വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ഗ്രാസ് തന്റെ "പീലിങ് ദ ഒണിയന്‍' എന്ന പ്രശസ്തമായ ആത്മകഥയില്‍ തനിക്കുണ്ടായിപ്പോയ നാസി ബന്ധത്തെക്കുറിച്ച് പശ്ചാത്താപത്തോടെ പറയുന്നുണ്ട്. ബാല്യത്തിലാണ് ആ നാസി ബന്ധമുണ്ടായത്. ചെറുപ്പക്കാരൊക്കെ സ്വയം "എസ്എസി'ല്‍ പേര് ചേര്‍ത്തുകൊള്ളണമെന്ന ഹിറ്റ്ലറുടെ കല്‍പ്പനയ്ക്കുകീഴില്‍ പറ്റിപ്പോയതാണത്. പില്‍ക്കാലത്തെന്നും നാസിസത്തിന്റെയും ഹിറ്റ്ലറുടെയും അതിശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. ഇതൊക്കെ സത്യമാണെങ്കിലും ജീവിതസായാഹ്നത്തില്‍ ആത്മകഥ എഴുതിയ വേളയില്‍ ജീവിതത്തില്‍ പറ്റിയ വലിയ ഒരു തെറ്റായി നൊബേല്‍ ജേതാവിന് ആ നാസിബന്ധം ഏറ്റുപറയേണ്ടിവന്നു; പറഞ്ഞില്ലെങ്കില്‍ ചരിത്രത്തോട് ചെയ്യുന്ന വലിയ അപരാധമായിപ്പോകുമെന്ന കൂട്ടിച്ചേര്‍ക്കലോടെ.
ഇത്തരം ഒരു ഏറ്റുപറച്ചിലിന്റെ മുഹൂര്‍ത്തം ഒരു സാഹിത്യകാരന്റെയും ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിക്കൂടാ. അതുണ്ടാകാതിരിക്കണമെങ്കില്‍ ഫാസിസത്തെയും നാസിസത്തെയും തുറന്നെതിര്‍ക്കാന്‍ കഴിയണം. സാഹിത്യരംഗത്തുള്ളവര്‍ വൈകാരിക മാനസികാവസ്ഥയുള്ളവരാകയാല്‍ ചിലപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല എന്നുവരാം. അതുപോലും ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍, അറിഞ്ഞുകൊണ്ടുതന്നെ ഫാസിസ്റ്റ്- നാസിസ്റ്റ് സ്വഭാവമുള്ള ശക്തികളെ പിന്തുണയ്ക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്താലോ? നിര്‍ഭാഗ്യവശാല്‍ അതിന്റെ ചില സൂചനകള്‍ കാണുന്നു കേരളത്തില്‍. എഴുത്തുകാരും വായനക്കാരും ജാഗ്രതയോടെയിരിക്കേണ്ട സമയമാണിത്. എഴുത്തുകാരാ താങ്കള്‍ ആരുടെ ചേരിയില്‍ എന്ന ആ പഴയ ചോദ്യം വീണ്ടുമൊരിക്കല്‍ക്കൂടി പ്രസക്തമാവുകയാണിന്ന്.
എന്നും എഴുത്തുകൊണ്ടും ജീവിതംകൊണ്ടും പുരോഗമന രാഷ്ട്രീയപക്ഷത്ത് നിന്നിട്ടുള്ളതും സ്വന്തം കൃതികളിലൂടെ അടിയാളജീവിതം കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതും മാനുഷികതയോടുള്ള ആത്മാര്‍ഥമായ പ്രതിബദ്ധത എഴുത്തിലൂടെ നിത്യവും വെളിവാക്കിപ്പോന്നിട്ടുള്ളതുമായ ഒരു നോവലിസ്റ്റ് നാസി രൂപഘടനയിലും രാഷ്ട്രീയ ഘടനയിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന് ജനമനസ്സുകളില്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അടുത്തിടെ നടത്തിക്കാണുന്നു എന്നതുകൊണ്ടാണ് ഇത് പറയേണ്ടിവരുന്നത്. നിര്‍ഭാഗ്യകരമാണിത്.മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാവുകത്വത്തിന്റെയും നവീകരണത്തിന് ഏറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഈ നോവലിസ്റ്റ്. മലയാളം അതിന് അവരോട് കടപ്പെട്ടിരിക്കുന്നു എന്നത് സംശയരഹിതമായ കാര്യമാണ്. ഒരുപക്ഷേ, വ്യക്തികളുമായി നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാകാം, അല്ലെങ്കില്‍ അവധാനതയോടെയുള്ള രാഷ്ട്രീയ വിചിന്തനങ്ങള്‍ക്ക് സാവകാശം ലഭിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിലാകാം, അതുമല്ലെങ്കില്‍ സംഘപരിവാര്‍ സംഘടനകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാകാം വിവാദപരമായ ഈ പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയത് എന്നു കരുതാനേ അവരുടെ ഇതുവരെയുള്ള സാമൂഹ്യ- രാഷ്ട്രീയ ജീവിത പശ്ചാത്തലം പരിഗണിക്കുമ്പോള്‍ തോന്നുന്നുള്ളൂ. മറിച്ച് ആകാതിരിക്കട്ടെ.
സാഹിത്യകാരന്മാരെയും ബുദ്ധിജീവികളെയുമൊക്കെ തങ്ങളുടെ പക്ഷത്തുചേര്‍ക്കാന്‍ ബിജെപിയും സംഘപരിവാര്‍ പ്രഭൃതികളും ആസൂത്രിതമായി ദേശീയതലത്തില്‍ത്തന്നെ ശ്രമിക്കുന്ന ഘട്ടമാണിത്. വിവിധ സംസ്ഥാനങ്ങളിലെ പൊതുസ്വീകാര്യതയുള്ള എഴുത്തുകാരെ ആകര്‍ഷിച്ചെടുക്കാനായി ഒരു സെല്‍തന്നെ അവര്‍ ഡല്‍ഹിയിലുണ്ടാക്കിയിരിക്കുന്നു. തങ്ങളുടെ നൃശംസമായ മുഖത്തിനു മറയിടാന്‍ സാഹിത്യകാരന്മാരുടെ സൗമ്യമുഖഭാവങ്ങള്‍ക്ക് കഴിയുമെന്നും സാഹിത്യകാരന്മാരുടെ സാന്നിധ്യം തങ്ങളുടെ രാഷ്ട്രീയത്തിന് സമൂഹമധ്യത്തില്‍ സ്വീകാര്യത ഉറപ്പിച്ചുതരുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. കേന്ദ്രത്തില്‍ ഭരണാധികാരം കൂടിയുള്ള സാഹചര്യത്തില്‍ എഴുത്തുകാര്‍ക്കും മറ്റും മുമ്പില്‍ വച്ചുനീട്ടാന്‍ ഏറെ സ്ഥാനമാനങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടുതാനും. ആത്മാഭിമാനം സ്വന്തം ജീവിതത്തിന്റെ കൊടിപ്പടമായി കാണുന്ന ഒരു എഴുത്തുകാരനും ആ പ്രലോഭനങ്ങളുടെ വഞ്ചനയില്‍ വീഴില്ല എന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു കുഞ്ഞുങ്ങളെയും ചുട്ടുകൊന്നവരാണിവര്‍. കുത്ബുദ്ദീന്‍ അന്‍സാരിയെപ്പോലുള്ള ആയിരക്കണക്കിന് പൗരന്മാരെ ഗുജറാത്ത് വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച വംശഹത്യാ പരമ്പരകള്‍ സൃഷ്ടിച്ചവരാണിവര്‍. ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബറി മസ്ജിദ് തകര്‍ത്തുതരിപ്പണമാക്കിയവരാണിവര്‍. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം എത്രയോ പേരെ വര്‍ഗീയതയുടെ ത്രിശൂലങ്ങളില്‍ കോര്‍ത്ത് കൊന്നവരാണിവര്‍. ഇന്ത്യ എന്ന വികാരത്തെ വര്‍ഗീയമായി ചിത്രീകരിച്ചു പോരുന്നവരാണിവര്‍. ഇവര്‍ക്കണിയാനുള്ള ആട്ടിന്‍തോലാകാന്‍ തങ്ങളുടെ വ്യക്തിത്വത്തെ തീറെഴുതണോ എന്ന് എഴുത്തുകാര്‍ ചിന്തിക്കണം.
ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം സ്ഥാപിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്റെ ആത്യന്തിക ലക്ഷ്യം. പ്രാന്തവല്‍കൃതമായ അടിയാളജീവിതത്തിന്റെ പൊള്ളിക്കുന്ന ജീവിതസത്യങ്ങളെ എഴുത്തില്‍ പ്രതിഫലിപ്പിച്ചവര്‍ക്ക് ഇത് എങ്ങനെ സ്വീകാര്യമാകും എന്നത് വ്യക്തമല്ല. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുസ്ലിം, പാഴ്സി എന്നിങ്ങനെ പല മതങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഈ സവിശേഷ സന്ദര്‍ഭത്തില്‍ ഹിന്ദുത്വത്തെ മാത്രം തെരഞ്ഞുപിടിച്ച് അതിന്റെ "മഹത്വം' വര്‍ണിക്കാന്‍ മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നു പറയുന്ന വ്യക്തിക്ക് കഴിയുന്നതെങ്ങനെ എന്നും വ്യക്തമല്ല. ഗുജറാത്തില്‍ വര്‍ഗീയതയുടെ തീ പടര്‍ത്തിയതിനുമുതല്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പംപോലും പൊളിച്ചടുക്കി ഇന്ത്യയെ കമ്പോളമാക്കി അംബാനിമാര്‍ക്കും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും വീതിച്ചുനല്‍കുന്നതിനുവരെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട നരേന്ദ്രമോഡിയെ വാഴ്ത്താന്‍ കഴിയുന്നതെങ്ങനെ എന്നതും മനസ്സിലാകുന്നില്ല.
കലാകാരന്മാരെയും സാഹിത്യകാരന്മാരെയും തങ്ങള്‍ ഏറെ ബഹുമാനിക്കുന്നുവെന്നും അവരെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്നും പറയുന്നു സംഘപരിവാര്‍. ഇതേ പരിവാറാണ് വിഖ്യാത സാഹിത്യകാരന്‍ സേതുവിനെ എന്‍ബിടിയില്‍നിന്നിറക്കി വിട്ടത്. ലീലാസാംസനെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ നിന്നിറക്കിവിട്ടത്. അമര്‍ത്യാസെന്നെ നളന്ദാ സര്‍വകലാശാലയില്‍നിന്നിറക്കിവിട്ടത്. യു ആര്‍ അനന്തമൂര്‍ത്തിക്ക് ഇന്ത്യ വിട്ടുപോകാനുള്ള ടിക്കറ്റ് അയച്ചുകൊടുത്തതടക്കമുള്ള ഇത്തരം "ആദരിക്കലുകള്‍' കണ്ടശേഷവും ഒരു എഴുത്തുകാരന്, അഥവാ എഴുത്തുകാരിക്ക് പരിവാര്‍ കുടക്കീഴില്‍ ചെന്നുനില്‍ക്കണമെന്ന് തോന്നുന്നുവെങ്കില്‍, ആ തോന്നല്‍ മനസ്സിലാക്കാന്‍ നന്നേ വിഷമമുണ്ട്.
ഗുജറാത്ത് വര്‍ഗീയകലാപങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് അല്ല എന്ന് ന്യായീകരിച്ചുകാണുന്നു. എവിടെനിന്നു കിട്ടി ഈ വിവരം എന്നുകൂടി വ്യക്തമാക്കിയാലേ എഴുത്തുകാരിയുടെ വാക്കിനുണ്ടെന്നു പറയുന്ന വിശ്വാസ്യത അംഗീകരിച്ചുകൊടുക്കാനാകൂ. മെക്കാ മസ്ജിദ്, മലേഗാവ്, സംത്സോധാ എക്സ്പ്രസ് എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയതിനു പിടിയിലായത് സംഘപരിവാര്‍ ഭീകരരാണ് എന്നത് ഇവര്‍ കാണുന്നില്ലേ? പ്രജ്ഞാസിങ് ഠാക്കൂറിനെപ്പോലുള്ള സന്യാസികള്‍വരെ അറസ്റ്റിലായ സംഭവങ്ങള്‍ ഇവരുടെ ഓര്‍മയിലില്ലേ?നാളെ ചരിത്രത്തിനുമുമ്പില്‍ കുറ്റവാളിയായി നില്‍ക്കരുത് ഒരു സാഹിത്യകാരനും സാഹിത്യകാരിയും. അതുകൊണ്ട് പറയട്ടെ. തിരുത്താവുന്നതാണ് ഇപ്പോഴും. ഏറെ വൈകിയിട്ടില്ല. അത്തരമൊരു തിരുത്തല്‍ സാംസ്കാരിക കേരളം ഇവരില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ.
ദേശാഭിമാനി