാല്‍, ഇന്നുയരുന്ന വിവാദങ്ങളില്‍ കുറ്റകരമായ എന്തെങ്കിലും എളമരം കരീം ചെയ്തതായി എങ്ങും കാണാനുമില്ല. ആ സ്ഥാപനത്തെ ചരിത്രത്തിലെ ഏറ്റവുംവലിയ ലാഭക്കണക്കിലേക്ക് ഉയര്‍ത്തിയത് അദ്ദേഹം മന്ത്രിയായ കാലത്താണ്. എന്നിട്ടും എന്തിന് ആസൂത്രിതമായ ആക്രമണമെന്ന് അന്വേഷിക്കുമ്പോഴാണ്, കരീം എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ചോര കാണാനുള്ള വലതുപക്ഷത്തിന്റെ ആക്രാന്തം തെളിയുക. എന്തുചെയ്തും ഉമ്മന്‍ചാണ്ടിഭരണത്തെ രക്ഷിച്ചെടുക്കാനുള്ള ഗൂഢാലോചനയും അതിലെ ചില മാധ്യമങ്ങളുടെ പങ്കാളിത്തവും ആ അന്വേഷണത്തിലാണ് പുറത്തുവരിക.
മലബാര്‍ സിമന്റ്സില്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും രണ്ടു മക്കളും മരണമടഞ്ഞത് 2011 ജനുവരി 24നാണ്. ലോക്കല്‍ പൊലീസ് തുടക്കത്തില്‍ ദുരൂഹമരണത്തിനാണ് കേസെടുത്തത്. പിന്നീട് പാലക്കാട് കസബ പൊലീസ് നാലുപേരെ പ്രതിചേര്‍ത്ത് കേസെടുത്തു. മക്കള്‍ കൊല്ലപ്പെട്ടതിനാല്‍ ഒന്നാംപ്രതി ശശീന്ദ്രന്‍ തന്നെ. രണ്ടാംപ്രതി മലബാര്‍ സിമന്റ്സ് മാനേജിങ് ഡയറക്ടറായിരുന്ന സുന്ദരമൂര്‍ത്തി. സൂര്യനാരായണന്‍, വി എം രാധാകൃഷ്ണന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍. പൊലീസ്സംഘം അന്വേഷണം തുടരവെ ശശീന്ദ്രന്റെ ഭാര്യയും പിതാവും ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവുനേടി. ലോക്കല്‍ പൊലീസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ കേസിലെ രണ്ടാംപ്രതി സുന്ദരമൂര്‍ത്തി ഒളിവില്‍ പോയി. എഫ്ഐആര്‍ റദ്ദാക്കാന്‍ ഒളിവിലിരുന്ന് മൂര്‍ത്തി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം നടക്കുന്ന ഘട്ടത്തില്‍തന്നെ മലബാര്‍ സിമന്റ്സില്‍ സുന്ദരമൂര്‍ത്തിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ വ്യവസായമന്ത്രി എളമരം കരീം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. മുന്‍ വ്യവസായ സെക്രട്ടറിയും മലബാര്‍ സിമന്റ്സിന്റെതന്നെ മുന്‍ എംഡിയുമായ അല്‍കേഷ് കുമാര്‍ ശര്‍മ എന്ന ആ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചുനല്‍കിയ റിപ്പോര്‍ട്ടില്‍ സുന്ദരമൂര്‍ത്തിയും സൂര്യനാരായണനും നടത്തിയ ക്രമക്കേടുകള്‍ വിശദമായി സൂചിപ്പിച്ചു. ആ റിപ്പോര്‍ട്ട് ശരിയല്ലെന്നും അന്വേഷണം നടത്താന്‍ അല്‍കേഷ് ശര്‍മയ്ക്ക് അധികാരമില്ലെന്നും കാണിച്ച് സുന്ദരമൂര്‍ത്തി ഹൈക്കോടതിയിലെത്തി. പക്ഷേ, അനുകൂല ഉത്തരവ് വാങ്ങാന്‍ കഴിഞ്ഞില്ല.
ആ ഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്. അല്‍കേഷ് റിപ്പോര്‍ട്ട് നിലനില്‍ക്കെത്തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ സിമന്റ്സില്‍നിന്ന് സുന്ദരമൂര്‍ത്തിയെ ട്രാവന്‍കൂര്‍ സിമന്റ്സിലേക്ക് എംഡിയായി നിയമിച്ചത്. സുന്ദരമൂര്‍ത്തിയുടെ ഭാര്യാസഹോദരന്‍ ആദിശിവ തമിഴ്നാട്ടില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ്. അദ്ദേഹവും സുന്ദരമൂര്‍ത്തിയും ഇന്നത്തെ വ്യവസായമന്ത്രിയെ കണ്ടാണ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഈ നിയമനം നേടിയത്. അവരെ അധികാരകേന്ദ്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ ഒരു നിയമസഭാംഗമാണ്.സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ ആദിശിവ എംപിയും സുന്ദരമൂര്‍ത്തിയും എറണാകുളത്തെ ചെട്ടിനാട് സിമന്റ്സിന്റെ ഗസ്റ്റ്ഹൗസില്‍ ക്യാമ്പ് ചെയ്തു. കോണ്‍ഗ്രസിന്റെ ഒരു മുന്‍ എംപി സഹായിയായി ഉണ്ടായിരുന്നു. ആ ഇടപെടലിന്റെ ഫലമായാണ് പ്രതിയായ സുന്ദരമൂര്‍ത്തി മാപ്പുസാക്ഷിയെന്ന തലത്തിലേക്ക് മാറുന്നത്. വിചിത്രമായ ഒരുകാര്യം, നിരവധി തെളിവ് ഉണ്ടായിട്ടും രണ്ടും മൂന്നും പ്രതികളുടെ വീടോ ഓഫീസോ റെയ്ഡ് ചെയ്യാനോ രേഖകള്‍ കണ്ടെടുക്കാനോ പൊലീസ് ശേഖരിച്ച ടെലിഫോണ്‍ രേഖ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കാന്‍ പോലുമോ സിബിഐ തയ്യാറായില്ല എന്നതാണ്. സുന്ദരമൂര്‍ത്തിക്ക് എതിരെയടക്കം ശശീന്ദ്രന്‍ വിജിലന്‍സിനു നല്‍കിയ മൊഴികളില്‍ ഒന്നുപോലും കുറ്റപത്രത്തോടൊപ്പം ഇല്ല.
ചെട്ടിനാട് സിമന്റ്സില്‍ ജോലി ചെയ്യവെയാണ് സുന്ദരമൂര്‍ത്തി മലബാര്‍ സിമന്റ്സിലെത്തിയത്. അക്കാലത്ത് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് പരിഭവിക്കുന്നു. ഒരു ബിസിനസുകാരന്റെ പ്യൂണില്‍നിന്ന് കവര്‍ വാങ്ങി മന്ത്രിക്ക് കൈമാറിയെന്നും അതില്‍ പണമാണോ എന്ന് സംശയിക്കുന്നുവെന്നും പറയുന്നു. മലബാര്‍ സിമന്റ്സില്‍ കിട്ടിയതിന്റെ പാതി ശമ്പളത്തിന് തുടര്‍ന്നും ട്രാവന്‍കൂര്‍ സിമന്റ്സില്‍ ജോലിചെയ്യുന്നു. സ്വന്തമായി ആശുപത്രിയും തമിഴ്നാട്ടില്‍ രാഷ്ട്രീയ പിന്‍ബലവുമുള്ള ഇദ്ദേഹത്തിന് എന്തുകൊണ്ട് ആ ഘട്ടത്തിലൊന്നും അഭിമാനബോധം തോന്നിയില്ലെന്നത് സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യം മാത്രമാണ്. ഇപ്പോഴും അദ്ദേഹം ചെട്ടിനാട് സിമന്റ്സില്‍തന്നെയാണത്രെ ജോലി ചെയ്യുന്നത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കേരളത്തില്‍ തന്നെ കഴിയണമെന്ന നിര്‍ബന്ധം സുന്ദരമൂര്‍ത്തിക്ക് ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണത്.പ്രാദേശികമായ ആവശ്യങ്ങള്‍ വന്നാല്‍ പി ഉണ്ണിയെ കാണണമെന്ന് മന്ത്രി തന്നോട് പറഞ്ഞതായാണ് സുന്ദരമൂര്‍ത്തിയുടെ മറ്റൊരു ആരോപണം. പി ഉണ്ണി മലബാര്‍ സിമന്റ്സിന്റെ ഡയറക്ടറാണ് അന്ന്; സിപിഐ എം ജില്ലാ സെക്രട്ടറിയും. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് എന്തെങ്കിലും പ്രശ്നം വന്നാല്‍ അദ്ദേഹത്തെ സമീപിക്കണമെന്ന് മന്ത്രി പറയുന്നതില്‍ എന്ത് അപാകതയാണുള്ളത്. വി എം രാധാകൃഷ്ണന്‍ ഒരു പ്യൂണിന്റെ കൈയില്‍ കവര്‍ നല്‍കിയെന്നും പ്യൂണ്‍ അത് മലബാര്‍ സിമന്റ്സിന്റെ എംഡിക്ക് കൊടുത്തെന്നും എംഡി അത് മന്ത്രിക്ക് കൈമാറിയെന്നുമാണ് സുന്ദരമൂര്‍ത്തിയുടെ മൊഴി. എന്താണ് ഇതിനര്‍ഥം? മന്ത്രിയുമായി വലിയ അടുപ്പമുണ്ടായിരുന്നു എന്നുപറയുന്ന ആള്‍, കവര്‍ കൈമാറാനുള്ള മെസഞ്ചറായി എംഡിയെ നിയോഗിക്കേണ്ടതുണ്ടോ?സുന്ദരമൂര്‍ത്തി മാപ്പുസാക്ഷി ആയതിലുമുണ്ട് ശരിയല്ലാത്ത ചിലത്. ഒരു കുറ്റകൃത്യം നടന്നാല്‍ ഹീനമായ കുറ്റം ചെയ്തയാള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അനിവാര്യമായ ഘട്ടത്തില്‍, തെളിവുകളുടെ അഭാവത്തിലാണ് താരതമ്യേന ലളിതമായ കുറ്റംചെയ്ത പ്രതിയെ മാപ്പുസാക്ഷിയാക്കുന്നത്. ഇവിടെ കുറ്റസമ്മതം നടത്തിയ ആളാണ് സുന്ദരമൂര്‍ത്തി. ഐഎഎസ് ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റവാളിയെന്ന് കണ്ടയാളുമാണ്. മലബാര്‍ സിമന്റ്സിലെ ബാഗ് ഹൗസ് പ്രോജക്ടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ മാപ്പുസാക്ഷിയായി എന്നതുതന്നെ വിചിത്രമാണ്.
ശശീന്ദ്രന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ആറുമാസം പിന്നിട്ടു. 2013 ഏപ്രിലില്‍ സുന്ദരമൂര്‍ത്തി 164-ാം വകുപ്പു പ്രകാരം നല്‍കിയ മൊഴിയടക്കം പരിശോധിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നൊന്നും അന്വേഷണ ഏജന്‍സിക്കോ കോടതിക്കോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ അന്വേഷിക്കേണ്ടതായി തോന്നിയിട്ടില്ല. ഇപ്പോള്‍ അന്വേഷണം നടക്കുന്നുമില്ല. സുന്ദരമൂര്‍ത്തിയുടെ ഈ മൊഴി ഒന്നരവര്‍ഷംമുമ്പ് ക്രൈം മാഗസിനിലും മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളിലും വിശദമായി വന്നതുമാണ്. എന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലാം വാര്‍ഷികനാളില്‍തന്നെ എങ്ങനെ ഇത് വന്‍വാര്‍ത്തയായി എന്നതും, മനോരമ എന്തിന് ആഘോഷം നടത്തിയെന്നതുമാണ് ഉത്തരം കിട്ടേണ്ട മറ്റൊരു ചോദ്യം.എളമരം കരീമിനെതിരെ ഒരു കേസുമില്ല. ഒരു മന്ത്രിക്ക് ഒരു സ്ഥാപനത്തിന്റെ എംഡി കവറിലാക്കി കൈക്കൂലി കൊടുത്തെന്നുപറഞ്ഞ് അതിന്മേല്‍ ചര്‍ച്ചയും വിവാദങ്ങളും സൃഷ്ടിക്കുന്നവര്‍ അതിന്റെ പരിഹാസ്യത മനസ്സിലാക്കാത്തതാണ് കഷ്ടം. രണ്ടോ മൂന്നോ ദിവസം ഒരുപക്ഷേ, ബഹളമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. തളര്‍ന്നുവീണ സുധീരനെയും ഉമ്മന്‍ചാണ്ടിയെയും താല്‍ക്കാലികമായി എണീപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞേക്കും. യുഡിഎഫ് ജാഥയ്ക്ക് ഹരംപകരാനും ഇന്ധനം ഇതുമതി. അതിലുപരി, ജനങ്ങളുടെ മുന്നില്‍ ബാര്‍കോഴയും കോടികളുടെ കൈമാറ്റവും നോട്ടെണ്ണല്‍ യന്ത്രവും സരിതയും ബിജു രമേശിന്റെയും ശ്രീധരന്‍നായരുടെയും മൊഴികളും മറ്റുമാണുള്ളത്. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാന്‍ സുന്ദരമൂര്‍ത്തി കോടതിമുമ്പാകെ നല്‍കിയ മൊഴിക്കും കേസിലെ വാദിഭാഗത്തുനില്‍ക്കുന്ന ശ്രീധരന്‍നായര്‍, ബിജു രമേശ് തുടങ്ങിയവര്‍ കോടതിയില്‍ ചെന്നുനല്‍കിയ മൊഴിക്കും ഒരേ തളപ്പ് നടപ്പില്ല. ഒരു കവറില്‍ എത്ര പണം കൊള്ളുമെന്നെങ്കിലും ഇതൊക്കെ കാണുന്ന ജനങ്ങള്‍ ആലോചിക്കാതിരിക്കില്ല, ബഹളക്കാരെ ഓര്‍ത്ത് സഹതപിക്കാതെയും ഇരിക്കില്ല.
സുന്ദരമൂര്‍ത്തി സ്വയംരക്ഷപ്പെടാനും സിബിഐ കേസിനെ ഏതെങ്കിലുമൊരു വഴിക്ക് എത്തിക്കാനും നടത്തിയ അഭ്യാസത്തിന്റെ ഫലമാണ് ആ മൊഴി. അതില്‍തന്നെ സാങ്കേതികമായ പിഴവുകള്‍പോലുമുണ്ട്. മൊഴിയുടെ ഒന്നാംപേജില്‍ ഏപ്രില്‍ എട്ടിന് അത് നല്‍കിയെന്ന് കാണുന്നു. എട്ടാംപേജില്‍ എത്തുമ്പോള്‍ സുന്ദരമൂര്‍ത്തി ഒപ്പിട്ടിരിക്കുന്നത് ഏപ്രില്‍ അഞ്ച് എന്ന തീയതിയിലാണ്. അതിലെല്ലാമുപരി, പരിശോധിച്ച കോടതിക്കോ അന്വേഷിച്ച ഏജന്‍സിക്കോ എളമരം കരീമുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറ്റകൃത്യം ഉണ്ടായതായി തോന്നിയിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ ആ ഘട്ടത്തില്‍തന്നെ പ്രത്യേക നിയമനടപടികള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ മലയാള മനോരമയ്ക്കാണ് അത് തോന്നിയത്. ആ തോന്നല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതാകട്ടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലും. മുമ്പ് കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസ് വഴിതിരിച്ചുവിട്ട് സിപിഐ എം വേട്ട നടത്താന്‍ "പാര്‍ടി കോടതി' എന്ന ആരോപണം ജനിപ്പിച്ച അതേ പ്രക്രിയയിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധി കരീംവധ തിരക്കഥയില്‍ രചിച്ചത്. അതിന് അവഗണിച്ചുതള്ളാനുള്ള പ്രസക്തിയേയുള്ളൂ.കെഎംഎംഎല്‍-ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടണമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ആ വഴിക്കുള്ള നീക്കം അട്ടിമറിച്ചവരാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഒരുതരത്തിലുള്ള അന്വേഷണത്തെയും ഭയപ്പെടുന്നു എന്ന് ഇടതുപക്ഷത്തുള്ള ആരും പറഞ്ഞിട്ടില്ല. വൈരനിര്യാതനബുദ്ധിയോടെ പല അന്വേഷണങ്ങളും സംഘടിപ്പിച്ച് കുരുക്കാനും തകര്‍ക്കാനും നോക്കിയിട്ടും നെഞ്ചുറപ്പോടെ നേരിടുകയും അതിജീവിക്കുകയും തല ഉയര്‍ത്തിനില്‍ക്കുകയും ചെയ്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിന്റേത്. എളമരം കരീമിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും തോണ്ടാനുള്ള കെല്‍പ്പൊന്നും ഈ ഒച്ചവയ്ക്കലിനില്ല.