ഇന്ത്യയില്‍ കോണ്‍ഗ്രസ് ശിഥിലീകൃതമായതിനെക്കുറിച്ചും നേതൃപദവിയിലേക്ക് സ്വയം അവരോധിതനാകുന്നതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ചെന്ന് പറഞ്ഞ പല കാര്യങ്ങളും കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നതുകൂടിയാണ്. രണ്ടായിരത്തി പന്ത്രണ്ടോടെ പാര്‍ടിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയ ധാര്‍ഷ്ട്യമനോഭാവമാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നാണ് രാഹുല്‍ സിദ്ധാന്തിക്കുന്നത്. നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരെ ചില വിമര്‍ശങ്ങള്‍ ഉന്നയിച്ചതൊഴിച്ചാല്‍, സ്വയംവിമര്‍ശത്തിന്റെയോ രാഷ്ട്രീയബോധത്തിന്റെയോ ഔചിത്യത്തിന്റെയോ സാന്നിധ്യം രാഹുലിന്റെ അമേരിക്കന്‍ പ്രസംഗത്തില്‍ കാണുന്നില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ടി നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നു വ്യക്തമാക്കുന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാനില്ല. നവ ഉദാരവല്‍ക്കരണനയങ്ങളുടെ കൊടിപിടിച്ച് അഴിമതിയുടെ വഴിയിലൂടെ മുന്നേറിയ തന്റെ പാര്‍ടി തകര്‍ന്നടിയാന്‍ 'ധാര്‍ഷ്ട്യം' എന്ന കാരണം കണ്ടെത്തി കടമ നിര്‍വഹിക്കുന്നതിനപ്പുറം യാഥാര്‍ഥ്യത്തിലൂന്നിയ തുറന്നുപറച്ചിലിന് രാഹുലിന് ത്രാണിയില്ല. തന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന അപവാദങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രധാന ആശങ്ക. കുടുംബവാഴ്ച എന്തുകൊണ്ട് ശരിയാണെന്ന ന്യായം കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന്റെ ഔത്സുക്യം. എല്ലാ രാഷ്ട്രീയ പാര്‍ടികളിലും കുടുംബാധിപത്യം ഒരു പ്രശ്നമാണെന്ന സാമാന്യവല്‍ക്കരണത്തിലൂടെ തന്റെ കടന്നുവരവിനെ സാധൂകരിക്കാന്‍ ശ്രമിച്ച രാഹുല്‍, രാജ്യത്തിന്റെ ഭരണകുത്തക കൈയാളിയിരുന്ന കോണ്‍ഗ്രസ് എന്ന കക്ഷിയുടെ സര്‍വതലസ്പര്‍ശിയായ ശോഷണത്തിന്റെ വിളറിയ ചിത്രമാണ് വരച്ചിടുന്നത്.
മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കാനോ ബദല്‍ രാഷ്ട്രീയമുയര്‍ത്തി ബിജെപിയെ ചെറുക്കാനോ കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കില്‍ അതിനനുസൃതമായതും വിവേകത്തിലൂന്നിയതുമായ വാക്കുകളായിരുന്നു ഇന്നത്തെ ഉപാധ്യക്ഷനും നാളത്തെ അധ്യക്ഷനുമായ രാഹുലില്‍നിന്നുണ്ടാവുക. ദൌര്‍ഭാഗ്യവശാല്‍ ബിജെപിയുടെ പോഷകനദിയായാണ് ഇന്ന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഗോവയിലും മണിപ്പുരിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാനാണ് അവിടത്തെ ജനങ്ങളുടെ തീരുമാനം. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചില്ല. തങ്ങള്‍ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്നു പറയുകപോലും ചെയ്തില്ല. ഗവര്‍ണറെ കണ്ട് എംഎല്‍എമാരുടെ ലിസ്റ്റ് കാട്ടുകയും അവകാശവാദം ഉന്നയിക്കുകയും ചെയ്യാതെ ബിജെപിക്ക് അധികാരത്തിലേറാന്‍ അവസരമൊരുക്കുകയായിരുന്നു കോണ്‍ഗ്രസ്. മണിപ്പുരില്‍ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചയോ നീക്കമോ നടത്താതെ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തു. രാഹുല്‍ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസിലെ രാഷ്ട്രീയകാര്യങ്ങള്‍ നിശ്ചയിക്കുന്നത് പബ്ളിക് റിലേഷന്‍സ് ഏജന്‍സിയാണ്. എഐസിസിയും വര്‍ക്കിങ് കമ്മിറ്റിയും ഒന്നും കൂടുന്നില്ല; നേതാക്കളുടെ കൂടിയാലോചനയില്ല. പബ്ളിക് റിലേഷന്‍സുകാരെ ആശ്രയിച്ച് രാഷ്ട്രീയതീരുമാനങ്ങളെടുക്കുകയാണ്.
ഇത് സംഘടനാപരമായ പാപ്പരത്തമാണെങ്കില്‍, ബിജെപിയുടെ തീവ്ര വര്‍ഗീയ അജന്‍ഡകളെയും ജനാധിപത്യവിരുദ്ധ രീതികളെയും പ്രോത്സാഹിപ്പിക്കാനാണ് എവിടെയും കോണ്‍ഗ്രസ് തയ്യാറാകുന്നത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍, ഒരിക്കല്‍പ്പോലും ആര്‍എസ്എസ് ഭീഷണിയെ ചെറുക്കാന്‍ തയ്യാറാകാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. പല സംസ്ഥാനങ്ങളിലും നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഒരു മടിയുംകൂടാതെ ബിജെപിയില്‍ ചേരുകയാണ്. കര്‍ണാടകത്തിലെ എസ് എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്നു; കേന്ദ്ര വിദേശമന്ത്രിയായിരുന്നു. ആ കോണ്‍ഗ്രസ് നേതാവ് ഇന്ന് ബിജെപിയിലാണ്. ഉത്തര്‍പ്രദേശിലെ പിസിസി അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നു. ജഗദാംബികാപാല്‍, സത്പാല്‍ മഹാരാജ്, വിജയ് ബഹുഗുണ, കൃഷ്ണ തിരത്ത്, ഹരിയാനയിലെ റാവു ഇന്ദ്രജിത് സിങ്- ഇങ്ങനെ വലിയൊരു നേതൃനിരയുണ്ട് കോണ്‍ഗ്രസിന്റെ സംഭാവനകളായി ബിജെപിയിലിന്ന്.
ബിജെപിക്കെതിരെ പോരാടാത്തതുകൊണ്ടും അണികളില്‍ മതേതരബോധം വളര്‍ത്താത്തതുകൊണ്ടുമാണ് ഈ വിധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത്. ബിജെപിവിരുദ്ധ രാഷ്ട്രീയപോരാട്ടത്തിലെവിടെയും കോണ്‍ഗ്രസിനെ കാണാനില്ല. പ്രതികരിക്കാന്‍പോലുമില്ല. 29 സംസ്ഥാനമുള്ളതില്‍ കോണ്‍ഗ്രസ് ആകെ ഭരണത്തിലുള്ളത് ആറ് സംസ്ഥാനത്തുമാത്രം. ആ ആറില്‍ത്തന്നെ കര്‍ണാടകവും പഞ്ചാബുമൊഴികെ ബാക്കിയുള്ളത് ചെറുപ്രദേശങ്ങളാണ്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ സീറ്റുള്ളതില്‍ കോണ്‍ഗ്രസിന് ആകെ ഏഴ് എംഎല്‍എമാരാണ്. ഈ തകര്‍ച്ചയുടെ കാരണം വസ്തുനിഷ്ഠമായി പരിശോധിക്കുകയോ പഠിക്കുകയോ ചെയ്യാതെ, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളിലേക്കോ രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളിലേക്കോ കണ്ണുപായിക്കാതെ രാഹുലടക്കമുള്ള നേതാക്കള്‍ നടത്തുന്ന ആഭാസങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പരിപൂര്‍ണമാക്കുന്നതിന് വേഗംകൂട്ടുകയേയുള്ളൂ. അതുകൊണ്ടുതന്നെ, ധാര്‍ഷ്ട്യമല്ല, നയ വൈകല്യമാണ്- തെറ്റായ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകുന്നുണ്ട്. ആ പാര്‍ടിയുടെ നേതൃത്വത്തിന് അത്തരമൊരു ബോധത്തിലേക്കെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് അതിന്റെ നിയുക്ത അധ്യക്ഷന്റെ വാക്കുകളില്‍ തെളിഞ്ഞുകാണുന്ന പ്രധാന കാര്യം
----------------------ദേശാഭിമാനി