Thursday, 31 December 2015

അന്ധവിശ്വാസത്തിന്റെ വിളയാട്ടം


അന്ധവിശ്വാസത്തിന്റെ വിളയാട്ടം

Tuesday Dec 29, 2015 

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് ഏതെങ്കിലും ദൈവികമോ അമാനുഷികമോ ആയ സിദ്ധികൊണ്ടല്ല.
 മറിച്ച്, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു അത്. കോണ്‍ഗ്രസ് സങ്കുചിത താല്‍പ്പര്യം 
മുന്‍നിര്‍ത്തി രൂപീകരിച്ച ഇരു സംസ്ഥാനങ്ങളിലും പക്ഷേ, ആ പാര്‍ടിക്ക് ഭരണത്തിലെത്താനായില്ല. സംസ്ഥാന
 വിഭജനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച കെ ചന്ദ്രശേഖരറാവുവാണ് തെലങ്കാനയില്‍ മുഖ്യമന്ത്രിയായത്. വിഭജനത്തിലൂടെ
 തങ്ങള്‍ക്ക് അമൂല്യനേട്ടം ലഭ്യമാകും എന്ന് തെറ്റിദ്ധരിച്ച തെലങ്കാനയിലെ വോട്ടര്‍മാരാണ് ചന്ദ്രശേഖരറാവുവിനെ 
മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അയുതമഹാചണ്ഡി എന്നൊരു യാഗം 
നടത്തി തെലങ്കാന രൂപീകരണത്തില്‍ നന്ദി പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. നന്ദി പ്രകാശനത്തിനുപുറമെ പുതിയ സംസ്ഥാനത്ത് 
മഴ പെയ്യണമെന്നും അഭിവൃദ്ധിവരണമെന്നും കാംക്ഷിച്ചാണത്രെ അനേകകോടികള്‍ ചെലവിട്ട് യാഗം നടത്തിയത്. 
യാഗപ്പന്തലിനുമാത്രം ഏഴുകോടി രൂപ ചെലവായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, 
തെലങ്കാന ഗവര്‍ണര്‍ നരസിംഹ എന്നിവരുള്‍പ്പെടെ വിവിഐപികളും പങ്കെടുക്കുന്ന സമാപനപരിപാടിക്കുമുമ്പ് 
യാഗശാല കത്തിനശിച്ചു എന്നാണ് വാര്‍ത്ത. മഴ പെയ്യിക്കാന്‍ ഉദ്ദേശിച്ചുനടത്തിയ യാഗം തീ കൊണ്ടുപോയി!