അന്നൊന്നും ധാര്‍മികമൂല്യത്തെക്കുറിച്ച് ഓര്‍മിച്ചില്ല. അഥവാ, കേസ് അധികാരമുപയോഗിച്ച് തേച്ചുമായ്ച് കളയാന്‍ ധാര്‍മികതയ്ക്ക് അവധികൊടുത്തു. സ്വയം കോടതിയെ സമീപിച്ചാല്‍ വീണ്ടും പ്രഹരമേല്‍ക്കേണ്ടിവരുമെന്ന ഉല്‍ക്കണ്ഠകൊണ്ട് (കുറ്റംചെയ്തവനല്ലേ, ശിക്ഷയെക്കുറിച്ച് ഇത്രയേറെ ഉറപ്പുണ്ടാകൂ) അത് ഒഴിവാക്കി വിജിലന്‍സിനെക്കൊണ്ട് ഹൈക്കോടതിയെ സമീപിപ്പിച്ചു. അപ്പോഴും പ്രഹരം വന്നുവീണത് കെ എം മാണിയുടെ നെറുകയില്‍ത്തന്നെ! മുമ്പ് ഒരു മന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത നിലയിലുള്ള അതിനിശിതമായ വിമര്‍ശങ്ങള്‍! ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍! ബാര്‍ കോഴ വാങ്ങി കെ എം മാണി എന്നതിന് തെളിവുണ്ടെന്ന് ഹൈക്കോടതിതന്നെ വിധിപറഞ്ഞുകൊടുക്കുന്നതിനിടെ സ്ഥിരീകരിക്കുന്നിടത്തെത്തി കാര്യങ്ങള്‍. വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍ തിരുത്തിക്കാനായി ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ ഹൈക്കോടതി ഇരട്ടിശക്തിയോടെ വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍ ശരിവച്ചു.
ഇത്രയുമായാല്‍ പിന്നെ രാജിയല്ലാതെ മറ്റെന്താണു വഴി? പ്രത്യേകിച്ചും കോടതിമുമ്പാകെ അപകീര്‍ത്തിപ്പെട്ടു നില്‍ക്കുന്ന കൈക്കോഴക്കാരനെ താങ്ങിയാല്‍ തങ്ങളും ഇന്നുള്ളതിനേക്കാള്‍ അപകര്‍ത്തിപ്പെടും എന്ന് ജനവിധിയിലൂടെ മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ചിലര്‍തന്നെ ഇതിനിടെ തള്ളിപ്പറഞ്ഞുതുടങ്ങി കെ എം മാണിയെ. എല്ലാ വഴികളും അടഞ്ഞ് പിടിക്കപ്പെടും എന്നു വന്നപ്പോള്‍ ധാര്‍മികതയെ കൂട്ടിപിടിക്കേണ്ടതില്ല. ആ വാക്കിന്റെ വിശുദ്ധിയെങ്കിലും കളങ്കപ്പെടാതെയിരുന്നു കൊള്ളട്ടെ.
നിയമമന്ത്രി എന്ന നിലയില്‍ തന്നാല്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ വക്കീലന്മാരുടെ ഉപദേശമാണ് സ്വയം രക്ഷപ്പെടാന്‍ മാണി തേടിയത്. നിയമവകുപ്പിന്റെ അനുമതിയോടെ ലക്ഷക്കണക്കിനു പണം ഖജനാവില്‍നിന്നൊഴുക്കിയാണ് ഡല്‍ഹിയില്‍നിന്ന് കപില്‍ സിബലിനെ ഹൈക്കോടതിയിലെത്തിച്ചത്. ബാര്‍ കോഴ മായ്ക്കാന്‍ അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും വഴികള്‍! പൊതുഭരണവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പക്കലാണ്. ആ വകുപ്പിനു കീഴിലാണ് ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ എന്നിരിക്കെ ഐപിഎസ് ഓഫീസറെ സമ്മര്‍ദത്തിലാക്കി വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ എന്തെങ്കിലും വിഷമമുണ്ടോ? പ്രത്യേകിച്ചും മാണിയുടെ രക്ഷയിലാണ് മന്ത്രിസഭയുടെ അതിജീവനമെന്നിരിക്കെ? മാണി തുടരന്വേഷണം നേരിടുന്ന ഘട്ടത്തില്‍ മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രിതന്നെ ഐപിഎസ് ഓഫീസര്‍മാര്‍ക്ക് സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു എന്നിരിക്കെ. അധികാരദുര്‍വിനിയോഗത്തിന്റെ സകലവഴികളും ഉപയോഗിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഭരണയന്ത്രം പ്രതിയെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അപ്പാടെ നീക്കിവയ്ക്കപ്പെട്ട നിലയായിരുന്നു.
എന്നിട്ടും പ്രതി രക്ഷപ്പെട്ടില്ല. വിജിലന്‍സ് കോടതിയില്‍ പിടിക്കപ്പെട്ടു. ഹൈക്കോടതിയില്‍ പിടിക്കപ്പെട്ടു. യുഡിഎഫിലെതന്നെ ചില ഘടകകക്ഷികള്‍ തള്ളിപ്പറയുന്ന നിലയായി. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പരസ്യമായി രാജി ആവശ്യപ്പെടുന്ന നിലയായി. ഈ സമ്മര്‍ദങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്കുമേലും ശക്തമായി. അപ്പോഴാണ് ഹൈക്കമാന്‍ഡ് (അങ്ങനെയൊന്ന് എവിടെയാണുള്ളതാവോ?) രാജി ആവശ്യപ്പെട്ടു എന്ന വാദവുമായി ഉമ്മന്‍ചാണ്ടി എത്തുന്നത്. മാണിക്ക് തന്നോട് അപ്രിയമുണ്ടാകരുത്, അപ്രിയമുണ്ടാകുന്നെങ്കിലത് ഹൈക്കമാന്‍ഡിനോടായിക്കോട്ടെ എന്നു ചുരുക്കം. ഇങ്ങനെ അപമാനിതനായി പുറത്തുപോകുമ്പോള്‍ കെ എം മാണിയോ അവസാനംവരെ അദ്ദേഹത്തെ സംരക്ഷിച്ചുനിര്‍ത്തിയ മുഖ്യമന്ത്രിയോ ദയവുചെയ്ത് ധാര്‍മികമൂല്യങ്ങളെക്കുറിച്ച് പറയരുത്. അതിന് അവകാശമില്ല. പ്രത്യേകിച്ചും ഇതേ കെ എം മാണിയുമായി കൈകോര്‍ത്തുതന്നെയാണ് ഇതേ ഉമ്മന്‍ചാണ്ടി വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്നത് എന്നിരിക്കെ. ധാര്‍മികതയെക്കുറിച്ച് ഇവര്‍ പറഞ്ഞാല്‍ അതേക്കാള്‍ വലിയ ജനവഞ്ചന വേറെയില്ല.