Thursday, 15 November 2012

ഇന്ത്യന്‍ നവോത്ഥാനത്തിെന്‍റ അപൂര്‍ണ കര്‍മപദ്ധതി


  • ഇന്ത്യന്‍ നവോത്ഥാനത്തിെന്‍റ അപൂര്‍ണ കര്‍മപദ്ധതി 
  • കൊളോണിയലിസത്തിന്റെ ആദ്യകാലത്ത് ഉരുവംചെയ്ത ബൗദ്ധികവും സാംസ്കാരികവും സാമൂഹികവുമായ നവീകരണത്തെയാണല്ലോ പൊതുവായി നവോത്ഥാനം എന്നു പറയുന്നത്. ഇതിന് ആധുനികതയുമായി ഉണ്ടായിരുന്ന ബന്ധങ്ങളാണ്, അതിനെ കൊളോണിയല്‍ പൂര്‍വകാല പരിഷ്കരണ പ്രസ്ഥാനങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. അതത് കാലഘട്ടത്തിലെ സാമൂഹ്യവും മതപരവുമായ നടപ്പുകളെയും രീതികളെയും പരിഷ്കരിക്കുവാനുള്ള ഉദ്യമം എല്ലാ സംസ്കാരങ്ങളിലും സര്‍വസാധാരണമാണ്. സംസ്കാരാന്തരികമായ വിഭവങ്ങളെ പരിഷ്കരിക്കുകയും തേച്ചുമിനുക്കുകയും ചെയ്യുകയെന്നത് നവോത്ഥാനകാല പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായിരുന്നു. അത്തരം നവീകരണ ശ്രമങ്ങളിലൂടെയാണ് എല്ലാ സംസ്കാരങ്ങളും അവയുടെ ആഭ്യന്തരമായ മുരടിപ്പിനെയും ബാഹ്യമായ വെല്ലുവിളികളെയും നേരിട്ടുപോന്നത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ സാമൂഹ്യപരിഷ്കരണചരിത്രം എഡി അഞ്ചാംനൂറ്റാണ്ടിലെ ബൗദ്ധിക ഉണര്‍വ് മുതല്‍ പതിനെട്ടാം നൂറ്റാണ്ടിലെ മതവിരുദ്ധതയുള്‍പ്പെടെയുള്ള മുന്നേറ്റങ്ങള്‍ വരെ നീളുന്നതാണ്. നവോത്ഥാനത്തിന്റെ ഇന്ത്യന്‍ രൂപമെന്നോ, നവസാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ രൂപപ്പെട്ട കാലമെന്നോ ഒക്കെയാണ് ഈ കാലഘട്ടത്തെ പൊതുവായി വിശേഷിപ്പിച്ചു പോരുന്നത്. മേല്‍പറഞ്ഞ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ പ്രത്യേകതകളെ ഇത്തരം വര്‍ഗീകരണങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നതിനാല്‍ , ഇവ രണ്ടും യുക്തമായ വിശേഷണങ്ങളായി കരുതുക വയ്യ. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലവും വ്യത്യസ്തമായിരുന്നുവെന്നു കാണാം. ഒരു കാര്യം വ്യക്തമാണ്, അതിശക്തമായ ഒരു സാമൂഹ്യമാറ്റത്തിന് ഉതകിയിട്ടില്ലെങ്കിലും സമൂഹത്തില്‍ നിലവിലിരുന്ന അധികാര ബന്ധങ്ങളെ അവ ചോദ്യം ചെയ്തിരുന്നു. ചിലര്‍ക്ക് വര്‍ത്തമാനകാലം പൂര്‍ണമായും നന്മയില്ലാത്തതായിരുന്നില്ല. അതിനാല്‍ അവരുടെ അന്വേഷണം നിലവിലുണ്ടായിരുന്ന സാമൂഹ്യസംഘടനകളില്‍ തന്നെയുള്ള നവീകരണമായിരുന്നു. എന്നാല്‍ മറ്റു ചിലര്‍ പ്രതിഷേധ സമരങ്ങളിലൂടെയുള്ള മാറ്റത്തിനു വേണ്ടിയായിരുന്നു നിലകൊണ്ടത്. ഇനിയും ചിലരാകട്ടെ നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയെ പാടെ നിരസിച്ച് ബദലായി മറ്റൊരു ലോകത്തെ കെട്ടിപ്പടുക്കാനുള്ള അന്വേഷണമായിരുന്നു നടത്തിയത്. ബുദ്ധെന്‍റ കാലം മുതല്‍ ഈ പ്രവണതകള്‍ ദൃശ്യമായിരുന്നു. അത് മധ്യകാലങ്ങളിലൂടെ വളര്‍ന്ന് സൂഫി-ഭക്തിപ്രസ്ഥാനങ്ങളില്‍ ആവിഷ്കൃതമായി. കൊളോണിയല്‍ പൂര്‍വകാലത്തെപരിഷ്കരണപ്രസ്ഥാനത്തെ അപേക്ഷിച്ച് ഗുണപരമായി വ്യത്യസ്ത ഉള്ളടക്കമുള്ളതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ നവീകരണം എന്നും കാണാവുന്നതാണ്. കൊളോണിയല്‍ പൂര്‍വകാല പരിഷ്കരണം സമൂഹത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ബൗദ്ധിക വിഭവങ്ങളെയും സാംസ്കാരിക ഘടകങ്ങളെയും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം കൊളോണിയല്‍ പൂര്‍വ പരിഷ്കരണങ്ങളിലുണ്ടായിരുന്നു. ഉദാഹരണമായി ഭക്തിപ്രസ്ഥാനം തന്നെയെടുക്കാം.ഈകാലഘട്ടത്തില്‍ അദൈ്വതവാദം പ്രചരിപ്പിച്ചതിന് പിന്നില്‍ മത-ജാതി വൈജാത്യങ്ങളെ പുറംതള്ളുകയെന്ന ലക്ഷ്യമുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് ഗ്രഹിതമാകുംവിധം സാമൂഹ്യ സമത്വവാദവും പ്രചരിപ്പിക്കുകയുണ്ടായി. കാവ്യാത്മകമായ ശൈലിയിലുള്ള ഇത്തരം ആശയപ്രചാരണങ്ങള്‍വഴി ഭക്തി-സൂഫിവര്യന്മാര്‍ ജനകീയരായെന്നുമാത്രമല്ല, അവര്‍ക്ക് സാധാരണക്കാരില്‍ ആത്മീയമായ ഉണര്‍വുണ്ടാക്കാനും കഴിഞ്ഞു. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ നിലനിന്ന ഫ്യൂഡല്‍ ആചാര വിചാരങ്ങളെ ഉച്ചാടനംചെയ്യാന്‍ ഭക്തി-സൂഫി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. പിന്നീട് വന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്‍ഗാമിയാകാനും അതിനു കഴിഞ്ഞില്ല. ഭക്തി-സൂഫി പ്രസ്ഥാനങ്ങള്‍ ഏതൊരു ഉച്ചനീചത്വങ്ങളെയാണോ ചോദ്യംചെയ്യാന്‍ ശ്രമിച്ചത് അവ കൂടുതല്‍ ശക്തമാവുകയും ചെയ്തു. അക്കാരണത്താല്‍ തന്നെ പറയട്ടെ, കൊളോണിയല്‍പൂര്‍വ സ്വദേശി പരിഷ്കരണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഒരു സാമൂഹ്യമാറ്റത്തിന് വഴിവച്ചില്ലെന്നു മാത്രമല്ല, അത് പൊതുസമൂഹവുമായി സംവദിക്കാതെ ചില വ്യക്തിഗത കോണുകളില്‍ ഒതുങ്ങുകയും ചെയ്തു. അക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് ചൂണ്ടിക്കാട്ടാവുന്നത് വാര്‍ഷികയോഗങ്ങളാണ്. എന്നാല്‍ ആവര്‍ത്തനപരവും ആചാരപരവുമായ ഇത്തരം യോഗങ്ങളുടെ സ്വാധീനം സമൂഹത്തില്‍ ക്രമേണ കുറഞ്ഞുവന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രക്ഷോഭപരമായ ഉന്മേഷം നഷ്ടമാവുകയും, സൂഫികളുടെ സ്വാധ്വീനം ചില കോണുകളില്‍ ഒതുങ്ങുകയും, മതവിരുദ്ധമായ മുന്നേറ്റശ്രമങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ നവാന്വേഷണങ്ങളും വിമര്‍ശനാത്മകതയും നഷ്ടമായതോടെ യഥാസ്ഥിതിക-വിജ്ഞാനവിരുദ്ധ ശക്തികള്‍ കൂടുതല്‍ കരുത്തു നേടി സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിക്കാന്‍ തുടങ്ങി. ഏതായാലും, പ്രതിഷേധങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും പഞ്ഞമുണ്ടായില്ലെങ്കിലും കൊളോണിയല്‍ പൂര്‍വകാല പരിഷ്കരണ ശ്രമങ്ങള്‍ പ്രത്യയശാസ്ത്രപരമായ പ്രചോദനം പ്രദാനം ചെയ്യാനോ, അതിന് ഫ്യൂഡല്‍ ആചാരങ്ങളുടെ മോചകപാതയാകാനോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. പത്തൊമ്പതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച സാമൂഹ്യവും മതപരവുമായ പരിഷ്കരണങ്ങള്‍ മുന്‍കാല ശ്രമങ്ങളുടെ തുടര്‍ച്ചയോ സമകാലീന വെല്ലുവിളികളെ നേരിടാനുള്ള പുനഃസംബോധനയോ ആയിരുന്നില്ല. കൊളോണിയല്‍ പൂര്‍വ പരിഷ്കരണങ്ങള്‍ ഫ്യൂഡല്‍മൂല്യങ്ങളാല്‍ തളയ്ക്കപ്പെടുകയായിരുന്നുവെങ്കില്‍ , കൊളോണിയല്‍ ഭരണത്തിെന്‍റ പ്രത്യയശാസ്ത്രപരമായ ഉപകരണങ്ങളിലൂടെ സ്വീകരിക്കപ്പെട്ട, പടിഞ്ഞാറന്‍ സമൂഹങ്ങളുടെ ചരിത്രത്തില്‍ നിന്നുള്ള രാഷ്ട്രീയ വിശ്വാസവും സാംസ്കാരിക മൂല്യങ്ങളും സാമൂഹിക വീക്ഷണവും ഉള്‍ക്കൊണ്ട ഒരു മധ്യവര്‍ഗത്തിന്റെ ഉദയത്തിെന്‍റ പശ്ചാത്തലത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ നവീകരണം സാധ്യമായത്്. യൂറോപ്യന്‍ നവോത്ഥാനം മാനുഷികത എന്ന മൂല്യത്തിെന്‍റ കണ്ടെത്തലും അതിെന്‍റ വിജയവുമായിരുന്നു. അതില്‍ മനുഷ്യന്‍ ചരിത്രത്തിെന്‍റ കേന്ദ്രമായിത്തീര്‍ന്നു. ഇപ്രകാരം മുന്‍നിരയിലേക്കു വന്ന മനുഷ്യെന്‍റ ക്രിയാത്മകതയ്ക്ക് യൂറോപ്യന്‍ നവോത്ഥാനം ഊന്നല്‍ നല്‍കി. മനുഷ്യശരീരത്തെ ആഘോഷിച്ച നവോത്ഥാനകാല ചിത്രങ്ങള്‍ മനുഷ്യന്റെ ഈ പുനര്‍ജനനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മനുഷ്യന്‍ ചരിത്രത്തിെന്‍റ കേന്ദ്രമായിത്തീര്‍ന്നതോടെ, അത് സാമൂഹ്യ കെട്ടുപാടുകളില്‍നിന്നും മതപരമായ ചങ്ങലക്കെട്ടില്‍നിന്നുമുള്ള മനുഷ്യെന്‍റ മോചനവും സാധ്യമാക്കി. ഇത് മതപരിഷ്കരണ പ്രസ്ഥാനത്തിനും ജ്ഞാനോദയത്തിനുള്ള ബൗദ്ധിക സ്വാതന്ത്ര്യത്തിനും പ്രചോദനം നല്‍കി. അങ്ങനെ ശാസ്ത്രീയ വിജ്ഞാനത്തിന്റെയും സാമൂഹ്യചിന്തയുടെയും ഒരു പുതിയ ലോകം അവന്റെ മുന്നില്‍ തുറന്നു. നവോത്ഥാനം, പരിഷ്കരണം, ജ്ഞാനോദയം എന്നീ പരസ്പരബന്ധിതമായ ത്രിത്വങ്ങളില്‍ നിന്നാണ് ആധുനികത ശക്തി നേടിയതും അതിന്റെ സ്വഭാവവീക്ഷണങ്ങള്‍ രൂപപ്പെട്ടതും. നവോത്ഥാനവും ആധുനികതയും ഇന്ത്യയില്‍ ആധുനികതക്ക് വ്യത്യസ്തമായ വിക്ഷേപസ്വഭാവമാണുണ്ടായിരുന്നത്. സ്വദേശീയമായ ബൗദ്ധിക-സാംസ്കാരിക ഭൂമികയില്‍ നിന്നല്ല മറിച്ച് കൊളോണിയല്‍ ഭരണവും അവരുടെ ഇടനിലക്കാരും വിതച്ച വിത്തിന്റെ സ്വാധീനത്തില്‍നിന്നാണ് അതിന്റെ ഉത്ഭവം. ആധുനികതയുടെ ഉപഭോക്താക്കളും പ്രചാരകരും കൊളോണിയല്‍ ഭരണവുമായി ബന്ധമുള്ള, പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗമായതിനാല്‍ അവര്‍ പാശ്ചാത്യ സംസ്കാരത്തെയാണ് ഉയര്‍ത്തിക്കാട്ടിയത്. കൊളോണിയല്‍ ഭരണക്കാരും അവരുടെ വാണിജ്യ ഇടനിലക്കാരും മറ്റുമായുള്ള ബന്ധം വഴി ഈ മധ്യവര്‍ഗം ഒരു പുതിയ സാംസ്കാരിക സാഹചര്യത്തിലേക്ക് നീങ്ങി. ഇത്തരമൊരു സ്ഥിതിവിശേഷം പ്രസിഡന്‍സി നഗരങ്ങളായിരുന്ന കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ത്യയില്‍ പുതിയൊരു വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. ആശയപരമായും ജീവിതരീതികള്‍കൊണ്ടും തനി പാശ്ചാത്യരായ ഇവര്‍ ആധുനികരായി ജീവിക്കുകയും സ്വന്തം പാരമ്പര്യത്തെ വിമര്‍ശനാത്മകമായി അന്വേഷിക്കുകയും ചെയ്തു. കൊളോണിയല്‍ ആധുനികതയും പാരമ്പര്യവും തമ്മില്‍ സംവാദാത്മകമായ ബന്ധമായിരുന്നില്ല, മറിച്ച് ഒന്നിന് മറ്റൊന്നിന്മേലുള്ള ആധിപത്യമായിരുന്നു ഉണ്ടായിരുന്നത്. മത-ജാതി ബന്ധങ്ങളാല്‍ കെട്ടപ്പെട്ടവരും എന്നാല്‍ കൊളോണിയല്‍ ആധുനികതയാല്‍ ആകര്‍ഷിക്കപ്പെട്ടവരുമായ ഈ വിഭാഗങ്ങള്‍ തങ്ങളുടെ പാരമ്പര്യ ജീവിതരീതിയും പുതിയകാല ജീവിതവും തമ്മിലുള്ള സംഘര്‍ഷത്തിലൂടെ കടന്നുപോന്നു. സാമൂഹിക സാംസ്കാരിക ജീവിതത്തില്‍ ഉണ്ടായിക്കാണാന്‍ അവര്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ ഈ സംഘര്‍ഷത്തില്‍നിന്നും പിറവിയെടുത്തു. കൊളോണിയല്‍ ചട്ടപ്രകാരമുള്ള ജീവിതക്രമം നിലവിലുണ്ടായിരുന്ന സാമൂഹ്യലോകത്തിന്റെ പുനഃക്രമീകരണം ആവശ്യപ്പെട്ടു. അതേസമയം പാരമ്പര്യത്തെ കൈവിടാതിരിക്കാനുള്ള സംഘര്‍ഷവും നിലനിന്നു. മധ്യവര്‍ഗത്തിന്റെ സാംസ്കാരിക ലോകവും പുതിയകാല ജീവിതത്തിന്റെ ആവശ്യങ്ങളും പരസ്പരം പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ ഘട്ടത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച സാമൂഹ്യ പരിഷ്കരണങ്ങള്‍ ഉദയംചെയ്തു. യൂറോപ്പിലുണ്ടായതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ നവോത്ഥാനത്തിനു മേല്‍ പരിഷ്കരണം മേല്‍ക്കൈ നേടുകയായിരുന്നു ഫലം. സാംസ്കാരികമായ സര്‍ഗാത്മകതയും ബൗദ്ധികമായ ഉണര്‍വും യൂറോപ്യന്‍ നവോത്ഥാനത്തിലെ മികവിന്റെ അടയാളമായിരുന്നുവെങ്കില്‍ , ഇന്ത്യന്‍ സാഹചര്യം അവയുടെ അഭാവംകൊണ്ടു ശ്രദ്ധേയമായി. ക്രിയാത്മകത്വത്തിന്റെ പേരില്‍ മാത്രം അല്ല ഇവിടെ നവോത്ഥാനം അറിയപ്പെട്ടത്.മതവുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴാണ് നവോത്ഥാനവും പരിഷ്കരണവും ഊര്‍ജവത്തായത്, ബദല്‍ ആധുനികതയെ വരവേറ്റത്. ഏറെക്കാലം അടയിരുന്ന ശേഷമാണ് ഇന്ത്യന്‍ ബുദ്ധിജീവിവര്‍ഗം തങ്ങളുടെ ബൗദ്ധികവും സാംസ്കാരികവുമായ വേരുകളന്വേഷിച്ചത് എന്നും കാണാം. ആ അന്വേഷണമാകട്ടെ മതത്തിന്റെ വലയില്‍ കുടുങ്ങി വിഭാഗീയമായ മാനങ്ങളിലേക്ക് നയിക്കപ്പെടുകയും മത സാര്‍വലൗകികത പോലുള്ള നവോത്ഥാനമൂല്യങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്തു. രാജാറാം മോഹന്‍റോയ്, ദേവേന്ദ്രനാഥ് ടാഗോര്‍ , കേശബ് ചന്ദ്രസെന്‍ , ശ്രീനാരായണഗുരു തുടങ്ങി നവോത്ഥാന നായകര്‍ ഏകദൈവ വിശ്വാസത്തിത്തിനും സാര്‍വലൗകീകമായ ഐക്യത്തിനുംവേണ്ടി നിലകൊണ്ടുവെന്നു പറയുമ്പോള്‍തന്നെ ബഹുമത സ്വാധീനവും വേദാന്തവും മറ്റും ഇവരുടെ ആശയ വ്യാപനത്തിന് തടസമായി എന്നതും എടുത്തു പറയേണ്ടതാണ്. പരിഹരിക്കപ്പെടാതെ പോയ ഈ വൈരുധ്യം സ്വതന്ത്ര്യാനന്തര ഇന്ത്യന്‍ മതേതരത്വത്തിന് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പാരമ്പര്യത്തിന്റെ ബന്ധനത്തില്‍ മാറുന്ന സാമൂഹ്യ, സാംസ്കാരിക ലോകത്തിന്റെ ആവശ്യങ്ങളുടെയും മധ്യവര്‍ഗത്തിന്റെ ജീവിതാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവിലുണ്ടായിരുന്ന സാമൂഹികവും സാംസ്കാരികവുമായ സ്ഥിതിഗതികളെ പുനഃക്രമീകരിക്കാനുള്ള ശ്രമത്തെയാണ് ഇന്ത്യയില്‍ നവോത്ഥാനം എന്ന് നാം ആഘോഷപൂര്‍വം വിളിച്ചുപോന്നത്. വിജ്ഞാനവിരോധികളും പരിഷ്കരണങ്ങളോട് എതിര്‍പ്പുള്ളവരും മാനുഷികതപോലും തൊട്ടുതീണ്ടാത്തവരും സക്രിയമായിരുന്ന ലോകത്തായിരുന്നു ഈ ശ്രമങ്ങള്‍ നടന്നത്. ബുദ്ധിജീവികള്‍കൂടി ഉള്‍പ്പെട്ടിരുന്ന ബദല്‍ശ്രമങ്ങള്‍ പഴയകാലത്തെ അര്‍ഥവത്തായി പുനര്‍വ്യാഖ്യാനിക്കുന്നതിലേക്കോ പഴയകാലത്തിന്റെ പുനര്‍നിര്‍മിതിയിലേക്കോ നയിച്ചില്ല. പകരം, പാരമ്പര്യത്തെ കൂട്ടുപിടിച്ച് പുതിയ സാംസ്കാരിക-താത്വിക അവസ്ഥകള്‍ക്ക് സാധുത തേടുന്നതിലേക്കാണ് അവ നയിച്ചത്. സതി, ശൈശവ വിവാഹം എന്നിവ തടയുന്നതിന് നടത്തിയ സംവാദങ്ങള്‍തന്നെ ഉദാഹരണം. പഴയ കാലത്തോടു സ്വീകരിച്ച അത്തരമൊരു മുന്നേറ്റശ്രമത്തില്‍നിന്നുണ്ടായ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റം ഉപരിപ്ലവമാണെന്നു പറയാം. കാരണം, പാരമ്പര്യത്തിന്റെ നിരൂപകര്‍ അതിന്റെ താത്വിക അടിത്തറയെ ചോദ്യം ചെയ്തില്ല. പാരമ്പര്യത്തെ ആസ്പദമാക്കിയോ പാശ്ചാത്യ വിഭവങ്ങളുടെ അടിസ്ഥാനത്തിലോ അവയുടെ അനന്തരഫലമായോ അല്ല, ഒരുവശത്ത് സ്വന്തം പാരമ്പര്യത്തെക്കുറിച്ചുള്ള അവ്യക്തമായ കാഴ്ചപ്പാടും മറുവശത്ത് കൊളോണിയല്‍ ആധുനികതയും എന്ന സ്ഥിതിവിശേഷം ഉണ്ടായത്. എന്നാല്‍ , ഇതിന്റെ ഫലമായി സ്വനൈപുണ്യത്തെക്കാള്‍ അനുകരണാത്മകത്വമാണ് നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിച്ച ആധുനികതയില്‍ മുന്നിട്ടുനിന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്നതിനെ സൂചിപ്പിക്കാന്‍ "നവോത്ഥാനം" എന്ന പദമുപയോഗിക്കുന്നത് ഉചിതമല്ല. കാരണം, യൂറോപ്പിലെ സ്ഥിതിഗതികളില്‍നിന്ന് അകന്നുനില്‍ക്കുന്നു എന്നതുകൊണ്ടല്ല, അതിന്റെ ആശയങ്ങള്‍ ഒന്നുകില്‍ പടിഞ്ഞാറുനിന്ന് കടംകൊണ്ടതോ വിഭാഗീയ മതസ്രോതസുകളില്‍നിന്ന് സ്വീകരിച്ചതോ ആണ് എന്നതുകൊണ്ടാണ്. പാരമ്പര്യത്തോടുള്ള മനോഭാവം പ്രയോഗപരം എന്നതിനേക്കാള്‍ വേദപ്രോക്തമായിരുന്നു. മിക്ക പരിഷ്കര്‍ത്താക്കളും വേദങ്ങള്‍ , ഉപനിഷത്തുക്കള്‍ , ഖുര്‍ആന്‍ എന്നിവയെ പരാമര്‍ശിക്കുന്നു; അതേസമയം അവരിലാരുംതന്നെ ഭക്തി-സൂഫി സമ്പ്രദായങ്ങളുടെ പാരമ്പര്യത്തെ കൂട്ടുപിടിച്ചില്ല. നവോത്ഥാനം മുന്നോട്ടുവച്ച, മനുഷ്യന്റെ പുനര്‍ജന്മം എന്ന സങ്കല്‍പം ഇന്ത്യയില്‍ സംഭവിച്ചു എന്നു പറയുക വയ്യ. ഇത് ഒരു ചോദ്യമുയര്‍ത്തുന്നു. യഥാര്‍ഥത്തില്‍ നവോത്ഥാനം എന്തെന്ന് ഇന്ത്യയിലെ സമൂഹത്തിന് അനുഭവവേദ്യമായോ, അത് പിന്നീട് ജ്ഞാനോദയംകൊണ്ട് പരിപുഷ്ടമായോ? ഇന്ത്യയിലെ സമൂഹം കണ്ടത് പരിഷ്കരണമാണ്-സാമൂഹികവും മതപരമായതും. പാരമ്പര്യത്തിനും കൊളോണിയല്‍ ആധുനികതയ്ക്കും ഇടയില്‍പ്പെട്ട ഈ പരിഷ്കരണത്തിന് അതിന്റെ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. റാം മോഹന്‍ റോയ് മുതല്‍ നാരായണഗുരുവരെ ഇതില്‍ ഉള്‍പ്പെട്ടിരുന്ന ബുദ്ധിജീവികള്‍ മനുഷ്യത്വപൂര്‍ണമായ ഒരു സമൂഹം എന്ന അവരുടെ സ്വപ്നത്തിന്റെ സാഫല്യത്തിനുവേണ്ടി വീറോടെ പോരാടി. പക്ഷേ, തങ്ങളുടെ അധീനതയിലല്ലാത്ത ശക്തികള്‍ അവരെ തോല്‍പ്പിച്ചു. റാംമോഹന്‍ റോയ് ചെയ്തതുപോലെ, അവര്‍ ഒന്നുകില്‍ കൊളോണിയലിസത്തിന്റെ നന്മകളില്‍ വിശ്വസിച്ചു, അല്ലെങ്കില്‍ നാരായണഗുരു ചെയ്തതുപോലെ അതിനെ കാണാതെ പോയി. കൊളോണിയലിസത്തിന്റെ സാംസ്കാരിക-താത്വിക ആധിപത്യത്തെ നേരിടാനുള്ള അവരുടെ കഴിവില്ലായ്മ അതിനെ കൂടുതല്‍ കൂടുതല്‍ അപ്രസക്തമാക്കി. തല്‍ഫലമായി രാഷ്ട്രീയ പോരാട്ടങ്ങള്‍ സജീവമായിത്തീര്‍ന്നപ്പോള്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ബ്രഹ്മസമാജത്തിന്റെയും പ്രാര്‍ഥനാസമാജത്തിന്റെയും പ്രഭാവം നഷ്ടപ്പെടുകയും ആര്യസമാജം ഒരു സാമൂഹ്യശക്തിയല്ലാതാകുകയും ചെയ്തു. സത്യഷോഡക സമാജത്തിന് അതിന്റെ വിപ്ലവാത്മകത നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ശ്രീനാരായണ പ്രസ്ഥാനമാകട്ടെ അതിെന്‍റ പരിഷ്കരണേഛ കൈവെടിയുകയും ചെയ്തു. ഈ പ്രസ്ഥാനങ്ങള്‍ ഒഴിച്ചിട്ട സാമൂഹികസ്ഥാനങ്ങള്‍ യാഥാസ്ഥിതിക ശക്തികള്‍ കൈവശമാക്കി. പരിഷ്കരണം ഉന്മൂലനം ചെയ്യാനുദ്ദേശിച്ച സാമൂഹികവും മതപരവുമായ ആചാരങ്ങള്‍ക്ക് തിരിച്ചുവരാന്‍ അങ്ങനെ വഴിയൊരുക്കുകയും ചെയ്തു. സാമൂഹിക പരിഷ്കാരങ്ങള്‍ ഫ്യൂഡലിസത്തില്‍നിന്ന് കൊളോണിയല്‍ ആധുനികതയിലേക്കുള്ള മാറ്റം നിലവിലുള്ള മതാചാരങ്ങളോട് വിമര്‍ശനാത്മകമായാണ് പ്രതികരിച്ചത്. പരിശോധനയുടെ മാനദണ്ഡം പൂര്‍ണമായും പാശ്ചാത്യമോ മുഴുവനായും തദ്ദേശീയമോ ആയിരുന്നില്ല. പാശ്ചാത്യ ലിബറലിസത്തിന്റെ സന്തതിയായി നവോത്ഥാനത്തെ കാണുന്നവരുണ്ട്. കാരണം അത് തീര്‍ച്ചയായും നവോത്ഥാനത്തിനുമേല്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാശ്ചാത്യ പ്രഭാവത്തിന്റെ മാത്രം ഫലമായിരുന്നില്ല നവോത്ഥാനം എന്നാണ് കൊളോണിയല്‍ ചരിത്രം പറയുന്നത്. നവോത്ഥാന കാലത്ത് കൈവരുത്താനുദ്ദേശിച്ച മാറ്റങ്ങളുടെ സ്വഭാവവും അജന്‍ഡയും നിര്‍ണയിക്കുന്നതില്‍ തനതു ബൗദ്ധിക സ്രോതസുകള്‍ പങ്കുവഹിച്ചു. പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള രീതി നവോത്ഥാനത്തിന് വിപുലമായ അംഗീകാരം നേടിക്കൊടുക്കുകയും സാമൂഹിക സാധുത നല്‍കുകയും ചെയ്തു. ജാതിപരമായ ബന്ധങ്ങള്‍ക്കതീതമായി വേദാന്തത്തിന് അവരുടെ മതതത്ത്വചിന്തയില്‍ കേന്ദ്രസ്ഥാനമുണ്ടാവാന്‍ അത് കാരണമായി. യാഥാസ്ഥിതികരും ഉല്‍പതിഷ്ണുക്കളും ഒരുപോലെ സതി, ബാലവിവാഹം, വിധവാവിവാഹം എന്നിവയെക്കുറിച്ച് വേദങ്ങളിലെ അനുശാസനങ്ങളനുസരിച്ച് സംവാദം നടത്തി. പാശ്ചാത്യവും പാരമ്പര്യവുമായ മൂല്യങ്ങളുമായുള്ള ഇടപെടലുകള്‍ , പാരമ്പര്യമൂല്യങ്ങളും വിശ്വാസങ്ങളും ആധുനികതയുമായി കണ്ണിചേര്‍ക്കപ്പെടാനുള്ള ശ്രമങ്ങളിലേക്കു നയിച്ചില്ല. നവോത്ഥാനത്തില്‍ അങ്ങനെ രണ്ടു സരണികളുണ്ടായി- ഒന്ന് പാരമ്പര്യത്തിനും മറ്റേത് ആധുനികതയ്ക്കും പ്രാമുഖ്യം നല്‍കി. ക്രമേണ രണ്ടും എതിര്‍ദിശയിലേക്കു നീങ്ങി. ആധുനികതയെ വരിച്ചവര്‍ പാരമ്പര്യത്തെ ത്യജിക്കാനുള്ള ശ്രമം നടത്തി. ഇപ്രകാരമുള്ള ദ്വന്ദ്വം പാരമ്പര്യത്തിലെ സൃഷ്ട്യുന്മുഖ സാധ്യതകളുടെ വീണ്ടെടുപ്പിനെ വിപരീതമായി ബാധിച്ചു. ഒപ്പം ഒരു സമാന്തര ആധുനികതാ സരണി-കൊളോണിയല്‍ ആധുനികതയില്‍ നിന്നും പാരമ്പര്യ ആധുനികതയില്‍ നിന്നും വ്യത്യസ്തമായി-കണ്ടെത്തുന്നതിനെയും അത് ദോഷകരമായി ബാധിച്ചു. 19, 20 നൂറ്റാണ്ടുകളില്‍ പ്രധാനപ്പെട്ട മതപരിഷ്കരണ പ്രസ്ഥാനങ്ങളെല്ലാം (ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ഥനാസമാജം, സത്യഷോഡക സമാജം, ശ്രീനാരായണ ധര്‍മ പരിപാലന സംഘം, സാധുജന സമാജം, നിവര്‍ത്തന പ്രസ്ഥാനം) നിലവിലുണ്ടായിരുന്ന ആരാധനക്രമങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. കാരണം, ഈ ആരാധനക്രമങ്ങളിലൂടെയാണ് പുരോഹിതവര്‍ഗം വിഗ്രഹത്തിന്റെ മറവില്‍നിന്ന് വിശ്വാസികളെ അടിമകളാക്കിയിരുന്നത്. പ്രധാന പരിഷ്കരണം എന്നു പറയുന്നത് ഇടനിലക്കാരനായി പുരോഹിതര്‍ നിലനില്‍ക്കുന്ന സ്ഥിതിയും വിഗ്രഹാരാധനയും ഒഴിവാക്കി സമൂഹപ്രാര്‍ഥനയെന്ന നിലയിലെത്തിച്ചുവെന്നതാണ്. അനാചാരങ്ങളില്‍ ബന്ധിക്കപ്പെട്ട അനവധി പേരെ അതു മോചിപ്പിച്ചു. പരമ്പരാഗത ക്ഷേത്രസമ്പ്രദായത്തെ മാറ്റി സമൂഹപ്രാര്‍ഥനയ്ക്ക് സ്ഥാനം ലഭിച്ചു. ദൈവവുമായി സംവദിക്കാന്‍ പുരോഹിതനും വിഗ്രഹവും വേണമെന്ന സ്ഥിതി പാടെ നീക്കി. വിഗ്രഹാരാധനയുടെയും ക്ഷേത്രാചാരങ്ങളുടെയും അംശങ്ങള്‍ വിശ്വാസികളില്‍നിന്ന് തുടച്ചുനീക്കാനായില്ലെങ്കിലും ദൈവത്തിന്റെ പേരില്‍ നടന്ന ക്രൂരമായ ആചാരങ്ങളെ ചോദ്യംചെയ്യാന്‍ നവോത്ഥാന ശ്രമങ്ങള്‍ മൂലം സമൂഹത്തിനു കഴിഞ്ഞു. സ്ത്രീകളുടെ പ്രശ്നം സ്ത്രീകള്‍ , ദളിതര്‍ തുടങ്ങി അടിച്ചമര്‍ത്തപ്പെട്ടവരും തിരസ്കൃതരുമായവരുടെ വിമോചനമാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ മുഖ്യമായും സംബോധന ചെയ്തത്. പിതൃഅധികാര ശ്രേണിയുടെ ഫലമായി സാമൂഹ്യമായി ഒറ്റപ്പെടുകയും അക്രമങ്ങള്‍ക്കിരയാവുകയും ചെയ്യുകയെന്നതായിരുന്നു സ്ത്രീകളുടെ ജീവിതം. അവരുടെ ജീവിക്കാനുള്ള അവകാശം പുരുഷന്റെ ഔദാര്യമായിരുന്നു. ശിശുഹത്യയും സതിയും മറ്റും അവരെ നിസ്സഹായരാക്കി. പരിഷ്കര്‍ത്താക്കള്‍ ആദ്യം ചെയ്തത് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം നല്‍കുകയുമായിരുന്നു. സതി നിര്‍ത്തലാക്കിയതിലൂടെ ആദ്യത്തേതും വിധവാവിവാഹത്തിലൂടെ രണ്ടാമത്തേതും നടപ്പിലാക്കാന്‍ ശ്രമിച്ചു. പ്രചോദകാത്മകമായ സ്ത്രീസൗഹൃദങ്ങളുണ്ടായിരുന്നവര്‍ ആഗ്രഹിച്ച, അന്വേഷിച്ച പരിഷ്കര്‍ത്താക്കളായ മനുഷ്യരാണ് ഇത്തരം ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ , പരിഷ്കര്‍ത്താക്കള്‍ സ്ത്രീജീവിതത്തില്‍ മുന്നോട്ടുവച്ച മാറ്റങ്ങള്‍ പിതൃദായകാധികാരത്തിനെ അതിലംഘിക്കാന്‍ പര്യാപ്തമായില്ല. കുടുംബാന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയില്ലെന്നു മാത്രമല്ല സ്വാതന്ത്ര്യവും നല്‍കിയില്ല. കുടുംബത്തിലെ ചോദ്യംചെയ്യാനാവാത്ത വ്യക്തിയായി പുരുഷന്‍ നിലകൊണ്ടു. എല്ലാ തീരുമാനങ്ങളും അവനെടുത്തു. പരിഷ്കരണവാദികള്‍ക്കു പോലും ഇത്തരം പരമ്പരാഗത സമ്പ്രദായങ്ങള്‍ക്ക് വഴിപ്പെടേണ്ടിവന്നു. ദേശീയപ്രസ്ഥാന നേതാവും പരിഷ്കരണവാദിയുമൊക്കെയായിരുന്ന മഹാദേവ് ഗോവിന്ദ് റാണെഡിന്റെ ഭാര്യ രമാഭായി റാണെഡിെന്‍റ ജീവിതംതന്നെ ഉദാഹരണമാണ്. ഇതൊക്കെയാണെങ്കിലും സ്ത്രീയുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ നവോത്ഥാനത്തിനു കഴിഞ്ഞു. സാമൂഹ്യ മാന്യത തിരിച്ചുപിടിക്കാന്‍ നവോത്ഥാനകാല സാമൂഹ്യ പരിഷ്കരണങ്ങള്‍ക്ക് രണ്ടു ദിശകള്‍ കാണാം. മരണം, ജനനം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ നടന്നിരുന്ന ചടങ്ങുകളുടെ ലാളിത്യവല്‍ക്കരണമാണ് ആദ്യത്തേത്. വലിയ പുരോഹിതരെയും മറ്റും കൊണ്ടുവന്നും വന്‍തോതില്‍ പണം ചെലവഴിച്ചുമാണ് ഇത്തരം ചടങ്ങുകള്‍ നടത്തിയിരുന്നത്. പുരോഹിതര്‍ തങ്ങളുടെ അവകാശം ഉറപ്പിക്കാനായിരുന്നു ഇത്തരം ചടങ്ങുകളെ ഉപയോഗപ്പെടുത്തിയിരുന്നത്. ഇത്തരം അവസരങ്ങളില്‍ എന്ത് ചടങ്ങാണ് നടത്തേണ്ടത് എന്നതു സംബന്ധിച്ച് ഒരു പൊതുമാനദണ്ഡത്തിലെത്താന്‍ കഴിഞ്ഞത് നവോത്ഥാനത്തിന്റെ പ്രധാന നേട്ടമാണ്. ദേവേന്ദ്രനാഥ് ടാഗോര്‍ , തന്റെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ അവസരത്തിലാണ് ഇത്തരത്തിലൊരു നീക്കത്തിന് തുടക്കമിട്ടത്. മറ്റെല്ലാ പരിഷ്കരണങ്ങള്‍ക്കും ഇതൊരു നാന്ദിയാവുകയായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ളവരുടെ ആധുനികരാവാനുള്ള ഉല്‍കണ്ഠ എന്ന നിലയിലാണ് ഇന്ത്യയില്‍ ഏറെക്കാലം നവോത്ഥാനം അറിയപ്പെട്ടത്. പരിഷ്കരണത്തിനുള്ള ഇവരുടെ ശ്രമം നവോത്ഥാനത്തിന്റെ പര്യായമായിപ്പോലും പറയപ്പെട്ടു. അതേസമയം, സാമൂഹ്യ ഉച്ചനീചത്വങ്ങളുടെ ഫലമായുണ്ടായ മനുഷ്യത്വഹീനമായ എല്ലാ ദുരനുഭവങ്ങളും താഴ്ന്ന ജാതിക്കാര്‍ അനുഭവിച്ചുകൊണ്ടുമിരുന്നു. ജാതീയമായ ഈ വേര്‍തിരിവും ദുരനുഭവങ്ങളും ഹിന്ദുക്കളില്‍ മാത്രമായിരുന്നില്ല, മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും കാണാമായിരുന്നു. താഴ്ന്ന ജാതിയിലുള്ളവരാകട്ടെ, അതായത് തൊട്ടുകൂടാത്തവര്‍ , ഹരിജന്‍ , പട്ടികജാതി, ദളിതര്‍ എന്നൊക്കെ വിളിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ കയറാനോ, റോഡിലൂടെ നടക്കാനോ, കിണറുകളില്‍നിന്ന് വെള്ളം കോരാനോ അവരെ അനുവദിച്ചില്ല. ഗ്രാമത്തിന്റെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് കൂട്ടത്തോടെ കഴിയാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ഈ മനുഷ്യത്വഹീന സമീപനങ്ങളെ ജാതിക്കുള്ളില്‍നിന്നുതന്നെ ഉയര്‍ന്ന പരിഷ്കരണ ശ്രമങ്ങള്‍ ചോദ്യം ചെയ്തു. മഹാത്മാ ഫൂലെ, നാരായണഗുരു, "പെരിയാര്‍" ഇ വി രാമസ്വാമി, അയ്യങ്കാളി, അയോത്തീദാസ്, ഭീംറാവു അംബേദ്കര്‍ തുടങ്ങിയവരാണ് ഇതില്‍ പ്രധാനികള്‍ . സാമൂഹ്യമായ മാന്യതയും രാഷട്രീയ അവകാശങ്ങളും നേടുകയെന്നതായിരുന്നു, സാമ്പത്തിക അവകാശങ്ങളായിരുന്നില്ല ഇവരുടെയെല്ലാം ലക്ഷ്യം. സാമൂഹികവും മതപരവുമായ പരിഷ്കരണങ്ങള്‍ ജാതി-മത പരിധിക്കുള്ളില്‍ ഒതുങ്ങിനിന്നു എന്നതായിരുന്നു ഇവയുടെ വലിയ ദൗര്‍ബല്യം. ഉയര്‍ന്ന ജാതിയിലെ പ്രശ്നങ്ങളെയാണ് ബ്രഹ്മസമാജം നേരിട്ടത്. അതുതന്നെയാണ് പടിഞ്ഞാറന്‍ ഇന്ത്യയില്‍ പ്രാര്‍ഥനാസമാജവും ചെയ്തത്. ഇടനില ജാതിക്കാരുടെ പ്രശ്നങ്ങളെയാണ് ആര്യസമാജം കൈകാര്യം ചെയ്തത്. ഈ മൂന്നു പ്രധാന പരിഷ്കരണ പ്രസ്ഥാനങ്ങളും ജാതീയതയെയും മറ്റും എതിര്‍ത്തെങ്കിലും അത് ഉയര്‍ന്ന ജാതിക്കാരുടെ ഇടയില്‍മാത്രം ഒതുങ്ങിനിന്നു, തൊട്ടുകൂടാത്തവരുടെയും മറ്റും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ കിടന്നു. ദളിതരില്‍നിന്നുതന്നെ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് ഈ തൊട്ടുകൂടായ്മയെ ചോദ്യംചെയ്തുതുടങ്ങിയത്. പൗരാവകാശത്തിനും ആരാധനയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ളതായിരുന്നു മുഖ്യമായും അവരുടെ പോരാട്ടം. ഇതിന്റെ ഫലമായി ഏത് ക്ഷേത്രത്തില്‍നിന്നാണോ തങ്ങളെ അകറ്റിനിര്‍ത്തിയത് അവിടെ കയറാനും പൊതുനിരത്തുകള്‍ ഉപയോഗിക്കാനും ഗ്രാമീണ കിണറുകളില്‍നിന്ന് വെള്ളം കോരാനും അവരുടെ കുട്ടികളെ സ്കൂളില്‍ വിടാനും മറ്റുമുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ജാതിമത ഐക്യപ്രസ്ഥാനമെന്ന നിലയിലേക്ക് മാറുംവിധം അതത് ജാതി-മത പരിധിക്കുള്ളില്‍ നിലകൊള്ളുന്നതായിരുന്നു പരിഷ്കരണ പ്രസ്ഥാനങ്ങള്‍ . അവയുടെ നിലനില്‍പ്പുപോലും പിന്നീട് ഈ ജാതിബന്ധം മൂലമായി. ഇത്തരം ബന്ധങ്ങളില്ലാതിരുന്ന ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ഥനാസമാജം തുടങ്ങിയവ ക്ഷയിക്കുകയും ജാതിബന്ധങ്ങളുണ്ടായിരുന്ന കായസ്ഥസഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്എന്‍ഡിപിയും നിലനില്‍ക്കുകയും ചെയ്തു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമെന്നതില്‍നിന്ന് ജാതിപ്രസ്ഥാനം എന്ന നിലയിലേക്കുള്ള മാറ്റം സിഖ്, മുസ്ലിം മതങ്ങളിലും യാഥാര്‍ഥ്യമായിരുന്നു. ഇവയാകട്ടെ സാമൂഹ്യ പരിഷ്കരണ സമിതികളായല്ല, രാഷ്ട്രീയവും സാമൂഹ്യവുമായ സമ്മര്‍ദ സംഘങ്ങളായാണ് പ്രവര്‍ത്തിച്ചത്. വാസ്തവത്തില്‍ സാമൂഹ്യ പരിഷ്കരണ സംഘടനകളുടെ പേരിലാണ് ഇവ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നതെങ്കിലും, അതിെന്‍റ പൈതൃകം യഥാര്‍ഥത്തില്‍ അവര്‍ക്ക് അവകാശപ്പെടാന്‍ അര്‍ഹതയില്ല. ആഭ്യന്തര ക്ഷയം പെരിയാറും അയ്യങ്കാളിയും അംബേദ്കറും മറ്റും നേതൃത്വം കൊടുത്ത പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് സാമൂഹ്യ സമത്വത്തിനും രാഷ്ട്രീയ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഇത് നവോത്ഥാനത്തിന്റെ തന്നെ ആഭ്യന്തരമായ പോരായ്മയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഈ സംഭവവികാസങ്ങളുടെ മേല്‍ പ്രകടമായ രണ്ടു പ്രവണതകള്‍ 19, 20 നൂറ്റാണ്ടുകളില്‍ വേരുപിടിക്കുന്നതു കാണാം. രാഷ്ട്രീയവും സാംസ്കാരികവുമായ പരിഗണനകളുടെ വേര്‍പിരിയല്‍ ആണ് ആദ്യത്തേത്. സാമൂഹ്യവും മതപരവുമായ ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്ന മാനുഷിക ദുരിതങ്ങളോടുള്ള പ്രതികരണമായിരുന്നു ഇന്ത്യയില്‍ നവോത്ഥാനം. അത് രാഷ്ട്രീയ അടിമത്തത്തിെന്‍റ പ്രശ്നത്തോട് പക്ഷേ പ്രതികരണക്ഷമമായിരുന്നില്ല. നവോത്ഥാനകാല നേതാക്കള്‍ക്ക് ഫ്യൂഡല്‍ വ്യവസ്ഥിതിയോടും കൊളോണിയല്‍ ഭരണത്തോടും ഉള്ള സമീപനം സന്ദിഗ്ധമായിരുന്നു എന്നു കാണാം. ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും മറ്റും ഇന്ത്യയിലെ ഭരണാധികാരികളുമായി സൗഹൃദപരമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. കൊളോണിയല്‍ വിരുദ്ധ നീക്കങ്ങളോടോ, ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരായ സമരങ്ങളോടോ ഇവര്‍ സഹകരിച്ചില്ല. ഇതിന്റെ ഫലമായി കൊളോണിയല്‍ വിരുദ്ധ സമരം ശക്തിപ്പെട്ടപ്പോള്‍ മേല്‍പറഞ്ഞ സാമൂഹ്യ-സാംസ്കാരിക പ്രക്ഷോഭങ്ങള്‍ ദുര്‍ബലമാവുകയും അവ രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. അങ്ങനെ, ഐക്യത്തിനായി തങ്ങളുടെ തന്നെ ജാതിയിലേക്കും മതത്തിലേക്കും തിരിയുക എന്ന സാധ്യതയിലേക്ക് അവര്‍ എത്തി. രണ്ടാമതായി, പാരമ്പര്യം എന്നത് മതപരമായ മാനദണ്ഡങ്ങളില്‍ മാത്രമായി മനസ്സിലാക്കപ്പെടുകയും, മാറ്റങ്ങളെ സ്വീകരിക്കുന്നതിനും എതിര്‍ക്കുന്നതിനും ഒരുപോലെ, മതപരമായ പാഠങ്ങളെ ആശ്രയിക്കുകയും ചെയ്തു. മാറ്റത്തിനുള്ള ഏതു ശ്രമത്തെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംവാദം-സതിയുടെയും ശിശുഹത്യയുടെയും നിരോധനമാകട്ടെ വിധവാവിവാഹത്തിനുള്ള അനുമതിയാകട്ടെ- പ്രാമാണികഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലായി. ഹിന്ദുക്കളിലും മുസ്ലിങ്ങളിലും സര്‍വപ്രമുഖമായ മതപാരമ്പര്യം പരിഷ്കരണത്തെ ചുരുക്കിക്കളഞ്ഞു. പരിഷ്കരണപ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ വൈരുധ്യമുയര്‍ത്തിയ ഈ സാഹചര്യം മതപരമായ മാറ്റങ്ങള്‍ സംബന്ധിച്ച് അവ്യക്തതകളുമുണ്ടാക്കി. എതിര്‍ക്കാനായാലും അനുകൂലിക്കാനായാലും മതത്തെ ആനയിക്കുന്ന പ്രവണത മത വ്യതിരിക്തവാദത്തിലേക്കു വളര്‍ന്നു. ഇത് ഇതര മതങ്ങള്‍ തമ്മിലുള്ള, സമൂഹങ്ങള്‍ തമ്മിലുള്ള നികത്താനാവാത്ത വിടവ് തീര്‍ത്തു. ഇത് നവോത്ഥാനചിന്തയുടെ മുഖ്യ ഊന്നലായ മതസാര്‍വലൗകികത എന്ന ആശയത്തിനു തുരങ്കം വച്ചു. എല്ലാ മതങ്ങളുടെയും ഐക്യത്തെ പ്രഖ്യാപനം ചെയ്ത മത സാര്‍വലൗകികതയില്‍നിന്ന് മതവിഭാഗീയതയിലേക്കുള്ള ഈ പരിവര്‍ത്തനം സെക്കുലര്‍ മൂല്യങ്ങള്‍ വികസിക്കുന്നതിനെ ഗുരുതരമായി ബാധിച്ചു. പരിഷ്കരണത്തിനായി പാരമ്പര്യത്തെ ഉപയോഗിച്ച രീതിയും മതങ്ങളുടെ സവിശേഷതയും വ്യതിരിക്തതയും വിഭാഗീയതയുമാണ് വളര്‍ത്തിയത്. റാംമോഹന്‍റോയ്, നാരായണഗുരു തുടങ്ങി നവോത്ഥാന നായകരെല്ലാം തന്നെ സാമൂഹ്യവീക്ഷണത്തിനുള്ള പ്രചോദനം നല്‍കിയ തത്ത്വചിന്ത എന്ന നിലയിലാണ് വേദാന്തത്തെ കണ്ടത്. വേദാന്തത്തിന്റെ സ്വാധീനത്തില്‍നിന്നാണ് ഇവരുടെ ഏകദൈവ-സാര്‍വലൗകിക മത വിശ്വാസങ്ങള്‍ പിറന്നത്. നവോത്ഥാനം ഇന്ത്യയില്‍ പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ടല്ല അടിസ്ഥാനമിട്ടത്, മറിച്ച് അതിനെ ആവശ്യമാംവിധം ഉള്‍ച്ചേര്‍ത്തുകൊണ്ടായിരുന്നു. പാരമ്പര്യത്തെ ഗ്രഹിച്ചുപോന്നത് മതപരമായാണ്, മറിച്ച് മതനിരപേക്ഷമായല്ല എന്നു നാം കണ്ടു. ഇതിന് ഉപോല്‍ബലകമായ രണ്ടു പ്രവണതകള്‍ പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ സ്ഥാനം നേടിയിരുന്നതായി കാണാം. ദൈവികമായ ഏകത്വം അംഗീകരിച്ചുവെങ്കിലും മതേതരപാരമ്പര്യത്തെ വഴികാട്ടിയാവാന്‍ അനുവദിച്ചില്ല. പരിഷ്കരണശ്രമങ്ങള്‍ അംഗീകാരത്തിനായി വേദങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മാത്രമല്ല, നവോത്ഥാനകാല നേതാക്കള്‍ ഒട്ടുമിക്കവരും വേദാന്താശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഉപനിഷത്തുക്കളെ ബംഗാളിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തുകയാണ് റാംമോഹന്‍ ചെയ്തതെങ്കില്‍ തനിക്ക് ബോധോദയമുണ്ടാക്കിയ വേദാന്തശകലങ്ങളുടെ സാരം പ്രചരിപ്പിക്കുകയെന്നത് ജീവിതദൗത്യമായി ഏറ്റെടുക്കുകയാണ് ദേവേന്ദ്രനാഥ് ചെയ്തത്. താഴ്ന്ന ജാതിയില്‍ ജനിക്കുകയും കീഴാള മോചനത്തിനാവശ്യമായ ശക്തി പകരുകയുംചെയ്ത ശ്രീനാരായണഗുരുവിനും വേദാന്തം പ്രചോദനമായി. മുസ്ലിങ്ങളിലും മതപ്രമാണങ്ങളുടെ സ്വാധീനം ദൃശ്യമായിരുന്നു. കേരളത്തിലെ മക്തി തങ്ങളായാലും വടക്കേ ഇന്ത്യയിലെ സയ്യിദ് അഹമ്മദ് ഖാനായാലും പരിഷ്കരണ ശ്രമങ്ങള്‍ക്ക് ആശ്രയിച്ചത് മതപ്രമാണങ്ങളെയാണ്. പക്ഷേ, ആധുനിക കാലത്തെ മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമാണ് അവര്‍ മതപ്രമാണങ്ങളെ വ്യാഖ്യാനിച്ചത്. ആധുനികതയുമായി ഇസ്ലാമിനെ യോജിപ്പിക്കാന്‍ ശ്രമിച്ച സയ്യിദ് അഹമ്മദ്ഖാനിലും ഭാഷകളെക്കുറിച്ച് പഠിച്ച മക്തി തങ്ങളിലും ഈ കാഴ്ചപ്പാട് കാണാം. വിശ്വാസത്തിന്റെ തേരോട്ടം പാരമ്പര്യത്തോടുള്ള ഈ പ്രവണത നവോത്ഥാനത്തിന്റെ രണ്ടു പ്രധാന ആശയങ്ങളായ യുക്തിവാദത്തിനും സാര്‍വലൗകികതാവാദത്തിനും എതിരായിരുന്നു. ഇത് യുക്തിയെയും വിശ്വാസത്തെയും ഒരുപോലെ നിലനില്‍ക്കുന്നതിലേക്കെത്തിച്ചു. വിജയിക്കുവാനായില്ലെങ്കിലും, നവോത്ഥാനത്തിനുള്ളില്‍തന്നെ ഇവയെ യോജിപ്പിക്കാനുള്ള ആഭ്യന്തരമായ ശ്രമം ഉണ്ടായിരുന്നു. യൂക്തിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രതിബദ്ധത പിന്നോട്ട് വലിക്കപ്പെടുകയും വിശ്വാസം സുപ്രധാന മാനദണ്ഡമാവുകയും ചെയ്തു. പാരമ്പര്യത്തിന്റെ ഉല്‍പ്പന്നമല്ല ആധുനികതയെന്നതിനാല്‍ അവ പരസ്പരം പിരിയുകയും ചെയ്തു. ആധുനികതയെന്നപോലെ യുക്തിവാദവും കൊളോണിയല്‍ ഏജന്റുമാര്‍ വഴി പാശ്ചാത്യരില്‍നിന്ന് കടംകൊണ്ട ആശയമാണല്ലോ. അതേസമയം സ്വദേശ സംസ്കാരത്തില്‍തന്നെ വേരുള്ളതാണ് ദൈവവിശ്വാസം. നവോത്ഥാനം ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങളെ അപ്രസക്തമാക്കിയാണ് യുക്തിക്കുമേല്‍ വിശ്വാസം വിജയിച്ചുകയറിയത്. നവോത്ഥാന ചിന്തയുടെ രണ്ടു പ്രധാന അപ്പോസ്തലന്മാരായ റാംമോഹനും അക്ഷയ്കുമാര്‍ ദത്തയും മത-സാമൂഹ്യാചാരങ്ങളെ യുക്ത്യാത്മകമായി വിമര്‍ശിക്കുകയും വിശ്വാസത്തിനുമേല്‍ യുക്തി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നത് വസ്തുതയാണ്. എന്നാല്‍ , രസകരമെന്നു പറയട്ടെ, ഇവരില്‍ അക്ഷയ്കുമാര്‍ പാശ്ചാത്യ ചിന്തയില്‍ നിന്നാണ് പ്രചോദനമുള്‍ക്കൊണ്ടതെങ്കില്‍ റാംമോഹന്‍ സ്വദേശി പാഠങ്ങളില്‍ നിന്നാണ്. വ്യത്യസ്ത അളവിലാണെങ്കിലും ഏതാണ്ടെല്ലാ നവോത്ഥാന നായകരിലും യുക്തിയുടെ അംശം നിലകൊണ്ടിരുന്നു. എന്നാല്‍ , ഇവര്‍ക്കോ, ഇവരെ പ്രചോദിപ്പിച്ച പ്രസ്ഥാനത്തിനോ യുക്തിയോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനായില്ല. ബിംബാരാധനയെക്കുറിച്ചു തന്നെയെടുക്കാം. ബിംബം ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്നും അതുകൊണ്ട് ബിംബത്തെ ആരാധിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിനു തുല്യമാണ് എന്നുമായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം. നവോത്ഥാനം ഈ വിശ്വാസത്തെയും ഇതുമായി ബന്ധിപ്പിച്ച് പുരോഹിതര്‍ നടത്തിയിരുന്ന ചൂഷണത്തെയും ചോദ്യംചെയ്തു. അടിമത്തത്തിന്റെ കേന്ദ്രമാണ് ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു. അതുകൊണ്ട് പരിഷ്കരണത്തിന്റെ പ്രധാന ഊന്നല്‍ ബദല്‍ ആരാധനാക്രമം ഉണ്ടാക്കുക എന്നതായിരുന്നു. ബ്രഹ്മസമാജവും ആര്യസമാജവും തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ നീക്കംചെയ്യുകയുണ്ടായി. വിശ്വാസികളെ പ്രാര്‍ഥനാ സംഘങ്ങളില്‍ ചേര്‍ത്തു. ഇങ്ങനെ പരിഷ്കരിച്ച പ്രാര്‍ഥനാ സംവിധാനത്തില്‍ പുരോഹിതര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ദൈവവുമായി സംവദിക്കാന്‍ ക്ഷേത്രത്തിന്റെ ആവശ്യമേയില്ലെന്ന് സ്ഥാപിച്ച് ക്ഷേത്രങ്ങളുടെ സാംഗത്യത്തെ തന്നെ ചോദ്യംചെയ്തു. സ്വയം വിഗ്രഹം സ്ഥാപിച്ച് നാരായണഗുരു നിലവിലിരുന്ന ആരാധനാ സമ്പ്രദായത്തെയും പുരോഹിതരുടെ അപ്രമാദിത്വത്തെയും ചോദ്യംചെയ്തു. യുക്തി അങ്ങനെ ഇഴഞ്ഞുനീങ്ങിയത് ബലിപീഠത്തിലേക്കായിരുന്നു. കൊളോണിയല്‍ ഭരണസംവിധാനവും വാണിജ്യവുമായി ബന്ധപ്പെട്ടു വളര്‍ന്നുവന്ന നഗരത്തിലെ ഒരു ചെറിയ മധ്യവര്‍ഗത്തിനിടയില്‍ മാത്രമായി നവോത്ഥാനത്തിെന്‍റ സ്വാധീനം ചുരുങ്ങി. തങ്ങളുടെ പുതിയ ജീവിത ബന്ധങ്ങളും സാഹചര്യവും വിശ്വാസ വ്യവസ്ഥയും ആചാരാനുഷ്ഠാനവുമായി ബന്ധപ്പെടുത്തിമാത്രമേ അവര്‍ നവോത്ഥാനത്തെ കണ്ടുള്ളു. അതിനാല്‍ , നവോത്ഥാനത്തിന് ശക്തമായൊരു അടിത്തറയാകാന്‍ അവര്‍ക്കായില്ല. അങ്ങനെ, നവോത്ഥാനം കേവലം ചില പരിഷ്കരണങ്ങള്‍ എന്ന നിലയിലുള്ള അനുകരണമായി ചുരുങ്ങി, അതും ജാതിയുടെയും മതത്തിന്റെയും വൃത്തത്തിനുള്ളില്‍ . ഇത്തരമൊരു സാഹചര്യം നവോത്ഥാനത്തിന്റെ സാര്‍വലൗകികതയുടേതായ കാഴ്ചപ്പാടിനെ ആഴത്തില്‍ സ്വാധീനിച്ചു. ഏകദൈവ വാദത്തിന്റെയും അദൈ്വതത്തിന്റെയും അടിസ്ഥാനത്തില്‍ നവോത്ഥാന ചിന്തകര്‍ വ്യത്യസ്ത മതങ്ങളുടെ പ്രാധാന്യത്തെക്കാളുപരിയായി ഒരു പ്രാപഞ്ചിക സത്യത്തിന്റെ ദേശീയ സാക്ഷാത്കാരത്തിന് പ്രചാരം നല്‍കി. വ്യത്യസ്ത മതങ്ങള്‍ തങ്ങളുടെ പ്രാദേശിക വ്യത്യാസങ്ങള്‍ മാറ്റിവച്ച് മേല്‍ പറഞ്ഞ ആശയങ്ങളോട് യോജിക്കുകയും ചെയ്തു. പക്ഷേ, നവോത്ഥാനത്തിന് ഈ ആശയത്തെ സാമൂഹ്യ രാഷട്രീയ യാഥാര്‍ഥ്യവുമായി കൂട്ടിയിണക്കാനായില്ല. ഇതേതുടര്‍ന്ന് മതേനിരപേക്ഷതയേക്കാള്‍ സ്ഥാനം നേടിയത് സാമുദായിക വൈജാത്യങ്ങളാണ്. ഇതാണ് വാസ്തവത്തില്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ദുരന്തമായി പരിണമിച്ചത്്. അതിന്റെ മൂല്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യത്വം, യുക്തിവാദം, സാര്‍വലൗകികത തുടങ്ങിയവയെല്ലാം ഇക്കാലത്തും പ്രസക്തമാണ്; ജാതിമത പരതയും സാമൂഹ്യ ഹിംസയും സമൂഹത്തെ ഭരിക്കുന്ന ഇപ്പോള്‍ പ്രത്യേകിച്ചും. ആക്രമണോത്സുകമായിരുന്ന മുതലാളിത്തത്തിന്റെ ആശയങ്ങളെ ചോദ്യംചെയ്യാനാവാതെ വന്നതോടെ നവോത്ഥാന മൂല്യങ്ങളുടെ വീര്യം നഷ്ടപ്പെട്ടു. അവയെ തിരിച്ചുപിടിക്കുകയെന്നത് അസാധ്യമല്ലെങ്കിലും ബുദ്ധിമുട്ടേറിയതാണ്. നിലവിലുള്ള സാംസ്കാരിക മൂല്യങ്ങളുമായി അവയ്ക്ക് ബന്ധമില്ല എന്നത് ഒരു കാരണം. അധീശവര്‍ഗത്തിന്റെ പ്രത്യയശാസ്ത്ര ലോകത്തില്‍ അവ ഉള്‍പ്പെടുന്നില്ല എന്നത് മറ്റൊന്ന്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവോത്ഥാനം വളര്‍ന്നുവന്ന മധ്യവര്‍ഗ സമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ സാംസ്കാരിക ഭൂമിക ഒരുക്കുന്നതിെന്‍റ ഭാഗമായിരുന്നു. അതിലൂടെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ വിലക്കുകളില്‍ നിന്ന് ഏറെക്കുറെ അതിന് സ്വയം മോചിതമാകാനും കഴിഞ്ഞു. സതി, ശിശുബലി, മനുഷ്യബലി, തൂക്ക് തുടങ്ങി പല ക്രൂരമായ അനാചാരങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാനുമായി. പിതൃദായകക്രമത്തില്‍നിന്ന് കുറെയൊക്കെ സ്വതന്ത്ര്യം നേടാന്‍ സ്ത്രീകള്‍ക്കുമായി. ജീവിതക്രമത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാനും നവോത്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിെന്‍റ സ്വാധീനം വളരെ കുറച്ചു പേരില്‍ മാത്രമായി ചുരുങ്ങി. എന്നിരുന്നാലും, അത് സാംസ്കാരികവും ധൈഷണികവുമായ ഒരു വിഛേദനം കൊണ്ടുവന്നു. ഇതു സംഭവിക്കാതെ പില്‍ക്കാല പ്രസ്ഥാനങ്ങളൊന്നും സാധ്യമാകില്ലായിരുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ഈ പുനഃക്രമീകരണം ഇന്ത്യയിലെ ആധുനികതയുടെ പൂര്‍വഗാമിയായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇത്തരത്തില്‍ ഗുണപരമായ വശങ്ങള്‍ നിലനില്‍ക്കെത്തന്നെ, കൊളോണിയല്‍ ബുദ്ധിജീവിവര്‍ഗം മുന്നോട്ടുവച്ച നവോത്ഥാനം, സമൂഹത്തിന്റെ സാംസ്കാരികമായ പിന്നോക്കാവസ്ഥയെ മറികടക്കാന്‍ കഴിയുംവിധം ശക്തമായിരുന്നില്ല. ഇന്നത്തെ ഇന്ത്യാ സമൂഹത്തിലെ പല സാമൂഹ്യരോഗാവസ്ഥകളുടെയും പിന്നില്‍ നവോത്ഥാനത്തിന്റെ അപൂര്‍ണമായ അജന്‍ഡയെ കണ്ടെത്താവുന്നതാണ്.
  • കെ എന്‍ പണിക്കര്‍, ദേശാഭിമാനി
  •  വിവര്‍ത്തനം: ദിനേശ് വര്‍മ

No comments:

Post a Comment