- ഒരു ജീവിതത്തിലെ ഒരുപാട് ജീവിതം
- സിനിമാഭിനയത്തിന് ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. ഗ്രാമീണത്തനിമയും പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചട്ടം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മലയാളത്തിന് വ്യതിരിക്തമായ മുഖം സമ്മാനിച്ച എണ്ണപ്പെട്ട കലാകാരന്മാര്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സിനിമയില്‍ തന്റേതായ പാത വെട്ടിത്തുറക്കുന്നതിനു മുമ്പുതന്നെ കൈവച്ച മേഖലകളിലെല്ലാം പച്ചതൊട്ടതാണാ പ്രതിഭ. അധ്യാപനവും പത്രപ്രവര്‍ത്തനവും മുതല്‍ തനതു നാടക വേദി വരെ നീളുന്ന വ്യത്യസ്ത വഴികള്‍. ആലപ്പുഴയിലെ നെടുമുടിയില്‍ നിന്ന് കലാജീവിതം തുടങ്ങിയ കെ വേണുഗോപാല്‍ എന്ന നെടുമുടി വേണു ഇന്ന് മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്. അഭിനയ രംഗത്തുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും മികച്ച പാഠപുസ്തകമാണ് നെടുമുടി വേണുവിന്റെ കഥാപാത്രങ്ങള്‍. ഈ നടന്റെ വേഷപ്പകര്‍ച്ചകളെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍ വരേണ്ടതുണ്ട്.അധ്യാപന ജീവിതത്തിനുശേഷം അഞ്ചു വര്‍ഷത്തോളം കലാകൗമുദി, ഫിലിം മാഗസിന്‍ എന്നിവയില്‍ പത്ര പ്രവര്‍ത്തകനായി. 1978-ല്‍ ജി അരവിന്ദന്റെ "തമ്പ്" എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. തുടര്‍ന്ന് ഭരതന്റെ ആരവം, തകര, ചാമരം തുടങ്ങി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. മോഹമുള്ള്, ഇന്‍ഡ്യന്‍, അന്യന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും "ഭാഗോഭൂത്" എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഏഴു തവണ മികച്ച നടനും സഹനടനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം കിട്ടി. നല്ല സഹനടനും നല്ല അവതാരകനും "മാര്‍ഗ" ത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും അടങ്ങുന്ന ദേശീയ പുരസ്കാരങ്ങള്‍. രണ്ടു തവണ മികച്ച നടനുള്ള പുരസ്കാരവും തുടര്‍ന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഫിലിം ഫെയറില്‍ നിന്ന്. മാര്‍ഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയില്‍ നടന്ന അന്തര്‍ ദേശീയ ചലച്ചിത്ര മേളയിലും "സൈറ" യിലെ അഭിനയത്തിന് സിംബാം വ്വേ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും ഏറ്റവും നല്ല നടനുള്ള പുരസ്കാരം ലഭിച്ചു. "പൂരം" എന്ന സിനിമ സംവിധാനം ചെയ്തു. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങി ഏതാനും ചിത്രങ്ങള്‍ക്ക് കഥയെഴുതി. "കൈരളീ വിലാസം ലോഡ്ജ്" എന്ന ടെലി സീരിയലും സംവിധാനം ചെയ്തു. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തില്‍ നെടുമുടി വേണു പറഞ്ഞു തുടങ്ങി... ചൂരും ചൂടുമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ മുഖത്ത് വിരിയുന്ന വിവിധ ഭാവങ്ങള്‍... നാലും കൂട്ടി മുറുക്കി തനി നാടന്‍ മനുഷ്യനായി അദ്ദേഹം സംസാരിച്ചു...... നെടുമുടിയെക്കുറിച്ച്, നാടകത്തെകുറിച്ച്, സിനിമയിലേയും ജീവിതത്തിലേയും മനുഷ്യരെകുറിച്ച്.....? സമ്പന്നമായ ഗ്രാമജീവിതത്തിന്റെ ഓര്‍മകള്‍ താങ്കളുടെ കലാജീവിതത്തിന് വളവും വെള്ളവുമായിട്ടുണ്ടല്ലോ. കുട്ടിക്കാലത്തെക്കുറിച്ചും വീടിനെക്കുറിച്ചും എങ്ങനെ ഓര്‍ക്കുന്നു. = ഒരു അധ്യാപക കുടുംബമായിരുന്നു എന്റേത്. അച്ഛനും അമ്മയും അമ്മാവനും അധ്യാപകരായിരുന്നു. കൊട്ടാരം എന്‍ എസ് യുപി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍, ആലപ്പുഴ എസ്ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തുതന്നെ മൃദംഗം, ഘടം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു. അന്ന് നാട്ടിന്‍പുറത്ത് എന്റെ അച്ഛനും അമ്മയും പഠിപ്പിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. അധ്യാപകരുടെ മക്കളായ ഞങ്ങളെ എല്ലാവര്‍ക്കും അറിയാം. മാത്രമല്ല സമൂഹത്തിനുമുന്നില്‍ നന്നായി ജീവിക്കാനുള്ള ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ടായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്ക് അത് പലപ്പോഴും ബാധ്യതയായിരുന്നു. കുട്ടിക്കാലത്തിന്റെ പല കുസൃതികളും ഇതുകാരണം കാണിക്കാന്‍ പറ്റിയിരുന്നില്ല. നാടകത്തില്‍ അഭിനയിച്ചും ചിലരെ കളിയാക്കിയുമൊക്കെയാണ് ഇത്തരം കുസൃതികള്‍ ഞാനൊക്കെ കാണിച്ചിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ ശൈലിയിലായിരുന്നു അതൊക്കെ. ചെറുപ്പം മുതലേ അഭിനയം കൂടെയുണ്ടായിരുന്നു. അച്ഛന്‍ വീട്ടില്‍നിന്ന് പോയാല്‍ അച്ഛനായി അഭിനയിക്കുക, വീട്ടില്‍ വരുന്ന പ്രത്യേകതയുള്ള ആളുകളെ അനുകരിക്കുക, അവരുടെ സംസാരം, നടത്തം ഇവയെല്ലാം അവതരിപ്പിക്കുക അങ്ങനെയൊക്കെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ? ക്യാമ്പസ്, അധ്യാപകജീവിതം, ആദ്യകാല കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയെകുറിച്ച് വിശദമാക്കാമോ. = ഡിഗ്രിക്ക് മലയാളം പഠിക്കണമെന്ന് എനിക്ക് തോന്നി. ആ വര്‍ഷമാണ് എസ് ഡി കോളേജില്‍ മലയാളം കോഴ്സ് തുടങ്ങിയത്. 36 പേരായിരുന്നു ക്ലാസില്‍. ആദ്യ ക്ലാസില്‍തന്നെ പ്രൊഫ. രാമവര്‍മ്മ തമ്പുരാന്‍ വന്ന് ആരാണ് കെ വേണുഗോപാല്‍ എന്ന് ചോദിച്ചു. ഞാനാണെന്നു പറഞ്ഞു. ക്ലാസിലെ 36 പേരില്‍ 35 പേരും മറ്റു വിഷയങ്ങള്‍ കിട്ടാത്തതുകൊണ്ട് മലയാളം എടുത്തവരാണന്ന് അദ്ദേഹം പറഞ്ഞു. മലയാളം മതി എന്നു എഴുതിത്തന്ന ഒരാള്‍ ഞാന്‍ മാത്രമേ ക്ലാസിലുള്ളൂ. അങ്ങനെ തുടക്കത്തില്‍ തന്നെ എനിക്ക് പ്രത്യേകാംഗീകാരം കിട്ടി. അന്നേ അധ്യാപനം എനിക്ക് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ബിഎ കഴിഞ്ഞിട്ട് ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് "ശ്രീവിദ്യ" എന്ന പേരില്‍ ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയത്. രാത്രി കോളേജിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതും എസ്എസ്എല്‍സി തോറ്റ കുട്ടികളുടെ വീടുകളില്‍ പോസ്റ്റര്‍ കൊണ്ടിടുന്നതും എല്ലാം ഞങ്ങള്‍ തന്നെയായിരുന്നു. ഏറെ ആസ്വദിച്ചാണ് പഠിപ്പിച്ചിരുന്നത്. കവിതകളൊക്കെ ഈണത്തില്‍ ചൊല്ലിക്കൊടുക്കും. ഈണത്തില്‍ ചൊല്ലുമ്പോള്‍ കവിത പഠിക്കാന്‍ വളരെ എളുപ്പമാണ്. അര്‍ഥം പെട്ടെന്ന് മനസ്സിലാക്കാനും പറ്റും. കവിയെക്കുറിച്ചും കവിതയെക്കുറിച്ചും അനുബന്ധമായി ഒരുപാട് കാര്യങ്ങള്‍ പറയുമായിരുന്നു. ക്ലാസില്‍ രസകരമായ കഥകള്‍ പറയും. അതുകൊണ്ടൊക്കെ എന്റെ ക്ലാസില്‍ മലയാളം പഠിക്കേണ്ടാത്ത കുട്ടികളും വന്നിരിക്കുമായിരുന്നു. മനസ്സ് വേറൊരിടത്തേക്കും ചലിക്കാതെ നമ്മിലേക്ക് തന്നെ അവര്‍ കണ്ണുംനട്ടിരിക്കും. ആ കണ്ണുകള്‍ വിടരുന്നത് കാണുന്നതുതന്നെ വലിയ സന്തോഷമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗോപാലപ്പണിക്കര്‍ സാറിന്റെ ആഴ്ചയിലെ ഒരു പിരീഡ് കഥ പറയാനുള്ളതായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍, ചരിത്രകഥകള്‍, പുരാണകഥകള്‍... ഇതൊക്കെ അദ്ദേഹം പറയും. സിനിമ കാണുന്നതുപോലെയായിരുന്നു ഞങ്ങളന്ന് കഥ കേട്ടിരുന്നത്. ഇത് എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ ഇഷ്ടത്തോടെയാണ് ഞാന്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടത്. നാലുവര്‍ഷത്തോളം അധ്യാപകനായി. സുഹൃത്ത് വിളിച്ചിട്ട് ആലപ്പുഴയില്‍ ഒരു കോളേജിലും കുറച്ചുകാലം ക്ലാസെടുത്തു. ആ സമയത്തൊക്കെ എന്റെ ഭ്രാന്ത് മുഴുവന്‍ കൊട്ട്, പാട്ട്... അതുമായി ബന്ധപ്പെട്ട മേഖലകള്‍, നാടകാഭിനയം എന്നിവയിലൊക്കെയായിരുന്നു. അപ്പോഴേക്കും ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിരുന്ന സുഹൃത്തുക്കളൊക്കെ ജോലി കിട്ടി പല സ്ഥലങ്ങളിലേക്ക് പോയിരുന്നു. ഒറ്റയ്ക്ക് നടത്തേണ്ട അവസ്ഥ വന്നതോടെ ഞാനും ട്യൂട്ടോറിയല്‍ ഉപേക്ഷിച്ചു. ആലപ്പുഴയില്‍ ജവഹര്‍ ബാലഭവന്‍ തുടങ്ങിയ സമയത്ത് അവിടുത്തെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ അവസരം കിട്ടി. അതും വളരെ രസകരമായിട്ടാണ് ഞാന്‍ ചെയ്തത്. കുട്ടികളൊന്നും പ്രീ കണ്‍സീവ്ഡ് അല്ല. ഡോക്ടര്‍ എന്നു പറഞ്ഞാല്‍ അവരുടെ മനസ്സില്‍ നിന്ന് ഒരു ഡോക്ടര്‍ ഉണ്ടാകും.സ്കൂളില്‍ പോകുമ്പോള്‍ വഴിയരികിലെ മാവില്‍നിന്ന് മാങ്ങ എറിഞ്ഞിട്ട് തിന്നുന്നത് കാണിക്കാന്‍ പറഞ്ഞാല്‍ പതിനഞ്ച് കുട്ടികള്‍ പതിനഞ്ച് തരത്തിലാണ് കാണിക്കുക. മാവോ കല്ലോ ചോറ്റ് പാത്രമോ ഒന്നുമില്ലാതെയാണ് അവരുടെ അഭിനയം. കുട്ടികളുടെ ഇത്തരം വാസനകള്‍ ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്. ഞാന്‍ തന്നെ എഴുതിയ "കൊട്ടാരം കളി" എന്ന നാടകം കുട്ടികളെ പഠിപ്പിച്ച് അതിന് തിരുവനന്തപുരത്ത് നടന്ന അഖിലകേരള നാടകോത്സവത്തില്‍ ഒന്നാം സമ്മാനം കിട്ടുകയും മികച്ച നടന്‍, നടി എന്നിങ്ങനെ സമ്മാനം ലഭിക്കുകയും ചെയ്തു. അതൊക്കെ അന്നത്തെ ഇടവേളകളില്‍ ചെയ്ത ജോലിയായിരുന്നു. പിന്നീട് കാവാലത്തിന്റെ ട്രൂപ്പില്‍ നാടകം ചെയ്യുമ്പോഴും പുതിയ ആള്‍ക്കാരെ ഡയലോഗ് പഠിപ്പിക്കലും മൂവ്മെന്റ്സ് ശരിയാക്കലുമെല്ലാം എന്റെ ചുമതലയായിരുന്നു. ? നാട്ടുകാരന്‍ കൂടിയായ കാവാലവുമായുള്ള ബന്ധമാണല്ലോ കലാപ്രവര്‍ത്തനത്തിന് വഴിത്തിരിവായത്. അദ്ദേഹവുമായുള്ള ആദ്യകാലപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാമോ. = കോളേജില്‍ പഠിക്കുമ്പോള്‍ ഇന്നത്തെ ചലച്ചിത്ര സംവിധായകന്‍ ഫാസിലുമായിച്ചേര്‍ന്ന് ഹാസ്യരസപ്രദാനമായ കലാപരിപാടികള്‍ കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചിരുന്നു. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ജീവപര്യന്തം" എന്ന നാടകം കണ്ടാണ് കാവാലം നാടക ട്രൂപ്പിലേക്ക് ക്ഷണിക്കുന്നത്. കാവാലത്തോടൊപ്പം ഞങ്ങള്‍ അവതരിപ്പിച്ച ആദ്യ നാടകം പരാജയമായിരുന്നു. പിന്നീട് ഞാനും ഫാസിലുമൊക്കെ ചേര്‍ന്ന് കാവാലത്തിന്റെ തന്നെ "തിരുവാഴിത്താന്‍" ചെയ്തു. അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പലരും ട്രൂപ്പ് വിട്ടു. ഞങ്ങള്‍ പിന്നീട് "ദൈവത്താര്‍" നാടകം അവതരിപ്പിച്ചു. അത് വിജയിച്ചു. ആലപ്പുഴയിലായിരുന്നു കാവാലത്തിന്റെ നാടകത്തിന്റെ സെന്റര്‍. കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി കാവാലം സകുടുംബം തിരുവനന്തപുരത്തേക്ക് വന്നു. "അവനവന്‍ കടമ്പ"യായിരുന്നു അക്കാലത്ത് അവതരിപ്പിച്ച നാടകം. അരവിന്ദനായിരുന്നു സംവിധായകന്‍. പക്ഷേ ഇവിടെയുള്ള നടീനടന്മാര്‍ക്ക് ഈ നാടകസമ്പ്രദായവുമായിട്ട് തീരെ പരിചയമില്ല. അതുകൊണ്ട് ഞാനും നാടകത്തിന്റെ ഭാഗമാകണമെന്ന് കാവാലം പറഞ്ഞു. പരമ്പരാഗതവും നാടോടീയവുമായ കലാസംസ്കാരത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നാടക സംരഭങ്ങളായിരുന്നു തിരുവരങ്ങിലേത്. അങ്ങനെ ഞാനും തിരുവനന്തപുരത്തെത്തി. ഇവിടെ റിഹേഴ്സലിലൊക്കെ സജീവമായി. വല്ലപ്പോഴുമാണ് നാടകത്തിന് വേദി കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ വരുമാനമൊക്കെ കുറവായിരുന്നു. അക്കാദമി വാര്‍ഷികം, സാഹിത്യസമ്മേളനം എന്നിവയോടൊക്കെ അനുബന്ധമായാണ് നാടകം കളിച്ചിരുന്നത്. കാവാലത്തിന്റെ ദൈവത്താര്‍, ഭഗവദ്ജ്ജുഗം, അവനവന്‍ കടമ്പ, ഭാസന്റെ മധ്യമവ്യായോഗം എന്ന സംസ്കൃത നാടകത്തിലും അഭിനയിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി നാടകോത്സവങ്ങളില്‍ പങ്കെടുത്തു. കാവാലത്തിനു പുറമെ ജി അരവിന്ദന്‍, കുമാരവര്‍മ തുടങ്ങിയവരായിരുന്നു സംവിധായകര്‍. ഭരത് ഗോപി, കൈതപ്രം, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍. ? ഒരുപക്ഷേ അധികമാര്‍ക്കുമറിയാത്ത കാര്യമാണ് താങ്കളുടെ പത്രപ്രവര്‍ത്തനജീവിതത്തെക്കുറിച്ച്. ചുരുങ്ങിയ കാലമാണെങ്കിലും ഈ രംഗത്ത് വ്യത്യസ്തമായ ഒരു വഴിതെളിയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനത്തിലെത്തിയത്. = എനിക്ക് ജോലി അത്യാവശ്യമാണെന്ന് തോന്നിയതിനാല്‍ കാവാലവും അരവിന്ദനും കലാകൗമുദിയില്‍ ചെന്ന് എം എസ് മണിയെ കണ്ട് കാര്യം പറഞ്ഞു. ഉടനെതന്നെ ജോയിന്‍ ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഞാനാദ്യം എഴുതിയത് ബോംബെ ലിറ്റില്‍ ബാലെ ട്രൂപ്പിന്റെ പഞ്ചതന്ത്രം ബാലെയെക്കുറിച്ചാണ്. പിആര്‍ഡിയുടെ ഒരു പരിപാടിയോടനുബന്ധിച്ചാണ് തിരുവനന്തപുരത്ത് ആ ബാലെ കളിച്ചത്. നാടക സങ്കേതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും താളത്തെക്കുറിച്ചും സാമാന്യധാരണ ഉണ്ടായിരുന്നതുകൊണ്ട് അതൊക്കെ ഉള്‍പ്പെടുത്തി വ്യത്യസ്തമായി ചെയ്യാന്‍ പറ്റി. അത് എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നെ എനിക്ക് വാര്‍ത്തകള്‍ എഴുതുന്നതില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് എഴുതാം. ആരെയും ഇന്റര്‍വ്യു ചെയ്യാം. അങ്ങനെയൊക്കെയായിരുന്നു. അക്കാലം ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴൊക്കെയാണ് ഓഫീസില്‍ പോയിരുന്നത്. എവിടെ പോയി, എന്തിനു പോയി എന്നൊന്നും ആരും ചോദിച്ചിരുന്നില്ല. അരവിന്ദനോടും കാവാലത്തിനോടുമൊക്കെയുള്ള താല്‍പര്യവും എന്നില്‍ എന്തൊക്കെയോ ഉണ്ട് എന്ന തോന്നലുമായിരുന്നു ഇതിനു പിന്നില്‍. ജി ശങ്കരപ്പിള്ള, കൈനിക്കര കുമാരപിള്ള, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, സി എന്‍ ശ്രീകണ്ഠന്‍നായര്‍, എന്‍ എന്‍ പിള്ള തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കളെയെല്ലാം അന്ന് ഞാന്‍ ഇന്റര്‍വ്യു ചെയ്തു. എല്ലാവരും അറിയേണ്ടവരും എന്നാല്‍ അറിയപ്പെടാതെ പോയവരുമായ ചിലരേയും അവതരിപ്പിക്കാന്‍ കഴിഞ്ഞു. കലാമണ്ഡലം ഹൈദരാലിയെപ്പറ്റി ആദ്യമായി എഴുതിയത് ഞാനാണ്. തായമ്പകയിലെ അദ്വിതീയനായ കലാകാരന്‍ തൃത്താല കേശവന്‍ പൊതുവാളിനെക്കുറിച്ചും ആദ്യം എഴുതിയത് ഞാനാണ്. 40 വര്‍ഷത്തിനു ശേഷം എന്റെ ഒരു സൃഹുത്ത് അത് കണ്ടെടുത്ത് അയച്ചുതന്നിരുന്നു. അത്തരം ലേഖനങ്ങളൊന്നും അന്നാരും എഴുതിയിരുന്നില്ല. കടമ്മനിട്ടപടയണിയെക്കുറിച്ച് ദീര്‍ഘമായ സചിത്ര ലേഖനം അന്നെഴുതി. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീതജ്ഞരായ എം ഡി രാമനാഥന്‍, ചിട്ടി ബാബു... തുടങ്ങിയവരെക്കുറിച്ചും എഴുതി. ഒറ്റപ്പെട്ട കലാരൂപങ്ങളെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് എഴുതുകയും ചെയ്തു. പിന്നീട് കലാകൗമുദിയുടെ "ഫിലിം മാഗസിന്‍" വന്നു. മലയാളത്തിലെ ഏറ്റവും നല്ല സിനിമാ പ്രസിദ്ധീകരണം "സിനിരമ"ക്കുശേഷം "ഫിലിം മാഗസിന്‍" ആയിരുന്നു. പിന്നീട് സിനിമകളെക്കുറിച്ച് എഴുതാന്‍ തുടങ്ങി. ലൊക്കേഷനില്‍ പോവുക, സംവിധായകര്‍, നടീനടന്മാര്‍, സിനിമയുടെ മറ്റുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയെല്ലാം ഇന്റര്‍വ്യു ചെയ്തിരുന്നു. നസീര്‍, മധു, ഷീല, കെ പി ഉമ്മര്‍, അടൂര്‍ ഭാസി, ജയഭാരതി, വിധുബാല, കെ ജി ജോര്‍ജ്, ഹരിഹരന്‍ തുടങ്ങി നിരവധിപേരെ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. അതിനിടെ വിഷുപ്പതിപ്പിന് ഐറ്റങ്ങള്‍ ചെയ്യാന്‍ വേണ്ടി എന്നെയും ഫോട്ടോഗ്രാഫറെയും മദ്രാസിലേക്കയച്ചു. ട്രെയിനില്‍ ജി അരവിന്ദനുമുണ്ടായിരുന്നു. അപ്പോഴേക്കും "തമ്പ്" എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹമാണ് സിനിമയ്ക്കു പിന്നില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് സ്റ്റോറി ചെയ്യാന്‍ പറഞ്ഞത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സപ്ലയര്‍, സിംഹം, പുലി, കടുവ, പാമ്പ് എന്നിവയെയൊക്കെ വാടകയ്ക്ക് കൊടുക്കുന്നവര്‍, കട്ടൗട്ട് വരയ്ക്കുന്നവര്‍... എന്നിങ്ങനെ വിവിധ തരത്തില്‍പെട്ടവരെക്കുറിച്ച് എഴുതുന്നതാകും രസകരമെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളെക്കുറിച്ച് ഒരുപാട് വന്നുകൊണ്ടിരിക്കുന്നതിനാല്‍ അതില്‍ പുതുമയില്ലെന്ന് എനിക്കും തോന്നി. അത്തരത്തില്‍ ഒരുപാട് സ്റ്റോറീസും അഭിമുഖങ്ങളും എല്ലാം ചെയ്തു. അന്നുവരെ മലയാളം സിനിമാ ജേര്‍ണലിസത്തില്‍ ഉണ്ടാകാത്ത രീതിയായിരുന്നു അത്. പത്രപ്രവര്‍ത്തനകാലത്തെ വ്യത്യസ്തതയുള്ളതാക്കി മാറ്റാന്‍ എനിക്കു കഴിഞ്ഞിരുന്നു. ആ കാലവും ഞാനേറെ ആസ്വദിച്ചു. എന്തു ജോലി ചെയ്യുമ്പോഴും മറ്റുള്ളവര്‍ ചെയ്യുന്നതില്‍നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തതയുള്ളതാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ? അധ്യാപക കുടുംബമാണെന്നു പറഞ്ഞല്ലോ. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തിട്ടുമുണ്ട്. അന്നത്തെ കാലത്തെ അപേക്ഷിച്ച് പുതിയ പഠനരീതിയില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ. = വിദ്യാഭ്യാസ രംഗത്ത് കുറച്ചുകാലംകൊണ്ട് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരുപാട് കുഴപ്പങ്ങള്‍ ഇന്ന് ഈ രംഗത്തുണ്ട്. ഒരുതരം പാശ്ചാത്യവല്‍ക്കരണം നടക്കുന്നു. വളരെ സമ്പന്നമായ സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണ് നമ്മുടേത്. സമ്പത്ത് ഒരുപക്ഷേ കുറവായിരിക്കും. നാടിനെക്കുറിച്ചോ, ഇവിടെയുണ്ടായിട്ടുള്ള മഹാന്മാരെക്കുറിച്ചോ, പരിവര്‍ത്തനങ്ങളെക്കുറിച്ചോ നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല. പുറംനാടുകളില്‍നിന്ന് വരുന്ന പരിഷ്കാരങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. പോസിറ്റീവായി ചിന്തിച്ചാല്‍ ഇതൊക്കെ തിരിഞ്ഞുവരും. മുപ്പതുവര്‍ഷം മുമ്പ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോകുമ്പോള്‍ അവിടത്തെ ഒറ്റ കുട്ടിപോലും മലയാളം പറയുമായിരുന്നില്ല. "ഇന്ത്യ ഈസ് എ ബാക്ക്വേര്‍ഡ്് കണ്‍ട്രി" എന്നാണ് അവര്‍ പഠിച്ചത്. എന്നാല്‍ ഇപ്പോഴത്തെ കുട്ടികളൊക്കെ മലയാളം പഠിക്കുന്നുണ്ട്. അവര്‍ക്ക് കേരളം കാണണമെന്നും ഇവിടെ ജീവിക്കണമെന്നുമുണ്ട്. ഇന്ത്യയെയും മലയാളത്തെയുമൊക്കെ ഇന്ന് കൂടുതല്‍ സ്നേഹിക്കുന്നത് പുറത്തുള്ളവരാണെന്ന് തോന്നുന്നു. ടി വിയൊക്കെ അതിന് വലിയ പങ്കാണ് വഹിച്ചത്. നമ്മുടെ മഴയും കായലും തെങ്ങും വയലുമൊക്കെ കണ്ടിട്ട് കുട്ടികള്‍ക്ക് ഇതിനോടൊക്കെ വലിയ ആവേശം തോന്നുന്നുണ്ട്. ഇവിടത്തെ സിനിമ ആസ്വദിക്കാന്‍ മലയാളം അറിയണം, അതിനാല്‍ അവര്‍ ഭാഷ പഠിക്കുന്നു. നമ്മള്‍ പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നൊക്കെ പല മാറ്റങ്ങളും വന്നുതുടങ്ങി. ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. പണ്ട് മലയാളം അറിയില്ല എന്നു പറയുന്നത് വലിയ കാര്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇന്നത് മാറി. അന്നത്തെ അധ്യാപനവും ഇന്നത്തേതും തമ്മില്‍ താരതമ്യം ചെയ്യാനാവാത്തതത്ര അന്തരമുണ്ട്. എന്റെ അമ്മ മുപ്പത്തിയെട്ട് വര്‍ഷമോ മറ്റോ അധ്യാപികമായിരുന്നു. ഈ വര്‍ഷമത്രയും പഠിച്ച കുട്ടികളുടെയും പേര്, അവരുടെ അച്ഛന്റെ പേര്, വീട്ടുപേര്, ആരൊക്കെയുണ്ട് എന്നീ കാര്യങ്ങളൊക്കെ മനസ്സില്‍ കൊണ്ടുനടക്കുമായിരുന്നു. 95-ാമത്ത വയസ്സിലാണ് അമ്മ മരിച്ചത്. അക്കാലമത്രയും പഠിപ്പിച്ച ആരെ കണ്ടാലും അവരുടെ പൂര്‍ണ വിവരങ്ങള്‍ അമ്മ പറയുമായിരുന്നു. നമുക്കൊന്നും ആലോചിക്കാന്‍ കഴിയാത്ത കാര്യമാണ് അതൊക്കെ. ക്ലാസിലെ കുട്ടിയെ വഴിയില്‍വച്ച് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അധ്യാപകരാണ് ഇന്ന് പലരും. അത് ആരുടെയും കുറ്റമല്ല. കാലം അങ്ങനെയായിപ്പോയി. അന്ന് അധ്യാപകര്‍ മാതൃകകളായിരുന്നു. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലുമൊക്കെ നിരവധിപേര്‍ അന്ന് മാതൃകകളായുണ്ടായിരുന്നു. പലരേയും പോലെയാകണം എന്ന് കുട്ടികള്‍ക്ക് ആഗ്രഹിക്കാന്‍ മുമ്പില്‍ ആള്‍ക്കാരുണ്ടായിരുന്നു. അത്തരക്കാര്‍ കാലക്രമേണ കുറഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണ്. ? പ്രിന്റ്- വിഷ്വല്‍ മീഡിയകളുടെ ശക്തമായ ഇടപെടല്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുണ്ട്. പഴയ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ രംഗത്തെ പുതിയ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ. = തീര്‍ച്ചയായുമുണ്ട്. മീഡിയ ഇന്ന് ഒരു എക്സ്പോസിഷന്‍ പിരീഡിലാണ്. ഒരുപാട് ഉള്ളറകളെ തുറന്നുകാണിക്കാന്‍ മീഡിയയ്ക്ക് കഴിയുന്നുണ്ട്. അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പലരും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്ത വളച്ചൊടിക്കുന്നുണ്ട്. ഓരോ മാധ്യമത്തിന്റെയും സമ്പ്രദായങ്ങളെ തിരിച്ചറിഞ്ഞാല്‍ ഇത്തരം വളച്ചൊടിക്കലുകളെക്കുറിച്ച് നാം വേവലാതിപ്പെടേണ്ടിവരില്ല. ഈ രംഗത്തും മത്സരം ശക്തമാണ്. എന്തൊക്കെയായാലും ഒരു "കലങ്ങല്‍" നടക്കുന്നുണ്ട്. കലങ്ങിത്തെളിയുമ്പോള്‍ ചില സത്യങ്ങള്‍ പുറത്തുവരും. വിഷ്വല്‍ മീഡിയ വന്നതോടെ ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയാതായിട്ടുണ്ട്. എപ്പോഴും നമുക്കു പിന്നില്‍ ഒരു ക്യാമറ അദൃശ്യമായി നില്‍ക്കുന്നുണ്ട് എന്ന പ്രതീതി ഉണ്ട്. അമ്പതുവര്‍ഷംകൊണ്ട് ഞങ്ങളുടെയൊക്കെ ജീവിതത്തിലുണ്ടായ മാറ്റം ഏതാണ്ട് പതിനഞ്ചുവര്‍ഷം കൊണ്ട് ഇപ്പോഴുണ്ടാകുകയാണ്. കാലത്തിന്റെ കുതിച്ചുചാട്ടമാണ് നടക്കുന്നത്. പണ്ടത് പതുക്കെയായിരുന്നു. കുട്ടനാട്ടിലൊക്കെ ഒരുപാട് കാലം കാത്തിരുന്നാണ് ഇലക്ട്രിസിറ്റി വന്നത്. വീണ്ടും കുറേക്കഴിഞ്ഞാണ് റേഡിയോ വന്നത്. ഫോണ്‍ വന്നത് പിന്നെയും കുറേ കഴിഞ്ഞാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാണ് ടി വി വന്നത്. ഇപ്പോഴങ്ങനെയല്ല- ഒരു മഹാസാമ്രാജ്യം ഇങ്ങനെ പെട്ടെന്ന് തുറക്കപ്പെടുകയാണ്. ആദ്യം ഞങ്ങളൊക്കെ ഒന്നു പരിഭ്രിച്ചുപോകും. എന്നാല്‍ ഇതാണ് റിയാലിറ്റി എന്ന് പെട്ടെന്നുതന്നെ തിരിച്ചറിയുകയും അതുമായി പൊരുത്തപ്പെട്ട് പോകാനുള്ള മനസ്സ് സജ്ജമാക്കുകയും ചെയ്യും. മനസ്സിനെ വീണ്ടും വീണ്ടും പഠിപ്പിച്ചിട്ട് അതിനോട് സമരസപ്പെട്ട് പോകാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ജീവിതത്തിലുണ്ടാകുന്ന മാറ്റം കലയിലും ഉണ്ടായിട്ടുണ്ട്. ? നമുക്ക് നാടകത്തിലേക്ക് തിരിച്ചു വരാം. ഇന്ന് പലപ്പോഴും "തനത്" നാടകങ്ങളെ വികലമാക്കി അവതരിപ്പിക്കുന്നതായി കാണുന്നുണ്ട്. പരീക്ഷണ നാടകങ്ങള്‍ എന്ന പേരിലാണ് പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്. ഇത് ശരിയായ തനത് നാടകങ്ങളെ പ്രേക്ഷകരില്‍നിന്ന് അകറ്റില്ലേ. = തീര്‍ച്ചയായും അകറ്റും. തനതിന്റെ പേരില്‍ പല കോമാളിത്തരങ്ങളും കളിക്കുന്നവരുണ്ട്. ജാടബുദ്ധിജീവികളും മറ്റുമൊക്കെയാണ് ഇതിനു പിന്നില്‍. കൊട്ടും താളചലനങ്ങളും നീട്ടിവലിച്ച സംഭാഷണങ്ങളും ഔചിത്യമില്ലാതെ കൂട്ടിക്കുഴച്ചു നാടകഗാത്രത്തെ വിരൂപമാക്കുന്ന വേല പലയിടത്തുമുണ്ട്്. തിറയും ചെണ്ടയും കൂത്തുമെല്ലാം സാംഗത്യമില്ലാതെ കലര്‍ത്തിയെടുക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്തിട്ട് അതിന്റെ ഉത്തരവാദിത്തം ഈ രംഗത്ത് മുന്നിട്ടിറങ്ങിയ അര്‍പ്പണ ബോധമുള്ള കലാകാരന്മാരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് അപരാധമാണ്. ? നമ്മുടെ ഇന്നത്തെ പല പ്രൊഫഷണല്‍ നാടകങ്ങളും ശരാശരി നിലവാരത്തിനു താഴെയുള്ളവയാണ്. = അതെ, പ്രൊഫഷണല്‍ നാടക രംഗത്തും വലിയ അപചയം സംഭവിക്കുന്നുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടൊക്കെ ഞാന്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. മുതല്‍ മുടക്കും ആദായവും ജീവിത മാര്‍ഗവുമൊക്കെയായി ബന്ധപ്പെട്ട കോംപ്രമൈസുകളെ ക്കുറിച്ചും അഡ്ജസ്റ്റ്മെന്റിനെകുറിച്ചുമൊക്കെയാണ് അവര്‍ക്ക് പറയാനുള്ളത്. പല നാടകങ്ങളിലും ആശയപരമായ ചില പുതുമകളുണ്ടെങ്കിലും അരങ്ങിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട ഒന്നും കാണുന്നില്ല. ? താങ്കളുടെ തലമുറയുടെ അഭിരുചികള്‍ പുതിയ കാലത്തെത്തുമ്പോഴേക്കും വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇന്നത്തെ യുവാക്കളുടെ കലാസ്വാദനത്തെയും കാഴ്ചപ്പാടിനേയും എങ്ങനെ വിലയിരുത്തുന്നു. = എക്കാലത്തും സമൂഹത്തിന്റെ അഭിരുചികള്‍ക്ക് മാറ്റം സംഭവിക്കുന്നുണ്ട്. പല രംഗത്തും പുതിയ തലമുറ ഏറെ മുന്നിലാണ്. പഴയ പലതും അവര്‍ക്കു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരുപാട് കാര്യങ്ങളില്‍ അവര്‍ മുന്നില്‍ തന്നെയാണ്. കഥകളിപോലുള്ള കലാരൂപങ്ങള്‍ പുതിയ തലമുറയ്ക്ക് കാണാനുള്ള അവസരം കുറവാണ്. കാവാലത്തിന്റെ 80-ാം പിറന്നാളിന് ഞങ്ങള്‍" അവനവന്‍ കടമ്പ" നാടകം കളിച്ചത് കാണാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ വന്നിരുന്നു. നെടുമുടി വേണു എന്ന സിനിമാനടന്‍ അഭിനയിക്കുന്നതുകൊണ്ടാണ് അത്രയുംപേര്‍ വന്നതെന്ന് പറയാന്‍ കഴിയില്ല. 30-35 വര്‍ഷം മുമ്പ് ഈ നാടകം കണ്ടവര്‍ ആവര്‍ത്തിച്ച് കാണാനും പുതിയ തലമുറ കേട്ടറിഞ്ഞും വായിച്ചറിഞ്ഞുമാണ് വന്നത്. കഥകളി പോലുള്ള ക്ലാസിക്കല്‍ കലാരൂപങ്ങളെ അടുത്തറിയാന്‍ പണ്ടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഇന്നുണ്ട്. ഇതൊന്നും ഒരു വലിയ ജനക്കൂട്ടത്തിന്റെ മുന്നേറ്റമല്ല. നാടകവും സിനിമയും ഇന്ന് ക്യാമ്പസുകള്‍ വളരെ സീരിയസായിട്ടാണ് കാണുന്നത്. പച്ചയ്ക്ക് കാര്യങ്ങള്‍ പറയാതെ ധ്വനികളിലൂടെ സംഗതി അവതരിപ്പിക്കാന്‍ ഇന്നത്തെ ക്യാമ്പസ് സിനിമകള്‍ക്ക് കഴിയുന്നുണ്ട്. ? വള്ളവും വെള്ളവും കായലും പച്ചപ്പുമൊക്കെയുള്ള കുട്ടനാട് എല്ലാവരേയും മോഹിപ്പിക്കുന്ന ഭൂപ്രകൃതിയുള്ളതാണ്. കുട്ടനാട് എത്രത്തോളം താങ്കളുടെ കലാജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഒരു നാടിന്റെ സംസ്കാരം ഏതൊക്കെ തരത്തിലാണ് വ്യക്തിയെ സ്വാധീനിക്കുന്നത്. = കുട്ടനാട്ടിലല്ല ജനിച്ചത് എങ്കില്‍ ഞാന്‍ ഇന്നത്തെ നിലയില്‍ ആവുമായിരുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. ചുറ്റുവട്ടത്തുമുള്ള എല്ലാവര്‍ക്കും പരസ്പരം അറിയാം. അടുത്തെങ്ങാന്‍ പാടുന്ന ഒരാള്‍, അഭിനയിക്കുന്ന ഒരാള്‍, കൊട്ടുന്ന ഒരാള്‍ ഇങ്ങനെയുള്ള ആളുകളെ എല്ലാവരും ചേര്‍ന്ന് പ്രോത്സാഹിപ്പിക്കും. അത്തരം ഗ്രാമീണ ലാളനകള്‍ ഏറെ കിട്ടിയിട്ടുള്ള ആളാണു ഞാന്‍. വീട്ടുകാര്‍, അധ്യാപകര്‍, അയല്‍പക്കക്കാര്‍ എല്ലാവരും എന്നെ ആവോളം പ്രോത്സാഹിപ്പിച്ചു. എനിക്ക് മാത്രമല്ല ഒരുപാടുപേര്‍ക്ക് ഈ ലാളന കിട്ടിയിട്ടുണ്ട്. വള്ളവും വെള്ളവും ചെളിനിറഞ്ഞ വരമ്പുകളും വള്ളംകളിയും ചക്രപ്പാട്ടും എല്ലാം ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് വെറുതെ കിടക്കുമ്പോള്‍ ദൂരെനിന്ന് ഞാറ്റുപാട്ടു കേള്‍ക്കാം. രാത്രികളില്‍ ചെറിയ കൈത്തോടുവഴി വള്ളങ്ങള്‍ കടന്നുപോകുമ്പോള്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ വേണ്ടി വിളിച്ചുപറയും വള്ളം വടക്കുവാാാ....... വള്ളം തെക്കുവാാാ.. ഇതാണ് ട്രാഫിക്. വള്ളത്തിന്റെ മുന്നില്‍ വിളക്കും തൂക്കും. ഇതിലൊക്കെ ഒരു താളമുണ്ട്. അളവു തെറ്റാതിരിക്കാന്‍ നെല്ലളക്കുന്നത് താളത്തിലാണ്. ഒരു പറയിലോട്ട് നെല്ലിട്ട്, അത് കോലുകൊണ്ട് വടിച്ച് ഒന്നേ... പറ ഒന്നേ... ഒന്നേ... പൊലി ഒന്നേ... ഒന്നേ ഒന്നേ.. പൊലി രണ്ടേ... രണ്ടേ... എന്ന് ഈണത്തില്‍ പറയും. ഞാറ്റുപാട്ടിലെ പല്ലവിയില്‍നിന്ന് എത്ര പിടി ഞാറ് നട്ടു എന്നും അറിയാം. കണക്കുവരെയുണ്ട് ഞാറ്റുപാട്ടില്‍. ഇതൊന്നും നിഷേധിച്ചിട്ട് കണ്ണും കാതും മനസ്സുമുള്ള ആര്‍ക്കും കുട്ടനാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ല. തകഴിച്ചേട്ടനും കാവാലവും ഒക്കെ ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ് അനുഭവിച്ചവരാണ്. ഒരിക്കല്‍ ഒറ്റപ്പാലം ഒളപ്പമണ്ണമനയില്‍ ഷൂട്ടിങ്ങുള്ളപ്പോള്‍ കുറേ ചെറുപ്പക്കാര്‍ കൂടി പമ്പയുടെ തീരത്തെ സംസ്കാരത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. പൊതുവെ ഭാരതപ്പുഴയുടെ തീരമാണ് സംസ്കാരത്തിന്റെ ഈറ്റില്ലമായി കണക്കാക്കുന്നത്. എന്നാല്‍ അന്ന് അവരുടെ സംസാരം എന്നില്‍ വലിയ തിരിച്ചറിവും വെളിച്ചവും പകര്‍ന്നു. എത്രയോ കലാകാരന്മാര്‍ക്ക് പമ്പാതീരം ജന്മം നല്‍കിയിട്ടുണ്ട്. നല്ല വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്. എന്നാല്‍ കുട്ടനാട് ഇന്ന് വല്ലാത്ത അവസ്ഥയിലാണ്. ആവാസവ്യവസ്ഥയൊക്കെ താറുമാറായി. ഒരുപാട് മാറ്റങ്ങളാണ് ആലപ്പുഴയ്ക്ക് വന്നത്. ? വായന ഒരു നടന്റെ ജീവിതത്തെ ഏതൊക്കെതരത്തില്‍ സ്വാധീനിക്കുന്നുണ്ട്. = വായനയും സൂക്ഷ്മനിരീക്ഷണവും ഒരു നടന്റെ വളര്‍ച്ചയെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. വിവിധ കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍ വായന സഹായിക്കും. ഭാവന വികസിക്കുന്നതിനും വായന അനിവാര്യമാണ്. ചുറ്റുപാടുകളിലുമുള്ള സൂക്ഷ്മ നിരീക്ഷണവും നടന് ശീലമായി മാറണം. ഒരു നാട്ടുമ്പുറത്തുകാരനായതില്‍ ഇനിയും പുറത്തെടുക്കാത്ത ഒരുപാട് മുഖങ്ങളെ ഞാനെന്റെ മനസ്സില്‍ സൂക്ഷിക്കുന്നു. കഥാപാത്രങ്ങളുടെ മാതൃകകള്‍ ഒരുപാടുണ്ടാകും നാട്ടിന്‍പുറങ്ങളില്‍. അവസരം വന്നാല്‍ പുറത്തെടുക്കാന്‍ പാകത്തില്‍. മുമ്പൊക്കെ നാടകത്തില്‍നിന്ന് വന്നവരായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്. പകല്‍ ഉറങ്ങുകയും രാത്രി നാടകവും ആയിട്ടാണ് അവരുടെയൊക്കെ ജീവിതം കടന്നുപോയത്. മറ്റു കാര്യങ്ങള്‍ക്കൊന്നും അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. ആ ശീലം ഉള്ളതിനാല്‍ പലരും സിനിമയില്‍ വന്നപ്പോഴും വായനയൊന്നുമില്ലാത്തവരായിത്തന്നെ തുടര്‍ന്നു. പിന്നെ അന്ന് ഷൂട്ടിങ്ങ് മിക്കവാറും മദ്രാസിലായിരുന്നു. അതും രാത്രി. നാട്ടിലൊക്കെ വല്ലപ്പോഴുമൊക്കെയേ ഷൂട്ടിങ്ങ് ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് മലയാളം പത്രങ്ങള്‍ കിട്ടാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ അങ്ങനെയല്ല. പുസ്തകം വായിക്കാനും ടി വിയില്‍ വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടിയും കാണാനും നാട്ടിലെ സമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാനും അവര്‍ക്ക് കഴിവുണ്ട്. ? "ന്യൂ ജനറേഷന്‍" എന്ന വാക്ക് ഇന്ന് ആവശ്യത്തിനും അല്ലാതെയും പ്രയോഗിക്കുന്നുണ്ട്. പുതിയ സിനിമകളെ പലരും വിശേഷിപ്പിക്കുന്നത് ഈ പ്രയോഗത്തിന്റെ സഹായത്തോടെയാണ്. കലാരൂപങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്. = സത്യത്തില്‍ കവിതയിലും നോവലിലും കഥയിലുമൊക്കെ എല്ലാ കാലത്തും ന്യൂ ജനറേഷന്‍ ചുവടുവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് പലരും സിനിമയെ മാത്രമാണ് ന്യൂജനറേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കാണുന്നത്. അതിന്റെ ആവശ്യമില്ല. എല്ലാകാലത്തും ഇത്തരം പുതുമ നിറഞ്ഞ വിവിധ കലാസൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. ഭരതനും പത്മരാജനുമെല്ലാം അവരുടെ കാലത്ത് ന്യൂ ജനറേഷന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. സാഹിത്യത്തിലും ഈത്തരം ചലനങ്ങള്‍ ധാരാളമായി കാണാം. ഇന്നിറങ്ങുന്ന ഇത്തരം പുതിയ സിനിമകള്‍ ഒരുപക്ഷേ കാലാതിവര്‍ത്തിയാവണമെന്നില്ല. എങ്കിലും നമ്മള്‍ കണ്ടുപോരുന്ന ചെടിപ്പിക്കുന്ന, ഒരേ പാറ്റേണില്‍പ്പെട്ട സിനിമകളില്‍നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം സിനിമകള്‍ക്ക് പറ്റുന്നു. അതിനെ നമ്മള്‍ പോസിറ്റീവായിട്ട് കാണണം. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ചിലര്‍ ഇതിനെ അങ്ങനെ വിളിക്കാന്‍ കാരണം. സ്ഥിരം വിഷയങ്ങളെ കണ്ടും കേട്ടും പ്രേക്ഷകന് മടുക്കും. അതില്‍നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണ് ഇത്തരം സിനിമകള്‍. ഇനിയും മാറാനുണ്ട് നമ്മുടെ സിനിമ. സിനിമ മാറിക്കൊണ്ടേയിരിക്കണം. ? എന്നാല്‍ ഇന്നിറങ്ങുന്ന പല സിനിമകളും ഒരുതവണ കണ്ട് തൃപ്തിപ്പെടാവുന്നവയാണ്. പത്മരാജനും ഭരതനും ലോഹിതദാസുമൊക്കെ ചെയ്ത പടങ്ങള്‍ ആവര്‍ത്തിച്ചു കാണുന്നവരാണ് പുതിയ തലമുറപോലും. എന്തായിരിക്കും ഇതിന് കാരണം. = നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയങ്ങളാണ് പത്മരാജനും ഭരതനും ലോഹിതദാസുമൊക്കെ സിനിമയാക്കിയത്. നാടുമായും നമ്മുടെ സംസ്കാരവുമായും അടുത്തുനില്‍ക്കുന്ന സിനിമകളാണ് അവരുടേത്. ഇന്നുള്ള യുവസിനിമകളായി നമ്മള്‍ കൊണ്ടാടുന്ന പലതും ഒരു ന്യൂനപക്ഷത്തിന്റെ കഥയാണു പറയുന്നത്. അതിന് സാര്‍വകാലികത അവകാശപ്പെടാന്‍ പറ്റില്ല. ആയിരക്കണക്കിന് സിനിമാക്കാരില്‍ വളരെ കുറച്ചുപേരെ മാത്രമേ നമ്മള്‍ ഓര്‍ക്കുന്നുള്ളൂ. മനുഷ്യന്റെ കഥ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ എപ്പോഴൊക്കെ ആരൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ സമൂഹം ഏറ്റെടുത്തിട്ടുണ്ട്. ? സിനിമയുടെ തിരക്കിനിടയില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താറുണ്ടോ? = പ്രത്യേക സാഹചര്യങ്ങള്‍ വരുമ്പോള്‍ വല്ലപ്പോഴും നാടകം കളിക്കാറുണ്ട്. സിനിമപോലെ പെട്ടെന്ന് ഓടിവന്ന് കളിക്കാവുന്നതല്ല നാടകം. പ്രത്യേകിച്ച് കാവാലത്തിന്റെ നാടകങ്ങള്‍. നല്ലപോലെ റിഹേഴ്സല്‍ എടുക്കണം. നൃത്തം, പാട്ട് എല്ലാം കൈകാര്യം ചെയ്യണം. ? കഥ, തിരക്കഥ, കവിത, ലേഖനം... തുടങ്ങി പല രംഗത്തും കൈവച്ചിട്ടുള്ള ആളാണ് താങ്കള്‍. ഇപ്പോള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതെന്തുകൊണ്ടാണ്. = സിനിമാഭിനയം തൊഴിലാക്കുന്നതോടെ മറ്റു പലതും നമ്മില്‍നിന്ന് അകന്നുപോകും. നമ്മുടെ സമയം പിന്നെ നമ്മളല്ല തീരുമാനിക്കുന്നത്. ഒരുപാടു കാര്യങ്ങള്‍ അഭിനയത്തിലൂടെ കിട്ടുന്നുണ്ടെങ്കിലും ഒരുപാട് വാസനകള്‍ പ്രയോഗിക്കാന്‍ അവസരം കിട്ടാതെ വരും. ഒരു സിനിമയുടെ എല്ലാ മധുരവും നൊമ്പരവും അനുഭവിക്കുന്നത് സംവിധായകനാണ്. അതെനിക്ക് സിനിമ സംവിധാനം ചെയ്തപ്പോള്‍ മനസ്സിലായി. അതുകൊണ്ട് ഇനിയും സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ആ സിനിമക്കുവേണ്ടി തിരക്കഥ എഴുതുകയും വേണം. അപ്പോഴേ അതൊരാളിന്റേതാകുന്നുള്ളൂ. ഒരാളിന്റെ മനസ്സില്‍ വിരിയുന്ന ആശയം അയാള്‍തന്നെ സംവിധാനംചെയ്താല്‍ അത് പൂര്‍ണതയുള്ളതാകും. ? എഴുത്തുകാരുമൊക്കെയായി ബന്ധം പുലര്‍ത്തുന്ന നടീ-നടന്മാര്‍ ഇന്ന് സിനിമയില്‍ വളരെ കുറവാണ്. താങ്കളൊക്കെ വന്ന കാലത്ത് സാഹിത്യകാരന്മാരൊക്കെയായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നു. ആ ഓര്‍മകള്‍ പങ്കുവയ്ക്കാമോ = തകഴിച്ചേട്ടനുമായി നല്ല ബന്ധമായിരുന്നു. വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. അച്ഛനുമായി നല്ല സൗഹൃദത്തിലായിരുന്നു. ഞാന്‍ സിനിമാനടനായതിനുശേഷവും വീട്ടില്‍ പോവാറും വരാറുമൊക്കെയുണ്ട്. കാവാലത്തിന്റെ നാടകസംഘത്തില്‍ വന്നതിനുശേഷം കടമ്മനിട്ട, അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍, ഡി വിനയചന്ദ്രന്‍, ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങിയവരൊക്കെയുമായി ബന്ധമുണ്ടായി. കാവാലത്തിന്റേത് വെറും നാടക ട്രൂപ്പായിരുന്നില്ല. നാടകത്തിനു മുമ്പ് മിക്കവാറും കവിയരങ്ങുണ്ടാകും. ചിത്രകാരന്മാര്‍, ശില്‍പികള്‍ തുടങ്ങിയ ആവിഷ്കാരത്തിന് വ്യത്യസ്ത വഴികള്‍ അന്വേഷിക്കുന്ന എല്ലാവരും ഒത്തുചേരുന്ന സ്ഥലമായിരുന്നു കാവാലത്തിന്റെ "തിരുവരങ്ങ്". അതുകൊണ്ടുതന്നെ പല തരക്കാരുമായി അടുക്കാനും അവരുടെയൊക്കെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സിനിമാതാരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നതുപോലെ പണ്ട് സാഹിത്യകാരന്മാരെ കാണാന്‍ ആഗ്രഹിച്ചിരുന്നു. നിരവധി എഴുത്തുകാരുമായും ബന്ധമുണ്ടായിരുന്നു. ? സിനിമ വല്ലാത്ത ഒരു മായിക ലോകമാണെന്നു പൊതുവേ പറയാറുണ്ട്. നടന്മാര്‍ ഉള്‍പ്പെടെ പലരും അതില്‍ പെട്ട് പോകുന്നവരാണ്. ഇങ്ങനെ പെട്ടുപോയവരുടെ കഥകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. എങ്ങനെ മാറിനില്‍ക്കുന്നു ഈ നക്ഷത്രലോകത്തു നിന്നും. = ഞാനും ഒരു പരിധിവരെ സിനിമയുടെ മായികലോകത്ത് ജീവിക്കുന്നവനാണ്. നമ്മള്‍ നമ്മോടു തന്നെ ചോദിക്കുകയും നമ്മള്‍ തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്താണ് ഇതില്‍നിന്ന് പുറത്തുകടക്കുന്നത്. ഞാന്‍ ഇന്ന സ്ഥലത്ത് ഇന്ന ആള്‍ക്കാരുടെ മകനായി ജനിച്ചു. സിനിമാ നടനായിരുന്നില്ലെങ്കില്‍ മറ്റ് എന്തെങ്കിലും ജോലിചെയ്തു ജീവിക്കുമായിരുന്നു. ഒരു ലക്ചററോ പ്രൊഫസറോ അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ നാടക നടനോ ആകുമായിരിക്കാം. അതിനപ്പുറമുള്ള ഒരു ജീവിത സങ്കല്‍പം എനിക്കില്ല. അതു ഞാന്‍ എന്നും ഓര്‍ക്കാറുണ്ട്. അതിനുസരിച്ച് ജീവിതം പാകപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഇത്തരം ഭ്രമത്തില്‍പ്പെടാതിരിക്കാന്‍ അസാമാന്യമായ വില്‍ പവര്‍ വേണം. എത്ര മഹാനായാലും അതിലൊക്കെ പെട്ടുപോകും. ? അയ്യപ്പപണിക്കരും കടമ്മനിട്ടയും സജീവമാക്കിയ "ചൊല്‍ക്കാഴ്ച-കാലങ്ങളെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ. ആ ഓര്‍മകള്‍. = കവിതകള്‍ ഉറക്കെ ചൊല്ലുക എന്നതാണ് നമ്മുടെ പാരമ്പര്യം. നാടന്‍പാട്ടുകളൊക്കെ തൊണ്ട തുറന്നാണ് പാടുക. മഹാഭാരതം, രാമായണം ഇവയൊക്കെ ഉറക്കെ വായിക്കുന്നത് കേട്ടാണ് വളര്‍ന്നത്. ഞങ്ങളുടെ നാട്ടില്‍ ഒരു കുറുപ്പുചേട്ടനുണ്ടായിരുന്നു അദ്ദേഹത്തിന് അക്ഷരാഭ്യാസമില്ല, പള്ളിക്കൂടത്തില്‍ പോയിട്ടില്ല. രാമായണവും ഭാഗവതവും വായിക്കും. പുസ്തകം തുറന്നുവച്ച് ഏഴു വരിയും ഏഴക്ഷരവും തള്ളിയിട്ടാണ് വായിക്കുക. പക്ഷേ വായിക്കുന്നത് ആ പേജിലുള്ളതായിരിക്കണമെന്നില്ല. കേട്ട ശീലം കൊണ്ടാണ് വായിക്കുന്നത്. കവിതക്ക് ഒരു താളമുണ്ട്. ഈണമുണ്ട്. ആ താളത്തിലും ഈണത്തിലും ഭാവത്തിലും കവിത വായിക്കുമ്പോള്‍, ഗദ്യം വായിക്കുന്നതിനേക്കാള്‍ കൂടുതലായിട്ട് ആസ്വാദകമനസ്സില്‍ കവിത കയറും. സച്ചിദാനന്ദന്റെ "കോഴി", അയ്യപ്പപണിക്കരുടെ "കള്ളന്‍", കാവാലത്തിന്റെ "മണ്ണ്" ഇവയെല്ലാം സ്റ്റേജില്‍ പെര്‍ഫോം ചെയ്യും. അപ്പോള്‍ അതിനൊരു ദൃശ്യവ്യാഖ്യാനം കൂടി നമ്മള്‍ നല്‍കും. അങ്ങനെ വളരെ പെട്ടെന്ന് കവിത ജനമനസ്സുകളില്‍ ഇടംനേടും. അതാണ് ചൊല്‍ക്കാഴ്ച. അയ്യപ്പപണിക്കരാണ് അതിന്റെ സൂത്രധാരന്‍. അദ്ദേഹം ഒരിക്കലും ഒന്നിനെയും മുന്‍പന്തിയില്‍ ഉള്ളതായി തോന്നിപ്പിക്കാറില്ല. എന്നാല്‍ എല്ലാറ്റിന്റേയും പ്രേരക ശക്തിയായി അദ്ദേഹം ഉണ്ടാകും. എല്ലാറ്റിന്റേയും പുറകില്‍ പോയി നില്‍ക്കുകയും ചെയ്യും. അങ്ങനെയൊക്കെയുള്ള ആള്‍ക്കാര്‍ ഇനിയുണ്ടാവുമെന്ന് തോന്നുന്നില്ല. കവിതയില്‍ മാത്രമല്ല, നാടകരംഗത്തും ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം. സി എന്‍ ശ്രീകണ്ഠന്‍നായരുടെയും കാവാലത്തിന്റെയും ജി ശങ്കരപ്പിള്ളയുടെയും നാടകങ്ങള്‍ മൂന്നു രീതിയില്‍ സഞ്ചരിക്കുന്നവയാണ്. എന്നാല്‍ ഇതെല്ലാം ഒരുപാതയില്‍ വരേണ്ടതാണെന്നും ഒരു പൊതുവായ വേദി വേണമെന്നുമൊക്കെ ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. ഇതൊന്നും പ്രത്യക്ഷമായി പറയില്ല. എന്നാല്‍ അണിയറയില്‍ എല്ലാ ചരടുവലിയും നടത്തി കൃത്യമായി അദ്ദേഹം ഉദ്ദേശിക്കുന്ന സ്ഥലത്ത് പോയി കെട്ടും. കവിതയില്‍ വൃത്തനിരാസം വന്നപ്പോള്‍ പല കവികളും വൃത്തം അറിയാന്‍ വയ്യാത്തതുകൊണ്ട് വൃത്തമില്ലാതെ കവിതയെഴുതി. അപൂര്‍വം പേരെ വൃത്തം അറിഞ്ഞിട്ട് വൃത്ത നിരാസം നടത്തിയവരായുള്ളൂ. അതിന് താളവൃത്തം എന്ന സംജ്ഞ കൊടുത്തത് പണിക്കര്‍ സാറായിരുന്നു. അദ്ദേഹത്തിന്റെ പല കവിതകളും വെറുതെ വായിച്ചാല്‍ അതിന്റെ രസം കിട്ടാത്തവയാണ്. അതിന്റെ താളം അറിഞ്ഞ് വായിച്ചാല്‍ അതീവഹൃദ്യമായി തോന്നും. അദ്ദേഹത്തിന്റെ ഓരോ കവിതയും ഓരോ താളത്തിലാണ് എഴുതിയിട്ടുള്ളത്. അത് തിരിച്ചറിഞ്ഞാലേ കവിത നന്നായി ആസ്വദിക്കാന്‍ പറ്റൂ. ? പുതിയ കവിതകള്‍ ശ്രദ്ധിക്കാറുണ്ടോ. = കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയേ ഞാന്‍ എത്തിയിട്ടുള്ളൂ. റഫീക്ക് അഹമ്മദിനെ പോലെയുള്ളവരുടെ കവിതകളെ അറിയാം, ഗഹനമായി വായിച്ചിട്ടില്ല. ഇപ്പോള്‍ പുസ്തകവായന കുറവാണ്. ആനുകാലികങ്ങള്‍ വായിക്കാറുണ്ട്. ഏകാഗ്രമായി വായിക്കേണ്ടവയാണ് പുസ്തകങ്ങള്‍. അതിനുള്ള സന്ദര്‍ഭം കിട്ടാറില്ല. ? "തനത്" നാടകങ്ങളുടെ സഹയാത്രികന്‍ എന്ന നിലയില്‍ നമ്മുടെ സംസ്കാരത്തെ അവ എത്രത്തോളം ഉള്‍ക്കൊള്ളുന്നതായി തോന്നിയിട്ടുണ്ട്. = നമ്മുടെ ക്ലാസിക്കലും പാരമ്പര്യവുമായുള്ള ദൃശ്യകലകളുടെ സമന്വയമാണ് കാവാലത്തിന്റെയൊക്കെ നാടകങ്ങള്‍. കാട്ടുമാടം നാരായണന്റെ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു. വിദേശീയരായ കുറേപേര്‍ ഇവിടെ വന്ന് കഥകളിയും കൂടിയാട്ടവുമെല്ലാം കണ്ടിട്ട് നമ്മുടെ പാരമ്പര്യത്തിന്റെ സമ്പന്നതയെ പുകഴ്ത്തിയിട്ട്, ഇതെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ നാടകവേദിയെ പരിചയപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴാണ് പുള്ളി വിഷമിച്ചത്. അത്തരം നാടകവേദി നമുക്കില്ല. കലാനിലയംപോലുള്ള ട്രൂപ്പുകള്‍ അത്ഭുതങ്ങള്‍ നിറഞ്ഞ നാടകങ്ങള്‍ കാണിക്കുന്ന വേദിയാണ്. പിന്നെയുള്ളത് ഓരോ രംഗത്തിനും അനുകൂലമായിട്ടുള്ള കര്‍ട്ടനുകള്‍ പുറകില്‍ കെട്ടിത്തൂക്കി കളിക്കുന്ന നാടകങ്ങളാണുള്ളത്. പാശ്ചാത്യര്‍ എത്രയോ കാലം മുമ്പ് തന്നെ തള്ളിക്കളഞ്ഞ നാടകസമ്പ്രദായങ്ങളാണ് നമ്മള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത്. സ്വന്തം നാടകവേദിയെന്ന അന്വേഷണം നേരത്തെ ഇവിടെയുണ്ടായിരുന്നില്ല. അന്ന് കാട്ടുമാടം പറഞ്ഞത് ഇന്നാണെങ്കില്‍ കാണിച്ചുകൊടുക്കാന്‍ കാവാലത്തിന്റെ നാടകവേദിയുണ്ട് എന്നാണ്. കെ ടി മുഹമ്മദിന്റെ നാടകങ്ങള്‍ മുസ്ലിം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എടുത്തുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവയാണ്. സംഭാഷണ പ്രധാനമാണ്. കെപിഎസിയുടെ നാടകങ്ങള്‍ അടക്കം കാലികപ്രാധാന്യമുള്ളതായിരുന്നു. എന്നാല്‍ നാടകം എന്ന നിലയില്‍ അന്നത്തെ പല നാടകങ്ങളും ഇന്ന് നമുക്ക് ആസ്വദിക്കാന്‍ പറ്റില്ല. പിന്നെ പല സാമൂഹിക ദൗത്യങ്ങളും നിര്‍വഹിച്ചതാണല്ലോ ഇത്തരം നാടകങ്ങള്‍ എന്ന വൈകാരികത തോന്നിയേക്കാം. ? ഒരേ സമയം വൈകാരികമായും ബൗദ്ധികമായും ജീവിതത്തെ സമീപിച്ചവരാണ് എഴുപതുകളിലെ യുവത്വം. അവിടെനിന്ന് യാത്ര തുടങ്ങിയ ആള്‍ എന്ന നിലയില്‍ ഇന്നിന്റെ ജീവിതക്കാഴ്ചകളെ എങ്ങനെ വിലയിരുത്തുന്നു. = അക്കാലത്ത് ഞാന്‍ കണ്ടതില്‍ ജോണ്‍ എബ്രഹാം മാത്രമാണ് ബുദ്ധിജീവിയായിട്ട് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന് ഏത് വിഷയത്തെക്കുറിച്ചും അപാരമായ അറിവുണ്ടായിരുന്നു. കൃഷിയെക്കുറിച്ച് അറിവുള്ളതുപോലെ സൗരയൂഥത്തെക്കുറിച്ചും സംസാരിക്കാന്‍ കഴിയുമായിരുന്നു. നമ്മള്‍ പത്തുപേര്‍ ഇരിക്കുന്ന സദസില്‍ ഒമ്പതുപേര്‍ക്കും പറയാനില്ലാത്ത ആധികാരികമായ ഒരഭിപ്രായം ജോണിന് പറയാനുണ്ടാകും. ഭിക്ഷക്കാരനുപോലും ഒരു ഭാണ്ഡം ഉണ്ടാകും. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ എവിടെ പോയാലും മറ്റൊന്നു കൈയിലുണ്ടാവില്ല. പത്തു പെസ കൈയിലുണ്ടാവില്ല. എങ്ങനെയാണ് അദ്ദേഹം ജീവിച്ചത് എന്നത് വലിയ ഒരു ചോദ്യമാണ്. ഞാന്‍ ജീവിതത്തെ നേരിടും എന്ന ചങ്കൂറ്റമാണ് അദ്ദേഹത്തെ നയിച്ചത്. അത് ജാഡയല്ല. അങ്ങനെയുള്ളവര്‍ ലോകത്തുതന്നെ വളരെ കുറവാണ്. അന്നത്തെ കാലത്ത് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. കുടുംബങ്ങളിലും വ്യക്തികള്‍ക്കിടയിലും ഈ ബന്ധം നിലനിന്നിരുന്നു. എഴുത്തുകാരനും ശില്‍പിക്കും നടനും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള വേദികള്‍ അന്നുണ്ടായിരുന്നു. അതൊക്കെ ഇന്ന് നഷ്ടപ്പെട്ടു. വായനശാലകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണിന്ന്. ഉണ്ടെങ്കില്‍ തന്നെ അതിന്റെ പര്‍പ്പസ് നടക്കുന്നില്ല. ആല്‍ത്തറകളില്ല, അന്തിക്കൂട്ടങ്ങളില്ല. നാട്ടിന്‍പുറത്തുപോലും വൈകിട്ട് കൂടിയിരുന്നുള്ള വെടിപറച്ചിലുകളില്ല. തീര്‍ച്ചയായും നമ്മുടെ നന്മകള്‍ കാലം കഴിയുന്തോറും നഷ്ടപ്പെട്ടുപോകുന്നുണ്ട്. എങ്കിലും ഇതില്‍നിന്നെല്ലാം നന്മ ഉരുത്തിരിഞ്ഞ് വരുമെന്ന പ്രതീക്ഷ തന്നെയാണ് നമ്മെ നയിക്കുന്നത്. ? സിനിമയില്‍ വന്ന ചെറു പ്രായത്തില്‍ തന്നെ താങ്കള്‍ ഏറെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. പൊതുവേ ചെറു പ്രായത്തിലുള്ള കഥാപാത്രങ്ങളായി അഭിനയിക്കാനല്ലേ എല്ലാവരും ആഗ്രഹിക്കുക. ടൈപ്പ് ചെയ്യപ്പെടുന്നതായി എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ. = നമ്മള്‍ വയസ്സായി കഴിഞ്ഞിട്ട് വൃദ്ധനായി അഭിനയിക്കുന്നതില്‍ രസമില്ല. എനിക്ക് 30-35 വയസ്സുള്ളപ്പോഴാണ് ഞാനാദ്യമായി അച്ഛനായി അഭിനയിച്ചത്. ആ രസം പ്രായമായാല്‍ കിട്ടില്ല. എന്നാല്‍ ഇങ്ങനെ ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയാല്‍ കുതറിമാറാന്‍ ശ്രമിക്കാറുണ്ട്. അച്ഛന്‍, അമ്മാവന്‍, മാഷ് തുടങ്ങിയ കഥാപാത്രങ്ങളെയൊക്കെ ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തത ആവശ്യപ്പെടുന്നുണ്ട് എന്നു സംവിധായകനു തോന്നിയാല്‍ അത് നല്‍കാറുണ്ട്. അതിനുള്ള ബാധ്യതയുമുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുള്ള ചിത്രങ്ങളിലൊക്കെ 40 വയസിനു മുമ്പേയാണ് അഭിനയിച്ചത്. ? റീമേക്ക് സിനിമകളുടെ കാലമാണ് ഇപ്പോള്‍ മലയാളത്തില്‍. ഈ പ്രവണതയെ എങ്ങനെയാണ് കാണുന്നത്. = റീമേക്ക് സിനിമ നമ്മുടെ വലിയ പരിമിതിയെയാണ് കാണിക്കുന്നത്. സ്വന്തമായി വിഷയങ്ങള്‍ കിട്ടാനില്ലാതെ വരുമ്പോഴാണ് സിനിമയുടെ റീമേക്കിനെപ്പറ്റി ചിന്തിക്കുന്നത്. ഇത് എളുപ്പമുള്ള കാര്യമാണ്. നേരത്തെ ചെയ്തുവച്ചതിന്റെ ഉടുപ്പും സ്ഥലവുമൊക്കെ മാറ്റിയാല്‍ പണി കഴിഞ്ഞു. എന്നാല്‍ അതിന്റെ മൂലസിനിമയെ അതിശയിക്കുന്ന തരത്തില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യും. അതിന്റെ താഴെയോ ഒപ്പമോ നില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. ? ഒരുപാട് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും കലാരൂപങ്ങളും വെളിച്ചം പകര്‍ന്ന നമ്മുടെ ബോധത്തിലേക്ക് വീണ്ടും പല രൂപത്തില്‍ ഇരുട്ട് കയറിവരുന്നു. എന്തായിരിക്കാം ഇതിന് കാരണം. = ജാതിക്ക് ഇടം കൊടുക്കുകയാണ് മിക്ക രാഷ്ട്രീയക്കാരും. അനിഷേധ്യമായ സത്യമായി ജാതിയെ അംഗീകരിക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറായിട്ടുണ്ട്. ഇതിനെതിരായി പോരാടിയവര്‍തന്നെയാണ് പലപ്പോഴും ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ കൂടെ ചേരുമ്പോള്‍ തങ്ങള്‍ക്ക് ശക്തി കൂടിയതായും ആജ്ഞാശക്തി വര്‍ധിച്ചതായും വിവിധ ജാതികള്‍ക്ക് തോന്നിത്തുടങ്ങി. സത്യത്തില്‍ പരിപൂര്‍ണമായും ഇവരെ ഒഴിവാക്കാനും അവരുടെ കാലുകഴുകിയ വെള്ളം കുടിക്കാന്‍ തയ്യാറല്ല എന്ന് ചങ്കൂറ്റത്തോടെ പറയാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയണം. എങ്കിലേ ഇതില്‍നിന്ന് രക്ഷയുള്ളൂ. മിശ്രവിവാഹത്തെയൊക്കെ പണ്ടത്തേക്കാള്‍ ഇന്ന് സമൂഹം അംഗീകരിക്കുന്നുണ്ട്. എന്റെയൊക്കെ കാലത്ത് ഇത്തരം വിവാഹങ്ങള്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. പ്രായമായവര്‍ പോലും ഇന്ന് ഇത്തരം കാര്യങ്ങളില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി കാണുന്നില്ല. കുട്ടികളുടെ ഇഷ്ടംപോലെ ജീവിക്കട്ടെ എന്നാണ് പലരുടെയും കാഴ്ചപ്പാട്. അതൊരു വലിയ മാറ്റമാണ്. ജാതിയെയും മതത്തെയും നമ്മെ ഭരിക്കാന്‍ വിട്ടുകൊടുക്കാതിരുന്നാല്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ജാതിയും രാഷ്ട്രീയവും എന്ന് കൈകോര്‍ക്കുന്നുവോ അന്ന് നാട് അധഃപതിച്ചുപോകും. നമ്മെ നയിക്കുന്നവരിലുള്ള വിശ്വാസം കുറയുമ്പോള്‍ ആള്‍ക്കാര്‍ എവിടെയെങ്കിലും ആശ്രയം തേടിയാണ് പലപ്പോഴും മതത്തിലേക്കും വര്‍ഗീയതയിലേക്കും ആള്‍ദൈവങ്ങളിലേക്കുമൊക്കെ എത്തുന്നത്. മനുഷ്യന് ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയില്ല. എവിടെയെങ്കിലും അവനൊന്ന് കൂടണം. മതമാണ് വേഗത്തില്‍ കൂടിച്ചേരാവുന്ന ഒരിടം. ? സിനിമ ഒരുപാട് അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമാണല്ലോ. = സിനിമയില്‍ മാത്രമല്ല കാശ് മുടക്കുകയും ലാഭം പ്രതീക്ഷിക്കുകയും ചെയ്യുന്ന എല്ലാ രംഗങ്ങളിലും അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ? ആലപ്പുഴ പോലുള്ള വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള പ്രദേശത്തുനിന്നുവരുന്ന ആളെന്ന നിലയില്‍ താങ്കളുടെ രാഷ്ട്രീയകാഴ്ച്ചപ്പാട്. = കുട്ടിക്കാലത്ത് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. എന്റെ ചേട്ടന്‍ നല്ല വായനക്കാരനായിരുന്നു. ലൈബ്രറിയിലൊക്കെ പോയി പുസ്തകം എടുക്കുമായിരുന്നു. വരയും എഴുത്തും ചേട്ടന്റെ കൂടെയുണ്ടായിരുന്നു. ചേട്ടന്‍ കമ്യൂണിസ്റ്റായിരുന്നു. അതിന്റെ സ്വാധീനത്തില്‍ ഞാനും കമ്യൂണിസ്റ്റായി. ഇഷ്ടപ്പെട്ട ഒരുപാടുപേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു. കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, വയലാര്‍, ദേവരാജന്‍, ഒ എന്‍ വി, പി ഭാസ്കരന്‍, തോപ്പില്‍ ഭാസി, തിരുനെല്ലൂര്‍ കരുണാകരന്‍. അതുകൊണ്ടുകൂടിയാണ് കമ്യൂണിസത്തോട് താല്‍പര്യം തോന്നിയത്. പ്രവര്‍ത്തനമുണ്ടായിരുന്നില്ല. ഇപ്പോഴും രാഷ്ട്രീയ ചിന്തകളൊക്കെയുണ്ട്. കലാകാരന്‍ എല്ലാവരുടേയും സ്വത്താണ്. ഒരു കൊടിയുടെയും താഴെ നില്‍ക്കുന്നവനായതുകൊണ്ടല്ല ജനങ്ങള്‍ അവനെ ഇഷ്ടപ്പെടുന്നത്. കലാകാരന്‍ അങ്ങനെയായിരിക്കണം. വേറിട്ട വഴിവെട്ടുന്നവനാണ് ഇടതുപക്ഷക്കാരന്‍. സാഹിത്യത്തിലും സിനിമയിലും ഒക്കെ ഇത്തരക്കാരുണ്ട്. ആ അര്‍ഥത്തില്‍ ഞാനും ഇടതുപക്ഷക്കാരനാണ്. ? നല്ല ചലച്ചിത്ര ഗാനങ്ങള്‍ ആസ്വദിക്കാന്‍ നമ്മള്‍ ഇപ്പോഴും പഴയ സിനിമകളെയാണ് ആശ്രയിക്കുന്നത്. പുതിയ കാലത്ത് പ്രതിഭകള്‍ ഇല്ലാത്തതുകൊണ്ടാണോ = കാണുന്ന മാത്രയില്‍, അനുഭവിക്കുന്ന മാത്രയില്‍ മാത്രം രസമുണ്ടാകുന്ന കാര്യങ്ങളാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. കാലം അങ്ങനെയാണ്. "യൂസ് ആന്‍ഡ് ത്രോ" സംസ്കാരം നമുക്കിടയില്‍ വന്നു. മുമ്പൊക്കെ ഒരു പേന അഞ്ചു തലമുറവരെ ഉപയോഗിച്ചിരുന്നു. ഇന്ന് ആ സംസ്കാരം പോയില്ലേ. തലമുറകളെ മുന്നില്‍ കണ്ടുകൊണ്ട് കാര്യങ്ങള്‍ നടത്തിയവരാണ് നമ്മുടെ പ്രപിതാമഹന്മാര്‍. അവരുടെ പിന്മുറക്കാരാണ് പി ഭാസ്കരന്‍ മാഷൊക്കെ. ഇപ്പോഴത്തെ പാട്ടുകള്‍ കേള്‍ക്കാറില്ല. പഴയ സിനിമാപാട്ടും കഥകളി സംഗീതവും കര്‍ണാടിക്, ഹിന്ദുസ്ഥാനി എല്ലാം കേള്‍ക്കാറുണ്ട്. സ്വന്തമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തില്‍ സന്ധ്യയായാല്‍ നാട്ടിലെ പാട്ടുകാരൊക്കെ വീട്ടില്‍ കൂടുമായിരുന്നു. അവരുടെ പാട്ടു കേള്‍ക്കും, കൊട്ടുകാരനായി കൂടും. ഇതൊക്കെ കണ്ട് വളര്‍ന്നുണ്ടായ സംസ്കാരവും സംഗീതവുമാണ് എന്റേത്. ഗുരുമുഖത്തുനിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത് വളരെ കുറച്ചുമാത്രമാണ്. കണ്ടും കേട്ടും നേടിയവയാണ് കൂടുതലും. ? അഭിനയത്തിന് മാതൃകകള്‍ സ്വീകരിക്കാറുണ്ടോ. = അഭിനയത്തിന് മാതൃകയൊന്നും ഉണ്ടായിരുന്നില്ല. സ്വയം ഉണ്ടാക്കിയതാണ് എല്ലാം. ആരെയും മനസ്സില്‍ കണ്ടുകൊണ്ട് കഥാപാത്രത്തെ രൂപപ്പെടുത്താന്‍ കഴിയില്ല. ചില അംശങ്ങള്‍ എടുക്കാമെന്നു മാത്രം. ചെല്ലപ്പനാശാരി ചെയ്യുമ്പോള്‍ ഏതെങ്കിലും ആശാരിയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ആശാരിമാരുടെ "ആശാരിത്വം" എടുത്തിട്ടുണ്ട്. ? സിനിമാ സെറ്റില്‍ കാലങ്ങള്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി = പുതിയ സിനിമാ സെറ്റില്‍ അവരവര്‍ അവരവരുടെ കാര്യം ചെയ്യുകയാണ് പതിവ്. പഴയപോലെ ഒത്തുകൂടല്‍ കുറവാണ്. സത്യന്‍ അന്തിക്കാടിനെപോലുള്ള അപൂര്‍വം ചിലരുടെ ലൊക്കേഷനില്‍ മാത്രമേ കൂട്ടായ്മ ഉണ്ടാകാറുള്ളൂ. കഥയെഴുതുന്നയാള്‍, സംവിധാനം ചെയ്യുന്നയാള്‍, പാട്ടൊരുക്കുന്നവര്‍ എല്ലാവരും അവരവരുടെ ജോലി തീര്‍ത്ത് പോകുന്നു. ആദ്യകാല സിനിമയിലൊക്കെ ഒരുമിച്ചിരിക്കലൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. പണ്ടൊക്കെ ഓരോരുത്തര്‍ക്കും ഓരോ മുറിയുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ഏതെങ്കിലും ഒരു മുറിയില്‍ കൂടും. ഞാനും ലാലും മമ്മൂട്ടിയുമൊക്കെ എത്രയോ കാലം ഒരു മുറിയില്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാലത്തിനും സമൂഹത്തിനുമുണ്ടായ മാറ്റം സിനിമയിലും വന്നെന്നു മാത്രം. ? സിനിമയില്‍ ഇന്ന് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ = പണ്ടൊക്കെ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഡാന്‍സ് ചെയ്യാനും നാടകം കളിക്കാനുമൊക്കെ പോയി സിനിമയില്‍ എത്തിയവരാണ് പല നടികളും. വിദ്യാഭ്യാസമൊന്നും പലര്‍ക്കും ഉണ്ടായിരുന്നില്ല. അവരെയൊക്കെ ചൂഷണം ചെയ്യാന്‍ പെട്ടെന്നു കഴിയുമായിരുന്നു. ഇന്ന് വിദ്യാഭ്യാസവും ലോകപരിചയവുമുള്ള കൊള്ളാവുന്ന കുടുംബങ്ങളിലുള്ള കുട്ടികളാണ് ഈ രംഗത്തേക്ക് വരുന്നത്. മറ്റേത് പ്രൊഫഷനേയും പോലെ ഇന്ന് ഈ രംഗവും മാറി. ? അനുപമമായ ഒരുപാടു വേഷങ്ങള്‍ ചെയ്തിട്ടും അര്‍ഹിക്കുന്ന അംഗീകാരം തേടിവന്നില്ല എന്നു തോന്നിയിട്ടുണ്ടോ = വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്ന് ആള്‍ക്കാര്‍ പറയുന്നതുതന്നെയാണ് വലിയ അംഗീകാരം. പലരും ട്രെയിനിലൊക്കെ കാണുമ്പോള്‍ നാഷണല്‍ അവാര്‍ഡ് കിട്ടാത്തതിനെക്കുറിച്ചൊക്കെ പറയാറുണ്ട്. അവരുടെ സംസാരം തന്നെയാണ് ഏറ്റവും വലിയ പുരസ്കാരം. നല്ല നടനുള്ള സമ്മാനം കിട്ടാന്‍ ഒരുപാട് ഘടകങ്ങള്‍ ഒത്തുവരണം. നല്ല സിനിമയാകണം. നല്ല കഥാപാത്രം വേണം, സിനിമയേക്കാള്‍ നല്ല സിനിമ വേറെ ആ വര്‍ഷം ഉണ്ടാകരുത്. ഒരു നടന്റെ പ്രത്യേകത, സവിശേഷ രീതി എല്ലാം ജൂറിയെ ബോധ്യപ്പെടുത്തണം. എല്ലാം ഒത്തുവരണം. ? വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടല്ലോ. അഭിനയത്തില്‍ ഭാഷ എത്രത്തോളം നിര്‍ണായകമാണ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി പടങ്ങളില്‍ അഭിനയിച്ച അനുഭവം. അഭിനയത്തില്‍ ഭാഷ വലിയ ഘടകം തന്നെയാണ്. തമിഴില്‍ ഷങ്കറിന്റെ രണ്ടു പടം ചെയ്തിട്ടുണ്ട്. അവര്‍ക്കൊക്കെ മലയാളി ആര്‍ട്ടിസ്റ്റുകളെ വലിയ ബഹുമാനമാണ്. നമ്മള്‍ പെരുമാറുന്നതുപോലെ അഭിനയിക്കാന്‍ അറിയുന്നവരാണ്. അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കില്ല. അവരിപ്പോഴും അതിഭാവുകത്വത്തോടെയാണ് അഭിനയിക്കുന്നത്. തമിഴ് പഠിക്കാന്‍ എളുപ്പമാണ്. ഹിന്ദിയില്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഡയലോഗുകള്‍ മലയാളത്തില്‍ എഴുതി അര്‍ഥം അറിഞ്ഞാണ് ഡയലോഗ് പറഞ്ഞത്. മലയാളിക്ക് എല്ലാ ഭാഷയും എളുപ്പം പഠിക്കാന്‍ കഴിയും. ഡബ്ബിങ്ങില്‍ ചില പ്രശ്നങ്ങളുണ്ട്. അതിനു നല്ല പരിചയം വേണം. ഒരു ഇംഗ്ലീഷ് പടത്തിലും അഭിനയിക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും അറിയുന്ന ഭാഷയും അറിയുന്ന ചുറ്റുപാടും തന്നെയാണ് ഒരഭിനേതാവിന് ചേരുക. ? കഥ, കവിത, നാടകം, ലേഖനം തുടങ്ങി വിവിധ രംഗങ്ങളില്‍ കൈവച്ചിട്ടുണ്ട്. സമ്പന്നമായ കലാജീവിതത്തിലെ അനുഭവങ്ങള്‍ പുതിയ തലമുറക്കു പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്തമില്ലേ. = ആത്മകഥയായിരിക്കും ഉദ്ദേശിച്ചത്. കുറേക്കൂടി പഴുത്തിട്ട് എഴുതുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്. എന്റെ എഴുത്ത് എനിക്കുതന്നെ ഗുണംചെയ്യണം. ഞാന്‍ എന്നെത്തന്നെ വാര്‍ന്നുവയ്ക്കുന്ന എഴുത്താകണം. അതു മറ്റുള്ളവര്‍ക്കും ഗുണംചെയ്യണം. ഇനിയും ഒരുപാട് അറിവും അനുഭവവും ഉണ്ടായതിനുശേഷം എഴുതുന്നതാവും നല്ലതെന്നു തോന്നുന്നു. ഇപ്പോള്‍ 30 വയസ്സില്‍ ആത്മകഥ എഴുതുന്നവരാണ് കൂടുതലും. ? ജഗതിശ്രീകുമാറിന് അപകടം പറ്റിയപ്പോള്‍ "അമ്മ" വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു = ജഗതിയുടെ സഹായ കാര്യത്തില്‍ പല മാധ്യമങ്ങളും മോശം പ്രചാരണമാണ് നടത്തിയത്. വാചകമേളയിലൊക്കെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് നല്‍കിയത്. അമ്മയ്ക്ക് സംഘടനാപരമായി ഒരാളെ സഹായിക്കുന്നതിന് പരിമിതിയുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നോക്കിക്കൊള്ളാം എന്ന് അറിയിച്ചിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കാം എന്ന് പറഞ്ഞു. അപ്പോഴും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് വ്യക്തിപരമായി കുറച്ച് പണം പിരിച്ച് അവരെ ഏല്‍പിക്കുക എന്നതാണ്. ആവശ്യമുണ്ടെങ്കില്‍ അതൊക്കെ നടക്കും. അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച് പിന്നീട് അസുഖം വന്ന് അവസരം കുറഞ്ഞവര്‍ക്കൊക്കെ അമ്മ കൈനീട്ടം എന്ന പേരില്‍ 4000 രൂപവരെ സഹായിക്കുന്നു. അത് വലിയ തുകയൊന്നുമല്ല. എങ്കിലും അത് വലിയ സന്തോഷത്തോടെ നല്‍കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അത് അംഗീകാരമായിട്ടാണ് നല്‍കുന്നത്. ആ പണംകൊണ്ട് ജീവിക്കാന്‍ പറ്റും എന്നൊന്നും പറയുന്നില്ല. എണ്‍പതോളം പേര്‍ക്ക് "കൈനീട്ടം" നല്‍കുന്നുണ്ട്. കൂടാതെ ചികിത്സാ ചെലവുകള്‍, ഇന്‍ഷ്വറന്‍സ്, അനാഥമാകുന്ന കുടുംബത്തിന് സാമ്പത്തിക സഹായം ..... ? നാടകത്തിലൂടെ ചലച്ചിത്രരംഗത്ത് വന്ന ആളെന്ന നിലയില്‍ ചോദിക്കട്ടെ, നാടക കലാകാരന്മാരെ സഹായിക്കാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ "അമ്മ" പോലുള്ള സംഘടനകള്‍ ചെയ്യുന്നുണ്ടോ. = നാടകത്തില്‍നിന്ന് സിനിമയിലെത്തിയ പലര്‍ക്കും അമ്മയുടെ കൈനീട്ടവും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. നാടകകലാകാരന്മാരെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്നെനിക്കുണ്ട്. ജീവിതകാലം മുഴുവന്‍ നാടകത്തിനുവേണ്ടി നടന്ന് ഒന്നുമല്ലാതായിപ്പോയ നിരവധിപേര്‍ നമുക്കിടയിലുണ്ട്. സര്‍ക്കാരും സംഗീത നാടക അക്കാദമിയുമൊക്കെ അക്കാര്യത്തില്‍ മുന്നോട്ടുവന്നാല്‍ എന്നെപ്പോലുള്ള ഒരുപാടുപേര്‍ കൂടെയുണ്ടാകും. ? താരാധിപത്യം നമ്മള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പുതിയ നടന്മാര്‍ വന്നതോടെ ഈ പ്രവണതയ്ക്ക് ഇടിവുവന്നതായി തോന്നുന്നുണ്ടോ. = താരാധിപത്യം എക്കാലവും ഉണ്ടായിട്ടുണ്ട്. അതേ സമയത്തുതന്നെ വേറൊരുതരം ആള്‍ക്കാര്‍ വേറിട്ടൊരു ശൈലിയുമായി വരും. അതുപോലെ തന്നെയാണ് ഇന്നും നടക്കുന്നത്. പ്രേക്ഷകര്‍ തീരുമാനിക്കുന്നതുവരേയേ ഏതു താരത്തിനും ആയുസ്സുള്ളൂ. ? ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും അനുഭവം. മറക്കാനാവാത്ത ഒരുപാടനുഭവങ്ങള്‍ ജീവിതത്തിലുണ്ട്. തിക്കോടിയന്‍ മാഷിന്റെ പേരിലുള്ള അവാര്‍ഡ് കഴിഞ്ഞവര്‍ഷം എനിക്കായിരുന്നു. അവാര്‍ഡ് വാങ്ങുന്ന വേദിയില്‍ വച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തിക്കോടിയന്‍ മാഷ് എനിക്ക് മറക്കാനാവാത്ത ഒരവാര്‍ഡ് തന്ന ഒരനുഭവം ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് സംഭവം. പാലക്കാട്ട് ഞങ്ങള്‍ ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത എന്നീ നാടകങ്ങള്‍ കളിച്ചിരുന്നു. മൂന്നു നാടകത്തിലും എനിക്കും ചെറിയ വേഷങ്ങള്‍ ഉണ്ടായിരുന്നു. നാടകം കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞാല്‍ എന്റെ വക ചില കലാപരിപാടികള്‍ പതിവായിരുന്നു. അതിഥികള്‍ മാത്രമേ ഈ പരിപാടിയുടെ കാഴ്ചക്കാരായി ഉണ്ടാകാറുള്ളൂ. ഒരു ദിവസം അപരിചിതനായ ഒരാള്‍ വന്നു തിക്കോടിയനാണെന്നു പരിചയപ്പെടുത്തി. വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം സ്നേഹത്തോടെ സംസാരിച്ചത് നാടകത്തിനു ശേഷമുള്ള എന്റെ പെര്‍ഫോമന്‍സിനെകുറിച്ചായിരുന്നു. മൂന്നു നാടകങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇഷ്ടമായത് നാടകാനന്തരം അരങ്ങേറിയ എന്റെ കലാപരിപാടികളാണ് എന്നു പറഞ്ഞു. സമ്മാനമായി തരാന്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒന്നുമില്ലെന്നും പുതിയതായി ഉണ്ടാക്കിയ വീടിന്റെ താക്കോല്‍ എനിക്ക് തരാമെന്നും പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും താമസം തുടങ്ങാമെന്നും പറഞ്ഞു. മറക്കാനാവാത്ത ഓര്‍മയാണ് ഇന്നും അതെനിക്ക്. കൈയില്‍ കിട്ടുന്ന അവാര്‍ഡുകളേക്കാള്‍ മനസ്സിന്റെ ചില്ലുകൂട്ടില്‍ അടുക്കി വച്ചിരിക്കുന്ന മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാന്‍ കഴിയാത്ത ഒരുപാട് പുരസ്കാരങ്ങള്‍ ഇങ്ങനെയുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് എം ടി വാസുദേവന്‍ നായര്‍ അയച്ച ഒരു കത്ത് മറക്കാന്‍ കഴിയാത്തതാണ്. അതില്‍ അദ്ദേഹം എഴുതി "" കഥാപാത്രങ്ങളെ അഭിനയത്തിലൂടെ വ്യാഖ്യാനിക്കുക എന്ന അപൂര്‍വമായ കൃത്യം നിര്‍വഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് വേണു"". നെടുമുടി വേണു തിരുവനന്തപുരം എന്നു മാത്രമായിരുന്നു കത്തിനു പുറത്തെ വിലാസം. ഇങ്ങനെ ഒരുപാട് അവാര്‍ഡുകള്‍ മനസ്സിന്റെ ചില്ലലമാരയിലുണ്ട്. നിറം കെടാതെ. ഒരു ജീവിതത്തില്‍ ഒരുപാട് ജീവിതം അനുഭവിക്കുക എന്നത് മഹാഭാഗ്യമാണ്. അനുഭവം ചേരുമ്പോഴാണ് അഭിനയം അനുഭവവേദ്യമാകുന്നത്. ഒരു സിനിമയില്‍ വീട്ടുജോലിക്കാരനാണെങ്കില്‍ അടുത്ത സിനിമയില്‍ അതേ വീടിന്റെ മുതലാളിയാകുക എന്ന മാജിക് സിനിമയില്‍ സാധ്യമാണ്. ? അരവിന്ദനുമായി വളരെ ആഴത്തിലുള്ള ബന്ധമായിരുന്നല്ലോ താങ്കളുടേത്. അദ്ദേഹത്തെ എങ്ങനെ ഓര്‍ക്കുന്നു. = "തിരുവരങ്ങ്" നാടക പ്രസാധനവുമായി ബന്ധപ്പെട്ടാണ് ജി അരവിന്ദനുമായി ഞാനടുക്കുന്നത്. വളരെ കുറച്ച് പറഞ്ഞ് കൂടുതല്‍ സംവദിക്കുന്ന ആളായിരുന്നു അദ്ദേഹം. അടുക്കുന്തോറും ഇഷ്ടം കൂടുതല്‍ തോന്നിക്കുന്ന ആള്‍. നല്ല മനുഷ്യസ്നേഹിയുമായിരുന്നു. എല്ലാതരക്കാരുമായും സൗഹൃദമുണ്ടായിരുന്നു. നാടകം സ്റ്റേജില്‍ മൂന്നുപുറം മറച്ച് മുമ്പില്‍ വകഞ്ഞു മാറ്റുന്ന കര്‍ട്ടന്റെ അകമ്പടിയോടെ കളിക്കുന്നതിനു പകരം "പരിസര നാടകവേദി" എന്ന ആശയം ആധുനിക നാടക വേദിയില്‍ പ്രാവര്‍ത്തികമാക്കിയത് അരവിന്ദനാണ്. അദ്ദേഹമുണ്ടാക്കിയ സിനിമകളാകട്ടെ കാലാതിവര്‍ത്തിയും. ? താങ്കള്‍ അഭിനയിച്ചതടക്കമുള്ള സിനിമകള്‍ കാണാറുണ്ടോ. സിനിമ കാണല്‍ കുറവാണ്. അഭിനയിച്ച പടങ്ങള്‍ പലതും കാണാന്‍ കഴിയാറില്ല. അഭിനയിക്കുമ്പോള്‍ തന്നെ കഥാപാത്രങ്ങളെകുറിച്ച് ഏകദേശധാരണ എല്ലാ നടന്മാര്‍ക്കുമുണ്ടാകും. എല്ലാറ്റിനുമുപരി പ്രേക്ഷകര്‍ അതിനെ വിലയിരുത്തുന്നതു കാതോര്‍ക്കുകയാണു സുഖം. ? താങ്കളുടെ നര്‍മ കഥാപാത്രങ്ങളും വളരെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. നര്‍മം കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ ഉണ്ടാക്കുന്നതാണോ. = നര്‍മം ഉണ്ടാക്കുന്നതല്ല ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തുന്നതാണ്. എഴുത്തച്ഛന്‍ ഭാഷാപിതാവാണെങ്കില്‍ ഭാഷയുടെ കാരണവരാണ് കുഞ്ചന്‍നമ്പ്യാര്‍. മരുമക്കത്തായ സമ്പ്രദായമാണ് നമുക്ക്. അതുകൊണ്ടുതന്നെ കാരണവരില്‍ നിന്നും പകര്‍ന്നുകിട്ടിയ പലതും നമ്മോടൊപ്പമുണ്ട്.നമ്മുടെ ഭാഷ നല്ല പവര്‍ഫുള്ളാണ്. മുദ്രാവാക്യങ്ങളൊക്കെ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ""മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.."" എന്ന അതേ താളത്തില്‍ ""വിദ്യാര്‍ഥികളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ...."" എന്നതാളത്തിലാണ് നമ്മള്‍ മുദ്രാവാക്യം വിളിക്കുന്നത്. മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത ശക്തി നമ്മുടെ മുദ്രാവാക്യങ്ങള്‍ക്കുണ്ട്. ഒരു മരണ വീട്ടില്‍ പോയാല്‍ മരിച്ചവരോടുള്ള ദുഃഖവും കരയുന്നവരോടുള്ള സഹതാപവും ഒക്കെയുണ്ടെങ്കിലും അവിടെ കാണുന്ന ചിലരുടെ ഗോഷ്ടികള്‍ നമ്മെ ചിരിപ്പിക്കും. വീട്ടില്‍ വന്നു നമ്മള്‍ അതു പറഞ്ഞു ചിരിക്കും. അതും നമ്പ്യാരുടെ പാരമ്പര്യം. ? താങ്കളുടേതായി പുറത്തിറങ്ങിയ പുസ്തകങ്ങള്‍. രണ്ടു പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്. പലതും പറയും പതിരും, ഇഷ്ടം മനസ്സ് തുറക്കാതെ എന്നിവ. ? കുടുംബം. ഭാര്യ: സുശീല, മക്കള്‍: ഉണ്ണി വേണു, കണ്ണന്‍ വേണു.
നെടുമുടി വേണു/ ഷംസുദ്ദീന്‍ കുട്ടോത്ത്,ദേശാഭിമാനി
No comments:
Post a Comment