മൂക്കുകയറും പ്രലോഭനവും അഥവാ ഫത്വ മുതല്‍ ഘര്‍വാപസി വരെ
"ജിന്‍ കേ സര്‍ ഹോ
ഇഷ്ക് കീ ചാന്വ്
പാന്വ് കേ നീച്ചേ ജന്നത്
ഹോഗി''
(ശിരസ്സിനു മുകളില്‍ സ്നേഹത്തിന്റെ തണലുള്ളവര്‍ക്ക് സ്വര്‍ഗ്ഗം കാല്‍ക്കീഴിലായിരിക്കും )
ജനപ്രിയ റെക്കോഡുകള്‍ ഭേദിച്ച, ഒരു കാലഘട്ടത്തിന്റെ യുവത്വം ആഘോഷിച്ച ചലച്ചിത്രമായിരുന്നു ദില്‍സേയിലെ ഹൈലൈറ്റ് അടിപൊളിപ്പാട്ട് - 'ചെയ്യ ചെയ്യ' എന്ന ഗാനത്തിന്റെ ആമുഖമാണിത്. പ്രത്യക്ഷതലത്തില്‍ തികഞ്ഞ 'ഫ്രീക്കി മ്യൂസിക്ക്' ആയി നില്‍ക്കുന്നു. ആ ഗാനത്തിലുടനീളം സൂഫിസത്തിന്റെ ആത്മീയസ്പര്‍ശമുണ്ട്. പിന്നീടൊരിക്കല്‍ ആ ഗാനത്തിന്റെ ശില്‍പി എ ആര്‍ റഹ്മാന്‍ തന്നെ പറഞ്ഞു:
"അതൊരു സൂഫിഗാനമാണ്. ദൈവികമായൊരു ഉറവയില്‍ നിന്നാണ് ജനനമെങ്കില്‍ ഏതു പ്രണയഗാനത്തിനും ഒരു അധികമാനം ലഭിക്കും. അവസാനമില്ലാത്ത സ്നേഹത്തെ തന്നെയാണ് ജനങ്ങള്‍ ദൈവികം എന്നു വിളിക്കുന്നത്. 'ചെയ്യ ചെയ്യ'യുടെ പ്രചോദനം തന്നെ ദൈവികമാണെന്നു ഞാന്‍ കരുതുന്നു''.
പതിനെട്ടു വര്‍ഷത്തിനുശേഷം, 'അവസാനമില്ലാത്ത സ്നേഹ'മെന്നു റഹ്മാന്‍ വിശേഷിപ്പിച്ച ദൈവത്തിന്റെ പ്രവാചകനെപ്പറ്റിയുള്ള ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചതിന്, ദൈവത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കള്‍ റഹ്മാനെതിരെ ഫത്വ പുറപ്പെടുവിക്കുന്നു. പ്രവാചകനിന്ദ എന്നാണ് കുറ്റം. 'മുഹമ്മദ് - മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചലച്ചിത്രം സംവിധാനം ചെയ്യുന്ന മജീദ് മജീദിക്ക്നേരെയുമുണ്ട് മതവിധിയുടെ വാള്‍. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ളിം സംഘടനയുടെ കീഴിലുള്ള റാസാ അക്കാദമിയാണ് ഫത്വയുമായി ഇറങ്ങിയത്. ചലച്ചിത്രത്തില്‍ പങ്കെടുത്ത എല്ലാ മുസ്ളിം കലാകാരന്മാരും സവിശേഷമായി മജീദ് മജീദിയും റഹ്മാനും അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നാണ് റാസാ അക്കാദമിയുടെ കണ്ടെത്തല്‍. ഇരുവരും കല്‍മ വീണ്ടും വായിക്കണം എന്നു റാസായുടെ തലവന്‍ സായിദ് നൂറി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ അള്ളാഹുവിന് നമ്മള്‍ മുഖാമുഖം വരുമ്പോള്‍ എന്തുകൊണ്ടിതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നു ചോദിക്കുമത്രെ.
മറുവശത്ത്, വിശ്വഹിന്ദുപരിഷത്ത് ഉടനെ ചാടിയിറങ്ങുന്നു. മോശമായിപ്പോയി മുസ്ളിങ്ങളേ, മോശമായിപ്പോയി. വളരെ മോശം ഭാഷയാണ് ഫത്വയില്‍ ഉപയോഗിച്ചത്. അതുകൊണ്ട് നല്ല ഭാഷയില്‍ ഞങ്ങള്‍ പറയുന്നു - റഹ്മാന്‍ ഘര്‍വാപസി നടത്തുകയാണ് ഇനി നല്ലത്. കച്ചവടതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് റഹ്മാന്‍ മതം മാറിയത്. ഇപ്പോള്‍ കച്ചവടം സക്സസായ സ്ഥിതിക്ക് തിരിച്ചുപോരണം. എല്ലാ ഹിന്ദുക്കളും റഹ്മാന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു - മകനേ മടങ്ങിവരിക എന്നു സന്തപ്തരായ ഹിന്ദുക്കള്‍ - ഇതാണ് ഹിശ്വഹിന്ദുക്കളുടെ വക്താവ് സുരേന്ദ്ര ജെയിന്‍ പറഞ്ഞതിന്റെ ചുരുക്കം.
അതായത്, ഇരുകൂട്ടരും ഒരുപോലെ എട്ടുകാലി മമ്മൂഞ്ഞുകളാവുന്നു. കലാകാരന്‍ മനുഷ്യസമൂഹത്തിന്റേതല്ല, ഞങ്ങളുടേതാണ് എന്നാണ് പരസ്യപ്രഖ്യാപനം. ചെകുത്താനും തീക്കടലിനും ഇടയിലകപ്പെട്ട ഇന്ത്യയിലെ ഏറ്റവും വിലയേറിയ കലാകാരന്‍ മറുപടിയില്‍ തിരികെ ചോദിച്ചു.
"മുസ്റ്റര്‍ നൂറി പറഞ്ഞപോലെ നാളെയൊരിക്കല്‍ അള്ളാഹുവുമായി സന്ധിക്കാന്‍ ഭാഗ്യമുണ്ടായാല്‍, അദ്ദേഹം എന്നോട് ചോദിക്കുക മറ്റൊന്നാണ്. "ഞാന്‍ നിനക്ക് വിശ്വാസവും കഴിവും പണവും പ്രശസ്തിയും ആരോഗ്യവും എല്ലാം വേണ്ടുവോളം നല്‍കി. എന്നിട്ടും നീ എന്റെ പ്രിയപ്പെട്ട മുഹമ്മദിന്റെ ചിത്രത്തിന് എന്തുകൊണ്ട് സംഗീതം നല്‍കിയില്ല?''
സൂഫി ഇസ്ളാം - റഹ്മാന്റെ ദൈവവും മുഹമ്മദും
റഹ്മാന്റെ എതിര്‍ചോദ്യം ഫത്വാസംഘത്തിനു മനസ്സിലാവുക തന്നെയില്ല. കാരണം അവരുടെ അള്ളാഹുവിനും മുഹമ്മദിനും പൊതുവെ സംഗീതവുമിഷ്ടമല്ല. നൃത്തവുമിഷ്ടമല്ല. ഇസ്ളാമിക മതമൌലികവാദ സത്തിന് രുചിക്കുന്നവയല്ല ഇന്നോളം റഹ്മാന്‍ ചെയ്തവയൊന്നും. എന്നാല്‍ റഹ്മാന്റെ അള്ളാഹുവിനും മുഹമ്മദിനും സംഗീതമിഷ്ടപ്പെടാതെ തരമില്ല. കാരണം റഹ്മാന്‍ റാസാ അക്കാദമി പ്രതിനിധാനം ചെയ്യുന്ന ഇസ്ളാമല്ല, സൂഫി ഇസ്ളാമാണ്. സംഗീതം സൂഫിസത്തിന്റെ രക്തമാണ്. ഇതറിയാതെയല്ല റാസാ അക്കാദമിയുടെ മുന്നറിയിപ്പ്. ഏകശിലാത്മകമായ, മൌലികവാദത്തിലൂന്നിയ മുസ്ളിം സ്വത്വത്തോട് റഹ്മാന്‍ ഇടഞ്ഞുനില്‍ക്കരുതെന്ന ബോധം മറ്റാരെക്കാളും അവര്‍ക്കുണ്ട്. ആധുനികോത്തരവും ഉപഭോഗാധിഷ്ഠിതവുമായ സമൂഹത്തിന്റെ ആവശ്യകതയ്ക്കായി സ്വന്തം പ്രതിഭയൊന്നാകെ ചിലവഴിച്ചൊരു കലാകാരനോടാണ് ഈ 'പരിശുദ്ധിയുടെ മുന്നറിയിപ്പ്' എന്നതാണ് ശ്രദ്ധിക്കേണ്ട വൈരുധ്യം. എന്നാല്‍ മറുപടിയില്‍ താനൊരു മതപണ്ഡിതനല്ലെന്നും ഒരുതരം മതനിന്ദയും താന്‍ ചെയ്തിട്ടില്ലെന്നും പ്രസ്താവിച്ചശേഷം റഹ്മാന്‍ സൂഫിസത്തിന്റെ വ്യത്യസ്ത ദൈവദര്‍ശനം അതേപടി പകര്‍ത്തുന്നു - "നാളെ ദൈവത്തെ കാണാനിടവന്നാല്‍ എന്റെ സംഗീതത്തെപ്പറ്റിയും ദൈവം ചോദിച്ചേക്കും''.
ഇതേ വാചകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മറ്റൊരിടത്ത് കേള്‍ക്കാം. ഷാജഹാന്റെയും ഔറംഗസേബിന്റെയും കാലത്തു ജീവിച്ച സൂഫി മാവറിക് സര്‍മദില്‍ നിന്നും. ചീനപ്പാത്രങ്ങളും പരവതാനികളും വില്‍ക്കുന്നൊരു വണിക്കായി സിന്ധിലെത്തി ഷാ ജഹാന്റെ സൌഹൃദവലയത്തിലേക്ക് വരെയുയര്‍ന്ന സര്‍മദ് പിന്നീട് പാട്ടുകള്‍ പാടിനടന്നു. പിന്നീട് ഔറംഗസേബിന്റെ മൌലവിമാര്‍ ചോദ്യം ചെയ്തപ്പോള്‍ സര്‍മദ് പറഞ്ഞുവത്രെ, "അള്ളാഹു ന്യായവിധി സമയത്ത് എന്റെ സംഗീതത്തെപ്പറ്റിയും ചോദിക്കുമെന്ന് എനിക്കുറപ്പാണ്.'' സൂഫിസം ഈ ധൈര്യം എത്രയോ മുന്‍പ് പ്രദര്‍ശിപ്പിച്ചതാണെന്നര്‍ഥം. ഇസ്ളാമിന്റെ വളര്‍ച്ചയുടെ കാലത്തിലല്ല, ഇസ്ളാം തന്നെ ഉണ്ടാവും മുന്‍പ് സൂഫിസത്തിന്റെ ബീജാവാപം നടന്നിട്ടുണ്ട്. സൂഫികളുടെ പൂര്‍വികര്‍ മുഹമ്മദിനു മുന്‍പുള്ള അറേബ്യയിലും പേര്‍ഷ്യയിലുമുണ്ടായിരുന്നു. ഖുര്‍ആനിന്റെയും ഹദീസുകളുടെയും കര്‍ശനമായ ന്യായവ്യവസ്ഥയും നിഷ്കര്‍ഷയാര്‍ന്ന ആചരണങ്ങളും മുഖമുദ്രയായ ഇസ്ളാമില്‍ ഈ ആത്മീയധാര സന്നിവേശിപ്പിക്കപ്പെട്ടത് വിസ്മയാവഹമായിത്തോന്നാം. മുഹമ്മദിന്റെ കാലം മുതല്‍ക്കെ 'മുസ്ളിമ്മ്' എന്നും വിശേഷിപ്പിക്കുകയും മുഹമ്മദിന്റെ വാക്കുകള്‍ക്ക് ധ്വന്യാത്മകമായി വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്ത ഒരുകൂട്ടം മനുഷ്യര്‍ അറേബ്യയിലുണ്ടായിരുന്നു. സൂഫികള്‍ അവരുടെ സ്ഥാപനമായി കരുതുന്നതും മുഹമ്മദിന്റെ മകന്‍ അലിയെത്തന്നെയാണ്. തൌഹീദ് ഇസ്ളാമിലെന്നപോലെ അറേബ്യന്‍ സൂഫിസത്തിന്റെയും ആധാരതത്വമാണ്. ഈശ്വരപ്രാപ്തിയിലേക്കുള്ള മാര്‍ഗത്തില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഏഴുഘട്ടങ്ങള്‍ അതിനു വിവരിക്കപ്പെട്ടിരിക്കുന്നു - ആഗ്രഹം, സ്നേഹം, ബോധോദയം, വിലയനം, സാക്ഷാത്കാരം, ആഹ്ളാദം, സ്വത്വത്തിന്റെ നാശം. പല വിതാനങ്ങളില്‍നിന്ന്, കവിതയും നാട്ടുകഥകളും സംഗീതവും ഇഴചേര്‍ത്ത് സൂഫികള്‍ തങ്ങളുടെ ആത്മാന്വേഷണവുമായി യാത്ര തുടര്‍ന്നു. ഈ ധാരയുടെ ഇന്ത്യന്‍ കൈവഴികളിലേക്കാണ് ദിലീപ്കുമാര്‍ എന്ന റഹ്മാന്‍ ചെന്നെത്തുന്നത്. അല്ലാതെ റാസാ അക്കാദമി പ്രതിനിധാനം ചെയ്യുന്ന മൌലികവാദികളുടെ മുഖ്യധാരയിലേക്കല്ല.
ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും സൂഫികളോട് യാഥാസ്ഥിതിക ഇസ്ളാം കരുണ കാണിച്ചിട്ടില്ല. മുസ്ളിങ്ങളുടെ മൌലികതത്വങ്ങളോട് സൂഫികള്‍ ഇടഞ്ഞുനില്‍ക്കുന്നുവോ എന്നതിലും അവരുടെ ജീവിതരീതിശാസ്ത്രമാണ് എന്നും മൌലികവാദികളെ പ്രകോപിപ്പിച്ചത്. പത്താം നൂറ്റാണ്ടിലെ മംസൂര്‍ അല്ലാജ് വിലയന തലത്തില്‍ നിന്ന് 'ഞാനാണ് സത്യം' (അനല്‍ ഹക്) എന്നുപറഞ്ഞ കുറ്റത്തിന് ശരിയത്ത് അനുസരിച്ച് വധശിക്ഷയേല്‍ക്കേണ്ടി വന്നു. കൈകളും കാലുകളും ഓരോന്നായി വെട്ടിയരിഞ്ഞ്, കണ്ണുകളും നാവുകളും പിഴുതെടുത്ത്, അവസാനം ശരീരം കത്തിച്ചു ചാമ്പലാക്കുന്ന ക്രൂര വധശിക്ഷ ആ ചാമ്പല്‍ പോലും അപ്പോഴും ലോകത്തോട് 'അനല്‍ഹക്' എന്നു പറഞ്ഞുകൊണ്ടിരുന്നു എന്നാണ് ഒരു മിത്ത്. മംസൂറിനു ശേഷം അബ്ദുള്‍ ഖാദര്‍, ഷഹാബുദ്ദീന്‍ സുഹ്രവര്‍ ദി... പീഡനമേല്‍ക്കേണ്ടി വന്നവരുടെ പട്ടിക ദീര്‍ഘമാണ്. ഇസ്ളാമിക് മിഷനറികളായി ഇന്ത്യയിലെത്തിയ സൂഫികളുടെ ചരിത്രവും മറ്റൊന്നല്ല. കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലം മുതല്‍ ഫിറോഷ് ഷാ തുഗ്ളക്കിന്റെ കാലം വരെ കടന്നുപോന്ന ചിസ്തി സില്‍സില കണ്ട പല സുല്‍ത്താന്മാരില്‍ ചിലര്‍ ഫക്കീറുകളെ ആദരിച്ചു. അധികം പേരും അനാദരിച്ചു. ക്രമേണ സൂഫികളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അവയുടെ അനുഷ്ഠാനപരതയിലേക്കു വഴിമാറുകയും മരിച്ചുപോയവര്‍ ദിവ്യന്മാരാവുകയും ചെയ്തുകൊണ്ടിരുന്നു. ഡല്‍ഹിയിലെ ജനാവലിയുടെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ സര്‍മദിനെ ഔറംഗസേബ് ശിരച്ഛേദത്തിനു വിധിക്കുകയായിരുന്നു. അപ്പോഴും സര്‍മദ് ലോകസ്നേഹം കൊണ്ട് പുഞ്ചിരിക്കുന്ന പൂമൊട്ടുകളെക്കുറിച്ചും അടുത്ത ദിവസം വാടിവീഴുന്ന അവയുടെ ദുര്‍വിധിയെപ്പറ്റിയും പാടി.
ഇന്ത്യന്‍ സൂഫിസത്തില്‍ ഹിന്ദുമതത്തിന്റെ സ്വാധീനം പലതരത്തില്‍ സംവാദവിഷയമായിട്ടുണ്ട്. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ സ്ത്രീപുരുഷപ്രണയത്തിന്റെ രൂപത്തില്‍ പേര്‍ഷ്യന്‍ സൂഫികളും ആവിഷ്കരിച്ചിരുന്നെങ്കിലും ഇന്ത്യന്‍ മിത്തോളജിയുടെ സാഹിത്യത്തിലും ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും പരന്നുകിടക്കുന്ന ലൈംഗിക ബിംബങ്ങള്‍ അവയ്ക്ക് ചില അധികമാനങ്ങള്‍ നല്‍കിയിരിക്കണം. ദൈവത്തിനും മനുഷ്യനുമിടക്ക് ഒരു മുര്‍ശിദിനെ (ഗുരു) സ്ഥാപിക്കുക എന്നിടം വരെ സൂഫിസം എത്തിച്ചേര്‍ന്നു. പ്രവാചകനും ഒരു മധ്യസ്ഥനല്ലേ? ആണ്. പക്ഷേ, അടിസ്ഥാനപരമായൊരു വ്യത്യാസമുണ്ട്. നബി അള്ളാഹുവിന്റെ സന്ദേശവാഹകന്‍, റസൂല്‍ ആണ്. അതായത് നബി അള്ളാഹുവില്‍ നിന്ന് വരികയാണ്. മുര്‍ശിദാവട്ടെ മനുഷ്യനെ അള്ളാഹുവിലേക്ക് നയിക്കുന്നവനാണ്. ഖുര്‍ആന്‍ അനുസരിച്ച് നബി അള്ളാഹുവിന്റെ അവസാന സന്ദേശവാഹകനാണ്. ദൈവം ഇനി ഒരു സന്ദേശവാഹകനെ മനുഷ്യര്‍ക്കായി അയക്കാന്‍ തയ്യാറല്ല. എന്നാല്‍ മനുഷ്യര്‍ അള്ളാഹുവിന്റെ അടുത്തേക്കയക്കുന്ന മുര്‍ശിദുകളാവട്ടെ അവസാനിക്കുന്നുമില്ല. അങ്ങനെ സാധാരണ ജനങ്ങള്‍ക്ക് എളുപ്പം താദാത്മീകരിക്കാവുന്ന ഒരു വഴി സൂഫികള്‍ കണ്ടുപിടിച്ചു. ഉലമയാവട്ടെ ഇക്കാരണം കൊണ്ടുതന്നെ സൂഫികളെ ഹെററ്റിക്കുകളാക്കി മുദ്രകുത്തി പീഡിപ്പിക്കുകയും ചെയ്തു.
അതായത്, ഇപ്പോള്‍ റഹ്മാനെതിരെ ഫത്വയിറക്കുന്ന മതമേധാവികള്‍ക്ക് റഹ്മാന്‍ ഉള്‍പ്പെടുന്ന സൂഫിധാരയോട് നൂറ്റാണ്ടുകള്‍ നീളുന്ന വിരോധമുണ്ട്. എന്നാല്‍ ഒറ്റയടിക്ക്, അവര്‍ക്ക് റഹ്മാന്‍ വെറും 'മുസ്ളിം' ആയി മാറുന്നു. ആ പൊതുസംവര്‍ഗമൊന്നാകെ തങ്ങള്‍ നിശ്ചയിക്കുന്ന മതനിയമങ്ങള്‍ അനുസരിക്കണം എന്നാണ് പ്രഖ്യാപനം. 1988 വരെ ദിലീപ്കുമാറായിരുന്ന റഹ്മാന്റെ സഹോദരി കാഞ്ചനയ്ക്ക് വന്ന ഗുരുതരമായൊരു രോഗം മാറ്റിയത് ഷേഖ് അബ്ദുള്‍ ജീലാനി എന്ന സൂഫി മുസ്ളിം സന്യാസിയുടെ പ്രാര്‍ഥനയാണ് എന്ന വിശ്വാസത്തില്‍ സൂഫി ഇസ്ളാം മതം സ്വീകരിച്ച കുടുംബമാണ് റഹ്മാന്റേത്. 1989ല്‍ ദിലീപ് കുമാര്‍ റഹ്മാനാവുകയും പ്രസിദ്ധ സംഗീതജ്ഞന്‍ നൌഷാദ് അലിയുടെ നിര്‍ദേശപ്രകാരം അല്ലാ രഖാ എന്നു കൂട്ടിച്ചേര്‍ന്ന് അല്ലാ രഖാ റഹ്മാന്‍ എന്ന എ ആര്‍ റഹ്മാന്‍ ഉണ്ടാവുകയും ചെയ്തു. സൂഫി ദര്‍ശനത്തെ പിന്നീടിന്നോളമുള്ള കലാജീവിതത്തില്‍ അനേകം സന്ദര്‍ഭങ്ങളില്‍ റഹ്മാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യക്ഷമായി ഉപഭോഗാധിഷ്ഠിത വിപണിക്കൊരുക്കിയ പാട്ടുകളിലടക്കം സൂഫി മിസ്റ്റിസിസത്തിന്റെ ആന്തരികഛായ കൊണ്ടുവന്നിട്ടുണ്ട്. സംഗീതവും കലയും തങ്ങളുടെ സഞ്ചാരത്തിനൊപ്പം കൊണ്ടുനടന്ന സൂഫിഗായകരുടെ പാരമ്പര്യത്തിലാണ് താനും കണ്ണിചേരാന്‍ മോഹിക്കുന്നതെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഇപ്പോള്‍ യാഥാസ്ഥിതിക മുസ്ളിം സമൂഹം റഹ്മാനെ അവര്‍ക്കു 'സ്വന്തം' ആക്കി മാറ്റുന്നു. ചെയ്തുപോയ ദൈവദൂഷണത്തിന് പരിഹാരം നിര്‍ദേശിക്കുന്നു.
സാംസ്കാരിക കയ്യടക്കലുകള്‍
വെള്ളം കലങ്ങിക്കണ്ടാല്‍ മീന്‍ കിട്ടുമോ എന്നു നോക്കുക എന്ന സുകുമാരകലയില്‍ എന്നും വിദഗ്ധരായ വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണം കൃത്യസമയത്താണ്. എം എഫ് ഹുസൈനെ ആട്ടിപ്പായിച്ചവര്‍ക്ക് ഇപ്പോള്‍ പെട്ടെന്ന് ആവിഷ്കരണ സ്വാതന്ത്യ്രബോധമുദിക്കുന്നു. ആര്‍ഷഭാരതത്തിന്റെ അഭിമാനമായ റഹ്മാന്റെ സര്‍വപ്രതിസന്ധികള്‍ക്കുമുള്ള ഒറ്റമൂലി ഞങ്ങള്‍ റെഡിയാക്കിയിട്ടുണ്ട് - ഘര്‍വാപസി. വന്ദേമാതരവും ജനഗണമനയും പുതുതലമുറക്കനുസരിച്ച് സംഗീതം ചെയ്ത റഹ്മാന്‍ പോലെ ഇന്ത്യന്‍ ദേശീയതയ്ക്ക് പറ്റിയ പ്രതീകമെന്തുണ്ട്?
സാംസ്കാരിക ബിംബങ്ങളെ ഒഴിച്ചുനിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍നിന്ന് ഇന്ത്യന്‍ ഫാസിസം വഴിമാറിയിട്ടുണ്ട്. ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തുംവരെ അധികാരത്തിന്റെ മുഖ്യസ്വരൂപത്തിനു പുറത്ത് വിമര്‍ശകരും പ്രതിരോധവുമായി നിന്ന സാംസ്കാരിക സ്വത്വങ്ങളെ കയ്യടക്കുക എന്നതാണ് അധികാരാവരോഹരണം സാധ്യമായ ഫാസിസ്റ്റുകളുടെ ലക്ഷ്യം. ഒരുതരത്തിലും കയ്യിലൊതുങ്ങാത്ത ജവഹര്‍ലാല്‍ നെഹ്റുവും അംബേദ്കറുമൊഴികെ ഏതാണ്ട് എല്ലാ ദേശീയ രാഷ്ട്രീയ ബിംബങ്ങളെയും തങ്ങളുടേതാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. 'രാജാവ് രത്നഹാരിയാണ്' എന്ന മൊണാര്‍ക്കിന്യായം ഇന്ന് ഇന്ത്യയില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുന്നു. എല്ലാ സാംസ്കാരിക രത്നങ്ങളും അപഹരിച്ചു തങ്ങളുടേതാക്കുന്ന ഈ പ്രക്രിയയുടെ ഭാഗമാണ് റഹ്മാനോടുള്ള ഘര്‍വാപസി ആഹ്വാനവും. 'ഹിന്ദുവാകുക' എന്ന പ്രഖ്യാപനം മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയുടെ അന്തസ്സത്തയിലേക്ക് കണ്ണിചേരാനാണ് റഹ്മാനെ ക്ഷണിക്കുന്നത്. അല്ലാതെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ആകാശത്തിലേക്കു പറക്കാനൊന്നുമല്ല. വിശ്വഹിന്ദുപരിഷത്തിന്റെ ആചാര്യന്‍ സര്‍വര്‍ക്കര്‍ ആരാണ് അഹിന്ദു എന്നും ആര്‍ക്കാണ് ഭാരതത്തിന്റെ അവകാശമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്:
"അന്യരാജ്യത്തില്‍ നിന്ന് ഓടിവന്ന് അഭയം തേടിയവര്‍. അധികാരക്കൊതിയോ ധനമോ മോഹിച്ച് മഹത്തായ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളില്‍ ചേര്‍ന്നവര്‍ - ഇവരുടെ കൂടെ ഇന്ത്യയുടെ അധികാരം പങ്കുവയ്ക്കാന്‍ ഹിന്ദുക്കള്‍ ഒരുക്കമല്ല. ഇവര്‍ക്ക് അവകാശപ്പെട്ടതല്ല ഇന്ത്യ. ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത് മാത്രമാണെന്ന് അംഗീകരിക്കണം''.
സവര്‍ക്കര്‍ പറഞ്ഞ രണ്ടാം വിഭാഗത്തില്‍ - ധനമോഹം കൊണ്ട് മറ്റു മതത്തില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലാണ് റഹ്മാന്‍ പെടുക എന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിന്‍ തുറന്നുപറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഒരു ആനുകൂല്യമുണ്ട് - ഘര്‍വാപസിയിലൂടെ തിരിച്ചുവന്നാല്‍ നിങ്ങള്‍ക്കുംകൂടി അവകാശപ്പെട്ടതാണ് ഇന്ത്യയെന്നു സമ്മതിക്കാം. കാര്യം ലളിതം - കള്‍ച്ചറല്‍ അക്വയറിങ് ആണ് ഇപ്പോഴത്തെ വിശ്വഹിന്ദുപരിപാടി. ഇന്ത്യയുടെ ഏറ്റവും പ്രധാന ചിഹ്നങ്ങളൊലൊന്നായി വിഗ്രഹവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ റഹ്മാനെ കൈവിടുന്നതിലും ബുദ്ധി കയ്യടക്ക ലിലാണ്. സാര്‍വദേശീയ അസ്തിത്വവും ദേശീയ വ്യക്തിത്വവുമുള്ള ഒരു ദിലീപ് കുമാറായി റഹ്മാനെ തിരിച്ചുകിട്ടിയാല്‍ കനത്തൊരു സാംസ്കാരിക മൂലധനമായിരിക്കും അത്. സ്വപ്നം മലര്‍പ്പൊടിക്കാരന്റെതെങ്കിലും കാണാതിരിക്കണ്ട കാര്യമില്ലല്ലോ.
റഹ്മാന്‍ - ദേശീയതയും ആഗോളസഞ്ചാരവും
ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും ഉപഭോഗാധിഷ്ഠിതവും വിപണികേന്ദ്രീകൃതവുമായ പുതിയ ഇന്ത്യയിലേക്കുള്ള അതിവേഗ സഞ്ചാരത്തില്‍ കൃത്യമായി കണ്ണിചേരുന്ന കലാനിര്‍മിതിയാണ് എ ആര്‍ റഹ്മാന്‍. റഹ്മാന്റെ തന്നെ ഭാഷയില്‍ 'ഫ്രീക്കി മ്യൂസിക്' എന്നു വിളിക്കാവുന്ന, തൊണ്ണൂറുകളോടെ വികസിക്കുകയും രണ്ടായിരങ്ങളോടെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്ത പുതിയൊരു സൌന്ദര്യശാസ്ത്രത്തെയും അതിന്റെ ആവേഗങ്ങളെയും സംവഹിക്കുന്ന സംഗീതമാണ് എ ആര്‍ റഹ്മാന്റേത്. ശുദ്ധകലാനിരീക്ഷണങ്ങളുടെ രൂപവാദപരമായ അന്വേഷണങ്ങ ളോ കേവലമായ സാംസ്കാരിക പഠനമെന്ന നിലയില്‍ കലയുടെ ചരിത്രപരതയെയും സാമൂഹികതയെയും വിശദീകരിക്കുന്ന ഗവേഷണങ്ങളോ റഹ്മാന്റെ സ്വത്വത്തെ പൂര്‍ണമായി പ്രത്യക്ഷമാക്കുന്നുവെന്ന് പറയാനാവില്ല. ഫ്രഡറിക് ജെയിംസണ്‍ 'രാഷ്ട്രീയ അബോധം' എന്നുവിളിക്കുന്ന, അനുഭവങ്ങളും കലാഘടനയും രൂപപ്പെടുന്ന ചരിത്രബന്ധങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും വിശകലനം ചെയ്യുമ്പോഴാണ് കുറേക്കൂടി സൂക്ഷ്മമായി റഹ്മാനെ അടയാളപ്പെടുത്താനാവുക.
സൌന്ദര്യാനുഭൂതി എന്ന നിലയില്‍ റഹ്മാന്റെ സംഗീതത്തിന് പ്രാദേശികവും ദേശീയവും സാര്‍വദേശീയവുമായ അനുഭവസ്ഥലങ്ങളുണ്ട്. കലവറകളില്ലാത്തവിധം വെസ്റ്റേണ്‍ സംഗീതസ്വഭാവവും പോപ്പ് സംഗീതത്തിന്റെ പരിചരണവും ഹിപ്പ് - ഹോപ്പിലെ റാപ്പ് മ്യൂസിക്ക് പോലുള്ള സവിശേഷരൂപങ്ങളും ആഫ്രിക്കന്‍ കലിപ്സോ വരെയുള്ള താളഘടനകളുടെ ചേരുവകളും ഏറ്റെടുക്കുന്ന റഹ്മാന്‍ തന്നെ, 'വന്ദേമാതരം', 'മാ തുഛേ സലാം', 'ജനഗണമന' പോലുള്ള ദേശസ്നേഹത്തിന്റെ അനുഭവലോകത്തിലേക്ക് ഈ ഘടനാസമൃദ്ധിയെ സമന്വയിപ്പിക്കുന്നുണ്ട്. അതേ റഹ്മാന്‍ തന്നെ, 'കുച്ചു കുച്ചി റക്കമ്മാ' പോലെ തമിഴ് ഫോക് സംഗീതവും 'നറുമുഗയേ', 'കണ്ണോട് കാണ്‍മതെല്ലാം' എന്നിവപോലെ തെന്നിന്ത്യന്‍ ക്ളാസിക്കല്‍ സംഗീതവും ഉപയോഗിച്ചിട്ടുണ്ട്. "സംഗീതം അന്തര്‍ദേശീയമാണ്, സംസ്കാരം ഓരോ നാടിനും വ്യത്യസ്തവും'' എന്ന് റഹ്മാന്‍ തന്നെ ഇക്കാര്യം വിശദീകരിച്ചു. സംസ്കാരപ്പലമയില്‍നിന്ന് റഹ്മാന്‍ ആവശ്യാനുസരണം എന്തും ഏറ്റെടുത്തെന്നും രൂപഭേദം വരുത്തിയെന്നും വരും. എന്നാല്‍ അവയെ സംബന്ധിച്ച് പ്രാദേശികത മുന്നോട്ടുവയ്ക്കുന്ന നിയമാവലികള്‍ അനുസരിച്ചോളണമെന്നില്ലതാനും. ഈ നിഷേധം തികഞ്ഞ രാഷ്ട്രീയസ്വഭാവമുള്ള ഒരു റിബലിന്റേതൊന്നുമല്ല. ആഗോളവല്‍കൃത വിപണി ആവശ്യപ്പെടുന്ന ഒരു ശിഥില നിയമാവലി റഹ്മാന്‍ ഏറ്റെടുക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ കുലീനത, ഗായികാഗായകന്മാരുടെ ശബ്ദസ്വത്വം, വൈയക്തികാനുഭൂതികളുടെ മെലോഡ്രാമാറ്റിക്ക് ആവിഷ്കരണം എന്നിങ്ങനെ അന്നുവരെ ചലച്ചിത്രസംഗീതം രൂപീകരിച്ച ഭാവബന്ധങ്ങള്‍ ഒന്നുംതന്നെ റഹ്മാന്‍ കണക്കിലെടുക്കുന്നില്ല. നിയമാവലികളുടെ ഭാരമില്ലാതെ ആടിപ്പാടാനും അലറിപ്പാടാനുമായി നിര്‍മിക്കപ്പെട്ട ഗാനങ്ങളുടെ ഒരു വന്‍ ശൃംഖല തന്നെ റഹ്മാന്റേതായി ഉണ്ട്. തികഞ്ഞ മെലോഡ്രാമയുടെ നിമിഷങ്ങളിലും റഹ്മാന്റെ സംഗീതം അലര്‍ച്ചയോളമുയര്‍ന്നെന്നു വരും. (എന്നശൊല്ല പോകിറായ്, വെണ്ണിലവേ വെണ്ണിലവേ) ആദ്യരാത്രിയുടെ സ്വകാര്യതയിലേക്ക് സംഘനൃത്തത്തിന്റെ വന്യത കൊണ്ടുവന്നെന്നിരിക്കും. (അറബിക്കടലോരം, രുക്കുമണീ രുക്കുമണീ) ശബ്ദങ്ങളുടെ സ്വാഭാവികത, വിശുദ്ധി, പാട്ടിനുണ്ടാകേണ്ട സമഗ്രത- ഇത്തരം പൂര്‍വകാല ദര്‍ശനങ്ങള്‍ ഒന്നും റഹ്മാനെ സംബന്ധിച്ച് പ്രസക്ത മേയല്ല. റഹ്മാന്‍ സംഗീതത്തെ അതാക്കിത്തീര്‍ക്കുന്ന പ്രധാനപ്പെട്ട രണ്ടു സവിശേഷതകള്‍ നിരീക്ഷിക്കാം.
സാങ്കേതികതയുടെ കേന്ദ്രനില ആണ് അവയിലൊന്ന്. റഹ്മാന്റെ കുട്ടിക്കാലത്ത് അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്ന സിന്തസൈസര്‍ ഒന്നു തൊടാനായി കാത്തിരുന്നതും പിന്നീട് അതു സന്തതസഹചാരിയായതും അത്രമേല്‍ സംഗീതതാല്‍പ്പര്യമില്ലാതിരുന്ന റഹ്മാന് ആ സിന്തസൈസറില്‍ കളിക്കാനായി സംഗീതതാല്‍പ്പര്യം ജനിച്ചതും റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. സിന്തസൈസര്‍ തുടര്‍ന്നുള്ള റഹ്മാന്റെ കലാജീവിതത്തിന് ഉചിതപ്രതീകമാണ്. സാങ്കേതികവിദ്യ അന്നൊളമുപയോഗിച്ച നിലയിലല്ല റഹ്മാന്‍ ഉപയോഗിച്ചത്. പാട്ടിന്റെ അവ്യക്തമായൊരു ചിത്രം മാത്രം കലാകാന്മാര്‍ക്ക് മുന്നിലവതരിപ്പിച്ച്, അവരുടെ പലതരം ആവിഷ്കരണങ്ങളിലൂടെ പാട്ടുണ്ടാക്കിയെടുക്കുന്ന രീതിശാസ്ത്രം റഹ്മാന്‍ വികസിപ്പിച്ചെടുത്തത് ഈ യാന്ത്രസംഗീതത്തിലുള്ള കൈയടക്കത്തിന്റെ ആത്മവിശ്വാസത്തിലാണെന്നത് വ്യക്തമാണ്. പലപ്പോഴും പാട്ടുണ്ടാക്കാനാരംഭിക്കുമ്പോള്‍ തനിക്കുതന്നെ പാട്ടെങ്ങനെ വേണമെന്നു പൂര്‍ണരൂപമുണ്ടായിരിക്കില്ല എന്നു റഹ്മാന്‍ പറയുന്നുണ്ട്. ശില്‍പ്പം ആദ്യം മനസ്സില്‍ കൊത്തുകയും മനസ്സിലെ ശില്‍പ്പത്തിന് പുറത്തുള്ള ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞ് ശില്‍പ്പമുണ്ടാക്കുകയും ചെയ്യുന്നതില്‍നിന്ന് വിഭിന്നമായി, ഏതൊണ്ടൊരവ്യക്തധാരണയോടെ ഉളികളെടുത്ത് ശില്‍പ്പവൃത്തി തുടങ്ങുകയും ക്രമേണ ആദ്യമാലോചിച്ചതില്‍ നിന്നു വിഭിന്നമായിപ്പോലും ഒരു കലാസൃഷ്ടിയായി ശില്‍പ്പം പരിണമിക്കുകയും ചെയ്യുന്ന ശില്‍പ്പിയുടെ മാര്‍ഗമാണ് റഹ്മാന്റേത്. ഈ മാര്‍ഗത്തെ സാധ്യമാക്കുന്നത് റഹ്മാന്റെ സാങ്കേതിക സംഗീതസമീപനമാണ്. ശബ്ദം അകൃത്രിമത്വം എന്ന മിത്ത് റഹ്മാന്‍ പൂര്‍ണമായും തിരസ്കരിക്കുന്നതോടെ, സ്വത്വാന്വേഷണങ്ങളുടെ ഒരു വിശാലഭൂമി മുന്നില്‍ തുറക്കപ്പെട്ടു. അതോടുകൂടി ഗായകരാദ്യം പാടിയതൊന്നും അവസാനം പുറത്തിറങ്ങുന്നത് മറ്റൊന്നും എന്ന വിസ്മയം സാധ്യമാവുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചോളം വര്‍ഷമായി റഹ്മാന്‍ ഉപയോഗിക്കുന്ന ആപ്പിള്‍ കമ്പനിയുടെ ലോജിക്ക് പ്രോ എന്ന് സോഫ്റ്റ്വെയറിന്റെ പ്രധാന മെച്ചമായി റഹ്മാന്‍ പറയുക 'സമഗ്രമായ വര്‍ക്ക് സ്റ്റേഷന്‍ ലഭിക്കുന്നു' എന്ന ഗുണമാണ്. ഇത്തരത്തില്‍, അനതിസാധാരണമായ വൈഭവത്തോടെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന സംഗീതം ശ്രുതിഭംഗം, ശബ്ദനിയന്ത്രണം, ശ്വാസനിയന്ത്രണം, താളശൈഥില്യം എന്നിങ്ങനെ അനേകം പ്രശ്നങ്ങളെ പരിഹരിക്കുകയോ അനായാസമാക്കുകയോ ചെയ്യുന്നു. സാധാരണ സംഗീതബാഹ്യമെന്നു കരുതപ്പെട്ട ശബ്ദങ്ങള്‍ - കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെ കിച്ച് കിച്ച് ശബ്ദം, വൃദ്ധയുടെയോ കൊച്ചുകുട്ടിയുടെയോ വിചിത്രഭാഷണങ്ങള്‍ എന്നിങ്ങനെ പലതും റഹ്മാന്റെ ഗാനശരീരത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.
റഹ്മാന്റെ മാത്രമെന്നു നിഷ്കര്‍ഷിക്കുന്ന വ്യക്തിമുദ്രകള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പുറത്തിറങ്ങുന്ന ഉല്‍പ്പന്നത്തില്‍ നിര്‍ബന്ധമായും ഉണ്ടെങ്കിലും തന്റെ സംഗീതത്തെ ഒരു ഏകാന്തപ്രവൃത്തിയായി കാണാതെ, സംഘവൃത്തിയായി കാണുന്ന സമീപനമാണ് രണ്ടാമത്തേത്. അതുവരെ നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ കര്‍തൃത്വാവബോധം റഹ്മാനില്‍ ഏതാണ്ട് പൂര്‍ണമായും വിഛേദിക്കപ്പെടുന്നു. ഗുരുവും ശിഷ്യനുമായി നില്‍ക്കുന്ന സംഗീതസംവിധായകന്റേതും മറ്റു കലാകാരന്മാരുടെയും ഹൈറാര്‍ക്കി തകരുന്നതോടെ, ഒരുത്സവത്തിലെന്നവണ്ണം എല്ലാ കലാകാരന്മാരും കൂടി നിര്‍മിക്കുന്ന സംഘനിര്‍മിതിയായി ഗാനം മാറുന്നു. അവരോരുത്തരെയും കൃത്യമായി തന്നെ ആല്‍ബങ്ങളില്‍ പരാമര്‍ശിക്കുന്നതില്‍ റഹ്മാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. റിഥം പ്രോഗ്രാം ചെയ്തവര്‍ മുതല്‍ ഉപകരണ വാദകര്‍ വരെ സകലരുടെയും പേരുകള്‍ പുറംചട്ടയിലുണ്ടാവും. ഫെബി, നോയല്‍ ജേംസ്, ശിവമണി എന്നിങ്ങനെ പലരെയും എല്ലാവരും പരിചയപ്പെടുന്നതുതന്നെ അങ്ങനെ യായിരിക്കും. 'ഗാനം ഞങ്ങളുടേതാണ്' എന്ന തോന്നലുളവാക്കുന്ന ഈ പ്രക്രിയ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കൂടുല്‍പ്പാദനത്തിനു വേണ്ടിയുള്ള 'മിഥ്യാസ്വാത്മബോധം' നിലര്‍മിക്കലാണ് എന്നതു വാസ്തവമാണ്. എന്നാല്‍ അതിലൂടെ സംഗീതത്തിനുണ്ടാവുന്ന സംഘചാരുതയെ തള്ളിക്കളയാനാവില്ല.
വിചിത്രമെന്നു തോന്നുന്ന ഒന്ന്, താന്‍ നിര്‍മിച്ചെടുത്ത സംഗീതസംസ്കാരത്തിനു വിരുദ്ധമായി നിന്ന് റഹ്മാന്‍ പലതവണ സംസാരിച്ചിട്ടുണ്ട് എന്നതാണ്. പരമ്പരാഗത ചിന്തകള്‍ പ്രകടിപ്പിക്കുന്ന പല നിരീക്ഷണങ്ങളും പലയിടത്തും കാണാം.
"ആദ്യചിത്രമായ റോജ ചെയ്യുമ്പോള്‍ത്തന്നെ ഞാന്‍ ചില അടിസ്ഥാനനിയമങ്ങള്‍ സ്വരൂപിച്ചിരുന്നു. നല്ല വരികള്‍, നല്ല ചിന്തകള്‍, നല്ല ഈണങ്ങള്‍, നല്ല റെക്കോഡിങ്, നല്ല അവതരണം എന്നിവയെല്ലാമായിരുന്നു അത്. പക്ഷേ, ജെന്റില്‍മാന്‍ ചെയ്യേണ്ടിവന്നതോടെ ആ നിയമങ്ങളാകെ തകര്‍ന്നു. സിനിമയുടെ വൈരസ്യമൊഴിവാക്കാനായി വാണിജ്യകേന്ദ്രിതമായ സംഗീതം ചെയ്യാനാണ് ശങ്കര്‍ എന്നോടാവശ്യപ്പെട്ടത്. അങ്ങനെ ചെയ്തത് അവര്‍ക്ക് വലിയ വിജയം നേടിക്കൊടുത്തു. പിന്നെ റോജയിലുള്ളതിലും പ്രചാരം അത്തരം സംഗീതത്തിനായി''.
റഹ്മാന് ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം നിര്‍മിച്ചു നല്‍കിയ കലാസമീപനത്തെയാണ് അദ്ദേഹം തന്നെ ഇപ്രകാരം ഒരു അഭിമുഖത്തില്‍ തള്ളിപ്പറഞ്ഞിട്ടുള്ളത്. സ്വന്തം കലയും തന്റെ കലാസങ്കല്‍പ്പവുമായുള്ള വൈരുധ്യം നമുക്ക് മറ്റനേകം കലാകാരന്മാരിലും കാണാവുന്നതാണ്.
റഹ്മാന്റെ സംഗീതത്തെ നിര്‍ണയിച്ച മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളെയും അന്തര്‍ദേശീയമായ ഒരു സംഗീതസംസ്കാരത്തിലേക്ക് കണ്ണി ചേര്‍ക്കാനാണ് റഹ്മാന്‍ എന്നും ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. നിരവധി പ്രാദേശികകലാംശങ്ങളില്‍ നിന്ന് താളവും സംഗീതവുമുള്‍ക്കൊണ്ട് അവയ്ക്ക് ആഗോളമാനം നല്‍കാനുള്ള ശ്രമം.
ബോദ്രിയാര്‍ നിരീക്ഷിച്ച 'ഹൈപ്പര്‍ മ്യൂസിക്ക്' എന്ന സംജ്ഞ അനുയോജ്യമാവുന്ന, സാങ്കേതികവിദ്യയുടെ നിര്‍മിതിയായി പരിണമിക്കപ്പെട്ട റഹ്മാന്‍ സംഗീതത്തിന്റെ വര്‍മവും അതാണ്. മ്യൂസിക്കല്‍ തിയറ്ററിലേക്ക് ക്ഷണിക്കപ്പെടുകയും ആന്‍ഡ്രൂ ലോയ്ഡ് വെബറിന്റെ ബോംബെ ഡ്രീംസ് സംവിധാനം ചെയ്യുകയും പിന്നീട് ബോബൈ ഡ്രീംസ് നടത്തിയ അശ്വമേധവും മുതല്‍, സ്ളം ഡോഗ് മില്യണയറിന്റെ ഓസ്കാര്‍ ലബ്ധിയും ഇപ്പോള്‍ വിവാദമായിരിക്കുന്ന മജീദ് മജീദിയുടെ സിനിമവരെയും നീളുന്ന ഈ അന്തര്‍ദേശീയമാനം റഹ്മാന്‍ സംഗീതം സ്വാഭാവികമെന്നോണം അര്‍ഹിക്കുന്നതാണെന്നു പറയാം. എന്നാല്‍ തന്റെ സാര്‍വദേശീയ സംഗീതബോധത്തെ ദേശസ്നേഹത്തിലേക്ക് ചേര്‍ത്തുവെക്കുന്ന ദേശീയ സമീപനവും റഹ്മാനിലുണ്ട്. 'വന്ദേമാതരം' മുതല്‍ 'ജയ്ഹോ' വരെ നീണ്ടുനില്‍ക്കുന്ന ദേശസ്നേഹസംഗീത നിര്‍മിതികള്‍ റഹ്മാന് 'ആഗോളസഞ്ചാരിയായ ഇന്ത്യക്കാരന്‍' എന്ന അസ്തിത്വം നല്‍കുകയും ചെയ്യുന്നു.
ആധുനികോത്തരതയുടെ ആഗോളപശ്ചാത്തലത്തില്‍നിന്ന് സൂഫിസം പോലൊരു സവിശേഷ ആത്മീയധാര പിന്തുടരുന്ന കലാകാരന്‍ അനിവാര്യമായും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ കടന്നുപോവുന്നത്. മുഖ്യധാരയുടെ അധികാര സ്വരൂപങ്ങള്‍ അതില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വ്യക്തിയെ വേട്ടയാടുകയും വ്യവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന അതേ വ്യക്തിയുടെ ജനപ്രിയകലാസ്വത്വത്തെ ഏറ്റെടുക്കുകയും ചെയ്യും. മതനിരപേക്ഷ കലാസാംസ്കാരിക സമൂഹത്തിന്റെ കൂട്ടായ ചെറുത്തുനില്‍പ്പുകള്‍ എത്രമേല്‍ അനിവാര്യമാണെന്ന് റഹ്മാന്‍ നേരിടുന്ന വെല്ലുവിളികള്‍ സാക്ഷി പറയുന്നു.
ഫത്വയുടെ മൂക്കുകയറിനും വിശ്വഹിന്ദുവിന്റെ പ്രലോഭനത്തിനും കൃത്യമായ മറുപടി റഹ്മാന്റെ വാക്കുകള്‍ തന്നെയുണ്ട്.
"ഞാന്‍ ഒരു ഇസ്ളാമിക പണ്ഡിതനല്ല. ലോകത്തിന്റെ പല ഭാഗത്തായാണ് ഞാന്‍ ജീവിക്കുന്നത്. ഒരുവശത്ത് പാരമ്പര്യവാദിയും മറുവശത്ത് യുക്തിവാദിയുമാണ് ഞാന്‍. മുന്‍വിധി കൂടാതെ എല്ലാവരെയും സ്നേഹിക്കാനാണ് എന്റെ ശ്രമം''.
കലാകാരനെ ഏറ്റെടുത്താല്‍ കല കൈക്കുമ്പിളാവും എന്ന വ്യാമോഹം മൌലികവാദികള്‍ക്ക് സഹജമാണ്. ലോകം കൈക്കുമ്പിളിലാവുന്ന പുതിയ കലാകാരനെ ഭയപ്പെടുത്തി ഒപ്പം ചേര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുകയേയുള്ളൂ. പക്ഷേ, ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തെ കൂടുതല്‍ കലുഷവും സങ്കീര്‍ണവുമാക്കുന്ന ഈ സാംസ്കാരികാധിനിവേശത്തെ ഗൌരവത്തോടെ കണ്ടേ മതിയാവൂ.
