Thursday, 4 January 2018

ഭീമ കോറെ ഗാവ് യുദ്ധം.

സ്വദേശാഭിമാനവും കപട ദേശീയതയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു 1818 ജനുവരി 1 ന് നടന്ന ഭീമ കോറെ ഗാവ് യുദ്ധം. തൊട്ടുകൂടായ്മയുടേയും ജാതിവിവേചനത്തിന്റേയും ചാട്ടവാറുളാൽക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന ദളിത് മഹർ വിഭാഗത്തിലെ ധീരോദാത്തരായ പടയാളികൾ മറാട്ടയിലെ പേഷ്വാ രാജ വംശത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്തെറിഞ്ഞ ചരിത്രം. മറാട്ടാ പേഷ്വാ രാജഭരണത്തിന്റെ അന്ത്യം കുറിച്ച യുദ്ധം .അതിക്രൂരമായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്ന മഹർ വിഭാഗക്കാരുടെ ജീവിതം അടിമകളുടേതിനേക്കാൾ പരവശമായിരുന്നു.തമ്പുരാന്മാർ വഴി നടക്കുന്നതിന്റെ ചുറ്റുവട്ടത്തെങ്ങും നിൽക്കാൻ പോലും യോഗമില്ലാത്തവർ. തെരുവീഥികളിൽ പരസ്യമായും പരിഹാസ്യമായും ശിക്ഷിക്കപ്പെട്ടവർ. ഒരു നാൾ അവർ ഉയർത്തുന്നേറ്റു.ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്തുണ മഹറുക ൾക്കുണ്ടായിരുന്നെങ്കിലും ആകെയുള്ള എണ്ണൂറ്റിമുപ്പത്തിനാല് സൈനികരിൽ അഞ്ഞൂറ് പേരും മഹർ സൈനിക ർ തന്നെയായിരുന്നു.ഇവരാണ് പതിനായിരം കുതിരപ്പടയാളികളും എണ്ണായിരം കാലാൾപ്പടയും കൈവശമുണ്ടായിരുന്ന ബാജിറാവു പേഷ്വാ രണ്ടാമന്റെ അധികാര ഗോപുരങ്ങൾ തകർത്തെറിഞ്ഞത്.ബ്രാഹ്മണ്യത്തിലും ജാതി ഭ്രഷ്ഠിലും മുഴുകി ദുർഭരണം നടത്തിയ വരേണ്യവർഗ്ഗത്തിനെതിരെ അ സാമാന്യവും അമാനുഷികവുമായ ധീരതയാണ് മഹർ സൈനികർ പ്രകടിപ്പിച്ചത്.ഐതിഹാസികമായ ഈ യുദ്ധം കഴിഞ്ഞപ്പോൾ പേഷ്വാ രാജ വംശം തന്നെ വേരോടെ പിഴുതെറിയപ്പെട്ടു. ചരിത്രത്തിൽ രക്തത്തുടിപ്പുള്ള മഷിയിൽ എഴുതപ്പെട്ട ഈ യുദ്ധത്തിന്റെ രണ്ടാംശതാബ് ദിയായിരുന്നു ഇക്കഴിഞ്ഞ ജനുവരി ഒന്ന്.മുഖ്യധാരയിൽ നിന്നും ഇന്നും അകറ്റി നിർത്തപ്പെടുന്ന ദളിത് മഹറുകൾ വീരശൂരരായ തങ്ങളുടെ മുൻഗാമികളെ ഓർമ്മിക്കാൻ ഒത്തുകൂടിയത് പോലും ഒരു വിഭാഗത്തിന് സഹിക്കാനാവുന്നില്ല.ഇരുനൂറ് വർഷം കഴിഞ്ഞിട്ട് പോലും ഇതാണ് സ്ഥിതി.എന്നിട്ടും ഇതിനിടയിലും കപട ദേശീയതയുടെ കീർത്തനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അവയുടെ മുഴക്കം നമ്മുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.