Friday, 28 August 2015

മതവിശ്വാസവും കോടതിയും


വീണ്ടും മത വിശ്വാസവും കോടതിയും ചര്‍ച്ചാ വിഷയമായിരിക്കുന്നു. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വസ്ത്രധാരണം സംബന്ധിച്ചുള്ള സി ബി എസ് ഇ നിബന്ധനക്കാര്യത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായ വിധിയും അതിനോട് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും ബി ജെ പി നേതാവ് മുരളീധരനും നടത്തിയ പ്രതികരണങ്ങളുമാണ് വിവാദമുണ്ടാക്കിയത്.
''ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി വിധി തെറ്റാണ്. വിധി വിശ്വാസത്തിന് എതിരാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ കോടതിക്ക് അധികാരമില്ല.''
ഇ ടി മുഹമ്മദ് ബഷീര്‍ 
(മലയാള മനോരമ ജൂലൈ 27)
രാജ്യത്തിന്റെ ഭരണഘടനയേയും പരമോന്നത നീതിപീഠത്തേയും വെല്ലുവിളിക്കുകയാണ് മുസ്ലിംലീഗ്. ഭരണഘടനയെ അനുസരിക്കാത്തവര്‍ ചെയ്യുന്നത് രാജ്യദ്രോഹകുറ്റമാണ്. ഭാരതത്തില്‍ ജീവിക്കുമ്പോള്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണം. അതിന് തയ്യാറില്ലാത്തവര്‍ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാവണം. 
വി. മുരളീധരന്‍ (ജന്മഭൂമി ജൂലൈ 27)
രാമജന്മഭൂമി/ബാബറി മസ്ജിദ് തര്‍ക്കം രൂക്ഷമായി നിലനിന്നിരുന്ന കാലത്ത് വിശ്വാസവും കോടതിയും തമ്മിലുള്ള ബന്ധം ഇതേപോലെ വിവാദമായിരുന്നു. അന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവായ അശോക് സിംഗാള്‍ പറഞ്ഞു ''ശ്രീരാമന്റെ ജന്മസ്ഥലം എന്നത് ഒരു വിശ്വാസത്തിന്റെ പ്രശ്‌നമാണ്; അത് കോടതി തീരുമാനിക്കേണ്ടതല്ല.'' ഇതിനെ പിന്താങ്ങിക്കൊണ്ട് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു''ശ്രീരാമക്ഷേത്രമെന്നാല്‍ നിയമപരമോ പുരാവസ്തു വിജ്ഞാനപരമോ ആയ ഒരു തര്‍ക്കമല്ല; അത് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്.''
ഇവിടെ വ്യക്തമാകുന്നത് ഒരൊറ്റ കാര്യമാണ്; മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല എന്നത് ഹിന്ദുവര്‍ഗീയവാദികളും മുസ്ലിം വര്‍ഗീയവാദികളും പൊതുവില്‍ യോജിക്കുന്ന വിഷയമാണ്. അശോക് സിംഗാള്‍ പറഞ്ഞതും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞതും സമാനമായ കാര്യമാണ് എന്നത് മറന്നിട്ടാണ് മുരളീധരന്‍ കോടതി വിധി അംഗീകരിക്കാത്തവര്‍ ഭരണഘടന അംഗീകരിക്കാത്തവരാണെന്നും അവര്‍ പൗരത്വം ഉപേക്ഷിക്കണം (പാകിസ്താനില്‍ പോകണം എന്ന് പറഞ്ഞില്ല എന്നേയുള്ളു) എന്നും ആക്രോശിച്ചത്.

എന്താണ് 'വിശ്വാസം'?
ഒരു വ്യക്തിയിലോ, ശക്തിയിലോ, സ്ഥാപനത്തിലോ, പരിപാടി മുതലായവയിലോ ഉള്ള പൂര്‍ണമായ വിശ്വാസത്തെയാണ് പൊതുവില്‍ 'വിശ്വാസം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇതിനെ തന്നെ നമുക്ക് രണ്ടായി വിഭജിക്കുവാന്‍ കഴിയും. ഒന്നാമതായി അത് പരാമര്‍ശിക്കുന്നത് ഒരു വ്യക്തിക്ക് അയാളില്‍ നിന്ന് ഭിന്നമായതും ബാഹ്യമായതുമായ ഒന്നിനോടുള്ള മനോഭാവമാണ്. രണ്ടാമതായി അത് ഒരു വ്യക്തി താന്‍ വിശ്വാസമര്‍പ്പിക്കുന്നതിനോട് നടത്തുന്ന വസ്തുനിഷ്ഠമായ സാത്മീകരണമാണ്. ഒന്നാമത്തെ വിശ്വാസത്തില്‍ അത് ഒരു വ്യക്തിക്ക് യേശുവിലൊ, അള്ളാഹുവിലൊ, ഈശ്വരനിലൊ ഉള്ള വിശ്വാസമാണ്. എന്നാല്‍ ഇത് ഒരു മതവിശ്വാസമായിക്കൊള്ളണമെന്നില്ല. മതവിശ്വാസമാവണമെങ്കില്‍ അത് ഈ വിശ്വാസം സാമൂഹികമായി ആവിഷ്‌കരിക്കപ്പെടുന്ന പ്രാര്‍ത്ഥനകള്‍, ആചാരങ്ങള്‍ എന്നിവയില്‍ കൂടി പങ്കാളിയാവാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അതായത് വിശ്വാസി മതവിശ്വാസിയാവണമെങ്കില്‍ അത് ആത്മനിഷ്ഠമായ മനോഭാവത്തെ ചിട്ടപ്പെടുത്തിയതും സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നതും സാമൂഹികമായി പ്രകടിപ്പിക്കപ്പെടുന്നതുമായ ആചാരങ്ങളില്‍ പങ്കാളിയാവേണ്ടതുണ്ട്. ഇതാവട്ടെ കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമായിട്ടുമുണ്ട്.

മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം
മതവിശ്വാസത്തെ മൗലികാവകാശങ്ങളില്‍ ഒന്നായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ 25-ാം അനുഛേദത്തിലാണ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. അത് താഴെ കൊടുക്കുന്നു.
മന: സാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം.
1. പൊതുസമാധാനത്തിനും സാന്‍മാര്‍ഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാ ആളുകളും മന:സാക്ഷിസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരു പോലെ അവകാശം ഉള്ളവരാകുന്നു.
2. ഈ അനുഛേദത്തിലെ യാതൊന്നും (ശ) മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവര്‍ത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവര്‍ത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ; (ശശ) സാമൂഹ്യക്ഷേമത്തിനും സാമൂഹ്യപരിഷ്‌കരണത്തിനും അല്ലെങ്കില്‍ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങള്‍ എല്ലാ ഇനത്തിലും വിഭാഗത്തിലും പെട്ട ഹിന്ദുക്കള്‍ക്കും തുറന്നു കൊടുക്കുന്ന വിധം വ്യവസ്ഥ ചെയ്യുന്നതോ; ആയ നിലവിലുള്ള ഏതെങ്കിലും നിയമം നിര്‍മ്മിക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.''
ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് ''മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവര്‍ത്തനത്തേയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവര്‍ത്തനത്തേയോ ക്രമപ്പെടുത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ'' രാഷ്ട്രത്തിന് അധികാരമുണ്ട് എന്നാണിതില്‍ നിന്ന് മനസ്സിലാകുന്നത്.
ശ്രീരാമന്‍ ജനിച്ചത് ബാബറി മസ്ജിദ് നിലകൊള്ളുന്നിടത്താണ് എന്ന് വിശ്വസിക്കുവാന്‍ ഹിന്ദുക്കള്‍ക്ക് ആകെയോ അതില്‍ തന്നെ ഹിന്ദുത്വവാദികള്‍ക്ക് മാത്രമോ അവകാശമുണ്ട്. പക്ഷേ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ ആ തര്‍ക്കം പരിഹരിക്കേണ്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതു പറഞ്ഞപ്പോഴാണ് ഹിന്ദു വര്‍ഗീയവാദികള്‍ വിശ്വാസത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല എന്ന നിലപാടെടുത്തത്. അന്ന് അതിനെ എതിര്‍ത്ത ലീഗ് ഇപ്പോള്‍ ആ നിലപാട് പിന്തുടരുകയാണ്. വര്‍ഗീയതകള്‍ പരസ്പരം ഭക്ഷിച്ചു വളരുന്നുവെന്നാണിത് കാണിക്കുന്നത്.
'വിശ്വാസത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല' എന്നു പറയുമ്പോള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്ക് അപ്രാപ്യമായ ഒരു ഇടം വര്‍ഗീയവാദികള്‍ക്കായി സംവരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അവിടെ എന്ത് ചെയ്യണമെന്ന് മതമേധാവികളോ വര്‍ഗീയസംഘടനാ നേതൃത്വമോ നിശ്ചയിക്കുക എന്ന സ്ഥിതിയാണുണ്ടാവുക. ഇതിനര്‍ത്ഥം ഹിന്ദു ഏത് ക്ഷേത്രത്തില്‍ പോകണം, എന്തൊക്കെ ആചാരങ്ങള്‍ അനുഷ്ഠിക്കണം എന്നിത്യാദി കാര്യങ്ങള്‍ കോടതി തീരുമാനിക്കണം എന്നല്ല. അത് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ കോടതി ഇടപെടേണ്ടതില്ല; ഇടപെടുകയുമില്ല. എന്നാല്‍ സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയി ബന്ധപ്പെട്ട മതവിശ്വാസ കാര്യങ്ങളില്‍ തര്‍ക്കം വന്നാല്‍ അതില്‍ കോടതി തന്നെയാണ് ഇടപെടേണ്ടത്; അതാണ് ഭരണഘടന പറയുന്നത്. ശിരോവസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യനികള്‍ക്കുമൊക്കെയുണ്ട്. അത് പാടില്ല എന്ന് കോടതി പറഞ്ഞാല്‍ അത് തെറ്റാണ്. എന്നാല്‍ സിബിഎസ്ഇ നടത്തി വരുന്ന ഒരു പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ ഒരു നിശ്ചിതമായ വേഷവിധാനം ധരിച്ചേ പരീക്ഷയ്ക്കു വരാവൂ എന്നു പറഞ്ഞാല്‍ അത് അനുസരിച്ചേ പറ്റൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. പൊലീസിലും സൈന്യത്തിലുമൊക്കെ മുസ്ലീം - ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകളുണ്ട്. എനിക്ക് പോലീസില്‍ ജോലി ചെയ്യണം; എന്നാല്‍ യൂണിഫോമിടാന്‍ പറ്റില്ല പര്‍ദ്ദയെ ഇടൂ എന്ന് ഇതുവരെ ഒരു മുസ്ലീം സ്ത്രീയും പറഞ്ഞിട്ടില്ല; പറയുകയുമില്ല. അതുപോലെ എന്‍ട്രന്‍സ് പരീക്ഷയ്ക്കു വരുന്നവര്‍ ഒരു നിശ്ചിത വേഷവിധാനം ധരിക്കണം എന്നു പറഞ്ഞാല്‍ അതില്‍ എന്തു തെറ്റാണുള്ളത്?
ഇത് വിശ്വാസത്തിന് വിരുദ്ധമാണെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടുന്നത് തെറ്റാണെന്നും പറയാന്‍ അശോക് സിംഗാളിനെപ്പോലെ ഇ ടി മുഹമ്മദ് ബഷീറിനും അവകാശമുണ്ട്. അശോക് സിംഗാള്‍ പറഞ്ഞാല്‍ അത് ഭരണഘടനാപരവും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധവും എന്ന മുരളീധരന്റെ നിലപാടിനോട് യോജിക്കാനാവില്ല. ഒപ്പം സിംഗാളിന്റെയും ബഷീറിന്റെയും നിലപാടുകളോടും.
കെ എ വേണുഗോപാലന്‍,chintha  weekly

Sunday, 16 August 2015

സീമാസിലെ സമരം ഒത്തു തീർന്നു

ആലപ്പുഴ സീമാസിലെ സമരം വിജയിച്ചു .സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാണ് സമരം ഒത്തു തീര്‍പ്പില്‍ എത്തിയത് .
1. എല്ലാവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കും .അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 7.5 ശതമാനം തുക അധ
ികമായി നല്‍കും .അതിന്റെ ഫലമായി ഇവര്‍ക്ക് 8300 രൂപ ലഭിക്കും . മറ്റുള്ളവര്‍ക്കെല്ലാം 7750 രൂപ കിട്ടും .5500 രൂപ ആണ് ഇപ്പോള്‍ ട്രെയിനിംഗ് സ്ടാഫിന് ഉള്ളത് . അത് 7500 രൂപ ആയി മാറും
2. പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ് ആയി നല്‍കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 8.75 ശതമാനവും ബോണസ് ആയി നല്‍കും
3. ഫൈനുകള്‍ എല്ലാം നിര്‍ത്തലാക്കി .മാസത്തില്‍ അഞ്ച് ദിവസം താമസിച്ചാല്‍ മാത്രമേ അര ദിവസത്തെ വേതനം നഷ്ടപ്പെടൂ .
4. ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും തൊഴിലാളി പ്രതിനിധ്യത്തോടെ മെസ്സ് കമ്മിറ്റി ഉണ്ടാക്കി .
5. പതിമൂന്ന് ദേശീയ ഒഴിവുദിനങ്ങള്‍ ഉണ്ടാവും .അന്നേ ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ ഇരട്ടി വേതനം നല്‍കും ആഴ്ചയില്‍ ഒരു ദിവസം ഒഴിവാണ് . അന്നേ ദിവസം ജോലി ചെയ്‌താല്‍ ഇരട്ടി വേതനം നല്‍കും .
6. ഹോസ്റല്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും .
7.ഉച്ചഭക്ഷണത്തിനുള്ള ഇടവേള അര മണിക്കൂറില്‍ നിന്ന് മുക്കാല്‍ മണിക്കൂറായി ഉയര്‍ത്തി
8 . സമരത്തില്‍ പങ്കെടുത്ത ആരെയും മാറ്റി നിര്‍ത്തുകയോ ട്രാന്‍സ്ഫെര്‍ ചെയ്യുകയോ ചെയ്യില്ല .
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആഹ്വാനം ചെയ്ത സീമാസ് ബഹിഷ്കരണം പിന്‍വലിക്കുന്നു .

Saturday, 15 August 2015

ഒത്തു തീര്‍പ്പില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത


             ഒരു ബലാത്സംഗക്കേസിലെ പ്രതി സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കെ ശ്രദ്ധേയമായ നിരീക്ഷണം സുപ്രീംകോടതി നടത്തുകയുണ്ടായി. "ഒരു സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്ന ക്രൂരതയാണ് ബലാത്സംഗം. ശരീരം അവളുടെ സ്വന്തമാണ്. ജീവിതത്തെ ശ്വാസംമുട്ടിക്കുന്നതും അഭിമാനത്തെ വ്രണപ്പെടുത്തുന്നതുമാണ് ആ ശരീരത്തിനുമേലുള്ള ലൈംഗികാതിക്രമം. അഭിമാനം എന്നത് ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വിലയേറിയ സമ്പാദ്യമാണ്. അത് നഷ്ടപ്പെടുത്താന്‍ ആരും തയ്യാറാകില്ല. ഒരു സ്ത്രീയുടെ അന്തസ്സ് അവളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതില്‍ ചെളി വാരിത്തേക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കാന്‍പോലും പാടില്ല. അതുകൊണ്ട് (ബലാത്സംഗക്കേസിലെ) ഒത്തുതീര്‍പ്പ് അവളുടെ അഭിമാനത്തെ കൂടുതല്‍ ക്ഷതപ്പെടുത്തുന്നതാണ്.' എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
ശ്രദ്ധേയമെന്നു മാത്രമല്ല, അത്ഭുതകരവും അപ്രതീക്ഷിതവുമാണ് ഈ നിരീക്ഷണം. സ്ത്രീക്കനുകൂലമായ നിയമങ്ങള്‍ നിരവധിയുള്ള ഒരു രാജ്യത്ത്, പ്രതികൂലമായ നിരീക്ഷണങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ ഭാഗത്തുനിന്നുണ്ടാകുന്നതിലല്ലേ അത്ഭുതമെന്ന് തോന്നാം. എന്നാല്‍, കോടതിയുടെ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ഒട്ടുമിക്കപ്പോഴും സ്ത്രീവിരുദ്ധമാകുന്നതാണ് അനുഭവം. മദ്രാസ് ഹൈക്കോടതി കഴിഞ്ഞമാസം 18ന് പുറപ്പെടുവിച്ച വിധി അതിന് തെളിവ്. ഒരു അനാഥ പെണ്‍കുട്ടിയെ 15-ാം വയസ്സില്‍ (2002ല്‍) ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിയെ ഏഴുവര്‍ഷത്തിനുശേഷം ശിക്ഷിച്ചതിനെത്തുടര്‍ന്ന് അയാള്‍ നല്‍കിയ അപ്പീലില്‍ തീരുമാനമെടുത്ത സന്ദര്‍ഭത്തിലാണ് മദ്രാസ് ഹൈക്കോടതി സ്ത്രീവിരുദ്ധസമീപനം വെളിപ്പെടുത്തിയത്. ജസ്റ്റിസ് പി ദേവദാസ് പറയുന്നു: "ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങളില്‍പ്പോലും സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്ന സംഭവങ്ങളുണ്ട്. അതിന്റെ ഫലം ഗുണകരവുമാണ്. കാരണം, അവിടെ വിജയികളും പരാജിതരുമില്ല.' ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിന് ആവശ്യമായ മധ്യസ്ഥശ്രമത്തിന് ഏര്‍പ്പാടാക്കുകയും ചെയ്തു അദ്ദേഹം.
ബലാത്സംഗമെന്ന ക്രൂരത നടത്തിയ ഒരു വ്യക്തിയെ വിജയി/ പരാജിത എന്ന വിശേഷണത്തിന്റെ പരിധിയില്‍പ്പെടുത്തി ലഘൂകരിക്കുന്ന സമീപനംതന്നെ മറ്റൊരു ക്രൂരതയാണ്. ഏഴുവര്‍ഷത്തെ തടവിന്് ശിക്ഷിക്കപ്പെട്ട കുറ്റവാളിക്കാണ് മദ്രാസ് ഹൈക്കോടതി ഒത്തുതീര്‍പ്പിന് അവസരം നല്‍കിയത്. അയാള്‍ക്ക് ജാമ്യം അനുവദിച്ച് ജസ്റ്റിസ് ദേവദാസ് പറയുന്നു: "2015 ഫെബ്രുവരിയില്‍ ഞാന്‍ മധ്യസ്ഥശ്രമത്തിനയച്ച ഒരു കേസുണ്ട്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത കേസായിരുന്നു അത്. പെണ്‍കുട്ടി വിവാഹത്തിനു തയ്യാറാകുകയും അങ്ങനെ അത് സന്തുഷ്ടമായ പരിസമാപ്തിയിലെത്തുകയും ചെയ്തു.' സമാനമായ രീതിയില്‍ ഇവിടെയും മധ്യസ്ഥശ്രമത്തിലൂടെ വിവാഹ&ൃെൂൗീ; ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും തമിഴ്നാട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. തന്റെ വാദം സ്ത്രീകള്‍ക്ക് അനുകൂലമായതാണെന്ന് സ്ഥാപിക്കാന്‍ ജസ്റ്റിസ് ദേവദാസ് കൂട്ടിച്ചേര്‍ക്കുന്നു: "ഈ കേസില്‍ പെണ്‍കുട്ടി ഇപ്പോള്‍ അമ്മയാണ്. പക്ഷേ, ആരുടെയും ഭാര്യയല്ല. അവിവാഹിതയായ അമ്മയാണവള്‍. ഇവിടെ ഉയരുന്ന ചോദ്യം അമ്മയാണോ കുട്ടിയാണോ ഇര എന്നതാണ്. സാഹചര്യങ്ങളുടെ ഇരയാണ് ആ കുട്ടി. അതൊരു ദുരന്തമാണ്'. ഇതിനു പരിഹാരമായാണ് വിവാഹമെന്ന ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ച് വിധിപ്രസ്താവം നടത്തിയത്.
ഒത്തുതീര്‍പ്പിലൂടെ വിവാഹിതരാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കുകയും അത് സന്തുഷ്ടമായ പരിസമാപ്തിയായി വിലയിരുത്തുകയും ചെയ്യുന്നത് നീതിനിഷേധമാണ്. അത് തിരിച്ചറിഞ്ഞ് സുപ്രീംകോടതി പറയുന്നു: "ബലാത്സംഗത്തിലോ ബലാത്സംഗശ്രമത്തിലോ ഒത്തുതീര്‍പ്പിനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കുറ്റവാളിയും ഇരയുമായുള്ള വിവാഹം നിര്‍ദേശിക്കുന്നത് പെണ്‍കുട്ടിക്കുമേല്‍ തന്ത്രപരമായ രീതിയിലുള്ള സമ്മര്‍ദം ചെലുത്തലാണ്. കോടതി ഇക്കാര്യത്തില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കണം. ബലാത്സംഗക്കേസുകളില്‍ മൃദുസമീപനം സ്വീകരിക്കുന്നത് നന്നല്ല. ഉദാരസമീപനം അക്ഷന്തവ്യമായ തെറ്റാണ്. അത് സ്ത്രീയുടെ അന്തസ്സിനോടുള്ള അവഹേളനമാണ്. മനുഷ്യാവകാശലംഘനത്തിന് കൂട്ടുനില്‍ക്കലാണത്. പുരുഷാധിപത്യമൂല്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീക്ക് ലഭിക്കുന്ന അപൂര്‍വമായ അനുകൂലസമീപനങ്ങളില്‍ ഒന്നായി ഇതിനെ കാണണം.വിവാഹത്തോടെ സ്ത്രീ സുരക്ഷിതയാണെന്ന മിഥ്യാധാരണയാണ് മദ്രാസ് ഹൈക്കോടതിയെ നയിച്ചത്. ജസ്റ്റിസ് ദേവദാസിന്റേതിന് സമാനമായ അഭിപ്രായം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പ്രകടിപ്പിക്കുകയുണ്ടായി: "പെണ്‍കുട്ടികള്‍ സാമൂഹ്യമായും ധാര്‍മികമായും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. ലൈംഗികബന്ധത്തിനുശേഷം അതു ബലാത്സംഗമായിരുന്നെന്നു പറഞ്ഞു കരയുന്നതിനെ ന്യായീകരിക്കാനാവില്ല. ആ കരച്ചില്‍ കേള്‍ക്കാന്‍ കോടതിക്കു താല്‍പ്പര്യവുമില്ല.' വിവാഹാനന്തരമുള്ള ലൈംഗികബന്ധത്തെ സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ധാരണയും നിയമവും തമ്മില്‍ കൈകോര്‍ക്കുകയാണ് ഇവിടെ.
ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം നിര്‍ബന്ധിതമാണെങ്കില്‍പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഡല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതി നിരീക്ഷിച്ചത്. ഇന്ത്യന്‍ ബലാത്സംഗനിയമങ്ങള്‍ ദമ്പതിമാരില്‍ ബാധകമല്ലെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്. 2012ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശയിലെ ഒരുഭാഗം വിവാഹാനന്തര നിര്‍ബന്ധിത ലൈംഗികബന്ധത്തെ സംബന്ധിച്ചായിരുന്നു: "ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ഭര്‍ത്താവ് ഭാര്യയെ അതിനു നിര്‍ബന്ധിക്കുന്നത് ബലാത്സംഗക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതു മാറണം. ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം വിവാഹബന്ധത്തിലും കുറ്റകരമായിത്തന്നെ കാണണം. വിവാഹം ലൈംഗികബന്ധത്തിനുള്ള ലൈസന്‍സല്ല. സമ്മതമാണ് പ്രധാനം' എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. വാസ്തവത്തില്‍, ദാമ്പത്യത്തിലെ ലൈംഗികബന്ധത്തെ ബലാത്സംഗത്തില്‍നിന്ന് ഒഴിവാക്കുന്നത് സ്ത്രീപദവിയെ താഴ്ത്തിക്കാട്ടലാണ്. അതിനെ ഉറപ്പിക്കലാണ്. ഒരു പുരുഷന്‍ സ്വന്തം ഭാര്യക്കുമേല്‍ നടത്തുന്ന ലൈംഗികാതിക്രമം ബലാത്സംഗം തന്നെയാണ്. ബലാത്സംഗം മനുഷ്യാവകാശലംഘനമാണെങ്കില്‍ അത് അപരിചിതനില്‍ നിന്നായാലും ഭര്‍ത്താവില്‍ നിന്നായാലും മനുഷ്യാവകാശലംഘനമാണ്, കുറ്റകരവുമാണ്.
യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 15നും 45നും ഇടയില്‍ പ്രായമുള്ള, വിവാഹിതരായ സ്ത്രീകളില്‍ മൂന്നില്‍ രണ്ടുഭാഗം മര്‍ദനം, ബലാത്സംഗം, നിര്‍ബന്ധിത ലൈംഗികബന്ധം എന്നിവ നേരിടുന്നവരാണ്. ബലാത്സംഗത്തെക്കുറിച്ചുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ പരാമര്‍ശത്തില്‍ വിവാഹബന്ധത്തില്‍ 15 വയസ്സില്‍താഴെയാണ് ഭാര്യ എങ്കില്‍ മാത്രമേ ബലാത്സംഗം കുറ്റകരമാകൂ എന്നുപറയുന്നു. മാത്രമല്ല, ഭാര്യക്ക് 15 വയസ്സില്‍ കൂടുതലുണ്ടെങ്കില്‍ നിയമത്തിന്റെ സംരക്ഷണം ബലാത്സംഗവുമായി ബന്ധപ്പെട്ട് ലഭിക്കില്ലെന്നും പറയുന്നു. ഈ പരാമര്‍ശം, 18 വയസ്സാണ് വിവാഹപ്രായമെന്ന നിയമത്തിനുതന്നെ വിരുദ്ധമാണ്. നിരോധിതമായ ബാലവിവാഹത്തിന് അനുകൂലവുമാണത്. വിവാഹിതയായതുകൊണ്ടുമാത്രം ഒരു സ്ത്രീക്ക് ക്രിമിനല്‍ നിയമത്തിന്റെ ഭാഗമായ സംരക്ഷണം നിഷേധിക്കപ്പെടുകയാണ് ഇവിടെ. റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ, ക്യാനഡ, ഇസ്രയേല്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം വിവാഹബന്ധത്തിലായാലും കുറ്റമായാണ് കാണുന്നത്.
അന്താരാഷ്ട്രതലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രമേയത്തില്‍ അനുച്ഛേദം-2ല്‍ വിവാഹാനന്തരമുള്ള നിര്‍ബന്ധിത ലൈംഗികബന്ധത്തെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമമായാണ് കാണുന്നത്. ഈ പ്രമേയത്തില്‍ '95ലെ ബീജിങ് കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചതുമാണ്.സ്ത്രീ, പുരുഷന്റെ സ്വകാര്യസ്വത്താണെന്ന ധാരണയാണ് വിവാഹാനന്തര ലൈംഗികബന്ധത്തില്‍ സമ്മതമെന്ന ഘടകത്തെ അപ്രസക്തമാക്കുകയും നിയമത്തില്‍നിന്നുപോലും ഒഴിവാക്കുകയും ചെയ്യുന്നത്. അതേസമയം, ബലാത്സംഗം കുറ്റകരമായി കാണുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ, ഒത്തുതീര്‍പ്പിലൂടെ വിവാഹബന്ധം സൃഷ്ടിച്ച്, സ്ത്രീയെ സ്വകാര്യസ്വത്താക്കി ഉപയോഗിക്കാനുള്ള അവസരം പുരുഷന് നല്‍കുകയാണ് നീതിന്യായവ്യവസ്ഥ
ഡോ. പി എസ് ശ്രീകല .,ദേശാഭിമാനി 

സീമാസ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹം:

           സീമാസ് ടെക്സ്റ്റൈല്‍സ് മാനേജ്മെന്റിന്റെ മനുഷ്യത്വരഹിതമായ സമീപനമാണ് ജീവനക്കാരെ പണിമുടക്കിലേക്ക് നയിച്ചതെന്നും ജനവികാരം മാനേജ്മെന്റിന് എതിരാണെന്ന് ബോധ്യമായപ്പോള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമായ വിശദീകരണവുമായി അവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സീമാസ് ടെക്സ്റ്റൈല്‍ യൂണിറ്റ് കണ്‍വീനര്‍ പി എം ഫിലോമിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരസ്പരം സംസാരിച്ചാല്‍ ഓരോരുത്തരില്‍ നിന്നും നൂറുരൂപ വീതം പിഴയീടാക്കുകയും ലിഫ്റ്റില്‍ കയറിയാല്‍ 500 രൂപ പിഴയിടുകയും ചെയ്യുന്നത് ഏറെക്കാലമായി തുടര്‍ന്ന് വരികയാണ്. അഞ്ചുവര്‍ഷമായി ജോലി ചെയുന്നവര്‍ക്ക് പോലും 6300 രൂപയാണ് ശമ്പളം. എന്നാല്‍ കൃത്രിമരേഖ ചമച്ച് 7500 മുതല്‍ 10,000 രൂപ വരെ നല്‍കുന്നതായാണ് ഡിഎല്‍ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. ഓണത്തിന് ഒരുമാസത്തെ ശമ്പളം ബോണസായി കഴിഞ്ഞവര്‍ഷം നല്‍കിയെന്നത് അടിസ്ഥാനരഹിതമാണ്. തുച്ഛമായ ബോണസാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. ക്യാഷ്ലീവ് പോലും അര്‍ഹതപ്പെട്ടത് നല്‍കാറില്ല. രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് ജോലി ചെയ്യിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവരാകട്ടെ രാത്രി പത്തുവരെ ജോലി ചെയ്യണം
കഴിഞ്ഞദിവസം ഹോസ്റ്റലില്‍ താമസിക്കുന്ന 13 പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. ഇതില്‍ നാലുപേരെ വസ്ത്രം മാറാന്‍പോലും അനുവദിച്ചില്ല. ശ്രീക്കുട്ടി എന്ന ജീവനക്കാരി തലചുറ്റി വീണു. പുറത്തുനിന്ന് കൊണ്ടുവന്ന ജീവനക്കാരെ താമസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ജോലിക്കെത്താന്‍ അഞ്ച് മിനിട്ട് വൈകിയാല്‍ അരദിവസത്തെ വേതനം നല്‍കില്ല. ഒരു ദിവസം എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നത്തെ വേതനം ശമ്പളത്തില്‍ നിന്ന് കുറയ്ക്കും. യൂണിഫോം ധരിച്ചില്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. ടാഗിട്ടില്ലെങ്കില്‍ 50 രൂപയാണ് പിഴ. എന്തെങ്കിലും അസുഖം ബാധിച്ച് ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ആശുപത്രിയില്‍ ചെലവായ തുക ശമ്പളത്തില്‍ നിന്ന് പിടിക്കും.
അഞ്ചാമത്തെ നിലയിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍. 40 പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. 11 പേര്‍ക്ക് ഒരുമുറി വീതമാണ്. ബാത്ത്റൂം സൗകര്യം പോലുമില്ല. ജോലി കഴിഞ്ഞ് ചെല്ലുമ്പോള്‍ കിട്ടുന്നത് ഉച്ചയ്ക്കുണ്ടാക്കിയ തണുത്ത് ചീത്തയായ ചോറും മുളകുചമ്മന്തിയുമാണ്. ഇവിടെ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളിക്ക് ദിവസവേതനം 19 രൂപയാണ്. ഇഎസ്ഐ-പിഎഫ് ഒന്നു ബാധകമല്ല. ഇതോടൊപ്പം ജീവനക്കാരെ തോന്നുമ്പോള്‍ പറഞ്ഞുവിടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് നിര്‍ബന്ധിതമായത്.
പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സമരത്തെ നേരിടാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിന് തയാറാകാതെ വിഷയം വര്‍ഗീയ വല്‍ക്കരിക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നു. ആലപ്പുഴയിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നേരിട്ട് ബോധ്യമുള്ളതിനാല്‍ തങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഫിലോമിന പറഞ്ഞു.ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയ്ക്കുപോലും എത്താതെ നിഷേധക നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. 18ന് വീണ്ടും ചര്‍ച്ചയ്ക്ക് വച്ചിരിക്കുകയാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്ന് ഫിലോമിന ആവശ്യപ്പെട്ടു.
Deshabhimani

Tuesday, 4 August 2015

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?
വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുമായി ആദ്യവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുടര്‍ന്നും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളെ മുഖ്യമായും ആറായി തരംതിരിക്കാം.
പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി, ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണ്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല, ബിജെപി സവര്‍ണ പാര്‍ടിയല്ല, ബിജെപിയോട് അയിത്തമില്ല, മറ്റു ജാതിസംഘടനകളുടെയും പിന്തുണ ഞാന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്നിവയാണവ.
ഇവ ഓരോന്നായി എടുക്കുക. പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്നു വെള്ളാപ്പള്ളി പറയുന്നു. ബിജെപിയുടെ പിന്നോക്കസമുദായ താല്‍പ്പര്യം 1992ല്‍ നമ്മള്‍ നേരിട്ടുകണ്ടതാണ്. പിന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്രസര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ രാജ്യമാകെ പൊതുവിലും ഡല്‍ഹിയില്‍ പ്രത്യേകിച്ചും തീപടര്‍ത്തുന്ന പ്രക്ഷോഭം നടത്തിയ പാര്‍ടിയാണത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അസ്വസ്ഥതപൂണ്ട്, അത് വി പി സിങ് സര്‍ക്കാരിനുണ്ടാക്കിക്കൊടുക്കുന്ന ജനപിന്തുണയില്‍ വിറളിപിടിച്ച് രഥയാത്ര സംഘടിപ്പിക്കുകയും രഥയാത്രയെ തടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് വോട്ടുചെയ്ത് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ മാസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. എന്തൊരു പിന്നോക്ക സ്നേഹം!
നാഷണല്‍ ഫ്രണ്ട് മന്ത്രിസഭ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യയില്‍ പരക്കെ പിന്നോക്ക ജാതി വിഭാഗത്തില്‍ വലിയ ഉണര്‍വ് ഉണ്ടായത്. അതിന്റെ തുടര്‍പ്രതിഫലനമായാണ് യുപിയിലും ബിഹാറിലും ഒക്കെ പിന്നോക്ക സമുദായക്കാരുടെ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നതും മുലായംസിങ് യാദവിനെയും ലാലുപ്രസാദിനെയും ദളിത് സമുദായത്തില്‍പ്പെട്ട മായാവതിയെയുംപോലുള്ളവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ആ പിന്നോക്ക രാഷ്ട്രീയവളര്‍ച്ചയില്‍ അതിശക്തമായ അസഹിഷ്ണുതയായിരുന്നു ബിജെപിക്ക്. ആ വളര്‍ച്ച തടയാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉപയോഗിക്കുകയെന്ന കുതന്ത്രമാണ് ബിജെപി പിന്നീടിങ്ങോട്ട് എന്നും പ്രയോഗിച്ചത്.
ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂര്‍വം മറന്നാലേ വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാകൂ. സവര്‍ണ വര്‍ഗീയ അപസ്മാരം പടര്‍ത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവില്‍ കത്തിയമര്‍ന്നവരുടെ ചിത്രം മനസ്സുകളില്‍നിന്ന് മാറാറായിട്ടില്ല. ആ വിധത്തില്‍ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടര്‍ത്തിയ, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകള്‍ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോര്‍ക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എന്‍ഡിപി പ്രവര്‍ത്തകന് അതിനു സാധിക്കുമോ?
ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു? ഹിന്ദുമതത്തില്‍ പ്രമാണിമാരുണ്ട്. അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. വിരുദ്ധങ്ങളായ ഇവരുടെ താല്‍പ്പര്യങ്ങള്‍ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താല്‍പ്പര്യമാകുക? ലക്ഷക്കണക്കിനാളുകള്‍ തെരുവിലുറങ്ങുന്ന മുംബൈയില്‍ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താല്‍പ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാന്‍ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താല്‍പ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? ഹിന്ദുതാല്‍പ്പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഇതില്‍ ഏതു ഹിന്ദുവിന്റെ താല്‍പ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം. അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റ് ടാക്സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റില്‍ത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോഡിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താല്‍ അത് ഹിന്ദുതാല്‍പ്പര്യ സംരക്ഷണമാകുമോ?
മറ്റു ജാതിസംഘടനകളുടെയും പിന്തുണ താന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന് വെള്ളാപ്പള്ളി പറഞ്ഞതായി കാണുന്നു. മറ്റു ജാതിസംഘടനകള്‍ക്കുവേണ്ടി സംസാരിക്കാനും ഇദ്ദേഹത്തിന് അധികാരമുണ്ടോ? മറ്റു സംഘടനകള്‍ ഇത്തരമൊരു ദൗത്യം ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കട്ടെ.
സിപിഐ എമ്മിനോടാണ് എസ്എന്‍ഡിപി യോഗത്തിന് താല്‍പ്പര്യം എന്നു വെള്ളാപ്പള്ളി പറയുന്നുണ്ട്, അമിത് ഷായുമായി ചേര്‍ന്നുനില്‍ക്കുമ്പോഴും. ഈഴവസമൂഹത്തിന് സിപിഐ എമ്മിനോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എന്‍ഡിപി നേതൃത്വത്തിന് കമ്യൂണിസ്റ്റുകാരോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാല്‍ അത് എത്രമാത്രം ശരിയാകും? എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റുകാരോട് എന്നെങ്കിലും താല്‍പ്പര്യം കാട്ടിയിട്ടുണ്ടോ?
1957ല്‍ കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചപ്പോള്‍ യോഗനേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു. 59ല്‍ വിമോചനസമരം വന്നപ്പോള്‍ യോഗനേതൃത്വം വിമോചനക്കാരുടെ കൂടെയായിരുന്നു. മന്നം-ശങ്കര്‍-പട്ടം-ബാഫക്കി എന്നതായിരുന്നു അന്നു മുദ്രാവാക്യം. അതായിരുന്നു അന്നത്തെ സഖ്യം. അന്ന് ശങ്കര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിന്നപ്പോഴും സാധാരണ യോഗം പ്രവര്‍ത്തകരുടെ മനസ്സ് കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പമായിരുന്നു. പിന്നീട് യോഗനേതൃത്വം എസ്ആര്‍പി എന്നൊരു പാര്‍ടിയുണ്ടാക്കി. ആ പാര്‍ടി ജനിച്ചതും മരിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധ യുഡിഎഫില്‍. യോഗനേതൃത്വത്തിന്റെ ചരിത്രം ഇതാണ്. എന്നാല്‍, ഈഴവസമുദായത്തിന്റെ ചരിത്രം ഇതല്ല. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകള്‍ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നിന്നിട്ടുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശന്‍. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചുചോദിക്കട്ടെ. ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവസമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വര്‍ധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ സര്‍ക്കാരുമല്ലേ? കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെനന്‍സി കമീഷന് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ്, ഭൂപരിഷ്കരണം കാണക്കൃഷിക്കാരില്‍നിന്ന് പാട്ടക്കൃഷിക്കാരുടെ തലത്തിലേക്കിറക്കിക്കൊണ്ടുവരണം എന്നതായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് മന്ത്രിസഭ ചെയ്തതുമതാണ്. അതിന്റെ ഗുണം ഏറ്റവുമധികമനുഭവിച്ചത് ഈഴവസമുദായമാണെന്നു മനസ്സിലാക്കാന്‍ വെള്ളാപ്പള്ളി ചരിത്രം ഒന്നു പരതിനോക്കിയാല്‍മാത്രം മതി. സ്വസമുദായത്തിലെ പാവപ്പെട്ടവരോട് ഒന്നു ചോദിച്ചാലും മതി.
ഈ സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരെക്കൊണ്ട് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേട്ടമുണ്ടായിട്ടില്ല എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു? സമുദായത്തിലെ താഴെത്തട്ടുകാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. അതിലെ പ്രമാണിവിഭാഗത്തിന് അതില്‍ അസ്വസ്ഥതയുണ്ടായിട്ടുമുണ്ട്. ആ പ്രമാണി വിഭാഗവുമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഇടയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയുമുണ്ടാകും. അതു സ്വാഭാവികമാണുതാനും. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും അതിനു താഴെത്തട്ടിലുള്ളവരും എന്നും പാര്‍ടിക്കൊപ്പം നിന്നിട്ടുമുണ്ട്. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ല. ജാതി പറഞ്ഞാല്‍ എന്താണു കുഴപ്പം എന്നുചോദിക്കുന്ന വെള്ളാപ്പള്ളി കാര്‍ഷികബന്ധ നിയമംകൊണ്ടും കൂലിവര്‍ധനകൊണ്ടും നേട്ടമുണ്ടാക്കിയവരുടെ ജാതിതിരിച്ചുള്ള കണക്കെടുത്തുനോക്കട്ടെ. അപ്പോള്‍ മനസ്സിലാകും താന്‍ പറഞ്ഞതല്ല സത്യമെന്ന്.
ബിജെപി സവര്‍ണപാര്‍ടിയല്ല എന്നും പറയുന്നുണ്ട് വെള്ളാപ്പള്ളി. അദ്ദേഹം കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണര്‍ക്ക്. മറ്റൊന്ന് കീഴ്ജാതിക്കാര്‍ക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാന്‍ ഏറെക്കാലമായി ഒരു പാര്‍ടി ലാത്തിച്ചാര്‍ജടക്കം നേരിട്ട് സമരം ചെയ്യുന്നുണ്ട്. അതാണ് സിപിഐ എം. സമരനേതാക്കളെ പൊലീസിനെവിട്ട് തല്ലിക്കുന്നതും കേസില്‍ കുടുക്കുന്നതും വിഎച്ച്പിയുടെയും ബിജെപിയുടെയും വലിയ നേതാവായ പേജാവര്‍ സ്വാമിയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃനിരയില്‍ അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും ഒപ്പം സ്ഥാനമുള്ളയാള്‍. അവരുടെ തെക്കേ ഇന്ത്യന്‍ നേതാവ്. പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവര്‍ക്കൊപ്പം ഊണ് കഴിക്കാനിരുന്നാല്‍ രക്ഷപ്പെടുത്താന്‍ അവിടെ സമരം ചെയ്യുന്ന സിപിഐ എമ്മുകാരേ ഉണ്ടാകൂ.
തൊട്ടപ്പുറത്ത് മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണ്. അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സിപിഐ എമ്മുകാരും. അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, വിഎച്ച്പിയും ബിജെപിയും ഒക്കെ സവര്‍ണ പാര്‍ടിയാണോ അല്ലയോ എന്ന്.
പിന്നോക്കക്കാരും ദളിത് വിഭാഗങ്ങളും സവര്‍ണ വര്‍ഗീയശക്തികളാല്‍ ആക്രമിക്കപ്പെട്ടിടങ്ങളിലൊക്കെ ബിജെപിയും വിഎച്ച്പിയും സംഘപരിവാര്‍ ആകെത്തന്നെയും ആക്രമണം നടത്തിയ സവര്‍ണ വര്‍ഗീയശക്തികളുടെ ഒപ്പമായിരുന്നു എന്നതും മറന്നുകൂടാ. 2002ല്‍ ഹരിയാനയിലെ ഝജ്ജറില്‍ ഒരു വലിയ ദളിത്വേട്ട നടന്നു. ചമാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ചത്തുപോയ കന്നുകാലികളുടെ തോലുരിച്ച് അതില്‍നിന്ന് ചെരിപ്പുണ്ടാക്കി വില്‍ക്കുന്നത് കുലത്തൊഴിലാക്കിയ സമുദായമാണത്. അതില്‍പ്പെട്ട നാലു ചെറുപ്പക്കാര്‍ ഒരു ചത്ത പശുവിനെ തോലുരിക്കാനായി കൊണ്ടുവരികയായിരുന്നു. അപ്പോള്‍ ബിജെപി-വിഎച്ച്പി-ആര്‍എസ്എസ് സംഘം ഇവരെ ആക്രമിച്ചു. ക്രൂരമായി മര്‍ദിച്ചശേഷം പൊലീസിന് ഏല്‍പ്പിച്ചുകൊടുത്തു. ലോക്കപ്പിലിട്ടും പൊലീസിനു പുറമെ ഈ സംഘാംഗങ്ങള്‍ ഇവരെ മര്‍ദിച്ചു. അതിന്റെ ഫലമായി നാലുപേരും കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച ആ പ്രദേശത്തെ ദളിത് കുടുംബങ്ങളെയാകെ ഈ സംഘം വേട്ടയാടി. സ്ത്രീകളെ അപമാനിച്ചു, കുടിലുകള്‍ക്ക് തീവച്ചു. ഇവിടെ വിഎച്ച്പിയുടെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വംവരെ കൊല്ലപ്പെട്ട ദളിതുകള്‍ക്കെതിരെയാണ് നിലകൊണ്ടത്. ഗോഹത്യ നടത്തിയവര്‍ക്ക് ഇങ്ങനെ വരണമെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത് ഇവര്‍ പശുവിനെ കൊന്നിരുന്നില്ല എന്നും ചത്ത പശുവിനെ എടുത്തുകൊണ്ടുവരികമാത്രമേ ചെയ്തിരുന്നുള്ളു എന്നുമാണ്. അന്ന് ബിജെപി പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന ഓംപ്രകാശ് ചൗതാലയോ കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയിയോ ഏതെങ്കിലും തരത്തില്‍ ഈ ദളിതുകളുടെ കണ്ണീരൊപ്പാന്‍ എത്തിയില്ല. മറിച്ച് സവര്‍ണ അക്രമകാരികളെ ഭരണാധികാരം വഴിവിട്ട് രക്ഷിക്കുകയും ചെയ്തു.
ഇനി മറ്റൊരു ഉദാഹരണം. 1997-1998ല്‍ മഹാരാഷ്ട്രയില്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായി ദളിത് വേട്ട നടന്നു. മഹാജന്‍ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതിലുള്ള പ്രതിഷേധം മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആ മണ്ഡലത്തിലെ ദളിത് സമൂഹം കൂട്ടത്തോടെ മഹാജനെതിരെ വോട്ടുചെയ്തു. അദ്ദേഹം തോറ്റു. മഹാജന്‍ പിന്നീടൊരിക്കലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കു പുറത്തേ ഉണ്ടാകൂ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഇതിലൊക്കെ പ്രകടമാണ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ബിജെപിയോടും ബിജെപിക്ക് ഈ വിഭാഗങ്ങളോടും ഉള്ള മനോഭാവം.
ഒരു "പിന്നോക്കക്കാരനെ' ഉയര്‍ത്തിക്കാട്ടി എന്നതുകൊണ്ട് ബിജെപി ബ്രാഹ്മണാധിപത്യ പാര്‍ടിയല്ലാതാകില്ല. അങ്ങനെ ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ നിര്‍ബന്ധിതമായതുപോലും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പിന്നോക്കരാഷ്ട്രീയതരംഗം കൊണ്ടാണ്. ഉയര്‍ത്തിക്കാട്ടപ്പെട്ട ആ പിന്നോക്കക്കാരന്‍ ബ്രാഹ്മണാധിപത്യത്തിന്റെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് വെള്ളാപ്പള്ളി കാണാതിരുന്നുകൂടാ. സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ ബ്രാഹ്മണനില്ലേ എന്നു ചോദിക്കുന്ന വെള്ളാപ്പള്ളി, ആ വ്യക്തിയാണ് അയിത്താചരണത്തിനെതിരായ സമരനിരയുടെ മുമ്പില്‍ ചെന്നുനിന്ന് ബ്രാഹ്മണാധിപത്യത്തെയും അതിന്റെ ജീര്‍ണാചാരങ്ങളെയും വെല്ലുവിളിക്കുന്നത് എന്നതും മറന്നുകൂടാ. ബിജെപി ഉയര്‍ത്തിക്കാട്ടിയ ആ പിന്നോക്കക്കാരന്റെ തണലിലാണ് മുന്‍ സൂചിപ്പിച്ചപോലെ പലയിടത്തും അശോക് സിംഗാളുമാരും പേജാവര്‍ സ്വാമിമാരും അയിത്താചരണം നടത്തുന്നത് എന്നതും മറന്നുകൂടാ.