Saturday, 3 November 2012


  • "അമ്മായിയമ്മ മരുമകനയച്ച കത്തുകള്‍" 
  • ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരക്ക് കത്തയച്ചിരുന്നു. "അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍" എന്ന പേരില്‍ പ്രസിദ്ധമാണ് ഇത്. ഭൂമിശാസ്ത്രം, ചരിത്രം, സംസ്ക്കാരം എന്നിവയെല്ലാം മകള്‍ ഇന്ദിരക്ക് ലളിതമായി പറഞ്ഞുകൊടുക്കുകയായിരുന്നു അച്ഛന്‍ നെഹ്റു. "ഇന്ദൂ" എന്ന് വിളിച്ചുകൊണ്ടാണ് നെഹ്റു കത്ത് തുടങ്ങുന്നത്. താഴെ കൊടുത്തിരിക്കുന്നത് ഭാവിയില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള കത്താണ്. " അമ്മായിയമ്മ മരുമകനയച്ച കത്തുകള്‍". ഇതും പഠിപ്പിക്കല്‍ തന്നെ!. കത്തു വായിക്കൂ.

    "പ്രിയപ്പെട്ട വദ്രൂ, മദര്‍ ഇന്‍ ലോസ് പൊതുവെ നെഗറ്റീവ് ക്യാരക്ടേഴ്സാണ്. ഒരു വില്ലന്‍ ടച്ച്. അമ്മമാരോട് ചേര്‍ത്തുവച്ചിരിക്കുന്ന ഒരു ഗുണവും അമ്മായിയമ്മമാരോട് ചേര്‍ത്തുവച്ചിട്ടില്ല. ഇത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം പ്രത്യേകതയല്ല, ഗ്ലോബല്‍ പ്രതിഭാസമാണ്. ആഗോളവ്യാപകം. അമ്മമാര്‍ക്കുള്ള സ്നേഹം, നിസ്വാര്‍ഥത, ത്യാഗം, വികാരവായ്പ് ഇതൊന്നും അമ്മായിയമ്മമാര്‍ക്ക് ആരും അനുവദിച്ചിട്ടില്ല. അമ്മമാരുടെ ത്യാഗത്തെക്കുറിച്ചറിയാന്‍ നീ ആദ്യം വായിക്കേണ്ടത് പൂതപ്പാട്ടാണ്. അത് ഒരു വകുപ്പോ, മന്ത്രിയുടെ പേരോ അല്ല. കവിതയാണ്. നീ ആന്റണിയങ്കിളിനോട് പറഞ്ഞാല്‍ മതി. അടുത്തതവണ കേരളത്തില്‍ പോയി വരുമ്പോള്‍ അങ്കിള്‍ കൊണ്ടു വരും. സോളമന്‍ രാജാവിന്റെ കഥ നീ കേട്ടിട്ടില്ലേ, വദ്രൂ? ജോലിത്തിരക്കിനിടയില്‍ നീ ആ കഥ കേട്ടുകാണില്ല. എല്ലാവര്‍ക്കും അറിയാവുന്നതാണ് അത്. ഇസ്രയേലിലെ രാജാവായിരുന്നു സോളമന്‍. നീതിമാന്‍. ഒരിക്കല്‍ രണ്ട് അമ്മമാര്‍ ഒരു കുട്ടിയുടെ മീതെ അവകാശം ഉന്നയിച്ചു. സോളമന്‍ കുട്ടിയെ മുറിച്ച് രണ്ടുപേര്‍ക്കുമായി കൊടുക്കാന്‍ പറഞ്ഞു. മന്ത്രിസഭാ തര്‍ക്കമുണ്ടാവുമ്പോള്‍ നമ്മളും ഇതു തന്നെയാണ് ചെയ്യുന്നത്. വകുപ്പു മുറിച്ച് രണ്ടാക്കും. അതോടെ ശാന്തം. സ്ഥിതിഗതികള്‍ നിയന്ത്രണാധീനം. പക്ഷേ സോളമന്‍ പറഞ്ഞപ്പോള്‍ ഒരമ്മ കുട്ടിയെ മുറിക്കാന്‍ സമ്മതിച്ചില്ല. യഥാര്‍ഥ അമ്മ അതാണെന്ന് പറഞ്ഞ് സോളമന്‍ കുട്ടിയെ അവരെ ഏല്‍പ്പിച്ചു എന്നാണ് കഥ. സോളമന്റെ മുന്നില്‍ രണ്ട് അമ്മായിയമ്മമാരും എത്തിയെന്ന് കേള്‍ക്കുന്നു. ഒരു മരുമകന്റെ പേരില്‍ അവകാശം ഉന്നയിച്ചു കൊണ്ടാണ് ഇത്. സോളമന്‍ പിന്നേം കുഴപ്പത്തിലായി. രാജസദസ്സില്‍ മൂന്നു പേരെയും വിളിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യല്‍, വിസ്താരം. രണ്ട് അമ്മായിയമ്മമാരും വിടുന്നില്ല. ഒപ്പത്തിനൊപ്പം. മരുമകനാവട്ടെ തന്ത്രപരമായ മൗനം പാലിച്ചു. ഒടുവില്‍ സോളമന്‍ പഴയതന്ത്രം തന്നെ പ്രയോഗിച്ചു. മരുമകനെ രണ്ടാക്കുക. ആദ്യത്തെ അമ്മായിയമ്മ സമ്മതിച്ചു. രണ്ടാമത്തെ അമ്മായിയമ്മ സമ്മതിച്ചില്ല. സോളമന്‍ വിധികല്‍പിച്ചു- ആദ്യത്തെ അമ്മായിയമ്മയാണ് യഥാര്‍ഥ അവകാശി. രാജസദസ്സിലാരോ ചോദിച്ചു. " മഹാരാജാവേ... അത് ശരിയോ?. അവര്‍ മരുമകനെ രണ്ടാക്കാന്‍ സമ്മതിച്ചതല്ലേ?." നീതിമാനായ സോളമന്‍ പറഞ്ഞു. "ഒരു യഥാര്‍ഥ അമ്മായിയമ്മ അങ്ങനെയാണ്" ഇതൊക്കെ അമ്മായിയമ്മമാരുടെ നെഗറ്റീവ് ഫ്രെയിമുകളാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ലെന്ന് വദ്രുവിന് അറിയാമല്ലോ. മക്കളും മരുമക്കളുമെല്ലാം എനിക്ക് ഇന്ത്യപോലെ തന്നെ പ്രിയപ്പെട്ടതാണ്. ക്ഷേമം എന്നതാണ് എന്റെ ലക്ഷ്യം. രാജ്യത്തിനായാലും, കുടുംബത്തിനായാലും. തല ചായ്ക്കാന്‍ എഴുപതേക്കര്‍ വാങ്ങിയതിലും, സ്വല്‍പം വായ്പ കിട്ടിയതിലും നിന്നെ പരിഹസിക്കുന്ന പലരും കാണും. തളരരുത് വദ്രൂ. നാം എന്തു വാങ്ങുന്നു എന്നതല്ല പ്രശ്നം. നമ്മുടെ മനസ്സ് നിര്‍മലവും ശുദ്ധവുമായിരിക്കണം എന്നതാണ്. ഏഴല്ല, എഴുപതല്ല, എഴുന്നേറേക്കര്‍ വാങ്ങിക്കോളൂ. മനസ്സ് ശുദ്ധമായിരുന്നാല്‍ മതി. ഒരു പ്രവൃത്തിയുടെ ന്യായാന്യായത തീരുമാനിക്കുന്നതെങ്ങനെ എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് വദ്രൂ നീ കേട്ടിട്ടുണ്ടോ?

    ഗാന്ധിജി ആരാണെന്ന് അറിയാമോ? ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടില്‍ പോയിരിക്കുന്നതെന്തിനാണെന്ന് വദ്രു ചോദിക്കാറില്ലേ? അന്നൊന്നും പറഞ്ഞുതരാന്‍ സമയമുണ്ടായില്ല. ഓരോ തിരക്കുകള്‍. നിനക്കുമറിയാമല്ലോ അത്. ഹി വാസ് ഗ്രേറ്റ്... വദ്രൂ. റിയലി ഹി വാസ് ഗ്രേറ്റ്. യു നോ ഐ ആം ആള്‍സോ എ ഗാന്ധി. ഐ ആം സോണിയാ ഗാന്ധി. ഹി വാസ് മഹാത്മാഗാന്ധി. എനിക്കും അദ്ദേഹത്തിനും അധികാരം ഇഷ്ടമല്ല.

    നിന്റെ മുതുമുത്തശ്ശന്‍ നെഹ്റു ഗാന്ധിജിക്ക് ഇഷ്ടമല്ലാത്തതൊന്നും ചെയ്യാറില്ല. ലുക്, മന്‍മോഹന്‍. എനിക്കിഷ്ടമല്ലാത്തതൊന്നും മന്‍മോഹനും ചെയ്യാറില്ല. ഗാന്ധി ഈസ് ദ ഫാദര്‍ ഓഫ് നേഷന്‍. ഐ ആം ദ മദര്‍ ഓഫ് യുപിഎ. ഞാന്‍ എം പി യാണ്. അദ്ദേഹം എം പിയല്ല. അതാണ് ഞങ്ങള്‍ തമ്മിലുള്ള ഏക വ്യത്യാസം. അദ്ദേഹം പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു, ഞങ്ങളും അങ്ങനെ ജീവിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നു. സബര്‍മതി ആശ്രമത്തില്‍ വിറകടുപ്പായിരുന്നു. ഞങ്ങളും ജനങ്ങളോട് വിറക് ഉപയോഗിക്കാന്‍ പറയുന്നു. മരം നടാന്‍ ഗാന്ധി പറഞ്ഞു, മന്‍മോഹനും മരം നടാന്‍ പറയുന്നു. മരം നടുന്നതിലൂടെ മന്‍മോഹന്‍ ജനങ്ങളെ സ്വയം പര്യപ്തരാവാന്‍ പഠിപ്പിക്കുന്നു. നോക്കൂ. ഒരു കുഞ്ഞ് വിശന്നുകരയുന്നു. അരി വേവിക്കാന്‍ ഒന്നുമില്ല. അമ്മ കുട്ടിയോട് പറയും. "കുഞ്ഞേ കരയല്ലേ... അച്ഛനൊരു തൈ നട്ടിട്ടുണ്ട്. അത് വളര്‍ന്ന് മരമാകുമ്പോ വെട്ടി വിറകാക്കി കുഞ്ഞിന് അരി വേവിച്ച് തരാം. അതു വരെ... ന്റ കുഞ്ഞ് കരയല്ലേ.. വാവോ... വാവോ..." കുഞ്ഞ് ക്ഷമിക്കാന്‍ പഠിക്കുന്നു. തൈ വലുതാവുന്നതും നോക്കി കുത്തിയിരിക്കുന്നു.

    ഇതിനിടയില്‍ അച്ഛനുമമ്മയുമൊക്കെ കഥാവശേഷരായിട്ടുണ്ടാകും. മരം വലുതാവുമ്പോള്‍ കുഞ്ഞ് പോയി അത് വെട്ടി ഉണക്കി വിറകാക്കി കഞ്ഞി വച്ച് കുടിക്കുന്നു. അങ്ങനെ ഭാരതം വളര്‍ച്ചനിരക്ക് കൈവരിക്കുകയും ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം മുഴുവന്‍ വേവിച്ചെടുത്തത് വിറകടുപ്പിലല്ലേ? ഹാരപ്പന്‍ സംസ്കാരം വെന്തത് ഗ്യാസിലോ? വിറകിലോ? ഈരേഴു പതിന്നാലു ലോകത്തിനും ഉടയവനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗുരുവിന് വേണ്ടി ഗ്യാസ് ബുക്ക് ചെയ്യാനല്ലല്ലോ പോയത്, കാട്ടില്‍ വിറകൊടിക്കാനല്ലേ? അശോകനും ചന്ദ്രഗുപ്തനും അക്ബറും കഞ്ഞി ഉണ്ടാക്കിയത് വിറകിലല്ലേ. അവരുടെ ഭരണകാലം മോശമായിരുന്നോ? സുവര്‍ണകാലങ്ങളായിട്ടല്ലേ അതെല്ലാം കൊണ്ടാടുന്നത്?

    ചരിത്രത്തിലെ എല്ലാ സുവര്‍ണകാലങ്ങളും വേവിച്ചത് വിറകടുപ്പിലാണ്. വിറകടുപ്പെരിയുന്ന ഭാരതം- അതായിരുന്നു ഗാന്ധിയുടെ സ്വപ്നം. ആ സ്വപ്നത്തിലേക്കാണ് വദ്രൂ, ഞാനും മന്‍മോഹനും നടക്കുന്നത്. ഞാന്‍ പറഞ്ഞുവന്നത് ഒരു പ്രശ്നത്തിന്റെ ന്യായാന്യായതകള്‍ തീരുമാനിക്കുന്നതിനെക്കുറിച്ചാണ്. ഗാന്ധിജി പറഞ്ഞതെന്താണെന്ന് അറിയോ?. "ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ നിങ്ങള്‍ കണ്ട ഏറ്റവും ദരിദ്രനായ മനുഷ്യനെ ഓര്‍ക്കുക. ആ പ്രവൃത്തി അയാള്‍ക്ക് ഗുണകരമാണോ എന്ന് ആലോചിക്കുക." വദ്രൂ അതാണ് ഓര്‍ക്കേണ്ടത്. ഭൂമി വാങ്ങുമ്പോള്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങള്‍ നടക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ ഓര്‍ക്കുക. എന്നിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി വേണ്ട കാര്യങ്ങളൊക്കെ ചെയ്യുക. അവര്‍ക്ക് വേണ്ടിയാണിതെല്ലാം എന്ന് മറ്റുള്ളവര്‍ അറിയട്ടെ. കച്ചവടം എത്ര കോടിയുടേതെങ്കിലും ആവട്ടെ. മനസ്സില്‍ ദരിദ്ര കോടികള്‍ ഉണ്ടായാല്‍ മതി. മറ്റുള്ളവര്‍ ഇതിനെ അഴിമതി എന്ന് പറഞ്ഞേക്കാം.

    നമുക്ക് മനസ്സാക്ഷിയാണ് വലുത്. വദ്രൂ നീ പറഞ്ഞ മറുപടി അസ്സലായി. "മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപ്പബ്ലിക്". ഗംഭീരം! ഏത്തവാഴ നാട്ടിലെ മാങ്ങ മനുഷ്യര്‍. ഒന്നുകൂടി പരിഷ്കരിക്കാം. ഏത്തവാഴക്കാട്ടിലെ മാങ്ങാണ്ടികള്‍! ബനാന റിപ്പബ്ലിക് എന്നത് പിന്നോക്കരാജ്യവും, മാംഗോ പീപ്പിള്‍ എന്നത് പാവപ്പെട്ട മനുഷ്യരുമാണല്ലൊ. ഇതെല്ലാം ആധുനിക പ്രയോഗങ്ങള്‍. ഭാഷയില്‍ വദ്രു ഇത്ര സമര്‍ഥനാണെന്ന് ഞാന്‍ അറിഞ്ഞില്ല. ദരിദ്രരെന്നും മാങ്ങാണ്ടികളാണല്ലോ! നീ ആക്ഷേപിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. കാര്യമാക്കണ്ട. അവര്‍ കര്‍ഷകദ്രോഹികളാണ്. നീ ഉപമക്കു വേണ്ടി ഉപയോഗിച്ചത് കാര്‍ഷികോല്‍പ്പന്നങ്ങളാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഒരു കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഉപമകള്‍പോലും കര്‍ഷകനൊപ്പമായിരിക്കണം.

    ഓരോ വാക്കിലൂടെയും നീ അത് തെളിയിച്ചു. ഇത്തരം വാക്കുകള്‍ ഇനിയും ഉണ്ടാക്കാവുന്നതാണ്. പച്ചക്കറികളില്‍നിന്ന് ഇമ്മാതിരി വാക്കുകള്‍ ഉണ്ടായാല്‍ കൃഷി വികസിക്കും. "ടപ്പിയോക്ക ഡെമോക്രസി" എന്ന ഒരു വാക്കുണ്ടാക്കാവുന്നതാണ്. കിഴങ്ങ് ജനാധിപത്യം. അഥവാ തപ്പിനോക്കി ജനാധിപത്യം. ചില്ലി മിനിസ്ട്രി- എരിവുള്ള വകുപ്പ്, ബീന്‍സ് റൂള്‍- ശോഷിച്ച ഭരണം. ഭാഷയില്‍ കാണിച്ച സാമര്‍ഥ്യത്തിന് നിനക്കെന്തു വേണം? പത്മശ്രീ? പത്മഭൂഷണ്‍? പത്മവിഭൂഷണ്‍? പണം മരത്തില്‍ കായ്ക്കില്ലെന്ന് മന്‍മോഹന്‍ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ?.

    അത് മണ്ണില്‍ വിളയുന്നു എന്നാണ് അര്‍ഥം. മണ്ണ് പൊന്നാണ്. അതുകൊണ്ട് നീ മണ്ണു തന്നെയാണ് വാങ്ങേണ്ടത്. നിന്റെ റിയല്‍ എസ്റ്റേറ്റ് ഭാവിഭാരതത്തിന്റെ രൂപരേഖയാണെന്ന് എനിക്കറിയാം. നാം എത്ര വളര്‍ന്നാലും മണ്ണില്‍ തന്നെ നില്‍ക്കണം. ചവി ട്ടാന്‍ ഇത്തിരി മണ്ണ്. വദ്രൂ, അത് മാത്രമാണ് നീ ചെയ്തത്. കുരുക്ഷേത്രം നീ കേട്ടിട്ടുണ്ടല്ലോ? ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ കര്‍മഭൂമിയാണ് അത്. ആ കുരുക്ഷേത്രം നീ ഭൂമി വാങ്ങിയ ഹരിയാനയില്‍ തന്നെയായത് യാദൃശ്ചികമാവാം. അല്ലെങ്കില്‍ ദൈവനിശ്ചയമാവാം. ദൈവം അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ ഒരാളെ തെരഞ്ഞെടുക്കും. മഹാഭാരതത്തില്‍ തേരാളിയായ കൃഷ്ണനിലൂടെയാണ് ദൈവം തന്റെ തീരുമാനം നടപ്പാക്കിയത്.

    യുദ്ധഭൂമിയില്‍ തളര്‍ന്നുവീണ അര്‍ജുന് ഗീതോപദേശം നല്‍കുന്നു ഭഗവാന്‍. അന്നു തേരാളി എങ്കില്‍ ഇന്ന് കരകൗശലക്കച്ചവടക്കാരനായ നീയാണ് വദ്രൂ, കര്‍മഭൂമിയില്‍. നിന്റെ മുന്നിലും കുരുക്ഷേത്രം തന്നെ. അന്ന് കുരുക്ഷേത്രത്തില്‍നിന്ന് ഭഗവാന്‍ പറഞ്ഞു. കര്‍മണ്യേ.... വാധികാരസ്തേ..." കര്‍മം ചെയ്യുക, ഫലത്തെക്കുറിച്ച് ചിന്തിക്കരുത്. അതു തന്നെയാണ് വദ്രൂ എനിക്കും പറയാനുള്ളത്. കര്‍മം ചെയ്യുക, കമ്മീഷനെക്കുറിച്ച് ചിന്തിക്കരുത്. അത് അക്കൗണ്ടില്‍ വന്നോളും. എല്ലാ ഭാവുകങ്ങളും.

    നിന്റെ പ്രിയപ്പെട്ട മദര്‍ ഇന്‍ ലോ.

    എം എം പൗലോസ്, .ദേശാഭിമാനി വാരിക 

No comments:

Post a Comment