- എന്താണ് നവോത്ഥാനമൂല്യങ്ങള്‍?
- പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിെന്‍റ ആദ്യ ദശകങ്ങളിലുമായി കേരളത്തില്‍ ഉടലെടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പൊതുവില്‍ ഉണര്‍ത്തിവിട്ട ചില മാനസികാവസ്ഥകളുണ്ടായിരുന്നു. ആചാരത്തിേന്‍റയും വിശ്വാസത്തിേന്‍റയും അദൃശ്യ തടവറകള്‍ക്കുള്ളില്‍ ഭയന്നുവിറച്ചു നില്‍ക്കുകയായിരുന്ന മനുഷ്യമനസ്സുകളെ അതു മോചിപ്പിച്ചു. ആചാരങ്ങളെ അനാചാരങ്ങളെന്നു വിളിച്ചു. വിശ്വാസത്തെ അന്ധവിശ്വാസമാക്കി. കാളികൂളി ദൈവങ്ങളെ ഉച്ചാടനംചെയ്തു. സവര്‍ണ്ണെന്‍റ കുത്തകയായിരുന്ന ജ്ഞാനയോഗവും കര്‍മ്മയോഗവും ലംഘിച്ചു. വിഗ്രഹം പ്രതിഷ്ഠിച്ചു. വേദങ്ങള്‍ പഠിച്ചു. മേലാളനെ കണ്ടാല്‍ രണ്ടാം മുണ്ടെടുത്ത് അരയില്‍കെട്ടി ഓഛാനിച്ചുനിന്നവര്‍ നട്ടെല്ലുനിവര്‍ത്തിനിന്ന് രണ്ടാം മുണ്ടെടുത്ത് തലയില്‍കെട്ടി. ഇത് മാനസികമായ ഒരു പ്രവണതയായിരുന്നു. ധൈര്യത്തിേന്‍റയും തേന്‍റടത്തിേന്‍റയും സൂര്യപ്രഭയില്‍ ഭയത്തിെന്‍റ ഇരുട്ടറകള്‍ ഇല്ലാതായി. മാനവികത, വിമര്‍ശനബുദ്ധി, യുക്തിചിന്ത, അവകാശബോധം, സമത്വചിന്ത എന്നീ മൂല്യങ്ങളാണ് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചത്. ഓരോ ജാതിക്കകത്തും പൊതുമണ്ഡലത്തിലും ഈ മൂല്യങ്ങള്‍ പ്രയോഗിക്കപ്പെട്ടുതുടങ്ങി. അവകാശബോധവും സമത്വചിന്തയും അതിെന്‍റ യഥാര്‍ത്ഥ രൂപത്തില്‍ പ്രകടമാവുന്നത് അയ്യങ്കാളിയിലായിരുന്നു. പഞ്ചമിപ്പെണ്ണിെന്‍റ കൈപിടിച്ചുകൊണ്ട് പള്ളിക്കൂടത്തില്‍ച്ചെന്ന് പ്രവേശനമാവശ്യപ്പെട്ടതും വില്ലുവണ്ടിയില്‍ സഞ്ചരിച്ച് സവര്‍ണന് തുല്യമെന്ന് പ്രഖ്യാപിച്ചതും മനുഷ്യനെന്ന പദവി അംഗീകരിച്ചുതന്നില്ലെങ്കില്‍ സവര്‍ണെന്‍റ പാടത്ത് പണിക്കിറങ്ങില്ലെന്ന് പ്രഖ്യാപിച്ചതും ഈ മൂല്യബോധത്തിെന്‍റ ബലത്തിനായിരുന്നു. കല്ലുമാലയും വളയും പൊട്ടിച്ചെറിഞ്ഞ് പുലയസ്ത്രീകള്‍ വ്യവസ്ഥയെ വെല്ലുവിളിച്ചത് സമത്വചിന്ത ഉണ്ടായിരുന്നതുകൊണ്ടാണ്. യുക്തിചിന്തയും അവകാശബോധവും ശക്തമായി മുന്നോട്ടുവച്ചത് സഹോദരന്‍ അയ്യപ്പനായിരുന്നു. ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പ്രഖ്യാപിക്കണമെങ്കില്‍ യുക്തി ചിന്തയിലധിഷ്ഠിതമായ അപാരമായ ധൈര്യം വേണം. മിശ്രഭോജനങ്ങളിലൂടെ തൊട്ടുകൂടായ്മയേയും തീണ്ടിക്കൂടായ്മയേയും ആട്ടിപ്പായിച്ചു. സോവിയറ്റ് വിപ്ലവത്തില്‍ ആകൃഷ്ടനായ അദ്ദേഹം വടക്കുപടിഞ്ഞാറൊരു ദേശത്ത് ചുവന്ന സൂര്യനുദിച്ചു എന്ന് കവിതയെഴുതി. ജാതികള്‍ തമ്മിലും ജാതിക്കുള്ളിലെ ആണും പെണ്ണും തമ്മിലും തുല്യത സ്ഥാപിക്കുന്നതില്‍ ഒരു പരിധിവരെ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. സമത്വചിന്ത രാഷ്ട്രീയബോധമായി വളരുകയും അത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിെന്‍റ ഭാഗമായിത്തീരുകയും ചെയ്തു. വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും ഉള്ള അവകാശം സവര്‍ണാവര്‍ണ ഭേദമന്യേ ലഭിക്കണമെന്നുള്ളതായിരുന്നു വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും തെളിഞ്ഞുകണ്ടത്. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത് രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നു എന്നതാണ്. അതുതന്നെയാണ് ഈ പ്രസ്ഥാനങ്ങളുടെ ശക്തിയും ദൗര്‍ബല്യവും. ഇന്ത്യയിലും കേരളത്തിലും നടന്നത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ആയിരുന്നുവെന്നും നവോത്ഥാനം ഭാഗികമായി മാത്രമേ നടന്നിട്ടുള്ളുവെന്നും ഡോ. കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നതിെന്‍റ സാംഗത്യം ഇതാണ്. പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ജാതി സംഘടന രൂപീകരിക്കുന്നതിലാണ് കലാശിച്ചത്. അന്നത്തെ സാഹചര്യത്തില്‍ അതു മാത്രമേ സാദ്ധ്യമാകുമായിരുന്നുള്ളു. ജാതി സംഘടനകള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടന്നത്. അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടിയപ്പോള്‍ അവ വീതംവെയ്ക്കുന്നതും ജാതിയടിസ്ഥാനത്തിലായി. അന്നുമുതല്‍ അവകാശങ്ങളും അവസരങ്ങളും വീതംവയ്ക്കുന്നത് ജാതിയടിസ്ഥാനത്തിലായിരിക്കണമെന്ന അലംഘനീയ നിയമം അംഗീകരിക്കപ്പെട്ടു. അവിടെ മാനവികതയുടെ മുകളില്‍ ജാതി മേല്‍ക്കൈ നേടി. നവോത്ഥാനം സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍നിന്ന് നവോത്ഥാനത്തെ വേര്‍തിരിക്കുന്നതെന്താണ്? ഈ രണ്ടു പ്രസ്ഥാനങ്ങളും നിര്‍മ്മിച്ച മൂല്യങ്ങള്‍ മുന്‍ചൊന്നവതന്നെ. എന്നാല്‍ ഇവയുടെ പ്രയോഗത്തില്‍ വിട്ടുവീഴ്ചാ മനോഭാവവും സമരസപ്പെടലും ഉണ്ടായതാണ് നവോത്ഥാനം അപൂര്‍ണ്ണമായിപ്പോകാന്‍ കാരണം. ഫ്യൂഡല്‍ ഉല്‍പാദനബന്ധങ്ങളില്‍നിന്ന് പതിയെ തെന്നിമാറുന്ന സാമ്പത്തിക സാഹചര്യത്തിലാണ് യൂറോപ്പിലെ ഇറ്റലിയില്‍ നവോത്ഥാനമെന്ന ധൈഷണിക പ്രവണത ജന്മമെടുക്കുന്നത്. അതിെന്‍റ നിര്‍മ്മിതിയില്‍ മദ്ധ്യധരണ്യാഴി വാണിജ്യം വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മദ്ധ്യധരണ്യാഴി വഴി വാണിജ്യത്തില്‍നിന്ന് മിച്ചമുണ്ടാക്കിയ ധനിക വണിക്കുകള്‍ അവരുടെ ആവാസ സ്ഥാനവും കച്ചവട കേന്ദ്രങ്ങളുമായി ഉയര്‍ന്നുവന്ന നഗരങ്ങളുമാണ് നവോത്ഥാനത്തിെന്‍റ ഭൂമിക. ഈ നഗരങ്ങളുടെ നിയന്ത്രണവും ഭരണവും കച്ചവടക്കാരായ പ്രഭുകുടുംബങ്ങളുടെ കയ്യിലായിരുന്നു. കച്ചവടത്തിലൂടെ പൊടുന്നനെ സമ്പന്നരായ ഇക്കൂട്ടര്‍ക്ക് തങ്ങളുടെ പൈതൃകത്തെക്കുറിച്ചുള്ള അന്വേഷണം പ്രാചീനകൃതികളുടെ പുനര്‍വായനയിലും പുനരാഖ്യാനത്തിലുമാണ് ചെന്നെത്തിയത്. ഇക്കൂട്ടരുടെ രാഷ്ട്രീയ ചിന്തയുടെ പ്രതിഫലനമായിരുന്നു മാക്യവെല്ലിയിലൂടെ വെളിപ്പെട്ടത്. ഫ്യൂഡല്‍ നാടുവാഴി ഭരണത്തിെന്‍റ സ്ഥാനത്ത് റിപ്പബ്ലിക്കന്‍ ഭരണം നിലവില്‍വന്നതും ഫ്യൂഡല്‍ മൂല്യങ്ങളെ കളിയാക്കുന്ന സാഹിത്യകൃതികളുണ്ടായതും ദൈവത്തിനും മാലാഖമാര്‍ക്കും മനുഷ്യമുഖം നല്‍കുന്ന ചിത്രങ്ങളും ശില്‍പങ്ങളുമുണ്ടാകുന്നതും അങ്ങനെയാണ്. പിന്നീട് ജ്ഞാനോദയ കാലമെത്തുമ്പോഴേക്ക് ശാസ്ത്രം വളരുക മാത്രമല്ല ശാസ്ത്രീയവീക്ഷണം ചിന്തകരില്‍ അങ്കുരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു നവോത്ഥാന പ്രസ്ഥാനം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായില്ല. ഫ്യൂഡല്‍ ഉത്പാദനബന്ധത്തിെന്‍റ അവിഭാജ്യഘടകമായ ജാതിവ്യവസ്ഥ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഫലമായി നിശ്ശേഷം നശിച്ചില്ല. എന്നു മാത്രമല്ല തൊഴില്‍ കൂട്ടായ്മയെന്ന നിലയ്ക്ക് ജാതിയുടെ പ്രസക്തി നിശേഷം നഷ്ടപ്പെട്ടുവെങ്കിലും ഒരു ഐഡിയോളജിയെന്ന നിലയ്ക്ക് അതിനെ താലോലിച്ച് നിറുത്താനാണ് പ്രസ്ഥാനനായകന്മാരുടെ പിന്മുറക്കാര്‍ ശ്രമിച്ചത്. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ ബോധ നിര്‍മ്മിതിക്കു സഹായിച്ചുവെങ്കിലും ജാതിയുടെ ചട്ടക്കൂട് തകര്‍ക്കുന്നതിന് കഴിഞ്ഞില്ല. സമൂഹത്തിലും ഭരണത്തിലും കൂടുതല്‍ അവകാശങ്ങള്‍ നേടുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ മെമ്മോറിയലുകളായും നിവേദനങ്ങളായും ഭരണകൂടത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നതിനോട് വിയോജിപ്പുള്ളവരും ഉല്‍പതിഷ്ണുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജാതി പരിഷ്കരണ സംരംഭങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ ഉന്നയിച്ചാലുണ്ടാകാവുന്ന പരിമിതിയെയാണ് അക്കൂട്ടര്‍ ചൂണ്ടിക്കാട്ടിയത്. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഉണര്‍ത്തിവിട്ട മൂല്യ വിചാരത്തില്‍നിന്നാണ് കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. പരിഷ്കരണനായകര്‍ അവരവരുടെ കര്‍മ്മ മണ്ഡലങ്ങളില്‍ നിഷേധികളും വിപ്ലവകാരികളുമായിരുന്നു. എന്നാല്‍ നവീനങ്ങളായ സാമ്പത്തിക-രാഷ്ട്രീയാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യാഥാസ്ഥിതികരുമായിരുന്നു അവര്‍. തങ്ങള്‍ക്കു ഭ്രഷ്ടുകല്‍പിച്ച മേലാളസവര്‍ണനെ എതിര്‍ത്ത കീഴ്ജാതിക്കാര്‍ അവര്‍ക്കു തൊട്ടുതാഴെയുള്ള കീഴ്ജാതിക്കാരനെ ഹീനജാതിയായിട്ടുതന്നെയാണ് കണ്ടിരുന്നത്. അതായത് ഈഴവനും കമ്മാളനും നായര്‍-ബ്രാഹ്മണ പ്രഭൃതികളുടെ സവര്‍ണബോധത്തോട് കടുത്ത എതിര്‍പ്പായിരുന്നു. എന്നാല്‍ അവര്‍ക്ക് പുലയനോടും പറയനോടും സമഭാവനയോടെ പെരുമാറാന്‍ കഴിഞ്ഞതുമില്ല. ഇതേ മനോഭാവംതന്നെയായിരുന്നു ഓരോ ജാതിക്കുള്ളിലേയും സ്ത്രീകളുടെയും സ്ഥിതി. യാഥാസ്ഥിതികത്വത്തേയും പുരുഷമേധാവിത്വത്തേയും വെല്ലുവിളിച്ചുകൊണ്ട് ചുരുക്കം ചില മഹതികള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും മഹാഭൂരിപക്ഷവും ജാതീയമായ ആചാരാനുഷ്ഠാനങ്ങളെ ബോധമനസ്സില്‍നിന്നും പിഴുതെറിഞ്ഞുകളഞ്ഞിരുന്നില്ല. കുടുംബത്തിനുള്ളില്‍ ആണും പെണ്ണും യാഥാസ്ഥിതികരായിത്തന്നെ തുടര്‍ന്നു. സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ആധുനികാശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്നത് ബാരിസ്റ്റര്‍ ജി പി പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, കേസരി ബാലകൃഷ്ണപിള്ള, ഇ എം എസ് തുടങ്ങിയവരായിരുന്നു. നാടുവാഴിത്ത ഭരണത്തിെന്‍റ പുറന്തോടും അകക്കാമ്പും പൊട്ടിച്ച് ജനാധിപത്യ സമൂഹത്തിെന്‍റ സൃഷ്ടിക്കായി രചനകളിലേര്‍പ്പെട്ട വ്യക്തിയായിരുന്നു സ്വദേശാഭിമാനി കെ രാമകൃഷണപിള്ള. വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് തിരുവിതാംകൂര്‍ സര്‍വ്വീസില്‍ ജോലിനല്‍കാതെ പരദേശി ബ്രാഹ്മണരെ നിയമിക്കുന്നതിനെതിരെയുള്ള നിവേദനമായിരുന്നല്ലോ മലയാളി മെമ്മോറിയല്‍. അന്നും ഇന്നും അതില്‍ എന്തെങ്കിലും പരിമിതികളോ പോരായ്മകളോ ഉണ്ടായിരുന്നതായി ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. മലയാളി മെമ്മോറിയലിനുപിന്നാലെ ഈഴവ മെമ്മോറിയലും മറ്റു ജാതി-മത സംഘടനാ നിവേദനങ്ങളും രംഗത്തെത്തിയപ്പോള്‍ മെമ്മോറിയലുകളുടെ യഥാര്‍ത്ഥ ദൗര്‍ബല്യം വെളിപ്പെട്ടിരുന്നു. ഇന്നത്തെ നിലയില്‍പറഞ്ഞാല്‍ അതൊരു മണ്ണിെന്‍റ മക്കള്‍ വാദമായിരുന്നു. എന്നാല്‍ ആ മെമ്മോറിയലുകളെ കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു സ്വദേശാഭിമാനി ചെയ്തത്. വിദ്യാസമ്പന്നരായ യുവാക്കള്‍ ജോലിനേടി ഏതു സര്‍ക്കാരിനെ സേവിക്കാനാണ് പുറപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ജാതി-മത-നാടുവാഴി സര്‍ക്കാരിെന്‍റ ദൈനംദിന ഭരണത്തിെന്‍റ നടത്തിപ്പുകാരായി ആധുനിക വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ മാറുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഭരണസംവിധാനത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഇവര്‍ക്ക് കഴിയില്ലായെന്നുള്ളതായിരുന്നു സ്വദേശാഭിമാനിയുടെ വിമര്‍ശനം. രാജാധിപത്യം ജനാധിപത്യത്തിനു വഴിമാറണമെന്ന രാഷ്ട്രീയ ചിന്തയായിരുന്നു അദ്ദേഹത്തിേന്‍റത്. രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഈ കാഹളമാണ് അദ്ദേഹത്തെ നവോത്ഥാന നായകനാക്കുന്നത്. കേവലം തിരുവിതാംകൂറിലോ ഇന്ത്യയിലോ മാത്രം നടക്കുന്ന സംഭവങ്ങളെ വിലയിരുത്തി അഭിപ്രായം സ്വരൂപിക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. 1905ല്‍ സാറിസ്റ്റ് റഷ്യയില്‍ നടന്ന വിപ്ലവത്തെപ്പറ്റി ലേഖനമെഴുതാന്‍ മാത്രം തുറന്നിരിക്കുന്ന കണ്ണുകളുള്ള ഒരു സാര്‍വദേശീയ വീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തിെന്‍റ നാടുകടത്തലിനുശേഷം കാള്‍മാര്‍ക്സിെന്‍റ ജീവചരിത്രമെഴുതാനും കുന്നംകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ആത്മപോഷിണി""""യില്‍ സോഷ്യലിസത്തെപ്പറ്റി ലേഖനപരമ്പര എഴുതാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഭരണകൂടവും ഭരണകര്‍ത്താവും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമായി അറിയാമായിരുന്നതുകൊണ്ടാണ് തിരുവിതാംകൂറിെന്‍റ ഖജനാവ് "പൊന്നുതമ്പുരാെന്‍റ തറവാടുസ്വത്തല്ല"""" എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം അദ്ദേഹം കാട്ടിയത്. അദ്ദേഹത്തിെന്‍റ ചുറ്റുപാടും നടക്കുന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളെപ്പറ്റി അദ്ദേഹം മൗനംപാലിക്കുകയും മാനവീകതയും സമത്വവും നടമാടുന്ന ജനാധിപത്യത്തിനുവേണ്ടി ശക്തിയായി വാദിക്കുകയും ചെയ്തു. എം സി ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയും യുക്തിചിന്തയുമായി രംഗത്തെത്തുന്നതിനു മുമ്പുതന്നെ സഹോദരന്‍ അയ്യപ്പന്‍ നവോത്ഥാന പ്രക്രിയയുടെ അവിഭാജ്യഘടകമായ യുക്തിചിന്തയെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തെ ശിഷ്യന്‍ ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന് എന്നു തിരുത്തുന്നത് ഈ മൂല്യബോധത്തിെന്‍റ ഫലമായിട്ടാണ്. സ്വദേശാഭിമാനിയില്‍നിന്നു വ്യത്യസ്തമായി അയ്യപ്പന്‍ തെന്‍റ പ്രവര്‍ത്തനം തുടങ്ങുന്നത് ജാതി പരിഷ്കരണവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ജാതി സംഘടനയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന വെറും ഒരു ജാതി സംഘടനാ പ്രവര്‍ത്തകനായിരുന്നില്ല അദ്ദേഹം. നിയമസഭാ പ്രവര്‍ത്തകനായ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ജാതിയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്നതിനുവേണ്ടിയായിരുന്നു "സഹോദര"" പ്രസ്ഥാനം ആരംഭിച്ചതും പന്തിഭോജനത്തെയും മിശ്രവിവാഹത്തെയും പ്രോത്സാഹിപ്പിച്ച് ""പുലയനയ്യപ്പന്‍"""" എന്ന അപരനാമധേയത്തിനര്‍ഹനായതും. ദിവാന്‍ രാഘവയ്യയുടെ കുതിരപ്പട്ടാളം 1920ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ക്കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വനിതാകോളേജില്‍ ഉണ്ടായിരുന്ന അദ്ധ്യാപക ജോലി രാജിവച്ച വ്യക്തിയായിരുന്നു പിന്നീട് "കേസരി"" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എ ബാലകൃഷ്ണപിള്ള. തിരുവിതാംകൂര്‍ നിയമസഭയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും അക്കാലത്തെ പൗരാവകാശ പ്രക്ഷോഭത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും ഫ്യൂഡല്‍ മൂല്യങ്ങളില്‍നിന്നും ബൂര്‍ഷ്വാ മൂല്യങ്ങളിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നുപതിറ്റാണ്ടിലേറെക്കാലം കേരളത്തില്‍ നടന്ന ധൈഷണിക വ്യായാമങ്ങളുടെ ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. കെ രാമകൃഷ്ണപിള്ള തെന്‍റ പത്രപ്രവര്‍ത്തനത്തിലൂടെ ഒരു ദിവാെന്‍റ ശത്രുതയേറ്റുവാങ്ങി നാടുകടത്തലിനു വിധേയനായെങ്കില്‍ ബാലകൃഷ്ണപിള്ള സ്വേഛാധിപതിയായ മറ്റൊരു ദിവാെന്‍റ കിരാത നയങ്ങളുടെ ഫലമായി പത്രപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായി. ഒരു മൂന്നു പതിറ്റാണ്ടിനിടയ്ക്ക് തിരുവിതാംകൂറില്‍ നടന്ന കാര്യമാണിത്. ബാലകൃഷ്ണപിള്ള പത്രപ്രവര്‍ത്തനം നിറുത്തിയെങ്കിലും സാഹിത്യ നിരൂപണശാഖയെ സമ്പുഷ്ടമാക്കുകതന്നെ ചെയ്തു. ജ്ഞാനോദയകാലം മുതല്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്ന ദാര്‍ശനികവും സാഹിത്യസംബന്ധിയുമായ എല്ലാ സിദ്ധാന്തങ്ങളുമായും പരിചയപ്പെടാനും അവയെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും തെന്‍റ ജീവിതാന്ത്യംവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അന്നും പിന്നീടും കേരളത്തില്‍ ലബ്ധപ്രതിഷ്ഠരായിത്തീര്‍ന്ന സാഹിത്യകാരന്മാരെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഉപഗ്രഹങ്ങളായി അദേഹത്തിനുചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചവരാണ്. ഫ്യൂഡല്‍ (ജാതി-ജന്മി) ഉത്പാദനബന്ധത്തില്‍നിന്നും മുതലാളിത്തത്തിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സമ്പദ്ഘടന സമൂഹത്തില്‍ ഉണര്‍ത്തിവിട്ട ബൂര്‍ഷ്വാ ആശയങ്ങളെ ജനകീയമാക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഫ്യൂഡല്‍ സാഹിത്യമൂല്യങ്ങളില്‍നിന്നും ബൂര്‍ഷ്വാ മൂല്യങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിെന്‍റ രാസത്വരകമായിരുന്നു കേസരി ബാലകൃഷ്ണപിള്ള. പല കാരണങ്ങളാല്‍ തമസ്കരിക്കപ്പെട്ടുപോയ ചില പഴയ മൂല്യങ്ങളുടെ പുനര്‍ജനിയാണ് നവോത്ഥാനമെന്നും, അങ്ങനെയെങ്കില്‍ ഭാരതത്തിേന്‍റയും കേരളത്തിേന്‍റയും കാര്യത്തില്‍ എന്തു മൂല്യങ്ങളുടെ പുനരുത്ഥാനത്തിനുവേണ്ടിയാണ് പ്രസ്ഥാനനായകന്മാര്‍ യത്നിച്ചത് എന്നുമുള്ള ചോദ്യം പ്രസക്തമാണ്. ഇറ്റാലിയന്‍ നവോത്ഥാനത്തിെന്‍റ കാര്യത്തില്‍ അത്തരമൊരു പുനര്‍ജനിയെക്കുറിച്ച് അതിെന്‍റ സങ്കുചിതാര്‍ത്ഥത്തില്‍ പറയാമെങ്കിലും ഇന്ത്യയിലും കേരളത്തിലും അതിന് യാതൊരു സാംഗത്യവുമില്ല. ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയില്‍ അസാദ്ധ്യമായിരുന്ന മാനവികത, യുക്തിചിന്ത, സമത്വബോധം, അവകാശബോധം എന്നീ മൂല്യങ്ങള്‍ മുതലാളിത്ത സമൂഹത്തില്‍ മാത്രമേ ഉത്ഭവിക്കാന്‍ പറ്റുകയുള്ളൂ. ഫ്യൂഡലിസത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള പരിണാമത്തിെന്‍റ സംക്രമണദശയാണ് പാശ്ചാത്യ നവോത്ഥാനം. ഒന്നു രണ്ടു നൂറ്റാണ്ടിനിടയ്ക്ക് ആ പരിണാമം യൂറോപ്പില്‍ പൂര്‍ണമായി. എന്നാല്‍ ഇന്ത്യയിലും കേരളത്തിലുമോ? ആ പരിവര്‍ത്തനം ഇന്നും പൂര്‍ത്തിയായിട്ടില്ല. ആ പൂര്‍ത്തീകരണത്തിന് തടസ്സമായിനില്‍ക്കുന്നത് ജാതി സംഘടനകള്‍തന്നെയാണ്. ജാതിയെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയാണ് പരിഷ്കരണ നായകന്മാര്‍ ശ്രമിച്ചത്. എന്നാല്‍ സംഭവിച്ചതോ? അസംഘടിതമായിരുന്ന ജാതിബോധത്തെ സംഘടിതമാക്കി. ആ സംഘടിത പ്രവര്‍ത്തനത്തിലൂടെ മുതലാളിത്ത ഭരണവ്യവസ്ഥയുടെ ഭാഗമായിത്തീരാന്‍ ശ്രമിച്ചു. ഫ്യൂഡല്‍ ഉത്പാദന വ്യവസ്ഥയുടെ അവിഭാജ്യഘടകമായിരുന്നു ജാതി സമ്പ്രദായം. മുതലാളിത്ത വ്യവസ്ഥയില്‍ അത് അനാവശ്യമാണ്. അവിടെ നിലനില്‍ക്കേണ്ടത് തൊഴിലാളി-മുതലാളിബന്ധമാണ്. ആ ബന്ധം നിലവില്‍ വന്നിട്ടും അനാവശ്യമായിത്തീര്‍ന്ന ജാതിഘടനയെ നിലനിറുത്താനാണ് മുതലാളിയും തൊഴിലാളിയും ശ്രമിക്കുന്നത്. ഒരു ഐഡിയോളജി എന്ന രൂപത്തില്‍ ജാതിയെ ഇന്നുപയോഗപ്പെടുത്തുന്നത് മുതലാളിത്തമാണ്. ഫ്യൂഡല്‍ ചട്ടക്കൂടും മുതലാളിത്ത മൂല്യങ്ങളും നിയമസഭ, വോട്ടവകാശം, തെരഞ്ഞെടുപ്പ് മുതലായ കാര്യങ്ങള്‍ മുതലാളിത്ത സമ്പ്രദായത്തിെന്‍റ ഉല്‍പന്നങ്ങളാണ്. എന്നാല്‍ കേരളത്തില്‍, പ്രത്യേകിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും ഇത്തരം കാര്യങ്ങള്‍ വളര്‍ന്നുവന്നത് ഫ്യൂഡല്‍ രാജവാഴ്ചയുടെ ചട്ടക്കൂടിനകത്താണ്. മുതലാളിത്ത ഭരണ വ്യവസ്ഥയുടെ ഭാഗമായ ബ്യൂറോക്രസിയും സെക്രട്ടേറിയറ്റ്, നീതിന്യായ കോടതി, ആധുനിക വിദ്യാഭ്യാസം, പൊലീസ്, പട്ടാളം മുതലായ ഘടകങ്ങളും വികസിച്ചു വന്നത് രാജാധിപത്യത്തിനുള്ളിലാണ്. മലയാളി മെമ്മോറിയലും, ഈഴവ മെമ്മോറിയലും, സമാനങ്ങളായ മറ്റു നിവേദനങ്ങളും രാജവാഴ്ചയ്ക്കുള്ളില്‍ വളര്‍ന്നുകൊണ്ടിരുന്ന ബൂര്‍ഷ്വാ ഘടകങ്ങളില്‍ ഭാഗഭാക്കുകളാകാനുള്ള ശ്രമങ്ങളായിരുന്നു. അതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ രാജവാഴ്ച അവസാനിപ്പിക്കാനല്ല, മറിച്ച് രാജപ്രീതി നേടിയെടുത്ത് സ്ഥാനമാനങ്ങള്‍ സമ്പാദിക്കാനാണ് ശ്രമിച്ചത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാന നായകന്മാര്‍ ആരുംതന്നെ തിരുകൊച്ചി പ്രദേശത്തു നിലനിന്നിരുന്ന ഫ്യൂഡല്‍ രാജവാഴ്ചയുമായോ, മലബാറില്‍ ഭൂപ്രഭുക്കന്മാരുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാരുമായോ കലഹിച്ചില്ല. കുമാരനാശാന്‍, അയ്യങ്കാളി തുടങ്ങിയ പരിഷ്കരണ നായകര്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായത് ഭരണകൂടം നോമിനേറ്റുചെയ്തതുകൊണ്ടാണ്. നിയമസഭാ പ്രവേശനത്തിന് സാമുദായികസംഘടനയുടെ പിന്‍ബലം ആവശ്യമായിരുന്നു. സാധുജന പരിപാലന സംഘത്തിെന്‍റ ഭാരവാഹി എന്ന നിലയ്ക്കായിരുന്നു അയ്യങ്കാളിയെ 1911ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് ഇതേസംഘടനയില്‍പ്പെട്ട മറ്റുചിലരും അംഗങ്ങളായി. ഒരു സംഘടനയില്‍നിന്ന് ഒരാളിനുമാത്രമേ നിയമസഭയില്‍ അംഗമാകാന്‍ കഴിയൂ എന്നതിനാല്‍ കൂടുതല്‍ സംഘടനകളുണ്ടാക്കി സഭാ പ്രവേശനത്തിന് സ്ഥാനമോഹികള്‍ ശ്രമമാരംഭിച്ചു. തല്‍ഫലമായി "സാധുജന പരിപാലനസംഘം"" ദുര്‍ബലമാവുകയും അതിന്റെ സ്ഥാനത്ത് പുലയര്‍ മഹാജനസഭ, സാംബവര്‍ മഹാജനസഭ, കുറവര്‍ മഹാജനസഭ, ചേരമര്‍ മഹാജനസഭ എന്നീ സംഘടനകള്‍ നിലവില്‍ വരികയും സ്ഥാനമാനങ്ങള്‍ക്കായി നേതാക്കള്‍ തമ്മില്‍ കലഹിക്കുകയും ചെയ്തു. അയ്യന്‍കാളി ജീവിച്ചിരിക്കുമ്പോള്‍തന്നെ 1936-ല്‍ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാജനസഭ സ്ഥാപിക്കപ്പെട്ടു. ഏതാണ്ടിതേ കാലഘട്ടത്തില്‍ത്തന്നെ കര്‍ഷകത്തൊഴിലാളികളെ പ്രത്യേകം സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കര്‍ഷകത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും പുലയര്‍, പറയര്‍ തുടങ്ങിയ പിന്നോക്ക ജാതികളില്‍പ്പെട്ടവരായിരുന്നു. കര്‍ഷകത്തൊഴിലാളി സംഘടന പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ ചിട്ടയായ പ്രവര്‍ത്തനവും വര്‍ഗപരമായ വീക്ഷണവുമുണ്ടായി. ജാതീയമായ സംഘടനകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരുന്ന കര്‍ഷകത്തൊഴിലാളികളെ വര്‍ഗപരമായി സംഘടിപ്പിക്കാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ്പാര്‍ടി ചെയ്തത്. ആ ശ്രമം ഏറെക്കുറെ വിജയകരമായിരുന്നു. വ്യവസായമേഖലയിലെ തൊഴിലാളികളെയും പാട്ടക്കുടിയാന്മാരേയും ഇതേപോലെ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ ജാതി സംഘടനകളില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കാനും മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിക്കാനുമായിരുന്നു. തൊഴിലാളി സംഘടനകള്‍ക്കുള്ളില്‍ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ജാതീയമായ അനാചാരങ്ങള്‍ എന്നിവകള്‍ക്കെതിരെ ചര്‍ച്ചകള്‍ നടത്തുകയും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിരുന്നു. തല്‍ഫലമായി ജാതി സംഘടകളേക്കാള്‍ അഭികാമ്യം തൊഴിലാളി സംഘടനകള്‍ ആണെന്ന തിരിച്ചറിവിലേക്ക് പിന്നോക്കജാതിയില്‍പ്പെട്ടവര്‍ എത്തിച്ചേര്‍ന്നു. ഇത് ജാതി സംഘടനകള്‍ ദുര്‍ബലപ്പെടാന്‍ ഇടയാക്കി. കമ്യൂണിസ്റ്റുകാര്‍ ജാതി സംഘടനകളെ തകര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ജാതി നേതാക്കള്‍ ഉയര്‍ത്തി. അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ ആ ആക്ഷേപത്തിനു ശരവ്യരായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ജാതിസംഘടനകളെ തകര്‍ക്കേണ്ടത് ആരുടെ ദൗത്യമായിരുന്നു? അത് ബൂര്‍ഷ്വാസി ചെയ്യേണ്ടതായിരുന്നു. ബൂര്‍ഷ്വാസിയെ പ്രതിനിധാനംചെയ്ത കോണ്‍ഗ്രസും മറ്റു വലതുപക്ഷ കക്ഷികളുമാണ് അത് ചെയ്യേണ്ടിയിരുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അതു ചെയ്തിരുന്നു. ടി കെ മാധവന്‍ ഗാന്ധിജിയെ കണ്ട് അയിത്തോച്ചാടനത്തെപ്പറ്റി ദീര്‍ഘമായി സംസാരിക്കുകയും കാക്കിനട സമ്മേളനത്തില്‍വച്ച് കോണ്‍ഗ്രസ് ആ പ്രമേയം അംഗീകരിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹത്തിലും തുടര്‍ന്ന് ഗുരുവായൂര്‍ സത്യഗ്രഹത്തിലും പുരോഗമനപരമായ നിലപാട് കോണ്‍ഗ്രസ് എടുക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് അവലംബിച്ചിരുന്ന ജാതിവിരുദ്ധവും മതനിരപേക്ഷവുമായ നിലപാട് സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരത്തിലേറിയപ്പോള്‍ അടിയറവെച്ചു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ ഫ്യൂഡല്‍ വിരുദ്ധവും മുതലാളിത്ത വിരുദ്ധവുമായ സമരം തുല്യ പ്രാധാന്യത്തോടെ നടത്തിക്കൊണ്ടിരുന്നു. തിരുവിതാംകൂറില്‍ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുപ്പു നടത്തിയിരുന്നത് നികുതി കൊടുക്കുന്നതിെന്‍റയടിസ്ഥാനത്തിലായിരുന്നു. പ്രതിവര്‍ഷം അഞ്ചുരൂപ ഭൂനികുതി കൊടുക്കുന്നവര്‍ക്കുമാത്രമായിരുന്നു വോട്ടവകാശം. ഭൂമിയിന്മേലുള്ള ഉടമസ്ഥത കൂടുതലും സവര്‍ണജാതികളില്‍പ്പെട്ടവര്‍ക്കായിരുന്നതിനാല്‍ പിന്നോക്ക ജാതിക്കാരായ കുടിയാന്മാര്‍ക്ക് വോട്ടവകാശം ഇല്ലായിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും പിന്നോക്കജാതികള്‍ ഒരുമിച്ചുചേര്‍ന്നാല്‍ അവര്‍ക്കായിരുന്നു. 1911, 1921, 1931 എന്നീ വര്‍ഷങ്ങളില്‍ തിരുവിതാംകൂറില്‍ നടന്ന കാനേഷുമാരി കണക്കുകളനുസരിച്ച് ഈഴവരായിരുന്നു അംഗസംഖ്യയില്‍ കൂടുതല്‍. ഈ സാഹചര്യത്തിലാണ് 1931-32 കാലത്ത് ശ്രീമൂലം പ്രജാസഭയുടെ ഘടന പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. നികുതിയുടെയടിസ്ഥാനത്തിലുള്ള വോട്ടവകാശം നിലനിര്‍ത്താനുള്ള നിര്‍ദ്ദേശത്തിനെതിരെ ഈഴവരാദി പിന്നോക്ക സമുദായക്കാര്‍ രംഗത്തെത്തി. ജനസംഖ്യാനുപാതികമായി നിയമസഭയില്‍ അംഗത്വം വേണമെന്നുള്ളതായിരുന്നു അവരുടെ ആവശ്യം. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതിനാല്‍ അവര്‍ ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ തുടങ്ങിയ ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു രാഷ്ട്രീയ സഖ്യത്തിന് രൂപംകൊടുത്തു. സംയുക്ത രാഷ്ട്രീയസമിതി എന്നാണതിെന്‍റ പേര്. സി കേശവന്‍, ടി എം വര്‍ഗ്ഗീസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു അതിന് നേതൃത്വം നല്‍കിയത്. സംയുക്ത രാഷ്ട്രീയ സമിതി മുന്നോട്ടുവച്ച ജനസംഖ്യാനുപാതികമായ വോട്ടവകാശം നിഷേധിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലേക്കു പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനാല്‍ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ സംയുക്ത രാഷ്ട്രീയ സമിതി തീരുമാനിച്ചു. ഇതാണ് പ്രസിദ്ധമായ നിവര്‍ത്തന പ്രക്ഷോഭം. ഭൂരിപക്ഷത്തിെന്‍റ പിന്തുണയില്ലാതെ രൂപീകൃതമായ നിയമസഭയില്‍ അവര്‍ക്ക് വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിെന്‍റയവസാനം സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. നിയമസഭയിലും സര്‍ക്കാര്‍ സര്‍വ്വീസിലും പിന്നോക്കജാതിക്കാര്‍ക്കുണ്ടായിരുന്ന നിരോധനം നീക്കംചെയ്തു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകൃതമായി. നിയമനങ്ങളില്‍ ജാതിസംവരണം ഏര്‍പ്പെടുത്തി. സംയുക്ത രാഷ്ട്രീയസമിതിയുടെ പ്രക്ഷോഭം വിജയകരമായി പര്യവസാനിച്ചു. ബൂര്‍ഷ്വാ ജനാധിപത്യവേദിയായ നിയമസഭയില്‍ പ്രവേശനം ലഭിക്കുന്നതിന് ജാതി-മത സംഘടനകള്‍ രാഷ്ട്രീയമായി സംഘടിക്കുകയാണ് ചെയ്തത്. നിയമസഭയെന്ന കളിയരങ്ങിനെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കാനുള്ള സവര്‍ണരുടെ ലക്ഷ്യത്തെ തകര്‍ക്കുന്നതിനുള്ള അവര്‍ണരുടെ നിവര്‍ത്തന പ്രക്ഷോഭം പുരോഗമനപരംതന്നെയാണ്. ജനാധിപത്യവല്‍ക്കരണ പ്രക്രിയയയില്‍ അത് അനിവാര്യമായിത്തീരും. എന്നാല്‍ അത് എത്രനാള്‍ തുടരണം എന്നുള്ളതാണ് പ്രശ്നം. രാഷ്ട്രീയാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ജാതി-മത സംഘടനകള്‍ ഐക്യമുന്നണി രൂപീകരിക്കുന്നത് ഏതതിരുവരെയാണ് പുരോഗമനപരമാകുന്നത്. സ്വത്തവകാശത്തിെന്‍റയടിസ്ഥാനത്തിലും ജനസംഖ്യയുടെ അടിസ്ഥാനത്തിലും വോട്ടവകാശം നിര്‍ണയിക്കുന്നത് ഇല്ലാതാവുകയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വരികയും ചെയ്തു. ഇനിമുതല്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനും നിയമസഭകളില്‍ അംഗമാകുന്നതിനും ജാതി-മത പരിഗണനകള്‍ ആവശ്യമില്ലാതായിത്തീര്‍ന്നുവെന്നര്‍ത്ഥം. അത്തരത്തില്‍ ഒരു കാലഘട്ടത്തില്‍ പുരോഗമനപരമായിരുന്ന ഒരു രാഷ്ട്രീയ സഖ്യം രണ്ടരപ്പതിറ്റാണ്ടിനുശേഷം വളരെപെട്ടെന്ന് പിന്തിരിപ്പനാകുന്നതും കേരളം കണ്ടു. 1957-ല്‍ നിലവില്‍ വന്ന ഇ എം എസ് മന്ത്രിസഭ ലക്ഷക്കണക്കിന് പാട്ടക്കുടിയാന്മാര്‍ക്ക് ഗുണംചെയ്യുന്ന ഒരു നിയമനിര്‍മ്മാണമാണ് നടത്തിയത്. ജാതി-മത പരിഗണനകള്‍ക്കതീതമായിട്ടാണ് പാട്ടക്കുടിയാന്മാര്‍ പെട്ടെന്ന് ഒഴിപ്പിക്കല്‍ ഭീഷണിയില്‍നിന്നും മോചിതരായതും കൈവശഭൂമിയുടെ ഉടമസ്ഥരായതും. അതേപോലെതന്നെ എയിഡഡ് സ്കൂളദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചതിെന്‍റ ഗുണഫലം അനുഭവിച്ചവരും എല്ലാ ജാതിയിലും മതത്തിലും പെട്ടവരായിരുന്നു. എയിഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം പിഎസ്സിക്കു വിടണമെന്ന വിദ്യാഭ്യാസ ബില്ലിലെ നിര്‍ദ്ദേശവും ജാതി-മത സംഘടനാതീതമായി സര്‍വജനങ്ങള്‍ക്കും ഗുണകരമാവുന്ന നിര്‍ദ്ദേശമായിരുന്നു. എന്നാല്‍ മേല്‍പറഞ്ഞ രണ്ടു നിയമങ്ങളും നടപ്പാക്കാനൊരുങ്ങിയതിെന്‍റ പേരില്‍ ജാതി-മത സംഘടനകള്‍ തന്നെയാണ് രാഷ്ട്രീയ സഖ്യമുണ്ടാക്കി വിമോചന സമരം നടത്തിയത്. ജനാധിപത്യപരമായി രൂപീകൃതമായ ഒരു മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് ജാതി-മതസംഘടനകള്‍ രാഷ്ട്രീയകക്ഷികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. കാല്‍നൂറ്റാണ്ടിനുമുമ്പ് ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു അത്തരമൊരു കൂട്ടുകെട്ടുണ്ടാക്കിയതെങ്കില്‍ 1959ല്‍ അത് ജനാധിപത്യത്തെ തകര്‍ക്കാന്‍വേണ്ടിയായിരുന്നു. എയിഡഡ് സ്കൂള്‍ അധ്യാപക നിയമനം പിഎസ്സിക്കു വിടണമെന്ന നിര്‍ദ്ദേശത്തെ നിരാകരിക്കുകവഴി ലക്ഷക്കണക്കിന് വരുന്ന പിന്നോക്ക ജാതിക്കാരുടെ തൊഴില്‍ സാദ്ധ്യതകളാണ് ഇല്ലാതാക്കിക്കളഞ്ഞത്. വിമോചന സമരത്തിന് നേതൃത്വംകൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിെന്‍റ രണ്ടു നേതാക്കള്‍ ജാതി-മത സംഘടനകളുടെ നേതാക്കളുമായിരുന്നു. ക്രൈസ്തവ നേതാവായിരുന്ന പി ടി ചാക്കോയും എസ് എന്‍ ഡി പി നേതാവ് ആര്‍ ശങ്കറുമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിെന്‍റ നേതാക്കള്‍. പി ടി ചാക്കോ പിന്നീട് കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. പിന്നോക്ക ജാതിയില്‍പ്പെട്ട ലക്ഷക്കണക്കായ തൊഴിലന്വേഷകരുടെ അവസരമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയത്. കൂട്ടത്തില്‍ ജനാധിപത്യത്തെ കൊലചെയ്യാന്‍ ജാതി-മത സംഘടനകളെ കൂട്ടുപിടിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തില്‍ ജാതി-മത സംഘടനകള്‍ക്ക് ഇടപെടാനുള്ള അവസരമൊരുക്കുകവഴി പൊതുജീവിതത്തെ മലീമസമാക്കിയത് കോണ്‍ഗ്രസായിരുന്നു. വിമോചന സമരാനന്തരം മാനവികത, യുക്തിചിന്ത, സമത്വബോധം തുടങ്ങിയ നവോത്ഥാന മൂല്യങ്ങള്‍ക്ക് പുഴുക്കുത്ത് ഏല്‍ക്കുന്നത് എന്നു മുതലാണ്? നിസ്സംശയം പറയാം അത് സംഭവിക്കുന്നത് വിമോചന സമരത്തോടുകൂടിയാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പണമൊഴുക്കിയെന്നതും, ജാതി-മത ശക്തികളുമായും, ഭൂവുടമകളുമായും കോണ്‍ഗ്രസ് സഖ്യം സ്ഥാപിച്ചുവെന്നതും വസ്തുതകളാണ്. അതേപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് കേരളത്തിെന്‍റ പൊതുജീവിതത്തിലും മതനിരപേക്ഷതയിലും ഏല്‍പിച്ച ആഘാതം എത്രയെന്നതിനെപ്പറ്റി ഗഹനമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. കേരളത്തിലെ യുവജനത അന്‍പതുകളില്‍ മതനിരപേക്ഷതയിലും യുക്തിചിന്തയിലും വിശ്വസിക്കുന്നവരായിരുന്നു. അക്കാലത്തെ കവിതകളിലും നോവലുകളിലും ചെറുകഥകളിലും ചാലകശക്തിയായി പ്രവര്‍ത്തിച്ചിരുന്നത് ഈ വികാരങ്ങളായിരുന്നു. ജന്മിത്തം തകരണമെന്നും തൊഴിലാളിവര്‍ഗ്ഗം വിജയിക്കണമെന്നുമുള്ള മോഹമായിരുന്നു രാഷ്ട്രീയാഭിപ്രായ വ്യത്യാസമെന്യേ എല്ലാ യുവാക്കളും ആഗ്രഹിച്ചിരുന്നത്. ആ മോഹമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തിലെത്തിച്ചത്. പാട്ടക്കുടിയാന്മാരില്‍ നല്ലൊരു വിഭാഗം കമ്യൂണിസ്റ്റുകാരായിരുന്നില്ല. എന്നാല്‍ കൈവശക്കാരന് ഭൂമിയില്‍ അവകാശം കിട്ടുമെന്നതുകൊണ്ട് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്തതാണ്. ഈ കര്‍ഷക കുടുംബങ്ങളിലെ യുവാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവെച്ച ആശയങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു. എന്നാല്‍ വിമോചന സമരം അവരെ നിരാശപ്പെടുത്തി. അവര്‍ താലോലിച്ചിരുന്ന പുരോഗമനാശയങ്ങള്‍ക്ക് കനത്ത തിരിച്ചടി കിട്ടി. അന്‍പതുകളില്‍ പുരോഗമന രാഷ്ട്രീയാഭിമുഖ്യമുള്ളവരായി വളര്‍ന്നവര്‍ അറുപതുകളില്‍ അരാഷ്ട്രീയക്കാരോ പ്രതിലോമ രാഷ്ട്രീയക്കാരോ ആയി പരിണമിക്കുന്നതായിക്കാണാം. കോണ്‍ഗ്രസ് പാര്‍ടിയില്‍ അതുണ്ടാക്കിയ ശൈഥില്യവും പഠനവിധേയമാക്കേണ്ടതാണ്. മതങ്ങളുടെയും ജാതികളുടെയും കീഴില്‍ രാഷ്ട്രീയകക്ഷികള്‍ രൂപീകൃതമാവുന്നതും വിമോചനസമരത്തിനുശേഷമാണ്. വിമോചനസമരം ഒരു വഴിത്തിരിവാണ്. ജാതി-മത ശക്തികളുടെ നിയന്ത്രണത്തില്‍നിന്നും കേരള സമൂഹത്തെ മോചിപ്പിക്കാനുള്ള യത്നത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. കേരളത്തില്‍ ഏകകക്ഷി ഭരണത്തിനുള്ള അവസരമില്ലാതാക്കിയതും വിമോചനസമരമായിരുന്നു. അതിനുശേഷം കേരളം മുന്നണി രാഷ്ട്രീയത്തിെന്‍റ പരീക്ഷണശാലയായി മാറി. ജാതികളും മതങ്ങളും രാഷ്ട്രീയകക്ഷികള്‍ രൂപീകരിക്കുന്നതായിരുന്നു അറുപതുകളില്‍ കണ്ടത്. എന്നാല്‍ മുഖ്യരാഷ്ട്രീയ കക്ഷികള്‍ ജാതി പരിഗണനകള്‍വച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണം എന്ന തരത്തിലേക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ തക്കവണ്ണം നവോത്ഥാനവിരുദ്ധശക്തികള്‍ വളരുകയും ചെയ്തു. പാര്‍ലമെന്‍ററി വ്യവസ്ഥയിലെ തെരഞ്ഞെടുപ്പിനെപ്പറ്റി ഇ എം എസിെന്‍റ ഒരു വിലയിരുത്തലുണ്ട്. ബൂര്‍ഷ്വാകളിക്കളത്തില്‍ ബൂര്‍ഷ്വാ ചട്ടങ്ങളനുസരിച്ച് നടത്തുന്ന ഒരു മത്സരക്കളിയാണ് തെരഞ്ഞെടുപ്പ് എന്ന്. തെരഞ്ഞെടുപ്പില്‍ പ്രതിയോഗികള്‍ പയറ്റുന്ന അടവുകള്‍ക്ക് മറുപയറ്റ് എന്ന നിലയില്‍ ബൂര്‍ഷ്വാ അടവുകള്‍ സ്വീകരിക്കാം. എന്നാല്‍ ബൂര്‍ഷ്വാസിയാല്‍ തകര്‍ക്കപ്പെടേണ്ട ജാതി-മത ശക്തികളെ ചിറകിനടിയിലൊതുക്കി ശത്രുവിനെ നേരിടുന്നത് ഭീഷ്മരെ നിര്‍വീര്യനാക്കാന്‍വേണ്ടി ശിഖണ്ഡിയെ മുന്നില്‍ നിറുത്തുന്ന നെറികെട്ട യുദ്ധതന്ത്രമാണ്. ഈ തന്ത്രം കേരളത്തില്‍ പയറ്റിത്തുടങ്ങിയത് കോണ്‍ഗ്രസാണ്. വിമോചന സമരകാലത്ത് ആരംഭിച്ച ആ പരീക്ഷണം ഇന്ന് എല്ലാ സീമകളേയും ലംഘിച്ച് ആ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തനംതന്നെ മലീമസമാക്കുന്ന സ്ഥിതിയിലേക്ക് അധ:പതിച്ചിരിക്കുന്നു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത നേതാക്കളോ സംഘടനകളോ ഒന്നുംതന്നെ ഭരണകൂടവുമായി ഒരിക്കലും ഏറ്റുമുട്ടിയിരുന്നില്ല. എന്നു മാത്രമല്ല ഭരണകൂടവുമായി സന്ധിചെയ്ത് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ വ്യാപൃതരാവുകയാണ് ചെയ്തത്. ഡോ. പല്‍പ്പുവിന് ജോലി നിഷേധിച്ച ഭരണകൂടത്തിെന്‍റ നിയമനിര്‍മ്മാണ സഭയില്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായ കുമാരനാശാനെ അംഗമാക്കി. അയ്യങ്കാളിയേയും മറ്റു പല പിന്നോക്കക്കാരേയും അംഗങ്ങളാക്കി. സമൂഹത്തിലെ സവര്‍ണാധിപത്യത്തെ എതിര്‍ത്ത ഇക്കൂട്ടര്‍ ഭരണകൂടത്തിെന്‍റ സര്‍വ്വാധിപത്യത്തെ എതിര്‍ത്തില്ല. ഈ സര്‍വ്വാധിപത്യഭരണകൂടത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന സാമ്രാജ്യത്വ ഭരണത്തേയും എതിര്‍ത്തില്ല. അസാന്മാര്‍ഗിയും അഴിമതിക്കാരനും അധികാര പ്രമത്തനുമായ ദിവാന്‍ പി രാജഗോപാലാചാരിയെ വിമര്‍ശിച്ചതിെന്‍റപേരില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ ജാതി നേതാക്കന്മാര്‍ തയ്യാറായില്ല. പത്രപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രബുദ്ധത വളര്‍ത്തിയതിെന്‍റപേരില്‍ കേസരി പത്രത്തെ നിരോധിച്ച സി പി രാമസ്വാമിഅയ്യരുടെ പ്രവൃത്തിയെ ഒരു സാമുദായികനേതാവും എതിര്‍ത്തില്ല. ജാതി സംഘടനകളെല്ലാംതന്നെ സര്‍ സി പിയെ പിന്തുണയ്ക്കുകയായിരുന്നു. പുന്നപ്ര വയലാര്‍ സമരം നിറുത്തി വയ്പ്പിക്കാന്‍ കമ്യൂണിസ്റ്റ് നേതാക്കളെ പ്രേരിപ്പിക്കുന്നതിന് സര്‍ സി പി ദല്ലാളായി അയച്ചത് എസ്എന്‍ഡിപി നേതാവായിരുന്ന ആര്‍ ശങ്കറെ ആയിരുന്നു. ഇതില്‍നിന്നും സാമൂഹ്യ പരിഷ്കരണ സംഘടനകളുടെ രാഷ്ട്രീയ നിലപാട് എന്തായിരുന്നുവെന്ന് വ്യക്തമാകും. ക്രിസ്ത്യന്‍ മിഷണറിമാരും ക്രൈസ്തവസഭകളും ആദ്യംമുതല്‍തന്നെ തിരുകൊച്ചി ഭരണകൂടങ്ങളുമായും മലബാറിലെ ബ്രിട്ടീഷ് ഭരണവുമായും സഖ്യംചെയ്തുകൊണ്ടാണ് പ്രവര്‍ത്തിച്ചുപോന്നത്. സ്വന്തം അധ്വാനശേഷിയും സംഘാടനപാടവവും അടിയുറച്ച മതവിശ്വാസവുമല്ലാതെ അവര്‍ക്ക് കൈമുതലായി മറ്റൊന്നുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തൊഴില്‍ സ്ഥാപനങ്ങളുമെല്ലാം അവര്‍ പടുത്തുയര്‍ത്തിയത് ഭരണകൂടത്തിെന്‍റ നിര്‍ലോപമായ സഹായത്തോടുകൂടിയായിരുന്നു. പിന്നീട് ഗ്രാന്‍റ്-ഇന്‍-എയിഡ് സമ്പ്രദായത്തിലൂടെ കൃത്യമായി സാമ്പത്തിക സഹായവും ലഭിച്ചുപോന്നു. എന്നാല്‍ അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടം ശ്രമിച്ചപ്പോഴൊക്കെ അന്നേവരെ സഹായിച്ചുപോന്ന സര്‍ക്കാരിനെ മത പരിവേഷമിട്ട് എതിര്‍ക്കുന്നതില്‍ മടികാണിച്ചതുമില്ല. 1895-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ കോഡ് മദ്രാസിലെ ബ്രിട്ടീഷ് സര്‍ക്കാരിനെ ഉപയോഗിച്ച് ക്രൈസ്തവവിരുദ്ധമെന്ന് മുദ്രകുത്തി പരാജയപ്പെടുത്തി. 1945-ല്‍ സര്‍ സി പി നടപ്പാക്കാന്‍ ശ്രമിച്ച പ്രൈമറി വിദ്യാഭ്യാസ നിയമത്തേയും ബ്രിട്ടീഷ് സര്‍ക്കാരിനെ ഉപയോഗിച്ച് പരാജയപ്പെടുത്തിയതും ക്രൈസ്തവ സഭകള്‍ തന്നെയായിരുന്നു. 1954ല്‍ തിരുകൊച്ചിയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ എയിഡഡ് സ്കൂളദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പരാജയപ്പെടുത്തി. 1954ല്‍ തിരുക്കൊച്ചിയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ എയിഡഡ് സ്കൂളദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പരാജയപ്പെടുത്തിയതും ക്രൈസ്തവസഭകള്‍തന്നെയായിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായിരുന്നു 1959-ല്‍ മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ നിയമത്തിന് സംഭവിച്ചതും. ഒരു വ്യത്യാസം മാത്രം. 1959-ല്‍ സഭകളുടെ ലാഭേഛയ്ക്ക് സഹായമെത്തിച്ചത് കോണ്‍ഗ്രസായിരുന്നുവെന്നുമാത്രം. സ്വാര്‍ത്ഥ താല്‍പര്യപൂരണത്തിനായി സര്‍ക്കാരുകളെ പിന്താങ്ങുകയും ഭരണകൂടം അതിെന്‍റ അധികാരം പ്രയോഗിച്ചപ്പോഴൊക്കെ മത ന്യൂനപക്ഷത്തിെന്‍റപേരില്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍സ്വീകരിച്ചിരുന്നത്. നയസമീപനങ്ങളുടെ കാര്യത്തില്‍ സ്ഥിരതയും തുടര്‍ നടപടികളും സ്വീകരിക്കുന്നത് കേരളത്തില്‍ ഇടതുമുന്നണിയായതുകൊണ്ട് ക്രൈസ്തവസഭകള്‍ കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി മുദ്രകുത്തുന്നു. കോണ്‍ഗ്രസാകട്ടെ വിദ്യാഭ്യാസ കച്ചവടവുമായി സമരസപ്പെടുകയും ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിെന്‍റ ഉത്തരാര്‍ദ്ധത്തില്‍ വിദേശിയും സ്വദേശിയുമായ മൂലധനം കേരളത്തിെന്‍റ കാര്‍ഷിക വ്യാവസായികമേഖലകളില്‍ നിക്ഷേപിക്കപ്പെട്ടപ്പോള്‍ അതിനെ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ തൊഴില്‍ ശക്തി ആവശ്യമായിരുന്നു. ജാതിഘടനയുടെ കള്ളറകള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടിരുന്ന തൊഴില്‍ ശക്തിയെ മോചിപ്പിച്ച് മിച്ചമൂല്യം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തേണ്ടത് മൂലധനശക്തികളുടെ ആവശ്യമായിരുന്നു. ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിക്കേണ്ടത് മൂലധനത്തിെന്‍റ സൈ്വര സഞ്ചാരത്തിന് അനിവാര്യമാണ്. ജാതികള്‍ ദുര്‍ബലമാവുകയും തൊഴിലാളിവര്‍ഗ്ഗം വളര്‍ന്നുവരികയും ചെയ്തു. അവര്‍ക്ക് ട്രേഡ് യൂണിയനുകളുണ്ടായി. രാഷ്ട്രീയബോധമുണ്ടായി. കൂലികൂട്ടാനും, അധ്വാനസമയം കുറയ്ക്കാനും, ബോണസ്സ് വാങ്ങാനും സംഘടനകള്‍ മുന്നോട്ടുവന്നു. ഇപ്പോള്‍ വ്യവസായത്തിെന്‍റ നടത്തിപ്പിനും തൊഴിലാളികള്‍ അവകാശമുന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ മുതലാളിമാരുടെ ലാഭത്തില്‍ കുറവുവരുത്തി. തൊഴിലാളിയുടെ ഐക്യമാണ് മുതലാളിക്ക് ഈ നഷ്ടം വരുത്തിയത്. അതിനാല്‍ ഐക്യം തകര്‍ക്കേണ്ടത് ആവശ്യമാണ്. ജാതിക്കതീതമായ ഐക്യമാണ് തൊഴിലാളിവര്‍ഗ്ഗത്തിനുണ്ടായിരുന്നത്. അതിനെ തകര്‍ക്കുന്നതിന് ജാതി സംഘടനകളെ പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണ്. ജാതി സംഘടനകള്‍ ഇന്നുചെയ്യുന്നത് ആ ജോലിയാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളി സംഘടനകളുണ്ടാക്കിയും, മുഖ്യധാരാ സംഘടനകള്‍ക്കുള്ളില്‍ ജാതി ഗ്രൂപ്പുകളുണ്ടാക്കിയും മുതലാളിത്തം അതിെന്‍റ പ്രവൃത്തി തുടരുന്നു, വര്‍ഗ്ഗബോധത്തിനതീതമായ ജാതി-സ്വത്വബോധങ്ങള്‍ ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ടുവരുന്നു. ശ്രീനാരായണനും അയ്യങ്കാളിയും മാറ്റത്തിെന്‍റ അബോധപൂര്‍വ്വമായ ഉപകരണങ്ങളായിരുന്നു. ഇന്നത്തെ ജാതി സംഘടനകള്‍ മാറ്റത്തിനെതിരായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു. വര്‍ഗ്ഗബോധത്തിന് ബദലായി സ്വത്വബോധത്തെ പ്രതിഷ്ഠിക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ ശരിയായ പ്രയോഗത്തിലൂടെ മാത്രമേ ഈ അപചയത്തെ നേരിടാനാവുകയുള്ളൂ.
- പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍,ദേശാഭിമാനി വാരിക
Friday, 16 November 2012
എന്താണ് നവോത്ഥാനമൂല്യങ്ങള്‍?
Subscribe to:
Post Comments (Atom)
No comments:
Post a Comment