Wednesday, 26 October 2016

സ്ത്രീപക്ഷത്തുതന്നെ; മനുഷ്യപക്ഷത്തും

       സ്ത്രീയും നിയമവും' എന്ന കെല്‍സയുടെ (കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി) കൈപ്പുസ്തകത്തില്‍ ഹിന്ദു– മുസ്ളിം– ക്രിസ്ത്യന്‍ വിവാഹനിയമങ്ങള്‍ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും കാര്യത്തില്‍ 'വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍' എന്നാണ് ഉപശീര്‍ഷകം. മുസ്ളിം വിവാഹനിയമത്തിന്റെ അധ്യായത്തില്‍ 'മുസ്ളിം സ്ത്രീക്ക് വിവാഹമോചനം ലഭിക്കാന്‍ വേണ്ട കാരണങ്ങള്‍' എന്നും!  മുസ്ളിം പുരുഷന് കാരണങ്ങള്‍ വേണ്ട എന്നര്‍ഥം; കോടതിയും വേണ്ട, നിയമങ്ങളും വേണ്ട. ഒരു കാരണവും പറയുകയോ അറിയിക്കുകയോ ചെയ്യാതെ മൂന്നുവട്ടം ഇതാ നിന്നെ ഞാന്‍ തലാഖ് (പുരുഷ തീരുമാനമനുസരിച്ചുള്ള വിവാഹബന്ധം വേര്‍പെടുത്തല്‍ പ്രഖ്യാപനം) ചൊല്ലിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ മതി. ജീവിക്കാന്‍ സ്വന്തമായി ചുറ്റുപാടുകളൊന്നും ഇല്ലാത്തവളെങ്കില്‍ ഭാര്യയും കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരും തെരുവിലായി. നിസ്സഹായയും ചിലപ്പോഴൊക്കെ നിരക്ഷരയുമായിരിക്കാവുന്ന അവള്‍ പിന്നെ അവകാശങ്ങള്‍ക്കായി കോടതികള്‍ കയറിയിറങ്ങണം. വക്കീലിനെ കണ്ടെത്തണം. ഫീസ് കൊടുക്കാന്‍ വഴിതേടണം. ജീവിതം മുഴുവനുമൊരു യാതനായാത്രയാക്കണം.
          മുത്തലാഖിനെ എതിര്‍ക്കുന്നവരാരും വിവാഹമോചനത്തെയല്ല എതിര്‍ക്കുന്നത്. വിവാഹം ഒരു കോണ്‍ട്രാക്ട് മാത്രമാണെന്നത്ര ഉദാരമാണുതാനും ഇസ്ളാം. ഏത് മതത്തിലെയായാലും ഒരു സ്ത്രീയോ പുരുഷനോ കൂട്ടായോ വെവ്വേറെയായോ വിവാഹമോചന തീരുമാനമെടുത്താല്‍ അതിന് തടസ്സം നില്‍ക്കാന്‍ സ്റ്റേറ്റിന് അവകാശമില്ലതന്നെ. 'വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നും ദൈവം കൂട്ടിച്ചേര്‍ത്തതിനെ പിരിക്കാന്‍ മനുഷ്യന് അവകാശമില്ല' എന്നും ശക്തമായ ചിന്താധാര നിലനില്‍ക്കുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പോലും വിവാഹമോചന വിഷയത്തിലും പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും പരിഷ്കരണങ്ങള്‍ നടന്നു. ഹിന്ദുമതത്തില്‍ അതിനേക്കാള്‍ എത്രയോ മുമ്പേ, 1955ല്‍തന്നെ പരിഷ്കരണങ്ങളും ഏകീകരണവും നടന്നു. മുത്തലാഖും ബഹുഭാര്യത്വവും പിന്തുടര്‍ച്ചാവകാശങ്ങളിലെ സ്ത്രീവിരുദ്ധതകളും പരിഷ്കരിക്കാനാകാത്ത ദൈവനിയമങ്ങളാണെന്ന വാദവുമായി സ്വാതന്ത്യ്രത്തിനുശേഷം 70–ാംവര്‍ഷത്തിലും ഇന്ത്യന്‍ മുസ്ളിങ്ങള്‍ അചഞ്ചലരായിത്തന്നെ!
        ക്രൈസ്തവമതത്തെപ്പോലെ ഇസ്ളാമും ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക പ്രദേശത്ത് അതതിടങ്ങളില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ തിരുത്തിയ, ലോകത്തിന് മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിയ, ആത്മീയതയിലൂന്നിയ പ്രസ്ഥാനങ്ങളായിരുന്നു. അന്നവ തുടങ്ങിവച്ച പരിഷ്കരണദൌത്യം വേദഗ്രന്ഥങ്ങളില്‍തന്നെ പരാമര്‍ശിക്കപ്പെടുന്ന വിശ്വമാനവികതയുടെയും തുല്യനീതിയുടെയും ആശയങ്ങളുള്‍ക്കൊണ്ടുതന്നെ കാലാനുസൃതമായി തുടര്‍ന്നുകൊണ്ടുവരേണ്ടവയാണെന്ന് ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി അങ്ങനെയല്ല, വേദഗ്രന്ഥങ്ങള്‍ പറഞ്ഞത് വള്ളിപുള്ളി വിടാതെ അനുസരിക്കലാണ് ഭക്തന്റെ ധര്‍മമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, മുത്തലാഖിന്റെ കാര്യത്തിലെങ്കിലും അവര്‍ കാണിക്കുന്ന കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്. ഖുര്‍ആനില്‍ കൃത്യമായി പറയുന്നത് വിവാഹമോചന തീരുമാനമെന്നാല്‍ ഏറെ ആലോചിച്ചും സ്വയം തിരുത്തിയും ഒക്കെ എടുക്കേണ്ട ഒന്നാണെന്നാണ്. ഒരു സ്ത്രീയുമായി ഒന്നിച്ചുകഴിയാനാകില്ലെന്ന് തോന്നിയാല്‍ പുരുഷന് ആദ്യവട്ട തീരുമാനമറിയിക്കാം. അത് ആദ്യ തലാഖ്. അപ്പോള്‍ കുടുംബക്കാര്‍ ഇടപെടുന്നു. കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു. യോജിക്കാനുള്ള മാര്‍ഗങ്ങളുണ്ടോ എന്നാരായുന്നു. പറഞ്ഞുതീര്‍ക്കാവുന്ന തെറ്റിദ്ധാരണകളുടെയും വ്യാജാഭിമാനബോധത്തിന്റെയും പേരില്‍ ഒരു ബന്ധം തകര്‍ത്തുകളയുന്നതിലെ സാമൂഹ്യമായ ആഘാതങ്ങളെപ്പറ്റി കരുതലുള്ളതുകൊണ്ടാണ് അങ്ങനെ. പിരിയാനുള്ള തീരുമാനം ഐച്ഛികമായി വച്ചുകൊണ്ടുതന്നെ ദമ്പതികളെ വീണ്ടും ഒന്നിച്ചുകഴിയാന്‍ വിടുന്നു. ആ കാലയളവില്‍ ദമ്പതികള്‍ക്കിടയില്‍ ഒരു പുനര്‍വിചിന്തനത്തിന് സാധ്യതകളുണ്ടാകാമല്ലോ. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ഒത്തുകഴിയലിനുശേഷവും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ രണ്ടാംവട്ട തലാഖ്. വീണ്ടുമൊരുവട്ടംകൂടി ആലോചനയ്ക്ക് അവസരമേകിക്കൊണ്ട് മൂന്നാംതലാഖുവരെ സമയം. മൂന്നാംവട്ട തലാഖോടെ ഒന്നിച്ചൊരുവിധേനയും കഴിയാനാകില്ലെന്ന് തീരുമാനമെടുത്ത ദമ്പതികള്‍ പിരിയുന്നു. ഇനി  ആ സ്ത്രീ മറ്റൊരു വിവാഹബന്ധത്തിന്റെ കെട്ടുപാടുകളില്‍നിന്ന് തലാഖിനാലോ ഭര്‍തൃമരണത്താലോ സ്വതന്ത്രയായിരിക്കുന്ന അവസരത്തിലേ, ആദ്യഭര്‍ത്താവിന് അവളെ സ്വീകരിക്കാനാകൂ എന്ന നിബന്ധനവച്ചത് ഏറെ ആലോചിച്ചുമാത്രം തലാഖ് തീരുമാനമെടുക്കുക എന്ന മുന്നറിയിപ്പായാണ്.
     ഏറെ ന്യായവും തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കും തലാഖ് ചൊല്ലിയ പുരുഷനും ഭാവിയെപ്പറ്റി തീരുമാനങ്ങളും കരുതലുകളുമെടുക്കാനും ബന്ധുക്കളെ ഉള്‍പ്പെടുത്താനും സാവകാശം നല്‍കുന്ന വിവാഹമോചനരീതിതന്നെയാണിത്. ഈ മനുഷ്യോചിതവും വേദഗ്രന്ഥ കല്‍പ്പിതംതന്നെയുമായ വിവാഹമോചന സമ്പ്രദായത്തെയാണ്, ലഹരിക്കടിമയായിരുന്ന് കൊണ്ടുപോലും മൂന്നുവട്ടം തലാഖ് ഒരുമിച്ച് ചൊല്ലിപ്പോയാല്‍ സ്ത്രീ അപമാനിതയും തിരസ്കൃതയുമായി ഇറങ്ങിപ്പോരേണ്ടിവരുന്ന മുത്തലാഖ് സമ്പ്രദായമായി ഇന്നാട്ടില്‍ നിലനിര്‍ത്തിപ്പോരുന്നത്. സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനുകൂടി ഉദ്ദേശിച്ച് കല്‍പ്പിക്കപ്പെട്ട പുനര്‍വിവാഹ നിര്‍ദേശത്തെ പരിഹാസ്യമാക്കി, അവളെ ഒറ്റദിവസത്തേക്ക് ഒരു 'വാടകക്കാരനെ'ക്കൊണ്ട് പേരിന് കെട്ടിച്ച് പിറ്റേന്ന് മൊഴിചൊല്ലിച്ച്, മുത്തലാഖിനുശേഷം ഭൂതോദയമുണ്ടായ പുരുഷന് 'ഹലാലാ'ക്കിയെടുക്കുന്ന കാടന്‍രീതിയും കൊണ്ടുവരപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആത്മാഭിമാനാവകാശമുള്ള മുസ്ളിം സ്ത്രീ ഇവിടെ വെറുമൊരു 'മാംസശരീരം' മാത്രമായി ഒതുങ്ങിപ്പോകുന്നത് കാണുക.
      പാകിസ്ഥാനിലും ബംഗ്ളാദേശിലും തുര്‍ക്കിയിലും തുനീഷ്യയിലും പരിഷ്കരിക്കപ്പെട്ട വിവാഹമോചന, ബഹുഭാര്യത്വ നിയമങ്ങള്‍ ഇന്ത്യയില്‍ ഒരു പരിഷ്കരണവുമില്ലാതെ നിലനിര്‍ത്തണമെന്ന് പറയുന്നവരുടെ വാദം ആ രാജ്യങ്ങളൊന്നും യഥാര്‍ഥ മുസ്ളിം രാജ്യങ്ങളല്ല എന്നാണ്. എങ്കില്‍ ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര മതേതര രാജ്യത്തിനുമാത്രം അക്കാര്യത്തില്‍ എന്ത് ഉത്തരവാദിത്തമാണുള്ളത്? സ്വാതന്ത്യ്രസമ്പാദനത്തിനുമുമ്പ് ഭരണകര്‍ത്താക്കളായിരുന്ന വെള്ളക്കാരുടെ ആവശ്യപ്രകാരം മുപ്പതുകളില്‍തന്നെ തട്ടിക്കൂട്ടിയെടുത്ത മുസ്ളിം വ്യക്തിനിയമം അക്കാരണംകൊണ്ടുതന്നെ ഇസ്ളാമിക ശരീഅത്ത് വള്ളിപുള്ളി വിടാതെ പിന്തുടരുന്നതോ ആഗോളതലത്തില്‍ മുസ്ളിംരാജ്യങ്ങളില്‍ സാര്‍വത്രികമോ അല്ല. കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ് സിവില്‍ നിയമങ്ങളെന്ന് കൂലങ്കഷമായ കൂടിയാലോചനകള്‍ക്കും സുദീര്‍ഘ ചര്‍ച്ചകള്‍ക്കുംശേഷം രൂപീകൃതമായ ഇന്ത്യന്‍ ഭരണഘടനയുടെ ക്രാന്തദര്‍ശികളായ ശില്‍പ്പികള്‍ രേഖപ്പെടുത്തിവച്ചതുമാണ്. സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വ്യക്തിനിയമങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ബാല്യദശയില്‍തന്നെ തിരുത്തപ്പെടാതിരുന്നത് വിഭജനാനന്തര ഇന്ത്യയിലെ അശാന്ത കാലാവസ്ഥയില്‍ ബഹുസംസ്കൃതികളെ ഒന്നിപ്പിച്ചുനിര്‍ത്തിക്കൊണ്ടുപോകേണ്ടതിലെ നിഷ്കര്‍ഷകൊണ്ടുതന്നെയായിരുന്നു. പിന്നീട് ഇതിനുള്ള ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടന്നപ്പൊളൊക്കെ മതസ്വാതന്ത്യ്രത്തിന്റെയും സ്വത്വസംരക്ഷണത്തിന്റെയും വാദങ്ങളുന്നയിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു  മുസ്ളിം പുരുഷസമൂഹം. മുസ്ളിം സ്ത്രീകളുടെ ശബ്ദം ഒരിക്കലും വന്നില്ലല്ലോ. ഏഴു ദശകങ്ങളോളമായി ജനാധിപത്യബോധവും സ്വസമുദായത്തിലെ സഹോദരിമാരുടെ സഹനജീവിതത്തെപ്പള്ളി സഹാനുഭൂതിയുമുള്ള മുസ്ളിം സ്ത്രീസംഘടനകള്‍ മനുഷ്യവിരുദ്ധവും മതവിരുദ്ധംതന്നെയുമായ ഇത്തരം നിയമങ്ങളുടെ പരിഷ്കരണങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടും ഇടപെട്ടുകൊണ്ടും ഇരിക്കുന്നു. വോട്ടുബാങ്കിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ പുരുഷപൌരോഹിത്യമാണല്ലോ. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നിസ്സഹായരാക്കപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ തലയില്‍ ചവുട്ടിനിന്നുകൊണ്ടാണല്ലോ മതത്തിന്റെ കെട്ടുറപ്പും വോട്ടുബാങ്ക് താക്കോല്‍ സൂക്ഷിപ്പും പുരുഷ ഇസ്ളാമിന്റെ വക്താക്കള്‍ പ്രാവര്‍ത്തിക്കമാക്കുന്നത്. 1986ല്‍ തലാഖ് ചൊല്ലപ്പെട്ട ദരിദ്രസ്ത്രീക്ക് ജീവനാംശം കൊടുക്കാനുള്ള സുപ്രീംകോടതിവിധിയെപ്പോലും അട്ടിമറിച്ച് പുതിയൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍മാത്രം ശക്തരായി അവര്‍. ഇപ്പോഴിതാ നിയമപരിഷ്കരണത്തിനുള്ള തീരുമാനാവകാശം ഒട്ടും ആശാസ്യമല്ലാത്ത ഒരു കാലത്തിന്റെ കടവില്‍ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നു അവര്‍.
       ഇന്ത്യ ഹിന്ദുവിന്റേതുമാത്രമെന്ന വാദങ്ങളുയരുകയും സവര്‍ണമേധാവിത്വത്തിന്റെ കരാളതകള്‍ ന്യൂനപക്ഷങ്ങളും ജാതിശ്രേണിയില്‍ താഴ്ന്നവരും അമ്പരപ്പോടെ നോക്കിക്കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് പ്രതിരോധത്തിന്റെ മുന്നേറ്റത്തില്‍ അണിചേരണ്ട മുസ്ളിംസമുദായം ആത്മപരിശോധനയ്ക്ക് തയ്യാറായേ മതിയാകൂ. സ്വസമുദായത്തിലെ ജനാധിപത്യവിരുദ്ധതകള്‍ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുകയും തിരുത്തുകയും ചെയ്യാത്ത ഒരു സമൂഹത്തിന് എങ്ങനെ ഭരണകര്‍ത്താക്കളുടെ ജനാധിപത്യവിരുദ്ധതകളെപ്പറ്റി സംസാരിക്കാനാകും? ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ സാംസ്കാരികമാപിനി അവര്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചായിരിക്കുമെന്ന് തിരിച്ചും മറിച്ചുമിട്ട് നാമെപ്പോഴും പറയാറുണ്ടല്ലോ. ഏകപീക്ഷയമായ, പുരുഷ കേന്ദ്രീകൃതമായ വിവാഹമോചനവും ബഹുഭാര്യത്വവും മുസ്ളിം സമുദായത്തിലെ സ്ത്രീകളെയും കുട്ടികളെയും മാനസികമായും സാംസ്കാരികമായും എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനംചെയ്യാതെ സമുദായത്തിന് ഇനിയുമേറെക്കാലം പിടിച്ചുനില്‍ക്കാനാകില്ലതന്നെ. മുത്തലാഖ് മാത്രമല്ല, വ്യക്തിനിയമത്തിലെ ജനാധിപത്യവിരുദ്ധമായ എല്ലാ നിയമങ്ങളും പരിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ടുവരികയാണ് തിരിച്ചറിവുള്ള സമുദായം ചെയ്യേണ്ടത്.
      അതിനുപകരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ് ചര്‍ച്ചകളിലും നവമാധ്യമ അഭിപ്രായപ്രകടനങ്ങളിലും നിരന്തരം കാണുന്നത്. കണക്ക് കൊണ്ടുള്ള കളികളുമേറെ. വിവാഹമോചനം ഏറ്റവും കുറഞ്ഞ ശതമാനം ഇസ്ളാമില്‍, ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ ഹിന്ദുസമുദായത്തില്‍, അസാന്മാര്‍ഗിക ബന്ധങ്ങളേറെ അമുസ്ളിങ്ങളില്‍ എന്നിങ്ങനെ. സിനിമാതാരങ്ങളായ മഞ്ജു വാര്യരെയും സരിതയെയും ലിസിയെയുംവരെ തലാഖ് ചൊല്ലപ്പെട്ട നിസ്സഹായരുടെ പട്ടികയിലേക്ക് അവര്‍ നീക്കിനിര്‍ത്തുന്നു. പരിഹാസ്യമാണ് ഇത്തരം വാദങ്ങള്‍ എന്നു പറയാതെ വയ്യ. അവയൊക്കെ എങ്ങനെയാണ് മുത്തലാഖിന് സമാനമാകുന്നത്? പ്രത്യേകിച്ച് അവയിലധികവും പരസ്പരം ആലോചിച്ചും ജനാധിപത്യപരമായും നടന്നവയായിരിക്കുമ്പോള്‍! വിവാഹമോചനം ഒട്ടും ആഗ്രഹിക്കാത്ത സമൂഹമെങ്കില്‍, ബഹുഭാര്യത്വം ഏറ്റവും കുറച്ചുമാത്രം പ്രാക്ടീസ് ചെയ്യുന്നവരെങ്കില്‍ എന്തിന് നിയമങ്ങള്‍ നിലനിര്‍ത്തണമെന്നുമാത്രം വാശി?
         മുത്തലാഖിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് ഹമീദ് ചേന്ദമംഗലൂരോ കാരശേരിയോ ഫസല്‍ ഗഫൂറോ അല്ലെന്ന് കെ എം ഷാജി. അതു മുസ്ളിങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നും. ആരാണ് മുസ്ളിങ്ങള്‍? വളരെ അടിയന്തരമായി വ്യക്തിനിയമ പരിഷ്കാരം ആവശ്യമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രബുദ്ധരായ മുസ്ളിംസമൂഹമുണ്ടിവിടെ. മുത്തലാഖ് കൊണ്ടും ബഹുഭാര്യത്വംകൊണ്ടും കെടുതികള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ അടിത്തട്ടിലെ ദരിദ്ര മുസ്ളിം സ്ത്രീകളും മറിച്ച് ചിന്തിക്കാന്‍ വഴിയില്ല. എങ്കിലും നേതൃസ്ഥാനം സ്വയമേറ്റെടുക്കുന്നവര്‍ക്ക്, ഷബാനുകേസ് വിധിക്കെതിരെയെന്നതുപോലെ അണികളെ ഇളക്കിവിട്ട് പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാകും എന്നുമറിയാം. 'അപരിഷ്കൃതരും മുഷ്കരുമായ' മുസ്ളിങ്ങളെ രാജ്യവ്യാപകമായി പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിക്കാനും അടിച്ചമര്‍ത്താനും ഫാസിസ്റ്റ് ശക്തികള്‍ക്ക് വേറെ കാരണം തേടിപ്പോകേണ്ടിവരില്ല അപ്പോള്‍. മുത്തലാഖും നാലുകെട്ടലും നിയമപരമായി നിലനിര്‍ത്തിയില്ലെങ്കില്‍ മുസ്ളിമായി ജീവിക്കാനാകില്ലെന്ന കടുംപിടിത്തം തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഒരു ഏകശിലാ സിവില്‍കോഡിന്റെ അടിച്ചേല്‍പ്പിക്കലിലേക്കേ നയിക്കൂവെന്ന സത്യം വിസ്മരിക്കപ്പെടുകയുമാണ്..
ഡോ. ഖദീജാ മുംതാസ്..ദേശാഭിമാനി 

Sunday, 16 October 2016

പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ പോരാട്ടവഴികള്‍

   ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയാറിന്ശേഷമുള്ള ഭാരതീയസാഹിത്യത്തിന് ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മാനങ്ങള്‍ നല്‍കിയത് അഖിലേന്ത്യാ പുരോഗമന സാഹിത്യ പ്രസ്ഥാനമാണെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ഫ്യൂഡല്‍ മൂല്യബോധങ്ങളില്‍നിന്നും ആവിഷ്കാരരീതികളില്‍നിന്നും ഭാരതീയഭാഷാസാഹിത്യങ്ങളെ മോചിപ്പിച്ച് ജനകീയമാക്കി സാമൂഹ്യ– രാഷ്ട്രീയപോരാട്ടങ്ങളുമായി കണ്ണിചേര്‍ത്തത് ഈ പ്രസ്ഥാനമാണ്. പുരോഗമന സാഹിത്യസംഘടനയുടെ 80–ാം വാര്‍ഷികം ഇപ്പോള്‍ ആഘോഷിക്കുകയാണ്. 1936ലാണ് അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടന ലഖ്നൌവില്‍ ജന്മംകൊണ്ടത്. പുതിയ സാഹിത്യസമീപനത്തിനുവേണ്ടി വാദിച്ചുവെന്നതുമാത്രമല്ല, പുതിയ സാമൂഹ്യഘടനയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതും ഈ പ്രസ്ഥാനമാണ്. മനുഷ്യനെ രക്ഷിക്കാന്‍ യുദ്ധങ്ങള്‍ക്കോ മാരകായുധങ്ങള്‍ക്കോ പൊലീസിനോ പട്ടാളത്തിനോ കഴിയില്ലെന്നും കലയ്ക്കും സൌന്ദര്യബോധത്തിനും സാഹിത്യത്തിനുമാണ് അതിന് കഴിവുള്ളതെന്നും സംഘടന ജനങ്ങളെ പഠിപ്പിച്ചു. 
“മര്‍ത്ത്യസൌന്ദര്യബോധങ്ങള്‍ പെറ്റ
 മക്കളല്ലീ പുരോഗമനങ്ങള്‍”

എന്ന് പുരോഗമന കലാസാഹിത്യ സംഘടനയുടെ ആദ്യ പ്രസിഡന്റ് വൈലോപ്പിള്ളി ശ്രീധരമേനോനും നിരീക്ഷിക്കുന്നുണ്ട്. 1925ല്‍ ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസവും 1933ല്‍ ജര്‍മനിയില്‍ ഹിറ്റ്ലറുടെ നാസിസവും മനുഷ്യക്കുരുതി നടത്തി ലോകസംസ്കാരത്തെയും മാനവികതയെയും തകര്‍ത്ത് തരിപ്പണമാക്കിയ ചരിത്രസന്ദര്‍ഭത്തിലാണ് മഹാനായ മാക്സിംഗോര്‍ക്കി ആ ചോദ്യമുയര്‍ത്തിയത്:“മനുഷ്യത്വത്തിന് ആര് കാവല്‍ നില്‍ക്കും?”ജനാധിപത്യത്തെയും സോഷ്യലിസത്തെയും മാര്‍ക്സിസത്തെയും ഭൂമിയില്‍നിന്ന് വേരോടെ പിഴുതെറിയുമെന്ന് പ്രതിജ്ഞചെയ്ത ഫാസിസ്റ്റ് ഭരണങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മാക്സിംഗോര്‍ക്കി ലോകത്തിലെ എഴുത്തുകാരോടും കലാകാരന്മാരോടും വീണ്ടും ചോദിച്ചു: എഴുത്തുകാരേ നിങ്ങള്‍ ഏതു ചേരിയില്‍? –ഫാസിസത്തിന്റെയും യുദ്ധത്തിന്റെയുംകൂടെയാണോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലാണോ?” അന്നത്തെ ചരിത്രപ്രസിദ്ധമായ ആ ചോദ്യം പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ 80–ാം വാര്‍ഷികത്തില്‍ അതേ പ്രസക്തിയോടെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരികയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ ഫാസിസത്തിന്റെ തേര്‍വാഴ്ചകണ്ട് പ്രമുഖ ചരിത്രകാരി റോമിലാഥാപ്പര്‍ ചോദിച്ചു: “"ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും എന്താണ് മൌനം പാലിക്കുന്നത്? ഇവരുടെ മൌനം എന്നെ പേടിപ്പെടുത്തുന്നു''. എഴുത്തുകാരേ നിങ്ങള്‍ മതഫാസിസത്തിന്റെയും കോര്‍പറേറ്റ് സാമ്രാജ്യത്വത്തിന്റെയും മതവംശീയ ഭീകരവാദ യുദ്ധങ്ങളുടെയും ചേരിയിലാണോ അതോ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സ്ഥിതിസമത്വ ചിന്തകളുടെയും കൂടെയാണോ എന്ന പ്രശ്നമാണ് റോമിലാഥാപ്പര്‍ ഉന്നയിക്കുന്നത്. ഈ അടിസ്ഥാനപ്രശ്നത്തിന് ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും മറുപടി കണ്ടെത്തേണ്ടതുണ്ട്.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ 80–ാം വര്‍ഷത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ത്തില്‍ അത് രൂപംകൊണ്ട ലോക സാഹചര്യത്തേക്കാള്‍ ഭീതിദമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ. മതപരമായ പ്രതിലോമപ്രവണതകളായ ഗോപൂജ, ഗോമാംസ ഭക്ഷണത്തിനെതിരെയുള്ള അതിക്രമങ്ങള്‍, ജാതി– മത പീഡനങ്ങള്‍, വഹാബി ഭീകരവാദം, ആക്രമണോത്സുകമായ ‘ഭക്തിരാഷ്ട്രീയം, മതരാഷ്ട്രവാദം, കര്‍ഷകഗ്രാമങ്ങളുടെ തകര്‍ച്ചയില്‍നിന്നുണ്ടാകുന്ന വിശപ്പും ദാരിദ്യ്രവും, ജനാധിപത്യമൂല്യങ്ങളെ കടപുഴക്കി എടുത്തെറിയുന്ന സ്വേച്ഛാധിപത്യപ്രവണതകള്‍, മനുഷ്യാവകാശധ്വംസനങ്ങള്‍, അഭിപ്രായസ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തുന്ന കോര്‍പറേറ്റ് മൂലധനവികസനം, ആഭ്യന്തരവും ബാഹ്യവുമായ യുദ്ധോത്സുകത തുടങ്ങിയവയാണ് ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങള്‍. കീഴാള തൊഴില്‍വര്‍ഗങ്ങളായ ദളിത്– മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണങ്ങളും നമ്മളെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ദൌത്യം പൂര്‍വാധികം ശക്തിയോടെ തുടരേണ്ടതുണ്ട് എന്നാണ്.
എഴുത്തുകാരന്റെയും എഴുത്തിന്റെയും സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കണമെന്ന് 1936ല്‍ത്തന്നെ പുരോഗമന സാഹിത്യ പ്രസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ളാദേശ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലും നവകോളനി വിരുദ്ധ സമരങ്ങള്‍ നടക്കുന്നുണ്ട്. അവിടൊക്കെ എഴുത്തുകാര്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഇന്ത്യയിലെ മതേതരവാദികളായ മൂന്നുപേര്‍ അടുത്തടുത്ത് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. ഡോ. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഡോ. കലബുര്‍ഗിയും വര്‍ഗീയവാദികളുടെയും വെടിയേറ്റ് ഒരേരീതിയില്‍ ദാരുണമായി വധിക്കപ്പെട്ടു. എഴുത്തിനെയും എഴുത്തുകാരെയും മതമൌലികവാദികള്‍, മതദ്രോഹവും ദൈവദ്രോഹവും രാജ്യദ്രോഹവും ചുമത്തി അതിക്രൂരമായി നേരിടുന്ന ഒരവസ്ഥയാണ്. എഴുത്തിലൂടെ കടന്നുവരുന്ന കഥാപാത്രങ്ങളിലും ആവിഷ്കരണങ്ങളിലും മതസ്വത്വബോധങ്ങള്‍ ആരോപിച്ച് വിചാരണചെയ്യപ്പെടുന്ന സംഭവങ്ങള്‍  ആവര്‍ത്തിക്കുന്നു. പെരുമാള്‍ മുരുകന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് ആവിഷ്കാരസ്വാതന്ത്യ്രത്തിനുവേണ്ടി നീതിന്യായകോടതി ശക്തമായി ഇടപെട്ടതുകൊണ്ടുമാത്രമാണ്. 1936 നെക്കാള്‍ ‘ഭീതിദമാണ് ഇന്നത്തെ സാംസ്കാരികപശ്ചാത്തലം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് ദേശീയഭാഷകളുടെ വികസനത്തിലൂടെയാണെന്നുള്ള തിരിച്ചറിവ് പ്രധാനമാണ്. അവയ്ക്കു സംഭവിക്കുന്ന മുരടിപ്പും നാശവും ഏറെ ഉത്കണ്ഠയോടെവേണം കാണാന്‍. മാതൃഭാഷയുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങളായി തിരിച്ചറിയണം.
നവമാധ്യമങ്ങള്‍ ആശയപ്രചാരണരംഗത്ത് വരുത്തിയ വിപ്ളവകരമായ മാറ്റം ജനാധിപത്യത്തെ എന്നപോലെ ഫാസിസ്റ്റ് പ്രവണതകളെയും സഹായിക്കുന്നുണ്ട്. ജനങ്ങളെ പ്രബുദ്ധരാക്കുന്നതുപോലെതന്നെ പ്രതിലോമവല്‍ക്കരിക്കാനും അവയെ ഉപയോഗിക്കുന്നു. ഗീബല്‍സുമാര്‍ അടിക്കടി നവമാധ്യമങ്ങളിലൂടെ ജന്മംകൊള്ളുകയാണ്. ആശയപ്രചാരണരംഗം മുന്‍കാലങ്ങളെക്കാള്‍ പ്രാധാന്യമേറിയതാണെന്നുകാണണം. ടെലിവിഷന്‍ സീരിയലുകള്‍ ഓരോ കുടുംബത്തെയും ഫാസിസ്റ്റ് പ്രവണതകളുടെ സ്വീകര്‍ത്താക്കളായി മാറ്റുന്ന രീതിയിലാണ് സംവിധാനംചെയ്തിരിക്കുന്നതെന്നും തിരിച്ചറിയണം. വന്‍കിട കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലും ആധിപത്യത്തിലുമാണ് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ ലോകങ്ങള്‍. അവയോട് പോരടിച്ചുകൊണ്ടുവേണം പുരോഗമന ജനകീയബോധം നിര്‍മിച്ചെടുക്കേണ്ടതെന്ന കാര്യം പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കിത്തീര്‍ക്കുന്നു. 
ഇതുതന്നെയാണ് ഇന്ത്യന്‍ സിനിമാരംഗത്തിന്റെയും പ്രശ്നങ്ങള്‍. സിനിമയെ ജീവിതഗന്ധിയാക്കി മാറ്റിയതും ലോകസിനിമയുടെ പദവിയിലേക്ക് ഉയര്‍ത്തിയതും പുരോഗമനവീക്ഷണമുള്ള കലാകാരന്മാരാണ്. എന്നാല്‍, കോര്‍പറേറ്റ് മൂലധനത്തിന്റെയും ആഗോളവിപണിയുടെയും വരവോടെ സിനിമ അവരുടെ വിനോദോല്‍പ്പന്നമായി മാറിയിരിക്കുന്നു. ഇന്ന് സിനിമയ്ക്ക് സാമൂഹ്യലക്ഷ്യങ്ങള്‍ നഷ്ടപ്പെടുന്നു. ജീവിതഗന്ധികളായ ചിത്രങ്ങള്‍ നിര്‍മിക്കുന്ന കലാകാരന്മാര്‍ തിരസ്കരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നു. വിപണിയില്‍ വിറ്റുപോകുന്നതെന്തും മഹത്വമുള്ളതായിത്തീര്‍ന്നിരിക്കുന്നു. സാഹിത്യത്തെയും ഈ പ്രവണത പിടികൂടിയിട്ടുണ്ട്. എഴുത്തിനെക്കാള്‍ എഴുത്തുകാരന്റെ താരവല്‍ക്കരണമാണ് നടക്കുന്നത്. ബെസ്റ്റ് സെല്ലറിനാണ് സാഹിത്യത്തില്‍ സ്ഥാനം ലഭിക്കുക. അതിന്റെ സാമൂഹികപ്രയോജനമോ ചരിത്രപരതയോ ചര്‍ച്ചാവിഷയമാകുന്നില്ല. ഉപരിപ്ളവത എല്ലാരംഗത്തേക്കും പടര്‍ന്നുപന്തലിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള പോരാട്ടംകൂടി പുരോഗമന സാഹിത്യപ്രസ്ഥാനം ഏറ്റെടുക്കേണ്ടതുണ്ട്.

മഹാകവി രവീന്ദ്രനാഥ ടാഗോറും സരോജിനി നായിഡുവും പുരോഗമന സാഹിത്യപ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചത് മനുഷ്യത്വം എന്ന മഹാമന്ത്രം ഈ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്. “മനുഷ്യനെ സംബന്ധിക്കുന്ന ഒന്നും എനിക്കന്യമല്ല” എന്ന മാര്‍ക്സിന്റെ വാക്യമാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അടിത്തറ. അതുകൊണ്ടാണ് “മനുഷ്യാണാം മനുഷ്യത്വം ജാതി” എന്ന ശ്രീനാരായണഗുരുവിന്റെ ജാതിനിരപേക്ഷ ദര്‍ശനവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. ചട്ടമ്പിസ്വാമികള്‍  ഉയര്‍ത്തിപ്പിടിച്ച വേദാധികാര പുരോഹിതമേല്‍ക്കോയ്മാവിമര്‍ശനവും ജാതിനിരപേക്ഷതയും ശ്രീനാരായണഗുരു മാര്‍ഗദര്‍ശനം നല്‍കിയ നമുക്ക് ജാതിയില്ല എന്ന ജാതിനിരാസന സാമൂഹ്യപരിഷ്കരണവും മഹാനായ അയ്യന്‍കാളിയുടെ ജാതിവിരുദ്ധവും തൊഴില്‍വര്‍ഗ ശാക്തീകരണപ്രധാനവുമായ കീഴാളവര്‍ഗപ്രവര്‍ത്തനങ്ങളും ശ്രീ വൈകുണ്ഠസ്വാമികളുടെ സര്‍വമനുഷ്യ സമത്വവാദവും മക്തിതങ്ങള്‍, വക്കം മൌലവി എന്നിവരുടെ മാനവികപ്രവര്‍ത്തനങ്ങളും, പൊയ്കയില്‍ അപ്പച്ചന്റെ ആത്മീയ മാനവികതയും നവകേരള സൃഷ്ടിയുടെ നാന്ദിയായി പുരോഗമന സാഹിത്യ പ്രസ്ഥാനം തിരിച്ചറിയുകയാണ്. തുടര്‍ന്നുണ്ടായ കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണവും ഇടതുപക്ഷവല്‍ക്കരണവും ഈ അടിത്തറയിലാണ് ഉയര്‍ന്നുവന്നത്. മനുഷ്യത്വവും ഇടതുപക്ഷഭാവുകത്വവും സംരക്ഷിക്കാന്‍ ഈ പാരമ്പര്യത്തെ തുടര്‍ന്നും നിലനിര്‍ത്തുക എന്നത് നമ്മുടെ കടമയാണ്
 പ്രൊഫ. വി എന്‍ മുരളി 
(പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Friday, 14 October 2016

കോണ്‍ഗ്രസിന്റെ കാവിക്കൂറ്

    ആര്‍എസ്എസിനെയും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിയെയും വെള്ളപൂശുക മാത്രമല്ല അവരുമായി സഖ്യംകൂടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ നോക്കുകയെന്ന യജ്ഞത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. അതിന്റെ ഒടുവിലത്തെ പരസ്യ ഉദാഹരണമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ കണ്ടത്. ജില്ലാ ആസൂത്രണസമിതിയിലേക്ക് മൂന്ന് പ്രതിനിധികളെ തെരഞ്ഞെടുത്ത് അയക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. 100 അംഗ കൌണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള എല്‍ഡിഎഫാണ് ഇവിടെ ഭരിക്കുന്നത്. എന്നാല്‍, 35 കൌണ്‍സിലര്‍മാരുള്ള ബിജെപിയുമായി യുഡിഎഫ് സഖ്യംകൂടി ജില്ലാ ആസൂത്രണസമിതിയിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ പ്രതിനിധികള്‍ ജയിച്ചു. വനിതാസംവരണ സീറ്റില്‍ എല്‍ഡിഎഫിന്റെ അഡ്വ. ജയലക്ഷ്മിയും ജയിച്ചു. മത്സരിച്ച രണ്ട് സിപിഐ എം പ്രതിനിധികളെയും യുഡിഎഫും ബിജെപിയും കൈകോര്‍ത്ത് തോല്‍പ്പിച്ചു.  
   തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി 35 കൌണ്‍സിലര്‍മാരെ നേടിയത് കോണ്‍ഗ്രസിന്റെ സഹായംകൊണ്ടായിരുന്നുവെന്നത് പൊതുവില്‍ അംഗീകരിച്ച വസ്തുതയാണ്. നിയമസഭാതെരഞ്ഞെടുപ്പിലാകട്ടെ കോര്‍പറേഷന്‍ പരിധിയില്‍ നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യം കൂടുകയും ചെയ്തു. നേമത്ത് ബിജെപിക്കും തിരുവനന്തപുരത്ത് കോണ്‍ഗ്രസിനും പരസ്പരം വോട്ട് മറിച്ചു. പിന്നീട് കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് വിറ്റു. ഈ വോട്ടുകച്ചവടത്തിന്റെ തുടര്‍ച്ചയാണ് ജില്ലാ ആസൂത്രണസമിതി തെരഞ്ഞെടുപ്പില്‍ കണ്ടത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആദര്‍ശം പ്രസംഗിക്കുന്ന വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ദിരാഭവന്റെ മൂക്കിനുതാഴെയാണ് ബിജെപി–കോണ്‍ഗ്രസ് അവിശുദ്ധകൂട്ടുകെട്ട് അരങ്ങുതകര്‍ത്തത്. യുഡിഎഫ് ഘടക കക്ഷിയായ മുസ്ളിംലീഗിലെ രണ്ട് കൌണ്‍സിലര്‍മാരില്‍ ഒരാള്‍ ഇതിനോട് വിയോജിപ്പ്  പ്രകടിപ്പിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നെങ്കിലും ഒരാള്‍ അവിശുദ്ധ കൂട്ടുകെട്ടില്‍ പങ്കാളിയായി. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിനെ തള്ളിപ്പറയാനോ ലീഗ് കൌണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കാനോ  ലീഗ് സംസ്ഥാനനേതൃത്വം തയ്യാറായിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയാല്‍ നേടിയ ജില്ലാ ആസൂത്രണസമിതി അംഗത്വം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കാനോ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കാനോ കെപിസിസി നേതൃത്വം തയ്യാറാകാത്തതും അര്‍ഥഗര്‍ഭം.
    ആര്‍എസ്എസും ബിജെപിയും അവരുടെ കേന്ദ്രഭരണവും രാജ്യത്തിനുമേല്‍ വലിയതോതില്‍ വിപത്തുകള്‍ വിതയ്ക്കുന്നതിനുമധ്യേയാണ് കേരളത്തിലെ അവിശുദ്ധ ചങ്ങാത്തം. ബിജെപി വെറുമൊരു വലതുപക്ഷ പാര്‍ടിയല്ല. അതൊരു പിന്തിരിപ്പന്‍ വര്‍ഗീയപരിപാടിയുള്ള കക്ഷിയാണ്. സാധാരണയുള്ള വലതുപക്ഷ യാഥാസ്ഥിതിക പാര്‍ടികളില്‍നിന്ന് വ്യത്യസ്തവും. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് മാര്‍ഗനിര്‍ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്തിരുന്ന കക്ഷി എന്ന നിലയില്‍ ബിജെപിയുമായുള്ള ഏതൊരു ബന്ധവും കരുതലോടെ സ്വീകരിക്കേണ്ട സന്ദര്‍ഭമാണിത്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍നിന്ന് മുതലെടുപ്പ് നടത്തി അധികാരത്തിലെത്തിയ കക്ഷിയാണത്. പരമ്പരാഗതമാര്‍ഗത്തിലൂടെ സമൂഹത്തെ ഭരിക്കാന്‍ ഭരണവര്‍ഗത്തിന് സാധിക്കാതെവരുന്ന സ്ഥിതിയില്‍ ആ സ്ഥാനം ഏറ്റെടുക്കുന്ന വലതുപക്ഷ പാര്‍ടികളെ പല രാജ്യങ്ങളിലും കാണാന്‍ കഴിയും. ആഭ്യന്തരരാഷ്ട്രീയത്തില്‍ വിജയമാര്‍ഗമായി ബിജെപി കാണുന്നത് രണ്ട് ആഭ്യന്തരശത്രുക്കളെയാണ്. ഒന്ന് മുസ്ളിം ന്യൂനപക്ഷം. മറ്റൊന്ന് കമ്യൂണിസ്റ്റുകാര്‍.
  ഉദാരവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തെയും പുണര്‍ന്നുകൊണ്ടുള്ള സാമ്പത്തികനയമാണ് ബിജെപിയുടേത്. അതുകൊണ്ടാണ് രണ്ടുവര്‍ഷം പിന്നിടുന്ന മോഡി സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന സാമ്പത്തികനയം ആ സര്‍ക്കാരുകളെക്കാള്‍ തീവ്രമായി നടപ്പാക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ഇണക്കത്തിലാണ്. അതുപോലെ അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള വിധേയത്വത്തിലും കോണ്‍ഗ്രസ് ഭരണത്തെ കടത്തിവെട്ടും. അമേരിക്കന്‍ ആശ്രിതത്വത്തിലേക്ക് ഇന്ത്യന്‍ ഭരണത്തെ കൂടുതല്‍ എത്തിക്കുകയാണ് മോഡി സര്‍ക്കാര്‍. ഇപ്രകാരം പിന്തിരിപ്പന്‍–വന്‍കിട–ബൂര്‍ഷ്വാ–ഭൂപ്രഭു വിഭാഗത്തെ പ്രതിനിധാനംചെയ്യുന്നതും സാമ്രാജ്യത്വവിധേയത്വം പുലര്‍ത്തുന്നതുമായ വലതുപക്ഷ വര്‍ഗീയപാര്‍ടിയാണ് ബിജെപി.
   സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മുതലാളിത്തം പുനഃസ്ഥാപിച്ചതും അന്താരാഷ്ട്ര ശാക്തികബന്ധങ്ങളില്‍ മൌലികമായ മാറ്റം വരുത്തി. ഇതുകാരണം മൂന്നാംലോകരാജ്യങ്ങളില്‍ മതമൌലികതാവാദം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തെക്കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയം വേരോടിക്കാന്‍ ബിജെപിയും ആര്‍എസ്എസും പരിശ്രമിക്കുന്നത്. ഇതെല്ലാം വിസ്മരിച്ചാണ് തിരുവനന്തപുരത്തടക്കം ബിജെപി–ആര്‍എസ്എസ് ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടിയത്.
      കശ്മീരിലുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദേശീയ ഐക്യത്തിനുമേല്‍ ഗുരുതരഭീഷണി ഉയരുന്ന കാലഘട്ടമാണ് ഇത്. എന്നാല്‍, ഇതിനെ ഹൈന്ദവവര്‍ഗീയശക്തികളെ അണിനിരത്തുന്നതിനുവേണ്ടിയുള്ള ഉപാധിയായി ബിജെപി ഭരണം ഉപയോഗിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസും മുസ്ളിംലീഗും അടങ്ങുന്ന യുഡിഎഫ്, ബിജെപിയുമായി സഖ്യംകൂടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുകച്ചവടത്തിലേര്‍പ്പെട്ടത്.
    കൊലപാതകരാഷ്ട്രീയം പ്രവര്‍ത്തനപരിപാടിയായി സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയും. അതുകൊണ്ടാണ് തിരുവോണം, നവരാത്രി തുടങ്ങിയ ആഘോഷവേളകളൊന്നും അവരുടെ നീചമായ ആക്രമണത്തിന് തടസ്സമാകാത്തത്. കാക്കിനിക്കറില്‍നിന്ന് തവിട്ടുപാന്റ്സിലേക്ക് ആര്‍എസ്എസ് വേഷംമാറിയെങ്കിലും തലകൊയ്യല്‍ രാഷ്ട്രീയം മാറിയിട്ടില്ല. അതാണ് പിണറായിയില്‍ കണ്ടത്. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം കെ മോഹനനെ ഉന്നതതലനേതാക്കളുടെ ഗൂഢാലോചനയെത്തുടര്‍ന്ന് കാവിസംഘം നവരാത്രി നാളില്‍ അരുംകൊല ചെയ്തതിന് ഒരു ന്യായവുമില്ല. ഈ കൊലനടത്തുന്ന വേളയില്‍ത്തന്നെ മാര്‍ക്സിസ്റ്റ്ആക്രമണം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കി കാവിസംഘക്കാര്‍ ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുമുന്നില്‍ അക്രമാസക്തമായ പ്രകടനം നടത്തി.  ഈ മുദ്രാവാക്യത്തിന്റെ കപടത രാജ്യത്തെ ബോധ്യപ്പെടുത്തുന്നതായി മോഹനന്റെ രക്തസാക്ഷിത്വം. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയസമ്മേളനത്തില്‍ മാര്‍ക്സിസ്റ്റ് ആക്രമണമുറവിളികൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ മുറവിളികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാവിപ്പട കൊലപാതകരാഷ്ട്രീയം തുടരുന്നത്. കാവിസംഘത്തിന്റെ കൊലപാതകരാഷ്ട്രീയത്തിന് തണലേകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് വിരാമംകുറിക്കാനും സമാധാനപാതയിലേക്ക് സംഘപരിവാറിനെ എത്തിക്കാനും അവരുടെ നരമേധരാഷ്ട്രീയം അവസാനിപ്പിക്കാനും പ്രധാനമന്ത്രി മുന്‍കൈ എടുക്കുമോ എന്ന് നാട് ഉറ്റുനോക്കുകയാണ്. അമ്പത്തഞ്ചുകാരനായ മോഹനനെ അദ്ദേഹം ജോലിചെയ്തിരുന്ന കള്ളുഷാപ്പില്‍ കയറിയാണ്  വെട്ടിനുറുക്കിയത്. ആഴത്തിലുള്ള നാല്‍പ്പത് മുറിവ് മോഹനന്റെ ശരീരത്തിലേല്‍പ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ സിപിഐ എമ്മിന്റെ മൂന്ന് ഉശിരന്‍ സഖാക്കളെയാണ് കാവിസംഘം കണ്ണൂര്‍ ജില്ലയില്‍ മാത്രം കശാപ്പുചെയ്തത്. ആറുപേര്‍ വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ പാര്‍ടി പ്രവര്‍ത്തകനാണ് മോഹനന്‍. വോട്ടെണ്ണല്‍ദിവസം വിജയാഹ്ളാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകനായ രവീന്ദ്രനെ  കൊലപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അഞ്ച് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. മുന്നൂറിലേറെ പ്രവര്‍ത്തകരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. എണ്‍പതിലധികം വീടുകള്‍ തകര്‍ത്തു. 35 പാര്‍ടി ഓഫീസുകള്‍ ആക്രമിച്ചു.
      ഇത്തരം നീചമായ ആക്രമണങ്ങള്‍ നിരന്തരം കേരളത്തില്‍ നടത്തുന്ന ആര്‍എസ്എസും ബിജെപിയും ഡല്‍ഹിയില്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേര്‍ക്ക് നിരന്തരം പ്രതിഷേധപ്രകടനം നടത്തുകയും പാര്‍ടിയുടെ ദേശീയനേതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്യുന്നത് ബിജെപി–ആര്‍എസ്എസ് ദേശീയനേതാക്കളുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയാണ്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തിനുമേല്‍ വിലങ്ങിടാനുള്ള ഗൂഢശ്രമമാണിത്. ജനാധിപത്യശക്തികള്‍ ഒന്നാകെ ഈ നീക്കത്തില്‍ പ്രതിഷേധിക്കണം. കാവിസംഘത്തിന്റെ കൊലപാതകരാഷ്ട്രീയത്തിന് വിരാമമിടാനുള്ള ബഹുജനസമ്മര്‍ദം കൂട്ടായി ഉയരണം. സമാധാനജീവിതം ഉറപ്പുവരുത്താന്‍ എല്ലാവിധ പരിശ്രമങ്ങളോടും സിപിഐ എമ്മും എല്‍ഡിഎഫും യോജിക്കും. സമാധാനത്തിനാണ് സിപിഐ എം എപ്പോഴും മുന്‍തൂക്കം നല്‍കുന്നത്. ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്ന അക്രമരാഷ്ട്രീയത്തെ കാണാതെ സിപിഐ എമ്മും ആര്‍എസ്എസും ഒരുപോലെയാണെന്ന പ്രചാരണം വി എം സുധീരനും രമേശ് ചെന്നിത്തലയുമെല്ലാം നടത്തുന്നുണ്ട്. ഇത് ആശയതലത്തില്‍ സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനുള്ള അടവാണ്. ഈ അടവിന്റെ രാഷ്ട്രീയതലത്തിലെ വളര്‍ച്ചയാണ് തിരുവനന്തപുരത്ത് ജില്ലാ ആസൂത്രണബോര്‍ഡ് തെരഞ്ഞെടുപ്പില്‍കണ്ട ബിജെപി–യുഡിഎഫ് ഐക്യം
                    കോടിയേരി ബാലകൃഷ്ണന്‍


Sunday, 9 October 2016

ദൈവസംവാദവും മാനവികതയും

മതവും ദൈവവിശ്വാസവുമാണ് നമ്മുടെ ഏറ്റവും പ്രാചീനമായ പ്രമാണം. ബഹുഭൂരിപക്ഷംപേരും ഏതെങ്കിലും മതത്തിലും ഏതെങ്കിലും ദൈവത്തിലും വിശ്വസിക്കുന്നു. എന്നാല്‍, ഇത്തരം ഗാഢമായ വിശ്വാസത്തിന്റെ അടിത്തറ ചോദ്യംചെയ്യുന്നതിനോ അടിസ്ഥാനസങ്കല്‍പ്പങ്ങളെ കണ്ടെത്താനോ അല്ലെങ്കില്‍ ഏതെങ്കിലും നിലയിലുള്ള അപഗ്രഥനത്തിലൂടെ ദൈവത്തിന്റെ പ്രസക്തി നമ്മെ ബോധ്യപ്പെടുത്തുന്നതിനോ ശാസ്ത്രീയമായ ശ്രമം അധികമില്ല.
ഇവിടെയാണ് എ സി ഗ്രെലിങ് രചിച്ച 'ദൈവസംവാദം മതത്തിനെതിരെയും മാനവികതയ്ക്കുവേണ്ടിയും ഒരു നിലപാട്' (A C Grayling: The God Argument– The Case Against Religion and for Humanism , Bloomsbury) എന്ന പുസ്തകത്തിന്റെ പ്രസക്തി. ഗ്രെലിങ് സമകാലീന തത്വചിന്തകനാണ്. 2011 വരെ അദ്ദേഹം ലണ്ടന്‍ സര്‍വകലാശാലയിലെ ഫിലോസഫി പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനുശേഷം മാനവികവിഷയങ്ങളുടെ പഠനങ്ങള്‍ക്കായി ഒരു സ്വതന്ത്ര കോളേജ് സ്ഥാപിച്ച് അതില്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക തത്വചിന്തകന്റെ മാനിഫെസ്റ്റോ എന്തായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ലഹരിമരുന്നുകളുടെ നിയമസാധുത, ദയാവധം, മനുഷ്യാവകാശം, മതനിരപേക്ഷത, നീതിശാസ്ത്രം, സദാചാരം എന്നിങ്ങനെ നമുക്കുചുറ്റും ചര്‍ച്ചചെയ്യപ്പെടുന്ന എന്തും ജനങ്ങളുമായി സംവദിക്കാനായി അദ്ദേഹം മുന്നോട്ടുവരുന്നു. അതിനാലാണ് അദ്ദേഹം രചിച്ച ഈ പുതിയ പുസ്തകം പെട്ടെന്നുതന്നെ വ്യാപകമായ ശ്രദ്ധനേടിയത്.
ദൈവം എന്ന സങ്കല്‍പ്പംതന്നെ ഒരു ചര്‍ച്ചയ്ക്ക് വഴങ്ങുന്നതാണെന്ന് ഗ്രെലിങ് കണ്ടെത്തുന്നു. 'ഒരു ഭൂചലനം വളരെപ്പേരെ കൊല്ലുന്നു എന്നുകരുതുക. ഈ കെടുതി അതിജീവിച്ചവരും അതില്‍ മരിച്ചവരും ഒപ്പംനിന്ന് ദീര്‍ഘകാലത്തെ ശ്രദ്ധയും പ്രയത്നവും മുതല്‍മുടക്കി സൃഷ്ടിച്ചതെല്ലാം നശിച്ചുപോയതിനുശേഷവും നാം കാണുന്നത് ജനങ്ങള്‍ ആരാധനാലയങ്ങളില്‍ പോയി ഉപകാരസ്മരണ ചൊല്ലുകയും മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതാണ്. അതില്‍ വൈരുധ്യമോ വിരോധാഭാസമോ ആയി ഒന്നും ഇല്ല എന്ന മട്ടില്‍.' ഇത്തരം അവസ്ഥകളാണ് ദൈവസങ്കല്‍പ്പത്തെ ചോദ്യംചെയ്യപ്പെടേണ്ടതുണ്ട് എന്ന നിലയിലേക്ക് ഗ്രെലിങ്ങിനെ കൊണ്ടെത്തിക്കുന്നത്.
രണ്ടുഭാഗങ്ങളായാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ആദ്യഭാഗം മതത്തിനെതിരായുള്ള വാദങ്ങളാണ്. മതവും ദൈവവും മനുഷ്യരാശിക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരുടെ വാദങ്ങള്‍ കണ്ടെത്തി അതിന് മറുവാദങ്ങള്‍ നിരത്തുകയാണ് പതിനൊന്ന് അധ്യായങ്ങളിലൂടെ അദ്ദേഹം ചെയ്യുന്നത്. രണ്ടാംഭാഗത്തിനും പതിനൊന്ന് അധ്യായങ്ങളാണ്. 'മാനവികതയ്ക്കുവേണ്ടി' എന്നാണ് ഈ ഭാഗത്തിന്റെ പേര്. മതവിശ്വാസങ്ങള്‍ വേരറ്റുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന ശൂന്യതയില്‍ കൂടുതല്‍ ചേതനയുള്ള മറ്റൊരു സങ്കല്‍പ്പം ആകാം. മതത്തിനുപകരം മാനവികത എന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
മനുഷ്യന് മനസ്സിലാകാത്ത നിരവധി സംഭവങ്ങള്‍ പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചുള്ള കഥകളും മിത്തുകളും കുറെ അതിഭാവുകത്വം നിറഞ്ഞതാകുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെതന്നെയാണ് നമ്മുടെ ആദ്യകാല ശാസ്ത്രവും സാങ്കേതികജ്ഞാനവും. മതങ്ങള്‍ ഉണ്ടായതും ഇത്തരത്തിലുള്ള കഥകളില്‍നിന്നും ആശയങ്ങളില്‍നിന്നുമാണ് എന്നതിലും തര്‍ക്കിക്കാനാകില്ല. ഇതില്‍നിന്ന് വിവിധതരത്തിലുള്ള ദൈവസങ്കല്‍പ്പങ്ങളും മെല്ലെ ഉടലെടുത്തു. എന്നാല്‍, ആധുനികകാലത്ത് ഇത്തരം ദൈവസങ്കല്‍പ്പങ്ങള്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വിശകലനങ്ങളെ അതിജീവിക്കാനാകില്ല. ഡേവിഡ്  ഹ്യൂം 18–ാം നൂറ്റാണ്ടില്‍ത്തന്നെ മനുഷ്യമനസ്സിനും ധിഷണയ്ക്കും നിരക്കാത്ത ദൈവത്തെ നിരാകരിച്ചിരുന്നു. ഓഖാമിന്റെ വാള്‍ (Okham's Razor) എന്ന തത്വം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഹ്യൂം കരുതുന്നു. ഏത് പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കുമ്പോഴും ഏറ്റവും കുറച്ച് സങ്കല്‍പ്പങ്ങളേ ഉപയോഗിക്കാവൂ എന്ന് ഓഖാം നിഷ്കര്‍ഷിക്കുന്നു. പില്‍ക്കാലത്ത് ബര്‍ട്രണ്ട് റസ്സല്‍ തന്റെ ന്യായവാദത്തിലൂടെ ശാസ്ത്രത്തിന്റെ വഴികള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുതരുന്നു. ഇതും ദൈവസിദ്ധാന്തങ്ങളില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവമുണ്ട് എന്നും പറയാനാകില്ല. ഇതുപോലെ ദൈവത്തിനനുകൂലമായി പാസ്കലിന്റെ വാദങ്ങളെയും ഗ്രെലിങ് തെറ്റാണെന്ന് സമര്‍ഥിക്കുന്നുണ്ട്. കാള്‍ സാഗന്റെ വാഹനപ്പുരയിലെ വ്യാളി (Dragon In The Garage)യും പല ദൈവവാദങ്ങളെയും ഖണ്ഡിക്കുന്നു.
മതത്തിന്റെയും ദൈവത്തിന്റെയും ആധിപത്യത്തില്‍നിന്ന് നാം രക്ഷപ്പെട്ടുകഴിഞ്ഞാല്‍ മാനവികതയാണ് ഏറ്റവും യുക്തിഭദ്രമായ വിശ്വാസരീതി. മാനവികത എന്ന ചിന്താധാരയുടെ വിവിധ വശങ്ങളാണ് പുസ്തകത്തിന്റെ രണ്ടാംഭാഗം ചര്‍ച്ചചെയ്യുന്നത്. തുടക്കത്തില്‍ത്തന്നെ സദാചാരബോധം, നൈതികത എന്നിവയുടെ വ്യത്യാസം ചര്‍ച്ചചെയ്യപ്പെടുന്നു. മാനവികതയുടെ അടിസ്ഥാനം നൈതികതതന്നെയാണ്. ഉദാഹരണത്തിന് ഒരു സദാചാരവാദിക്ക് വിവാഹമോചനം തെറ്റാണെന്ന പൊതുധാരണയുണ്ടാകും. എന്നാല്‍, സ്വതന്ത്രസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി തന്റെ നൈതികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ അസന്തുഷ്ടമായ വിവാഹബന്ധം തുടരാത്തതാണ് ശരി എന്ന നിലപാടിലെത്തും. നൈതികത ഏതുതരം സംവാദത്തിനും മാറിവരുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കും വഴങ്ങുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ഗ്രെലിങ് തന്റെ മാനവികത വികസിപ്പിക്കുന്നത്. അതായത്, നാം ജീവിക്കുമ്പോള്‍ത്തന്നെ ബൌദ്ധികവും ചിന്തോദ്ദീപകവുമായ തലങ്ങള്‍ നമുക്കുചുറ്റും ഉണ്ടായിരിക്കണം. ഈ സാഹചര്യങ്ങളോട് നാം അനുകൂലമായി പ്രതികരിക്കുകയും ജീവിതത്തിലെ നിലവാരം, സത്യസന്ധത, ലക്ഷ്യങ്ങള്‍ എന്നിവ നേടുന്നതിനായുള്ള സാധ്യതകള്‍ തുടര്‍ച്ചയായി കൈവരിക്കാന്‍ ശ്രമിക്കുകയും വേണം. അതോടൊപ്പം മറ്റുള്ളവര്‍ക്കും ഇതേ സാധ്യതകള്‍ ഉണ്ടാകണമെന്ന് നാം ഉറപ്പാക്കുകയും വേണം.
ഒരു ദാര്‍ശനികന്‍ എന്ന നിലയില്‍ മാനവികതയെ കാണുമ്പോള്‍ ഗ്രെലിങ് ആധുനികസമൂഹത്തിന്റെ പല കാഴ്ചപ്പാടുകളെയും നിശിതമായി വിമര്‍ശിക്കുന്നു. ഫിലോസഫിപോലും കലാശാലകളിലെ ചാരുകസേരശാസ്ത്രമായപ്പോള്‍, ജീവിതത്തിലെ പല സന്ദിഗ്ധാവസ്ഥകളുടെയും ചര്‍ച്ച ജനങ്ങള്‍ക്ക് അപ്രാപ്യമായി. വൈദ്യശാസ്ത്രം, പരിസ്ഥിതി, വിപണി, യുദ്ധം, സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അക്കാദമിക് ഫിലോസഫിക്കാര്‍ വിട്ടുനില്‍ക്കുന്നു. ഇത് മാനവികതയെ ബാധിക്കുന്ന പ്രശ്നമാണ്.
ഭ്രമാത്മകത, മിഥ്യാബോധം, അതിശയോക്തി ഇവയൊന്നുമില്ലാതെ മനുഷ്യനെ കാണുന്ന അവസ്ഥയാണ് മാനവികതയുടെ അടിസ്ഥാനം. അത് നമ്മുടെ ജീവിതവുമായി നേര്‍ബന്ധത്തിലാണ് – മരണാനന്തരജീവിതത്തിന്റെ താങ്ങ് അതിനാവശ്യമില്ല. ദൈവികമായ ഒരു കല്‍പ്പനയും ആവശ്യമില്ല. നമുക്ക് വേണ്ടത് ശുദ്ധമായ കാഴ്ചയും അനുകമ്പയും നീതിബോധവുംമാത്രം. അത്തരം ഒരിടത്തില്‍ ലഭ്യമായ ജീവിതംകൊണ്ട് അനന്തമായ സാധ്യതകള്‍ സൃഷ്ടിക്കാന്‍ നമുക്കെല്ലാം കഴിയും. ഇതാണ് ഗ്രെലിങ്ങിന്റെ ദര്‍ശനം.
'ദൈവസംവാദം' തുടര്‍ന്നും ചര്‍ച്ചചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല. മതത്തെയും മാനവികതയെയും ഒപ്പത്തിനൊപ്പം നിര്‍ത്തി പരിശോധിക്കുന്ന ഈ ഗ്രന്ഥം പുസ്തകപ്പുരയിലെ സ്വാഗതാര്‍ഹമായ സാന്നിധ്യമാണ്.
                                                                   ഡോ.യു.നന്ദകുമാര്‍,ദേശാഭിമാനി 

Tuesday, 4 October 2016

ഗോഡ്സെ ഹിന്ദുത്വസൃഷ്ടി


 ഗോഡ്സെ ഹിന്ദുത്വസൃഷ്ടി
Sunday Oct 2, 2016 
സാജന്‍ എവുജി
ഗാന്ധിജയന്തി സമുചിതമായി ആഘോഷിക്കുമ്പോള്‍ത്തന്നെ രാഷ്ട്രപിതാവ് സ്വതന്ത്രഇന്ത്യയില്‍ ദാരുണമായി വധിക്കപ്പെട്ടതിനെക്കുറിച്ച് ഗൌരവബോധത്തോടെ ചിന്തിക്കേണ്ടതുണ്ട്. കാരണം, ഗാന്ധിവധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ രാഷ്ട്രശരീരത്തില്‍ അവരുടെ ദംഷ്ട്രകള്‍ കുത്തിയിറക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രക്തമൊലിക്കുന്നു. വര്‍ഗീയവിദ്വേഷപ്രചാരണവും ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും നിത്യവും നടക്കുന്നു.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്നത്തെ വ്യവസായമന്ത്രിയും ജനസംഘം സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ ഇങ്ങനെ എഴുതി: "മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്എസ്, ഹിന്ദുമഹാസഭ എന്നീ സംഘടനകളുടെ പങ്കാളിത്തത്തെക്കുറിച്ച്, കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍  ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ, റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്, ഈ രണ്ടു സംഘടനകളുടെയും പ്രത്യേകിച്ച് ആദ്യത്തേതിന്റെ പ്രവര്‍ത്തനഫലമായാണ് ദാരുണമായ സംഭവം രാജ്യത്തുണ്ടാകാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതെന്നാണ്. ഹിന്ദുമഹാസഭയിലെ തീവ്രവിഭാഗം ഈ ഗൂഢാലോചനയില്‍ പങ്കാളിത്തംവഹിച്ചെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുന്നു'' (സര്‍ദാര്‍ പട്ടേലും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും തമ്മിലുള്ള കത്തിടപാടുകള്‍, വാല്യം 6, പേജ് 323, നവ്ജീവന്‍ 1973).

എന്നാല്‍, ചരിത്രം മറച്ചുപിടിക്കാന്‍ സംഘപരിവാര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മതനിരപേക്ഷതയുടെ ഉറച്ച വക്താവുമായ പ്രൊഫ. രാം പുനിയാനി 'ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്.

? ഒട്ടേറെ അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലും താങ്കള്‍ മഹാത്മാഗാന്ധിയുടെ വധത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ നിലപാട് വിശദീകരിക്കാമോ

= മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം, തങ്ങള്‍ക്ക് നാഥുറാം ഗോഡ്സെയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു ആര്‍എസ്എസിന്റെ ഔദ്യോഗിക നിലപാട്; ഗോഡ്സെ ആര്‍എസ്എസ് അംഗമല്ലെന്നും അവര്‍ വിശദീകരിച്ചു. ആര്‍എസ്എസ് അംഗങ്ങളെക്കുറിച്ച് ഔദ്യോഗിക രേഖയൊന്നും ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് ഇങ്ങനെ വാദിക്കാനും നിയമപരമായി ഗോഡ്്സെയെ തള്ളിപ്പറയാനും സാധിച്ചു. എന്നാല്‍, 1930ല്‍ തന്നെ ആര്‍എസ്എസില്‍ ചേര്‍ന്ന ഗോഡ്സെ ഉടന്‍തന്നെ ബൌദ്ധിക് പ്രചാരക് എന്ന പദവിയിലേക്ക് ഉയര്‍ന്നിരുന്നു. ആര്‍എസ്എസും ഹിന്ദുമഹാസഭയും പ്രചരിപ്പിച്ച ഹിന്ദുദേശീയവാദത്തെ ഗോഡ്സെ അതിശക്തമായി പിന്തുണച്ചുവന്നു.

ഹിന്ദുത്വപ്രത്യയശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഗോഡ്സെ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്റെയും മഹാത്മജി നയിച്ചിരുന്ന പ്രസ്ഥാനങ്ങളുടെയും കടുത്ത വിമര്‍ശകനായിരുന്നു. മഹാത്മാഗാന്ധി മുസ്ളിംപ്രീണനം കാട്ടിയെന്നും അതുകൊണ്ടാണ് പാകിസ്ഥാന്‍ രൂപീകരിക്കേണ്ടിവന്നതെന്നും ഗോഡ്സെ ആരോപിച്ചിരുന്നു. അക്കാലത്ത് ഹിന്ദുത്വവാദം ഉയര്‍ത്തിയിരുന്ന ഏകരാഷ്ട്രീയപാര്‍ടിയായിരുന്ന ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന ഗോഡ്സെ അതിന്റെ പുണെ ശാഖയുടെ സെക്രട്ടറിയുമായി. തുടര്‍ന്ന് ഗോഡ്സെ, 'അഗ്രണി' അഥവാ ഹിന്ദുരാഷ്ട്ര എന്ന പത്രം തുടങ്ങുകയും അതിന്റെ സ്ഥാപക പത്രാധിപരായി പ്രവര്‍ത്തിക്കുകയുംചെയ്തു. ജഗന്‍ ഫദ്നിസ് തന്റെ 'മഹാത്മ്യാചി അഖേര്‍' എന്ന പുസ്തകത്തില്‍, ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന കാരണങ്ങളാലല്ല ഗാന്ധിജി കൊല്ലപ്പെട്ടതെന്നും (വിഭജനവും പാകിസ്ഥാന് ട്രഷറിയില്‍നിന്ന് 55 കോടി കുടിശ്ശിക നല്‍കണമെന്ന് നിര്‍ബന്ധിച്ചതും), മറിച്ച് ഗാന്ധിജിയുടെ രാഷ്ട്രീയത്തോടുള്ള അടിസ്ഥാനപരവും ആഴത്തിലുള്ളതുമായ വിയോജിപ്പുകള്‍കൊണ്ടാണെന്നും വാദിക്കുന്നു. ഇന്ത്യന്‍ ദേശീയത, മതനിരപേക്ഷത എന്നിവയാണ് ഈ അടിസ്ഥാനവിഷയങ്ങള്‍.

ഗാന്ധിവധത്തില്‍ കൂട്ടുപ്രതിയായിരുന്ന, നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ (1998 ജനുവരി 25) ഈ കൃത്യത്തിനായി അവരെ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ചും നാഥുറാമിന്റെ ആര്‍എസ്എസ് അംഗത്വം സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. "അദ്ദേഹം (ഗാന്ധിജി) പിന്തുടര്‍ന്നുവന്ന പ്രീണനനയങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ അവ അടിച്ചേല്‍പ്പിച്ചതുമാണ് മുസ്ളിങ്ങളില്‍ വിഘടനവാദപ്രവണത പ്രോത്സാഹിപ്പിച്ചതും പാകിസ്ഥാന്‍ രൂപീകരണത്തിനു കാരണമായതും... സാങ്കേതികമായും ആശയപരമായും നാഥുറാം ആര്‍എസ്എസ് അംഗമായിരുന്നു, പക്ഷേ പിന്നീട് ഈ പ്രവര്‍ത്തനം നിര്‍ത്തി. താന്‍ ആര്‍എസ്എസ് വിട്ടിരുന്നുവെന്ന് നാഥുറാം കോടതിയില്‍ നല്‍കിയ മൊഴി ഗാന്ധിവധത്തെതുടര്‍ന്ന് ജയിലില്‍ പോകേണ്ടിയിരുന്ന ആര്‍എസ്എസുകാരെ രക്ഷിക്കാന്‍വേണ്ടിയായിരുന്നു. താന്‍ ആര്‍എസ്എസിനോട് അകല്‍ച്ച കാണിക്കുന്നത് സംഘടനയ്ക്ക് ഗുണകരമാകുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നാഥുറാം സന്തോഷപൂര്‍വം അത്തരത്തില്‍ പ്രവര്‍ത്തിച്ചത്''.

? മഹാത്മാഗാന്ധിയുടെ വധം, ബാബറി മസ്ദിജ് തകര്‍ക്കല്‍, ഇപ്പോള്‍ പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും– ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. അങ്ങനെയെങ്കില്‍ കാരണമെന്താണ്

= ഹിന്ദുദേശീയവാദത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രമായ ഹിന്ദുത്വയുമായി ഇവയ്ക്ക് വ്യക്തമായ ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിജി ഹിന്ദുക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുകയാണെന്ന് ആര്‍എസ്എസ് വൃന്ദം വിലയിരുത്തിയത്. ഇതേ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനാണ് ബാബ്റി മസ്ദിജ് തകര്‍ത്തത്. രാമക്ഷേത്ര വിഷയം ഹിന്ദുസമൂഹത്തിന്റെ വൈകാരിക വിഷയമായി 'സൃഷ്ടിക്കപ്പെട്ടു'. വര്‍ഗീയരാഷ്ട്രീയം എപ്പോഴും വൈകാരിക വിഷയങ്ങളെയാണ് ആശ്രയിക്കുന്നത്, സമൂഹത്തിന്റെ യഥാര്‍ഥ, ഭൌതിക വിഷയങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറികടക്കാനും മതസമൂഹത്തിന് ഏകതാനമായ നിറം നല്‍കാനും അവര്‍ ലക്ഷ്യംവയ്ക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ധ്രുവീകരണം അവര്‍ ലക്ഷ്യമിടുന്നു, അങ്ങനെ ബാബ്റി മസ്ദിജ് വിഷയം അവരെ സഹായിച്ചു. ഇപ്പോള്‍ രാമക്ഷേത്ര വിഷയത്തില്‍നിന്ന് കാര്യമായ നേട്ടം ലഭിക്കാത്ത സാഹചര്യത്തില്‍ അവര്‍ ബീഫ്–പശു വിഷയം കുത്തിവയ്ക്കുകയും മതപരമായ ധ്രുവീകരണം വളര്‍ത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്നു.

? "വേദകാലത്ത് തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ലെന്നും സമൂഹത്തില്‍ അയിത്തംപോലുള്ള ചിന്തകള്‍ കടന്നുവന്നത് മധ്യകാലത്തെ മുസ്ളിം അധിനിവേശത്തിന്റെ ഫലമായാണെന്നും'' ആര്‍എസ്എസ് അവകാശപ്പെടുന്നു. ഇതിന്റെ നിജസ്ഥിതി വിശദീകരിക്കാമോ

= ഹിന്ദുസമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും ബാഹ്യസ്വാധീനത്തിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കാനാണ് ഹിന്ദുത്വപ്രത്യയശാസ്ത്രം ശ്രമിക്കുന്നത്. ഇത് ബുദ്ധിപരമായ തന്ത്രമാണ്. ജാതിസമ്പ്രദായത്തിന്റെ ഫലമാണ് തൊട്ടുകൂടായ്മ, ഇത് വേദകാലംമുതല്‍ സമൂഹത്തിന്റെ ഭാഗമായി. വിദേശത്തുനിന്നെത്തിയ കടന്നുകയറ്റക്കാരുടെ അതിക്രമങ്ങളുടെ ഫലമായാണ് ഇത്തരം ജാതികള്‍ നിലവില്‍വന്നതെന്നും ഹിന്ദുസമൂഹത്തില്‍ അതിനുമുമ്പ് ഇവയൊന്നും ഇല്ലായിരുന്നുവെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു. ഹിന്ദു വേദപ്രമാണങ്ങള്‍ പ്രകാരം 'ശൂദ്രര്‍' ഒരിക്കലും തൊട്ടുകൂടാത്തവര്‍ ആയിരുന്നില്ലെന്ന് അവര്‍ പറയുന്നു. മധ്യകാലത്തെ മുസ്ളിംഅതിക്രമങ്ങളുടെ ഫലമായാണ് തൊട്ടുകൂടാത്തവരും ദളിതരും സൃഷ്ടിക്കപ്പെട്ടതെന്നും പ്രചരിപ്പിക്കുന്നു. അറബ് കടന്നുകയറ്റക്കാരും മുസ്ളിം രാജാക്കന്മാരും ബീഫ് കഴിക്കുന്നവരും ഹിന്ദുക്കളുടെ അന്തസ്സ് നശിപ്പിക്കാന്‍ ക്ഷത്രിയരെക്കൊണ്ട് നിര്‍ബന്ധിച്ച് പശുക്കളെ കൊല്ലിച്ചുവെന്നും തോലുരിപ്പിച്ചുവെന്നും അവശിഷ്ടങ്ങള്‍ വിദൂരസ്ഥലങ്ങളില്‍ തള്ളിയെന്നും അവര്‍ കള്ളക്കഥ സൃഷ്ടിച്ചു. വിദേശത്തുനിന്നുള്ള അക്രമകാരികള്‍  ഇങ്ങനെയാണ് ജാതി സൃഷ്ടിച്ചതെന്ന് അവര്‍ പറയുന്നു.

സത്യം നേരെ മറിച്ചാണ്. ജാതിസമ്പ്രദായത്തിന്റെ അടിസ്ഥാനം വളരെ പഴയതാണ്, ജാതിസമ്പ്രദായത്തിനോടൊപ്പമാണ് തൊട്ടുകൂടായ്മയും രൂപമെടുത്തത്. ആര്യന്മാര്‍ സ്വയം ഉയര്‍ന്നവരെന്നു കരുതി, മറ്റുള്ളവരെ അവര്‍ കൃഷ്ണവര്‍ണരെന്നും (കറുത്തതൊലിയുള്ളവര്‍), അനാസരെന്നും (മൂക്കില്ലാത്തവര്‍) വിളിച്ചു; ആര്യന്മാരല്ലാത്തവര്‍ ലിംഗാരാധന നടത്തിയിരുന്നതിനാല്‍ അവരെ മനുഷ്യരായി പരിഗണിച്ചില്ല (ഋഗ്വേദം: പത്ത്: 22.9). ഉയര്‍ന്ന ജാതിക്കാര്‍ക്കു സമീപം വരുന്നതില്‍നിന്ന് കീഴ്ജാതിക്കാരെ വിലക്കിയിരുന്നുവെന്നും ഇവര്‍ ഗ്രാമത്തിനു പുറത്താണ് താമസിച്ചിരുന്നതെന്നും ഋഗ്വേദത്തിലും മനുസ്മൃതിയിലും പരാമര്‍ശങ്ങളുണ്ട്. ഋഗ്വേദകാലത്ത് പൂര്‍ണമായ ജാതിസമ്പ്രദായം നിലവില്‍വന്നതായി ഇത് സൂചിപ്പിക്കുന്നില്ല. എന്നാല്‍, സമൂഹത്തെ നാല് ശ്രേണിയായി വിഭജിച്ചുള്ള വര്‍ണവ്യവസ്ഥയും കഠിനമായ ജാതിസമ്പ്രദായവും മനുസ്മൃതിയുടെ കാലത്ത് രൂപംകൊണ്ടു.

എഡി ഒന്നാം നൂറ്റാണ്ടോടെ തൊട്ടുകൂടായ്മ ജാതിസംവിധാനത്തിന്റെ കൂടെപ്പിറപ്പായി. എഡി രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി എഴുതപ്പെട്ട മനുസ്മൃതിയില്‍, അന്നത്തെ സമ്പ്രദായങ്ങളും മേല്‍ജാതിക്കാര്‍ അധഃസ്ഥിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന നികൃഷ്ടമായ സാമൂഹിക ആചാരങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പ്രധാനപ്പെട്ട മുസ്ളിം കടന്നുകയറ്റങ്ങള്‍ക്ക് തുടക്കമായത്  11–ാം നൂറ്റാണ്ടോടെയാണ്. യൂറോപ്യന്‍ അധിനിവേശം ആരംഭിച്ചത് 17–18 നൂറ്റാണ്ടുകളിലുമാണെന്ന് ഓര്‍ക്കണം.

ക്രമേണ, ജാതിസമ്പ്രദായം പാരമ്പര്യമായി മാറി. സാമൂഹികവ്യവഹാരങ്ങള്‍ക്കുള്ള ചട്ടങ്ങളും വിവാഹബന്ധങ്ങളും ജാതിസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലായി. ജാതീയമായ ഉച്ചനീചത്വങ്ങള്‍ കാലക്രമത്തില്‍ ആഴത്തില്‍ വേരൂന്നി. ശൂദ്രന്മാരെ ജാതിസമൂഹത്തില്‍നിന്ന് പുറന്തള്ളാന്‍ തുടങ്ങി, 'ഉയര്‍ന്ന ജാതിക്കാര്‍' ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനും വ്യത്യസ്ത ജാതിയിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനും വിലക്കുണ്ടായി. ജാതീയമായ വേലിക്കെട്ടുകള്‍ നിലനിര്‍ത്തുന്നതിനായി 'ശുദ്ധി'യുടെയും 'മലിനീകരണത്തിന്റെ'യും കല്‍പ്പനകള്‍ കര്‍ശനമായി നടപ്പാക്കി. ശൂദ്രന്മാര്‍ 'തൊട്ടുകൂടാത്തവരായി'. ഇതാണ് മനുവിന്റെ മാനവ് ധര്‍മശാസ്ത്രയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ദൃഢമായ സാമൂഹികവിഭജനം.

ശാസ്ത്രീയമായ സാമൂഹികഘടനയെന്ന് വിശേഷിപ്പിച്ചാണ് ആര്‍എസ്എസ് താത്വികന്‍ ഗോള്‍വാള്‍ക്കര്‍ ഇതിനെ ന്യായീകരിക്കുന്നത്. ഒരു ശരീരത്തിലെ വിവിധ അവയവങ്ങളോടാണ് അവര്‍ ഇതിനെ ഉപമിക്കുന്നത്. മുസ്ളിം രാജാക്കന്മാരുടെ വരവിനു വളരെക്കാലംമുമ്പേ, സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ ശൂദ്രന്മാരെ തൊട്ടുകൂടാത്തവരായാണ് കണ്ടിരുന്നത്. വേദാനന്തരകാലംമുതല്‍ ഗുപ്തകാലഘട്ടംവരെ ജാതിസമ്പ്രദായത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാഠിന്യവും ക്രൂരതയും തീവ്രമായിരുന്നു. പിന്നീട് ഉയര്‍ന്നുവന്ന ഭക്തിപ്രസ്ഥാനംപോലുള്ള മുന്നേറ്റങ്ങള്‍ നേരിട്ടും സൂഫിസം പരോക്ഷമായും ജാതീയമായ അടിച്ചമര്‍ത്തലിന്റെയും തൊട്ടുകൂടായ്മയുടെയും തീവ്രത കുറച്ചു. സംഘപരിവാര്‍ പണ്ഡിതന്മാര്‍ രചിക്കുന്ന ചരിത്രത്തിന് പ്രചോദനം പകരുന്നത് അവരുടെ രാഷ്ട്രീയ അജന്‍ഡയാണ്. അവര്‍ സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

? ധൈഷണികര്‍ക്കും യുക്തിവാദികള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ വിപുലമായ അജന്‍ഡയുണ്ടോ

= ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഏകതാനമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം സമൂഹത്തിലൊട്ടാകെ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ ആശയങ്ങള്‍മാത്രം പിന്തുടരാന്‍ സാഹചര്യം സൃഷ്ടിക്കുന്ന യാന്ത്രികമായ ചിന്താരീതിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിലും അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിലും വിശ്വസിക്കാത്ത അവരില്‍ ധൈഷണികരും ചിന്തകരും അസ്വസ്ഥത സൃഷ്ടിക്കുന്നു. ഭീഷണികളും കണ്ണുരുട്ടലുകളും ധൈഷണികര്‍ പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്നതിലേക്ക് നയിച്ചു. അതുപോലെ കല–സാംസ്കാരിക സ്ഥാപനങ്ങളും സര്‍വകലാശാലകളും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെ എല്ലായിടത്തും അവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. സഹിഷ്ണുതയുടെ മഹത്തായ പാരമ്പര്യത്തെ ആദരിക്കണമെന്ന് നമ്മുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പലതവണ ഓര്‍മപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍, ഇന്ത്യയെന്ന ആശയത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍  അനുബന്ധസംഘടനകള്‍ കുറ്റകൃത്യങ്ങളാണ് അവരുടെ മുന്നോട്ടുള്ള വഴിയെന്ന് കരുതുന്നു. അതിനാല്‍, ധൈഷണികര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അവര്‍ തുടരുന്നു. സമൂഹത്തില്‍ ഹിന്ദുത്വആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.

? രാജ്യത്തു നടക്കുന്ന വര്‍ഗീയ ആക്രമണങ്ങള്‍ കശ്മീരിന് മോശം സന്ദേശം നല്‍കുന്നുണ്ടോ

= ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും മുസ്ളിം ന്യൂനപക്ഷത്തെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. വര്‍ഗീയസംഘര്‍ഷങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ മുസ്ളിങ്ങളാണ്. കശ്മീരില്‍ അടക്കം രാജ്യമെമ്പാടും നടക്കുന്ന ചിന്താപ്രക്രിയകളെ ഇത് ബാധിക്കുന്നു. ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടശേഷം, ഇതേക്കുറിച്ച് ഷേഖ് അബ്ദുള്ളയില്‍ പുനര്‍വിചിന്തനം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം മഹാത്മാഗാന്ധിയുടെ വധവും വര്‍ഗീയശക്തികളുടെ അവകാശവാദങ്ങളുമായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളും മേഖലയില്‍ സൈന്യത്തിന്റെ സാന്നിധ്യവും– എന്നീ ഇരട്ട ഭീഷണികളാണ് കശ്മീര്‍ ജനതയ്ക്ക് സഹിക്കേണ്ടിവരുന്നത്. രാജ്യത്ത് മുസ്ളിങ്ങള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ കൂടിയാകുമ്പോള്‍ അവരില്‍ ഭീതി വര്‍ധിക്കുന്നു.

? ഇന്ത്യയില്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സാധ്യത എന്താണ്

= മൂന്നു ദശകമായി പൊതുവിലും മൂന്നു വര്‍ഷമായി പ്രത്യേകിച്ചും മതനിരപേക്ഷത കടുത്തതോതിലുള്ള ആക്രമണം നേരിടുകയാണ്. ആര്‍എസ്എസിന്റെയും അനുബന്ധ സംഘടനകളായ ബിജെപി, വിഎച്ച്പി, ബജ്രംഗ്ദള്‍, ഹിന്ദുമുന്നണി എന്നിവയുടെയും  അവകാശവാദങ്ങളും ശക്തിയും വളര്‍ന്നുവരുന്നതാണ് ഇതിനു കാരണം.

എന്നാല്‍, ആര്‍എസ്എസ് പരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ഉയര്‍ന്നുവരുന്ന മുന്നേറ്റത്തിന് രണ്ടുവര്‍ഷമായി നാം സാക്ഷ്യംവഹിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് എതിരായി ഉണ്ടായ അതിക്രമങ്ങള്‍, ഉനയിലെ ക്രൂരമായ ദളിത് പീഡനം എന്നിവയ്ക്ക് എതിരായ പ്രതിഷേധങ്ങളുടെ രൂപത്തില്‍ ഈ ചെറുത്തുനില്‍പ്പ് വളര്‍ന്നുവരികയാണ്. ആര്‍എസ്എസിന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും അപകടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. യുവജനങ്ങളിലും വിദ്യാര്‍ഥികളിലും ഉണ്ടാകുന്ന മുന്നേറ്റം ശ്രദ്ധേയമാണ്. ദളിതര്‍, മതന്യൂനപക്ഷങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ട മറ്റു ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സാമൂഹികസഖ്യങ്ങള്‍ വളര്‍ന്നുവരുന്നു. രാഷ്ട്രീയതലത്തില്‍ വര്‍ഗീയകക്ഷിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ടികള്‍ സഖ്യങ്ങളുണ്ടാക്കുന്നു. മതനിരപേക്ഷതയുടെ ഭാവിയെക്കുറിച്ച് ഇത് പ്രതീക്ഷ സൃഷ്ടിക്കുന്നു.

ഒരു കാര്യംകൂടി ശ്രദ്ധിക്കണം. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്യ്രം, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ അവരുടെ ജീവിതപ്രശ്നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമവും ചെറുക്കണം.
.................................................................

മുംബൈ ഐഐടിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ അധ്യാപകനായിരുന്ന രാം പുനിയാനി 2004ല്‍ ജോലിയില്‍നിന്ന് സ്വയംവിരമിച്ചശേഷം പൂര്‍ണസമയവും മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളുടെ പ്രചാരണത്തിനായി നീക്കിവച്ചിരിക്കയാണ്. മൂന്ന് ഡസനില്‍പരം ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവും മികച്ച പ്രഭാഷകനുമാണ് അദ്ദേഹം