Saturday, 25 November 2017

സംവരണവും ഉത്തരാധുനിക സ്വത്വവാദികളും


    നിലവിലുള്ള പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണാനുകൂല്യങ്ങളെ ഒരര്‍ത്ഥത്തിലും സ്പര്‍ശിക്കാതെ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗനിയമനത്തില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു ചെറിയ ശതമാനം സംവരണം നല്‍കാനുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഉത്തരാധുനിക സ്വത്വരാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ചില സുഹൃത്തുക്കള്‍ നിരുത്തരവാദപരമായി അധിക്ഷേപിക്കുകയാണ്.
 

     വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും വഴികളില്‍നിന്നുമാറി ഇസ്ളാമിക ഫണ്ടമെന്റലിസ്റ്റുകളും ദളിത് സ്വത്വവാദികളും സി.പി.ഐ(എം) വിരുദ്ധ മനോരോഗം പിടിപെട്ടവരും ആക്ഷേപങ്ങള്‍ ചൊരിയുകയാണ്. സിപി.ഐ(എം)നെ ഒരു ജാതി അധീശത്വ സവര്‍ണ പാര്‍ടിയായി അധിക്ഷേപിക്കുകയാണ്. ചിലര്‍ മാര്‍ക്സിസ്റ്റുകളുടെ വര്‍ഗസമീപനങ്ങള്‍ക്ക് വഴങ്ങിത്തരുന്നതല്ല ജാതിബന്ധങ്ങളെന്ന സൈദ്ധാന്തിക കസര്‍ത്തുകളും നടത്തുന്നുണ്ട്.
 
      ജാതിയും വര്‍ഗവും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കുന്ന ഉത്തരാധുനികര്‍ ജാതി എന്നും നിലനില്‍ക്കേണ്ടതാണെന്ന സ്വത്വവാദത്തെയാണ് പുല്‍കിക്കഴിയുന്നത്. അംബേദ്കറുടെ പേരില്‍ സംസാരിക്കുന്ന ഇവര്‍ അംബേദ്ക്കറില്‍ നിന്നുപോലും വഴിമാറി നടക്കുന്ന ഓറിയന്റലിസ്റ്റ് ചിന്താപദ്ധതികളുടെ വാഹകരാണ്. അംബേദ്കറും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള വിയോജിപ്പ് വിഖ്യാതമാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാരും അംബേദ്കറും അഭിപ്രായ ഐക്യമുള്ള കാര്യം ജാതി ഉ
ൂലനമാണ്. 

    സ്വത്വരാഷ്ട്രീയ നിലപാടുകളും സാമൂഹ്യനീതി പ്രസ്ഥാനങ്ങളും ജാതിയെ നിലനിര്‍ത്തുകയും വോട്ടുബാങ്ക് ആക്കുകയും ചെയ്യുന്ന ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ മാത്രമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന വിഭാഗങ്ങളെ പൊതുധാരയിലേക്കെത്തിക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും അതായത് ജാതി സംവരണം എന്നത് ഒരു ജനാധിപത്യ അവകാശമാണ്.
 

   ജാതിയെ ഇല്ലാതാക്കുകയാണ് പ്രധാനമെന്ന് കമ്യൂണിസ്റ്റുകാരെ പോലെ തന്നെ അംബേദ്കറും ചിന്തിച്ചിരുന്നു. അതിനായി ഉത്പാദന പ്രത്യുത്പാദനബന്ധങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് കമ്യൂണിസ്റ്റുകാരെപോലെ തന്നെ അംബേദ്കറും കരുതിയിരുന്നു. ജാതിയുടെ അടിസ്ഥാനമായ ഫ്യൂഡല്‍ വര്‍ഗബന്ധങ്ങളില്‍ മാറ്റമുണ്ടാകണം. അതായത് ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള സാമൂഹ്യസാമ്പത്തിക നടപടികള്‍ കൊണ്ടേ ജാതിയുടെ വേരുകള്‍ അറുക്കാനാവൂ. അതേപോലെ ജാതിയെ തലമുറകളിലൂടെ നിലനിര്‍ത്തിപ്പോരുന്ന സജാതിവിഭാഗങ്ങളില്‍ നിന്ന് ജാതിരഹിതമായ വിവാഹബന്ധങ്ങളിലേക്കും സമൂഹത്തെ ബോധപൂര്‍വം പരിവര്‍ത്തനപ്പെടുത്തണം. ഇതാണ് ദളിത് സ്വത്വവാദികളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്സിസ്റ്റുകളുടെ സമീപനം.
 
     ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ ദേവസ്വം ബോര്‍ഡ് നിയമനത്തെ ഭരണഘടനാവിരുദ്ധമാണെന്ന് വിമര്‍ശിക്കുന്ന ദളിത് ബുദ്ധിജീവികളും അവരോടൊപ്പം ചേര്‍ന്ന് സി.പി.ഐ(എം) വിരുദ്ധത ആഘോഷിക്കുന്ന ഉത്തരാധുനികരും അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധത ചൊറിഞ്ഞ് തീര്‍ക്കുകയാണ്. സംവരണത്തെ സംബന്ധിച്ച ചില അടിസ്ഥാനകാര്യങ്ങള്‍ അറിയാതെ അസ്പഷ്ടധാരണകളും ലളിത യുക്തികളുമുപയോഗിച്ചാണ് ഇക്കൂട്ടര്‍ സി.പി.ഐ(എം)നെ ജാതിസംവരണവിരുദ്ധരായി ആക്ഷേപിക്കുന്നത്. സാമ്പത്തികസംവരണവാദികളായി ചിത്രീകരിക്കുന്നത്.
 

     എന്താണ് ഇന്ത്യയിലെ സംവരണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മെക്കാനിസം. 3 കാര്യങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ റിസര്‍വേഷന്‍ മെക്കാനിസം എന്നുപറയാം. 1. സംവരണത്തെ സംബന്ധിച്ച ഭരണഘടനാനിയമങ്ങള്‍, 2. ഇത് സംബന്ധമായി പലകാലങ്ങളിലായി വന്ന കോടതിവിധികള്‍ അടങ്ങുന്ന സ്റ്റാറ്റ്യൂട്ടറി ലോ, 3. ലോക്കല്‍ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍. ഇതെല്ലാം ചേര്‍ന്നും പരസ്പരം പ്രവര്‍ത്തിച്ചുമാണ് മാറിയ സാമ്പത്തിക സാമൂഹ്യ സാഹചര്യത്തെ കണക്കിലെടുത്തുമാണ് സംവരണം ഇന്ത്യയില്‍ നടപ്പാക്കുന്നത്.
 

     പൊതു സ്ഥാപനങ്ങളിലുള്ള ജനസംഖ്യാനുപാതികം സംവരണമാണ് ഭരണഘടനാ നിയമങ്ങള്‍ എന്നുപറയുന്നത്. കോടതി ഇടപെടല്‍മൂലമുണ്ടായ സംവരണ നടപടികളെ, ക്രിമിലെയര്‍ പോലുള്ളവയാണ് സ്റ്റാറ്റ്യൂട്ടറി ലോ എന്നുപറയുന്നത്. ലോക്കല്‍ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് എന്നുപറയുന്നത് വ്യത്യസ്ത സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെയും സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്ക് റൂള്‍സും റഗുലേഷന്‍സും ഉണ്ടാക്കാനുള്ള ഭരണഘടനാ അവകാശമാണ്.
 

      വസ്തുതകള്‍ ഇതായിരിക്കെ ദേവസ്വംബോര്‍ഡ് സംവരണം വിവാദമാക്കി സി.പി.ഐ(എം) വിരുദ്ധവികാരം അടിച്ചുകയറ്റാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ അജണ്ട ജാതിസംവരണ താല്പര്യമല്ലായെന്ന കാര്യം ജനാധിപത്യബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാകും.
കെ.ടി.കുഞ്ഞിക്കണ്ണന്‍, Deshabhimani

Wednesday, 22 November 2017

നവലിബറല്‍ കാലത്തെ സംവരണചിന്തകള്‍


സാമൂഹികമാധ്യമ വ്യവഹാരങ്ങളില്‍ പുതുമയുള്ള ഒരു വിഷയമല്ല സംവരണസംവരണവിരുദ്ധ സംവാദങ്ങള്‍. ബ്ലോഗുകളും യൂണിക്കോഡ് ഫോണ്‍ടുകളും പ്രചാരത്തിലായ കാലം മുതല്‍ ഇന്റര്‍നെറ്റ് മലയാളത്തില്‍ സംവരണസംവാദങ്ങള്‍ നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന എല്‍ഡിഎഫ് മന്ത്രിസഭയുടെ തീരുമാനമാണ് ഏറ്റവും അവസാനമായി ഈ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിവിട്ടിരിക്കുന്നത്.

പരമ്പരാഗതമായി ഇത്തരം സംവരണ ചര്‍ച്ചകളിലുയരുന്നത് പ്രധാനമായും രണ്ട് തരത്തിലുള്ള വാദങ്ങളാണ്. ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ജാതിസംവരണം പാടെ ഉപേക്ഷിച്ചുകൊണ്ട് സാമ്പത്തികസംവരണം കൊണ്ടുവരിക എന്നതാണ് ഒരു വാദം. സംവരണം പൂര്‍ണമായും ജാതിയുടെ അടിസ്ഥാനത്തില്‍ നിലനിര്‍ത്തുക എന്നതാണ് രണ്ടാമത്തെ വാദം. ഇതിനൊക്കെ പുറമേയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന മൂന്നാമത്തെ വാദം. ജാതിസംവരണത്തെ ഒരു തരത്തിലും ബാധിക്കാതെ സംവരണമാനദണ്ഡങ്ങളില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിക്കണമെന്നാണ് ഇത്. ജാതിക്കൊപ്പം സാമ്പത്തികമായ പിന്നാക്കാവസ്ഥയും സംവരണത്തിനായി പരിഗണിക്കണമെന്ന നിലപാടാണ് ഈ വാദത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ട് വയ്ക്കുന്നത്. സംവരണം എന്തിനാണെന്ന അടിസ്ഥാനചോദ്യത്തില്‍ നിന്ന് തുടങ്ങിയാല്‍ മാത്രമേ ഈ മൂന്ന് നിലപാടുകളെ സംബന്ധിച്ചും വ്യക്തത ഉണ്ടാവുകയുള്ളൂ.

എന്തിനാണ് ചില വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത്? ചില വിഭാഗങ്ങള്‍ക്കുള്ള പ്രിവിലെജുകളുടെ (privileges) അഭാവം സൃഷ്ടിക്കുന്ന പോരായ്മകള്‍ നികത്തുവാനുള്ള ഒരു മാര്‍ഗമാണ് സംവരണം എന്നാണ് ഏറ്റവും ലളിതമായി ഇതിനെ വിശദീകരിക്കുവാന്‍ കഴിയുക. പ്രിവിലെജുകളുടെ അഭാവത്തില്‍ ഒരു വിഭാഗവും സാമൂഹികപ്രവൃത്തികളില്‍ (വിദ്യാഭ്യാസം, തൊഴില്‍, സാമൂഹികജീവിതം മുതലായവയില്‍) പിന്നാക്കം പോകാതെയിരിക്കുക എന്നത് ഉറപ്പുവരുത്തുകയാണ് സംവരണം ചെയ്യുന്നത്.

എന്തൊക്കെയാണ് പ്രിവിലെജുകള്‍? സംവരണവ്യവഹാരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പ്രിവിലെജുകള്‍ എന്ന സംജ്ഞ മനസ്സിലാക്കുവാന്‍ താരതമ്യേന ബുദ്ധിമുട്ടുള്ളതാണ്. അദൃശ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് പ്രിവിലെജുകള്‍. തൊഴില്‍വിദ്യാഭ്യാസാവസരങ്ങള്‍, സാമൂഹ്യസമ്മതി എന്നിവ മുതല്‍ പിയര്‍ഗ്രൂപ്പുകളിലെ മേധാവിത്വം വരെയുള്ള കാര്യങ്ങളില്‍ ഒരു വ്യക്തിക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകങ്ങളെയാണ് പ്രിവിലെജുകള്‍ (അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍) എന്ന് വിളിക്കുന്നത്. സവര്‍ണജാതിയടയാളങ്ങള്‍, പുരുഷത്വം, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം, വില കൂടിയ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത്, ഇംഗ്ലീഷ് പരിജ്ഞാനം, മെച്ചപ്പെട്ട വിജ്ഞാനലഭ്യത, വെളുത്ത തൊലിനിറം, സാമൂഹികമൂലധനം (വലിയ ഉദ്യോഗസ്ഥരായ ബന്ധുക്കള്‍/സുഹൃത്തുക്കള്‍, ഉന്നതങ്ങളിലുള്ള ബന്ധങ്ങള്‍), ഉയര്‍ന്ന സാമ്പത്തികാസ്തി, പ്രശസ്തി (പ്രശസ്തരുമായ ബന്ധങ്ങള്‍), ആരാധനാലയമാധ്യമഅധികാരബന്ധങ്ങള്‍ തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ ഇത്തരം ആനുകൂല്യങ്ങളില്‍ പെടുന്നുണ്ട്.

എന്തൊക്കെ പഠിക്കണം, എവിടെയൊക്കെ പഠിക്കണം, ഇന്നയിന്ന പ്രവേശനപരീക്ഷകള്‍ ജയിക്കുവാന്‍ ഏതൊക്കെ സ്ഥലത്ത് പരിശീലിക്കണം മുതലായ വിവരങ്ങള്‍, പഠിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ സാധ്യതകളെ പറ്റിയുള്ള വിവരങ്ങള്‍, തൊഴിലവസരങ്ങളെ പറ്റിയുള്ള വിവരങ്ങള്‍, എളുപ്പത്തില്‍ തൊഴില്‍ കിട്ടുവാന്‍ സഹായിക്കുന്ന വിവരങ്ങള്‍/പരിചയങ്ങള്‍, പുതുതായി ഒരു നഗരത്തിലോ സര്‍വകലാശാലയിലോ പോകുമ്പോള്‍ അവിടെയുള്ള പരിചയങ്ങള്‍, ഇവയൊക്കെ ഒരു വ്യക്തിയുടെ തൊഴില്‍വിദ്യാഭ്യാസ സാധ്യതകളെ മെച്ചപ്പെട്ട രീതിയില്‍ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഈ അനുകൂലഘടകങ്ങള്‍ നിമിത്തം പിയര്‍ഗ്രൂപ്പുകളില്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ദൃശ്യതയും അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും ലഭിക്കുന്നു. അങ്ങനെ, ജനിക്കുമ്പോള്‍ മുതല്‍ സ്വന്തം പരിശ്രമങ്ങളെക്കൂടാതെ ഇത്തരം അനുകൂലഘടകങ്ങള്‍ ചില പ്രത്യേകവിഭാഗങ്ങള്‍ക്ക് കൂടുതലായും മറ്റ് ചില വിഭാഗങ്ങള്‍ക്ക് കുറവായും ലഭിക്കുന്നു.

തന്റെ ആത്മാര്‍ത്ഥതക്കുറവ് കൊണ്ടല്ലാതെ സംഭവിക്കുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്റേതല്ലാത്ത കുഴപ്പം മൂലം പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് മുന്‍നിര ഓട്ടക്കാര്‍ക്കൊപ്പം ഓടിയെത്തുവാന്‍ നല്‍കുന്ന പിന്തുണയാണ് സംവരണം. സംവരണത്തിലൂടെയും മറ്റ് തരത്തിലും സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്കെത്തുന്ന പ്രക്രിയയെ സോഷ്യല്‍ മൊബിലിറ്റി(social mobility - സാമൂഹിക ചലനക്ഷമത) എന്നാണ് വിളിക്കുന്നത്.

എന്തൊക്കെയാണ് പ്രിവിലെജുകളെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍? ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയാണ് പ്രിവിലെജുകളെ നിശ്ചയിക്കുന്ന ഒരു പ്രധാനഘടകം. സവര്‍ണജാതി വിഭാഗങ്ങളില്‍ ജനിക്കുന്നവര്‍ക്കും ഇതരജാതികളില്‍ ജനിക്കുന്നവര്‍ക്കും ലഭ്യമാകുന്ന പ്രിവിലെജുകള്‍ വ്യത്യസ്തമാണ്. ചരിത്രപരമായി സവര്‍ണജാതി വിഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരത്തിന്റെയും അതിന്റെ തുടര്‍ച്ചകളുടെയും ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചത്.

എന്നാലതേസമയം ജാതി മാത്രമല്ല ഒരാള്‍ക്ക് ലഭ്യമായിട്ടുള്ള പ്രിവിലെജുകളെ (അതിന്റെ അഭാവത്തെയും) നിര്‍ണയിക്കുന്നത് എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ ലിംഗപരവും പ്രാദേശികഭാഷാപരവുമായ സവിശേഷതകള്‍, അയാളുടെ സാമ്പത്തികസ്ഥിതി എന്നിവയെല്ലാം അയാളുടെ പ്രിവിലെജുകളുടെ ലഭ്യതയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. അതായത്, പുരുഷന്മാര്‍ക്ക് ലഭ്യമായിട്ടുള്ള പ്രിവിലെജുകള്‍ എല്ലാം മറ്റ് രീതിയില്‍ സമരായ സ്ത്രീകള്‍ക്ക് ലഭ്യമാകണമെന്നില്ല. കേരളത്തില്‍ നിന്നുള്ള നമ്പൂതിരിക്കും മഹാരാഷ്ട്രയില്‍ നിന്നുള്ള ചിത്പവന്‍ ബ്രാഹ്മണനും ലഭ്യമായിട്ടുള്ള പ്രിവിലെജുകളിലും വ്യത്യാസം കാണും. മലയാളിയായ പട്ടികജാതി വിഭാഗക്കാരനും കേരളത്തില്‍ തൊഴിലെടുക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള പട്ടികജാതി വിഭാഗക്കാരനായ ഇതരസംസ്ഥാനത്തൊഴിലാളിക്കും ലഭ്യമായ പ്രിവിലെജുകളും വ്യത്യസ്തമാണ്. പ്രിവിലെജുകളുടെ അഭാവം മൂലം സംജാതമാകുന്ന സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് ജാതിയുള്‍പ്പടെ ഒന്നിലധികം ഘടകങ്ങള്‍ ബാധകമാണ് എന്ന് മനസ്സിലാക്കാം.

ഇവിടെ ഒരു കാര്യം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. സംവരണവിരുദ്ധരുടെ വാദം അംഗീകരിച്ചുകൊണ്ട് സമ്പൂര്‍ണമായ സാമ്പത്തികസംവരണം നടപ്പിലാക്കിയാലെന്താണ് പ്രശ്‌നം? സംവരണ മാനദണ്ഡങ്ങളില്‍ ജാതി ഒരു അടിസ്ഥാനമേ ആകാതെയിരിക്കുന്നത് തീര്‍ത്തും അപകടകരമാണ്. സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കി മാത്രം വിഭജിച്ച ഈ സംവരണസംവരണേതര വിഭാഗങ്ങളില്‍ ജാതിപരമായ പ്രിവിലെജുകള്‍ ഉള്ളവരുമായി ആ പ്രിവിലെജുകള്‍ ഒട്ടുമില്ലാത്തവര്‍ നേരിട്ട് മല്‍സരിക്കേണ്ടതായി വരും. ഈ മല്‍സരം ഒരിക്കലും നീതിയുക്തമാകില്ല. അതിന്റെ ഫലമായി, ജാതീയമായ പിന്നാക്കാവസ്ഥ നേരിടുന്നവരുടെ സാമൂഹിക ചലനക്ഷമത പിന്നോട്ടടിക്കപ്പെടും. മുന്നാക്കപിന്നാക്ക ജാതികള്‍ തമ്മിലുള്ള ദൂരവും, പ്രിവിലെജുകളുടെ ഏറ്റക്കുറച്ചിലുകളും മുമ്പത്തേക്കാള്‍ രൂക്ഷമാകും.

ഇതോടൊപ്പം സാമ്പത്തികമായ പിന്നാക്കാവസ്ഥയെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ജാതിയടിസ്ഥാനത്തില്‍ മാത്രം സംവരണം നല്‍കുന്നതില്‍ പിഴവുകളുണ്ടോ എന്നും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ചരിത്രപരമായി അനീതികള്‍ നേരിട്ടുവന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ജാതിയടിസ്ഥാനത്തിലുള്ള സംവരണനയങ്ങള്‍ക്ക് നിര്‍ണായകപങ്ക് വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതംഗീകരിക്കുമ്പോള്‍ തന്നെയും, സമ്പൂര്‍ണ സാമ്പത്തികസംവരണം നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സമാനമായി ഇവിടെയും പ്രശ്‌നങ്ങളുണ്ടാകാം എന്ന സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. സംവരണവിഭാഗത്തിനുള്ളിലെ മല്‍സരത്തില്‍ പിന്നാക്കജാതിവിഭാഗങ്ങളില്‍ പെടുന്ന സാമ്പത്തികമായ മുന്നാക്കാവസ്ഥയുള്ളവര്‍ക്ക് ഒരു മുന്‍തൂക്കം ഉണ്ടാകും. അതായത് സാമ്പത്തികമായ മുന്നാക്കാവസ്ഥ മൂലമുണ്ടാകുന്ന പ്രിവിലെജുകള്‍ ആ വിഭാഗത്തിലെ തന്നെ പാവപ്പെട്ടവരെ പിന്‍തള്ളുവാന്‍ ഉപകരിക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടാകും. തദ്ഫലമായി ഈ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ പിന്നോട്ടടിക്കപ്പെടുകയും സംവരണത്തിന്റെ ഫലങ്ങള്‍ എന്നും പ്രിവിലെജുള്ള, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ മാത്രം അനുഭവിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. തദ്ഫലമായി, ജാതിക്കുള്ളില്‍ സാമ്പത്തികാടിസ്ഥാനത്തില്‍ പലതലത്തിലുള്ള തട്ടുകള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും ഇത് ഇടയാക്കുക. അങ്ങനെ, സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു വിഭാഗത്തിന് എല്ലാക്കാലവും അപ്രാപ്യമാകും. ഇത് ആ ജാതിയിലെ പാവപ്പെട്ടവരുടെ സാമൂഹിക ചലനക്ഷമത സ്തംഭിപ്പിക്കുവാന്‍ ഇടയാക്കും. സംവരണാനുകൂല്യങ്ങളില്‍ നിന്നും സാമ്പത്തിക മുന്നാക്കാവസ്ഥയുള്ള വെണ്ണപ്പാളിയെ (creamy layer) ഒഴിവാക്കുന്നത് ഈ സാമൂഹിക ചലനക്ഷമത സാധ്യമാക്കുവാനാണ്. നിലവില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ(Other Backward Castes)സംവരണത്തില്‍ മാത്രമേ ക്രീമി ലെയര്‍ നടപ്പിലാക്കിയിട്ടുള്ളൂ.

നവലിബറല്‍ നയങ്ങള്‍ അനുഷ്ഠാനപരതയോടെ നടപ്പാക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണെന്നത് സുവിദിതമാണ്. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി 2017ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് നമ്മുടെ രാജ്യത്തെ നിലവിലെ സാമ്പത്തികാസമത്വം 1922ലെ ബ്രിട്ടീഷ് ഇന്ത്യയുടേതിന് തുല്യമാണെന്നാണ്. ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്ന വികലമായ സാമ്പത്തികനയങ്ങള്‍ ആണ് ഇതിന് കാരണം. ഈ നയങ്ങളാകട്ടെ, ദളിതരെന്നോ ബ്രാഹ്മണരെന്നോ വ്യത്യാസമില്ലാതെ, എല്ലാ ജാതിവിഭാഗങ്ങളെയും ബാധിക്കുന്നുമുണ്ട്. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ധനികരെ കൂടുതല്‍ ധനികരാക്കുകയും ചെയ്യുന്ന ഈ അശാസ്ത്രീയ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ വേണം സംവരണം ഉള്‍പ്പടെയുള്ള, അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ചലനക്ഷമത സാധ്യമാക്കുന്ന നയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തേണ്ടത്. മാറിയ സാഹചര്യങ്ങളില്‍ സംവരണമാനദണ്ഡമായി ജാതിക്കൊപ്പം സാമ്പത്തികാവസ്ഥയെയും കാണേണ്ടതുണ്ട്. നിലവിലുള്ള സംവരണവിഭാഗങ്ങളെ ബാധിക്കാത്ത തരത്തില്‍, സംവരണാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കൂടി സംവരണം ലഭ്യമാക്കണമെന്ന നിലപാട് ഈ സാമൂഹികയാഥാര്‍ത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ദാരിദ്ര്യവും സാമ്പത്തികാസമത്വവും ഇല്ലാതെയാക്കുന്നതിനുള്ള ശാശ്വതവും ഏകവുമായ പരിഹാരമാര്‍ഗം സോഷ്യലിസമാണ്, സംവരണമല്ല എന്ന് വാദിക്കുന്നവരുണ്ട്. ചിട്ടയായ ആസൂത്രണപരിപാടികളിലൂടെ വര്‍ഷങ്ങളുടെ പ്രയത്‌നമാവശ്യമായ ഒന്നാണ് സോഷ്യലിസം. അതിന്റെ അഭാവം തന്നെയാണ് നിലവിലെ രൂക്ഷമായ സാമ്പത്തികാസമത്വത്തിന്റെ കാരണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, സ്വിച്ചിട്ടാല്‍ സോഷ്യലിസം വരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ തികഞ്ഞ മൂഢതയാണ്. നിലവിലെ സാഹചര്യത്തില്‍, സോഷ്യലിസ്റ്റ് നയപരിപാടികള്‍ ഉടനടി നടപ്പിലാക്കുക എന്നത് പ്രായോഗികവുമല്ല. സാമ്പത്തികമായ പിന്നാക്കാവസ്ഥ മൂലമുള്ള പ്രിവിലെജുകളുടെ അഭാവം നികത്തുന്നതിനായി, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രായോഗികമായ സംവരണം ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

സംവരണത്തില്‍ സാമ്പത്തികമായ പരിഗണനകള്‍ പാടില്ലായെന്ന് വാശി പിടിക്കുന്ന കൂട്ടര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം സാമ്പത്തികമായ പിന്നാക്കാവസ്ഥ സ്‌കോളര്‍ഷിപ്പുകളും സാമ്പത്തികമായ ധനസഹായവും നല്‍കിയാല്‍ മാറുമെന്നാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ധനസഹായവുമെല്ലാം ആശ്വാസകരമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലതേ സമയം സാമ്പത്തിക പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന പ്രിവിലെജുകളുടെ അഭാവം നികത്തുവാന്‍ സാമ്പത്തികസഹായങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പിനും സാധിക്കുകയില്ല. ഈ പ്രശ്‌നത്തിന് ശാശ്വതമോ സുസ്ഥിരമോ ആയ ഒരു പരിഹാരമാര്‍ഗവുമല്ല ഇവ.

സംവരണത്തിന്റെ ഉദ്ദേശം കേവലം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പിക്കുക എന്നത് മാത്രമാണെന്ന വാദത്തിന്റെ ന്യായീകരണങ്ങള്‍ മാത്രമാണ് മേല്‍പറഞ്ഞവ. എന്നാല്‍, പിന്നാക്ക ജാതിവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ കുത്തക ആ വിഭാഗങ്ങളിലെ വരേണ്യധനികവിഭാഗത്തിന് തീറെഴുതിക്കൊടുന്നത് എന്തുതരം സാമൂഹികനീതിയാണ് എന്ന് മാത്രം ഈ പ്രാതിനിധ്യവാദക്കാര്‍ വ്യക്തമാക്കുന്നില്ല.

സവര്‍ണജാതി വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യവും കഷ്ടപ്പാടും ചിലര്‍ കാവ്യനീതി എന്നതു പോലെ ആഘോഷിക്കുന്നുവെങ്കിലും സമൂഹത്തിലെ അസമത്വങ്ങളെ ഇല്ലാതെയാക്കുവാന്‍ യത്‌നിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്കും കയ്യും കെട്ടിനിന്ന് ആസ്വദിക്കുവാന്‍ സാധിക്കുന്ന ഒരവസ്ഥയല്ല ഒരു വിഭാഗത്തിലെയും ദാരിദ്ര്യവും, അത് സൃഷ്ടിക്കുന്ന പിന്നാക്കാവസ്ഥയും. ചില സ്വത്വവാദസംഘങ്ങളുടെ അത്തരം അപക്വമായ ആസ്വാദനവും ആഹ്ലാദപ്രകടനങ്ങളും അപകടകരമായതും തിരുത്തുവാന്‍ ബുദ്ധിമുട്ടുള്ളതുമായ കീഴ്വഴക്കങ്ങള്‍ക്ക് ഇടയാക്കും.

സംവരണം അധികാരക്കൈമാറ്റത്തിനുള്ള ഉപാധിയാണെന്നും അതൊരു ആത്യന്തികവിമോചന പ്രക്രിയയാണെന്ന വാദവും ചിലരുയര്‍ത്തുന്നുണ്ട്. ഇതൊരു തെറ്റിധാരണയാണ്. സമൂലമായ സാമൂഹികമാറ്റത്തിനുതകുന്ന ഭൗതികസാഹചര്യമൊരുക്കുവാന്‍ സംവരണം കൊണ്ടുമാത്രം സാധിക്കുകയില്ല. ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം, സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യം/പോഷകാഹാരം ഉറപ്പാക്കല്‍ തുടങ്ങിയ നടപ്പിലാക്കിയാല്‍ മാത്രമേ ജാതിയുടെ തായ്വേരുകള്‍ മുറിക്കുവാനും, കാലാന്തരത്തില്‍ അതിനെ ഉന്മൂലനം ചെയ്യുവാനും കഴിയുകയുള്ളൂ. എന്നാലിതിന് ഇന്ന് വിഘാതം സൃഷ്ടിക്കുന്നത് നവലിബറല്‍ നയങ്ങളാണ്. സാമൂഹികവിനിയോഗത്തിനായി ചെലവിടുന്ന തുക കാര്യമായി വെട്ടിക്കുറച്ചപ്പോള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള SCP/TSP ഫണ്ടുകള്‍ ഉള്‍പ്പടെ പൂര്‍ണമായും ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയിലെത്തി. എന്നാല്‍, കേരളത്തിലാകട്ടെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചുകൊണ്ട് ഇവ ജനസംഖ്യാനുപാതികമായി (10%) ബജറ്റില്‍ വകയിരുത്തി. ഇത്തരം നടപടികളിലൂടെ, മുതലാളിത്തത്തിന് ഒരു ബദല്‍ സൃഷ്ടിച്ചുകൊണ്ടു മാത്രമേ ജാതിയടക്കമുള്ള അസമത്വങ്ങള്‍ ഇല്ലാതെയാക്കുവാന്‍ സാധിക്കുകയുള്ളൂ.

സമൂഹം ചലിക്കേണ്ടത് മുന്നോട്ടാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം തുടരുമ്പോള്‍ത്തന്നെ സാമൂഹികമാറ്റങ്ങളെ വിലയിരുത്തി പിന്നാക്കം പോകുന്ന വിഭാഗങ്ങളെ സഹായിച്ചുകൊണ്ട് മുന്നോട്ട് പോവുകുക എന്നതാണ് യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ രീതി. സംവരണത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തിക്കൊണ്ടും ജാതിശൃംഖലയുടെ അടിവേരറുക്കുന്ന മറ്റ് നയപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടു വേണം മുന്നോട്ട് പോകേണ്ടത്. മൂര്‍ത്തമായ സാമൂഹികസാഹചര്യങ്ങളെ മൂര്‍ത്തമായി വിലയിരുത്തിക്കൊണ്ട്, സംവരണത്തെ സംബന്ധിച്ച് നിലവിലെ മനസ്സിലാക്കലുകളിലും വാദങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ടുമാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
പ്രതീഷ് റാണി പ്രകാശ്.Deshabhimani

പത്മാവതിയെ വേട്ടയാടുന്നവര്‍

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സിനിമ 'പത്മാവതി'ക്കെതിരെ വലിയ കോലാഹലമാണ് നടക്കുന്നത്. ചിത്രം നിരോധിച്ചില്ലെങ്കില്‍ വലിയതരത്തിലുള്ള അക്രമങ്ങള്‍ നടത്തുമെന്നാണ് ശ്രീ രജപുത്ര കര്‍ണിസേന എന്ന വലതുപക്ഷ 'ദേശീയവാദി' സംഘടനയുടെ ഭീഷണി. സിനിമയ്ക്ക് 'ചരിത്രപരമായ കൃത്യതയില്ല' എന്നതാണ് അവരുടെ പ്രധാന ഉല്‍ക്കണ്ഠ. 
ഇതാദ്യമല്ല ഒരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണിസേന മുന്നോട്ടുവരുന്നത്. 2008ല്‍ അശുതോഷ് ഗോവാരിക്കറുടെ 'ജോധ അക്ബര്‍' എന്ന ചിത്രത്തിനെതിരെയും ഈ സംഘടന മുന്നോട്ടുവന്നിരുന്നു. അതിനുശേഷം 2013ല്‍ ജോധ അക്ബര്‍ എന്ന പേരില്‍ ബാലാജി ടെലിഫിലിം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത സീരിയല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ രംഗത്തെത്തി.
പത്മാവതി സിനിമയ്ക്കെതിരെ ഇതാദ്യമല്ല കര്‍ണിസേന എതിര്‍പ്പുയര്‍ത്തുന്നത്. ജനുവരിയില്‍ ജയ്പുരിലെ ജയ്ഗഡ് കോട്ടയിലെ സിനിമയുടെ ചിത്രീകരണത്തിന്റെ സെറ്റ് ഏതാനും കര്‍ണിസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ ബന്‍സാലി ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ബാന്‍സാലിയെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു. മാര്‍ച്ചില്‍ കര്‍ണിസേനയെ പിന്തുണയ്ക്കുന്നവര്‍ ചിത്തോഡ് കോട്ടയിലെ പത്മാവതി മഹലിലെ കണ്ണാടികള്‍ തകര്‍ത്തു. അലാവുദീന്‍ ഖില്‍ജി ആദ്യമായി പത്മാവതിയെ കാണുന്നത് ആ കണ്ണാടിയിലെ പ്രതിഫലനത്തിലൂടെയായിരുന്നു. ഇതാണ് ഖില്‍ജിയെ പത്മാവതിയെ പ്രണയിക്കുന്നതിലേക്ക് നയിച്ചതെന്നാണ് കഥ. എന്നാല്‍, റാണി പത്മാവതിയുടെ കാലത്തിനുശേഷമാണ് ഈ കണ്ണാടി സ്ഥാപിച്ചതെന്നാണ് കര്‍ണിസേനയുടെ വാദം. അതിനാല്‍ ചരിത്രത്തെ വികലമാക്കുന്നുവെന്നാണ് ആരോപണം. കോല്‍ഹാപുരിലെ മസായി പീഠഭൂമിയിലെ സിനിമാ ചിത്രീകരണ സെറ്റും മാര്‍ച്ചില്‍ തകര്‍ത്തു. സെപ്തംബറില്‍ ചിത്രത്തിന്റെ റിലീസിനെതിരെ കര്‍ണിസേന പത്മാവതി സിനിമയുടെ പോസ്റ്റര്‍ പരസ്യമായി കത്തിച്ചു.
രജപുത് സംഘടനകളുടെയും ചരിത്രകാരന്മാരുടെയും പ്രത്യേകസംഘം കണ്ട് വ്യക്തത വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് അവരുടെ ആവശ്യം. ചിത്രത്തിന്റെ നിര്‍മാതാവ് ഇത് സമ്മതിക്കുന്നില്ലെങ്കില്‍ ചിത്രം പൂര്‍ണമായും നിരോധിക്കണമെന്നാണ് ആവശ്യം. ചിത്രം നിരോധിക്കുന്നതുവരെ അക്രമപരിപാടികളും മാര്‍ച്ചുകളും സംഘടിപ്പിക്കുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച കോട്ടയിലെ തിയറ്ററിലേക്ക് അത്തരത്തിലുള്ള അക്രമപരിപാടികളുണ്ടായി. കര്‍ണിസേനയെ പിന്തുണച്ച് ജമാഅത്തെ ഇസ്ളാമി ഹിന്ദ് രാജസ്ഥാന്‍ ഘടകവും രംഗത്തെത്തി. ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് മുറിക്കുമെന്ന് കര്‍ണിസേന ഭീഷണി മുഴക്കി. ചിത്രത്തിനെതിരെയുള്ള കര്‍ണിസേനയുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ പ്രതികരിച്ചതിനാണ് അവരുടെ മൂക്ക് മുറിക്കുമെന്ന ഭീഷണി.
രാജസ്ഥാനിലെ ആദരണീയയായ റാണി പത്മാവതിയെയാണ് പത്മാവതിസിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നതാണ് കര്‍ണിസേനയുടെയും അവരെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകളുടെയും  എതിര്‍പ്പിന് കാരണം. ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജി റാണി പത്മാവതിയെ പ്രണയിക്കുന്നതായി സ്വപ്നം കാണുന്ന രംഗമുണ്ടെന്നത് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടിയാണ് എതിര്‍പ്പ്. "ചിത്രത്തില്‍ റാണി പത്മാവതി അലാവുദീന്‍ ഖില്‍ജിയുമായി പ്രണയിക്കുന്ന സ്വപ്നരംഗങ്ങളുണ്ടെന്ന് ഞങ്ങളറിഞ്ഞു. ഞങ്ങളുടെ രാജ്ഞിയെ ഹീനമായ രീതിയില്‍ ചിത്രീകരിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഇത്തരം സിനിമ കര്‍ണിസേന ഒരിക്കലും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല''- കര്‍ണിസേനയുടെ ഗുജറാത്ത് ഘടകം പ്രസിഡന്റ് മന്‍സിന്‍ റാത്തോഡ് പറഞ്ഞു.
ഒന്നാമത്തേത്, പത്മാവതിയുടെ ചരിത്രപരമായ നിലനില്‍പ്പ് ഇന്നും ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി. ഏത് ചരിത്രവസ്തുതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കര്‍ണിസേന ചരിത്രപരമായ കൃത്യതയില്‍ അവകാശവാദം ഉന്നയിക്കുന്നത്? രണ്ടാമതായി, അവരുടെ വാദങ്ങള്‍ക്ക് ചരിത്രപരമായ രേഖകളുടെ പിന്തുണ ഉണ്ടെങ്കില്‍തന്നെ സിനിമ ചരിത്രത്തില്‍നിന്ന് വ്യതിചലിക്കുന്നതില്‍ തെറ്റൊന്നും പറയാനാകില്ല. ഇത് ആവിഷ്കാരസ്വാതന്ത്യ്രമാണ്. ഒരു സംവിധായകന്‍ ചരിത്രത്തില്‍നിന്ന് സ്വാതന്ത്യ്രങ്ങള്‍ കൈക്കൊണ്ടത് ഇതാദ്യമല്ല. ഉദാഹരണത്തിന് മുഗള്‍-ഇ-അസം എന്ന ചിത്രം കാണുക. ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ സമാഹരിച്ച ചിത്രങ്ങളില്‍ ഒന്നാണത്. ചരിത്രപരമായ കൃത്യതകളില്‍ മുഗള്‍-ഇ-അസമില്‍ ധാരാളം തെറ്റുകളുണ്ടായിരുന്നു.
എന്നാല്‍, ചിത്രം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. 'ഗൂമര്‍' എന്ന ഗാനത്തില്‍ റാണി പത്മാവതി നൃത്തം ചെയ്യുന്നുവെന്നതാണ് ചിത്രം നിരോധിക്കണമെന്നതിന് ഉയര്‍ത്തുന്ന മറ്റൊരു കാരണം. ഇത് ചരിത്രപരമായി തെറ്റാണെന്നാണ് അവര്‍ പറയുന്നത്. കാരണം രജപുത്ത് മഹാറാണിമാര്‍ ആരുടെ മുന്നിലും നൃത്തംചെയ്യാറില്ലത്രേ. റാണി പത്മാവതിയോട് അനാദരവ് കാണിക്കുന്നതാണ് ഈ ചിത്രീകരണമെന്നും അവര്‍ പറയുന്നു. ചരിത്രപരമായ കൃത്യതകളില്‍ എന്തിനാണ് ഇത്ര നിര്‍ബന്ധം? മുഗള്‍-ഇ-അസം എന്ന ചിത്രത്തിലെ ഷീഷ് മഹല്‍ ഡാന്‍സ് ആ കാലഘട്ടത്തിന് അനുയോജ്യമായതായിരുന്നില്ല. 19-ാംനൂറ്റാണ്ടിലെ നൃത്തശൈലിയാണ് 16-ാംനൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല. രണ്ട്, ഇനി ആര്‍ക്കെങ്കിലും അത്തരം രംഗങ്ങള്‍ അനാദരവാണെന്ന് തോന്നുകയാണെങ്കില്‍ അത് കാണാതിരിക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ട്. പക്ഷേ, എന്തിനാണ് അവര്‍ അതൊരു പ്രശ്നമായി തോന്നാത്ത, മറ്റുള്ളവരെ അത് കാണാന്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധത്തോടെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്? 
സിനിമയിലും ചരിത്രരേഖകളിലുമുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശം ഉന്നയിക്കാനുള്ള സ്വാതന്ത്യ്രം കര്‍ണിസേനയ്ക്കും മറ്റ് ഏതൊരു സംഘടനയ്ക്കുമുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ അത് നിരോധിക്കണമെന്ന് പറയുന്നതും സിനിമ സംവിധാനം ചെയ്യാനുള്ള സഞ്ജയ് ലീല ബന്‍സാലിയുടെ അവകാശത്തെ ഹനിക്കുന്നതും തീവ്രമായ നടപടിയാണ്.
കൂടാതെ, ചരിത്രപരമായ കൃത്യതകളുടെ അടിസ്ഥാനത്തില്‍ സിനിമയെ നിര്‍ബന്ധപൂര്‍വം വിലയിരുത്തുന്നത് എന്തിനാണ്? സിനിമയുടെ സംവിധാനം, ഛായാഗ്രഹണം, തിരക്കഥ എന്നിവ നല്ലതാണോ എന്ന രീതിയില്‍ വിലയിരുത്തിയാല്‍ പോരേ? ആത്യന്തികമായി ഒരു സിനിമ എത്രമാത്രം നല്ലതോ ചീത്തയോ  ആണെന്ന് തീരുമാനിക്കുന്നത് ഈ വിലയിരുത്തലിലൂടെയാണ്. ചരിത്രപരമായി ഏറ്റവും കൃത്യമായ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടില്ല. നല്ല ഗവേഷണം നടത്താന്‍ സിനിമാ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ണിസേന എല്ലാവര്‍ഷവും അവാര്‍ഡ് ഏര്‍പ്പെടുത്തണം. സിനിമ റിലീസ്ചെയ്തതിനുശേഷം മാത്രമേ കര്‍ണിസേനയ്ക്ക് ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ 

(കടപ്പാട്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം)

ലൂര്‍ദ് എം സുപ്രിയ,Deshabhimani


'സംവരണസംരക്ഷണ' ബില്ലും കേരള നിയമസഭയും


   ദേവസ്വം നിയമനത്തില്‍ മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതോടെ നീണ്ട ഇടവേളയ്ക്കുശേഷം സംവരണപ്രശ്നം വീണ്ടും സജീവചര്‍ച്ചയില്‍ ഇടംനേടിയിരിക്കുകയാണ്. സംവരണത്തിന്റെ പേരിലുള്ള 'വോട്ടുതട്ടല്‍' തന്ത്രം പലപ്പോഴും അരങ്ങേറിയിട്ടുണ്ടെങ്കിലും സംവരണം ആര്‍ക്ക് എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. സംവരണവിവാദം സജീവമാകുമ്പോള്‍ 22 വര്‍ഷംമുമ്പ് കേരള നിയമസഭ പാസാക്കിയ സംവരണസംരക്ഷണ ബില്ലിന്റെ പരിസമാപ്തി കൌതുകം പകരുന്നതാണ്. 1995 ആഗസ്ത് 31നാണ് സംവരണസംരക്ഷണ ബില്‍ എന്ന പേരില്‍ എ കെ ആന്റണി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം നല്‍കുമ്പോള്‍ പിന്നോക്കവിഭാഗത്തിലെ മേല്‍ത്തട്ടുകാരെ ഒഴിവാക്കണമെന്ന മണ്ഡല്‍ കമീഷന്‍ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള സൂത്രവിദ്യയായിരുന്നു ബില്‍. ഒരുമാസത്തിനകം നടക്കാനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ ആന്റണിയെയും കൂട്ടരെയും പ്രേരിപ്പിച്ചു. പിന്നോക്കസംരക്ഷണ മുഖപടം ചാര്‍ത്തി വോട്ട് തട്ടാനുള്ള നീക്കമായിരുന്നു ഇത്. പക്ഷേ, സുപ്രീംകോടതിയുടെ നിശിതശാസനയും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കഴിഞ്ഞപ്പോള്‍ 'സംവരണസംരക്ഷണ ബില്‍' കാണാമറയത്തായി. 
     വോട്ടുതട്ടല്‍ ബില്ലിനെ അന്ന് ശക്തിയുക്തം എതിര്‍ത്തത് സിപിഐ എം മാത്രമായിരുന്നു. എല്‍ഡിഎഫിലെ ഇതരകക്ഷികളും യുഡിഎഫും ബില്ലിനെ പിന്തുണച്ചു. സിപിഐ എം ഒരു വശത്തും മറ്റുള്ളവര്‍ മറുഭാഗത്തും അണിനിരന്ന് നടത്തിയ പോരാട്ടം കേരള നിയമസഭയുടെ നിയമനിര്‍മാണചരിത്രത്തിലെ അപൂര്‍വ അധ്യായമാണ്. രണ്ടുദിവസങ്ങളിലായി 20 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ബില്‍ പാസാക്കിയത്. സിപിഐ എമ്മിലെ 21 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 81 പേര്‍ പിന്തുണച്ചു. ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, ടി ശിവദാസമേനോന്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ക്കാന്‍ മുന്‍നിരയില്‍ നിലയുറപ്പിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യം തുറന്നുകാട്ടി സഭയ്ക്കുപുറത്തെ പോരാട്ടത്തില്‍ മഹാനായ ഇ എം എസും കരുത്തുപകര്‍ന്നു. സംവരണസംരക്ഷണ ബില്‍ എന്നാണ് യുഡിഎഫ് അവകാശപ്പെട്ടതെങ്കിലും ബില്ലിന്റെ പൊള്ളത്തരം കണക്കിലെടുത്ത് 'സമ്പന്നസംരക്ഷണ ബില്‍' എന്നാണ് സിപിഐ എം വിശേഷിപ്പിച്ചത്. 1995 സെപ്തംബര്‍ ഒന്നിന് പുറത്തിറങ്ങിയ 'ദേശാഭിമാനി'യില്‍ 'സമ്പന്നസംരക്ഷണ ബില്‍ പാസാക്കി, സിപിഐ എം എതിര്‍ത്തു' എന്നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
   നാല് ഭേദഗതികളാണ് അന്ന് സിപിഐ എം അവതരിപ്പിച്ചത്. പിന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനയും മുന്നോക്കവിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണവും വ്യവസ്ഥ ചെയ്യണമെന്നായിരുന്നു അതില്‍ പ്രധാനം. സംവരണത്തില്‍ ഏറ്റവും സുപ്രധാന നിര്‍ദേശമായിരുന്നു ഇത്.  എഴുത്തുകാരും രാഷ്ട്രീയനിരീക്ഷകരും ഉള്‍പ്പെടെ വലിയൊരു വിഭാഗം സിപിഐ എം നിലപാടിനെ പിന്തുണച്ചു. ഇതിനപ്പുറം ന്യായമായ ഒരു നയം സംവരണക്കാര്യത്തില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയപാര്‍ടിയും ആവിഷ്കരിച്ചിട്ടില്ലെന്നാണ് 'കലാകൌമുദി'യിലെ തന്റെ കോളത്തില്‍ പ്രമുഖ എഴുത്തുകാരന്‍ എം പി നാരായണപിള്ള കുറിച്ചത്. പക്ഷേ, ബില്ലിനെ എതിര്‍ത്തതിന്റെ പേരില്‍ യുഡിഎഫും ചില സമുദായ സംഘടനാ പ്രമാണിമാരും ചേര്‍ന്ന് സിപിഐ എമ്മിനെ വളഞ്ഞിട്ട് ആക്രമിച്ചു. അതിലേറെ പഴികേട്ടത് ഇ എം എസാണ്. അദ്ദേഹത്തെ സംവരണവിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമവും അരങ്ങേറി. പിന്നോക്കസംവരണം പാടില്ലെന്ന് ഭരണപരിഷ്കാര കമ്മിറ്റിയില്‍ ഇ എം എസ് നിര്‍ദേശിച്ചുവെന്ന ശുദ്ധനുണയാണ് ബില്ലിന്റെ അവതാരകനായ അന്നത്തെ നിയമമന്ത്രി കെ എം മാണി നിയമസഭയില്‍ പ്രസ്താവിച്ചത്.
   സംവരണസംരക്ഷണ ബില്ലിനെ എല്‍ഡിഎഫിലെ ഇതര കക്ഷികള്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പിന്തുണച്ചത് കേരളരാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്നും സിപിഐ എം വിരുദ്ധര്‍ അന്ന് മനക്കോട്ട കെട്ടി. പക്ഷേ, ഇതിന്റെ കഥയില്ലായ്മ അന്നുതന്നെ ഇ എം എസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് കോര്‍പറേഷനിലും ബഹുഭൂരിപക്ഷം മറ്റു തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് വിജയം കൊയ്തു. യുഡിഎഫിനേറ്റ പ്രഹരം അവിടെയും അവസാനിച്ചില്ല. തങ്ങളുടെ വിധി മറികടക്കാന്‍ ബില്‍ കൊണ്ടുവന്ന നടപടിയെ സുപ്രീംകോടതി കടുത്തഭാഷയില്‍തന്നെ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനെ ശാസിച്ച കോടതി, വിധി ലംഘിച്ചതിന് കോടതിലക്ഷ്യക്കുറ്റം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. സെപ്തംബര്‍ 11നായിരുന്നു ഈ വിധി. അത് കഴിഞ്ഞയുടനെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടന്നു. അതോടെ സംവരണസംരക്ഷണ ബില്ലിന്റെ കഥകഴിഞ്ഞു.
    മുന്നോക്കവിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം രാജ്യത്ത് ആദ്യമായി മുന്നോട്ടുവച്ചത് സിപിഐ എമ്മാണ്. ഈ ആവശ്യം ഉന്നയിച്ച് സിപിഐ എം അവതരിപ്പിച്ച നിയമഭേദഗതിയും കേരള നിയമസഭയുടെ രേഖകളിലുണ്ട്. അന്ന് തള്ളിയെങ്കിലും സിപിഐ എം നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നതാണ് യാഥാര്‍ഥ്യം. നിയമസഭയില്‍ അന്ന് സംവരണസംരക്ഷണ ബില്ലിനെ എതിര്‍ക്കുകയും മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് സംവരണം വേണമെന്ന ഭേദഗതിയെ പിന്തുണയ്ക്കുകയും ചെയ്ത പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ദേവസ്വം നിയമനങ്ങളില്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചത്
കെ ശ്രീകണ്ഠന്‍,Deshabhimani


സംവരണം ; സാമുദായികവും സാമ്പത്തികവും

      ദേവസ്വങ്ങളില്‍ എസ്സി/എസ്ടി പിന്നോക്കവിഭാഗ സംവരണം കൂടാതെ മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാനുള്ള തീരുമാനം വിവാദവിഷയമായിരിക്കുകയാണ്. തീരുമാനം എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ അനുസരിച്ചാണെന്നതോ ഇതുവരെ ബ്രാഹ്മണര്‍ കൈയടക്കിവച്ചിരുന്ന മേഖലയിലാണ് ഈ അടിസ്ഥാനപരമായ മാറ്റമുണ്ടായിരിക്കുന്നത് എന്നതോ ചര്‍ച്ചകളെ സ്വാധീനിക്കുന്നില്ല. മുന്നോക്കവിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കിയതുതന്നെ ഒരു പത്രലേഖകന്റെ ഭാഷയില്‍ പിണറായി വിജയനും എന്‍എസ്എസുമായി അടുക്കുന്നതാണ്. ചില ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം (അത് ചില കോണ്‍ഗ്രസുകാരും ഏറ്റുപിടിക്കുന്നുണ്ട്) കമ്യൂണിസ്റ്റുകാര്‍ ബ്രാഹ്മണിക്കലാണെന്നതിന്റെ തെളിവാണ്.
      ഇത്തരം വാദങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. സംവരണമെന്നാല്‍ എന്താണ് എന്നതാണ് പ്രശ്നം. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമുദായികസംവരണം ജാതിവിവേചനം ഇല്ലായ്മ ചെയ്യുന്നതിനും പുറന്തള്ളപ്പെട്ടവര്‍ക്ക് അധികാരം നല്‍കുന്നതിനുമുള്ള മാര്‍ഗമാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണ്. ചരിത്രപരമായി പിന്നോക്കവിഭാഗക്കാര്‍ അനുഭവിച്ചുപോന്ന മര്‍ദനത്തിനും വിവേചനത്തിനും അന്ത്യംകുറിക്കുന്ന നൈതികതയുടെ മാര്‍ഗമാണ്. ഇതിനെ സാമ്പത്തികചൂഷണവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല. ദാരിദ്യ്രം ഇല്ലായ്മചെയ്യാന്‍ സംവരണംകൊണ്ട് കഴിയില്ല. അതിന് മറ്റ് വഴികള്‍ തേടുന്നതാണ് ഉചിതം. സാമ്പത്തികസംവരണം കൊണ്ടുവരുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് വാദിക്കുന്നവര്‍വരെയുണ്ട്. ആദ്യത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനയുടെ 93-ാമത്തെ ഭേദഗതിയില്‍ സാമ്പത്തികസംവരണം അംഗീകരിക്കപ്പെട്ടുവെന്നത് പലപ്പോഴും മറക്കുന്നു.
    പക്ഷേ, സാമുദായിക സംവരണത്തെക്കുറിച്ച് ഉന്നയിച്ച കാതലായ വാദങ്ങള്‍ ഒറ്റനോട്ടത്തില്‍ ശരിയാണ്. സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അംബേദ്കറടക്കമുള്ള ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം അതുതന്നെയായിരുന്നു. ജാതിബദ്ധമായ സമൂഹത്തില്‍ ഭരണഘടനാപരമായി തുല്യനീതി ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയായാണ് സംവരണത്തെ കണ്ടത്. സംവരണത്തിന്റെ സാമ്പ്രദായിക തത്വങ്ങളെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കുകൂടി സംവരണം ഭരണഘടന അംഗീകരിച്ചു. പിന്നീട് മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കുകൂടി വ്യാപിപ്പിച്ചു. കേരളത്തില്‍ മുമ്പുതന്നെ ഉണ്ടായിരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഔപചാരികതലത്തില്‍ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായി.
സംവരണത്തിന്റെ ഇത്തരത്തിലുള്ള വ്യാപകമായ ഉപയോഗം രണ്ടുതരത്തിലുള്ള പ്രശ്നങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഒന്ന്, സംവരണലിസ്റ്റില്‍ പെടാത്ത നിരവധി സമുദായങ്ങള്‍ സംവരണത്തിനുവേണ്ടി വാദിക്കാന്‍ തുടങ്ങി. ഗുജറാത്തില്‍ നടന്ന ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സമരം ഉദാഹരണമാണ്. നായര്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ നേരത്തെ ഉന്നയിച്ച സാമ്പത്തികസംവരണ വാദം മറ്റൊരു ഉദാഹരണമാണ്. ഇവിടെയെല്ലാം സംവരണമെന്നാല്‍ സാമൂഹ്യനീതിയുടെയോ തുല്യതയുടെയോ രൂപമായല്ല, സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ഒരു അവകാശമായാണ് കണക്കാക്കപ്പെട്ടത്. ജാതിപരമായ പിന്നോക്കാവസ്ഥ ഇല്ലെങ്കില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും സംവരണം ബാധകമാക്കണം. ഭരണഘടനയില്‍ നിര്‍ദേശിച്ച സംവരണത്തിന്റെ ലിബറല്‍ സങ്കല്‍പ്പത്തെ സാമുദായികമായി ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് പിന്നീട് നടന്നത്. ഇത് പലപ്പോഴും സാമുദായിക സംഘര്‍ഷങ്ങളിലേക്കും നീങ്ങി. രാജസ്ഥാനില്‍ ഗുജ്ജറുകളും മീണകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉദാഹരണമാണ്. കേരളത്തില്‍പ്പോലും ചില ആദിവാസി ഗോത്രവിഭാഗങ്ങള്‍ സംവരണ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൈയടക്കുന്നുവെന്ന ധാരണ മറ്റുള്ളവരില്‍ കാണാം. അതേസമയം, മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഉത്തരേന്ത്യയിലെ പിന്നോക്ക ദളിത് സമുദായങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തുവെന്ന വസ്തുതയുമുണ്ട്.
        പ്രശ്നം ഇതാണ്. ഇതുകൊണ്ടെല്ലാം സംവരണം സാമൂഹ്യനീതിയുടെ അടിസ്ഥാനഘടകമായി മാറുമോ? ഇവിടെ സംവരണ സങ്കല്‍പ്പത്തിന്റെ ചില അടിസ്ഥാന ദൌര്‍ബല്യങ്ങളും കാണണം.സംവരണം എന്നത് അധികാരഘടനയിലെ പ്രതിനിധാനം മാത്രമല്ല. പ്രതിനിധാനത്തിന്റെ വര്‍ഗീകരണംകൂടിയാണ്. നിയമപരമായി ഒരുകൂട്ടം ആളുകളെ സംവരണ വിഭാഗമാക്കി മാറ്റുമ്പോള്‍ അവരും മറ്റുള്ളവരും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുകയല്ല, അതേപടി നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ഭൂമി മുഴുവന്‍ പിടിച്ചെടുത്തപ്പോള്‍ തദ്ദേശീയരായ ബാണ്ടു വംശജരെ റിസര്‍വേഷനുകളിലേക്ക് തള്ളുകയാണ് ചെയ്തത്. അവിടെ ബാണ്ടു ഭാഷ പഠിക്കാനും സംസ്കാരം നിലനിര്‍ത്താനുമുള്ള സൌകര്യങ്ങള്‍ ഒരുക്കിയെന്നത് നേരാണ്. പക്ഷേ, അവരും വെള്ളക്കാരും തമ്മിലുള്ള ഭിന്നത നിലനിന്നു. തികഞ്ഞ യാഥാസ്ഥിതികരായ മിന്റോ പ്രഭുവും മോര്‍ലിയും ഇതേ ആശയംതന്നെയാണ് ഇന്ത്യയില്‍ സംവരണത്തിലൂടെ ആവിഷ്കരിച്ചത്. അതനുസരിച്ച് ഇന്ത്യയിലെ ആദിവാസികളെയും ദളിതരെയും നിയമപരമായ ഷെഡ്യൂള്‍ഡ് വിഭാഗങ്ങളാക്കി. പിന്നീട് അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസത്തിലും പ്രത്യേക സീറ്റുകള്‍ നല്‍കി. മുസ്ളിങ്ങള്‍ക്കും ഇതുപോലുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ റിസര്‍വ്ഡ് മണ്ഡലങ്ങളുണ്ടായി. 1932ലെ കമ്യൂണല്‍ അവാര്‍ഡ് വഴി സംവരണം ദളിത്- ആദിവാസി- പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബൂര്‍ഷ്വാഭരണകൂടത്തിലും സ്ഥാപനങ്ങളിലും പ്രതിനിധാനം ഉറപ്പുവരുത്തുന്ന ഏകമാര്‍ഗമായി. ജാതിതന്നെ നിര്‍മൂലനം ചെയ്യാനുള്ള മറ്റൊരു മാര്‍ഗം അംബേദ്കര്‍ നിര്‍ദേശിച്ചുവെങ്കിലും അത് നടപ്പായില്ല. അതിന് സഹായകമായ കാര്‍ഷികവിപ്ളവത്തിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ ഭരണവര്‍ഗം തയ്യാറായിരുന്നില്ല. അക്കാലത്തെ തെലങ്കാനയും തേഭാഗയും കേരളത്തിലെ കര്‍ഷകസമരങ്ങളുമടക്കമുള്ള സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സംവരണം ലിബറല്‍ ചിന്തയുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും ആണിവേരായത്.
സംവരണം ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗം നടപ്പില്‍വരുത്തിയ സാമൂഹ്യസമവായത്തിന്റെ രൂപമാണ്. ഭരണഘടനയനുസരിച്ച് ഔപചാരികമായ തുല്യത ഉറപ്പുവരുത്താനുള്ള രീതിയാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അധികാരം നേടാന്‍ സഹായിക്കുന്ന ആത്യന്തികമാര്‍ഗമായി സംവരണത്തെ കാണാന്‍ കഴിയില്ല. ഇതുവരെ പുറന്തള്ളപ്പെട്ടവര്‍ക്ക് ജീവിതസുരക്ഷ ഉറപ്പുവരുത്തുന്ന താല്‍ക്കാലിക ആശ്വാസനടപടിയായിമാത്രമേ സംവരണത്തെ കാണാന്‍ കഴിയൂ. നമ്മുടെ ബൂര്‍ഷ്വാ ജനാധിപത്യക്രമത്തില്‍ ഉറപ്പുവരുത്താന്‍ കഴിയുന്ന പ്രതിനിധാനത്തിന്റെ രൂപവുമാണത്. ന്യൂനപക്ഷസംവരണം നടപ്പാക്കിയതിലൂടെ കേവലമായ ജാതിസംവരണത്തിനപ്പുറം കടന്ന് ഭൂരിപക്ഷമതം അടിച്ചമര്‍ത്തുന്ന മതവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി. ഇത്തരം മതങ്ങള്‍ നിയമപരമായ മതസമുദായങ്ങളായി. ജാതി സാമുദായികത എന്ന പ്രയോഗംതന്നെ വളര്‍ന്നുവന്നത് അതിനുശേഷമാണ്. ജാതിമതനിരപേക്ഷമായ സ്വതന്ത്രസമുദായം ഉണ്ടാകാമെന്ന ധാരണപോലും ഇല്ലാതായി. സെക്യുലറിസം എന്നാല്‍, സാമുദായികമായ ഉള്‍പ്പെടല്‍ രാഷ്ട്രീയമായി. സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ 33 അഥവാ 1/3 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യണമെന്ന വാദമുയര്‍ന്നപ്പോള്‍ സംവരണത്തിന് മറ്റൊരു മാനംവന്നു. സാമുദായിക സംവരണവുമായുള്ള പൊരുത്തക്കേടുകളാണ് സ്ത്രീസംവരണത്തിനെതിരായ പ്രധാന തടസ്സവാദങ്ങളെന്നുമോര്‍ക്കണം. മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെ ഉയര്‍ന്നുവന്ന സാമ്പത്തിക- സാമൂഹ്യ സംവരണ തര്‍ക്കത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പൂരി ഠാക്കൂര്‍ മുന്നോട്ടുവച്ച ഫോര്‍മുലയും ശ്രദ്ധേയമാണ്. ഇന്ത്യയൊട്ടാകെ വ്യാപിച്ച മുന്നോക്ക- പിന്നോക്ക സമുദായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍പൂരി ഠാക്കൂര്‍ മുന്നോക്കവിഭാഗങ്ങളിലെ അതിദരിദ്രര്‍ക്കും സംവരണം നല്‍കണമെന്ന് വാദിച്ചത്. പലരും ധരിക്കുന്നതുപോലെ ദാരിദ്യ്രം ഇല്ലായ്മചെയ്യാനല്ല. മുന്നോക്കവിഭാഗങ്ങളിലെ സമ്പന്നവര്‍ഗം ഭൂരിഭാഗം തൊഴിലുകളും വിദ്യാഭ്യാസ സൌകര്യങ്ങളും കൈയടക്കിവച്ച സാഹചര്യങ്ങളില്‍ അവരുടെ ഇടയിലെ അവശവിഭാഗങ്ങളുടെ പ്രതിനിധാനംതന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. പിന്നോക്കവിഭാഗങ്ങളിലെ സമ്പന്നരെ (ക്രീമിലെയര്‍) ഒഴിവാക്കണമെന്നും നിര്‍ദേശം വന്നു. സംവരണത്തിനുള്ള ആവശ്യം ശക്തിപ്പെട്ടതോടെ സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്റെകാലത്ത് അര്‍ജുന്‍സിങ്ങിന്റെ ഭരണഘടനാഭേദഗതിയോടെ വിദ്യാഭ്യാസരംഗത്ത് പിന്നോക്കവിഭാഗ സംവരണവും മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരുടെ സംവരണവും നിയമത്തിന്റെ ഭാഗമായി.
     സംവരണത്തിന്റെ ഈ ലഘുചരിത്രം പുറത്തുകൊണ്ടുവരുന്ന ചില വസ്തുതകളുണ്ട്. കേവലമായ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം മാത്രമല്ല സംവരണംകൊണ്ട് സാധിച്ചത്. അതിനോടൊപ്പം സാമൂഹ്യസംഘര്‍ഷങ്ങളെ വേറൊരു രൂപത്തില്‍ മാറ്റിയെടുക്കാനും സാമുദായികതയെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇത് വരുത്തിവച്ച മാറ്റമാണ് സംവരണവിരുദ്ധര്‍ക്കുമാത്രമല്ല, അവരുടെ ചുമലിലേറി ഹിന്ദുത്വരാഷ്ട്രീയത്തിനും ജനസ്വാധീനം നേടാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ കര്‍പൂരി ഠാക്കൂര്‍ ഫോര്‍മുലയെ ഉയര്‍ത്തിപ്പിടിച്ച് വാദിക്കാന്‍ ശ്രമിച്ചത് ഇ എം എസിനെപ്പോലുള്ളവരായിരുന്നു.
     റിസര്‍വേഷന്‍ ഒരു സംവര്‍ഗമായി നമ്മുടെ ജനാധിപത്യക്രമം അംഗീകരിക്കുന്നിടത്തോളം കാലം അതിനെ ഉപയോഗിച്ച് തുല്യതയും അധികാരഘടനയില്‍ പ്രതിനിധാനവും നേടിയെടുക്കാനുള്ള ശ്രമം തുടരും. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍നിന്നുമാത്രമല്ല, ഇന്ന് അടിച്ചമര്‍ത്തപ്പെടുന്നവരില്‍നിന്നും അതേ പ്രതികരണമുണ്ടാകാം. കേന്ദ്ര സര്‍ക്കാര്‍, ജനതയെ എപിഎല്ലെന്നും ബിപിഎല്ലെന്നുമാക്കി തിരിച്ചപ്പോള്‍ ബിപിഎല്ലിന്റെ ഭാഗമാകാന്‍ നടത്തിയ നെട്ടോട്ടം ഉദാഹരണമാണ്. ഇത്തരത്തിലുള്ള ജനവിഭാഗമുണ്ടെന്ന് തിരിച്ചറിയുകയും അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മാത്രമാണ് സാമ്പത്തികസംവരണംകൊണ്ട് സാധിക്കാവുന്നത്. അത് സംവരണത്തെ വെല്ലുവിളിക്കുകയാണെന്ന് വാദിക്കുന്നത് സാമൂഹ്യനീതി എന്നാല്‍, സാമുദായികനീതിയാണെന്ന് വാദിക്കുന്നതിനുതുല്യമാണ്. മുതലാളിത്തവ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം തെരുവില്‍ വലിച്ചെറിയപ്പെടുന്നവരുടെ പാരമ്പര്യം മാത്രമല്ല നോക്കുക. തീര്‍ച്ചയായും വംശീയതയും ജാതീയതയും ലിംഗഭേദങ്ങളുമുള്ളവര്‍ തെരുവില്‍ അതിവേഗം വലിച്ചെറിയപ്പെടും. ഏറെ താമസിയാതെ മറ്റുള്ളവരും തെരുവിലേക്ക് വലിച്ചെറിയപ്പെടുമെന്നുതന്നെയാണ് മുതലാളിത്തത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ജനാധിപത്യക്രമം അനുവദിക്കുന്നതരത്തിലുള്ള മുന്‍കരുതലുകള്‍കൂടി എടുക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ബൂര്‍ഷ്വാസമൂഹവും നിയമാവലിയും അംഗീകരിക്കുന്നവിധത്തിലുള്ള ഔപചാരികതുല്യത ഒരുപരിധിവരെ നേടിയെടുക്കാന്‍മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്ന തിരിച്ചറിവും ആവശ്യമാണ്.
    ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ തുല്യതയുടെ മാനദണ്ഡം ജാതീയമായ പ്രതിനിധാനവുമാകും. അതുകൊണ്ട് എല്ലാതലങ്ങളിലും സാമൂഹ്യനീതി ഉറപ്പുവരുത്താമെന്നും ദാരിദ്യ്രനിര്‍മാര്‍ജനം നടത്താമെന്നും ചൂഷണവ്യവസ്ഥ അവസാനിപ്പിക്കാമെന്നുമുള്ള അവകാശവാദങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമെന്ന് കരുതുന്നില്ല. ദേവസ്വംവകുപ്പിന്റെ തീരുമാനത്തെക്കുറിച്ച് ന്യായമായും അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ, വരേണ്യവര്‍ഗത്തിന്റെ കുത്തകയായിരുന്ന തൊഴില്‍ തുറകളില്‍ സാധ്യമായ വിധത്തിലുള്ള പ്രവേശനം ഉറപ്പുവരുത്താനായി പുറന്തള്ളപ്പെടുന്നവര്‍ക്ക് നല്‍കുന്ന താല്‍ക്കാലികാശ്വാസമായി ഇത്തരം നടപടികളെ കണ്ടാല്‍ മതി. അത് ചെയ്യാന്‍ ശ്രമിക്കുന്നവരെ സവര്‍ണ ബ്രാഹ്മണിക്കല്‍ കമ്യൂണിസ്റ്റുകാരെന്നും മറ്റും വിളിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിടുവായത്തമാണ്
KN Ganesh,Deshabhimani